ADVERTISEMENT

നാലും കൂടി കണി കണ്ട് കൈനീട്ടം കൈമാറി പൂത്തിരി കമ്പിത്തിരി കോമ്പലപ്പടക്കവുമായി ഉമ്മറത്തിരിക്കുമ്പോൾ ഒരു ഡസനിലേറെ ആളുകൾക്ക് നടുവിൽ വിഷു ആഘോഷിച്ചിരുന്ന കാലം ഓർമ വരും. പടക്കത്തിന് ശബ്ദം പോരാ, പൂത്തിരി പഴയ പോലെ ചിതറുന്നില്ല, മേശപ്പൂ അന്നത്തെയത്ര പൊങ്ങി വിടരുന്നില്ല എന്നൊക്കെ ചുമ്മാ പറയാൻ തോന്നും. ആഘോഷം  ഏതായാലും കുട്ടിക്കാലത്തിന്റെ പൊലിമ വളരുമ്പോൾ കിട്ടില്ല. ഉത്തരവാദിത്വത്തങ്ങൾ ഒന്നുമില്ലാതെ ചാടിത്തിമർത്ത് ആഹ്ലാദിച്ച കാലം തിരിച്ചു വരില്ല എന്നതു തന്നെയാണ് അതിനെ അത്രയ്ക്കത്ര മധുരിപ്പിക്കുന്നത്. 

അച്ഛമ്മ, മൂന്നാൺമക്കൾ, അവരുടെയൊക്കെ ഭാര്യമാർ, മക്കൾ, അച്ഛൻ പെങ്ങൾ, അവരുടെ മക്കൾ തുടങ്ങി പതിനഞ്ചോളം ആൾക്കാർ ഒരുമിച്ച് താമസിച്ചിരുന്ന വലിയ കുടുംബത്തിലാണ് ഞാൻ വളർന്നത്. എന്റെ അച്ഛനാണ് മൂത്ത മകൻ. ഞാൻ, അനുജൻ പ്രവീൺ, ചെറിയച്ഛന്റെ മക്കൾ സ്വപ്ന, സ്വരൂപ്, അച്ഛൻ പെങ്ങളുടെ മക്കൾ ശ്രീകാന്ത്, കൃഷ്ണ, അച്ഛന്റെ ചെറിയ അനിയന്റെ മകൾ അമ്മുക്കുട്ടി, അച്ഛന്റെ മറ്റൊരു പെങ്ങളുടെ മകൾ സൂര്യ തുടങ്ങി ഒരു സ്കൂൾ തുടങ്ങാൻ വേണ്ടത്ര കുട്ടികൾ ഞങ്ങളുടെ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. അത്യാവശ്യം അടിപിടി വഴക്ക് കരച്ചിൽ ഒക്കെ ഏതു സമയത്തും ഉണ്ടാവാം. അതുകൊണ്ടു തന്നെ സ്വന്തം സഹോദരീ സഹോദരന്മാർ തമ്മിലുള്ള സ്നേഹം തന്നെയായിരുന്നു ഞങ്ങൾ തമ്മിൽ. അങ്ങനെ ഒരു വീട്ടിലെ വിഷു ഒന്നാലോചിച്ച് നോക്കിക്കേ എന്ത് രസമാവും എന്ന്! ഞാനാണ് മൂത്തവൾ. എല്ലാവരെയും അടക്കി ഭരിച്ചു നടക്കുന്ന വല്യേച്ചി!   

വിഷുത്തലേന്ന് ഉള്ളി വറവിട്ട കലത്തപ്പവുമായി കാര്യസ്ഥൻ ഗോപാലമ്മാമയും കൂട്ടരും വരുന്നതോടെ ആഘോഷം തുടങ്ങുകയായി. അങ്ങനെ ഒരു പലഹാരം ആ ദിവസം മാത്രമേ കിട്ടൂ എന്നതാണ് അതിന്റെ പ്രത്യേകത!  അച്ഛമ്മ കണിയൊരുക്കുന്നതിന്റെയും മുതിർന്ന സ്ത്രീകൾ പിറ്റേ ദിവസത്തെ സദ്യക്ക് പച്ചക്കറി അരിയുന്നതിന്റെയും കുട്ടികൾ പിറ്റേന്ന് കിട്ടാനുള്ള കൈ നീട്ടത്തിന്റെ ഊഹക്കണക്കുകളിലും മുഴുകും. അച്ഛമ്മയാണു രാവിലെ കണികാണിക്കുക. ഓരോരുത്തരെയായി വിളിച്ചെഴുന്നേൽപ്പിച്ച് കണി കാണിക്കുന്ന അച്ഛമ്മയുടെ രൂപവും ശബ്ദവും ഇപ്പോൾ കണ്ണടച്ചാൽ ഉള്ളിൽ തെളിയുന്നു. ആദ്യ കൈനീട്ടം അച്ഛന്റെ വകയാണ്. ഒരു പിടി നാണയങ്ങളാണ് അച്ഛൻ തരിക. അഞ്ചു രൂപയിൽ താഴെയേ ഉണ്ടാവൂ. എന്നാലും കുറേ കിട്ടുന്നതിന്റെയും കൈയിലിട്ടു കിലുക്കി നടക്കുന്നതിന്റെയും ഒരു സന്തോഷം എല്ലാവരുടെ മുഖത്തും ഉണ്ടാവും. അച്ഛന്റെ നേരെ താഴെയുള്ള അനിയൻ ഞാൻ കുട്ട്യേട്ടനെന്നു വിളിക്കുന്ന ചെറിയച്ഛനാണ് അന്നത്തെ സാമാന്യം നല്ല തുക വിഷുക്കൈനീട്ടം തരിക. അച്ഛനോട് പറഞ്ഞാൽ  കിട്ടില്ലെന്നുറപ്പുള്ളതു കുട്ട്യേട്ടനെ സോപ്പിട്ട് വാങ്ങിപ്പിക്കുന്ന ഒരു മാരക സൂത്രപ്പണി എക്കാലത്തും എന്റെ കൈയിലുണ്ടായിരുന്നു. അത്രയേറെ സ്നേഹവും വാത്സല്യവും ചൊരിഞ്ഞൊരു ചെറിയച്ഛൻ വേറാരുടെ അനുഭവത്തിലുമുണ്ടാവില്ല.  

ഞങ്ങൾക്കിഷ്ടപ്പെട്ട പടക്കങ്ങൾ, വർണപ്പൂത്തിരികൾ തുടങ്ങി എല്ലാം കുട്ട്യേട്ടൻ വഴി സംഘടിപ്പിച്ചിട്ടുണ്ടാവും. അച്ഛന്റെ ഇളയ അനിയൻ ചേച്ചനെന്ന് ഞങ്ങൾ വിളിക്കുന്ന ചെറിയച്ഛനാണ് വാണം പോലുള്ള ഗ്രേഡ് കൂടിയ പടക്കങ്ങൾ കൈകാര്യം ചെയ്യുന്നത്. അച്ഛനാണെങ്കിൽ ഓലപ്പടക്കങ്ങളാണ് കൂടുതൽ വാങ്ങിക്കുക. അതങ്ങനെ ഓരോന്നായി തീയിൽ കാട്ടി എറിഞ്ഞ് പൊട്ടിക്കലാണ് അച്ഛന്റെ ഇഷ്ടം. ഒരിക്കൽ ചേച്ചൻ കൊളുത്തി വിട്ട വാണം നേരെ തിരിഞ്ഞ് വന്ന് അച്ഛൻ പരത്തി വച്ച പടക്കക്കൂട്ടത്തിനടുത്ത് വീണു പൊട്ടിയതും ഇമ്മാതിരിയൊന്നും വാങ്ങണ്ടാന്നു പറഞ്ഞാൽ  കേൾക്കില്ല എന്ന് അച്ഛൻ ഒച്ചയിട്ടതും എല്ലാ വിഷുവിനും എനിക്കോർമ വരും. പൂത്തിരി കമ്പിത്തിരി മത്താപ്പ് ഒക്കെ കത്തിച്ച് മതിയാകുമ്പോൾ ഇനി നാളെ വിരുന്നുകാർക്ക് എന്ന് കവർ മടക്കിവയ്ക്കും. പിറ്റേന്ന് ഉച്ചയ്ക്ക് അമ്മയുടെ കിടിലൻ സാമ്പാറും അച്ഛൻ പെങ്ങളുടെ സ്വയമ്പൻ പായസവും മറ്റു സദ്യവട്ടങ്ങളും കൂട്ടി ഊണു കഴിച്ചു ഞങ്ങൾ അമ്മ വീടുകളിലേക്കു തിരിക്കും. അവിടെയും കൈനീട്ടത്തിനുള്ള വക ഇഷ്ടം പോലെയുണ്ട്. അമ്മമ്മ, കുട്ടമാമ, ചെറിയമ്മമാർ തുടങ്ങിയവർ സകുടുംബം വീട്ടിലുണ്ടാവുന്ന കാലം. 

വിഷുവിന്റെ അന്നു രാവിലെ മുറ്റമടിക്കുമ്പോഴാണു മറ്റാരും കാണാതെ ഞാനും എന്റെ കുട്ടിക്കൂട്ടങ്ങളും ആ പണി ഒപ്പിച്ചിരുന്നത്. സ്ത്രീകൾ അടുക്കളയിൽ പാചകമേളത്തിലാവും. പുരുഷന്മാർ കണികണ്ട ശേഷമുള്ള മയക്കത്തിലും. അച്ഛമ്മ കുളിക്കാനും പോയിട്ടുണ്ടാവും. കോമ്പലപ്പടക്കത്തിലെ പൊട്ടാതെ തെറിച്ചു കിടക്കുന്നതു പെറുക്കിയെടുക്കലാണു കുട്ടിക്കൂട്ടങ്ങളുടെ ചുമതല. എല്ലാം മുറിച്ച് ഉള്ളിലെ തിളക്കമുള്ള പൊടി ഞാനൊരു കടലാസിൽ വിതറും. കൂന പോലെ കൂട്ടിയിട്ട് അവസാനം തീകൊടുക്കും. പെട്ടെന്നുള്ള ഒരാളലാണ്. എന്താ രസം! ഒരിക്കൽ പണി പാളി. കൂടുതൽ മരുന്നുണ്ടായിരുന്നതിനാൽ കത്തിച്ചതും തീ എന്റെ കൈയിലേക്ക് പാളി വന്നു. കൈയും മുഖവും പൊള്ളുമായിരുന്ന ആ സംഭവം എന്തോ ഭാഗ്യത്തിന് വലിയ അപകടമുണ്ടാക്കിയില്ല. അതു കണ്ടു കൊണ്ടുവന്ന അച്ഛമ്മ ചീത്ത പറഞ്ഞു കൊണ്ട് എന്നെ വലിച്ചുകൊണ്ടു പോയി. വെള്ളത്തിൽ മുക്കിയും തേൻ പുരട്ടിയും നീറ്റൽ മാറ്റിത്തന്നു. പിന്നത്തെ വർഷവും അച്ഛമ്മ കാണാതെ ഞാനെന്റെ പണി തുടർന്നു എന്നതു വേറെ കാര്യം.

ഇന്നു സുനിയേട്ടനും മക്കളും പൂത്തിരി കത്തിച്ച് കൈയിൽ തരുമ്പോൾ അവർക്കൊപ്പം കൂടാൻ വേണ്ടി മാത്രം ഞാനതേറ്റു വാങ്ങുന്നു. എത്ര കിട്ടിയാലും മതിവരാത്ത ആ പൂത്തിരിഭ്രാന്തി എന്റെയുള്ളിൽ നിന്നെങ്ങോട്ടു പോയെന്ന് എനിക്കറിയില്ല. ഇത്രയേറെ വളരണ്ടായിരുന്നു. ഈ പൂത്തിരി വട്ടം കറക്കി പൊരി ചിതറിപ്പിച്ച് ഇത്തിരി നേരം കുട്ടിയാവാൻ പറ്റുമോന്നു ഞാനൊന്നു നോക്കട്ടെ!

English Summary : Writer Priya Sunil's Vishu Memoir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com