ADVERTISEMENT

പ്രവാസം വേദനകളുടേതാണ്; ആശങ്കകളുടേതും അനിശ്ചിതത്വത്തിന്റെയും. എങ്കിലും പലായനത്തിന്റെ വേദനകളില്‍ നിന്ന് മഹത്തായ കൃതികളും ഉണ്ടായിട്ടുണ്ട്. വേരറ്റ വേദനയില്‍ നിന്നു ജനിച്ച വിലാപങ്ങള്‍. നഷ്ടസ്വര്‍ഗങ്ങള്‍. ആശങ്ക നിറഞ്ഞ നിലനില്‍പും തീര്‍ച്ചയില്ലാത്ത ഭാവിയും പ്രമേയമായ സൃഷ്ടികള്‍. എന്നാല്‍ പ്രവാസത്തെ സ്വയം വരിച്ചവരുമുണ്ട്. ഇന്ത്യക്കാരുടെ മകളായി ലണ്ടനില്‍ ജനിച്ച് അമേരിക്കയില്‍ വളര്‍ന്നു പേരെടുത്ത എഴുത്തുകാരി ജുംപ ലാഹിരി 

മറ്റൊരു രാജ്യത്തെക്കൂടി സ്വയം വരിച്ച് പ്രവാസത്തിന്റെ ചരിത്രത്തില്‍ പുതിയൊരു വ്യത്യസ്തമായ അധ്യായം എഴുതിയിരിക്കുന്നു. ആ രാജ്യത്തെ ഭാഷ പഠിച്ച് നോവലും. ഒടുവില്‍ അതേ നോവല്‍ ഇംഗ്ലിഷിലേക്കു വിവര്‍ത്തനം ചെയ്യുക കൂടി ചെയ്തിരിക്കുകയാണ് ലാഹിരി. 

 

അമേരിക്കയിലെ ഉന്നത സാഹിത്യ പുരസ്കാരമായ പുലിറ്റ്സര്‍ സമ്മാനം നേടിയ ജുപ ലാഹിരി 2012 ലാണ് കുടുംബത്തിനൊപ്പം റോമിലേക്കു പോകുന്നത്; ആ രാജ്യത്തോടും ഇറ്റാലിയന്‍ ഭാഷയോടും സാഹിത്യത്തോടും സംസ്കാരത്തോടുമുള്ള അടങ്ങാത്ത അഭിനിവേശവുമായി. ഇന്റര്‍പ്രിട്ടര്‍ ഓഫ് മാലഡീസ് എന്ന ആദ്യ 

കൃതിയിലൂടെതന്നെ സ്വന്തമായ എഴുത്തുലോകം സൃഷ്ടിച്ച അവരുടെ ദ് നെയിംസേക്, അണ്‍അക്കസ്റ്റംഡ് എര്‍ത്ത്. ദ് ലോ ലാന്‍ഡ് എന്നീ നോവലുകളും ശ്രദ്ധേയമായിരുന്നു. റോമിലെത്തിയതോടെ ജുംപ ഇംഗ്ലിഷ് പ്രണയത്തെ പിന്നലുപേക്ഷിച്ച് ഇറ്റാലിയന്‍ ഭാഷയുമായി പ്രണയത്തിലായി. ഇംഗ്ലിഷ് ഭാഷയിലുള്ള വായനയും എഴുത്തും തല്‍ക്കാലത്തേക്ക് ഉപേക്ഷിച്ച് 

ഇറ്റാലിയന്‍ സംസ്കാരം ശ്വസിച്ച് ആ രാജ്യത്തെ ഭാഷയില്‍ ജീവിക്കാന്‍ തുടങ്ങി. അതോടെ എഴുത്തും ഇറ്റാലിയന്‍ ഭാഷയില്‍ തന്നെയാക്കി. ഇന്‍ അദര്‍ വേര്‍ഡ്സ് ആയിരുന്നു ആദ്യ ഇറ്റാലിയന്‍ പുസ്തകം. മറ്റൊരു പുസ്തകം കൂടി പൂര്‍ത്തിയാക്കിയ അവര്‍  2018 ഒരു നോവലും പുറത്തിറക്കി. മൂന്നു വര്‍ഷത്തിനുശേഷം അതേ പുസ്തകം വേര്‍എബൗട്ട്സ് എന്ന പേരില്‍ ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തി സാഹിത്യലോകത്തിന് അദ്ഭുതമായിരിക്കുന്നു ലാഹിരി. 

 

ബംഗാളില്‍നിന്നുള്ളവരാണ് ലാഹിരിയുടെ അച്ഛനമ്മമാര്‍. ബംഗാളിന്റെ ജീവിതം അവരുടെ മിക്ക കൃതികളിലും പരാമര്‍ശിക്കപ്പെട്ടിട്ടുമുണ്ട്. ദ് ലോ ലാന്‍ഡ് എന്ന നോവലിന്റെ പശ്ചാത്തലം അമേരിക്കയ്ക്കൊപ്പം  ബംഗാള്‍ 

കൂടിയാണ്. പരാജയപ്പെട്ട വിപ്ലവത്തോടെ അനാഥയാക്കപ്പെട്ട ഒരു യുവതിയുടെ ഓര്‍മകളിലൂടെയാണ് നോവല്‍ പുരോഗമിക്കുന്നത്. ഇന്ത്യയുടെയും അമേരിക്കയുടെയും പൈതൃകം ഒരുപോലെ മനസ്സില്‍ പേറുന്ന ഈ എഴുത്തുകാരി സത്വ പ്രതിസന്ധികളില്ലാതെയാണ് റോമിലേക്കു പോയതും ഇറ്റാലിയന്‍ സ്വന്തം ഭാഷയാക്കിയതും. ഇടയ്ക്ക് 

അമേരിക്ക സന്ദര്‍ശിക്കാറുണ്ടെങ്കിലും  ഇറ്റലിയിലേക്ക് അവര്‍ തിരിച്ചുവന്നുകൊണ്ടിരുന്നു. എഴുത്തിനും വായനയ്ക്കും വേണ്ടി. റോമിന്റെ അന്തരീക്ഷത്തിനും സംസ്കാരത്തിനും വേണ്ടി. ഇപ്പോള്‍ ഇറ്റാലിയനില്‍ നിന്ന് ഇംഗ്ലിഷിലേക്കു ലാഹിരി പരിഭാഷപ്പെടുത്തിയ നോവലിലെ കഥാപാത്രങ്ങള്‍ എഴുത്തുകാരിയുടെ കുടുംബാംഗങ്ങള്‍ തന്നെയാണ്. അമ്മ 

ഉള്‍പ്പെടെയുള്ളവര്‍. 

 

അമേരിക്കന്‍ എഴുത്തുകാര്‍ ഇതാദ്യമല്ല ഇറ്റലിയിലേക്കു കൂടുമാറുന്നത്. ഹെന്‍‍റി ജെയിംസ്, നതാനിയേല്‍ ഹൊതോണ്‍, റാല്‍ഫ് എലിസന്‍, മാര്‍ഗരറ്റ് ഫുള്ളര്‍ എന്നിവരൊക്കെ റോമില്‍ ദീര്‍ഘകാലം ജീവിച്ചിട്ടുമുണ്ട്. എന്നാല്‍ ഇറ്റാലിയന്‍ ഭാഷയില്‍ കൈവയ്ക്കാന്‍ അവര്‍ക്കാര്‍ക്കും കഴിഞ്ഞിട്ടില്ല. ഇന്ത്യന്‍ സംസ്കാരം രക്തത്തില്‍ അലിഞ്ഞ ലാഹിരി 

അമേരിക്കയെ സ്വീകരിച്ചതുപോലെ തന്നെ ഇറ്റലിയേയും തന്നോടു ചേര്‍ത്തിരിക്കുന്നു. ശരീരത്തിന്റെയും ആത്മാവിന്റെയും 

ഭാഗമാക്കിമാറ്റിയിരിക്കുന്നു. പ്രവാസത്തിന്റെ വേദനകളില്‍ നിന്ന് കണ്ടെത്തിയ അപ്രതീക്ഷിതമായ ആഹ്ലാദമാണു ലാഹിരിയുടെ നോവല്‍. അതിര്‍ത്തികളെ അതിജീവിക്കുന്ന സര്‍ഗോന്‍മാദത്തിന്റെ പുത്തന്‍ മാതൃക. 

 

English Summary: Writing in Italian, Jhumpa Lahiri found a new voice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com