ADVERTISEMENT

ഉള്ളിൽ അഗ്നിപർവതവുമായി ജീവിക്കുന്നവരാണ് പൊതുവേ എഴുത്തുകാരെല്ലാവരും. താൻ വിശ്വസിക്കുന്ന ആശയമോ തന്റെ കൺമുന്നിൽ കാണാനിടയായ മനുഷ്യദുരിതങ്ങളോ പ്രകൃതി ചൂഷണങ്ങളോ ചുറ്റുപാടും നടമാടുന്ന അധാർമികതയോടുള്ള പ്രതിഷേധമോ എന്തെങ്കിലുമൊക്കെ ഉള്ളിൽ കിടന്നു പുകഞ്ഞുപുകഞ്ഞ് ഉണ്ടാവുന്ന പൊട്ടിത്തെറികളാണ് ഓരോ എഴുത്തും. പ്രായമോ അനുഭവങ്ങളോ സംയമനശീലമോ ഒക്കെക്കൊണ്ട് പതം വന്ന ചിലയാളുകളുടെ പൊട്ടിത്തെറി വലിയ പരസ്യ പ്രകമ്പനങ്ങളില്ലാതെയാവും സംഭവിക്കുക. പക്ഷേ, അവ വായനക്കാരുടെ ഉള്ളിൽ നീണ്ടുനിൽക്കുന്ന ചലനങ്ങൾ സൃഷ്ടിക്കും. ഉള്ളിൽ അനുനിമിഷം തിളച്ചുപൊന്തുന്ന ആത്മാർഥതയും സത്യത്തോടുള്ള പ്രതിബദ്ധതയും കൊണ്ട് തീക്ഷ്ണമായി നിൽക്കുന്ന ചില മനസ്സുകളിലെ ദുർബലപാളികൾ സൃഷ്ടിക്കുന്ന  പൊട്ടിത്തെറി ആരെയും പെട്ടെന്നൊന്നു കുലുക്കും. ഉടൻ ഭൂകമ്പങ്ങൾ സൃഷ്ടിക്കുന്ന വലിയ അഗ്നിപർവത സ്‌ഫോടനം.  വായനക്കാരന്റെ മനസ്സിൽ പെട്ടെന്നു ചലനങ്ങൾ സൃഷ്ടിക്കാൻ പ്രാപ്തമാം വിധമുള്ള അത്തരം പൊട്ടിത്തെറികളാണ് സോക്രട്ടീസ് കെ. വാലത്തിന്റെ കഥകളിൽ ഏറെയും. അവ നീണ്ടകാലത്തേക്കുള്ള തുടർ ചലനങ്ങൾക്ക് പര്യാപ്തമാണു താനും. 2014 ൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച കവചിതം സോക്രട്ടീസിന്റെ ഉഗ്രപ്രഹരശേഷിയുള്ളൊരു പൊട്ടിത്തെറിയാണ്.

 

മലവെള്ളം വന്നെടിയേ പൂയ്...

മലം രാത്രിയും വെള്ളം പകലും വഹിക്കുന്ന ചപ്പിയ മോന്തയുള്ള ലോറി കുടിവെള്ള ബോർഡും വച്ച് മൈതാനത്തേക്കു കേറുന്നത് എത്തിനോക്കി കണ്ട് ഉറപ്പുവരുത്തി, മുശുക്കു മണവും മുറിയിൽ ഇട്ട് പെണ്ണുങ്ങളോടി....

 

കോർപറേഷന്റെ കുടിവെള്ള വിതരണത്തെക്കുറിച്ച് ഏറ്റവും മിതമായ വാചകങ്ങളിലുള്ളൊരു പൊട്ടിത്തെറിയാണിത്.  ( കഥ- ദി സേവിയർ)

 

മദനെല്ലൂരിലെ കുത്തകമാംസവ്യാപാരിയായ റെയ്‌സറും അനുജൻ ഗിൽറോയും ഭരണതലത്തിലുള്ള സ്വാധീനത്തിന്റെ ബലത്തിൽ നടത്തുന്ന മാംസവ്യാപാരത്തിന്റെ ഹിംസാത്മകതയപ്പാടെ വരച്ചിടുന്ന കഥയാണ് കവചിതം. മാംസവ്യാപാരത്തിന്റെ കാവലാളായ നഗരമാതാവ് പ്രഫസർ കൊളോസിയയ്ക്ക് വോട്ടു ചെയ്തില്ല എന്ന ഒറ്റക്കാരണത്താൽ റെയ്‌സറുടെ  ഭാര്യയെ ഗിൽറോ ബലാൽസംഗം ചെയ്തു കൊല്ലുന്നു. അവരുടെ ശവം റെയ്‌സർ കൊത്തിനുറുക്കി പന്നിയിറച്ചിയോടൊപ്പം ചേർത്ത് ആളുകൾക്ക് വിറ്റ് കാശുണ്ടാക്കുന്നു. തന്റെ ദുഷ്‌ചെയ്തികളെക്കുറിച്ച് കഥയെഴുതുന്ന മകൻ ദിൽഷാദിനെയും റെയ്‌സർ വെറുതെ വിടുന്നില്ല. അവന്റെ ശരീരവും പന്നിയിറച്ചിക്കഷണങ്ങൾക്കൊപ്പം സ്ഥിരം ഉപഭോക്താക്കളുടെ അടുക്കളയിലെത്തി അടുപ്പുകളിലിരുന്നു വേവുന്നു. അന്നത്തെ പന്നിയിറച്ചി തിന്ന നാട്ടുകാർ റെയ്‌സറെ  വിളിച്ചു പറയുന്നു: എല്ലാദിവസവൂം ഇതുപോലത്തെ സ്വാദുള്ള ഇറച്ചി തന്നെ തരണേ.

 

അധികാരം, പണക്കൊതി, ആർത്തി, മനുഷ്യത്വമില്ലായ്മ എന്നിവയൊക്കെ തമ്മിലുള്ള അഭേദ്യബന്ധത്തിന്റെ നേർക്കുള്ള ഉഗ്രമായൊരു പൊട്ടിത്തെറിയാണ് കവചിതം.

ജീവിതത്തിന്റെ ക്ഷണികതകളും ബന്ധങ്ങളുടെ പൊള്ളത്തരവും ആണ് സഹയാത്ര എന്ന കഥയുടെ  മുഖ്യപ്രമേയമെങ്കിലും അതിലും എഴുത്തുകാരനിലെ അഗ്നിപർവതസ്‌ഫോടനത്തിന്റെ ലാവ ഒഴുകിപ്പരന്നു കിടപ്പുണ്ട്. 

 

പൊതുവേ 35- 38 വയസ്സു കഴിഞ്ഞവരിൽ കാണപ്പെടുന്ന നിഗൂഢമായ ഒരസ്വസ്ഥത- മടക്കമില്ലാത്ത ഭൂതകാലവും മടുപ്പിക്കുന്ന വർത്തമാനവും ബാധ്യതകളുടെ ഭാവികാലവും ചേർന്നുളവാക്കുന്ന ആ നിശ്ശബ്ദ സങ്കടം - രണ്ടുപേരുടെ കണ്ണുകളിലുമുണ്ട് എന്ന് എഴുതുന്നിടത്ത് കാലപ്രവാഹത്തിന്റെ നേരേ നോക്കി പ്രായപ്രവാഹത്തിന്റെ ധർമസങ്കടങ്ങൾ കൊണ്ട് എഴുത്തുകാരൻ തീർക്കുന്നൊരു പരിചയും നമുക്കു കാണാം. പൊട്ടിത്തെറിക്കാൻ മാത്രമല്ല, ചിലതരം പൊട്ടിത്തെറികളെ പ്രതിരോധിക്കാനും എഴുത്തുകാരനു ബാധ്യതയുണ്ടെന്ന തിരിച്ചറിവിൽ സ്ഫുടം ചെയ്‌തെടുത്ത നിരീക്ഷണങ്ങൾ.

 

Socrates-book

വീട്ടിൽ, ഓഫിസിൽ, കൂട്ടംചേരലുകളിൽ... സമൂഹത്തിൽ എവിടെയും, അധികാരം പിടിക്കാനും ആ അധികാരം കൊണ്ട് മറ്റുള്ളവരെ ശിക്ഷിക്കാനും ദുരിതപ്പെടുത്താനും നടക്കുന്ന ആളുകളാണ്. ഒരു കാലത്ത് അധികാരം കൊണ്ട് മറ്റുള്ളവരെ നിരന്തരം മുറിപ്പെടുത്തിയവർ പിന്നീടൊരു കാലത്ത് തങ്ങൾ മുറിവേൽപിച്ചവരുടെ അധികാരപ്രയോഗത്തിൽ ഞെരിഞ്ഞമർന്ന് നിലവിളിക്കേണ്ടി വരുന്നതിന്റെ വിവരണമാണ് കാണാക്കസേര. 

 

പൊട്ടിത്തെറിക്കുന്ന എഴുത്തുകാരൻ എന്നു പറഞ്ഞത് പ്രമേയങ്ങളുടെ സ്വഭാവവും എഴുത്തിലെ മൂർച്ചയും കൊണ്ടാണ്. പക്ഷേ, ഭാഷാപ്രയോഗത്തിന്റെ കാര്യമെടുത്താൽ വായനക്കാർക്കു ലഭിക്കുന്ന സുഖചികിൽസകളാണ് മിക്ക കഥകളും. അടികൊള്ളുന്നവന്റെ ചെകിടുപുകയുമ്പോഴും കണ്ടു നിൽക്കുന്നവർക്ക് തന്റെ കവിളിൽ ലഭിക്കുന്ന തടവലായി തോന്നുന്ന ചികിൽസാവൈഭവം.

  

അനാർക്കലി എന്ന കഥ തുടങ്ങുന്നതിങ്ങനെ-

പണ്ട്, ഈ വഴിനീളെ ഇരുവശവും വയസ്സൻ കശുമാവുകൾ ചാഞ്ഞും ചരിഞ്ഞും നിന്നിരുന്നു. അവയുടെ നരച്ചു പൊറ്റയടർന്ന കവരങ്ങളിൽ കാലൻകോഴികളും കൂമൻമാരും കൂടുവച്ചിരുന്നു. അവ അസമയങ്ങളിൽ അതിലേ പോകുന്നവരെ ചിറകടിച്ചും കൂവിയും ഭയപ്പെടുത്തിയിരുന്നു.

പൂഴിമണ്ണു നിറഞ്ഞ ആ പഴയകാലത്തിനു മീതേ താർ നിരന്ന് കമിഴ്ന്നുകിടക്കുന്നു. ഇരുവശവും സിമന്റുവീടുകൾ, കെട്ടിടങ്ങൾ. വഴിനീളെ ചുട്ടവെയിൽ. നീണ്ട വഴിയുടെ അങ്ങേയറ്റത്തെ കപ്പേളയിൽ അന്തോണീസു പുണ്യാളൻ മാത്രം ഇപ്പോഴുമുണ്ട്. അവിടന്ന് ഇടത്തോട്ടു തിരിയുമ്പോഴുള്ള പള്ളത്തിത്തോട് വല്ലാതെ മെലിഞ്ഞുപോയി. അടിത്തട്ടു തെളിഞ്ഞുകിടക്കുന്ന ജലത്തിൽ പള്ളത്തികൾ വെട്ടിപ്പുളയുന്നതു കാണാം.

 

വളരെ ശാന്തമായ, സുഖചികിൽസാനുഭവം തരുന്ന തുടക്കം. ഇനിയാണ് പുകയും ചൂടും വമിക്കാൻ തുടങ്ങുക. തൊട്ടടുത്ത വാചകങ്ങളിങ്ങനെ- 

ഇതത്രയും കണ്ടും കാണാതെയും നടന്നുകയറുന്ന ഈ ചെറുക്കനു പേരില്ല. നഗരത്തിന്റെ ആക്രിത്തെരുവ് അവനെ വിളിക്കുന്നത് വെയ്സ്റ്റ് എന്നാണ്. വയസ്സ് പതിനഞ്ചോ പതിനാറോ...

 

മുമ്പോട്ടുള്ള കഥാഗതിയിൽ പൊട്ടിത്തെറിയുടെ ചൂടുണ്ട്. അതിനിരയാവുന്നവരുടെ കണ്ണീരുണ്ട്. കഥയുടെ  അരികുപറ്റി കഴിയുന്നവരുടെ കദനമുണ്ട്. അതെ, കഥ കൊണ്ട് ക്ഷോഭിപ്പിക്കുമ്പോൾത്തന്നെ കഥയിലൂടെ കരയിക്കാനും കഴിവുണ്ട് സോക്രട്ടീസിന്. അല്ലെങ്കിലും സോക്രട്ടീസ് ഒരു തത്വചിന്തകനാണല്ലോ. തത്വചിന്തകരാണല്ലോ മനുഷ്യരെ കർമനിരതരാക്കുന്നത്; കഥകൊണ്ടും കഥയില്ലാത്ത മനുഷ്യരുടെ ജീവിതം കൊണ്ടും. 

ആവർത്തന പുസ്തകം, ആഗസ്ത് 15, അർമാദിയാ സൊല്യൂഷൻസ്, കിളിവാതിലിനിപ്പുറം, ഉപ്പുകാറ്റ്, ജുഹുവിനും റൂമിക്കുമായി സമർപ്പിക്കപ്പെട്ടൊരു കഥ, മരണക്കളി, വല, ക്ഷൗരം, എന്റെ മകനേ, എന്റെ മകനേ തുടങ്ങി വേറെ ചില കഥകളും കൂടി സമാഹാരത്തിലുണ്ട്. ഓരോ കഥയും ഓരോ അനുഭവലോകമാണ്. ക്ഷുഭിതനായ എഴുത്തുകാരന്റെ വേഷപ്പകർച്ചകൾ, ഭാവവൈവിധ്യങ്ങൾ. 

 

സോക്രട്ടീസ് സംസാരിക്കുന്നതു ശ്രദ്ധിക്കാം. 

 

∙ നമ്മുടെ നാട്ടിലെ നിലവിലുള്ള രാഷ്ട്രീയ, ഭരണ വ്യവസ്ഥകളോട് കലഹിക്കുന്ന മനസ്സാണ് സോക്രട്ടീസിനുള്ളതെന്ന് കവചിതത്തിലെ പല കഥകളും വിളിച്ചു പറയുന്നു. നിലവിലുള്ള സംവിധാനങ്ങളിൽ കാണുന്ന അപാകതകൾ എന്തൊക്കെ? പരിഹാര നിർദേശങ്ങളും ?

 

അപാകതകൾ അനവധി. അതിനൊക്കെ പരിഹാരവുമുണ്ട്. ഇല്ലാത്തത് മനുഷ്യത്വമാണ്. ഒരാൾക്ക് കഴിക്കാൻ, ഉറങ്ങാൻ, മരിച്ചു കിടക്കാൻ എന്ത് വേണം - എത്രത്തോളം വേണം എന്ന അറിവ് ഇല്ലാത്തതോ അതിനെക്കുറിച്ച് ചിന്തയില്ലാത്തതോ ആണ് പ്രധാന അപാകത. ശാസ്ത്ര സാങ്കേതിക പുരോഗതികളേറെ ഉണ്ടായിട്ടും മനുഷ്യൻ മനസ്സുകൊണ്ടിപ്പൊഴും കാട്ടിലാണ്. വെട്ടിപ്പിടിക്കുന്ന, വാരിക്കൂട്ടാൻ വെമ്പുന്ന, കൊന്നു തിന്നാൻ കൊതിക്കുന്ന കാട്ടുമനസ്സ്. അന്യരുടെ മണ്ണ്, അവരുടെ പെണ്ണ് അതൊക്കെ അവനെ മോഹിപ്പിക്കുന്നു. അതിലേക്ക് എത്താൻ അവൻ അധികാരം ഏണിയാക്കുന്നു. അപൂർവത്തിൽ അപൂർവമായി ചില മനുഷ്യാത്മാക്കളെ അധികാരത്തിന്റെ തലപ്പത്ത് കാണാറുണ്ട്. സമൂഹം ദുരിതത്തിലാവുമ്പോൾ മന്ത്രിക്കസേരയിൽ നിന്നിറങ്ങി ഓടി വന്ന് തന്നാലാവുന്നത് ചെയ്യുന്നവർ. വല്ലപ്പോഴും ഉദിച്ചു നിൽക്കുന്ന ഈ നക്ഷത്രങ്ങളാണ് നിസ്വനായ ഒരുവന്റെ ജീവൽ പ്രതീക്ഷ.

 

∙ ചില കഥകളൊക്കെ ക്ഷോഭം സൃഷ്ടിച്ച് വായനക്കാരനെ പൊട്ടിത്തെറിപ്പിക്കാൻ പര്യാപ്തമാണ്. ‘ദി സേവിയർ’ എന്ന കഥ ക്ഷോഭത്തിന്റെ പീക്ക് ആണ്. ആ കഥയും അത്തരം ക്ഷുഭിത ചിന്തയുടെ മറ്റു കഥകളും എഴുതുമ്പോഴത്തെ മാനസികാവസ്ഥ എന്താണ്?

 

അറിഞ്ഞുകൂടാ. ഓർമയില്ലാത്തതാകാം. എഴുത്തിന്റെ സമയത്ത് മറ്റൊന്നും ഓർക്കാറില്ല. എഴുതിക്കഴിഞ്ഞാൽ തൊട്ടു മുൻപത്തെ നിമിഷങ്ങൾ മനസ്സിൽ ഉണ്ടാകാറുമില്ല. താങ്കൾ ഉൾപ്പെടെയുള്ള എഴുത്തുകാരായ എല്ലാവർക്കും ഇങ്ങനെ തന്നെയാകാം. വിഷയം ആണ് പ്രധാനം. അതൊരു ബാധയായി നമ്മെ ആവേശിച്ചു കൊണ്ടുപോയി അവസാനത്തെ ഫുൾസ്റ്റോപ്പിൽ എത്തിക്കുകയാണ്, രതിയുടെ അത്യുന്നതിയിലെ നിർവഹണഘട്ടം പോലെ. അവിടെ, ഞാനെന്തായിരുന്നു എന്നോർക്കാറുണ്ട്, ചിലപ്പോഴൊക്കെ. ഉത്തരം ഉണ്ടായിട്ടില്ല.

 

∙ മലം രാത്രിയും വെള്ളം പകലും വഹിക്കുന്ന ചപ്പിയ മോന്തയുള്ള ലോറി പോലെ, അതിശയോക്തി  കലർന്ന ചില പ്രയോഗങ്ങൾ കഥകളിൽ കടന്നു വരുന്നുണ്ട്. യഥാതഥ വിവരണം കൊണ്ട്  സമൂഹത്തിലെ കുറ്റവാളികളെ കൈകാര്യം ചെയ്യാൻ കഴിയില്ല എന്ന തോന്നലു കൊണ്ടാണോ ഒരൽപം എക്‌സാജറേഷൻ ആയിക്കോട്ടേ എന്ന് വയ്ക്കുന്നത്?

 

അങ്ങനെ തോന്നാം. ഓരോ അവസ്ഥയെ അനുഭവിപ്പിക്കാൻ അവനവന് തീക്ഷ്ണം എന്നു തോന്നുന്ന ഇമേജുകൾ എഴുത്തു വേളയിൽ വന്നുചേരാറുണ്ട്. അത് ആ കഥാതന്തുവിന്റെ കരുത്തിനെ ആശ്രയിച്ചിരിക്കും. പരകീയമായ അനുഭവങ്ങളും ആന്തരികമായി  പ്രേരിപ്പിക്കും. ‘ദി സേവിയർ’ എഴുതുമ്പോൾ ഞങ്ങളുടെ പ്രദേശത്ത് ഒരു കുടിവെള്ള ലോറി പിടിച്ചിരുന്നു. രാത്രി അത് ഉപയോഗിച്ചിരുന്നത് മാലിന്യം നീക്കാനായിരുന്നു.

 

∙ സമൂഹത്തെയും രാഷ്ട്രീയത്തെയും ഭരണ സംവിധാനങ്ങളെയും ചികിത്സിക്കാനുള്ള മരുന്നായാണോ കഥയെ കാണുന്നത്?

 

മരുന്നല്ല. ആ സംവിധാനങ്ങൾ ഒരു സാധാരണക്കാരനിൽ ഏൽപിച്ച മുറിവുകൾ, ചതവുകൾ ആത്മദുഃഖങ്ങൾ... ദാ, ഇതൊക്കെയാണെന്ന് കാണിച്ചു കൊടുക്കുക മാത്രമാണ്. എന്നാൽ ഇത് കഥയെഴുത്തിന്റെ ലക്ഷ്യമോ ഉദ്ദേശ്യമോ അല്ല. കാലം അഥവാ ലോകം എഴുതിക്കുകയാണ് ഇത്തരം കഥകൾ.

 

∙ നോവലിൽ കാൽപനികതയും കാവ്യ ഭാഷയും പ്രയോഗിക്കുന്ന നോവലിസ്റ്റ് കഥയെ മൂർച്ചയുള്ള അമ്പുകളാക്കി ലക്ഷ്യങ്ങളിലേക്കു തൊടുക്കുന്നു. പരകായപ്രവേശം പോലെ തോന്നിക്കുന്ന മാറ്റം. ഇതെങ്ങനെ സംഭവിക്കുന്നു?

 

ഒരു നോവലേ എഴുതിയിട്ടുള്ളൂ. കഥയുടെ ക്രാഫ്റ്റിന്റെ ചതുരക്കള്ളിയിൽനിന്നു പുറത്തുകടന്നപ്പോൾ ഒരു കടലാണു കണ്ടത്. നീന്തി നടക്കാൻ തോന്നി. അത് അങ്ങനെയാണ്. അതിന്റെ സാധ്യതകളിലേക്കിറങ്ങി എന്നേയുള്ളൂ. എന്തായാലും ആ പരകായപ്രവേശം നന്നായി ആസ്വദിക്കാനായി.

 

∙ ‘എന്റെ മകനേ, എന്റെ മകനേ’ എന്ന കഥ ഭൂതദയയുള്ള ഒരാൾ വാക്കു പാലിക്കാൻ വേണ്ടി പാപം ചെയ്യുന്നതിന്റെ കഥയാണ്. അവസാനം കുറ്റബോധം ഉണ്ടാകുന്നുമുണ്ട്. ഭൂതദയയും പാപം ചെയ്യാനുള്ള വ്യഗ്രതയും കൂടി എങ്ങനെയാണ് പൊരുത്തപ്പെടുക?

 

86-87 ലെഴുതിയ, എന്റെ  ആദ്യ കാല രചനകളിൽ പെട്ടതാണിത്. ആയിടെ വായിച്ച ഡോസ്റ്റോയ്‌വ്‌സ്‌കിയുടെ ‘കുറ്റവും ശിക്ഷയും’ ഈ കഥയെ നന്നായി സ്വാധീനിച്ചിട്ടുണ്ട്. പിൽക്കാല കഥകളിലേക്ക് വഴി നടത്തി എന്നതിൽ കവിഞ്ഞ് ആ കഥയ്ക്ക് വലിയ പ്രാധാന്യം നൽകാൻ തോന്നിയിട്ടില്ല.

 

∙ കൊച്ചി ഭാഷ നന്നായി ഉപയോഗിക്കുന്നുണ്ട്. സാഹിത്യത്തിലെ വള്ളുവനാടൻ ഭാഷാ പ്രയോഗങ്ങൾക്കുള്ള ബദലാണോ ഇത്?

 

സ്വന്തം ചുറ്റുപാടിലെ ഭാഷ, ഇടപഴകുന്ന ആളുകൾ, കാണുന്ന - അനുഭവിക്കുന്ന ജീവിതം ഇതിൽ നിന്നൊക്കെ എഴുതിപ്പോയി എന്നു കരുതാം. ഓരോ നാട്ടിലെ ഭാഷയ്ക്കും അതിന്റേതായ സൗന്ദര്യവും വൈകൃതവും ഉണ്ട്. ഒന്നും ഒന്നിനും  ബദലാവില്ലെന്നാണ് കരുതുന്നത്.

 

∙ തിരക്കഥ, പരസ്യചിത്രനിർമാണം,  പത്രപ്രവർത്തനം, നോവലെഴുത്ത്, കഥയെഴുത്ത് ... വളരെ വൈവിധ്യമാർന്ന പ്രവർത്തന മേഖലകൾ. എങ്ങനെ ഇവയൊക്കെ പൊരുത്തപ്പെടുത്തി കൊണ്ടു പോകുന്നു?

 

ഒക്കെയും ചെയ്യാൻ വേണ്ടി ചെയ്തതാണ്. ജീവിതം പറഞ്ഞു, ചെയ്തു. അത്രമാത്രം. എന്തു ചെയ്യുമ്പോഴും അത് അടുക്കോടെ, ചിട്ടയോടെ ചെയ്യാൻ വീട്ടിൽ അമ്മിച്ചി നിർബന്ധിക്കുമായിരുന്നു. ശകാരിച്ചും ശിക്ഷിച്ചും ഒക്കെ പരുവപ്പെടുത്താൻ ശ്രമിച്ചിരുന്നു. അതുകൊണ്ടാകാം. ഇപ്പോൾ സീരിയൽ എഴുതുന്നു. അത് ആവശ്യപ്പെടുന്ന വഴിയിലൂടെ കൃത്യതയോടെ പോകാൻ ശ്രമിക്കുന്നു. പിന്നെ സാഹിത്യം ഒഴിച്ചുള്ളതൊക്കെ വരുമാനത്തിനുള്ള വഴിയായിട്ടേ കാണുന്നുള്ളൂ. ജോലി അഥവാ കർമം. മറ്റേത് ധർമം.

 

∙ ഇവയിൽ ചിലതെങ്കിലും പരസ്പരം വെല്ലുവിളിക്കുന്ന മേഖലകളാണ്. കഥയും നോവലും മാത്രമെഴുതുന്ന ഒരാളേക്കാൾ  ഊർജം വിനിയോഗിക്കേണ്ടി വരുന്നു എന്ന് തോന്നാറുണ്ടോ?

 

തീർച്ചയായും. കഥയൊക്കെ നമ്മൾ നമ്മുടെ ഇഷ്ടത്തിന്, സമയത്തിന് ഒക്കെ എഴുതുന്നതല്ലേ. അത് ഒഴിച്ചുള്ളത് പ്രത്യേകിച്ചും സമയബന്ധിതമായിട്ടാവുമ്പോൾ ഏറെ ഊർജം വേണ്ടി വരുന്നു. മാനസിക ബലവും വേണം. കടുത്ത പരീക്ഷണ ഘട്ടമാണത്. പക്ഷേ അതിനെയൊക്കെ അതിജീവിച്ചു പോകാൻ കഥയെഴുതിയുള്ള പരിചയവും അനുഭവങ്ങളും ഏറെ തുണയ്ക്കാറുണ്ട്. സാഹിത്യത്തിൽത്തന്നെ നിന്നു കൊണ്ടുള്ള ഈ ജീവിതത്തെ അതിന്റെ എല്ലാ പോരായ്മകളോടെയും തന്നെ ഏറെ ഇഷ്ടപ്പെടുന്നു. ഒരുപാട് മോഹങ്ങളോ ആഗ്രഹങ്ങളോ ലക്ഷ്യങ്ങളോ ഇല്ല. കഥയെഴുത്തിൽ വരുന്ന നീണ്ട ഇടവേളകൾ വല്ലാതെ അലട്ടാറുണ്ട് എന്നു മാത്രം.

 

∙ സ്വന്തം പേരും സഹോദരന്മാരുടെ പേരുകളും (മോപ്പസാങ്, ഐൻസ്റ്റീൻ, സോക്രട്ടീസ്) ദാർശനിക, സാംസ്‌കാരിക മാനമുള്ളവയാണ്. അച്ഛൻ വി.വി.കെ. വാലത്ത് ചരിത്രബോധമുള്ള എഴുത്തുകാരനായതുകൊണ്ടാവാം ഇങ്ങനെ സംഭവിച്ചത്. എഴുത്തുകാരനായതിലും അങ്ങനെ തുടരുന്നതിലും അച്ഛന്റെ സ്വാധീനം എത്രമാത്രം?

 

 ഫാഷിസത്തിനും സാമ്രാജ്യത്വത്തിനും എതിരേ ഒരു പാട് കവിതകൾ എഴുതിയിട്ടുണ്ട് അച്ഛൻ; മുൻ മാതൃകകൾ ഇല്ലാതെ തന്നെ. 1940 - 50 കാലങ്ങളിൽ അച്ഛനെഴുതിയ ഇടി മുഴക്കം, മിന്നൽ വെളിച്ചം, ചക്രവാളത്തിനപ്പുറം, പിന്നീട് 70 കളിലെ ഞാൻ ഇനിയും വരും എന്നീ കവിതകൾ ഉദാഹരണം. ചങ്ങലയ്ക്കിടപ്പെട്ട മനുഷ്യന് ജാതിയോ മതമോ ദേശഭേദങ്ങളോ ഇല്ലെന്ന് വെളിപ്പെടുത്തുന്ന കവിതകൾ. പക്ഷേ, ഇതൊന്നുംതന്നെ തുടക്കത്തിലെ എന്റെ വായനയിൽ പെട്ടിരുന്നില്ല. കവിത എനിക്കു വശപ്പെട്ടിരുന്നില്ല. വായന തുടങ്ങിയതു തന്നെ നോവലുകളിൽനിന്നും കഥയിൽനിന്നുമാണ്. കുറേ കഴിഞ്ഞാണ് അച്ഛന്റെ കവിതകൾ വായിക്കുന്നത്. ഒന്ന് ഉറപ്പാണ്, ഞാനെന്തെങ്കിലും കഥയിലൂടെ പറയാൻ ശ്രമിച്ചിട്ടുണ്ടെങ്കിൽ അത് അച്ഛൻ കവിതയിലൂടെ പണ്ട് പറഞ്ഞു കഴിഞ്ഞതാണ്. അദ്ദേഹത്തിന്റെ ആ നല്ല എഴുത്തുകാലത്തെ ആഗോള സാമൂഹിക വ്യവസ്ഥിതിക്ക് ഇന്നും മാറ്റമൊന്നുമില്ല. ഇന്ന് അതിന്റെ ചൂഷണം കുറേക്കൂടി രൂക്ഷമായിരിക്കുന്നു. വെളുത്ത രാജ്യങ്ങളുടെ സ്ഥാനത്ത് സർവ രാജ്യങ്ങളിലെയും സർവ ജാതി മതങ്ങളിലെയും ‘ഉള്ളവർ’ മാത്രമടങ്ങുന്ന, കൃത്യമായി ഇന്നയാൾ, അഥവാ ഇന്ന രാജ്യക്കാരൻ എന്നു നമുക്കു ചൂണ്ടിക്കാണിക്കാനാവാത്ത കോർപ്പറേറ്റുകൾ എന്ന അദൃശ്യ സമൂഹത്തിന്റെ  പിടിയിലാണിന്ന് ലോകം. വൈകുന്നേരം നിങ്ങളുടെ കീശയിൽ എന്ത് ബാക്കിയുണ്ടാകണം, അതോ വല്ലതും ഉണ്ടാകണമോ എന്ന് എണ്ണക്കമ്പനികൾ തീരുമാനിക്കുന്ന കാലം.  ഇതൊക്കെ  അദ്ദേഹത്തെപ്പോലെതന്നെ എന്നെയും അസ്വസ്ഥനാക്കുന്നുവെങ്കിൽ അത് സ്വാഭാവികമാണല്ലോ. അച്ഛൻ ഉളളിൽ നിലനിർത്തിയ വിശ്വ മാനവ ബോധമാണ് ഞങ്ങൾക്കിങ്ങനെയുള്ള പേരുകൾ നൽകിയത്. ജാതി, മത, ദേശ ഭേദങ്ങൾക്കതീതമായി മനുഷ്യനെ കാണാനുള്ള ഒരു  കണ്ണുണ്ടായിരിക്കുക. - എഴുത്തിലും ജീവിതത്തിലും ഒരു നിലപാടുണ്ടാകാൻ ഇതൊക്കെ എനിക്കു തുണയായിട്ടുണ്ട്. എന്റെ കഥകളെ അടുത്ത് കാണാൻ ശ്രമിച്ച  രവിവർമ തമ്പുരാൻ വി.വി.കെ. വാലത്ത് എന്ന എന്റെ അച്ഛന്റെ എഴുത്തു ജീവിതത്തിലേക്കു കൂടി ഒന്നെത്തി നോക്കി എന്നതിൽ വലിയ സന്തോഷവും നന്ദിയുമുണ്ട്.

English Summary: Pusthakakkazhcha Column by Ravi Varma Thampuran on writer Socrates K. Valeth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com