ADVERTISEMENT

അവിവാഹിതർ താമസിക്കുന്ന ലോഡ്ജുകൾ ഭൂമിത്തിരക്കിനിടയിലെ തുരുത്തുകളാണ്. സമൂഹത്തിലെ പൊതുജീവിതത്തിന്റെ ഭാഗമായിരിക്കെത്തന്നെ, ഒട്ടും പൊതുവല്ലാത്ത കുറെ സ്വകാര്യജീവിതങ്ങൾ കൊണ്ടു നിർമിച്ച സ്വതന്ത്രപരമാധികാര റിപ്പബ്ലിക്കുകൾ. ഒരു ലോഡ്ജും മറ്റൊരു ലോഡ്ജ് പോലെയാവില്ല. പക്ഷേ, അവയെ വർഗീകരിക്കാൻ സഹായിക്കുന്ന കുറേ പൊതുപ്രവണതകൾ ഉണ്ടുതാനും. സ്‌നേഹം, കരുതൽ, സഹതാപം, സുരക്ഷിതതത്വ ബോധം, പങ്കുവയ്ക്കാനുള്ള സന്മനസ്സ് തുടങ്ങി ഒട്ടേറെ സത്ഗുണങ്ങൾ മിക്ക ലോഡ്ജുകൾക്കുമുണ്ട്. മറ്റു പലേടത്തും അനുഭവിച്ച പലതരം ഇല്ലായ്മകളുമായി ലോഡ്ജ് ജീവിതത്തിലേക്കു വരുന്നവർക്ക് അവിടെ കിട്ടുന്ന പങ്കുവയ്ക്കൽ വലിയ ആശ്വാസമായി മാറും.

 

ഒട്ടും ആഹ്ളാദകരമല്ലാത്ത അനുഭവങ്ങളും ലോഡ്ജ് ജീവികൾക്ക് ഉണ്ടാകാറുണ്ടെങ്കിലും അതിനെയൊക്കെ മറികടക്കുന്ന ആഹ്ളാദാനുഭവങ്ങളാണ് പൊതുവിൽ കണ്ടുവരുന്നത്.

നാടകം, പാട്ട്, സിനിമ, പുസ്തകം, പ്രണയം, രതി, മദ്യപാനം, കാമം, കല, കലാപം എന്നു വേണ്ട, വൈവിധ്യമേറിയ ജീവിതകലകളുടെ, യുജിസി അംഗീകാരമില്ലാത്ത സർവകലാശാലകളാണ് പല ലോഡ്ജുകളും. എസ്.ആർ. ലാലിന്റെ സ്റ്റാച്ച്യു പി.ഒ. എന്ന നോവൽ പത്തോ ഇരുപതോ വർഷം മുമ്പത്തെ തനി കേരളീയ ലോഡ്ജ് ജീവിതങ്ങളുടെ ഫോട്ടോസ്റ്റാറ്റ് ആഖ്യാനമാണെന്നു പറയാം. ലാലിന്റെ എഴുത്തിനെ വേറിട്ടതാക്കുന്ന ലളിതമലയാളവും അനുഭവസമസ്യകളും ഭാഷയുടെയും ഭാവനയുടെയും ലോകങ്ങളിൽ സൃഷ്ടിച്ചൊരു സർഗസൗധമാണ് സ്റ്റാച്ച്യു പി.ഒ. 

എഴുത്തുകാരനോ എഴുത്തുകാരനാവാൻ ആഗ്രഹമുള്ളയാളോ ലോഡ്ജ് വാസിയായാൽ പിന്നെ അയാളുടെ ജീവിതം എഴുത്തിനു ചുറ്റും വളർന്നു വികസിക്കുന്നൊരു സാമ്രാജ്യമായിരിക്കും. അവിടേക്ക് എ.അയ്യപ്പൻ കടന്നുവരും, കടമ്മനിട്ട കടന്നു വരും, വൈശാഖൻ കടന്നു വരും, മാധവിക്കുട്ടി കടന്നുവരും. കാമുവും സാർത്രും മാർക്കേസുമൊക്കെ കടന്നുവരും. എം. കൃഷ്ണൻനായർ,  മലയാറ്റൂർ രാമകൃഷ്ണൻ, കെ.എൻ. ഷാജി, സക്കറിയ .... അങ്ങനെ നീളും അവിടേക്കു വരുന്നവരുടെ പട്ടിക. 

അയാളുടെ കാഴ്ചയുടെ ചക്രവാളങ്ങൾ ലോഡ്ജിലെ ജനൽപാളികൾക്കപ്പുറം നീലമഷി കൊണ്ടെഴുതിയ നോവലോ കഥയോ കവിതയോ ഒക്കെയാവും.

ഇത്തരത്തിൽ സംഭവബഹുലമായ ലോഡ്ജ് ജീവിതങ്ങൾക്കിടയിലെപ്പോഴോ ആഖ്യാതാവ്  പരിചയപ്പെട്ട, പേരു പോലുമറിയാത്ത ഒരു വേറിട്ട മനുഷ്യനാണ് ഈ നോവലിലെ നായകൻ. അയാൾ എന്നു മാത്രമേ അയാളെക്കുറിച്ച് നോവലിൽ പറയുന്നുള്ളൂ. അറിവുകളുടെ കടലാണ് അയാൾ. നല്ല വായനക്കാരനാണ്, പരിഭാഷകനാണ്, ചിന്തകനാണ്. പക്ഷേ, ഒരു കാര്യവും കൃത്യനിഷ്ഠയോടെ ചെയ്യില്ല. ഒരു ചിട്ടയുമില്ലാത്ത, ജീവിതത്തെക്കുറിച്ച് ഒരു പ്രതീക്ഷയുമില്ലാത്ത, ഒരു ഉത്തരവാദിത്തവുമേൽക്കാത്ത ഒരു മനുഷ്യൻ. വലിയ ധനികനാണ്. പക്ഷേ, വീട്ടിൽനിന്ന് അകന്നു കഴിയാനാണ്  ആഗ്രഹിക്കുന്നത്. എല്ലാവരിൽ നിന്നുമകന്നു കഴിയാനാഗ്രഹിക്കുന്ന അയാളെ ചില ബന്ധുക്കൾ ബലമായി പിടിച്ചുകെട്ടി മനോരോഗാശുപത്രിയിൽ കൊണ്ടുപോയി നിർബന്ധിത തടവിലെന്നപോലെ പാർപ്പിക്കുന്നുണ്ട്. അവിടത്തെ ചികിൽസാ പീഡനങ്ങളിലൂടെ, സ്വന്തമായ നിഷേധജീവിതത്തിലൂടെ ആരോഗ്യം ക്ഷയിച്ച അയാളെ ആഖ്യതാവും ഒന്നു രണ്ടു കൂട്ടുകാരും കൂടി സ്റ്റാച്ച്യു ലോഡ്ജിലാക്കി, ആവശ്യമായ പരിചരണം ഉറപ്പാക്കുന്നു. എന്നിട്ടും ആരോഗ്യം വഷളായി അയാൾ മരിക്കുന്നു. 

ആശുപത്രിമുറിയിൽ മരണം ഉറപ്പാക്കിയ ശേഷം ഡോക്ടർ ആഖ്യാതാവിനോടു ചോദിക്കുന്നു: 

 

ഇയാൾ ഭക്ഷണമൊക്കെ കഴിച്ചിരുന്നോ? 

എല്ലാ ദിവസവും വാങ്ങി നൽകിയിരുന്നു.

അതുശരി. ഇയാൾ ഭക്ഷണം കഴിച്ചിരുന്നോ?

ഉവ്വ്. ചില ദിവസങ്ങളിൽ ഞാൻ തന്നെയാണ് ഭക്ഷണം വാങ്ങി നൽകിയത്. ഞാനില്ലാത്ത ദിവസം ലോഡ്ജിന്റെ സൂക്ഷിപ്പുകാരനും.

അതല്ലല്ലോ എന്റെ ചോദ്യം. ഡോക്ടർ ചുണ്ടുകൾ വക്രിപ്പിച്ചു. ഇയാൾ ഭക്ഷണം കഴിച്ചിരുന്നോ? ഭക്ഷണം കഴിക്കുന്നത് നിങ്ങൾ കണ്ടിരുന്നോ?

ഇല്ല, ഞാൻ കണ്ടിട്ടില്ല.

മുറിവൊന്നുമല്ല, മരണകാരണം. ഭക്ഷണം കഴിക്കാത്തതാണ്. കുറഞ്ഞത് ഒരു മാസമെങ്കിലുമായിക്കാണും ഇയാൾ ഭക്ഷണം കഴിച്ചിട്ട്. 

പരിണതപ്രജ്ഞതയുടെ  അടിവരയോടെ ഡോക്ടർ തന്റെ നിഗമനം ഉറപ്പിച്ചു. 

കുറച്ചുദിവസമായി വെള്ളവും ഒഴിവാക്കിയിരുന്നു. ഒരു തരത്തിൽ സൂയിസൈഡാണ്. ബോധപൂർവമാകാം. അബോധപൂർവമാകാം. 

sr-lal-book

 

പിന്നീടൊരു ദിവസം സ്റ്റാച്ച്യു ലോഡ്ജിലെ അയാളുടെ മുറി ബാലകൃഷ്ണൻ തുറന്നു. ആഖ്യാതാവും മറ്റൊരു കൂട്ടുകാരൻ രാജീവും ഒപ്പമുണ്ടായിരുന്നു. പത്രങ്ങൾ മാറ്റുമ്പോഴാണ് കണ്ടത്, അതിനടിയിലായി പ്ലാസ്റ്റിക് കവറുകൾ. അതിലാകെ ഉറുമ്പിന്റെ കൂട്ടം. അവരത് തുറന്നുനോക്കി. അയാൾക്കു വാങ്ങി നൽകിയ ഭക്ഷണപ്പൊതികളാണ്. അവിടെത്തന്നെ ഇരിപ്പുണ്ട്. പൊതി തുറക്കാതെ, അതുപോലെ തന്നെ. 

 

ആ മുറിയിലിരിക്കുമ്പോഴാണ് ആഖ്യാതാവ് ഒരു കാര്യം തിരിച്ചറിയുന്നത്. മരിച്ചുപോയ ആളെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ല. പേരു പോലും. പക്ഷേ, ഇരുപതു വർഷമായി അയാളുമായി അടുപ്പത്തിലായിരുന്നു താൻ. വെറും അടുപ്പമല്ല, നല്ല പരിചയം. അയാളുമായി ബന്ധപ്പെട്ട ഒരുപാടു കാര്യങ്ങളിൽ ഇടപെട്ടിട്ടുമുണ്ട്. പക്ഷേ, അയാൾ ശരിക്കും ആരായിരുന്നു. ആവോ, അറിയില്ല.

 

എല്ലാമെല്ലാമായിരിക്കെത്തന്നെ, ആരും ആരുടെയും ആരുമല്ല. ആർക്കും ആരെക്കുറിച്ചും ഒന്നുമറിയില്ല. അറിയാമെന്നതൊക്കെ നമ്മുടെ വെറും തോന്നലുകൾ മാത്രം. പല കാലത്ത് പലരെ വരവേറ്റ്, പലരെ ഉൾക്കൊണ്ട്, പലതും കേട്ട്, പലതും കണ്ട്... എന്നിട്ടും ആരെക്കുറിച്ചും ഒന്നുമറിയാത്ത ലോഡ്ജ് മുറികളെപ്പോലെ. 

 

എസ്.ആർ. ലാൽ മനസ്സു തുറക്കുന്നു.

 

sr-lal-2

ഇതൊരു ലോഡ്ജ് നോവലാണ്. ലോഡ്ജുകളിലെ സംസ്‌കാരിക ജീവിതം, പങ്കുവയ്ക്കലുകൾ, സന്തോഷങ്ങൾ, സങ്കടങ്ങൾ. പല പല ലോഡ്ജുകളിൽ ഏറെ നാൾ താമസിച്ച ഒരാൾക്കേ ഇങ്ങനൊരു നോവൽ എഴുതാൻ കഴിയൂ. സ്വന്തം ലോഡ്ജ് ജീവിതം ഇതെഴുതാൻ എത്ര മാത്രം സഹായിച്ചു, ഒന്നു വിവരിക്കാമോ?

 

പഠിക്കുന്നകാലത്ത് തിരുവനന്തപുരത്തെ ഒരേയൊരു ലോഡ്ജിലേ ഞാൻ പോയിട്ടുള്ളൂ. പാളയത്തെ നന്ദാവനം ലോഡ്ജിലായിരുന്നു അത്. നാട്ടുമ്പുറത്തുനിന്നു നഗരത്തിലേക്കെത്തിയ ഒരാളുടെ പരിചയക്കുറവും അപകർഷതാബോധവുമൊക്കെ അക്കാലത്ത് എന്നെ വരിഞ്ഞുമുറുക്കിയിരുന്നു. യൂണിവേഴ്സിറ്റി കോളജിലായിരുന്നു ഡിഗ്രിപഠനം. കോളജ്, വീട്, സിനിമാ തിയറ്റർ, തമ്പാനൂർ ബസ് സ്റ്റാൻഡ്  എന്നതിനൊക്കെ അപ്പുറം നഗരകാന്താരങ്ങളിലേക്കൊന്നും കടന്നുപോകാനുള്ള പ്രാപ്തി അക്കാലത്തില്ലായിരുന്നു. വിപുല സൗഹൃദങ്ങളുടെ കുറവും നന്നേയുണ്ട്.

നന്ദാവനം ലോഡ്ജിലേക്കു പോകുമ്പോൾ അടുത്ത ചങ്ങാതിമാരായ എം. ബഷീറും ഉദയനും ഒപ്പമുണ്ടായിരുന്നു. ഞങ്ങളുടെ പൊതുസുഹൃത്തായ ജയസൂര്യൻ താമസിച്ചിരുന്നത് അവിടെയായിരുന്നു. സമരദിവസങ്ങളിൽ ചിലപ്പോഴൊക്കെ ജയസൂര്യന്റെ മുറിയിലേക്കുപോകും. ജയസൂര്യന്റെ മുറിയിൽ നിറയെ പുസ്തകങ്ങളാണ്. ഹൃദയം വേണേൽ കൊടുക്കും, പഹയൻ പുസ്തകം ആർക്കും കൊടുക്കില്ല. നിർബന്ധമെങ്കിൽ അവിടിരുന്ന് വായിക്കാം. നന്ദാവനം ലോഡ്ജിലെ സാമാന്യം വലുപ്പമുള്ളതും ചില പ്രത്യേക സൗകര്യങ്ങളുള്ളതുമായ  മുറികളിലൊന്നായിരുന്നു ജയസൂര്യന്റേത്.

ജയസൂര്യൻ അവിടെ തുടരുമ്പോൾത്തന്നെ മറ്റൊരു സുഹൃത്തായ ജയജോസ് രാജ് അവിടെ ചേക്കേറി. അപ്പോഴേക്കും ഞാൻ തിരുവനന്തപുരത്ത് ജോലിസംബന്ധമായി നിത്യേന വന്നുപോകുന്ന ആളായിക്കഴിഞ്ഞിരുന്നു. അഞ്ചാറുകൊല്ലം നന്ദാവനം ലോഡ്ജിലെ പല മുറികളിലായി ജോസ് താമസിച്ചിരുന്നു. ചില ദിവസങ്ങളിൽ ജോസിന്റെ മുറിയിൽ ഞാൻ രാത്രി കഴിച്ചുകൂട്ടിയിട്ടുമുണ്ട്. ഇരുചക്രവാഹനങ്ങൾക്ക് കടന്നുവരാൻ മാത്രം വലുപ്പമുള്ള വഴിയായിരുന്നു റോഡിൽനിന്ന് അവിടേക്ക് ഉണ്ടായിരുന്നത്. വലിയൊരു മാവും കുറേ മരങ്ങളും ലോഡ്ജിരിക്കുന്ന പറമ്പിലേക്ക് തണലിട്ട് നിന്നിരുന്നു.

സ്റ്റാച്യു പി.ഒ. നോവലിലെ, സ്റ്റാച്യു ലോഡ്ജായി സങ്കൽപിച്ചിട്ടുള്ളത് ഇതേ നന്ദാവനം ലോഡ്ജിനെയാണ്. നോവലിൽ ചിത്രീകരിക്കപ്പെട്ട ലോഡ്ജ്, നന്ദാവനത്തെ പൊലീസ് ക്യാംപിനടുത്ത്, എന്നെ ഒരിക്കലും നിങ്ങൾക്ക് കണ്ടെത്താനാവില്ല എന്ന ആത്മവിശ്വാസത്തോടെ റോഡിൽനിന്ന് അകത്തേക്കുകയറി മരങ്ങൾക്കിടയിൽ ഇപ്പോഴും ഒളിച്ചിരിപ്പുണ്ട്.

 

സുസ്‌മേഷ് ചന്ത്രോത്തിന്റെ പേപ്പർ ലോഡ്ജാണ് വായിച്ച മറ്റൊരു ലോഡ്ജ് നോവൽ. രണ്ടും തമ്മിൽ സാമ്യങ്ങളൊന്നുമില്ലെങ്കിലും ബാച്ചിലർ ലോഡ്ജുകളുടെ ഒരു പൊതു സ്വഭാവം രണ്ടിലും കാണാം. അത് അവിടെ ജീവിക്കുന്നവരുടെ ഇല്ലായ്മ ആണ്. പണമില്ലായ്മ തന്നെയാവണമെന്നില്ല അത്. ചിലരുടെ കാര്യത്തിൽ വൈകാരിക സുരക്ഷിതത്വമായിരിക്കും ഇല്ലാത്തത്. എന്തിന്റെയെങ്കിലും ഇല്ലായ്മ അനുഭവിക്കാത്ത ആരും ബാച്ചിലർ ലോഡ്ജുകളിൽ താമസിക്കുന്നുണ്ടാവില്ല എന്നു തോന്നിയിട്ടുണ്ടോ?

 

എഴുപതുകളിലാകണം ലോഡ്ജുകൾ എല്ലാ നഗരങ്ങളുടെയും ഭാഗമായിത്തീർന്നത്. ജോലി തേടിയുള്ള പലായനങ്ങൾ, പഠനസംബന്ധിയായ നഗരജീവിതം, സാമൂഹികാന്തരീക്ഷം, സാമ്പത്തികാവസ്ഥകൾ എന്നിവയൊക്കെ ലോഡ്ജുകളുടെ വ്യാപനത്തിന് കാരണമായിട്ടുണ്ടാവാം. തൊണ്ണൂറുകളുടെ പകുതിയോടെയൊക്കെ ലോഡ്ജ് ജീവിതങ്ങളുടെയും ആ കൂട്ടായ്മകളുടെയും വസന്തകാലം അവസാനിക്കുന്നുണ്ട്. പലയിടങ്ങളിൽനിന്നും വന്നുചേരുന്ന മനുഷ്യർ ഒരുമിച്ച് കൂടുന്നതിന്റെയും ചിന്തിക്കുന്നതിന്റെയും കലഹിക്കുന്നതിന്റെയും സൗഹാർദ്ദത്തിലാകുന്നതിന്റെയുമൊക്കെ കഥകൾ ലോഡ്ജുകൾക്ക് പറയാനുണ്ടായിരുന്നു. തിരുവനന്തപുരത്തെ അശോക ലോഡ്ജും കാർത്തിക ലോഡ്ജും രാമനിലയവുമൊക്കെ സാംസ്‌കാരിക പ്രവർത്തകരുടെയും എഴുത്തുകാരുടെയുമൊക്കെ കൂട്ടായ്മയുടെ ഇടങ്ങൾ കൂടിയായിരുന്നു. രാമനിലയത്തിലെ ഒരു മുറിയായിരുന്നു അയ്യപ്പപ്പണിക്കരുടെ നേതൃത്വത്തിൽ പുറത്തിറങ്ങിയിരുന്ന ‘കേരളകവിത’യുടെ ആസ്ഥാനം. നവധാര എന്ന പ്രസിദ്ധീകരണശാല പ്രവർത്തിച്ചിരുന്നതും രാമനിലയത്തിലാണ്. 

 

ആനന്ദിന്റെ മരണസർട്ടിഫിക്കറ്റ്, എം. മുകുന്ദന്റ അഞ്ചരവയസുള്ള കുട്ടി, അയ്യപ്പപ്പണിക്കരുടെ കവിതകൾ തുടങ്ങിയ പുസ്തകങ്ങളൊക്കെ ആദ്യം പുറത്തിറക്കിയത് ‘നവധാര’ ആയിരന്നു. നൂറുമീറ്റർ അകലെയുള്ള അശോക ലോഡ്ജിൽനിന്നാണ് സംക്രമം എന്ന പ്രശസ്തമായ മാസിക പുറത്തിറങ്ങിയിരുന്നത്. സംക്രമണത്തിന്റെ ഓഫിസായ ‘അശോക റൂം നമ്പർ 17’ അന്നത്തെ എഴുത്തുകാരുടെയും ബുദ്ധിജീവികളുടെയും കേന്ദ്രമായിരുന്നു. ജോൺ ഏബ്രഹാം, കടമ്മിട്ട, കാവാലം, പി.കെ. ബാലകൃഷ്ണൻ, നരേന്ദ്രപ്രസാദ് തുടങ്ങി എത്രയോ പ്രഗൽഭരുടെ സന്ദർശന ഇടമായിരുന്നു അത്. അങ്ങനെ എത്രയോ ലോഡ്ജുകൾ. ഓരോ ലോഡ്ജുകൾക്കുമൂണ്ടായിരുന്നു കഥകൾ, അവിടെ ഒത്തുചേർന്നവരുടെയും പിരിഞ്ഞുപോയവരുടെയും കഥകൾ. ലോഡ്ജുകളിൽ ജീവിച്ച ചിലരോടൊക്കെ നോവലെഴുത്തിന്റെ ഭാഗമായി സംസാരിച്ചതോർക്കുന്നു. അവരുടെ ജീവിത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ കാലമായിരുന്നു അതെന്ന് പലരും സാക്ഷ്യപ്പെടുത്തി. ശരിയാണ്, അവരുടെ ഇല്ലായ്മകളെയും വല്ലായ്മകളെയും ലോഡ്ജ് ജീവിതം ഒട്ടൊക്കെ പരിഹരിച്ചിട്ടുണ്ടാവും. മേൽപറഞ്ഞ ലോഡ്ജുകളൊന്നും ഇന്ന് തിരുവനന്തപുരത്തില്ല. അവയെയെല്ലാം നഗരം വിഴുങ്ങി. അവിടെയൊക്കെ ഷോപ്പിങ് മാളുകളോ വലിയ ഹോട്ടലുകളുകളോ വന്നു. ലോഡ്ജുകളിലെ കേരളീയരുടെ ജീവിതവും താരതമ്യേന അവസാനിച്ചമട്ടാണ്. സൗഹൃദങ്ങളുടെയും ഒത്തുകൂടലുകളുടെയും വൻമരമാണ് പട്ടുപോയത്.

 

sr-lal

ഈ നോവലിലെ പല അനുഭവങ്ങളിൽ ഏറ്റവും ഹൃദയസ്പർശിയായത് പേരില്ലാത്ത ഒരാളുടെ  ജീവിതമാണ്.എന്തുകൊണ്ടാണ് അയാൾക്ക് ഒരു പേരിടാതിരുന്നത്?

 

എഴുതിത്തുടങ്ങിയപ്പോൾ ‘അയാൾ’ എന്ന് തുടങ്ങി. നോവലിലെ ‘അയാൾ’ വേറിട്ടുചിന്തിക്കുന്ന, ജീവിക്കുന്ന മനുഷ്യനാണ്. ഒരു പ്രഹേളികാ സ്വഭാവം അയാളുടെ ചിന്തകളിലും പെരുമാറ്റത്തിലുമുണ്ട്. തന്റെ പേരോ ജോലിയോ വീടോ ഒന്നും അയാൾ മറ്റുള്ളർക്കു മുന്നിൽ വെളിപ്പെടുത്താൻ ആഗ്രഹിച്ചിട്ടില്ല. ഒരു ഭ്രാന്തനെപ്പോലെ, തോന്നുംവിധം ജീവിച്ച മനുഷ്യനാണ്. നഗരത്തിൽ അലഞ്ഞുതിരിഞ്ഞുനടക്കും, ലൈബ്രറികളിലിരുന്ന് പത്രമാധ്യമങ്ങൾ അരിച്ചുപെറുക്കിവായിക്കും. പരിഭാഷകനെന്ന നിലയിൽ ചിലതൊക്കെ ചെയ്തിട്ടുണ്ട്. സിനിമാസംബന്ധിയായ ലേഖനങ്ങൾ ഇംഗ്ലിഷ് പത്രങ്ങളിൽ എഴുതിയിരുന്നു. അതിലൊരിടത്തും സ്വന്തം പേരു വരാതിരിക്കാനും ശ്രദ്ധിച്ചു. മറ്റൊന്നിനെപ്പറ്റിയും അയാൾ ഒരിക്കലും ഉൽക്കണ്ഠപ്പെട്ടില്ല. നോവൽ എഴുതി കുറച്ചുകൂടി തെളിച്ചംവന്നപ്പോൾ ‘അയാൾ’ക്ക് പേരില്ലാത്തതാവും നല്ലതെന്ന് തോന്നി. ഒരു അടയാളവും ഭൂമുഖത്ത് അവശേഷിപ്പിക്കാൻ അയാൾ ആഗ്രഹിച്ചിരുന്നില്ല. അങ്ങനൊരാൾക്ക് പേര് ഒരു ഭാരമാണ്.

 

കല്ലേലി രാഘവൻപിള്ള, ജി.ആർ.ഇന്ദുഗോപൻ തുടങ്ങി എനിക്ക് നേരിട്ട് അറിയാവുന്ന ചില കഥാപാത്രങ്ങളുണ്ട്. എല്ലാ കഥാപാത്രങ്ങളും ജീവിച്ചിരിക്കുന്നവരാണോ.

 

ഫിക്‌ഷനും ഫാക്ട്സും ചേരുംപടി ചേർത്തുള്ള എഴുത്തുരീതിയായിരുന്നു സ്റ്റാച്യു പി.ഒ. നോവലിനായി തിരഞ്ഞെടുത്തത്. ‘ഞാൻ’ എന്ന കഥാപാത്രമാണ് നോവലിലെ കഥ പറച്ചിലുകാരൻ. ‘അയാൾ’ എന്ന കഥാപാത്രത്തെക്കുറിച്ചാണ് ‘ഞാൻ’ പറയുന്നത്, ഒപ്പം എന്റെ ചില കഥകളും. ആലപ്പുഴയിൽനിന്നു തിരുവനന്തപുരത്തെത്തുന്ന ആളാണ് ‘ഞാൻ’. നോവൽ വായിച്ച ചിലരെങ്കിലും എസ്.ആർ. ലാൽ എന്ന എഴുത്തുകാരനും ആലപ്പുഴക്കാരനെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട്. നോവലിനെ കൂടുതൽ വിശ്വാസയോഗ്യമാക്കാൻ ജീവിച്ചിരിക്കുന്ന ചിലരെ കഥാപാത്രങ്ങളാക്കുന്നതിലൂടെ സാധിച്ചു. കല്ലേലി രാഘവൻപിള്ളയും ജി.ആർ. ഇന്ദുഗോപനുമൊക്കെ കടന്നുവരുന്നത് അങ്ങനെയാണ്. കൂടാതെ. എം. കൃഷ്ണൻനായർ, എ. അയ്യപ്പൻ, മലയാറ്റൂർ രാമകൃഷ്ണൻ, കെ.എൻ. ഷാജി, സക്കറിയ തുടങ്ങി ഒട്ടനവധി പ്രശസ്തർ നോവലിൽ കടന്നുവരുന്നുണ്ട്. സ്റ്റാച്യുവിൽ പുസ്തകത്തട്ടു നടത്തുന്ന രമേശനും നന്ദാവനത്ത് ചായത്തട്ടു നടത്തുന്ന നെടുമങ്ങാട്ടുകാരനായ വിജയണ്ണനുമൊക്കെ നോവലിൽവന്നു നിൽപുണ്ട്. നോവലിലെ എല്ലാവരും ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങളല്ല. ജീവിച്ചിരിക്കുന്ന ചിലരുടെ ഛായ ഒട്ടുമിക്ക കഥാപാത്രങ്ങളുടെമേലും വീണുകിടപ്പുണ്ടുതാനും.

 

അയാൾ എന്ന കഥാപാത്രം എത്ര ശതമാനം ഫിക്‌ഷൻ?

 

ഒരാളുടെ ജീവിതത്തെ/ സംഭവത്തെ അതേപടി നോവലാക്കാൻ ഒരിക്കലും കഴിയില്ല. ഒരാളെപ്പറ്റി മറ്റൊരാളോട് നമ്മൾ സംസാരിക്കുന്നതിൽപോലും ഫിക്‌ഷൻ കൂടി ചേർത്താണല്ലോ. അത് പറയുന്ന ആളോ കേൾക്കുന്ന നമ്മളോ മനസിലാക്കുന്നുണ്ടാവില്ലെന്നു മാത്രം. ഒരേ സംഭവത്തിന് ദൃക്സാക്ഷിയാകുന്ന രണ്ടുപേരുടെ അഭിപ്രായങ്ങളെ പിൻതുടർന്നാൽമതി ഇതു മനസ്സിലാക്കാൻ- ചിലർ അതിനെ ഭംഗിയായി, നാടകീയമായി അവതരിപ്പിക്കും. അതിൽ ഫിക്‌ഷൻ കടന്നുവരുന്നുണ്ട്. നമ്മുടെ വ്യാഖ്യാനങ്ങൾ, നമ്മുടെ ഇഷ്ടനിഷ്ടങ്ങൾ, നമ്മുടെ കാഴ്ചപ്പാടുകൾ- ഇതെല്ലാം ഫിക്‌ഷനുമായി ചേർന്നുപോകുന്നതാണ്. അതിനാൽ സ്റ്റാച്യു പി.ഒ. നോവലിൽ ഫിക്‌ഷനാണ് കൂടുതൽ എന്നുപറയുന്നതാവും ഉചിതം.

 

അയാൾ എന്ന കഥാപാത്രം സമൂഹത്തിനു നൽകുന്ന സന്ദേശം എന്താണ്?

 

വ്യക്തിക്ക് കുടുംബവും സമൂഹവും കൽപിച്ചുനൽകുന്ന ചില ചട്ടക്കൂടുകളുണ്ടാവും. അതിനെ മറികടന്നുകൊണ്ട് ജീവിക്കുന്നവർ സാഹസികരാണ്. അവരെ സമൂഹം എങ്ങനെ നോക്കിക്കാണുന്നു, എങ്ങനെ മുദ്രകുത്തുന്നു എന്നതിന് നിദർശനമാണ് നോവലിലെ അയാൾ.

 

ദീർഘനാൾ ബോധപൂർവം ആഹാരം കഴിക്കാതിരുന്നും ഒരാൾക്ക് ജീവൻ വെടിയാം. ബൗദ്ധികമായി ഉയർന്ന ഒരാൾക്കേ ഇതു സാധിക്കൂ. അയാൾ എന്ന കഥാപാത്രം ഈ ഗണത്തിൽ പെടുന്നു. അയാൾ ലാലിനെ എങ്ങനെയൊക്കെ സ്വാധീനിച്ചു?

 

ദൂരെ നിന്നും കുറച്ചടുത്തുനിന്നും ‘അയാളെ’ നോക്കിക്കാണാൻ അവസരം ലഭിച്ചിട്ടുണ്ട്. എഴുത്തുമായും സിനിമയുമായുമൊക്കെ വളരെ ചങ്ങാത്തം പുലർത്തിയിരുന്ന ഒരാൾ. സമൂഹം ചില വിലക്കുകൾ കൽപിക്കുമ്പോഴും ഉള്ളിലെപ്പോഴും സ്വാതന്ത്ര്യബോധത്തോട് തെല്ലും വിട്ടുവീഴ്ചചെയ്യാത്ത ഒരാൾ. തന്നെക്കുറിച്ച് മറ്റുള്ളവർ എന്തു ചിന്തിക്കുന്നു എന്ന് വ്യാകുലപ്പെടാത്ത ഒരാൾ. വ്യക്തിപരമായ ഒരുകാര്യവും മറ്റുള്ളവരോട് പങ്കുവയ്ക്കാൻ താൽപര്യമില്ലാത്ത ഒരാൾ- തിരുവനന്തപുരത്തെ വിദ്യാർഥിജീവിതത്തിനിടയിൽ യൂണിവേഴ്സിറ്റി ലൈബ്രറിയിൽ വച്ചാണ് 'അയാളെ' പരിചയപ്പെടുന്നത്. അന്നയാൾക്ക് ബാങ്കിൽ ജോലിയുണ്ടായിരുന്നു. പിന്നീടൊരുനാൾ അത് ഉപേക്ഷിച്ചു. ഇപ്പോഴും അയാളുടെ ‘ഉള്ളിലിരിപ്പുകളുടെ’ ചെറിയ പൊട്ടുംപൊടിയുമേ എനിക്ക് മനസ്സിലായിട്ടുള്ളൂ. ബാക്കി മനസ്സിലാക്കാൻ പാകത്തിൽ അയാൾ ജീവിച്ചിരിപ്പുമില്ല.

 

വളരെ അനായാസം വായിച്ചു പോകാവുന്ന ഒരു എഴുത്തു ശൈലി ലാലിനുണ്ട്. ഈ നോവലിലും അതു കാണാം. എങ്ങനെയായിരിക്കാം ഈ ശൈലി രൂപപ്പെട്ടത്.  പൂർവകാല വായന എന്തൊക്കെ. വിവരിക്കാമോ?

 

വീട്ടിൽ അച്ഛന് ചെറിയൊരു ലൈബ്രറിയുണ്ടായിരുന്നു. കഥാസരിത് സാഗരം, ഗ്രിമ്മിന്റെ കഥകൾ, ഈസോപ്പുകഥകൾ, റഷ്യൻ ബാലസാഹിത്യകൃതികൾ തുടങ്ങിയവയൊക്കെ വായിക്കുന്നത് വീട്ടിലെ ഈ പുസ്തകശേഖരത്തിൽനിന്നാണ്. കോലിയക്കോട് സരസ്വതീ മന്ദിരം വായനശാലയാണ് സാഹിത്യവായനയിലേക്കുള്ള വാതിൽ തുറന്നത്. പിന്നീട് പഠിക്കാനെത്തിയ യൂണിവേഴ്സിറ്റി കോളജിലെ സാഹിത്യതൽപരരായ സുഹൃത്തുക്കളിൽനിന്നാണ് സമകാലിക സാഹിത്യത്തെക്കുറിച്ചുള്ള ബോധ്യങ്ങളിലെത്തുന്നത്. 

 

പല കാലങ്ങളിൽ അങ്ങനെ വായന നടന്നിട്ടുണ്ട്. തട്ടുംതടവുമില്ലാത്ത വായന സാധ്യമാക്കുന്ന കൃതികളോട് അന്നേ മമതയുണ്ട്. എഴുത്തിലേക്ക് കടന്നപ്പോഴും ആ വഴി സഞ്ചരിക്കാൻ താൽപര്യംതോന്നി. വായനക്കാരുടെ മേൽ എഴുത്തുകാരന്റെ ഭാഷാവൈദഗ്ധ്യം കാണിക്കേണ്ടതില്ലല്ലോ. വായനക്കാരനെ ഒപ്പംകൂട്ടാനാണ് ശ്രമിക്കാറ്. നോവൽപോലുള്ള വലിയ രൂപങ്ങളിലേക്ക് കടക്കുമ്പോൾ വായനക്കാരന് ഭാഷയോ ദുർഗ്രഹതയോ ഒരു തടസ്സമാകാൻ പാടില്ല. സാഹിത്യം ഒരുതരത്തിലൊരു വിനിമയമാണല്ലോ, അത് സരളമാകുന്നതാണ് എപ്പോഴും ഉചിതം. വലിയ വാക്യങ്ങളെ മനഃപൂർവം തന്നെ ചെറുതാക്കാൻ ശ്രദ്ധിക്കാറുണ്ട്.

 

സ്വന്തം എഴുത്തിനെ എങ്ങനെ കാണുന്നു?

 

വായനയോടുള്ള താൽപര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതാവും എഴുത്തിലേക്ക് കടക്കാൻ പ്രേരണയായത്. ഇപ്പോഴും എഴുത്തിൽ വലിയ കോൺഫിഡൻസൊന്നുമില്ല. പുതിയ ഒന്നിലേക്ക് കടക്കുമ്പോൾ, ആദ്യ കഥ എഴുതിയതുപോലെ മനസ്സ് കലുഷിതമാകും. ഓരോ പുതിയ എഴുത്തും ആദ്യത്തെ സൃഷ്ടിപോലാണ്, അതിന്റെ പരിഭ്രമവും ആകുലതയും ആവോളം ഒപ്പമുണ്ട്. പരിചിതമായ ചില മേഖലകളെ എഴുത്തിലൂടെ ആവിഷ്‌കരിക്കാനാണ് എപ്പോഴും ശ്രമിക്കാറ്. എഴുത്തിന്റെ ഒരു നാട്ടുവഴിയിലൂടെ അലസമായി നടക്കാനാണ് എനിക്കിഷ്ടം. അപ്പോൾ ചെറുതായൊരു ആത്മവിശ്വാസം ഇളംകാറ്റിലൂടെ വന്നുപെട്ടാലായി.

 

പുതിയ എഴുത്തുകൾ എന്തൊക്കെ ?

 

‘ജയന്റെ അജ്ഞാതജീവിതം’ എന്ന നോവലും ‘പാലായിലെ കമ്യൂണിസ്റ്റ്’ എന്ന ചെറുകഥാ സമാഹാരവും ഈ വർഷം പുറത്തുവന്നു. വായനയെ ജീവിതത്തോടൊപ്പം ചേർത്തുവച്ച ഒരു മനുഷ്യനെക്കുറിച്ചുള്ള ചെറിയ നോവലാണ് എഴുതാൻ ആഗ്രഹിക്കുന്ന ഒന്ന്.

 

English Summary: Pusthakakkazhcha column by Ravivarma Thampuran on SR Lal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com