ADVERTISEMENT

ഏറ്റവും പ്രിയപ്പെട്ടവർക്കൊപ്പം ഒന്നിച്ചിരിക്കാറുള്ള ഊഷ്മളമായ ഇടം നഷ്ടമാവുക. കളിയും ചിരിയും നിറഞ്ഞു നിന്നിരുന്ന വീട് കയ്യിൽ നിന്ന് ഊർന്നു പോവുക. എങ്ങോട്ടെന്നറിയാതെ പടിയിറങ്ങേണ്ടി വരിക. പെരുവഴിയിൽ പല വഴിക്കാകുക. ഒരായുസ്സിലൊതുങ്ങാത്ത വേദനയാണത്. അത്തരമൊരു നോവു കാലത്തോടു മധുരപ്രതികാരം വീട്ടുകയാണ് അമേരിക്കൻ കവിയായ ലുസീൽ ക്ലിഫ്റ്റന്റെ പുതിയ തലമുറ. 40 കൊല്ലം മുൻപു ജപ്തിയിൽ പിടിച്ചെടുത്ത കുടുംബവീട് പഴയ പ്രൗഡിയോടെ തിരിച്ചു പിടിക്കുകയാണ് മൂത്ത മകൾ സിഡ്നി ക്ലിഫ്റ്റൺ ; അമ്മയുടെ വേർപാടിനു പത്തു വർഷങ്ങൾക്കിപ്പുറമുള്ള സ്നേഹാഞ്ജലി.

 

കറുത്ത വർഗ്ഗക്കാരായ ലുസീലും കുടുംബവും ബാൾട്ടിമോറിലെ വിൻഡ്‌സർ ഹിൽസിൽ വീടു വാങ്ങുന്നത് 1969 ലാണ്. ഇഷ്ടിക പാകിയ ഭിത്തികൾ. ഓട് മേഞ്ഞ മേൽക്കൂര. മൂന്നു നിലകൾ നിറയെ മുറികൾ. വിശാലമായ മുറ്റം. ചുറ്റും മരങ്ങൾ നിറഞ്ഞ, നൂറു വർഷം പഴക്കമുള്ള വലിയ വീട്. പങ്കാളി ഫ്രെഡും ആറു മക്കളുമടങ്ങുന്ന ജീവിതം. എന്നാൽ അന്തരീക്ഷം സമാധാനപൂർണ്ണമായിരുന്നില്ല. വിയറ്റ്നാം യുദ്ധവും വെള്ളക്കാരുടെ കുടിയേറ്റവും കറുത്ത വംശജരിൽ അശാന്തി പരത്തിയ ദിനങ്ങൾ. ഭീതിയുടെ പാരമ്യം. പടരുന്ന അരക്ഷിതാവസ്ഥയുടെ നിഴലിലും സദാസമയം തുറന്നു കിടന്നു ആ കവിവീട്. ആർക്കും ഏതു സമയവും സ്വാഗതമരുളിയ സങ്കേതം. അപരിചിതരായവരെ സ്വീകരിച്ചാണു മിക്ക പകലുകളുടെയും തുടക്കം. കലയും സാഹിത്യവും രാഷ്ട്രീയവും നിത്യ വിഷയങ്ങളായ വൈകുന്നേരങ്ങളും ചർച്ചകൾ ചൂടു പിടിക്കുന്ന നട്ടപ്പാതിരകളും. മുതിർന്നവരുടെ സംസാരങ്ങൾ ഒളിഞ്ഞു നിന്നു കേട്ടു കൊണ്ടു സ്വീകരണ മുറിയുടെ മറുപുറത്തുണ്ടാകും, കുഞ്ഞു സിഡ്നിയും സഹോദരങ്ങളും.

 

തിരക്കുകളൊഴിയുമ്പോൾ ഡൈനിങ് റൂമിലെ മേശയോടു ചേർന്നിരുന്നാണു ലുസീൽ കവിതകളെഴുതുക. വീണുകിട്ടുന്ന ഇത്തിരി നേരത്തു കുറിച്ചിട്ടു പലപ്പോഴായി പൂർത്തിയാക്കുന്ന സൃഷ്ടികൾ. നാലു പെൺമക്കളും രണ്ടാൺമക്കളുമടങ്ങുന്ന ആറംഗ സംഘത്തെ വളർത്തേണ്ടതു കൊണ്ടാണു തന്റെ കവിതകൾക്കു വരികൾ കുറവെന്നു തമാശ പറയുമായിരുന്നു കവി. ഗുഡ് ടൈംസ്, ഗുഡ് ന്യൂസ്‌ എബൌട്ട്‌ ദി ഏർത്ത്, ആൻ ഓർഡിനറി വുമൺ തുടങ്ങിയ പ്രശസ്ത രചനകളെല്ലാം ജനിച്ചതു ബാൾട്ടിമോറിലെ വീട്ടിലാണ്.

 

അരികുവൽക്കരിക്കപ്പെട്ട സ്വജനതയ്ക്കു വേണ്ടിയും കവിയുടെ ശബ്ദമുയർന്നു. കുട്ടികൾക്കു വേണ്ടി ലുസീൽ കഥകളുമെഴുതി. അമ്മയെഴുതിയ കറുത്തവർഗക്കാരനായ ബാലന്റെ കഥ അഞ്ചാം ക്ലാസിലെ പാഠപുസ്തകത്തിൽ പഠിക്കാനുള്ള ഭാഗ്യം സിഡ്നിക്കുണ്ടായി.

 

എഴുത്തും ജീവിതവും മൂർച്ച പിടിക്കുമ്പോഴാണ് 1979 ൽ ലുസീലിന്റെ വീടു ജപ്തി ചെയ്യപ്പെടുന്നത്. അമേരിക്കയിലെ വർണ്ണ വിവേചനത്തിന്റെ അനന്തരഫലം. സംഭവിക്കുന്നതെന്താണെന്നു മനസ്സിലാകുന്നതിനു മുൻപേ ഇറങ്ങിക്കൊടുക്കാനുള്ള ആജ്ഞയെത്തി. വീടിനു വിലയിടുന്നവരുടെ ബഹളങ്ങൾക്കിടയിലൂടെയുള്ള ഞെട്ടലൊടുങ്ങാത്ത പടിയിറക്കം. അച്ഛനും ആൺമക്കളും ഒരു സുഹൃത്തിനൊപ്പം. അമ്മയും പെൺമക്കളും മറ്റൊരു സുഹൃത്തിന്റെ വീട്ടിൽ. കുടുംബം നൊടിയിടയിൽ ശിഥിലം.

 

2010 ലായിരുന്നു ലുസീലിന്റെ വിയോഗം. ഒരു ദശാബ്ദക്കാലം ജീവിച്ച, അമ്മയുടെ എഴുത്തു വഴികൾക്കു സാക്ഷിയായ വീട് ഇപ്പോൾ 40 വർഷങ്ങൾക്കിപ്പുറം മകൾ തിരിച്ചുപിടിച്ചിരിക്കുകയാണ്. 

‘‘നീ പണയം വച്ചതെന്തോ, അതു ഞാൻ വീണ്ടെടുക്കും’’ എന്ന ലുസീലിന്റെ തന്നെ വരികളെ അന്വർത്ഥമാക്കിയ വീണ്ടെടുപ്പ്. 

 

അന്നു ലേലത്തിൽ സ്ഥലം വാങ്ങിയ കുടുംബം വീടു വിൽപ്പനയ്ക്കു വച്ച അതേ ദിവസമാണ് സിഡ്‌നി അന്വേഷണങ്ങളുമായി ചെന്നതെന്നതും നിയോഗം. എഴുത്തുകാർക്കും കലാകാരന്മാർക്കുള്ള വാതിലുകളടയാത്ത ‘ക്ലിഫ്റ്റൺ ഹൗസായി’ ഇനി ബാൾട്ടിമോറിലെ വീടു മാറും. ഓർമ്മകളുറങ്ങുന്ന, തങ്ങളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഇടത്തിനു പുതുജീവൻ നൽകാനുള്ള ഒരുക്കങ്ങളിലാണു സഹോദരങ്ങളിപ്പോൾ.

 

English Summary: 40 Years Ago, Poet Lucille Clifton Lost Her House. This Year, Her Children Bought It Back.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com