ADVERTISEMENT

രാജാവും ഭടന്മാരും കൂടി സാറ്റ് കളിക്കുകയാണ്. രാജാവ് എണ്ണുമ്പോൾ ഭടന്മാർ ഒളിച്ചിരിക്കും. എണ്ണിക്കഴിയുമ്പോൾ രാജാവ് ഓരോരുത്തരെയായി അന്വേഷിച്ചു കണ്ടെത്തണം. രാജാവ് ബുദ്ധിമാനായിരുന്നു. എണ്ണിക്കഴിഞ്ഞ ഉടനെ രാജശബ്‌ദമുയർന്നു. ആരവിടെ..? ഒളിച്ചിരുന്ന ഭടന്മാരെല്ലാം ചാടിയെഴുന്നേറ്റ് മറുപടി പറഞ്ഞു: അടിയൻ. 

ഒരു ശീലവും ഒരു രാത്രികൊണ്ടു മാറില്ല. സമയവും ശ്രമവും നൽകിയാൽ ഒരു ശീലവും മാറാതിരിക്കുകയുമില്ല. ചൊട്ടയിലെ ശീലം ചുടലവരെയല്ല, സ്വയം മാറാൻ തീരുമാനിക്കുന്നതുവരെ. നല്ല ശീലങ്ങൾ വളർത്തിയെടുക്കണം. ദുശ്ശീലങ്ങൾ തനിയെ വളരും. കള വളരുന്നതുപോലെ വിള വളരില്ലല്ലോ. ഒരു നല്ല ശീലം വളർത്തുന്നതിനെക്കാൾ പ്രയാസകരമാണ് ഒരു ദുശ്ശീലം ഒഴിവാക്കാൻ. പല ശീലങ്ങളും ആരംഭിക്കുന്നത് സ്വയം അറിവോ സമ്മതമോ ഇല്ലാതെയാണ്. വേരുറച്ചതിനുശേഷമാണു പല പ്രകൃതങ്ങളും ആഴങ്ങളെ സ്‌പർശിച്ചെന്നും പിഴുതെറിയാൻ എളുപ്പമല്ലെന്നും തിരിച്ചറിയുന്നത്. 

 

ക്ഷണക്കത്തില്ലാതെ കയറിവരുന്ന എല്ലാ അതിഥികളെയും പെട്ടെന്നു നിഷേധിക്കാനായെന്നുവരില്ല. പക്ഷേ, അവരെ സ്ഥിരതാമസക്കാരാക്കാതിരിക്കാൻ കഴിയും. ഒരു ശീലം അപകടകരമാണെന്നറിഞ്ഞാൽ അത് എത്ര പഴക്കമുള്ളതും പ്രിയപ്പെട്ടതുമാണെങ്കിലും അതിനോടു വിടപറയണം. ജീവനെടുക്കുന്ന പല പ്രവൃത്തികളും തുടങ്ങുന്നതും തുടരുന്നതും അവസാനിപ്പിക്കാത്തതുമാണ് പലരുടെയും ദീർഘായുസ്സ് നിഷേധിക്കുന്നത്. 

 

സ്വന്തം പ്രതികരണങ്ങളുടെ കടിഞ്ഞാൺ അന്യരുടെ കൈകളിൽ ഏൽപിക്കുമ്പോഴാണ് ആലോചനയില്ലാത്ത പ്രവൃത്തികൾ ഉണ്ടാകുന്നത്. തന്റേടത്തോടെ നിൽക്കാൻ കഴിയാത്തവരായി ആരുമില്ല. ആശ്രയിക്കാൻ ആളുണ്ടെങ്കിൽ പിന്നെ സ്വന്തം കഴിവിന്റെ പരീക്ഷണശാലകളിലേക്ക് ആരും കടക്കില്ല. എല്ലാ കൽപനകൾക്കും വഴങ്ങിക്കൊടുത്തല്ല ജീവിക്കേണ്ടത്. സ്വതന്ത്ര വിലയിരുത്തലുകളും സ്വയം തീരുമാനങ്ങളുമുണ്ടാകണം. ലഭിക്കുന്ന കൽപനകളുടെ ഉദ്ദേശ്യം ശരിയാണോ എന്ന‌ു പരിശോധിച്ച് ഉറപ്പുവരുത്തി വേണം പിന്തുടരാൻ. അനുസരിക്കാൻ ആളുകൾ ഉണ്ടെങ്കിൽ കൽപന പുറപ്പെടുവിക്കൽ വിനോദമായി കാണുന്നവരുമുണ്ട്. ഉത്തരവാദിത്തപൂർണമായ ജീവിതം നയിക്കാൻ ആദ്യം വേണ്ടത് സ്വന്തം ചിന്തകളുടെയും കർമങ്ങളുടെയും ഉടമയാകുക എന്നതാണ്.

 

English Summary: Subhadinam, Thoughts of the day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com