ADVERTISEMENT

നാസയുടെ ചൊവ്വാദൗത്യം പെഴ്സിവീയറൻസ് വിജയകരമായ ലാൻഡിങ് നടത്തിയ സ്ഥലം ഇനി അറിയപ്പെടുക ഒരു എഴുത്തുകാരിയുടെ പേരിൽ. സയൻസ് ഫിൿഷൻ നോവലുകളിലൂടെ പ്രശസ്തയായ കറുത്ത വംശജയായ അമേരിക്കൻ എഴുത്തുകാരി ഒക്ടേവിയ ഇ. ബട്ലറുടെ പേരിൽ. ശാസ്ത്ര–സാങ്കേതിക പുരോഗതിയെ സാഹിത്യവുമായി ബന്ധപ്പെടുത്തി ഒരു തലമുറയെ ആവേശം കൊള്ളിച്ച ഒക്ടേവിയയ്ക്ക് അവരുടെ മരണത്തിനു 15 വർഷത്തിനുശേഷം ആദരമർപ്പിക്കുകയാണ് നാസ. ഒക്ടേവിയ ഇ.ബട്ലർ ലാൻഡിങ് എന്നായിരിക്കും പെഴ്സിവീയറൻസ് ചൊവ്വയിൽ സ്പർശിച്ച സ്ഥലം ഇനി അറിയപ്പെടുക. നാസ അധികൃതരാണ് ഇക്കാര്യം ഒദ്യോഗികമായി അറിയിച്ചത്. 

perseverance-landing-spot-nasa
Octavia E Butler Landing. Photo Credit: NASA

ശാസ്ത്രം കൃത്യമായി ഉപയോഗിക്കുക എന്നതായിരുന്നു ഒക്ടേവിയയുടെ വിജയ മന്ത്രങ്ങളിലൊന്ന്. ഇതു കൂടി അനുസ്മരിച്ചുകൊണ്ടാണ് ശാസ്ത്ര–സാങ്കേതിക മേഖലയിലെ വൻ കുതിച്ചുചാട്ടം എന്നു വിശേഷിപ്പിക്കാവുന്ന പെഴ്സിവീയറൻസ് ദൗത്യവുമായി എഴുത്തുകാരിയെ ബന്ധപ്പെടുത്തിയിരിക്കുന്നത്. ശാസ്ത്രജ്ഞൻമാരേക്കാളും ശാസ്ത്ര പ്രതിഭകളേക്കാളും കൂടുതലായി ശാസ്ത്ര നേട്ടങ്ങൾ ജനങ്ങളിലെത്തിച്ച എഴുത്തുകാരി കൂടിയാണവർ. ശാസ്ത്ര പുരോഗതിയിലൂടെ മനുഷ്യർക്കും ലോകത്തിനും മികച്ച ഭാവി എന്ന എഴുത്തുകാരിയുടെ ആഗഹവും ലക്ഷ്യവും പുതിയ ഉയരങ്ങൾ കീഴടക്കുന്നതിന്റെ പ്രതീകം കൂടിയാണ് പെഴ്സിവിയറൻസ് ദൗത്യമെന്നും നാസ അധികൃതർ ചൂണ്ടിക്കാട്ടി. 

വെള്ളക്കാരായ പുരുഷൻമാർ ആധിപത്യം സ്ഥാപിച്ചിരുന്ന സയൻസ് ഫിൿഷൻ മേഖലയിൽ കറുത്ത വർഗത്തിൽ നിന്നുള്ള ഒരു എഴുത്തുകാരി സ്വന്തം പ്രതിഭ അടയാളപ്പെടുത്തിയതിന്റെ ഉദാഹരണമായിരുന്നു ഒക്ടേവിയയുടെ ജീവിതവും എഴുത്തും. അമേരിക്കയിലെ പ്രശസ്തമായ ഹ്യൂഗോ ആൻഡ് നെബുല പുരസ്കാരം നേടുന്ന കറുത്ത വർഗത്തിൽ നിന്നുള്ള ആദ്യത്തെ എഴുത്തുകാരിയും അവർ തന്നെയായിരുന്നു. ശാസ്ത്ര പ്രതിഭകൾക്കു സമ്മാനിക്കുന്ന മക് ആർതർ ഫെലോഷിപ് ലഭിക്കുന്ന ആദ്യത്തെ എഴുത്തുകാരിയും ഒക്ടേവിയ തന്നെ. 

ശാസ്ത്ര പുരോഗതിയെ വാഴ്ത്തുന്നതിനൊപ്പം വംശീയ വിവേചനത്തിനെതിരെയും സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കും അസമത്വങ്ങൾക്കും എതിരെയും ഒക്ടേവിയ എഴുതി. അന്യഗ്രഹ ജീവികളും ബഹിരാകാശ വിസ്മയങ്ങളുമൊക്കെ നിറഞ്ഞുനിന്ന അവരുടെ കഥാപ്രപഞ്ചത്തിൽ ഭൂമിയിലെ യാഥാർഥ്യങ്ങളും ഇടംപിടിച്ചു. ഭൂമിയെയും ആകാശത്തെയും ഒരുപോലെ പ്രതിഫലിപ്പിച്ച എഴുത്ത്. പാറ്റേൺമാസ്റ്റർ, മൈൻഡ് ഓഫ് മൈ മൈൻഡ്, സർവൈവർ, വൈൽഡ് തുടങ്ങിയ നോവലുകൾക്ക് ഇന്നും വായനക്കാരുണ്ട്. 

american-author-octavia-e-butler
Octavia E Butler. Photo Credit : Official Website

ദൃഡനിശ്ചയവും ഉത്തമവിശ്വാസവുമായിരുന്നു അവരുടെ കഥാപാത്രങ്ങളുടെ കരുത്ത്. ഇഛാശക്തികൊണ്ടാണ് അവരുടെ കഥാപാത്രങ്ങൾ ഭൂമിക്കൊപ്പം ആകാശവും കീഴടക്കിയത്. ഇപ്പോൾ പേഴ്സിവിയറൻസ് ചൊവ്വ കീഴടക്കുമ്പോഴും ഒരു കൂട്ടം മനുഷ്യരുടെ ഇഛാശക്തി തന്നെയാണു വിജയിച്ചിരിക്കുന്നത്. ചരിത്രത്തിൽ ഒരു എഴുത്തുകാരിക്ക് ഇതുവരെ ലഭിച്ചതിൽ ഏറ്റവും സവിശേഷവും അപൂർവവുമായ അംഗീകാരമാണ് ഒക്ടേവിയയെ തേടിവന്നിരിക്കുന്നത്. അത് അറിയാൻ അവർ ജീവിച്ചിരിക്കുന്നില്ലെങ്കിലും അവരുടെ കൃതികൾ ഇന്നും നെഞ്ചേറ്റുന്നവർക്ക് സന്തോഷം, വിസ്മയം, ആദരവവും അഭിമാനവും. 

English Summary : NASA Names Perseverance Landing Spot After Octavia E. Butler

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com