ADVERTISEMENT

നോവലില്‍ പ്രവചിച്ച പല കാര്യങ്ങളും കണ്‍മുന്നില്‍ യാഥാര്‍ഥ്യമായതോടെ പ്രസിദ്ധീകരിക്കുന്നതിനു മുമ്പു തന്നെ മാറ്റം വരുത്തേണ്ട ഗതികേട് ഭാവനാസൃഷ്ടിയല്ല; യാഥാര്‍ഥ്യം. ക്രിസ്റ്റീന സ്വീനി ബെയേര്‍ഡ് എന്ന 

ഇംഗ്ലിഷ് നോവലിസ്റ്റിനാണു നോവല്‍ പ്രസിദ്ധീകരിക്കുന്നതിനു മുമ്പു തന്നെ അപൂര്‍വമായ ആഹ്ലാദവും കഠിനമായ വിഷാദവും അനുഭവിക്കേണ്ടിവന്നത്. 2019 ല്‍ പൂര്‍ത്തിയാക്കിയ ഭാവി പ്രവചിക്കുന്ന ‘ദ് 

എന്‍ഡ് ഓഫ് മെന്‍’ എന്ന നോവലാണ് കോവിഡിനു മുന്‍പു തന്നെ മഹാവ്യാധി പ്രവചിച്ചതിലൂടെ ശ്രദ്ധേയമായത്. 

 

ഈനാംപേച്ചിയില്‍ നിന്നു മനുഷ്യരിലേക്കു വ്യാപിക്കുന്ന ഒരു വൈറസ്. ആശങ്കയും മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍. ദുരന്തം തിരിച്ചറിഞ്ഞ് ആവശ്യമായ മുന്‍കരുതല്‍ എടുക്കാന്‍ വൈകിയ രാജ്യങ്ങള്‍. നിറയെ യാത്രക്കാരുമായി ലക്ഷ്യസ്ഥാനത്ത് എത്തിയിട്ടും തീരത്ത് ഇറങ്ങാന്‍ അനുമതി ലഭിക്കാത്ത കപ്പല്‍....  ഇവയെല്ലാം ലോകം യഥാര്‍ഥത്തില്‍ അനുഭവിക്കുന്നതിനുമുന്‍പു തന്നെ ക്രിസ്റ്റീന എഴുതി. 2018 സെപ്റ്റംബറിലാണ് നോവലിന്റെ രചന തുടങ്ങുന്നത്. 2019 ഡിസംബറില്‍ രചന പൂര്‍ത്തിയാക്കി. എന്നാല്‍ പ്രസാധകര്‍ക്കും കൈമാറാനും നോവല്‍ വായനക്കാരില്‍ എത്താനും വൈകി. അപ്പോഴേക്കും നോവലില്‍ പ്രവചിച്ച പലതും സംഭവിച്ചുകഴിഞ്ഞിരുന്നു. 

 

‘ദ് എന്‍ഡ് ഓഫ് മെന്‍’ ഭാവികാലത്തെക്കുറിച്ചുള്ള നോവലാണ്. 2025 മുതല്‍ 2031 വരെയുള്ള ലോകഗതി. എന്നാല്‍ കാലം തെറ്റി, കാലം എത്തും മുന്‍പേ ഭാവന യാഥാര്‍ഥ്യമായതോടെ എന്തു ചെയ്യണം എന്നറിയാത്ത 

അവസ്ഥയിലായി ക്രിസ്റ്റീനയും പ്രസാധകരും. 

 

വൈറസ് ആയിരുന്നില്ല ക്രിസ്റ്റീനയുടെ നോവലിന്റെ പ്രധാന പ്രമേയം. പുരുഷന്‍മാരില്ലാത്ത സ്ത്രീകള്‍ മാത്രമുള്ള ലോകം. നോവലിലെ വൈറസ് സ്ത്രീകളെ ബാധിക്കുന്നതേയില്ല. 90 ശതമാനം പുരുഷന്‍മാരെയും 

ബാധിക്കുകയും ആക്രമിച്ച് ഇല്ലാതാക്കുകയും ചെയ്യുന്നു. പുരുഷന്‍മാര്‍ ഇല്ലാതാകുന്നതോടെ രാജ്യത്തെ പാര്‍ലമെന്റിന് എന്തു സംഭവിക്കും എന്നു നോവലില്‍ പറയുന്നുണ്ട്. കാമുകന്‍മാരില്ലാത്ത രാജ്യം. കുട്ടികളെ നോക്കാന്‍ സ്ത്രീകള്‍ മാത്രം. 

 

പ്രസിദ്ധീകരണത്തിനു മുന്‍പു നോവല്‍ വായിച്ച പ്രസാധകര്‍ ഒടുവില്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു. ഈനാംപേച്ചിയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. യഥാര്‍ഥ ലോകത്തു നിന്നും നോവലിസ്റ്റ് കടമെടുത്തതെന്നു വായനക്കാര്‍ തെറ്റിധരിക്കാതിരിക്കാന്‍. 

 

രാജ്യത്തെ ഗ്രസിച്ച വൈറസിനു മരുന്ന് കണ്ടുപിടിക്കാന്‍ നടക്കുന്ന ശ്രമങ്ങളും നോവലിലുണ്ട്. എന്നാല്‍ ഇത്ര പെട്ടെന്ന് യഥാര്‍ഥത്തില്‍ വൈറസ് സൃഷ്ടിക്കപ്പെടുമെന്ന് ക്രീസ്റ്റീന വിചാരിച്ചില്ല. അവിടെ ഭാവന 

തോല്‍ക്കുകയും ശാസ്ത്രപ്രതിഭ വിജയിക്കുകയും ചെയ്തു. 

 

2020 ഫെബ്രുവരിയിലാണ് പ്രസാധകര്‍ക്ക് ക്രിസ്റ്റീന നോവല്‍ കൈമാറുന്നത്. മാര്‍ച്ച് ആയപ്പോഴേക്കും നോവലിസ്റ്റിനു കോവിഡ് ബാധിച്ചിരുന്നു. കയ്യെഴുത്തുപ്രതിയിലൂടെ പ്രസാധകര്‍ കടന്നുപോകുമ്പോള്‍ 

ചുമച്ചു കഷ്ടപ്പെടുകയായിരുന്നു നോവലിസ്റ്റ്.  വൈറസ് പരത്തുന്നത് കുരങ്ങുകളില്‍ നിന്നാണെന്ന മാറ്റവും നോവലില്‍ വരുത്തി. 2025 ല്‍ തുടങ്ങുന്ന നോവലില്‍ കോവിഡിനെക്കുറിച്ചുള്ള ഒരു പരാമര്‍ശവും 

വേണ്ടെന്നും അവര്‍ തീരുമാനിച്ചു. ഒടുവില്‍ നോവല്‍ പുറത്തുവന്നപ്പോള്‍ രണ്ടാം തരംഗത്തിന്റെ കഷ്ടപ്പാടുകളില്‍ ലോകം. 

 

ക്രിസ്റ്റീന ഇപ്പോള്‍ ആഗ്രഹിക്കുന്നത് ഒന്നേയുള്ളൂ. നോവലില്‍ പ്രവചിച്ചതൊന്നും യാഥാര്‍ഥ്യമാകരുതേ എന്ന്. അതൊന്നും ചിന്തിക്കാന്‍ പോലും അശക്തയാണ് അവര്‍ ഇപ്പോള്‍; ലോകവും.

 

English Summary: The End of Men written by Christina Sweeney Baird 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com