ADVERTISEMENT

ജീവിച്ചിരുന്ന കാലത്തേക്കാള്‍ മരണത്തിനുശേഷമാണ് ഫിലിപ് റോത്ത് എന്ന അമേരിക്കന്‍ എഴുത്തുകാരന്‍ വിവാദനായകനായത്. ജീവിച്ചിരുന്നപ്പോള്‍ പുസ്തകങ്ങളിലൂടെ ഒരു കാലത്തെയും 

അമേരിക്കയെയും പ്രകോപിപ്പിച്ചെങ്കില്‍ മരണത്തിനു ശേഷം അദ്ദേഹത്തെ വിവാദ നായകനാക്കിയത് എണ്ണിയിലൊടുങ്ങാത്ത സ്ത്രീസൗഹൃദങ്ങള്‍. റോത്ത് എന്ന സ്ത്രീവിരുദ്ധനെക്കുറിച്ച് പുറത്തുവന്ന ജീവചരിത്രങ്ങളാണ് അദ്ദേഹത്തിന്റെ അതുവരെ രഹസ്യമായിരുന്ന ജീവിതം പരസ്യമാക്കിയത്. 

പ്രത്യേകിച്ചും അടുത്തകാലത്തിറങ്ങിയ ബ്ലാക്ക് ബെയ്‍ലിയുടെ ആധികാരിക ജീവചരിത്രം. 

 

റോത്ത് ജീവിച്ചിരുന്നപ്പോള്‍ തന്നെ ബെയ്‍ലിയെ തന്റെ ജീവചരിത്രം എഴുതാന്‍ എല്‍പിച്ചിട്ടുമുണ്ടായിരുന്നു. ബെയ്‍ലിയുടെ ജീവചരിത്രം ആവേശത്തോടും ആകാംക്ഷയോടുമാണു സാഹിത്യലോകം 

ഏറ്റുവാങ്ങിയത്. ആഴ്ചകള്‍ക്കകം ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ പുസ്തകം ഇടംപിടിക്കുകയും ചെയ്തു. എന്നാല്‍, ഇനി പുസ്തകത്തിന്റെ വിപണനവും വിതരണവും വേണ്ടെന്നാണ് അമേരിക്കന്‍ പ്രസാധകരായ ഡബ്ല്യൂ ഡബ്ല്യൂ നോര്‍ട്ടന്റെ തീരുമാനം. കാരണം ജീവചരിത്രകാരനെക്കുറിച്ച് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ആരോപണങ്ങള്‍. 

 

റോത്തിനെക്കുറിച്ചുള്ള ബെയ്‍ലിയുടെ ജീവചരിത്രത്തെക്കുറിച്ചുള്ള പരസ്യങ്ങള്‍ പോലും പിന്‍വലിക്കാനും നോര്‍ട്ടന്‍ തീരുമാനിച്ചിരിക്കുന്നു. ബ്രിട്ടനിലെ പ്രസാധകരായ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ്സംഭവത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. അവരും സമാന തീരുമാനം അംഗീകരിച്ചാല്‍ കൊട്ടിഘോഷിക്കപ്പെട്ട ബെയ്‍ലിയുടെ പുസ്തകം കിട്ടാക്കനിയാകാനും സാധ്യതയേറി. 

 

1990 കളില്‍ ന്യൂ ഓര്‍ലിയന്‍സില്‍ ലഷര്‍ മിഡില്‍ സ്കൂളിലെ അധ്യാപകനായിരുന്നു ബ്ലാക്ക് ബെയ്‍ലി. അക്കാലത്ത് അദ്ദേഹം പഠിപ്പിച്ചിരുന്ന വിദ്യാര്‍ഥിനികളാണ് ഇപ്പോള്‍ എഴുത്തുകാരനെതിരെ 

ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ സുഹൃത്തും വഴികാട്ടിയുമായി ചമഞ്ഞ് അടുപ്പം സ്ഥാപിച്ചായിരുന്നു ലൈംഗിക ചൂഷണമെന്നും അവര്‍ വെളിപ്പെടുത്തുന്നു. സ്കൂള്‍ കാലം മുതലേ 

തുടങ്ങുന്ന ബന്ധം കൗമാരത്തിനു ശേഷം തുടരുകയും ബിരുദകാലത്തിനുശേഷം പെണ്‍കുട്ടികളെ തന്റെ ഇഷ്ടങ്ങള്‍ക്കു വിധേയമാക്കുകയുമായിരുന്നത്രേ ബെയ്‍ലിയുടെ രീതി. തനിക്ക് 22 വയസ്സുള്ളപ്പോള്‍ ബെയ്‍ലി തന്നെ പീഡിപ്പിച്ചതായി ആരോപിച്ച് അദ്ദേഹത്തിന്റെ മുന്‍ വിദ്യാര്‍ഥി ഈവ് ക്രഫോര്‍ഡ് പെയ്റ്റന്‍ തന്നെ രംഗത്തെത്തുകയും ചെയ്തു. 

 

ബെയ്‍ലിയുടെ മോശം പെരുമാറ്റത്തെക്കുറിച്ച് വര്‍ഷങ്ങളായി പലരും സംസാരിക്കാറുണ്ട്. അവരൊക്കെ വിചാരിച്ചത് അവര്‍ മാത്രമാണ് അദ്ദേഹത്തിന്റെ ഇരകള്‍ എന്നായിരുന്നു. പരസ്യമായ രഹസ്യം 

ആയിരുന്നെങ്കിലും അതുകൊണ്ടുതന്നെ പുറത്ത് അതേക്കുറിച്ച് അധികമാരും അറിഞ്ഞിരുന്നുമില്ല. വിചിത്രവും വിദഗ്ധവുമായിരുന്നു അധ്യാപകന്‍ എന്ന നിലയില്‍ ബെയ്‍ലിയുടെ രീതി. ഞങ്ങള്‍ സ്കൂള്‍ 

ക്ലാസ്സുകളിലായിരുന്നപ്പോള്‍ അദ്ദേഹം ഒരിക്കലും മോശമായി പെരുമാറിയിട്ടേയില്ല. എന്നാല്‍ അന്നേ അദ്ദേഹം തന്റെ തന്ത്രങ്ങള്‍ക്ക് നിലമൊരുക്കുമായിരുന്നു. അശ്ലില പരാമര്‍ശങ്ങളും ദ്വയാര്‍ഥ പ്രയോഗങ്ങളും 

മറ്റും സ്ഥിരം രീതിയായിരുന്നു. പതിവിലും കൂടുതല്‍ നീണ്ടുനില്‍ക്കുമായിരുന്നു അദ്ദേഹത്തിന്റെ ആംലിഗനങ്ങള്‍. ക്രമേണ ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട രഹസ്യങ്ങള്‍ പോലും പറയാന്‍ കഴിയുന്ന 

ആളായി അദ്ദേഹം മാറുന്നു. ഇതിനുശേഷമായിരുന്നു ലൈംഗിക ചൂഷണം- ഈവ് പറയുന്നു. 

 

എന്നാല്‍ ബെയ്‍ലിയുടെ വക്താവ് ആരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞിരിക്കുകയാണ്. അദ്ദേഹം അധ്യാപനായിരുന്നപ്പോള്‍ ഒരു കുട്ടിയും പരാതി പറഞ്ഞിട്ടില്ലെന്നാണ് സ്കൂള്‍ അധികൃതരുടെയും നിലപാട്. എന്നാല്‍ ആരോപണങ്ങള്‍ വ്യാപകമായതോടെ ബെയ്‍ലിയുടെ ലിറ്റററി ഏജന്‍സി സ്റ്റോറി ഫാക്ടറി അദ്ദേഹവുമായുള്ള കരാര്‍ അവസാനിപ്പിച്ചതായി അറിയിച്ചിട്ടുണ്ട്. 

 

ബെയ്‍ലിയുടെ ജീവചരിത്രം പുറത്തുവന്നതോടെ ഫിലിപ് റോത്തിന്റെ അപഥ സഞ്ചാരങ്ങളാണ് ചര്‍ച്ചയായതെങ്കില്‍  ഇപ്പോഴിതാ ജീവചരിത്രകാരനും അതേ വിവാദങ്ങളുടെ ഇരയായിരിക്കുന്നു. അതോടെ ഇരുട്ടിലായത് കൂടുതല്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തുമായിരുന്ന പുസ്തകത്തിന്റെ ഭാവിയും.

 

English Summary: Philip Roth’s biographer Blake Bailey accused of sexual assault; publisher halts book 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com