ADVERTISEMENT

പഠിക്കുന്ന കാലത്തു ഞാൻ സർവകലാശാല നടത്തിയ സാഹിത്യ ക്യാംപിൽ പങ്കെടുത്തിട്ടുണ്ട്. ആലുവപ്പുഴയോരത്തെ ആ ക്യാംപിൽനിന്ന് എഴുത്തു പഠിച്ചോ എന്നു ചോദിച്ചാൽ, ഇല്ല. പക്ഷേ, രസകരമായ കുറെ വർത്തമാനങ്ങൾ നടന്നു, അതിലൂടെ കുറേ കൂട്ടുകാർ വന്നു, മനസ്സുരുക്കുന്ന ബന്ധങ്ങളിലേക്കു പോയി, വർഷങ്ങൾക്കുശേഷവും പല രാത്രികളിൽ ഉറക്കമില്ലാതെ കഴിഞ്ഞു. ‘..സഹകരിക്കാത്ത ലോകമേ എന്തിലും സഹകരിക്കുന്ന ശാരദാകാശമേ..’ എന്ന മട്ടിൽ ജീവിതം അവസാനിക്കുകയാണെന്നു തോന്നി. കുറേക്കാലം കഴിഞ്ഞ് അതെല്ലാം അനുതാപത്തോടെ വിചാരിക്കുന്ന സന്ദർഭങ്ങളിലൂടെയും കടന്നുപോയി. ഇതിൽ ഏതെല്ലാം പൊളിഞ്ഞ കെട്ടുകളിൽനിന്നാണ് എഴുത്തു പൊട്ടിവളർന്നതെന്നു കണ്ടുപിടിക്കാൻ എളുപ്പമല്ല. അന്നത്തെ കൂട്ടുകാരിലേറെയും പ്രശസ്തരായ സിനിമാക്കാരോ എഴുത്തുകാരോ ആയിത്തീർന്നുവെന്നതു സത്യമാണ്. എവിടെനിന്നു കിട്ടിയതാണെങ്കിലും സൗഹൃദങ്ങൾ, പ്രേമങ്ങൾ എന്നും നിലനിൽക്കണമെന്നു നാം ആഗ്രഹിക്കുന്നു, വർഷങ്ങൾ പോകുമ്പോൾ ചില ബന്ധങ്ങൾ ഊർന്നുപോകുന്നു, പുതിയതു വരുന്നു, ചിലത് ഉടഞ്ഞിട്ടും ഓർമയായി വന്നുകൊണ്ടിരിക്കുന്നു, വർഷങ്ങൾക്കുശേഷം നാം വിചാരിക്കും, കുറച്ചുകൂടി നന്നായി സ്നേഹിക്കാമായിരുന്നു. ഒരു നാടകം പോലെ പലവട്ടം അരങ്ങേറിയാൽ അസുന്ദരമായതെല്ലാം മാറിയേനെ എന്ന്. ഹാംലെറ്റ് ആദ്യ അവതരണത്തിനുശേഷം നൂറ്റാണ്ടുകൾ കടന്നുപോയി. ഇപ്പോഴും എത്രയോ വേദികളിൽ ആ നാടകം ദിനം തോറും അവതരിപ്പിക്കപ്പെടുന്നു, ഓരോ നടനും തന്റെ ഹാംലെറ്റിനെ കൂടുതൽ ദുരന്തസുന്ദരമാക്കാൻ പണിയെടുക്കുന്നു-“ in my heart there was a kind of fighting that would not let me sleep..” കിങ് ലീയറിനെ സാക്ഷാത്കരിക്കുന്ന ഓരോ നടനും പരാജയങ്ങളാൽ ചങ്കു പൊട്ടുന്ന ലീയറിന്റെ അന്ത്യദിനങ്ങളെ, അരങ്ങിൽ കൂടുതൽ രക്തം രുചിക്കുന്ന വേദനയാക്കാൻ നോക്കുന്നു- “No,no,no ! Come, let’s away to prison: we two alone will sing like birds i’ the cage:”

 

പക്ഷേ യഥാർഥ ജീവിതത്തിൽ പുനർവായനയോ പുനരവതരണമോ ഇല്ല, എഴുതാതെ ഉപേക്ഷിച്ചത് സന്തോഷകരമായി തോന്നും, എഴുതാനുള്ളത് കഠിനമായും തോന്നും. നിങ്ങൾ എഴുത്തുകാരനായോ എന്ന് ചോദിക്കരുത്, അതിനു ശ്രമിച്ചുകൊണ്ടിരിക്കുന്നു, ഞാൻ അതിലേക്കു പോകുന്നു. പക്ഷേ എഴുത്തിലേക്കു കൂടുതൽ അടുക്കുന്തോറും നല്ല സ്നേഹിതർ കുറയുന്നു, ബന്ധുക്കളെ തിരിച്ചറിയാതെയാകുന്നു, ഞാൻ ഒരു മരിച്ചടക്കിനു പോയപ്പോൾ എന്റെ ഒരു കസിൻ വന്നുചോദിച്ചു, നിനക്ക് എന്നെ മനസ്സിലായോ. ദൗർഭാഗ്യവശാൽ ഞാൻ അവളെ കണ്ടിട്ടു കാൽനൂറ്റാണ്ടിലേറെയായിരുന്നു. എനിക്ക് അവളെ തിരിച്ചറിയാനായായില്ല, അപ്പോൾ അവൾ പറഞ്ഞു, നിനക്കെന്നെ അറിയില്ലല്ലോ, അപ്പോൾ ഞാൻ മരിച്ചാൽ വരില്ലല്ലോ! മരണത്തെപ്പറ്റി സംസാരിക്കാൻ സമയമായതുകൊണ്ടാവാം എഴുത്തിനെപ്പറ്റി സംസാരിച്ചുതുടങ്ങിയാൽ മടുപ്പു തോന്നുന്നു. ഒരെഴുത്തുകാരൻ എന്നോടു പറഞ്ഞു, കഴിഞ്ഞ 25 വർഷത്തിലേറെയായി ഞാനെഴുതുന്നു, എനിക്ക് സാഹിത്യ അക്കാദമി അവാർഡ് കിട്ടി, പക്ഷേ പുസ്തകം വിൽക്കുന്നില്ല, എന്റെ കൂടെയുള്ളവരുടെയെല്ലാം പുസ്തകം നന്നായി വിൽക്കുന്നു, എന്റെ മാത്രം ഇല്ല. ഞാൻ പറഞ്ഞു, താങ്കൾ നല്ല എഴുത്തുകാരനാണ്, താങ്കളെ വായിക്കാൻ ഇഷ്ടപ്പെടുന്ന എത്രയോ വായനക്കാരെ എനിക്കറിയാം, ഞാൻ പറഞ്ഞുതീരും മുൻപേ അദ്ദേഹം ആദ്യം ഉന്നയിച്ച പരാതി ഒന്നുകൂടി ആവർത്തിച്ചു, എന്റെ എഴുത്തിനു നിലവാരമില്ലാത്തതാണോ കാരണം, എന്നെക്കാൾ നിലവാരമുള്ളവരാണോ മറ്റുള്ളവരെല്ലാം? ഞാൻ പറഞ്ഞു, താങ്കളുടെ രചനകൾക്കു നിലവാരമുണ്ടെന്ന് എനിക്കറിയാം, പക്ഷേ അദ്ദേഹം അസന്തുഷ്ടിയോടെ അതേ കാര്യം ആവർത്തിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ മുഴുവൻ നൈരാശ്യവും എനിക്കെതിരെ ആണെന്നുപോലും തോന്നിപ്പോയി. ഞാൻ അപരാധം ചെയ്തെന്ന് അയാൾ കരുതുന്നുണ്ടാകും, അല്ലെങ്കിൽ നിലവാരമില്ലാത്ത വായനക്കാർ മലയാളസാഹിത്യത്തിന്റെ ഗതി മാറ്റിയെന്നാവും.

 

syrian-poet-adunis
അഡോണിസ്

സാഹിത്യകൂട്ടായ്മകളിലോ സമ്മേളനങ്ങളിലോ കാര്യമായി പോകാൻ കഴിയാത്ത ആളാണു ഞാൻ. ജോലിത്തിരക്കുകൾ മൂലം പലപ്പോഴും അതൊന്നും സാധ്യമാകാറില്ല. റൈറ്റേഴ്സ് വർക് ഷോപ്പിലെ അംഗങ്ങൾക്ക് നല്ല എഴുത്തുകാരാവാനുള്ള ഉപദേശം നൽകാമോ എന്നു ചോദിച്ചപ്പോൾ ജർമൻ-അമേരിക്കൻ കവി ചാൾസ് ബുകോവ്സ്കി അതൊരു കവിതയാക്കി എഴുതി- എഴുത്തുകാരനാവണമെങ്കിൽ ആദ്യം പ്രേമ പരാജയം വേണം, കേടുള്ള പല്ലുകളായിരിക്കണം, വിലകുറഞ്ഞ മദ്യം കഴിക്കണം, കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനദശകങ്ങളിൽ അമേരിക്കക്കാരായ എഴുത്തുമോഹികൾക്കായുള്ള ബുകോവ്സ്കിയുടെ പാഠങ്ങളെല്ലാം ഇങ്ങനെ ബഹുരസമാണ്– ഫാമിലി പിക്നിക്കിനു പോകരുത്, റോസുകളുടെ ഉദ്യാനപശ്ചാത്തലത്തിൽനിന്നു പടമെടുക്കരുത്, ഹെമിങ് വേയെ ഒരു വട്ടം മാത്രം വായിക്കുക, ഫോക്നറെ ഒഴിവാക്കുക, ഗോഗോളിനെ അവഗണിക്കുക, സുഹൃത്തുക്കളും ബന്ധുക്കളും ജോലിയുമെല്ലാം നഷ്ടമായ ശേഷം അപരിചിതമായ നഗരത്തിൽ മുറിവാടക കൊടുക്കാൻ വഴി കാണാതെ കഴിച്ചുകൂട്ടുക, വീണ്ടും വീണ്ടും പ്രേമപരാജയം അനുഭവിക്കുക, ഇങ്ങനെ ആകെ നട്ടംതിരിഞ്ഞു കഴിയുമ്പോൾ പൊടുന്നനെ ഒരു നല്ല പ്രേമമുണ്ടാകുക, ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം റിവേഴ്സ് ഓർഡറിൽ അനുഭവിക്കുക. 

 

മണ്ടന്മാരെ, വേഗം സ്ഥലം വിട്ടോ എന്നാവും കവി ശരിക്കും ഉദ്ദേശിച്ചിട്ടുണ്ടാവുക എന്നു തോന്നാറുണ്ട്. കവിതകൾ മാത്രമെഴുതുന്നവരെ കണക്കിനു പരിഹസിക്കുന്ന ഒരു കവിത ബുകോവ്സ്കി എഴുതിയിട്ടുണ്ട്. നോവലെഴുതാത്തയാൾ കവിയല്ല എന്നാണു മുപ്പരുടെ നിലപാട്. ബുകോവ്സ്കിയുടെ നർമരസമുള്ള നിർദേശങ്ങൾ ഒന്നും യഥാർഥത്തിൽ നിങ്ങളുടെ എഴുത്തിൽ ബാധകമാകാൻ ഇടയില്ല. പക്ഷേ പ്രേമനൈരാശ്യങ്ങൾ പോലെ, എഴുത്തുമായി ബന്ധപ്പെട്ട നൈരാശ്യങ്ങളെ നേരിടാൻ എഴുത്തുകാർക്കു കഴിയണം. ഒരാൾ എഴുത്തിൽത്തന്നെ ഉറച്ചുനിന്നാൽ എല്ലാത്തരം പരാജയങ്ങളെയും ശീലിക്കാൻ അയാൾ പഠിക്കുമെന്ന കാര്യത്തിൽ എനിക്കു സംശയമില്ല. പരാജയങ്ങൾ വാക്കുകളുടെ മാറ്റ് കൂട്ടുകയാണു ചെയ്യുക. അപ്പോൾ അയാൾ മറ്റൊരാളെയും നോക്കാതെ, ഒരുത്തിയെയും കാത്തുനിൽക്കാതെ തനിക്ക് ഇഷ്ടമുള്ളത് എഴുതാൻ തുടങ്ങുന്നു. ബുകോവ്സ്കി അമേരിക്കൻ വായനക്കാർക്കിടയിൽ അതിപ്രശസ്തനാകാനുള്ള ഒരു കാര്യം അദ്ദേഹം സ്വന്തം ഇഷ്ടങ്ങൾ മാത്രമെഴുതി എന്നതാണ്. ലൈംഗികതയിലും ലഹരിയിലും മുങ്ങിക്കിടന്ന കവിക്ക് ലൈംഗികത്തൊഴിലാളികളായ പെണ്ണുങ്ങളായിരുന്നു പ്രേമഭാജനങ്ങൾ. അവരുടെ ഉടലിനെയും പ്രേമത്തെയും കുറിച്ച് നൂറുകണക്കിനു കവിതകളെഴുതി. അതിലൂടെ അവരുടെ ദാരുണമായ ജീവിതത്തെയും ആവിഷ്കരിച്ചു. ഒരു ചുവന്ന മുടിക്കാരി പെണ്ണിനെപ്പറ്റി ബുകോവ്സ്കി പലയിടത്തും പരാമർശിക്കുന്നുണ്ട്. അവൾ സ്ഥലം വിട്ടുപോയെങ്കിലും തിരിച്ചുവരുമെന്നു കരുതി ദിവസവും അവളുടെ താമസസ്ഥലത്തു പോയി നോക്കും. അടഞ്ഞ വാതിലിനു മുന്നിൽ കവിതകൾ വയ്ക്കും. നഗരത്തിലൂടെ വണ്ടിയോടിക്കുമ്പോൾ അവളുടെ പഴഞ്ചൻ കാർ കാണുന്നുണ്ടോയെന്ന് നോക്കും...‘‘ I drive around the streets/ an inch away from weeping/ashamed of my sentimentality/and possible love’’ 50 വർഷം കഴിഞ്ഞാൽ ഇപ്പോൾ താങ്കളുടെ കൂടെയുള്ള പെണ്ണുങ്ങൾ ഉണ്ടാവില്ല, പക്ഷേ താങ്കളുടെ കവിതകൾ ഉണ്ടാവും എന്ന് ഒരു പത്രാധിപർ കവിയെ വിളിച്ചു പ്രശംസിക്കുന്നു, കവി അതിനു മറുപടി പറയുന്നു, നല്ല കാര്യം, പക്ഷേ എനിക്കെന്താണ് ഈ രാത്രി ഈ ഹോട്ടൽ മുറിയിൽ വേണ്ടതെന്നു താങ്കൾക്ക് അറിയാമല്ലോ, ബുകോവസ്കി പറയുന്നു, കവിതയല്ല എനിക്കു വേണ്ടത് വാതിൽ തുറന്ന് എനിക്കെതിരെ വരുന്ന ഒരു പെണ്ണിനെയാണ്. 

 

ഈയിടെ ഒരു റൈറ്റേഴ്സ് വർക്ക് ഷോപ്പിൽ സംസാരിക്കാൻ പോയി. മലമുകളിലെ മനോഹരമായ ഒരിടത്തായിരുന്നു, കോവിഡ് കാല ഉണർവുകളാണ്. വഴിയിലെല്ലാം കരിയിലകൾ കൂടിക്കിടക്കുന്നു. ക്യാംപിൽ കുറച്ചുപേർ മാത്രം, അവർക്ക് എഴുതാൻ ആഗ്രഹമുണ്ട്, എഴുതാനറിയില്ല, ചിലരുടെ കയ്യിൽ ചില ആശയങ്ങളുണ്ട്, ചില പദ്ധതികളുണ്ട്, അതു പക്ഷേ കഥയോ കവിതയോ നോവലോ ആയിത്തീരാൻ എന്താണു ചെയ്യേണ്ടത് ? 

 

മഴ പെയ്യാൻ പോകുന്നുണ്ടോ എന്ന് ആകാശത്തെ മേഘങ്ങളെ നിരീക്ഷിച്ചു പറയുന്നതുപോലെ, ഒരാളിൽനിന്ന് നല്ല എഴുത്തു കിട്ടാനാകുമോ എന്നു പ്രവചിക്കാനാവില്ല. എഴുത്തിൽ എത്ര കാലം ഉറച്ചുനിൽക്കും, എഴുത്തിനെക്കാൾ ആകർഷകമായ എന്തെങ്കിലും വാഗ്ദാനം വരുന്നതു വരെ. അല്ലെങ്കിൽ എഴുത്തിനെക്കാൾ വലുതായി തനിക്ക് മറ്റൊന്നുമില്ലെന്നു മനസ്സിലാക്കും വരെ. അപ്പോൾ വരെ മാത്രമേ എങ്ങനെയാണ് എഴുതേണ്ടതെന്ന സംശയം ഉണ്ടാകൂ.

 

ഹൈറേഞ്ചിൽ പ്രത്യേകിച്ച് ഒരു സൗകര്യവുമില്ലാത്ത ഒരു ചെറിയ പ്രദേശത്തു വളരെ കുറച്ചു മനുഷ്യരെ കണ്ട്, കുറച്ചു നിറങ്ങൾ മാത്രം ശ്രദ്ധിച്ച്, കുറച്ചു ശബ്ദങ്ങൾ മാത്രം കേട്ട്, എന്നാൽ ഏറ്റവും അതിശയകരമായ സ്വപ്നങ്ങൾ കണ്ടു കുട്ടിക്കാലം ജീവിച്ചതുകൊണ്ടാവാം ഞാൻ എഴുത്തിലേക്കു വന്നതെന്ന് എനിക്കു തോന്നുന്നു. ഓരോ പ്രേമപരാജയത്തിനുശേഷവും ഗംഭീരമായ മറ്റൊരു പ്രണയം തന്നെ കാത്തിരിക്കുന്നുവെന്ന് ഒരാൾ വിശ്വസിക്കുന്നതുപോലെയാണു എഴുത്ത്. ചിലപ്പോൾ അതു പാതിക്കു നിലയ്ക്കും. അല്ലെങ്കിൽ ആദ്യവരിയിൽ അവസാനിച്ചുപോകും.

 

റൈറ്റേഴ്സ് വർക് ഷോപ്പ് യഥാർഥ എഴുത്തുകാരനെ തളർത്തിക്കളയുമെന്ന് ഞാൻ കേട്ടിട്ടുണ്ട്. സത്യമാണത്, അവിടെ യുക്തിയുടെയും അജ്ഞതയുടെയും പ്രയോഗമാണു നടക്കുന്നത്. ഒരു പുതിയ രചനയെ എല്ലാവരും വട്ടം കൂടിയിരുന്നു കീറിമുറിക്കുന്ന പ്രവൃത്തി ചില വർക്‌ഷോപ്പുകളിൽ നടക്കാറുണ്ട്, ഇത്രയും അസഹ്യമായ കൃത്യം വേറെയില്ല. അവിടെ പ്രയോഗിക്കുന്ന യുക്തികൾ തലയിലേറ്റിയാൽ ഒരാൾക്കും എഴുത്തു തുടരാനാവില്ല. കണിശമായ യുക്തിചിന്ത കൊണ്ട് എട്ടോ പത്തോ വർഷം എഴുത്തു നിലച്ചുപോയ അനുഭവം എനിക്കുണ്ട്. അതിനാൽ നിങ്ങൾക്ക് എഴുതണമെങ്കിൽ ആരുടെയും പ്രോത്സാഹനത്തിനോ യുക്തിവിചാരത്തിനോ കാത്തുനിൽക്കരുത്. പകരം ഒന്നിനുപുറകെ മറ്റൊന്നായി കിട്ടുന്നതെല്ലാം വായിച്ചുതള്ളുക, ഒന്നിലും മതിയാവാതെ മുന്നോട്ടുപോകുക. രാവിലെയും വൈകിട്ടും ഒരുപാടു കാഴ്ചകളുള്ള വഴിയിലൂടെ നടക്കാൻ പോകണം, ഒറ്റയ്ക്കിരിക്കാൻ കുറെയേറെ സമയം കണ്ടുപിടിക്കണം, അല്ലെങ്കിൽ എല്ലാവരുടെയും നടുവിൽ ഒറ്റയ്ക്ക് ഇരിക്കാൻ ശീലിക്കുക, ഒരു പെൻസിലും നോട്ട് ബുക്കും എപ്പോഴും, കയ്യിലുണ്ടാകണം, എന്നെ തോൽപിക്കാമെന്നു കരുതരുത് എന്ന് ഇടയ്ക്കിടെ സ്വയം പറയണം, ചിലപ്പോൾ തിരക്കുള്ള ഒരു കെഎസ്ആർടിസി ബസിലോ ട്രെയിനിലോ യാത്ര ചെയ്യുമ്പോഴാകും വാക്കുകൾ കൂടുപൊട്ടിച്ചു പുറത്തേക്കു വരുന്നത്. എഴുതണമെന്നില്ല, മൊബൈൽ ഫോണിലേക്ക് പറഞ്ഞു ശബ്ദലേഖനം നടത്തിയാലും മതി. I advance myself, towards ruins എന്ന് അറബ് കവി അഡോണിസ് എഴുതിയിട്ടുണ്ട്. സ്വന്തം ഉള്ളിലേക്ക് പോകുന്തോറും ശേഷിപ്പുകൾ, തകർച്ചകൾ ഒരുപാടു കാണും. മറ്റാർക്കും ശ്രദ്ധിക്കാനാകാത്ത ആ ശേഷിപ്പുകളാണു പുതിയ കഥകളെ കൊണ്ടുവരുന്നത്. അതിനാൽ സ്വന്തം ഉള്ളിലെ നീറ്റലുകളിലല്ലാതെ, ആ നെടുവീർപ്പുകളിലല്ലാതെ, ആ കോപങ്ങളിലല്ലാതെ മറ്റൊന്നിലും എരിയരുത്, മറ്റൊന്നിലും വിശ്വസിക്കുകയും അരുത്, അപ്പോൾ എഴുതാനാകും. 

English Summery : Ezhuthumesha Column - On writers workshops, literary camps and writing skills

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com