ADVERTISEMENT

വഴി പിഴച്ചവള്‍ എന്നാണ് അവളെ ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്തവര്‍ നൂറ്റാണ്ടുകള്‍ക്കുശേഷവും പറയുന്നത്. പാപിയെന്നു വിളിച്ചവര്‍ ഒട്ടേറെ. എന്നാല്‍ സമ്പന്ന കുടുംബത്തില്‍ ജനിച്ചു എന്നതു മാത്രമാണ് മഗ്ദലന മറിയത്തിന്റെ ഒരേയൊരു പാപം എന്നു പറയുന്നു പുതിയ തലമുറയിലെ ഒരു എഴുത്തുകാരന്‍. ജീവിതത്തിലുടനീളം മറിയം ദുഃഖിതയായിരുന്നു എന്നും അദ്ദേഹം കണ്ടെത്തുന്നു. മറിയം മാത്രമല്ല, പുതിയ നിയമത്തിലെ തെറ്റിദ്ധരിക്കപ്പെട്ട പതിനഞ്ചോളം സ്ത്രീകള്‍. സ്ത്രീകളുടെ സാക്ഷ്യത്തില്‍ മതത്തിന്റെ അസ്തിവാരം കെട്ടിയിട്ടും ആഘോഷിക്കപ്പെടാതെപോയവര്‍. അർഹതയ്ക്കനുസരിച്ച് അംഗീകാരം ലഭിക്കാതെപോയവര്‍. ചരിത്രം വിസ്മരിച്ചവര്‍. അവഗണിച്ചവര്‍. അവരുടെ ജീവിതവും കഥയും പുതിയ ഭാഷയില്‍ പുതിയ തലമുറയ്ക്കു മുന്നിലെത്തുന്നു. സ്ത്രീകളുടെ പേര് എന്നാണ് ഇംഗ്ലിഷ് നോവലിന്റെ പേര്. ഇതാണെന്റെ പേര് എന്നും ഇതാണു തങ്ങള്‍ ചെയ്തതെന്നും ഓരോരുത്തരും സാക്ഷ്യപ്പെടുത്തുന്ന വെളിപാടിന്റെ പുസ്തകം. 

 

പാപത്തില്‍നിന്ന്, തിന്‍മകളില്‍നിന്ന്,  ഉയിര്‍ത്തെഴുന്നേല്‍പിന്റെ പുണ്യാക്ഷരങ്ങള്‍ എഴുതുന്നത് ജീത് തയ്യില്‍. നാര്‍ക്കോപോളിസ് എന്ന ആദ്യ നോവലിലൂടെ മുംബൈയിലെ ഹിജഡകളുടെ ജീവിതം തിരുത്തിയെഴുതിയ, ബുക്കര്‍ സമ്മാനത്തിന്റെ ചുരുക്കപ്പട്ടികയില്‍ ഇന്ത്യയുടെ പേര് എഴുതിച്ചേര്‍ത്ത, കവിതയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ, പാട്ടുകാരനായ എഴുത്തുകാരന്‍. 

Names of the Women

 

പ്രശസ്ത പത്രപ്രവര്‍ത്തകൻ ടി.ജെ.എസ്.ജോര്‍ജിന്റെ മകനായ ജീത് ജനിച്ചതു കേരളത്തിലെ നാട്ടിന്‍പുറത്താണ്; മൂവാറ്റുപുഴയ്ക്കടുത്ത് മാമ്മലശ്ശേരിയില്‍. വിദ്യാഭ്യാസം മുംബൈ, ഹോങ്കോങ്, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍. പുരാതന ക്രിസ്ത്യന്‍ തറവാട്ടിലെ കുട്ടിക്കാലം മുതലേ കേട്ട ബൈബിള്‍ കഥകളില്‍നിന്നാണ് അദ്ദേഹത്തിന്റെ പുതിയ നോവല്‍ ഉയിര്‍ക്കൊള്ളുന്നത്. കാലത്തെ അതിജീവിച്ച ബൈബിളിന്റെ കാവ്യാത്മക ഭാഷയുടെ തനിമ ചോരാതെ എഴുതിയ പുതിയ പുസ്തകം. കേരളത്തിലെ, ഒരിക്കലൊരു കുഗ്രാമമായിരുന്ന ഒരുടത്തുനിന്നു ലോകത്തോളം യാത്ര ചെയ്യാനൊരുങ്ങുന്ന ബൈബിളിന്റെ പുനര്‍വ്യാഖ്യാനം. 

 

വഴി പിഴച്ചു എന്ന വിേശഷണം പേറുന്നതായിരുന്നു ഒരിക്കല്‍ ജീത് തയ്യിലിന്റെ ജീവിതവും. ലഹരിക്കു കടം കൊടുത്ത യൗവനം. മുംബൈയുടെ തെരുവുകളിലെ തിരസ്കൃത യൗവനങ്ങളില്‍ ഒരാളായി ഊരും പേരും നഷ്ടപ്പെടുത്തിയ കഠിന വര്‍ഷങ്ങള്‍. കവിതയിലൂടെയാണദ്ദേഹം രക്ഷയുടെ തീരത്തെത്തിയത്. അക്ഷരങ്ങളിലൂടെയാണ് പ്രകാശത്തെ തിരിച്ചുപിടിച്ചത്. അക്ഷരാര്‍ഥത്തില്‍ ഭാവനയിലൂടെ നേടിയ പുനര്‍ജന്‍മം. 

 

കവിതയിലും പാട്ടിലും തുടങ്ങിയെങ്കിലും കവിതയ്ക്കു പുരസ്കാരങ്ങള്‍ നേടിയെങ്കിലും നാര്‍ക്കോപോളിസ് എന്ന ആദ്യ നോവല്‍ ജീത്തിനു സമ്മാനിച്ചതു ലോകപ്രശസ്തി. മുംബൈയെ നായകനും നായികയുമാക്കി എഴുതിയ ആദ്യ നോവല്‍. മുംബൈ എന്ന വാക്കില്‍ തുടങ്ങി അതേ വാക്കില്‍ അവസാനിക്കുന്ന നോവല്‍. ലഹരിയുടെ പുക നിറച്ച പൈപ്പാണ് ആ നോവലില്‍ കഥ പറഞ്ഞത്. ബുക്കര്‍ സമ്മാനത്തിന്റെ ചുരുക്കപ്പട്ടികയില്‍ വരെ ഇടംപിടിച്ച നാര്‍ക്കോപോളിസിനു ശേഷം ദ് ബുക്ക് ഓഫ് ചോക്ലേറ്റ് സെയ്ന്റ്സ്. ന്യൂട്ടന്‍ ഫ്രാന്‍സിസ് സേവ്യര്‍ എന്ന മികച്ച ചിത്രകാരന്റെയും കവിയുടെയും അച്ചടക്കമില്ലാത്ത ജീവിതം. കവിതയുടെയും കാമത്തിന്റെയും ലഹരിയില്‍ മുങ്ങിയ ഗോളാന്തര യാത്രകള്‍. പാപമോചനത്തിന്റെ തന്നെ കഥ പറയുന്ന ലോ ആയിരുന്നു അടുത്ത നോവല്‍. ഇപ്പോഴിതാ ബൈബിളിന്റെ പുനര്‍വായന. കാലങ്ങളുടെ ഇരുട്ടില്‍, പാപത്തിന്റെ ചങ്ങലയില്‍ തടവിലാക്കപ്പെട്ട ജീവിതങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്. അവരുടെ സാക്ഷ്യങ്ങളില്‍ ലോകം കാത്തിരുന്ന മൊഴികളുണ്ട്. ഇരുട്ടിനെ തുളച്ചുകയറുന്ന വെളിച്ചത്തിന്റെ വജ്രസൂചികളുണ്ട്. പ്രബോധനങ്ങളുടെ നിഷേധത്തേക്കാള്‍ വരികള്‍ക്കിടയിലും വാക്കുകള്‍ക്കിടയിലും പ്രകടമാകാതെപോയ അര്‍ഥ ധ്വനികള്‍. ജീവിതത്തില്‍ ഇരുട്ടിന്റെ ആഴവും വെളിച്ചത്തിന്റെ ചൂടും ഒരേ തീക്ഷ്ണതയോടെ അറിഞ്ഞനുഭവിച്ച ഒരാള്‍ക്കു മാത്രം എഴുതാവുന്ന നോവല്‍. 

 

English Summary: Names of the Women book by Jeet Thayil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com