ADVERTISEMENT

മഞ്ഞില്‍ കുളിച്ച മലനിരകളില്‍ നിന്നൊഴുകിയെത്തുന്ന കാറ്റു പോലെ സുഖശീതതളമാണ് റസ്കിന്‍ ബോണ്ടിന്റെ കഥകള്‍. ഏതു പ്രായത്തിലുള്ള ഏതു തലമുറയെയും ആഹ്ലാദിപ്പിക്കുന്ന, കാപട്യവും കാലുഷ്യവുമില്ലാത്ത എഴുത്ത്. ജീവിതത്തിന്റെ സാരളമായ ആഖ്യാനങ്ങളിലൂടെ ഇന്ന് രാജ്യത്ത് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവുമധികം ജനപ്രീതി നേടിയ എഴുത്തുകാരന്‍ ഏറ്റവും കൂടുതല്‍ ആവര്‍ത്തിച്ച ചോദ്യത്തിന് ഉത്തരം പറയുന്നു. 86 വയസ്സുള്ള ബോണ്ട് തന്റെ ഏറ്റവും പ്രിയപ്പെട്ട പുസ്തകം ഏതെന്നാണു വെളിപ്പെടുത്തിയിരിക്കുന്നത്. 

 

My favourite book 📖

Posted by Ruskin Bond on Sunday, 21 March 2021

ഞായറാഴ്ച വൈകിട്ട് സമൂഹ മാധ്യമത്തിലൂടെയാണ് ബോണ്ട്  ആകാംക്ഷയ്ക്ക് അറുതി വരുത്തിയിരിക്കുന്നത്. പ്രിയപ്പെട്ട പുസ്തകവുമായിരിക്കുന്ന സ്വന്തം ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് മൂന്നു വാക്കുകളില്‍ അദ്ദേഹം ഇഷ്ടം വെളിപ്പെടുത്തി. എന്റെ പ്രിയപ്പെട്ട പുസ്തകം എന്നാണ് അദ്ദേഹത്തിന്റെ അടിക്കുറിപ്പ്. എണ്ണമറ്റ പുസ്തകങ്ങള്‍ നിറഞ്ഞ മുറിയില്‍ കമ്പിളി വസ്ത്രങ്ങള്‍ ധരിച്ച് കസേരിയില്‍ ഇരിക്കുന്ന ബോണ്ടിന്റെ കയ്യിലുള്ള തടിച്ച പുസ്തകമാണ് അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ടത്. ഓക്സ്ഫഡ് ഇംഗ്ലിഷ് ഡിക്ഷനറി ! 

 

അതേ, നിഘണ്ടുവാണ് ബോണ്ടിന്റെ പ്രിയപ്പെട്ട പുസ്തകം. മണിക്കൂറുകള്‍ക്കകം എഴുത്തുകാരന്റെ പോസ്റ്റ് ഇഷ്ടപ്പെട്ടതു 3 ലക്ഷത്തിലധികം പേര്‍. എഴുത്തുപോലെ തന്നെ, പ്രിയപ്പെട്ട പുസ്തകത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ മൂന്നു വാക്കുകളും വൈറലായിരിക്കുന്നു. പുതിയ കാലത്തിന്റെ മുഖപുസ്തകത്തിലും തന്റെ പേര് എഴുതിച്ചേര്‍ക്കുകയാണ് ഇന്ത്യയുടെ മഹാനായ സാഹിത്യകാരന്‍. 

 

ബോണ്ടിന്റെ പുസ്തകങ്ങള്‍ വായിച്ചുവളര്‍ന്നവരാണ് ഇന്ന് പ്രമുഖ സ്ഥാനങ്ങള്‍ അലങ്കരിക്കുന്നവര്‍ മുതല്‍ സാധാരണക്കാര്‍ വരെയുള്ളവര്‍. എല്ലാ സംസ്ഥാനത്തും അദ്ദേഹത്തിന് ആരാധകരുണ്ട്. പുതിയ തലമുറയ്ക്കും ഇഷ്ടമാണ് അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍. നൂറു കണക്കിനു കഥകള്‍. നോവലുകള്‍. അനുഭവ ആഖ്യാനങ്ങള്‍. ദ് ലോണ്‍ ഫോക്സ് ഡാന്‍സിങ് എന്ന ആത്മകഥ. വിപുലവുംവിശാലവുമായ അക്ഷരസാമ്രാജ്യത്തിന്റെ അധിപന്‍. 

 

ഹിമാചല്‍ പ്രദേശിലെ കസൗലിയില്‍ 1934 ലാണ് ബോണ്ട് ജനിച്ചത്. വ്യോമസേനയില്‍ ഉദ്യോഗസ്ഥനായിരുന്നു ബ്രിട്ടിഷുകാരനായ അദ്ദേഹത്തിന്റെ പിതാവ്. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചതോടെ മാതൃരാജ്യത്തേക്കു മടങ്ങിയ ബ്രിട്ടിഷുകാരില്‍ നിന്നു വ്യത്യസ്തനായി ഇന്ത്യയെ സ്നേഹിച്ച കൗമാരത്തില്‍ തന്നെ അദ്ദേഹം ആദ്യ നോവല്‍ എഴുതി. 17-ാം വയസ്സില്‍ -ദ് റൂം ഓണ്‍ ദ് റൂഫ്. ബ്രിട്ടനില്‍ ഏതാനും വര്‍ഷം ചെലവഴിച്ചതിനിടെയായിരുന്നു ആ നോവല്‍ അദ്ദേഹം പൂര്‍ത്തീകരിച്ചത്. 

 

അതിനുശേഷം ഇന്ത്യയിലേക്കു മടങ്ങിയ അദ്ദേഹം ദത്തെടുത്ത കുടുംബത്തിനൊപ്പം മസൂറിയില്‍ താമസിച്ച് ഇപ്പോഴും എഴുത്തില്‍ മുഴുകി ജീവിക്കുന്നു. 

 

English Summary: Ruskin Bond reveals his favourite book

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com