ബെസ്റ്റ് സെല്ലിങ് യുവ എഴുത്തുകാരന്റെ വിജയക്കൂട്ടിതാ....

HIGHLIGHTS
  • മലയാള സാഹിത്യത്തിലെ പുതുതലമുറയെ പരിചയപ്പെടുത്തുന്ന പംക്തി
  • അക്ഷരങ്ങളുടെ കൂട്ടുകാരൻ, അക്കങ്ങളുടെയും; ആശിഷ് ബെൻ അജയ്
SHARE

307.47, 446054. ഓഹരി കമ്പോളത്തിലെ കയറ്റിറക്കങ്ങളെക്കുറിച്ചുള്ള സൂചനയല്ല. രണ്ടു നോവലുകളുടെ തലക്കെട്ടാണ്. രണ്ടു വർഷം മുൻപു പുറത്തിറങ്ങിയ 307.47 ആറാം പതിപ്പ് പുറത്തിറങ്ങി. അതേ എഴുത്തുകാരന്റെ, മാർച്ച് 16 ന് ഇറങ്ങിയ രണ്ടാം നോവൽ 446054 ഒരാഴ്ചയ്ക്കുള്ളിൽ മുഴുവൻ കോപ്പിയും വിറ്റുതീർന്നു രണ്ടാം പതിപ്പിലെത്തി. ചൂടപ്പം പോലെ വിറ്റുപോകുന്ന പുസ്തകങ്ങളാണ് ആശിഷ് ബെൻ അജയ് എന്ന ബാങ്കുദ്യോഗസ്ഥന്റെ ഫിക്സഡ് ഡിപ്പോസിറ്റ്. തലക്കെട്ടിലെ വ്യത്യസ്തത പ്രമേയത്തിലേക്കും എഴുത്തിലേക്കും ആശിഷ് അനായാസം പടർത്തുമ്പോൾ വായനക്കാർക്കും അതൊരു സുരക്ഷിത നിക്ഷേപമാകുന്നു. 

ആശിഷിന്റെ രണ്ടു നോവലുകളുടെയും തലക്കെട്ടുകൾ അക്കങ്ങളാണ്. അവസാന പേജിലെത്തുമ്പോഴാണു വായനക്കാർക്ക് കഥയുമായി ഈ അക്കങ്ങൾക്കുള്ള ബന്ധം മനസ്സിലാകുന്നത്. അതു വളരെ സമർഥമായി കഥയിലേക്ക് വിളക്കിച്ചേർക്കാനും ആശിഷിനായിട്ടുണ്ട്. എന്തുകൊണ്ട് തലക്കെട്ടിന് അക്കങ്ങൾ? 

ആദ്യം 307.47, ഇപ്പോൾ 446054. നിങ്ങളിപ്പോൾ കരുതുന്നുണ്ടാകും എന്താണീ മനുഷ്യന് അക്കങ്ങളോടിത്ര ഭ്രമമെന്ന്. എന്തുകൊണ്ട് അക്കങ്ങൾ എന്നു ചോദിക്കുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ. ഞാനൊരു ബാങ്കുദ്യോഗസ്ഥനാണ്. ജീവിതത്തിൽ അധികനേരവും ഞാൻ മല്ലിടുന്നത് അക്കങ്ങളോടാണ്, അക്ഷരങ്ങളോടല്ല. അതുകൊണ്ടു തന്നെയാവണം എന്റെ പുസ്തകത്തിനൊരു തലക്കെട്ട് ആലോചിക്കുമ്പോൾ സ്വാഭാവികമായും അക്കങ്ങൾ എന്റെ മനസ്സിനെ ആകർഷിക്കുന്നതും. വ്യത്യസ്തമായൊരു തലക്കെട്ടും ആകർഷകമായ പുറംചട്ടയും പുസ്തകത്തെ കൂടുതൽ വായനക്കാരിലേക്കെത്തിക്കും എന്നു ഞാൻ വിശ്വസിക്കുന്നു. 

ആദ്യ നോവലായ 307.47 ട്രാവലോഗ് ഫിക്‌ഷൻ എന്ന അധികമാരും പരീക്ഷിക്കാത്ത ഒരു ജോണറിലാണ് എഴുതിയത്. അതിപ്പോൾ ആറാം പതിപ്പിലെത്തി നിൽക്കുന്നു. ആ ആശയം കിട്ടിയതെങ്ങനെയാണ്? 

യാത്രകൾ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകുമെന്നു തോന്നുന്നില്ല. ആദ്യ പുസ്തകത്തിലെ ഏറിയ പങ്കും എന്റെ അനുഭവക്കുറിപ്പുകൾ തന്നെയാണ്. സുഹൃത്തുക്കൾക്കൊപ്പം മൂന്നാറിലേക്ക് ബൈസൺവാലി വഴി നടത്തിയ ഒരു നൈറ്റ്‌ ഡ്രൈവാണ് ഇതിനെല്ലാം തുടക്കമിട്ടത്. അന്നു രാത്രിയിൽ ഞാൻ കടന്നുപോയ അനുഭവങ്ങൾക്കൊപ്പം അൽ‌പം ഭാവനയും കൂട്ടിച്ചേർത്തപ്പോൾ ആദ്യ പുസ്തകത്തിന്റെ കയ്യെഴുത്തുപ്രതി ഏകദേശം തയാറായി. 2015 ൽ എഴുതിത്തുടങ്ങിയ പുസ്തകം ഇന്നു കാണുന്ന ഈ രൂപത്തിൽ പുറത്തിറങ്ങാൻ മൂന്നു വർഷത്തോളം വേണ്ടി വന്നു. ഒടുവിൽ ഒത്തിരി വെട്ടിത്തിരുത്തലുകൾക്കൊടുവിലാണ് ഇതിലെ പ്രധാന കഥാപാത്രമായ അഭിഷേക് കടന്നുവന്നതും ക്ലൈമാക്സ്‌ ഞാൻ മാറ്റി എഴുതുന്നതും. ശേഷം ഒരു പരീക്ഷണമെന്നോണം ട്രാവലോഗ് ഫിക്‌ഷന് മിസ്റ്ററി ത്രില്ലറിന്റെ പരിവേഷവും നൽകി. പരീക്ഷണം വിജയിച്ചു. പുസ്തകം ഇപ്പോൾ ആറാം പതിപ്പിലെത്തി നിൽക്കുന്നു. 

Books

മലയാള ജനപ്രിയ സാഹിത്യത്തിൽ ഒരു വലിയ സംഘം യുവ എഴുത്തുകാരുടെ അധിനിവേശം നടക്കുന്ന കാലമാണിത്. അതിലൊരാളാണ് ആശിഷും. ഒരു എഴുത്തുകാരനാകാൻ ഏറ്റവും പറ്റിയ സമയമാണോ ഇപ്പോൾ? നമ്മുടെ കയ്യിലൊരു കഥയുണ്ടെങ്കിൽ പ്രസിദ്ധീകരിക്കാൻ മുൻപത്തേക്കാളും എളുപ്പമാണോ? 

എളുപ്പമാണെന്ന് ഞാൻ ഒരിക്കലും പറയില്ല. തീർച്ചയായും ബുദ്ധിമുട്ടുകളുണ്ട്. പക്ഷേ, സാഹചര്യങ്ങൾ വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട് എന്നു വേണം കരുതാൻ. ന്യൂജെൻ എഴുത്തുകാരുടെ ആശയങ്ങൾക്ക് ഇപ്പോൾ പ്രസാധകർ കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്. അവരുടെ നവചിന്തകൾക്കും വ്യത്യസ്തതയാർന്ന ആഖ്യാനശൈലിക്കും ഒരു വലിയ വിഭാഗം വായനക്കാരുടെ പിന്തുണയുണ്ടെന്നുള്ളതു തന്നെയാണ് ഈ മാറ്റത്തിനുള്ള പ്രധാന കാരണം. നമ്മുടെ കയ്യിൽ നല്ലൊരു ആശയമുണ്ടെങ്കിൽ അതു കഴിവതും വേഗത്തിൽ നമ്മൾ വായനക്കാരിലേക്കെത്തിക്കണം. പണ്ടത്തെ പോലെയല്ല, നമ്മുടെ തലയിലുദിക്കുന്ന ആശയങ്ങൾ മറ്റൊരാളുടെ മനസ്സിലും പൊട്ടിവിടരാൻ അധികസമയമൊന്നും വേണ്ട. അതുകൊണ്ടു നല്ല കഥയാണെന്നു തോന്നിയാൽ ധൈര്യപൂർവം മുന്നോട്ടു പോകണം. മടിച്ചു നിന്നാൽ മറ്റൊരാൾ കയ്യടി മേടിക്കുന്നതു കണ്ടുനിൽക്കാനേ സാധിക്കൂ. ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ മാധ്യമങ്ങൾ ഇത്രയും ശക്തമായ ഈ കാലഘട്ടത്തിൽ അവയുടെ വിപണനസാധ്യതകളും പ്രയോജനപ്പെടുത്തിയാൽ പുസ്തകം കൂടുതൽ പേരിലേക്കെത്തിക്കാൻ സാധിക്കും എന്നതു തീർച്ചയാണ്. 

Ashish-Ben-Ajay

ജനപ്രിയ സാഹിത്യത്തിലെ പുതിയ എഴുത്തുകാർ സ്വീകരിക്കുന്ന ജോണർ കൂടുതലും ത്രില്ലർ, മിസ്റ്ററി, കുറ്റാന്വേഷണ സ്വഭാവത്തിലുള്ളതാണ്. വളരെ അപൂർവമായി മാത്രമേ അതിൽ നിന്നൊരു വ്യതിയാനം സംഭവിക്കുന്നുള്ളൂ. എന്താണതിനു കാരണം? 

കാരണം ലളിതമാണ്. വായന അന്യം നിന്നു പോകുന്ന ഈ കാലഘട്ടത്തിൽ പുസ്തകങ്ങൾ ഇന്ന് ഏറെയും കിടപിടിക്കുന്നതു സിനിമയോടും വെബ്സീരീസുകളോടുമാണ്. ഇന്നത്തെ തലമുറ സ്മാർട്ഫോണിന്റെ പിന്നാലെയാണ്. വായനയുടെ ലോകത്തിലേക്ക് വീണ്ടും അവരെ മടക്കിക്കൊണ്ടുവരണമെങ്കിൽ അവരെ ത്രസിപ്പിക്കുന്ന അല്ലെങ്കിൽ പിടിച്ചിരുത്തുന്ന എന്തെങ്കിലുമൊന്ന് ആ പുസ്തകത്തിൽ ഉണ്ടാകണം. മിസ്റ്ററി, ക്രൈം, ത്രില്ലർ വിഭാഗത്തിൽ വരുന്ന പുസ്തകങ്ങൾക്ക് അതു സാധിക്കുമെന്നുള്ളതു തന്നെയാകാം കാരണം. 

കോളജ് ക്യാംപസിലെ ഒരു ചങ്ങാതിക്കൂട്ടം പോലെയാണു പുതിയ തലമുറ എഴുത്തുകാരുടെ പരസ്പരമുള്ള ഇടപെടൽ. എല്ലാവരും പരസ്പരം അറിയുന്നു, ഇഷ്ടപ്പെടുന്നു, പുസ്തകങ്ങൾ വായിക്കുന്നു, അവയ്ക്കു പരമാവധി പ്രചാരം നൽകുന്നു, തെറ്റുകുറ്റങ്ങൾ തിരുത്തുന്നു അങ്ങനെയങ്ങനെ. ഇതൊരു ആരോഗ്യകരമായ ഇടപെടലാണ്. എഴുത്തിനും ഇതു ഗുണം ചെയ്യുന്നുണ്ടെന്നു കരുതാം അല്ലേ? 

തീർച്ചയായും. ഇന്നത്തെ യുവതലമുറ മാറിച്ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. സൗഹൃദങ്ങൾക്കൊപ്പം ആരോഗ്യകരമായ രീതിയിൽ ഒരു മത്സരവും അവർക്കിടയിലുണ്ട്. പരസ്പരം സഹായിച്ചും ആശയങ്ങൾ പങ്കുവച്ചും തെറ്റുകൾ തിരുത്തിയും അവർ ഒപ്പത്തിനൊപ്പം മുന്നേറുന്നു. ഇന്നു മലയാളസാഹിത്യം കടന്നു പോകുന്നതു മാറ്റത്തിന്റെ കാലഘട്ടത്തിലൂടെയാണ്. കൂടുതൽ ആളുകൾക്ക് എഴുത്തിലേക്കു ചങ്കുറപ്പോടെ കടന്നുവരുവാൻ അതു പ്രചോദനം നൽകുന്നുണ്ട്. 

ആദ്യ നോവലിനു ശേഷം രണ്ടു വർഷമെടുത്തു പുതിയ നോവലായ 446054 എഴുതാൻ. കഥാപരിസരത്തിന് ആവശ്യമായ ഗവേഷണങ്ങൾക്കായിട്ടാണോ ഈ സമയം ഉപയോഗപ്പെടുത്തിയത്? 

ശരിയാണ്. രണ്ടു വർഷത്തോളമെടുത്തു രണ്ടാമത്തെ പുസ്തകം പുറത്തിറങ്ങാൻ. എഴുത്തിന്റെ ലോകത്തുനിന്നു മനപ്പൂർവം മാറിനിന്നതല്ല. രണ്ടാമത്തെ പുസ്തകത്തിനു വേണ്ടതു ശക്തമായൊരു കഥയായിരുന്നു. അതിനു വേണ്ടിയുള്ള തത്രപ്പാടിലായിരുന്നു. രണ്ടാമത്തെ പുസ്തകം പുറത്തിറങ്ങുമ്പോൾ സ്വാഭാവികമായും പ്രതീക്ഷകൾ ഏറെയാവും. ആ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ സാധിച്ചില്ലെങ്കിൽ അവിടെ ആ എഴുത്തുകാരൻ അവസാനിക്കുകയാണ്. അങ്ങനെ വെറുമൊരു one book wonder മാത്രമായി ചുരുങ്ങിപ്പോകരുത് എന്നുള്ളതു കൊണ്ടാണു നല്ലൊരു ആശയത്തിനു വേണ്ടി കാത്തിരുന്നത്. നല്ലൊരു പ്ലോട്ട് മനസ്സിൽ കണ്ടതിനു ശേഷം അതിനു വേണ്ടി അൽപം ഗവേഷണം നടത്തി. തുടർന്നൊരു അനുഗ്രഹം പോലെ വന്ന ലോക്ഡൗൺ കാലം പൂർണമായും എഴുത്തിനു വേണ്ടി വിനിയോഗിച്ചു. 

446054

ആശിഷിന്റെ ആദ്യ നോവൽ സഹോദരൻ ഇംഗ്ലിഷിലേക്കു മൊഴിമാറ്റുകയാണല്ലോ. വീട്ടിലുള്ളവർ തന്നെയാണോ എഴുത്തിന്റെ ആദ്യ വായനക്കാർ? അവരുടെ ഇടപെടൽ ഗുണം ചെയ്യാറുണ്ടോ? 

ഒരു പരിധിവരെ അതെ. എന്റെ ഭാര്യയാണ് എന്റെ കുറിപ്പുകൾ ആദ്യം വായിക്കുന്നത്. ആളും എന്നെപ്പോലെ തന്നെ ഒരു ബാങ്കറാണ്. എന്റെ കുറിപ്പുകൾ വായിച്ചു വളരെയധികം വിമർശിക്കാറുമുണ്ട്. ആദ്യം തന്നെ അതു കേൾക്കുമ്പോൾ തുടർന്ന് എഴുതാനുള്ള മൂഡ് പോകുമെങ്കിലും എഴുത്ത് മെച്ചപ്പെടുത്തിയെടുക്കാൻ ആ വിമർശനങ്ങൾ ഏറെ സഹായിക്കുന്നുണ്ട്. കഥയെക്കുറിച്ചും അതിന്റെ ശാസ്ത്രീയ വശങ്ങളെ കുറിച്ചും ഞാൻ ഏറെയും സംസാരിക്കുന്നത് എന്റെ സഹോദരനോടാണ്. ആകാശ് ഇപ്പോൾ കാനഡയിൽ പഠിക്കുന്നു. 307.47 ന്റെ ഇംഗ്ലിഷ് പരിഭാഷ ചെയ്യുന്നതും അവനാണ്. അധികം വൈകാതെ അതും പുറത്തിറങ്ങും. പുസ്തകത്തിന്റെ കയ്യെഴുത്തുപ്രതി തയാറായിക്കഴിയുമ്പോൾ ആദ്യം വായിക്കുന്നത് അമ്മയാണ്. കൂടെ പൂർണപിന്തുണയുമായി അച്ഛനും വേണ്ട തിരുത്തലുകളും നിർദ്ദേശങ്ങളുമായി പ്രസാധകനും ഉറ്റസുഹൃത്തുമായ വിഷ്ണു കാഞ്ചനുമുണ്ട്. വായിച്ച് ഇവർക്കൊക്കെ തൃപ്തി വന്നുവെന്നു ബോധ്യപ്പെട്ടു കഴിയുമ്പോൾ മാത്രമേ ഞാൻ കയ്യെഴുത്തുപ്രതി മറ്റൊരാളെ കാണിക്കാറുള്ളൂ. 

Ashish-Ben-Ajay-2

തന്റെ പുസ്തകം എങ്ങനെ, എവിടെ വച്ച്, ഏതു മൂഡിൽ വായിക്കണമെന്ന് വായനക്കാരോടു പറഞ്ഞ എഴുത്തുകാരനാണ് ആശിഷ്. ഇരു നോവലുകളുടെയും ആദ്യ പേജിൽത്തന്നെ ആ മനോഹരമായ നിർദേശമുണ്ട്. എന്തായിരുന്നു അങ്ങനെ പറയാനുള്ള പ്രചോദനം? 

ഇളംകാറ്റ് വീശുന്ന രാവിൽ, അതിന്റെ നിശ്ശബ്ദതയിൽ മുഴുകി, ബാൽക്കണിയിലെ ചാരുകസേരയിലിരുന്നാണു ഞാൻ ഈ കഥകൾ രണ്ടും എഴുതി തീർത്തത്. ആ ഒരു ആംബിയൻസ് എന്റെ കഥയെഴുത്തിനെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ഓരോ പേജും എഴുതിക്കഴിഞ്ഞ് അവിടെ ഇരുന്നു വായിക്കുമ്പോൾ കിട്ടുന്ന ത്രിൽ, അത് എന്റെ കഥകൾ വായിക്കുന്ന ഓരോ വായനക്കാരനും ലഭിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു. ഒരു ഡോൾബി തിയറ്ററിൽ ഇരുന്നു സിനിമ കാണുമ്പോൾ കിട്ടുന്ന സുഖം വീട്ടിലിരുന്നു ടിവിയിൽ കാണുമ്പോൾ കിട്ടില്ലല്ലോ. അത്രയേ ഉള്ളൂ. 

പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തിന്റെ ടീസർ ഉണ്ടാക്കി അതു സമൂഹമാധ്യമങ്ങളിൽ വൈറലാക്കുക തുടങ്ങിയ വ്യത്യസ്തങ്ങളായ പുസ്തക പ്രചാരണ മാർഗങ്ങൾ രണ്ടു വർഷം മുൻപേ പരീക്ഷിച്ചയാളാണ് ആശിഷ്. അതു പിന്നീടു പലരും പിന്തുടരുകയുമുണ്ടായി. പുസ്തകം വായനക്കാരിലേക്കെത്തിക്കാൻ കൗതുകകരങ്ങളായ മാർഗങ്ങൾ എഴുത്തുകാരൻ തന്നെ അവലംബിക്കുന്നത് ഇഷ്ടമാണോ? 

ഇഷ്ടമാണ്. കാക്കയ്ക്കും തൻകുഞ്ഞു പൊൻകുഞ്ഞെന്നല്ലേ.. ഈ പുസ്തകങ്ങൾ രണ്ടും എന്റെ കുഞ്ഞുങ്ങൾ തന്നെയാണ്. അപ്പോൾ അവരെ ഞാൻ തന്നെയല്ലേ ഉയർത്തിക്കൊണ്ടു വരേണ്ടത്. ആകർഷകമായ പുറംചട്ടയും വ്യത്യസ്തമായ തലക്കെട്ടും പുസ്തകത്തിന്റെ ടീസറുമെല്ലാം പുസ്തകങ്ങളെ കൂടുതൽ വായനക്കാരിലേക്കെത്തിക്കുവാൻ സഹായിക്കുമെങ്കിൽ അവ പരീക്ഷിക്കുന്നതിൽ എന്താണു തെറ്റ്? 

പുതിയ എഴുത്തുകാരിൽ ആശിഷ് പിന്തുടരുന്നത് ആരെയൊക്കെയാണ്? ഏറ്റവും അവസാനം വായിച്ചതിൽ ഇഷ്ടമായ ഒരു പുസ്തകത്തെപ്പറ്റി പറയാമോ? 

പുതിയ എഴുത്തുകാരിൽ അധികവും പ്രിയപ്പെട്ട സുഹൃത്തുക്കളാണ്. ശ്രീപാർവതി, അഖിൽ പി. ധർമജൻ, റിഹാൻ റഷീദ് അങ്ങനെ പലരും. അനൂപ് ശശികുമാറിന്റെ എട്ടാമത്തെ വെളിപാടും ജോസഫ് അന്നംകുട്ടി ജോസിന്റെ ദൈവത്തിന്റെ ചാരന്മാരുമാണ് ഈയിടെ വായിച്ചതിൽ ഏറെ ഇഷ്ടമായത്. ഇപ്പോൾ വായിച്ചുകൊണ്ടിരിക്കുന്നത് ഡ്രീം ബുക്ക്ബൈന്ററി പുറത്തിറക്കിയ ‘കമ്മട്ടം’ എന്ന പുസ്തകമാണ്. ബാങ്കുദ്യോഗസ്ഥരായ 54 പേർ എഴുതിയ ചെറുകഥകളുടെ സമാഹാരമാണത്. ഞാൻ എഴുതിയ ഒരു ചെറുകഥയും ഇക്കൂട്ടത്തിലുണ്ട്. 

English Summary: Puthuvakku column written by Ajish Muraleedharan - Talk with writer Ashish Ben Ajay

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
FROM ONMANORAMA
;