ADVERTISEMENT

അഗാധമായി പ്രണയിക്കുന്നവരാണു സുനുവിന്റെ അക്ഷരങ്ങൾ. അത്രമേൽ സ്നേഹത്തോടെ അവ വായനക്കാരെയും ആഞ്ഞു പുൽകും. ആ കഥയാവേശിച്ച മനസ്സുകൾക്ക് അത്രയെളുപ്പത്തിൽ സാധാരണനിലയിലേക്കു മടങ്ങുക സാധ്യമല്ല. വായനക്കാരെ കൺകെട്ട് വിദ്യയിലെന്നോണം കൂടെ നടത്തിക്കുന്ന മാന്ത്രികത വിരൽത്തുമ്പിലുള്ള എഴുത്തുകാരനാണു സുനു എ.വി. എന്ന കണ്ണൂരുകാരൻ. അതിസങ്കീർണമായ ജീവിതാവസ്ഥകളെ അതീവ ലളിതമായ ഭാഷയിൽ എഴുതുക എന്ന ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ് ഈ യുവ കഥാകൃത്ത് വളരെയെളുപ്പം ചെയ്യുന്നത്. ‘അബൂബക്കർ അടപ്രഥമനെ’ന്നൊരു കഥയ്ക്കു തലക്കെട്ടിടുമ്പോൾ അതിലൊരു സുനു ‘ടച്ച്’ ഉണ്ട്. ഒരു സാധാരണ പൂച്ച ‘ഇന്ത്യൻ പൂച്ച’ ആയി മാറുന്ന കഥയിലൂടെ പൗരത്വവും അഭയാർഥിത്വവും വിശപ്പുമെല്ലാം മനോഹരമായൊരു കഥയുടെ ചുറ്റുവട്ടത്തിൽ പറഞ്ഞുവയ്ക്കുന്നു. ദോശയുടെ മേലൊഴിച്ച സാമ്പാറിൽ വെളുത്തുള്ളിയുടെ അതിപ്രസരം കണ്ടമ്പരന്ന അപ്പുമാഷിനെപ്പോലെ സമൂഹമനസ്സിനു ചെറിയൊരു ‘ഷോക്ക്’ നൽകാനും സുനുവിന്റെ കഥകൾക്കാകുന്നുണ്ട്. ‘ഇന്ത്യൻ പൂച്ച’ എന്ന ആദ്യ കഥാസമാഹാരത്തിൽ 10 കഥകളാണുള്ളത്. സുനു കഥ പറയുന്നു:

പുറമേ കാണുന്നതിൽനിന്നും വളരെ വ്യത്യസ്തമായ ആന്തരികജീവിതം നയിക്കുന്നവരാണു സുനുവിന്റെ കഥാപാത്രങ്ങളിലേറെയും. ഒരുപക്ഷേ, അവരുടെ പരസ്യജീവിതത്തേക്കാളേറെ കഥകളിൽ അവർ വെളിപ്പെടുന്നത് ആന്തരിക ജീവിത വർണനയിലൂടെയാണ്. അവരുടെ ആത്മഭാഷണങ്ങളിലൂടെ മനസ്സിന്റെ രഹസ്യയറകളിലേക്കു വായനക്കാർ വളരെയെളുപ്പം പ്രവേശിക്കുന്നു. പുറമേ കാണുന്നയാളല്ല ഓരോ മനുഷ്യനെന്നുമുള്ള തിരിച്ചറിവിൽ നിന്നാണോ ഈ എഴുത്ത്?

തീർച്ചയായും. ഒന്നിലധികം മുഖങ്ങൾ ചേരുന്നതാണ് ഒരു വ്യക്തി എന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു. എന്റെ അനുഭവം മുൻനിർത്തിത്തന്നെ മറുപടി പറയാം. കഥകൾ അച്ചടിച്ചു വരാൻ തുടങ്ങിയപ്പോൾ  ഭൂരിഭാഗം പേർക്കും അദ്ഭുതമായിരുന്നു. ഈ ചെക്കൻ കഥയൊക്കെ എഴുതുമോ എന്ന സംശയമായിരുന്നു പലർക്കും. എന്തിനെയും ‘അത് അങ്ങനെയായിരിക്കും’ എന്ന മുൻധാരണയോടെ സമീപിക്കുന്നവരാണു നമ്മളിൽ പലരും. എന്റെ കാര്യത്തിൽ കുറേയേറെ അടിപൊളി മനുഷ്യർ അത്തരം മുൻവിധികളെ പൊളിച്ചടുക്കി കയ്യിൽ തന്നിട്ടുണ്ട്. അറിഞ്ഞോ അറിയാതെയോ കഥാപാത്ര രൂപീകരണത്തിൽ അവർ സ്വാധീനം ചെലുത്തിയിട്ടുമുണ്ട്. ഒരു പുസ്തകത്തെയും അതിന്റെ പുറംചട്ട നോക്കി വിലയിരുത്താൻ പാടില്ല എന്നു പറയുന്ന പോലെ ഒരു മനുഷ്യനെയും അയാൾ പുറമേ എങ്ങനെയാണ് എന്നതിന്റെ അടിസ്ഥാനത്തിൽ മാത്രം വിലയിരുത്തരുത് എന്നാണ് എന്റെ പക്ഷം.

puthuvakku-literature-series-tslk-with-writer-a-v-sanu-book-cover

∙കറുത്ത നർമം എന്നു പറയുന്ന ആന്റി ഹ്യൂമർ സുനുവിന്റെ മിക്ക കഥകളുടെയും അടിത്തറയായി പ്രവർത്തിക്കുന്നുവെന്നു തോന്നിയിട്ടുണ്ട്. സമൂഹ വിമർശനത്തിനും സ്വയം വിമർശനത്തിനുമുള്ള ഒരു ടൂൾ ആയി സുനു കഥകളിൽ നർമത്തെ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. ഇമ്രാന്റെയും ഹരിനാരായണന്റെയും അപ്പു മാഷിന്റെയും പത്മയുടെയും ജീവിതങ്ങളിലൂടെ കടന്നുപോകുമ്പോൾ ചിലയിടങ്ങളിൽ മനസ്സിൽ ചിരിയുയരുമെങ്കിലും അടുത്ത നിമിഷം തന്നെയതു കടുത്ത ജീവിത യാഥാർഥ്യങ്ങളുടെ നീരാവിയേറ്റു വറ്റിപ്പോകുകയും ചെയ്യും. നർമം എങ്ങനെയാണു സുനു കഥകളിൽ കൈകാര്യം ചെയ്യുന്നത്?

പറയാനുള്ള കാര്യങ്ങൾ ഏറ്റവും സേഫ് ആയി കമ്യൂണിക്കേറ്റ് ചെയ്യാൻ കഴിയുന്നതു നർമത്തിലൂടെയാണെന്നു തോന്നിയിട്ടുണ്ട്. ചിരിയിൽ പൊതിഞ്ഞു നമുക്കൊരാളെ തെറി വരെ വിളിക്കാം. കഥ എഴുതുന്നതു നാലു പേരു വായിക്കാൻ കൂടിയാകുമ്പോൾ ആദ്യാവസാനം വരെ വായനക്കാരെ പിടിച്ചിരുത്തേണ്ട ഉത്തരവാദിത്തം കൂടി എഴുത്തുകാരനുണ്ട്. അതിനു പറ്റിയ ടൂൾ എന്ന നിലയ്ക്കും നർമം ബോധപൂർവം കഥകളിലേക്കു കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. 

∙‘അബൂബക്കർ അടപ്രഥമ’നിലെ ആഖ്യാതാവ് ഹരിനാരായണൻ ഒരു പരസ്യ കമ്പനിയിൽ കോപ്പി റൈറ്ററാണ്; സുനുവിനേപ്പോലെ തന്നെ. കരിയർ സുനുവിന്റെ എഴുത്തിനെ എങ്ങനെയാണു സ്വാധീനിക്കുന്നത്?

ജേണലിസം പഠിക്കുമ്പോൾ ഒരു മൊഡ്യൂൾ അഡ്വർടൈസിങ്ങിനെക്കുറിച്ചു പഠിച്ചിട്ടുണ്ട് എന്നല്ലാതെ ഈ മേഖലയെക്കുറിച്ചു വലിയ ധാരണ തുടക്കത്തിൽ ഇല്ലായിരുന്നു. കൊച്ചി മൈത്രിയിൽ (ജോലി ചെയ്യുന്ന സ്ഥാപനം) എത്തിച്ചേർന്ന ശേഷമാണു പഠിച്ചതും കണ്ടതുമൊന്നുമല്ല പരസ്യം എന്നു മനസ്സിലാകുന്നത്.  ചുരുക്കിയെഴുത്താണു പരസ്യത്തിന്റെ ഭാഷ. പറയേണ്ട കാര്യങ്ങൾ ഏറ്റവും കുറിയ വാക്കുകളിൽ, രസകരമായി ജനങ്ങളിലേക്കെത്തിക്കണം. വാക്കുകൾക്കിടയിലുള്ള ഈ കൊഴുപ്പ് കുറയ്ക്കൽ പരിപാടി കഥയെഴുത്തിലും പിന്തുടരാൻ ഞാൻ ശ്രമിക്കാറുണ്ട്. അതുകൊണ്ടാകണം എന്റെ ഭൂരിഭാഗം കഥകളുടെയും വലുപ്പം കുറഞ്ഞുപോയത്. ഇപ്പോൾ നാലു വർഷം കഴിഞ്ഞു പരസ്യമേഖലയിൽ. എന്നിട്ടുകൂടി, ഈയടുത്താണ് എന്റെ അമ്മയ്ക്ക് എന്താണു മോന്റെ പണി എന്നു കുറച്ചെങ്കിലും മനസ്സിലായത്. ഒരു സംഭവം പറയാം. ഒരു ദിവസം ആശുപത്രിയിൽ പോയി വരുന്ന വഴി അമ്മയ്ക്കു ഞാൻ കോപ്പി എഴുതിയ ഒരു ഹോർഡിങ് കാണിച്ചു കൊടുക്കുകയുണ്ടായി. ‘‘അപ്പൊ നിനക്ക് ഫ്ലെക്സ് അടിക്കലാണോ എറണാകുളത്ത് പണി’’ എന്നായിരുന്നു പുള്ളിക്കാരിയുടെ ചോദ്യം. യാത്ര ചെയ്യുന്നതിനിടെ നമ്മൾ എഴുതിയത് ഹോർഡിങ്ങിൽ കാണുമ്പോഴും ടിവി കണ്ടു ചോറുണ്ണുമ്പോൾ നമ്മുടെ സ്ക്രിപ്റ്റ്  കൊമേഴ്‌സ്യൽ ആയി പ്രത്യക്ഷപ്പെടുമ്പോഴും പത്രത്തിൽ ഫുൾ പേജ് പ്രിന്റ് ആഡ് വരുമ്പോഴുമൊക്കെ ഞാൻ അനുഭവിക്കുന്ന കിക്ക് പാവം അമ്മയ്ക്കുണ്ടോ മനസ്സിലാകുന്നു. എന്തായാലും ഈ കരിയർ നന്നായി എൻജോയ് ചെയ്യുന്നു. ശ്രദ്ധിക്കപ്പെട്ട പല ക്യാംപെയ്നുകളുടെയും ഭാഗമാകാൻ ഇതിനോടകം സാധിച്ചു. ‘അബൂബക്കർ അടപ്രഥമൻ’ എന്ന കഥയുടെ ത്രെഡ് കിട്ടുന്നതും ഈ പ്രഫഷനിൽ നിന്നുതന്നെ.

∙‘നാട്ടുകാരെന്നു പറയാൻ സാധിക്കില്ല, നാട് അവരുടേതു മാത്രമാണെന്നു വിശ്വസിക്കുന്ന ചിലരാണു കത്തിച്ചത്’. ‘ശീതയുദ്ധ’ത്തിലെ ആനന്ദൻ പറയുന്ന ഈ വാക്കുകൾ സുനുവിന്റെ ഏറ്റവും തീക്ഷ്ണതയേറിയ രാഷ്ട്രീയ പ്രസ്താവമാണെന്നു കരുതുന്നു. കഥകളിലെ രാഷ്ട്രീയത്തിന്റെ അളവ് എത്ര വരെയാകാം? കഥാകൃത്തിന്റെ രാഷ്ട്രീയം കഥകളിൽ എത്ര വരെയാകാം?

ഷോർട് ഫിലിം ചെയ്യാൻ വേണ്ടി സ്ക്രിപ്റ്റ് ചെയ്ത ശേഷം കോവിഡ് പണി തന്നതോടെ സ്ക്രിപ്റ്റ് പൊളിച്ചു കഥയായി പരുവപ്പെടുത്തിയതാണു ‘ശീതയുദ്ധം’. അത്യാവശ്യം ശ്രദ്ധിക്കപ്പെട്ട കഥ എന്നതിനേക്കാൾ അതിനു ലഭിച്ച രാഷ്ട്രീയ വായനകളാണ് ഏറെ സന്തോഷിപ്പിച്ചത്. നമ്മൾ ജീവിക്കുന്നത് ദേവേന്ദ്രന്റെ സ്വർഗത്തിലൊന്നുമല്ലാത്ത പക്ഷം കഥകളിൽ രാഷ്ട്രീയം പറയണം എന്നു തന്നെയാണ് എന്റെ അഭിപ്രായം. എന്നുവെച്ചു മുഴച്ചു നിൽക്കുന്നമാതിരി അതു കുത്തിത്തിരുകണം എന്നല്ല കേട്ടോ. വെറുതെയൊന്നു കണ്ണുതുറന്നു ചുറ്റും നോക്കിയാൽ പൊള്ളത്തരങ്ങളുടെ കൂമ്പാരം കാണാൻ കഴിയുന്ന ഇക്കാലത്ത് അരാഷ്ട്രീയവാദിയായിരിക്കുന്നത് അങ്ങേയറ്റം അപകടവും പൊട്ടത്തരവുമാണെന്നു ഞാൻ വിശ്വസിക്കുന്നു. രാഷ്ട്രീയ ബോധമുള്ള ഒരു എഴുത്തുകാരന് അവന്റെ രാഷ്ട്രീയം പ്രകടമാക്കാനുള്ള മാധ്യമമായി കഥയെ സമീപിക്കുന്നതുകൊണ്ടു യാതൊരു തെറ്റുമില്ലെന്നും കരുതുന്നു.

∙‘സ്വിച്ചിടുമ്പോൾ പ്ലേറ്റിൽ നിറയുന്നതല്ല ചോറ്’ എന്നു സുനു ഫെയ്സ്ബുക്കിൽ എഴുതുന്നതും ‘അടപ്രഥമനുണ്ടാക്കുന്നിടത്ത് അബൂബക്കറിനെന്തു കാര്യമെന്നവർ ഉറപ്പായും ചോദിക്കും സർ’ എന്നു കഥയിൽ എഴുതുന്നതും തമ്മിൽ ജാഗ്രത്തായൊരു മനസ്സിന്റെ പാലം വഴി ബന്ധിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ പൂച്ച ആയാലും ആപ്പിൾ ആയാലും ശീതയുദ്ധം ആയാലും കൃത്യമായ സാമൂഹിക നിരീക്ഷണം വരികൾക്കിടയിൽ തെളിഞ്ഞു കാണാം. ചുറ്റുപാടുകളിൽ സംഭവിക്കുന്നതു സ്വാഭാവികമായി കഥയിലേക്കു പരിണമിക്കപ്പെടുകയാണോ?

കഥയെഴുതാനുള്ള വിഷയങ്ങൾക്കു വേണ്ടി മാത്രം സമൂഹത്തെ നിരീക്ഷിക്കുന്ന ആളല്ല ഞാൻ എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ. അതിനേക്കാൾ, സാമൂഹിക നിരീക്ഷണം ഒരു ഉത്തരവാദിത്തമായി ഞാൻ കണക്കാകുന്നു. അത് ആസ്വദിക്കുന്നു. ചുറ്റും എന്തു നടക്കുന്നു എന്നറിയാനുള്ള ആകാംക്ഷയാണ് എന്നെ മുന്നോട്ടു നടത്തിക്കുന്നത്. ആ ആകാംക്ഷയുടെ പുറകേ ഞാൻ സഞ്ചരിക്കുന്നതു കഥയെഴുത്ത് മനസ്സിൽ വച്ചുകൊണ്ടുമല്ല. പിന്നീട്, ഒരു ത്രെഡ് കിട്ടിക്കഴിഞ്ഞ ശേഷം എഴുതാനിരിക്കുമ്പോൾ കണ്ടതും അറിഞ്ഞതുമായ കാര്യങ്ങൾ യാന്ത്രികമായി മനസ്സിൽ തെളിയുകയാണു ചെയ്യാറുള്ളത്. അതു പല ലെയറുകളായി കഥയിൽ ചേരുകയും ചെയ്യുന്നു.

∙കണ്ണൂരിലെ ജീവിതം, പഠനകാലം എഴുത്തിനെ ഏതെല്ലാം വിധത്തിൽ സ്വാധീനിച്ചിട്ടുണ്ട്? അതിനുശേഷം തീർത്തും വ്യത്യസ്ത സ്വഭാവമുള്ള മെട്രോ നഗരമായ കൊച്ചിയിലെ ജീവിതവും തൊഴിലെടുക്കലും എങ്ങനെ ചിന്തകളെയും എഴുത്തിനെയും സ്വാധീനിക്കുന്നു?

നേരത്തേ പറഞ്ഞല്ലോ, ഞാൻ എഴുതുന്നു എന്നു പറഞ്ഞപ്പോൾ ഭൂരിഭാഗം പേർക്കും അദ്ഭുതമായിരുന്നു എന്ന്. അവരിൽ പ്രധാനികൾ നാട്ടിലെയും പഠനകാലത്തെയും സുഹൃത്തുക്കളാണ്. ‘അലസിപ്പിക്കാൻ വേണ്ടി ഗർഭം ധരിക്കുന്നതു പോലെയാണ് ഒരുകാലത്തെ എന്റെ എഴുത്തുകളൊക്കെയും’ എന്ന് ഇന്ത്യൻ പൂച്ചയുടെ ആമുഖത്തിൽ ഞാൻ എഴുതിയിട്ടുണ്ട്. ആ കാലത്ത് എഴുത്തുകാരൻ ലുക്കിൽ എന്നെ സങ്കൽപിച്ചപ്പോഴൊക്കെ പരാജയപ്പെടുകയാണുണ്ടായത്. ഇതെനിക്കു ചേരുന്ന കുപ്പായമല്ലെന്ന തോന്നൽ അന്ന് എന്നിൽ ഉറച്ചിരുന്നു. പന്തിനു പുറകെ ഓടുന്ന, ക്ലാസിൽ കയറാത്ത, തെയ്യക്കാവുകളിലും തിയറ്ററുകളിലും കറങ്ങുന്ന, എപ്പോഴും സൗഹൃദങ്ങൾക്കിടയിൽ കുടുങ്ങി നടക്കുന്ന എന്നെ മാത്രമാണു കണ്ണൂർ കണ്ടിട്ടുണ്ടായിരുന്നത്. പറിച്ചുനടാൻ കഴിയാത്ത അത്രയും ആഴത്തിൽ നാടുമായും കോളജുമായും അറ്റാച്ഡ് ആയിരുന്ന അതേ ഞാനാണ് പിന്നീടു കൊച്ചിയിൽ എത്തുന്നത്. സത്യത്തിൽ അതിനുശേഷമാണു ഞാൻ എന്റെ നാടിനെ തിരിഞ്ഞു നോക്കുന്നത്. കടന്നുവന്ന വഴികളിലെമ്പാടും കഥകളായിരുന്നു എന്ന് മനസ്സിലാക്കുന്നത്. കൊച്ചി ജീവിതവും ‘കളിവീട്’ എന്നു ഞങ്ങൾ വിളിക്കുന്ന വാടക വീടും എന്നെ മറ്റൊരു രീതിയിൽ പരുവപ്പെടുത്തുകയായിരുന്നു. ആവശ്യത്തിലധികം സ്വപ്നങ്ങളും അതിലേറെ ദാരിദ്ര്യവും നിറഞ്ഞ രാത്രികളിൽ കൊച്ചി എന്നെക്കൊണ്ട് എഴുതിപ്പിക്കുക തന്നെ ചെയ്തു. അതിനാൽ കണ്ണൂരിനെ വറ്റാത്ത മഷിയുള്ളൊരു പേനയായും കൊച്ചിയെ പേജുകൾ തീരാത്തൊരു ഡയറിയായും കണ്ടു ഞാൻ ഹൃദയത്തോടു ചേർക്കുന്നു. 

∙ഈജിപ്ഷ്യൻ മമ്മിയിലെ രാമൻകട ഉടമ്പടി പോലെ ചില നിയമങ്ങൾ സുനു തന്റെ കഥാപാത്രങ്ങൾക്കായി വരച്ചിടാറുണ്ട്. ഭാര്യ മരിച്ചു കിടക്കുമ്പോൾ ഭർത്താവ് അനുസരിക്കേണ്ട നിയമങ്ങളെക്കുറിച്ചു പരാദം എന്ന കഥയുടെ തുടക്കത്തിൽ പറയുന്നുമുണ്ട്. ഇന്ത്യൻ പൂച്ചയിലെ ഇന്ത്യക്കാരും പാക്കിസ്ഥാൻകാരും താമസിക്കുന്ന ഇരുമുറികളിലെ ലംഘിക്കരുതാത്ത അതിർത്തി പോലെയുള്ളവ. അബൂബക്കർ അടപ്രഥമനിലെ ഭക്ഷണമുണ്ടാക്കുന്നതിലെ അവകാശനിയമങ്ങൾ. മാനവികത നഷ്ടപ്പെട്ട നിയമങ്ങളിലൂടെയാണു സമൂഹം മനുഷ്യരെ വരിഞ്ഞുമുറുക്കിയിരിക്കുന്നതെന്നു സ്ഥാപിക്കുന്നു സുനുവിന്റെ കഥകൾ; അവ ലംഘിച്ചേ നമുക്കു വളരാനാകൂയെന്നും. അതാണോ കഥാകൃത്തിന്റെ മനസ്സിലും?

അതെ. ചില നിയമങ്ങൾ, സമൂഹത്തെ ബഹുകാതം പിറകിലേക്കു വലിക്കുന്ന പൊതുബോധങ്ങൾ തുടങ്ങിയവ എഴുതിവച്ച ബോർഡ് പൊട്ടിച്ചെറിയുകയാണു ഞാനുൾപ്പെടുന്ന യുവതലമുറ ചെയ്യേണ്ടത്. അല്ലാതെ അതു പൊടിതുടച്ചു പെയിന്റ് അടിച്ചു പിന്നെയും തൂക്കാൻ തുനിഞ്ഞാൽ സമൂഹത്തിന്റെ വളർച്ച മുരടിക്കുക തന്നെ ചെയ്യും. ഓരോ ദിവസവും മുളച്ചു പൊങ്ങുന്ന വാർത്തകൾ ശ്രദ്ധിച്ചാൽത്തന്നെ നമുക്കതു മനസ്സിലാകും. 

∙വെളുത്തുള്ളിയും ആപ്പിളും അടപ്രഥമനും ബ്രഡും ബിരിയാണിയുമെല്ലാം സുനുവിന്റെ കഥകളിൽ വിശപ്പിന്റെ രാഷ്ട്രീയമാണു പറയുന്നത്. അതു വെറും വിശപ്പല്ല, പല അടരുകളുള്ള ഇന്ത്യൻ വിശപ്പാണ്. ഭക്ഷണത്തിലൂടെ ബോധപൂർവം സൃഷ്ടിക്കപ്പെടുന്ന സാമൂഹിക വിവേചനങ്ങളെപ്പറ്റിയുള്ള ധാരണയിൽ നിന്നാണോ ഈ കഥാപരിസരങ്ങളുടെ പിറവി?

ഒരു അനുഭവം പറയാം. പഠിക്കുന്ന സമയത്ത് ഒരുനാൾ കാറ്ററിങ്ങിനു പോയിരുന്നു. അന്ന് ഏതോ ഒരു വിഭവം - പേരു മറന്നു, ഇലയിൽ വിളമ്പിയത് യഥാർഥ സ്ഥാനത്തല്ല എന്നു പറഞ്ഞ് ഒരാൾ എഴുന്നേറ്റു പോവുകയുണ്ടായി (അത്ര പ്രായമുള്ള മനുഷ്യനൊന്നുമല്ല). അന്നു മാറി നിന്നു ഞങ്ങൾ കുറേ ചിരിച്ചു. ഇപ്പോൾ ആ സംഭവം ആലോചിക്കുമ്പോൾ, രണ്ടു പേരു കഴിക്കുന്ന ഭക്ഷണത്തിൽ മാത്രം അല്ല, ഒരേ ഇലയിൽ വിളമ്പുന്ന ഭക്ഷണത്തിൽ പോലും വിവേചനം ഉണ്ടെന്നു തോന്നിപ്പോവുകയാണ്. ചിലപ്പോൾ അദ്ദേഹത്തിന്റെ വയറിനകത്ത് ഓരോ തരം ഭക്ഷണവും സ്വീകരിക്കാൻ പ്രത്യേകം പ്രത്യേകം സ്പേസ് ഉണ്ടായിരിക്കും... അറിഞ്ഞൂടാ... ഇനി ആരെങ്കിലും മേൽപറഞ്ഞതിന്റെ ചരിത്രവും പുരാണവും പറഞ്ഞ് എന്നെ കുരിശിലേറ്റാൻ വരികയാണെങ്കിൽ അവരോടു ഞാൻ മുൻകൂറായി തൊണ്ടിമുതലിലെ ഫഹദ് ഫാസിലിന്റെ ഡയലോഗ് സ്നേഹപൂർവം പറയുന്നു: ‘‘വിശപ്പാണല്ലോ സാറേ...’’.

sanu-a-v-book-indian-poocha-author

∙സുനു സമീപകാലത്തു വായിച്ച കഥകളിൽ ഇഷ്ടപ്പെട്ടവ ഏതൊക്കെയാണ്? സുനു ഉൾപ്പെടുന്ന മലയാള പുതുകഥ എവിടെ എത്തി നിൽക്കുന്നു? എന്തൊക്കെയാണ് അതിന്റെ പ്രത്യേകതകൾ? മുൻതലമുറയിൽനിന്ന് അത് ഏതൊക്കെ തരത്തിൽ വ്യത്യസ്തപ്പെട്ടിരിക്കുന്നു? സമകാലികരിൽ ആരൊയൊക്കെയാണു പ്രതീക്ഷയോടെ കാണുന്നത്?

പല കാരണങ്ങൾ കൊണ്ടും വായന ഇപ്പോൾ പൊടിക്കു കുറവാണ്. അതിനാൽ അടുത്തിടെ ഇറങ്ങിയ പല നല്ല കഥകളുടെയും പേരുകൾ വിട്ടുപോയേക്കാം. ഏറ്റവും അവസാനം വായിച്ച ഒറ്റക്കഥ നീലിമദത്തയാണ്. വല്ലാതെ മനസ്സിൽ കൊളുത്തിപ്പിടിച്ചൊരു കഥയായിരുന്നു അത്. ചില നേരങ്ങളിൽ ചിലർ, പൊറള്, പൂക്കാരൻ, മന്ദാക്രാന്താ മദനതതഗം, അപസർപ്പകൻ, ഇരുപത്തിനാലാമത്തവൻ, പെണ്ണ് ചത്തവന്റെ പതിനേഴാം ദിവസം, റൂറൽ മറഡോണ തുടങ്ങിയ കഥകളും ഈയടുത്തു വായിച്ചതിൽ വളരെ ഇഷ്ടമായതാണ്. അതുപോലെ ഇന്ദുഗോപൻ ചേട്ടന്റെ കഥകളുടെ കട്ട ഫാൻ ആണ് ഞാൻ. കഥയെഴുത്തിൽ പ്രചോദനമായ സീനിയേഴ്‌സ് ഒട്ടേറെയുള്ളതിനാൽ എല്ലാവരുടെയും പേരെടുത്ത് പറയാൻ മുതിരുന്നില്ല. ഏറ്റവും പുതിയ എഴുത്തുകാരിൽ സിവിക് ജോൺ, ഡിപി. അഭിജിത്, അമൽരാജ്, അഖിൽ എസ്. മുരളീധരൻ, രാഹുൽ മണപ്പാട്ട്, അഖിൽ കെ., ഡിന്നു, സലീം ഷെരീഫ്, ഫർസാന അലി തുടങ്ങിയവരൊക്കെ ഉഗ്രൻ കഥകളെഴുതി ഞെട്ടിച്ചവരാണ്.

English Summary : Puthuvakku column written by Ajish Muraleedharan - Talk with writer Sunu A. V

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com