ചില സിനിമക്കാർ ഇൻകം ടാക്സുകാരെ പേടിച്ച് രാഷ്ട്രീയത്തിൽ ചേക്കേറുന്നു

HIGHLIGHTS
  • ജനങ്ങളുടെ പ്രശ്നം മനസ്സിലാക്കാൻ സെൻ‍സു വേണം...സെൻസിബിലിറ്റി വേണം
  • കോട്ടുവായിടാൻ മാത്രം വായ തുറക്കുന്നവരാകരുത്
malayalam-writer-c-v-balakrishnan
സി.വി.ബാലകൃഷ്ണൻ
SHARE

പ്രമുഖ ചലച്ചിത്ര പ്രവർത്തകരെ തിരഞ്ഞെടുപ്പു മത്സരവേദിയിലേക്കു കൊണ്ടുവരാനുള്ള ഊർജിത ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. അതേസമയം സാഹിത്യ–സാംസ്കാരിക പ്രവർത്തകരോടു രാഷ്ട്രീയ മുന്നണികൾ താൽപര്യം കാണിക്കുന്നുമില്ല. ഈ വിഷയത്തിൽ പ്രമുഖ എഴുത്തുകാരനായ സി.വി.ബാലകൃഷ്ണൻ പ്രതികരിക്കുന്നു.

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ക്ഷണിച്ചാൽ താങ്കൾ വരുമോ?

ഇല്ല. എനിക്ക് ഇപ്പോഴത്തെ രാഷ്ട്രീയത്തിൽ താൽപര്യമില്ല. എനിക്കു കൃത്യമായ രാഷ്ട്രീയ ബോധമുണ്ട്. എന്നാൽ കക്ഷിരാഷ്ട്രീയത്തിൽ തീരെ താൽപര്യവുമില്ല. വളരെ മാന്യമായിരുന്നു ആദ്യകാലത്തെ രാഷ്ട്രീയം. ആദർശവാന്മാരായ, ജീവിതത്തിൽ മാതൃകയാക്കാവുന്നവരായിരുന്നു രാഷ്ട്രീയത്തിൽ ഉണ്ടായിരുന്നത്. പ്രവർത്തന പരിചയമായിരുന്നു മാനദണ്ഡം. നാൽപതും അൻപതും വർഷം പ്രവർത്തിച്ച ശേഷമായിരുന്നു പലർക്കും സ്ഥാനമാനങ്ങൾ ലഭിച്ചിരുന്നത്.  എന്നാലിപ്പോൾ അധികാരത്തിനുവേണ്ടി ആർത്തിപിടിച്ചോടുന്ന കുറേയാളുകളെയാണു കാണുന്നത്. അവർക്ക് ആദർശമില്ല. സ്വന്തം കാര്യം മാത്രമേയുള്ളൂ.

സ്വന്തം പാളയത്തിൽ എത്തുന്ന എഴുത്തുകാരെ അടിമകളായാണ് രാഷ്ട്രീയക്കാർ കാണുന്നത്. കൃത്യമായ നിലപാടുള്ള എഴുത്തുകാരെ രാഷ്ട്രീയക്കാർ കൂടെ നിർത്തില്ല. കാരണം അവർ അനീതി കണ്ടാൽ എതിർക്കും, തുറന്നെഴുതും. പക്ഷേ, കക്ഷിരാഷ്ട്രീയത്തോടു താൽപര്യം കാണിക്കുന്ന എഴുത്തുകാരെ രാഷ്ട്രീയക്കാർക്കു പേടിയിലില്ല. കാരണം അനീതി കണ്ടാൽ അവർ നിശ്ശബ്ദരായിരിക്കും. ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയപ്പോൾ അതിനെ ന്യായീകരിച്ച് എഴുതിയ സാഹിത്യകാരന്മാർ വരെയുണ്ട് ഇവിടെ. അന്നു നിശ്ശബ്ദത പാലിച്ചവരുമുണ്ട്. ഇപ്പോൾ അടുത്തിടെ നടന്ന ഉദ്യോഗാർഥി സമരത്തെ എതിർത്തുകൊണ്ട് മ്ലേച്ഛമായ ഭാഷയിൽ എഴുതിയില്ലേ ഒരാൾ? നീതിബോധമുള്ള ഒരാൾ ചെയ്യുന്ന കാര്യമാണോ ഇതൊക്കെ?

ഞാൻ വല്ലപ്പോഴുമേ വോട്ടു ചെയ്യാറുള്ളൂ. അത് ഇവിടെയുള്ള ജനാധിപത്യ പ്രക്രിയയിൽ വിശ്വാസമുള്ളതു കൊണ്ടുമാത്രം. അല്ലാതെ രാഷ്ട്രീയക്കാരോടുള്ള വിധേയത്വം കൊണ്ടല്ല. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരുടെ ഗുണം കൊണ്ടുമല്ല. രാഷ്ട്രീയബോധമില്ലാത്ത ചലച്ചിത്ര പ്രവർത്തകരെ തങ്ങളോടൊപ്പം കൂട്ടാൻ മത്സരിക്കുകയാണ് ചില  പാർട്ടികൾ. ചലച്ചിത്ര രംഗത്തുനിന്നു വന്നു ജയിച്ചവർ വൻ പരാജയമായിരുന്നില്ലേ? ജനങ്ങളുടെ പ്രശ്നമെന്താണെന്ന് അവർക്കറിയില്ല. യാഥാർഥ്യ ബോധത്തിൽ നിന്ന് അകന്നു ജീവിക്കുകയാണ് അവർ. 

സിനിമയിൽ നിന്നെത്തി ജയിച്ച ഒരു എംഎൽഎയെ  കാണാനില്ലെന്ന് അതേ മണ്ഡലത്തിലെ ജനങ്ങൾ പൊലീസിൽ പരാതി കൊടുത്ത നാടല്ലേ നമ്മുടേത്. അഞ്ചുവർഷവും ആ എംഎൽഎയെ ജനം അവിടെ കണ്ടില്ല. ഓഖി ചുഴലിക്കാറ്റു വന്നപ്പോഴും പ്രളയം വന്നപ്പോഴും എംഎൽഎയെ കണ്ടില്ലെന്നു നാട്ടുകാർ പരാതി പറഞ്ഞിരുന്നില്ലേ. വളരെയധികം പ്രവർത്തന പരിചയമുള്ള ഒരു മുതിർന്ന നേതാവിനെ തഴഞ്ഞുകൊണ്ടാണ് ആ ചലച്ചിത്രതാരത്തെ മത്സരിപ്പിച്ചത്. എന്തു സന്ദേശമാണ് ഇതിലൂടെ ആ പാർട്ടി നൽകിയത്? സിനിമയിൽ കോമാളി വേഷം കെട്ടിയ ഒരാൾ. അയാളെ നിങ്ങൾ ജയിപ്പിക്കണം. എന്നായിരുന്നു അഞ്ചു വർഷം മുൻപു നൽകിയ സന്ദേശം. ഇപ്പോൾ വീണ്ടും അയാളെ മത്സരിപ്പിക്കുന്നു. ആ സന്ദേശം തന്നെയല്ലേ രാഷ്ട്രീയക്കാർ വീണ്ടും ആവർത്തിക്കുന്നത്?

malayalam-writer-c-v-balakrishnan-on=political-entry
സി.വി.ബാലകൃഷ്ണൻ

പാർലമെന്റിലെത്തിയ ഒരു ചലച്ചിത്ര പ്രവർത്തകന്റെ അവസ്ഥയും ഇതു തന്നെയായിരുന്നില്ലേ? കോട്ടുവായിടാൻ വേണ്ടി മാത്രമായിരുന്നു അയാൾ വായ തുറന്നത്. ജനങ്ങളുടെ പ്രശ്നം  പാർലമെന്റിൽ അവതരിപ്പിക്കാൻ അദ്ദേഹത്തിന് അറിയില്ലായിരുന്നു. കാരണം ജനങ്ങളുടെ പ്രശ്നങ്ങൾ എന്തെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. സിനിമയിൽ ആക്ഷൻ ഹീറോയുടെ വേഷം കെട്ടിയ മറ്റൊരാൾ രാഷ്ട്രീയത്തിലെത്തി. രഞ്ജി പണിക്കർ എഴുതിക്കൊടുത്ത ഡയലോഗ് പറയുന്നതുപോലെയല്ല രാഷ്ട്രീയമെന്ന് സ്വന്തം ഡയലോഗിലൂടെ അദ്ദേഹം ജനത്തിനു ബോധ്യപ്പെടുത്തിക്കൊടുത്തില്ലേ? ജനങ്ങളുടെ പ്രശ്നം അറിയാനും അതിനനുസരിച്ചു സംസാരിക്കാനും സെൻസു വേണം, സെൻസിബിലിറ്റി വേണം. ഇതൊന്നുമില്ലെങ്കിൽ തനി കോമാളിയായിപ്പോകും. 

രാഷ്ട്രീയ ബോധമോ, നീതിബോധമോ ധാർമികതയോ ഒന്നും ഇല്ലെങ്കിലും ചെന്നുചേരാവുന്ന ഒരു വേദിയായി രാഷ്ട്രീയം മാറുകയാണ്. സിനിമക്കാർക്ക് ഏതു സമയത്തും ഏതു പാർട്ടിയിലും ചേക്കേറാമെന്ന അവസ്ഥയായി. സിനിമയില്ലെങ്കിൽ ചേക്കേറാവുന്ന വേദിയാക്കി രാഷ്ട്രീയത്തെ മാറ്റുകയാണ്. ചിലർ കേസിനെ പേടിച്ചാണു രാഷ്ട്രീയത്തിൽ ചേക്കേറുന്നത്. ചിലർ ഇൻകം ടാക്സുകാരെ പേടിച്ചും. ആ ചളിക്കുണ്ടിൽ ചെന്നു വീഴാൻ ഞാനില്ല. എന്റെ എഴുത്താണ് എന്റെ രാഷ്ട്രീയം. അതിൽ എല്ലാമുണ്ട്.

English Summary : Have no plans to enter politics: CV Balakrishnan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;