ADVERTISEMENT

ചില പുസ്തകങ്ങൾ വായിച്ചുകഴിയുമ്പോൾ വായനക്കാർക്കും കഥ പറയണമെന്നു തോന്നും. യാത്രയുടെ പുസ്തകമാണെങ്കിൽ സ്വന്തം യാത്രയെ അനുസ്മരിച്ചാവും അത്. കുട്ടിക്കാലമാണു വിഷയമാണെങ്കിൽ സ്വന്തം കുട്ടിക്കാലം നാരുനാരായി ഓർത്തെഴുതും. ഇപ്രകാരം വായനക്കാരെയും എഴുത്തുകാരാക്കുന്ന വിഷയമാണ് അഡിക്‌ഷൻ. മറ്റേതു ലഹരിയെക്കാളും മാരകമാണു നിക്കോട്ടിനോടുള്ള ആസക്തി. പുകവലി, അതു ശീലമല്ല, വികാരമാണ്. ശരീരം അകന്നു മനസ്സു മാത്രമാണ് സത്യമെന്ന് അപ്പോൾ തോന്നും.  

 

താൻ എങ്ങനെയാണു പുകവലി നിർത്തിയതെന്നു വിവരിക്കുന്ന, ജർമൻ എഴുത്തുകാരനും വിവ‍ർത്തകനുമായ ഗ്രിഗർ ഹെൻസിന്റെ  ‘നിക്കോട്ടിൻ’ അഡിക്‌ഷനുമായി ബന്ധപ്പെട്ട ജീവിതത്തിലെ ഓരോ ഘടകവും എടുത്തു പരിശോധിക്കുന്നുണ്ട്. ഇതു പുകവലി ശീലമാക്കിയവരും ഉപേക്ഷിച്ചവരുമായ വായനക്കാർക്കു സ്വന്തം ജീവിതത്തെപ്പറ്റി ആലോചിക്കാനും അവസരം നൽകുന്നു. ഈ എസ്സേ വായിക്കുന്നവർ സ്വന്തം അഡിക്‌ഷനുകളെപ്പറ്റി പറഞ്ഞുപോകുമെന്നാണു ഞാൻ കരുതുന്നത്.   

 

എഴുത്തുകാരിയും മ്യൂസിക് ക്യൂറേറ്ററുമായ ജെൻ കലയയുടെ ആമുഖത്തിൽ ‘നിക്കോട്ടിൻ ശൈശവം’ എന്നൊരു പ്രയോഗമുണ്ട്. പുകവലി ആത്മാനുരാഗമായി വളരുന്നതു സംബന്ധിച്ചാണത്. സിഗരറ്റുകളുടെ പരസ്യം ടിവിയിൽ നിരോധിക്കും വരെ കുട്ടികൾക്കു പ്രധാന ആകർഷണം അതായിരുന്നു. സിനിമയിലെയും ടിവി പരിപാടികളിലെയും പുകവലി രംഗങ്ങൾ പിന്നെയും തുടർന്നു. അക്കാലത്തെല്ലാം മിക്കവാറും വീടുകളിൽ മുതിർന്നവർ പുകക്കുഴൽ പോലെ പുകഞ്ഞുകൊണ്ടിരുന്നു. തെരുവിൽ പുകവലിക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നതോടെയാണ് ഒരാൾ മുതിർന്നവരുടെ ലോകത്തേക്ക്, സ്വാതന്ത്ര്യത്തിലേക്കു കടക്കുന്നത്. ആ ദിവസത്തിനായി ഒളിച്ചുവലിക്കുന്നവർ കാത്തിരിക്കുന്നു. ബാല്യം നഷ്ടപ്പെടുന്നതോടെയാണ് അഡിക്‌ഷനിലേക്കു പ്രവേശിക്കുന്നതെന്ന് കലയ നിരീക്ഷിക്കുന്നു. പുകവലി നിർത്തണമെന്ന് ആഗ്രഹിക്കാത്തവരില്ല. അവർക്കു പ്രിയപ്പെട്ടതാണു മാർക് ട്വയിൻ പറഞ്ഞതെന്നു കരുതപ്പെടുന്ന ഈ വാക്യം: ‘മറ്റൊരാളും ഞാൻ നിർത്തിയ അത്രയും തവണ പുകവലി നിർത്തിയിട്ടുണ്ടാവില്ല. ഓരോ തവണ സിഗരറ്റുകുറ്റി കുത്തിക്കെടുത്തുമ്പോഴും ഞാൻ ശപഥമെടുക്കും, ഇത് എന്റെ അവസാനത്തേതാണ് എന്ന്.’ 

 

കൊടും പുകവലിക്കാരായ എഴുത്തുകാരിലൊരാളായ മാർക് ട്വയിൻ പക്ഷേ ഇങ്ങനെയൊരു വാക്യം എഴുതിയിട്ടില്ലെന്നാണു ഗ്രിഗർ ഹെൻസ് പറയുന്നത്. ഇത് യഥാർഥത്തിൽ ഇത്താലോ സ്വേവോയുടെ കൺഫഷൻസ് ഓഫ് സെമോ എന്ന നോവലിൽനിന്നാണ്. സെമോ എന്ന പുകവലിക്കാരനായ കഥാപാത്രമാണ് ഈ വാക്യം പറയുന്നത്. നിക്കോട്ടിന് ആമുഖം എഴുതിയ ജെൻ കലയയുടെ the butt എന്ന നോവലും  അഡിക്‌ഷൻ പ്രമേയമായതാണ്. അതിന്റെ തുടക്കത്തിൽ ഈ വാക്യം ചേർക്കാനാണ് അവർ ആഗ്രഹിച്ചിരുന്നത്. 

 

ചെറുപ്പത്തിൽ ശ്വാസതടസ്സം മൂലം ആശുപത്രിയിൽ ചെലവഴിച്ച സമയത്താണു ശ്വാസകോശം എത്ര പ്രധാനപ്പെട്ടതാണെന്ന് ഹെൻസ് തിരിച്ചറിയുന്നത്. പുകവലി ശക്തമായ നാളുകളിൽ ശ്വാസകോശം വീണ്ടും ദുർബലമായി. ഒരിക്കൽ കാറോടിച്ചുപോകുമ്പോൾ ബ്രെത് അനലൈസറുമായി പൊലീസ് വണ്ടി തടഞ്ഞു. എത്ര ഊതിയിട്ടും യന്ത്രം പ്രവർത്തിച്ചില്ല. ബ്രത് അനലൈസറിനു വേണ്ടത്ര ശക്തിയിൽ ഊതാൻ പോലും കഴിയാത്തവിധം ദുർബലമായിരുന്നു ശ്വാസകോശം. സിഗരറ്റ് വലിയുടെ അടിമയായിരുന്ന ഈ എഴുത്തുകാരൻ പക്ഷേ താൻ നല്ല നീന്തലുകാരനും ദീർഘദൂര ഓട്ടക്കാരനുമാണെന്നു പറയുന്നു. സൈക്കിളിങ് ആണു മറ്റൊരു ഹരം. പർവതാരോഹകരുടെ സംഘടനയിലും അംഗമാണ്.   

 

നിക്കോട്ടിൻ എന്നതു വാസ്തവത്തിൽ ഹെറോയിനെക്കാൾ വലിയ അഡിക്‌ഷൻ ഉണ്ടാക്കുന്ന വസ്തുവാണ്. രണ്ടോ മൂന്നോ സിഗരറ്റ് കഴിയുമ്പോഴേക്കും കുട്ടികൾ അതിന് അടിമയാകും. ചില കുട്ടികളാകട്ടെ ജന്മനാ അഡിക്റ്റായിരിക്കും. ഒരു ശീലം എന്ന നിലയിൽ നിക്കോട്ടിന് ഭ്രൂണാവസ്ഥയിൽ തുടങ്ങുന്ന ബന്ധങ്ങളുണ്ട്. പാസീവ് സ്മോക്കിങ്ങിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഇന്നു നമുക്കറിയാം. ഹെൻസിന്റെ കുട്ടിക്കാലത്ത്, അതൊരു പൊതുജനാരോഗ്യപ്രശ്നമായി ഉയർന്നു വന്നിരുന്നില്ല. മാതാപിതാക്കളുടെ പുകവലി ഗർഭാവസ്ഥയിൽ കുഞ്ഞിനെ പിടികൂടുന്നുണ്ട്. ഹെൻസിന്റെ അച്ഛനുമമ്മയും കൊടിയ പുകവലിക്കാരായിരുന്നു. അമ്മ 40 സിഗരറ്റ് വരെ വലിക്കുമായിരുന്നുവെന്ന് ഹെൻസ് എഴുതുന്നുണ്ട്. കുട്ടിക്കാലത്തു കാർയാത്രയിൽ അച്ഛനുമമ്മയും മാറിമാറി വലിച്ചുകൊണ്ടിരിക്കും. ബാക്ക് സീറ്റിൽ കുട്ടികൾ. ചില്ലുകൾ താഴ്ത്തി വയ്ക്കാതെയുള്ള, ദിവസം മുഴുവൻ നീളുന്ന യാത്രയിലെ പുകവലികൾ! 

 

അമ്മയുടെ കയ്യിൽനിന്നാണു ഹെൻസിന് ആദ്യ സിഗരറ്റ് ലഭിക്കുന്നത്. ആറോ ഏഴോ വയസ്സുള്ളപ്പോൾ. പുതുവർഷാഘോഷത്തിനായി വീടിനു മുന്നിൽ കുടുംബാംഗങ്ങളെല്ലാം ഒത്തുചേർന്നപ്പോൾ പടക്കം കത്തിക്കാനാണ് അമ്മ കത്തിച്ച ഒരു സിഗരറ്റ് അവനു നേരേ നീട്ടിയത്. റോക്കറ്റിനു തീ കൊളുത്തും മുൻപേ സിഗരറ്റ് ഒന്ന് ആഞ്ഞുവലിക്കണം കനൽ തെളിയാൻ. ആദ്യ വലിയിൽ ചുമച്ചു കണ്ണു കലങ്ങി. രണ്ടാം വലിയിൽ അതു സൗമ്യമായിത്തീർന്നു.   

ezhuthumesha-ajay-p-mangattu-on-gregor-hens-nicotine-will-self-the-butt

 

വർഷങ്ങൾക്കുശേഷം, സിഗരറ്റ് വലി ശീലമായിത്തീർന്നശേഷം, സുന്ദരിയും വിഷാദവതിയുമായ അമ്മയുടെ കയ്യിലെരിയുന്ന മെലിഞ്ഞുനീണ്ട സിഗരറ്റിന്റെ ഓർമ ഹെൻസിന്റെ മനസ്സിലുണ്ടായിരുന്നു. 

 

പുകവലിക്കാർ തങ്ങൾ അതിന് അടിമകളാണെന്നു തിരിച്ചറിയുകയോ സമ്മതിക്കുകയോ ചെയ്യുകയില്ല. ഈ ശീലം താൻ വിചാരിച്ചാൽ എപ്പോൾ വേണമെങ്കിലും നിർത്താനാകുമെന്നാണു 78 % പുകവലിക്കാരും പറയുക. പക്ഷേ നിർത്തണമെന്ന വിചാരത്തിലേക്ക് എത്താൻ അവർക്കു കഴിയാറില്ല. നിക്കോട്ടിൻ രക്തത്തിൽ കലരുന്നതോടെ അത് വ്യക്തിയുടെ തലച്ചോറിൽ ഘടനാപരമായ മാറ്റങ്ങൾ ഉണ്ടാക്കുന്നു എന്നാണു ഗവേഷകരുടെ കണ്ടെത്തൽ. ഒരാൾ വലി നിർത്തിയാലും തലച്ചോർ പൂർവസ്ഥിതിയിലാകുകയില്ല. അതുകൊണ്ടാണു നിക്കോട്ടിൻ രക്തത്തിൽ എന്ന പോലെ, ഒരാളുടെ ചിന്തകളിലും സ്മരണകളിലും മാഞ്ഞുപോകാതെ കിടക്കുന്നത്. 

 

എന്തിനാണ് ഒരാൾ പലവട്ടം പുകവലി നിർത്തുന്നത്? നിർത്തിയശേഷം തുടങ്ങുന്ന ആദ്യ സിഗരറ്റിന്റെ രസത്തിനു വേണ്ടിയാണെന്നു ഹെൻസ് പറയുന്നു.  ആദ്യ സിഗരറ്റിന്റെ ആ മഹാലഹരിക്കായി നിങ്ങൾ ആദ്യം വലി നിർത്തണം. എന്നിട്ട് അതിലേക്കു മടങ്ങിച്ചെല്ലണം. ചില പറമ്പുകളിൽ മണ്ണിളക്കിയാൽ ഉടൻ ഉറുമ്പുകളുടെ പറ്റം പൊടുന്നനെ പുറത്തു വരാറുണ്ട്; അതുവരെ അവ അവിടെ ഉണ്ടായിരുന്നുവെന്നതിന് ഒരു സൂചനയും ഇല്ലാതെ. അഡിക്‌ഷൻ ഇതുപോലെയാണെന്നാണു ഹെൻസ് പറയുന്നത്. അതു പുറമേ കാണാനുണ്ടാവില്ല. എന്നാൽ ഒരൊറ്റ പ്രകോപനത്തിനു പിന്നാലെ ഇരമ്പിയാർത്തു പുറത്തേക്കു വരും. 

 

നിക്കോട്ടിന്റെ അനുഭവങ്ങളിലൂടെ ആത്മകഥാപരമായ ഒട്ടേറെ വിവരണങ്ങളിലേക്ക് ഹെൻസ് പോകുന്നുണ്ട്. ഹെൻസിന്റെ ഒരു അമ്മായിക്കു സിഗരറ്റ് കമ്പനിയിലായിരുന്നു ജോലി. പെൻഷനൊപ്പം നൂറുവർഷത്തേക്കു പ്രതിമാസം സൗജന്യ സിഗരറ്റ് ക്വോട്ട കൂടി അവർ അമ്മായിക്ക് അനുവദിച്ചിരുന്നു. തനിക്കു വലിക്കാനുള്ള കുറച്ചു സിഗരറ്റുകൾ മാത്രമെടുത്തു ബാക്കിയെല്ലാം അവർ വിതരണം ചെയ്യും. അമ്മായി മരിച്ചുകഴിഞ്ഞപ്പോൾ ആ സിഗരറ്റ് ക്വോട്ട വാങ്ങിയിരുന്നത് ഹെൻസും സഹോദരനുമായിരുന്നു. പുകവലി നിർത്തിയശേഷം അതിന്റെ സ്മരണകൾ കൊണ്ടുവരുന്ന എല്ലാ വസ്തുക്കളും എഴുത്തുകാരൻ തന്റെ മുറിയിൽനിന്നു നീക്കം ചെയ്യുന്നുണ്ട്. ദിവസം 40 സിഗരറ്റുകൾ വരെ വലിക്കുമായിരുന്നു ഹെൻസിന്റെ കൂട്ടുകാരി. വലി നിർത്തിയശേഷം ഇരുവരും ചേർന്ന് ഒരു തീരുമാനമെടുക്കുന്നു- ഇനി സിഗരറ്റിനെപ്പറ്റി ഒന്നും സംസാരിക്കില്ല. 

 

ലോകത്തിലെ പല രാജ്യങ്ങളും പൊതുസ്ഥലത്തെ സിഗരറ്റ് വലി നിരോധിച്ചു കഴിഞ്ഞു. സിഗരറ്റ് കമ്പനികളുടെ പ്രതാപകാലവും അസ്തമിച്ചു. താമസിയാതെ സിഗരറ്റ് തന്നെ നിരോധിക്കപ്പെട്ടേക്കാം. പുകവലിക്കുന്നവർ ഇപ്പോഴുമുണ്ടെങ്കിലും ആ ശീലത്തിന്റെ റൊമാന്റിസിസം ഇല്ലാതായി എന്നാണ് എനിക്കു തോന്നുന്നത്. ആദ്യമായി സിഗരറ്റ് വലിച്ചത് എന്നായിരുന്നുവെന്ന് എനിക്ക് ഓർമയില്ല. കുട്ടിക്കാലത്തു വല്ലുപ്പാപ്പയുടെ മേശയിൽനിന്ന് ഞാൻ ബീഡി കട്ടെടുത്തു വലിച്ചിട്ടുണ്ട്. അതു കഠിനമായിരുന്നു. 

 

കോളജിൽ എത്തുമ്പോഴേക്കും എനിക്കു സിഗരറ്റ് വലി ശീലമായിരുന്നു. ക്യാംപസിൽ പുകവലിക്കാനുള്ള ചില ഇടങ്ങൾ ഉണ്ടായിരുന്നു. എന്നെ സിഗരറ്റ് മണത്തിരുന്നുവെന്ന് അന്നത്തെ ഒരു കൂട്ടുകാരി വർഷങ്ങൾക്കുശേഷം കണ്ടപ്പോൾ പറഞ്ഞു. എനിക്കു ലജ്ജ തോന്നി. സിഗരറ്റിന്റെ ഗന്ധം അസഹ്യമായി എനിക്കു തോന്നിത്തുടങ്ങിയത് വലി നിർത്തിയശേഷമാണ്. എന്നാൽ വലിയുടെ കാലത്ത് ഓരോ സിഗരറ്റ് കൊളുത്തുമ്പോഴുമുള്ള രസത്തെക്കാൾ വലുതായിരുന്നില്ല മറ്റൊന്നും. എന്റെ പപ്പ ഇരുപതോളം വർഷം പുകവലിച്ചു. പ്രത്യേകിച്ചൊന്നും ചെയ്യാതെ ഒരു ദിവസം അദ്ദേഹം അതു നിർത്തി. അദ്ദേഹം വലിച്ചിരുന്ന കാലത്ത് ആ കൂടിൽനിന്ന് ഞാനും സിഗരറ്റ് എടുത്തു കുളിമുറിയിലും രാത്രി നേരം മുറ്റത്തുമൊക്കെ ഇറങ്ങിനിന്നു വലിച്ചു. സിഗരറ്റും ബീഡിയും വിൽക്കുന്ന ഒരു കട പപ്പ നടത്തിയിരുന്നു. സിഗരറ്റ് കത്തിക്കാനായി കടയുടെ മൂലയിൽ ഒരു ചെറിയ വിളക്കു വച്ചു. അതിനടുത്തുതന്നെ സിഗരറ്റ് കൂടുകൾ നീളമുള്ള നേരിയ കഷ്ണങ്ങളായി അരിഞ്ഞുവച്ചു. അതിലൊന്ന് എടുത്താണ് കടയിൽ വരുന്നവർ സിഗരറ്റ് കത്തിച്ചിരുന്നത്. 

 

കടയിൽ എല്ലാത്തരം സിഗരറ്റുകളും ബീഡികളും വിൽപനയ്ക്കുണ്ടായിരുന്നു. പല ബ്രാൻഡുകളിലുള്ള ആ സിഗരറ്റുകൾ ഞാൻ പലപ്പോഴായി വലിച്ചുനോക്കിയിട്ടുണ്ട്. ഏറ്റവും കടുപ്പമേറിയ സിഗരറ്റ് ചാർമിനാറായിരുന്നു. പ്രായം ചെന്ന ചിലരായിരുന്നു അതു വാങ്ങിയിരുന്നത്. 

 

പ്ലെയിൻ ഗോൾഡ് ഫ്ലേക് ആയിരുന്നു കോളജ് കാലത്തെ ഫേവറിറ്റ്. അതിന്റെ കൂട് നല്ല ഭംഗിയുള്ളതായിരുന്നു.

 

പഠനകാലത്തു തുടങ്ങിയ സിഗരറ്റ് വലി 15 വർഷത്തിലേറെ നീണ്ടു. ഇടയ്ക്കെല്ലാം കുറേ ദിവസം വലിക്കാതിരിക്കും. എന്നിട്ടു പൂർവാധികം ശക്തിയോടെ തിരിച്ചുചെല്ലും. സിഗരറ്റ് വലി നമ്മെ വിട്ടുപോകുമ്പോൾ, ഒപ്പം ഒട്ടേറെ സ്മരണകളുടെ കയ്പും മധുരവും കൂടി ഇല്ലാതാകുമെന്ന് എനിക്കു തോന്നി.  

 

കോഴിക്കോട്ടെ ഫ്ലാറ്റിൽ ടോയ്‌ലറ്റിൽ നനവില്ലാത്ത ഒരു മൂലയുണ്ട്. അവിടെ ഇരുന്നാണു പലപ്പോഴും സിഗരറ്റ് വലിക്കുക. വീട്ടിൽ മറ്റാരെങ്കിലും, വിശേഷിച്ചും കുട്ടികൾ ഉള്ളപ്പോൾ. വലിക്കണമെന്നു തോന്നുമ്പോൾ ബാൽക്കണിയിലോ ടോയ്‌ലറ്റിലോ കയറും. അന്നൊക്കെ രാത്രി ഉറക്കം ഞെട്ടിഉണർന്നാൽ, മൂത്രമൊഴിക്കാൻ പോയാൽ, ഒരു സിഗരറ്റ് കൂടി വലിച്ചിട്ടേ കിടക്കൂ. സിഗരറ്റ് കത്തിക്കുമ്പോഴും വലിക്കുമ്പോഴും വലിയ വിചാരങ്ങൾ വരും. ചിന്താധീനൻ എന്നു കേട്ടിട്ടില്ലേ, അത്. ടെറസിൽ പോയാൽ ആരുടെയും നോട്ടമെത്താത്ത ഒരിടമുണ്ട്. ആ മൂലയിലിരുന്നാൽ താഴെ നിരത്തു കാണാം, ഗേറ്റ് കടന്നു വാഹനങ്ങളും ആളുകളും വരുന്നതും പോകുന്നതും കാണാം, തലയുയർത്തി നോക്കിയാൽ പരന്നുതൂങ്ങിയ ആകാശം, തെങ്ങിൻതലപ്പുകൾ, അവിടെയിരുന്നും വലിക്കും, ഒരു ദിവസം പലവർണത്തൂവലുകളുള്ള ഒരു പക്ഷി വന്നു, എന്നെ നോക്കി തെങ്ങോലകളിൽ ഇരുന്നു, കാറ്റിലാടിയാടി, അപ്പോൾ വേറെ ഒരു  പക്ഷി കൂടി വന്നു ടെറസിലെ കമ്പിയിൽ ഇരുന്നു, അതിന്റെ കഴുത്തിൽ ജമന്തിമാല ഇട്ട പോലെ ഒരു നിറം. എനിക്കു മയക്കംതോന്നി, വിരസതയും. അങ്ങനെയാണു ഞാൻ പുകവലി നിർത്തിയത്. 

 

മൂന്നു സിഗരറ്റുകൾ ബാക്കിയായ ഒരു കൂട് എന്റെ മേശപ്പുറത്ത് ആഴ്ചകളോളം കിടന്നു. ഇടയ്ക്കിടെ ഞാൻ അത് എടുത്തു നോക്കും. എന്നിട്ടു തിരിച്ചുവയ്ക്കും. ഒടുവിൽ  ഞാൻ അതു ചുരുട്ടിക്കൂട്ടി കളഞ്ഞു. ഞാൻ വലി നിർത്തിയത് ഭാര്യ അറിഞ്ഞില്ല. അറിഞ്ഞപ്പോൾ വിശ്വസിച്ചതുമില്ല. ഗ്രിഗർ ഹെൻസ് പറഞ്ഞതുപോലെ ആദ്യ സിഗരറ്റിന്റെ ഉന്മാദത്തിലേക്ക് ഞാൻ മടങ്ങിപ്പോയേക്കുമെന്ന് അവൾക്കു തോന്നിയിട്ടുണ്ടാവണം.  മണ്ണിളകി പുറത്തേക്കു വരാൻ കാത്തിരിക്കുന്ന ഉറുമ്പിൻ പറ്റങ്ങളാണ് അഡിക്‌ഷൻ എന്ന് എനിക്കും അറിയാം. പുകവലിക്കാത്ത 12 വർഷങ്ങൾ കഴിഞ്ഞിട്ടും, ആരെങ്കിലും സിഗരറ്റ് കത്തിച്ചു വലിക്കുന്നതു കാണുമ്പോൾ എന്റെ രക്തത്തിൽ ഒരു പിടച്ചിൽ ഞാൻ അറിയാറുണ്ട്. സിഗരറ്റുമണമുള്ള ഉമ്മകൾ മാത്രമല്ല, ചൂടിലും തണുപ്പിലും ദുഃഖത്തിലും കാമത്തിലും യാത്രയിലും കാത്തിരിപ്പിലും വിജയത്തിലും പരാജയത്തിലുമെല്ലാം ശ്വാസത്തോടൊപ്പം അകത്തേക്കു പോയതാണ്. അതിനെ ജയിക്കുമ്പോഴും മറഞ്ഞിരിക്കുന്നത് അറിയാം.

English Summary : Ezhuthumesha Column by Ajay P Mangattu - On Gregor Hens 'Nicotine'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com