എഴുത്തുകാരന്റെ പിറവിയും വിവർത്തകന്റെ ഭാവനയും

Thomas Mann
തോമസ് മാൻ
SHARE

ഫിലിപ് ഗബ്രിയേൽ വിവർത്തനം ചെയ്ത മുറകാമിയുടെ On a Stone Pillow എന്ന കഥയിലെ People age in the blink of an eye എന്ന വാക്യം, പടവുകളിൽ കാലിടറിയപ്പോൾ, മനസ്സിലേക്കു വന്നു. കഴിഞ്ഞദിവസമാണു വായനയ്ക്കിടെ നോട്ട്ബുക്കിലേക്ക് ആ വാക്യം പകർത്തിയത്. അതിനു താഴെ, ആ വാക്യത്തിൽനിന്നു ഞാൻ പോയ ചിന്താസ്ഥലങ്ങളും എഴുതി, കണ്ണുചിമ്മുമ്പോഴേക്കും മനുഷ്യർക്കു പ്രായമേറുന്നു, ജാപ്പനീസിലുള്ളത് ഇംഗ്ലിഷിൽ വായിച്ച് മലയാളത്തിൽ പകരുമ്പോൾ സംഭവിക്കുന്നതു തന്നെയാകുമോ ജപ്പാനിലും? അവർ ഈ വാക്യം വായിച്ചിട്ട് പുസ്തകം താഴെ വച്ച്, കണ്ണട ഊരി കണ്ണുകൾ തുടച്ചശേഷം വീണ്ടും കണ്ണട വച്ച് പുറത്തേക്കു  നോക്കുന്നു, അവർ ജനാലയ്ക്കരികെയാണ് ഇരിക്കുന്നതെങ്കിൽ പുറത്തെ സ്വരങ്ങൾ കേൾക്കാൻ തുടങ്ങുന്നു, പുറത്തെ വെളിച്ചവും നിഴലുകളും അറിയാൻ തുടങ്ങുന്നു, ഫ്ലാറ്റിലെ ഉയർന്ന നിലയിലാണെങ്കിൽ അകലെ അപാരനിശബ്ദമായ പർവതമോ സമുദ്രമോ കാണുന്നു, അതിനു താഴെ ബഹുനില കെട്ടിടങ്ങളുടെയും തുറമുഖങ്ങളുടെയും അടുക്കുകൾ കാണുന്നു. അപ്പോൾ ആ വാക്യത്തിലെ കണ്ണുചിമ്മൽ അറിയുന്നു, വർഷങ്ങൾ പോയതോർത്ത് അമ്പരക്കുന്നു, ഓർമകൾക്കും പല വർഷങ്ങൾക്കുമിടയിലെ ദൂരം കണക്കാക്കാനാവാതെ കുഴങ്ങുന്നു, കഥയിലേക്കു തിരിച്ചുപോകുന്നു.

2

എഴുത്തുകാരിൽ വിവർത്തകർക്കാണ് ഏറ്റവും കുറവ് പരിഗണന. അവരെ പകർത്തിയെഴുത്തുകാർ മാത്രമായാണു കണക്കുന്നത്. പ്രസാധകർ സാഹിത്യ വിവർത്തകന്റെ പേരു പുസ്തകത്തിന്റെ പുറംചട്ടയിൽ കൊടുക്കുന്ന പതിവുമില്ല. ലോകമെമ്പാടും ഇംഗ്ലിഷിലേക്കുള്ള വിവർത്തനങ്ങൾക്കു സമീപകാലത്തായി ചില പുരസ്കാരങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത് ആഹ്ലാദകരമാണ്. എന്നിട്ടും വിവർത്തനം സർഗാത്മക പ്രവൃത്തിയായി പരിഗണിക്കപ്പെടുന്നില്ല. മറ്റൊരു വശത്ത്, ഓരോ വിവർത്തകനും യഥാർഥ കൃതിയോടു നീതി കാണിച്ചില്ലെന്ന പേരിൽ ഭാഷാപരമോ ശൈലീപരമോ വ്യാകരണപരമോ ആയ പിഴവുകളുടെ പേരിൽ വലിയ വിമർശനം ഏറ്റുവാങ്ങുകയും ചെയ്യേണ്ടി വരുന്നു. കഴിഞ്ഞ നൂറ്റാണ്ടിൽ ലോകമെമ്പാടും വിവിധ ഭാഷകളിൽ ഗംഭീര വിവർത്തനങ്ങൾ നടന്നു. സോവിയറ്റ് യൂണിയനിലും കിഴക്കൻ യൂറോപ്പിലെയും ഏഷ്യയിലെയും മറ്റു സോഷ്യലിസ്റ്റ് പരീക്ഷണശാലകളിലും എഴുത്തുകാർ പ്രസിദ്ധീകരണവിലക്കുകൾ നേരിട്ടപ്പോൾ അവർ അതിനെ അതിജീവിച്ചത് വിവർത്തനങ്ങൾ ചെയ്തുകൊണ്ടായിരുന്നു. ഒന്നുകിൽ കുട്ടികളുടെ സാഹിത്യമെഴുതും, അല്ലെങ്കിൽ വിവർത്തനങ്ങൾ നടത്തും. സോവിയറ്റ് യൂണിയനിലെ പല എഴുത്തുകാരും അങ്ങനെയായിരുന്നു. പാസ്റ്റർനാക്ക് ഇത്തരത്തിൽ ഷെക്സ്പീയർ നാടകങ്ങളുടെ മികച്ച വിവർത്തനങ്ങളാണു റഷ്യയിലേക്കു നടത്തിയത്. ഹാംലെറ്റ് അങ്ങനെ അദ്ദേഹത്തിനു പ്രിയപ്പെട്ടവനായി. ഡോക്ടർ ഷിവാഗോയുടെ കവിതകളിൽ ഏറ്റവും മനോഹരമായ ഒന്ന് ഹാംലെറ്റിനെക്കുറിച്ചുള്ള കവിതയാണ്

3

വിവർത്തനത്തിന്റെ ന്യായവും അനുഭവവും വിവരിക്കുന്ന കെയ്റ്റ് ബ്രിഗ്സിന്റെ (Kate Briggs) ദിസ് ലിറ്റിൽ ആർട്ട് (This Little Art) ഒരുഭാഗത്ത് വിവർത്തനം മൈനർ ആർട്ട് ആണ് എന്നു വിശ്വസിക്കുന്നവർക്കുള്ള മറുപടി നൽകുന്നു. മറുവശത്തു റൊളാന്ദ് ബാർത്തിന്റെ വിവർത്തക എന്ന നിലയിലുള്ള അനുഭവം വിവരിക്കുന്നു. 1978-80 ൽ, മരണത്തിനു തൊട്ടുമുൻപുള്ള 2 വർഷങ്ങളിൽ,  റൊളാന്ദ് ബാർത് (Roland Barthes)  പാരിസിൽ നോവലിനെ സംബന്ധിച്ച് പ്രഭാഷണപരമ്പര നടത്തി. ഈ പ്രഭാഷണങ്ങളുടെയും സെമിനാർ നോട്ടുകളുടെയും വിവർത്തനം The Preparation of the Novel, How to live togther  എന്നീ രണ്ടു വോള്യമായി ഇംഗ്ലിഷിലേക്കു വിവർത്തനം നിർവഹിച്ച കെയ്റ്റ് ബ്രിഗ്സ്, തന്റെ ബാർത് അനുഭവത്തെ വായന, എഴുത്ത്, വിവർത്തനം, ജീവിതം എന്നീ മണ്ഡലങ്ങളുമായി ബന്ധിപ്പിക്കുന്നത് കൗതുകകരമാണ്. വിവർത്തകർ നീതിയും സഹാനുഭൂതിയും അർഹിക്കുന്നു എന്നു വാദിക്കുന്ന ഈ എസേ, സാഹിത്യവിവർത്തനങ്ങൾ ആസ്വദിക്കുന്നവർക്കും എഴുത്തുകാർക്കും ആഹ്ലാദവും പ്രചോദനവും പകരും.

തോമസ് മാനിന്റെ മാജിങ് മൗണ്ടൻ എന്ന കൃതിയെ കേന്ദ്രസ്ഥാനത്തു നിർത്തിയാണു ബാർത്തിന്റെ പ്രഭാഷണം ആരംഭിക്കുന്നത്. അറുപതുകളിൽ എഴുത്തുകാരന്റെ മരണം എന്ന കൃതിയിലൂടെ വിഖ്യാതനായ ബാർത് അല്ല 1970 കളുടെ ഒടുവിൽ ചെറുപ്രായക്കാരായ വിദ്യാർഥികളുടെ മുന്നിൽ വന്നു നിൽക്കുന്നത്. അമ്മയുടെ അകാലമരണത്തിന്റെ വേദനയിൽ നീറിപ്പിടഞ്ഞ ബാർത് പുതിയ ഒരു തുടക്കം ആഗ്രഹിക്കുന്നു. ഒരു നോവലെഴുതാൻ പദ്ധതിയിടുന്നു. അങ്ങനെയാണു നോവൽ രചനയുടെ രഹസ്യങ്ങൾ തിരയുന്ന, നോവൽ അനുഭവത്തിന്റെ മിസ്റ്ററിയിൽ അഭിരമിക്കുന്ന ആളായി ബാർത് വരുന്നത്. പഴയതെല്ലാം മറന്ന്, പുതിയൊരു പിറവിയിലേക്ക്, ചെറുപ്പക്കാരുടെ സദസ്സിനെ നോക്കി ബാർത് പറഞ്ഞു- I must make myself younger than I am. I must fling myself into the illusion that I am contemporary with young bodies present before me... അധ്യാപനത്തിന്റെ ഉള്ളിൽ ഇത്തരമൊരു ഫാന്റസി ഉണ്ട്, ബാർത് പറയുന്നു, വർഷം തോറും എത്തുന്ന ചെറുപ്പക്കാർക്കു മുൻപാകെ പുതിയൊരു ആളായി, ഏറ്റവും പുതിയ മനുഷ്യനായി പരിവർത്തനം ചെയ്യാനുള്ള തീവ്രമായ ആഗ്രഹം.

4

ബാർത്തിന്റെ ഒരു ചോദ്യം വളരെ രസകരമാണ്, എന്തുകൊണ്ടാണ് എല്ലാ വായനക്കാരും എഴുത്തുകാരാകാൻ ശ്രമിക്കാത്തത്, വായിക്കുന്ന ഒരാൾ, അതിഷ്ടപ്പെട്ടാൽ അതു സ്വയം ചെയ്തു നോക്കാൻ ശ്രമിക്കേണ്ടതാണ്; താൻ വായിച്ചത് അത്രമേൽ ഇഷ്ടമാകുന്നുവെങ്കിൽ. എഴുത്തിന്റെ സവിശേഷത തന്നെ അതാണല്ലോ. ഒരു അവസ്ഥയിൽനിന്ന് മറ്റൊരു അവസ്ഥയിലേക്കു തനിക്കു പരിണാമം സംഭവിക്കുന്നതിനെ ഒരാൾ സങ്കൽപിക്കുന്നില്ല എങ്കിൽ, ഒരിക്കൽ ഞാൻ എഴുത്തുകാരനാകും എന്ന ഫാന്റസിയില്ലെങ്കിൽ കവിതയിലും നോവലിലും എന്തു രസം എന്നാണു ബാർത്തിന്റെ ചോദ്യം. അമ്മയുടെ മരണശേഷം ബാർത്തിന് ആദ്യം തോന്നിയത് ഒരു നോവലെഴുതാനാണ്. അതോടെ അദ്ദേഹം തന്റെ പഴയ സാഹിത്യസങ്കൽപങ്ങളിൽനിന്നു മുന്നോട്ടു പോയി. ഓഥറിനുള്ളിലെ പ്രകമ്പനം അദ്ദേഹത്തെ ആകർഷിച്ചു. 60 കളിലെ ബാർത് അല്ല എഴുപതുകളിലെ ബാർത് എന്ന് അദ്ദേഹം  പ്രഖ്യാപിച്ചു. ‘നിങ്ങൾ പണ്ടു കണ്ടയിടത്തിൽ ഇന്നും എന്നെ പ്രതീക്ഷിക്കരുത്,’ ബാർത് വിദ്യാർഥികളോടു പറയുന്നു, ‘ഞാൻ അവിടെനിന്നു പുറപ്പെട്ടുപോയിരിക്കുന്നു.’ 

ബാർത് പറഞ്ഞതു ശരിയാണ്. കണ്ണാടിയിൽ എന്നെ കാണുമ്പോൾ എനിക്കും അതറിയാം-  നിന്റെ മനസ്സിൽ ഉണ്ടായിരുന്ന ആളല്ല ഞാൻ ഇപ്പോൾ. നിന്നെ പണ്ടു പ്രേമിച്ച ആളല്ല, നിന്നോടു പണ്ടു കലഹിച്ച ആളുമല്ല, അന്നു കൊടി പിടിച്ചു പിന്നിൽ നടന്ന ആളല്ല, ഇന്നു ഞാൻ ആ സ്ഥലങ്ങൾ, ആ ഒച്ചകൾ, ആ വേദനകൾ ഒക്കെയും ഉപേക്ഷിച്ചുപോന്നിരിക്കുന്നു. ഇന്നെനിക്കു പുതിയ ശൂന്യതകളുണ്ട്, പുതിയ ആവലാതികളുണ്ട്, പക്ഷേ മനുഷ്യർ ഇപ്പോഴും എന്നെ പഴയ ഇടങ്ങളിൽ തിരയുന്നു, കെയ്റ്റ് ബ്രിഗ്സ് അതേപ്പറ്റി ഇങ്ങനെ പറയുന്നു: ‘ഞാൻ അവിടെ മൂന്നാമത്തെ റിങ്ങിൽ ഫോണെടുക്കുമെന്നു വിചാരിച്ച് അവിടേക്കു ഫോൺ ചെയ്യുന്നു, ഞാനില്ലാത്ത വേവ് ലെങ്ത്തിൽ അവർ കാത്തുനിൽക്കുന്നു.’

5

മനസ്സ് കീഴടക്കുന്ന, അതിശയകരമെന്നു തോന്നും വിധം അടുപ്പം തോന്നുന്ന സാഹിത്യരചനകൾക്കുമുന്നിൽ നിൽക്കവേ, അതേപോലെ ഒന്ന് എഴുതാനുള്ള മോഹം വായനക്കാരന്റെ ഉള്ളിൽ തിരയടിക്കും. വിവർത്തകൻ ഉണ്ടാകുന്നത് അവിടെനിന്നാണ്, ഞാൻ വായിച്ചിട്ടുള്ളതു കൊണ്ടാണു ഞാൻ എഴുതുന്നത്. I write because I have read എന്ന് ബാർത്. വായന ഉണ്ടാക്കുന്ന അഭിനിവേശത്താലാണ് എഴുത്ത് സംഭവിക്കുന്നത്. വിക്ടർ യൂഗോയുടെ നോവൽ വിവർത്തനത്തിനു നാലപ്പാടനെ പ്രേരിപ്പിച്ചത് അതാണ്. വി.പി. ശിവകുമാറിന്റെയും സച്ചിദാനന്ദന്റെയും വിനയചന്ദ്രന്റെയും വിലാസിനിയുടെയും പരിഭാഷകൾ വെറുതെ സംഭവിച്ചതല്ല, വായന ഉണ്ടാക്കിയ അപാരമായ മോഹത്തിൽനിന്ന് പിറന്നതാണ്. മറ്റൊരു ഭാഷയിൽ സംഭവിച്ച കൃതിയെ തന്റെ ഭാഷയിലേക്കു കൊണ്ടുപോകുന്നത്- ആദ്യത്തെ എഴുത്തിനെ ആവാഹിക്കുന്ന, കോപ്പി ചെയ്യുന്ന, തന്റെ ഭാഷയിലേക്ക് മാറ്റിപ്പണിയുന്ന ക്രിയ, തീർച്ചയായും എഴുത്തുകാരൻ ആയിത്തീരുന്നതാണു വിവർത്തകനെ പ്രലോഭിപ്പിക്കുന്നത്, വിവർത്തനം ചെയ്യുന്ന സമയം അയാൾ എഴുത്തുകാരനാണ്, മാജിക് മൌണ്ടൻ പരിഭാഷ ചെയ്യുമ്പോൾ വിവർത്തകനു തോമസ് മാനിന്റെ ഹൃദയത്തിൽ പ്രവേശിക്കാനാവുന്നു, ആ വാക്കുകളെ എടുത്ത് സ്വന്തം ഭാഷയിലേക്കു കൊണ്ടുപോകുമ്പോൾ, ആ സ്ഥാനചലനത്തിനിടെ വിവർത്തകനും ഓഥറായി മാറുന്നു.

6

1920 കളിൽ ഓക്സ്ഫഡിലെ താമസകാലത്താണ് അമേരിക്കൻ വംശജയായ ഹെലൻ ലോവ് പോർട്ടർ തോമസ് മാനിന്റെ ബുഡൻബ്രൂക്സ് വായിക്കുന്നത്. ആ നോവൽ വായിച്ച് ഇഷ്ടമായതോടെ അത് ഇംഗ്ലിഷിലേക്കു വിവർത്തനം ചെയ്യുന്നു. ആ പരിഭാഷ ഒരു മഹാവിജയമായിരുന്നു. തോമസ് മാൻ ഓക്സ്ഫഡിൽ താമസിക്കാനെത്തിയപ്പോൾ ഇരുവരും തമ്മിൽ നല്ല സൗഹൃദവും വളർന്നു. എഴുത്തുകാരനെ ഇംഗ്ലിഷ് പഠിപ്പിക്കുന്ന ജോലി കൂടി അവർ അക്കാലത്തു നിർവഹിച്ചു. ഹെലനു ജർമൻ ഭാഷയിൽ അഗാധമായ പാണ്ഡിത്യമൊന്നും ഉണ്ടായിരുന്നില്ല. ബുഡൻബ്രൂക്ക്സ് ഇംഗ്ലിഷ് പരിഭാഷ വലിയ വിജയമായിരുന്നു. പക്ഷേ മാനിനെ പരിഭാഷ ചെയ്യാൻ ഹെലൻ പോരെന്ന വിമർശനവും അക്കാലത്ത് ഉയർന്നു. തോമസ് മാനിന്റെ കൃതികളുടെ മുഴുവൻ കോപിറൈറ്റ് സ്വന്തമാക്കിയ  ഇംഗ്ലിഷ് പ്രസാധകരായ ആൽഫ്രഡ് നോഫ്, മാജിക് മൗണ്ടൻ അടക്കം പരിഭാഷ ചെയ്യാൻ ഹെലൻ തന്നെ മതിയെന്നു തീരുമാനിക്കുകയായിരുന്നു. 1950 കളിൽ കോപിറൈറ്റ് കാലാവധി അവസാനിക്കും വരെ തോമസ് മാനിന് ഇംഗ്ലിഷിൽ ഹെലൻ നടത്തിയ പരിഭാഷകൾ മാത്രമാണു ലഭ്യമായിരുന്നത്. ഇരുപതിലേറെ വർഷം മാൻ കൃതികളുടെ ഏക പരിഭാഷകയായി പ്രശസ്തി നേടിയ ഹെലന് എഴുത്തുകാരനോട് അഗാധമായ സ്നേഹമായിരുന്നു. തോമസ് മാനിനാകട്ടെ തിരിച്ച് അവരോട് അങ്ങനെ തോന്നിയതുമില്ല. വർഷങ്ങൾക്കുശേഷം ഹെലൻ, മാനിന് എഴുതി. താങ്കൾ ഓക്സ്ഫഡിൽ വന്നപ്പോൾ നമ്മുടെ സൗഹൃദം എത്ര മനോഹരമായിരുന്നു. അന്നു താങ്കളുടെ ഇംഗ്ലിഷ് നിഘണ്ടുവായിരുന്നു ഞാൻ. താങ്കൾക്ക് അറിയാത്ത പദങ്ങളും ശൈലികളും തിരഞ്ഞ് മനസ്സിലാക്കാനുള്ള നിഘണ്ടു. എന്നാൽ ആ നിഘണ്ടുവിന് ഒരു ഹൃദയവും ജീവിതവും ഉണ്ടെന്ന കാര്യം താങ്കൾ ഒരിക്കലും മനസ്സിലാക്കിയില്ല.

 7 

മിലാൻ കുന്ദേരയ്ക്കു വിവർത്തകരെ തീരെ വിശ്വാസമില്ല. വിവർത്തകൻ തന്റെ കൃതിയോടു സത്യസന്ധതയോ ഉത്തരവാദിത്തമോ കാട്ടാറില്ലെന്നത് അദ്ദേഹത്തിന്റെ സ്ഥിരം പരാതിയാണ്. Zert  ( the Joke) എന്ന കുന്ദേരയുടെ കൃതിക്ക് ഇംഗ്ലിഷിലും ഫ്രഞ്ചിലും വന്ന പരിഭാഷകൾ അദ്ദേഹം പിൻവലിച്ചു. ആ പരിഭാഷ വായിച്ചു താൻ കലി കൊണ്ടു എന്നാണ് അദ്ദേഹം പറഞ്ഞത്.  വിവർത്തകർ പിഴവുകൾ വരുത്തുന്നു, മനപ്പൂർവം വാക്യങ്ങൾ മാറ്റിയെഴുതുന്നു, ചില ഭാഗങ്ങൾ ഒഴിവാക്കുന്നു, കൃതിയെ മാറ്റിമറിക്കുന്നു എന്നെല്ലാമായിരുന്നു ആക്ഷേപങ്ങൾ. ഒടുവിൽ ജോക്ക് ഫ്രഞ്ചിലേക്ക് കുന്ദേര തന്നെ പരിഭാഷ ചെയ്തു. രസകരമായ കാര്യം അദ്ദേഹം തന്റെ ചെക് ഭാഷയിലെ ഒറിജിനലിൽ ഒട്ടേറെ മാറ്റങ്ങൾ ഫ്രഞ്ചിലെ പരിഭാഷയിൽ വരുത്തി എന്നതാണ്. എന്നാൽ വിവർത്തകർ ടെക്സ്റ്റിൽ ചെറിയ തോതിലുള്ള ഇടപെടലുകൾ നടത്തുന്നതുപോലും ഗ്രന്ഥകർത്താവിന് ആലോചിക്കാൻ കഴിയില്ല. അയാൾക്കു കലി കയറും. ഓഥർഷിപ് മറ്റൊരാൾ കവരുന്നത് എങ്ങനെ സഹിക്കാനാണ്.

ezhuthumesha-2
വിലാസിനി

ഒ.വി. വിജയൻ സ്വന്തം നോവൽ ഇംഗ്ലിഷിലേക്കു മൊഴിമാറ്റിയപ്പോൾ ഒട്ടേറെ മാറ്റങ്ങൾ വരുത്തി. ഖസാക്കിന്റെ ഇംഗ്ലിഷ് പരിഭാഷയിൽ പലയിടത്തും കാര്യമായ പരിഷ്കാരങ്ങൾ വരുത്തി. ഖസാക് മറ്റൊരാളാണു പരിഭാഷപ്പെടുത്തിയതെങ്കിൽ, അയാൾ എവിടെയെങ്കിലും  സമാനമായ ഇടപെടലുകൾ നടത്തിയിരുന്നുവെങ്കിൽ വിജയനും കുന്ദേരയെപ്പോലെ കലി ബാധിക്കുമായിരുന്നു. സ്രഷ്ടാവിന്റെ അഹന്ത എന്നത് അഭേദ്യമാണത്രേ. വിവർത്തനത്തിൽ നഷ്ടപ്പെടുന്നതാണ് കവിത എന്ന റോബർട്ട് ഫ്രോസ്റ്റിന്റെ വാക്കുകൾ എത്രയോ കവികൾ പിന്നെയും ആവർത്തിക്കുന്നു. ഒരു ഭാഷയിലെ കവിത മറ്റൊരു ഭാഷയുടെ അപരിചിതത്വത്തിലേക്ക്,  താനൊരിക്കലും സങ്കൽപിക്കാത്ത വിക്ഷോഭങ്ങളിലേക്ക് എത്തുന്നതു ഭാവന ചെയ്യാൻ കഴിയാത്തവരാണു വിവർത്തനത്തിലൂടെ കവിത നഷ്ടമാകുന്നു എന്നു വിഷമിക്കുന്നത്. 

ശരിയാണ്, പരിഭാഷകളിൽ പിഴവ് വരാറുണ്ട്. അത് അനിവാര്യത കൂടിയാണ്. എല്ലാ വിവർത്തനങ്ങളും അപൂർണമോ കുറവുകളുള്ളതോ ആയിരിക്കും. കുറ്റമറ്റത് എന്നതു വിവർത്തനത്തിലില്ല. if you don’t want to make mistakes, don’t do translations എന്നു പറയാറുണ്ട്. എല്ലാ പരിഭാഷകരും ഈ വാക്യം നെഞ്ചോടു ചേർത്തു കൊണ്ടു നടക്കാവുന്നതാണ്. 

ezhuthumesha-3

ഞാൻ ആദ്യം വായിച്ച പരിഭാഷകളെല്ലാം ആനി തയ്യിൽ നിർവഹിച്ചതായിരുന്നു. ഞങ്ങളുടെ നാട്ടിലെ ലൈബ്രറിയിൽ ആനി തയ്യിലിന്റെ കൃതികളെല്ലാം ഉണ്ടായിരുന്നു. ടോൾസ്റ്റോയി, തോമസ് ഹാർഡി, ചാൾസ് ഡിക്കൻസ് എന്നിവരുടേത് അടക്കം ഡസൻകണക്കിനു ക്ലാസിക്കുകൾ അവർ മലയാളത്തിലേക്കു കൊണ്ടുവന്നു. അന്ന കരിനീന ഞാൻ ആദ്യം വായിച്ചത് ആനി തയ്യിലിന്റെ പരിഭാഷയാണ്. അന്നയുടെ അന്ത്യരംഗങ്ങൾ ആനി തയ്യിലിന്റെ വാക്യങ്ങളായാണ് എന്റെ മനസ്സിൽ ഇപ്പോഴും നിൽക്കുന്നത്. വിലാസിനിയുടെ കൃതിയായാണ് പെദ്രോ പരാമോ ഇപ്പോഴും എന്റെ മനസ്സിൽ നിൽക്കുന്നത്. ഒറിജിനൽ രചനയുടെ ഓഥർഷിപ് സമ്പൂർണമായി കയ്യടക്കുന്ന വിവർത്തകരുടെ സാന്നിധ്യമാണ് ഭാഷയ്ക്കും ഭാവനയ്ക്കും ഊർജസ്വലത പകരുന്നത്. ആരോഗ്യനികേതനം പോലെ ഒരു നോവലിനു മലയാള പരിഭാഷ ഉണ്ടായില്ലായിരുന്നുവെങ്കിൽ നമ്മുടെ നോവൽഭാവന പോലും എത്ര ശുഷ്കമായിത്തീർന്നേനെ.

English Summary: Ezhuthumesa on writers and translators - Roland Barthes, Kate Briggs, Thomas Mann, Helen lowe Porter, Vilasini, Petro Paramo, Arogya Niketanam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Hridayam Audio Cassette Launch | Mohanlal | Pranav Mohanlal | Vineeth Sreenivasan | Hesham Abdul

MORE VIDEOS
FROM ONMANORAMA
;