ADVERTISEMENT

‘പൊലീസുകാരന്റെ ധർമം കക്കയമല്ല, വഴിതെറ്റിയലയുന്ന കുഞ്ഞിനെ അമ്മയുടെ പക്കൽ തിരിച്ചേൽപിക്കലാണ്. സൈനികന്റെ ധർമം അതിരിനപ്പുറത്തേക്ക് വെടിവയ്ക്കലല്ല, സൗഹാർദസീമകളെ ലംഘിച്ചുവരുന്ന വിരുന്നുകാരനെ തിരുത്തലാണ്. ഭരണാധിപന്റെ ധർമം ജനസമ്മതിയുടെ വിനയത്തിൽ ജനസമ്പത്തിനുമേൽ കണ്ണടയാത്ത കാവൽനായയായി കാവൽ നിൽക്കലാണ്’– ഒ.വി.വിജയൻ.

 

indian-author-ov-vijayan-column-indraprastham

ഓരോ തിരഞ്ഞെടുപ്പുകാലത്തും ഇടതുപക്ഷത്തിന് വോട്ടു രേഖപ്പെടുത്തണമെന്ന ആഹ്വാനവുമായി രംഗത്തുവരുന്ന ഇന്ത്യയിലെ ബുദ്ധിജീവികളുടെ പട്ടികയിൽ മുൻനിരയിലായിരുന്നു കേരളത്തിന്റെ ഇതിഹാസകാരൻ ഒ.വി.വിജയന്റെ സ്ഥാനവും. നോവലിസ്റ്റും കഥാകാരനും ആയിരിക്കുമ്പോഴും വിജയന്റെ മനസ്സിൽ ഇന്ത്യൻ സാമൂഹികാവസ്ഥയെക്കുറിച്ചുള്ള ആശങ്കകൾ എന്നും നിറഞ്ഞുനിന്നു. ആ സന്ദേഹങ്ങൾ സംവാദങ്ങളായി രൂപാന്തരം പ്രാപിച്ച് നമുക്കു മുന്നിൽ അവതരിച്ചു. അതിൽ പൊള്ളിയവരിൽ പലരും അതിനെ അസഹിഷ്ണുതയോടെ നേരിട്ടു. ഇന്ദ്രപ്രസ്ഥം എന്ന കോളത്തിലൂടെ ഉൾപ്പടെ ഇന്ത്യൻ സാഹചര്യത്തിനു നേരേയുള്ള തന്റെ ദുഃഖവും വേദനയും പരിഹാസവും അദ്ദേഹം പലവുരു പങ്കുവച്ചു. കേരളത്തിൽ വീണ്ടുമൊരു തിരഞ്ഞെടുപ്പുകാലം വന്നുചേരുമ്പോൾ അധികാരത്തിന്റെ അശ്ലീലതകളെെക്കുറിച്ച് ഏറെ പറഞ്ഞുവച്ച വിജയന്റെ ആ വഴികളിലൂടെ ഒരു യാത്ര. ഇന്ന്, മാർച്ച് 30, ഒ.വി.വിജയന്റെ പതിനാറാം ചരമവാർഷികം.

 

1987 ലെ ഇന്ദ്രപ്രസ്ഥത്തിൽനിന്നൊരു ഭാഗം:

വിരസതയാണ്, ദുഃഖമാണ്; പ്രഭാതപത്രത്തിന്റെ മുൻദലം നിറയെ അടിച്ചുവരുന്ന അഴിമതിവാർത്തയുടെ മലിനോത്സവം. 

indian-author-ov-vijayan-short-story-indian-author-ov-vijayan-column-chengannur-vandi

‘പത്രക്കാർക്ക് ഇത്രയും നല്ല കാലമുണ്ടായിട്ടില്ല’– ശുദ്ധമതിയായ സ്നേഹിതൻ പറയുന്നു, ‘ഒന്നാന്തരം കൊയ്ത്ത്’.

സഹോദരാ, ഞാൻ ഉള്ളുകൊണ്ട് മറുപടി പറയുന്നു, ഈ വിള കൊയ്യേണ്ടിയില്ലായിരുന്നുവെങ്കിൽ നന്നായിരുന്നു. പത്രക്കാരന്റെ ധർമം ഇതല്ല, സാത്വികമായ മറ്റൊന്നാണ്. പൊലീസുകാരന്റെ ധർമം കക്കയമല്ല, വഴിതെറ്റിയലയുന്ന കുഞ്ഞിനെ അമ്മയുടെ പക്കൽ തിരിച്ചേൽപിക്കലാണ്. സൈനികന്റെ ധർമം അതിരിനപ്പുറത്തേക്ക് വെടിവയ്ക്കലല്ല, സൗഹാർദസീമകളെ ലംഘിച്ചുവരുന്ന വിരുന്നുകാരനെ തിരുത്തലാണ്. ഭരണാധിപന്റെ ധർമം ജനസമ്മതിയുടെ വിനയത്തിൽ ജനസമ്പത്തിനുമേൽ കണ്ണടയാത്ത കാവൽപ്പട്ടിയായി കാവൽ നിൽക്കലാണ്’.

 

∙ മലയാളകഥാസാഹിത്യത്തിലെ ആധുനികോത്തരകാലത്തിന്റെ തുടക്കമായി വിശേഷിപ്പിക്കുന്ന ‘ചെങ്ങന്നൂർ വണ്ടി’യുടെ പശ്ചാത്തലവും വിജയന്റെ ഇതേ ആശങ്കയിൽനിന്നായിരുന്നു. അതേക്കുറിച്ച് അന്നദ്ദേഹം പറഞ്ഞു: ‘മനുഷ്യാവസ്ഥ അസംബന്ധമായ ഒരു പതനത്തിലേക്ക് നീങ്ങുകയാണെന്നതിൽ രണ്ടു പക്ഷമില്ല. മനുഷ്യന്റെ സർഗശക്തിയിൽനിന്ന് പിറവിയെടുത്ത പുരോഗതി മനുഷ്യനെ വിഴുങ്ങാൻ തുടങ്ങുന്നു. വികസനവും ശാസ്ത്രവുമെല്ലാംതന്നെ ഒന്നുകിൽ ചൂഷണമായോ അല്ലെങ്കിൽ ക്രൂരമായ അധികാരമായോ അധഃപതിക്കുന്നു. ക്രൂരവും മാനവനിഷേധിയുമായ ശുഭപ്രതീക്ഷയ്ക്ക് പ്രതിവിധിയാണ് പേടി. നമ്മുടെ പരിഷ്കൃതിയുടെ ഇന്നത്തെ സ്ഥിതി ഓർത്താൽ പേടിയിൽനിന്ന് രക്ഷയില്ല. ‘ചെങ്ങന്നൂർ വണ്ടി’ എന്ന കഥയിൽ മൂല്യനിരാസമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. മൂല്യനിരാസമുള്ളമുള്ളത് നമുക്കു ചുറ്റുമുള്ള ചരിത്രയാഥാർഥ്യത്തിലാണ്. ഓരോ കാലഘട്ടത്തിലും മാറിക്കൊണ്ടിരിക്കുന്ന സാമൂഹികരൂപങ്ങൾക്ക് അതീതമായ സനാതനമൂല്യങ്ങളുണ്ടെന്ന് എനിക്കു തോന്നുന്നു. അവയെ നിർണയിക്കുന്നത് ചരിത്രമല്ല, പ്രകൃതിയാണ്’.

 

∙ തന്റെ ആന്തരികമായ സംഘർഷത്തെ വിജയൻ ഈ രൂപത്തിൽ വ്യക്തമാക്കുന്നു; ‘ഒരു വ്യക്തി എന്ന നിലയിൽ ഞാൻ ഏറെ നാളായി ഒരു പ്രതിസന്ധിയിലാണ്. ആ പ്രതിസന്ധിക്ക് താർക്കികമായ ഉത്തരം കാണാൻ ശ്രമിക്കുമ്പോഴെല്ലാംതന്നെ ഞാൻ ക്രൂരമായി തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. സോഷ്യലിസത്തോടുള്ള എന്റെ പ്രതിപത്തി, അമിതാധികാരത്തോടുള്ള എന്റെ വെറുപ്പ്, ശാസ്ത്രത്തിന്റെ അടിസ്ഥാനപ്രക്രിയയിലുള്ള എന്റെ വിശ്വാസം, ശാസ്ത്രത്തിന്റെ ഉപകരണപരിഷ്കൃതിയെക്കുറിച്ചുള്ള എന്റെ ഭയം ഇവയൊക്കെയാണ് ഈ പ്രതിസന്ധിയുടെ ചേരുവ.’ 

 

ov-vijayan-malayalam-writer-literature
ഒ.വി.വിജയൻ

കമ്യൂണിസ്റ്റ് പാർട്ടിയോടു പുലർത്തിയ ഈ തിരുത്തൽ സമീപനം അദ്ദേഹത്തെ സിഐഎ ചാരനായി തെറ്റിദ്ധരിക്കുന്നതിൽവരെ എത്തിച്ചേർന്നു. പാർട്ടിയുടെ സമീപനങ്ങളെ നിശിതമായി വിമർശിച്ചുവന്ന കാലത്ത് ഒരിക്കൽ ഇഎംഎസിനെ അഭിമുഖം നടത്താൻ ഡൽഹിയിൽനിന്ന് തിരുവനന്തപുരത്തെത്തിയ അനുഭവം വിജയൻതന്നെ പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്. ഒരൊറ്റ ചോദ്യം പോലും ചോദിക്കാനാവാതെ ഇഎംഎസിനു മുന്നിലിരുന്ന അവസ്ഥയിൽനിന്ന് ഒടുവിൽ വിജയൻ ‘ഞാൻ കുറേ വിഷമിപ്പിച്ചുകാണുമല്ലോ’ എന്നു ചോദിച്ചപ്പോൾ, ഇഎംഎസിന്റെ മറപുപടി ‘അതിനു ഞങ്ങളും വിജയനെ നന്നായി ബുദ്ധിമുട്ടിച്ചിട്ടുണ്ടല്ലോ’ എന്നായിരുന്നു.

 

∙ ഒരു കുമ്പിൾ കൃതജ്ഞത മതിയായിരുന്നല്ലോ ഇന്ത്യക്കാരന്റെ സ്നേഹത്തെ നിലനിർത്താൻ !!!

 

രാജീവ് ഗാന്ധിയുടെ വിവാദനാളുകളിൽ അദ്ദേഹം ഉന്നയിച്ച വിമർശനശരങ്ങൾ ചരിത്രത്തിന്റെ ഉൾക്കാഴ്ചയോടെ പലതും ആഹ്വാനം ചെയ്യുന്നതുകൂടിയായിരുന്നു. അതിൽ അന്നത്തെ ഇന്ത്യയുടെ പരിതാപകരമായ അവസ്ഥയും ഇന്ത്യൻ ജനത ഇന്ദിരാഗാന്ധിക്കു നൽകിയ കാരുണ്യപൂർവമായ സമീപനവും കൂടിയുണ്ടായിരുന്നു. അവിടെ വിജയൻ പറഞ്ഞു: ‘രാജീവ്ഗാന്ധിയുടെ ഇതേ യുവത്വത്തിന്റെയും ഇതേ നിസ്സഹായതയുടെയും പ്രാരംഭപ്രകടനങ്ങളോടുകൂടിയാണ്, വർഷങ്ങൾക്കുമുമ്പ് ഇന്ദിരയും അധികാരമേറ്റെടുത്തത്. എന്നാൽ അവരുടെ സാരഥ്യത്തിൽ കോൺഗ്രസ് എന്ന ദേശീയ പ്രസ്ഥാനം ഉപജാപകരുടെയും മല്ലന്മാരുടെയും തെരുക്കൂത്തു സംഘമായി മാറുകയും കള്ളപ്പണത്തിന്റെ ഊർജത്തെ, അതിനെമാത്രം, ആശ്രയിക്കുന്ന പതനത്തിലേക്ക് നീങ്ങുകയും ചെയ്തു. എന്നിട്ടും ക്ഷമാശീലനായ ഭാരതീയൻ അവരെ സ്നേഹിക്കാൻ മുതിർന്നു. ഏകാകിനി, സ്ത്രീ, സുന്ദരി, വാർധക്യത്തിലും യൗവനത്തിന്റെ ഐശ്വര്യം പുലർത്തിയവൾ! ദൈവമേ, എന്ത് ഉദാരത; പുൽവേരുകളിലൂടെ പടരുന്ന നിരക്ഷരനായ പൗരന്റെ സഹിഷ്ണുതയും സ്നേഹവും എന്നെ വിസ്മയിപ്പിക്കുന്നു. ഒരു കുമ്പിൾ കൃതജ്ഞത മതിയായിരുന്നല്ലോ അവന്റെ സ്നേഹത്തെ നിലനിർത്താൻ.

 

എന്നാൽ അവർ പകരം തന്നതെന്ത്? അടിയന്തരാവസ്ഥയെന്ന മാറാക്കളങ്കം, സ്ഥാപനങ്ങളുടെ ശോഷണം, നിയമത്തെ അന്ധാളിപ്പിച്ച സംശയാസ്പദങ്ങളായ മരണങ്ങൾ... 

ഒരു നൂറ്റാണ്ടിന്റെ ദീർഘക്ഷമയിലൂടെ, സാധനയിലൂടെ, ദേശീയപ്രസ്ഥാനത്തിന്റെ കാരണവന്മാർ നേടിയതത്രയും ഒരു പതിറ്റാണ്ടിന്റെ ലഹരിയിൽ അവർ വിറ്റുണ്ടു. അവരെ കുറ്റം പറയുകയല്ല, ഈ വിറ്റുണ്ട് തടയാൻ, അവരെ രക്ഷിക്കാൻ, നാമാരും മുതിർന്നില്ല. ഒന്നുകിൽ നാം അവരുടെ പിന്നിൽ പാറപോലെ ഉറച്ചുനിന്ന ദാസന്മാരും ഹനൂമൽവാനരന്മാരുമായി. അല്ലെങ്കിൽ ബാലിശവും വൈകാരികവുമായ ശത്രുതയുടെ പുറംപോക്കുകളിൽ നാം തെണ്ടിയലഞ്ഞു. സന്തുലിതമായ ജനാധിപത്വത്തിന്റെ പ്രക്രിയ നാം കൈവെടിഞ്ഞു.

 

∙ മാർക്സിസ്റ്റ് പാർട്ടിയുടെ ഭദ്രതയും ജനായത്തവൽക്കരണവും മലയാളിക്ക് ആവശ്യം

അപ്പോഴും തന്റെ പ്രതീക്ഷ മാർക്സിസ്റ്റ് പാർട്ടിയിലായിരുന്നുവെന്ന് വിജയൻ വ്യക്തമാക്കിയിട്ടുണ്ട്. മാർക്സിസ്റ്റ് പാർട്ടിയുടെ പ്രസക്തിയെക്കുറിച്ചുള്ള ചോദ്യത്തിന് വിജയന്റെ മറുപടി ഇതായിരുന്നു; ‘ഉരുത്തിരിഞ്ഞുവരുന്ന ഉപദേശീയ രാഷ്ട്രീയത്തിൽ മാർക്സിസ്റ്റ് പാർട്ടി കേരളീയ അസ്തിത്വത്തിന്റെ പ്രകടനമായി തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അതുകൊണ്ട് ആ കക്ഷിയുടെ ഭദ്രതയും ജനായത്തവൽക്കരണവും മലയാളിക്ക് ആവശ്യമായിത്തീർന്നിരിക്കുന്നു. എന്റെ വിമർശനങ്ങളുടെ ലക്ഷ്യവും ഇതു മാത്രമാണ്’.

English Summary : Remembering O.V. Vijayan on Sixteenth Death Anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com