ADVERTISEMENT

പെരുമാറ്റച്ചട്ടം ഒരൽപം നീട്ടിപ്പിടിച്ചാൽ പെരുമാറ്റച്ചാട്ടമായി; ചെറിയൊരു ദീർഘത്തിന്റെയോ ദീർഘനിശ്വാസത്തിന്റെയോ അകലം മാത്രം. അതുകൊണ്ടാണ് തമിഴ്നാട്ടിലെ മധുരയിൽ ഒരു ഗാന്ധിപ്രതിമ മൂടിക്കെട്ടി വയ്ക്കാൻ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തീരുമാനിച്ചത്.

ഒരുകാലത്തു ഗാന്ധിജിയുടേതെന്നു നാട്ടുകാർ വിചാരിച്ച പാർട്ടിയിലേക്കു വോട്ടർമാരുടെ ചിന്ത വഴിതിരിയാൻ ഗാന്ധിപ്രതിമ കാരണമാവുകയും അവരുടെ വിലയേറിയ വോട്ട് ആ പാർട്ടിക്കു കിട്ടുകയും ചെയ്താലോ എന്നു ന്യായം. മധുരയിൽത്തന്നെ സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയും ഇങ്ങനെ മൂടിക്കെട്ടിവച്ചെങ്കിലും നാട്ടുകാർ ആ തുണിവേലി വലിച്ചെറിഞ്ഞു. നേതാജിയുടെ കയ്യിൽ ഇന്ത്യൻ നാഷനൽ ആർമി എന്ന പട്ടാളമുണ്ടായിരുന്നല്ലോ എന്നു ഭയപ്പെട്ടാവും, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പിന്നീട് ആ വഴി പോയില്ല.

ഗാന്ധിജിയുടെ പ്രതിമ മൂടിവയ്ക്കണമെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കു തോന്നുന്നുണ്ടെങ്കിൽ, ഈ രാജ്യത്തെ കോടതികളെല്ലാം തിരഞ്ഞെടുപ്പുകാലത്ത് മൂടിക്കെട്ടി വയ്ക്കണ്ടേ എന്നാണ് പ്രിയ സുഹൃത്ത് കഷ്ടകാൽജിയുടെ സംശയം.

കോടതികൾ കാണുമ്പോൾ ഏതു വോട്ടറും നീതിയെപ്പറ്റിയോർക്കും; അതിന്റെ തുടർച്ചയായി നീതിനിഷേധങ്ങളെപ്പറ്റി ഓർത്തെന്നുവരും.

നീതിനിഷേധങ്ങൾക്കെതിരെ വോട്ടു ചെയ്യണമെന്ന് ആർക്കെങ്കിലും തോന്നിയാൽ കോടതി പ്രതിക്കൂട്ടിലാവില്ലേ?

കേരളത്തിലാണെങ്കിൽ, മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണയെ കാണുമ്പോൾ വോട്ടിനെപ്പറ്റി മാത്രമല്ല, വോട്ടവകാശം നിഷേധിക്കുന്നതിനെപ്പറ്റിയും സങ്കടത്തോടെ നാം ആലോചിച്ചുപോകും.

നാമനിർദേശപത്രിക പിൻവലിക്കുന്ന അവസാന തീയതിക്കു പത്തു ദിവസം മുൻപുവരെ വോട്ടർപട്ടികയിൽ പേരു ചേർക്കാമെന്നു പറഞ്ഞത് അദ്ദേഹമാണ്. അങ്ങനെയാവുമ്പോൾ അവസാന തീയതി മാർച്ച് 12. അയ്യയ്യോ, അബദ്ധം പറ്റിപ്പോയി, നാമനിർദേശപത്രിക സ്വീകരിക്കുന്ന അവസാന തീയതിക്കു 10 ദിവസം മുൻപ് എന്നതാണു ശരിയെന്ന് മീണാജി മാർച്ച് 8ന് ഈണത്തിൽ തിരുത്തി. ആ വിവരം പത്രങ്ങളിൽ വന്നത് ഇപ്പറഞ്ഞ 10 ദിവസം തികയുന്ന മാർച്ച് 9ന്. അന്നു ചേർത്താൽ ചേർത്തു. റോമാനഗരം കത്തിയപ്പോൾ നീറോ ചക്രവർത്തി വീണ വായിച്ചോ എന്ന് അപ്പുക്കുട്ടനു തീർച്ചയില്ലെങ്കിലും ഈ തിരഞ്ഞെടുപ്പു കാലത്ത് ടിക്കാറാം മീണയുടെ കയ്യിലൊരു വീണയുണ്ട്; വായിച്ചാലും ഇല്ലെങ്കിലും.

മീണാജിയുടെ ഓഫിസിലെയും വീട്ടിലെയും കലണ്ടർ തിരഞ്ഞെടുപ്പെന്നു കേട്ടതുമുതൽ മൂടിവച്ചിരിക്കുകയാണെന്നു വേണം കരുതാൻ. അല്ലെങ്കിൽ തീയതികൾ കൊണ്ടുള്ള ഈ മീണവായന ഉണ്ടാവില്ലായിരുന്നു. മാർച്ച് 12 വരെ പേരു ചേർക്കാൻ സമയമുണ്ടെന്നു വിചാരിച്ചിരുന്നവർ എങ്ങനെയാണിനി വോട്ട് ചെയ്യുക? അവരുടെയെല്ലാം വോട്ട് മീണതന്നെ ചെയ്യുമോ?

തദ്ദേശതിരഞ്ഞെടുപ്പിൽ തനിക്കു സ്വന്തമായി ചെയ്യാനൊരു വോട്ടില്ലെന്ന് വോട്ടെടുപ്പു ദിവസം മാത്രം കണ്ടെത്തിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ വാസ്തവത്തിൽ നോട്ടയുടെ ചിഹ്നമാകേണ്ടതല്ലേ? 

മീണയവർകളെ കാണുമ്പോൾ നഷ്ടമായ വോട്ടിനെപ്പറ്റി കുണ്ഠിതമുണ്ടാകാമെന്നതിനാൽ മധുരയിലെ ഗാന്ധിപ്രതിമയോടു ചെയ്തതുപോലെ ആ കാഴ്ച മൂടിക്കെട്ടി വയ്ക്കാനുള്ള പെരുമാറ്റച്ചട്ടമുണ്ടോ സർ?

English Summary : Tharangalil Column - Kerala Legislative Assembly Election 2021 Code of Conduct

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com