ADVERTISEMENT

മാഞ്ചസ്റ്ററിലെ തന്റെ വസതിയിൽ ഇരുന്ന് ജിനേഷ് മടപ്പള്ളിയുടെ അകാലനഷ്ടത്തിൽ അനുശോചനം രേഖപ്പെടുത്തിയ ഖ്വൈസ്ര ഷഹറാസ് വിഷാദ രോഗത്തിലൂടെ കടന്നു പോവുന്ന കവിജീവിതങ്ങളോട് അനുതാപം പ്രകടിപ്പിച്ചു. ജിനേഷിന്റെ മാതൃവിയോഗത്തെക്കുറിച്ച് പരാമർശിക്കുമ്പോൾ തന്റെ സ്വന്തം ജീവിതത്തിൽ അമ്മയുടെ മരണം സൃഷ്ടിച്ച വേദനയും അവർ ഓർത്തു.  

 

‘‘കാലം മുറിവുകളെ സുഖപ്പെടുത്തുമെങ്കിലും ചില നഷ്ടങ്ങൾ മായാതെ കിടക്കും. അത്തരം നഷ്ടങ്ങൾ ചിലപ്പോൾ നല്ല സാഹിത്യത്തിന് സ്രോതസ്സായും മാറിയിട്ടുണ്ട്. എഴുത്തുകാരി എന്ന നിലയിൽ സാഹിത്യം എന്ന വരദാനത്തെ ഏറ്റവും സ്വാതന്ത്ര്യത്തോടെ അറിയുന്നവരിൽ ഒരാളാണ് ഞാൻ. എന്റെ നാട്ടിലെ  മുഷായിറകളിലൂടെ ഞാൻ പരിചയിച്ച കവിതകളാണ് ഏറ്റവും മുന്തിയ അനുഭവങ്ങളിൽ ഒന്നായി സാഹിത്യാനുഭവത്തെ കാണാൻ തന്നെ സഹായിച്ചത്.’’

എന്നും അവർ കൂട്ടിച്ചേർത്തു. 

 

‘‘ചിരിക്കാനും കരയാനും പ്രേമിക്കാനും ശക്തമായി വൈകാരിക ഭാവങ്ങൾ പ്രകാശിപ്പിക്കാനും മനുഷ്യർക്ക് കവിത വേണം. സാഹിത്യം നമ്മളെ മനുഷ്യർ എന്ന നിലയിൽ അതിരുകൾക്ക് പുറമേ കൊളുത്തിയിടുന്നുണ്ട്. ഇന്ത്യയിൽ വരുമ്പോൾ കേരളത്തിൽ താമസിക്കാനാണ് കൂടുതൽ പ്രിയം. അവിടുത്തെ ജനങ്ങളുടേയും ഇടങ്ങളുടേയും വസ്തുക്കളുടേയും ഇമ്പം കവിതയിലേക്ക് ഒരുവളെ കൂടുതൽ അടുപ്പിക്കുന്നു. നൂറു ശതമാനം സാക്ഷരത നേടിയതിൽ കേരളത്തിന് ഒരുപാട് അഭിനന്ദനങ്ങൾ. ഒരു വിദ്യാഭ്യാസ പ്രവർത്തക എന്ന നിലയ്ക്ക് ഈ അപൂർവ്വ നേട്ടത്തെ അടുത്തു പഠിക്കേണ്ടിയിരിക്കുന്നു. കേരളം പല അർത്ഥത്തിലും എന്റെ ആത്മീയവും സാഹിത്യ ഭാവുകത്വപരവുമായ ഒരു അഭയഗേഹമാണ്. അപരവൽക്കരണവും അന്യവത്കരണവും സ്വഭാവമെന്ന പോലെ മാറിക്കഴിഞ്ഞ ഒരു ലോകത്ത് ഇത്തരം അഭയങ്ങൾ അതിപ്രധാനമാണ്. എന്റെ പുതിയ മുദ്രാവാകം ‘വെറുപ്പ് മാറ്റിവെക്കൂ, മധുരം പങ്കുവെക്കൂ’ എന്നാണ്. ഈ യുവകവിയുടെ അനുസ്മരണത്തിൽ സംസാരിക്കാൻ ഒരു ബ്രിട്ടീഷ് മുസ്ലിം കവിയായ എന്നെ ക്ഷണിച്ചതിന് സംഘാടകർക്ക് സ്നേഹം.’’

 

വിൽഫ്രഡ് ഒവന്റെ ‘ക്ഷയോന്മുഖമായ യുവതയ്ക്ക് ഒരു ആഹ്വാനഗീതം’ എന്ന കവിതയും തന്റെ സ്വന്തം സമാഹാരത്തിലെ ഏതാനും കവിതകളും അവതരിപ്പിച്ച് ഖ്വൈസ്ര ഷഹറാസ് തന്റെ ഭാഷണം ഉപസംഹരിച്ചു.

 

(പരിഭാഷ – ഡോ. ഡോ.അരുൺലാൽ മൊകേരി)

 

English Summary: Qaisra Shahraz Speaks on Jinesh Madappally Remembrance Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com