തടവുചാടിയ അക്ഷരങ്ങൾ; എഴുത്തിലെ ജനമൈത്രി

HIGHLIGHTS
  • മലയാള സാഹിത്യത്തിലെ പുതുതലമുറയെ പരിചയപ്പെടുത്തുന്ന പംക്തി
  • കഥാലോകത്തു തന്റെ സ്ഥാനം അടയാളപ്പെടുത്തിയ പൊലീസുകാരൻ– എൻ. ഹരി
n-hari
എൻ. ഹരി
SHARE

ആന്റണി ഹോപ്കിൻസ് എന്ന, ഹോളിവുഡിലെ നടനമഹാമേരുവിന് ഈ വർഷത്തെ മികച്ച നടനുള്ള ഓസ്കർ നേടിക്കൊടുത്ത സിനിമയാണ് ദ് ഫാദർ. പടിപടിയായി ഓർമ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആന്റണി എന്ന വയോധികന്റെ ജീവിതമാണു ഹോപ്കിൻസ് തന്റെ അസാധാരണ അഭിനയശേഷിയാൽ അവിസ്മരണീയമാക്കിയത്. ചുരുങ്ങിച്ചുരുങ്ങി വരുന്ന ഓർമയ്ക്കൊപ്പം ആന്റണിയുടെ സ്വാതന്ത്ര്യവും കുറയുന്നു. സ്വന്തം വീട്ടിൽനിന്നു മൂത്ത മകളുടെ അപാർട്മെന്റിലേക്കു താമസം മാറ്റേണ്ടി വരുന്നു. പരിചരിക്കാനെത്തുന്നവരോടു വഴക്കിടുന്നു. എന്നാൽ തൊട്ടടുത്ത നിമിഷം താൻ ചെയ്യുന്നതും തന്റെ അവസ്ഥയും ആന്റണി മറന്നുപോകുന്നു. മരിച്ചു പോയ തന്റെ ഇളയമകൾ ഉടൻ തിരിച്ചെത്തുമെന്നു പ്രതീക്ഷിക്കുന്നു. താൻ ഇപ്പോഴും സ്വന്തം വീട്ടിൽ തന്നെയാണെന്നു കരുതുന്നു. സിനിമയുടെ അവസാനം മകൾ അയാളെ ഒരു നഴ്സിങ് ഹോമിൽ പ്രവേശിപ്പിച്ച ശേഷം മടങ്ങുന്നു. 

പ്രമേയ പരിചരണത്തിലൂടെ ആസ്വാദക മനസ്സിൽ വലിയ ചലനം സൃഷ്ടിച്ച ആ സിനിമയോടു താദാത്മ്യപ്പെടുത്താവുന്ന ഒരു കഥ ഈയിടെ പുറത്തുവന്നു. എൻ. ഹരി എഴുതിയ ‘ഝാൻസി റാണിയുടെ കുതിരകൾ’. ബാല്യകാല സുഹൃത്തുക്കളായ ധർമദാസനും രാജശേഖരനും ജീവിത സായന്തനത്തിൽ അനുഭവിക്കുന്ന സ്വാതന്ത്ര്യനിരാസവും അവഗണനയുമാണു മനസ്സിനെ കൊളുത്തിവലിക്കുന്ന എഴുത്തിലൂടെ ഹരി ചിത്രീകരിച്ചിരിക്കുന്നത്. വയോജനങ്ങൾ നേരിടുന്ന ഒറ്റപ്പെടലുകളും അവഹേളനങ്ങളും രായന്റെയും ധർമന്റെയും സൂക്ഷ്മമായ പാത്രചിത്രീകരണത്തിലൂടെ വായനക്കാരുടെ മനസ്സിൽ മായാത്ത വേദനയായി മാറുന്നു. 

‘ദ് ഫാദറിലെ’ ആന്റണിയെപ്പോലെ കഥയുടെ അവസാനം സ്വന്തം വീട്ടിൽ അടച്ചിടപ്പെടുന്ന രാജശേഖരൻ തന്റെ കൂട്ടുകാരന്റെ വേർപാട് ഒരു പ്രത്യേക ഗന്ധത്തിലൂടെ അനുഭവിക്കുന്നത് ഹരി സൂചിപ്പിക്കുന്നത് ഹൃദയഭേദകമായാണ്. വ്യത്യസ്ത പ്രമേയവും അവതരണവും കൊണ്ടു ശ്രദ്ധനേടിയ ‘പാശി’, ‘അപസർപ്പകൻ’ എന്നീ കഥകളിലൂടെയാണു പൊലീസുകാരൻ കൂടിയായ ഹരി കഥാലോകത്തു തന്റെ സ്ഥാനം അടയാളപ്പെടുത്തിയത്.  

                                       

hari-2

പുറമേയ്ക്ക് ശാന്തമായി ഒഴുകുന്നുവെന്ന് ഒറ്റ വായനയിൽ തോന്നിക്കുമ്പോഴും ആഴമേറിയ ചുഴികളും അടിയൊഴുക്കുകളും നിറഞ്ഞ കഥയാണ് ഹരിയുടെ ഏറ്റവും പുതിയ കഥ ‘ഝാൻസിറാണിയുടെ കുതിരകൾ’. നീതിരാഹിത്യത്തിന്റെയും ഒറ്റപ്പെടലിന്റെയും തിരസ്കാരത്തിന്റെയുമൊക്കെ ഇരുണ്ട നിറമണിഞ്ഞവരാണു കേന്ദ്ര കഥാപാത്രങ്ങളായ രായനും ധർമനുമൊക്കെ. രാജശേഖരൻ നായരെ താദാത്മ്യപ്പെടുത്താൻ തോന്നുന്നത് ഓസ്കർ ലഭിച്ച സിനിമയായ ‘ദ് ഫാദറി’ലെ ആന്റണി ഹോപ്കിൻസ് അവതരിപ്പിച്ച കേന്ദ്രകഥാപാത്രമായ ആന്റണിയോടാണ്. പ്രായമേറി വരുന്തോറും രാജശേഖരൻനായരുടെ ജീവിതപരിസരം ചുരുങ്ങിച്ചുരുങ്ങി വീടിനുള്ളിലേക്ക് ഒതുങ്ങുന്ന പരിണാമം അതീവ ശ്രദ്ധയോടെയാണ് ഹരി എഴുതിയിരിക്കുന്നത്. ഈ കഥയെഴുതിയ അനുഭവം പങ്കുവയ്ക്കാമോ?

ഞാൻ മാവേലിക്കരയിൽ ജോലി ചെയ്യുന്ന കാലത്താണ്. ജനമൈത്രി പൊലീസ് പദ്ധതിയുടെ ഭാഗമായി എന്റെ ബീറ്റ് ഏരിയയിലെ ഒറ്റയ്ക്ക് താമസിക്കുന്ന 60 വയസ്സിലേറെ പ്രായമുള്ള ആളുകളെ കണ്ടെത്താൻ ഇറങ്ങിയതായിരുന്നു. സാമാന്യം വലിയൊരു വീടിനു മുമ്പിലെത്തി കോളിങ് ബെൽ അമർത്തി കാത്തുനിൽക്കുമ്പോൾ വീടിന്റെ പിൻവശത്തു നിന്ന് ‘ഇങ്ങുവരൂ’ എന്നൊരു വിളി കേട്ടു. അവിടേക്കു ചെല്ലുമ്പോൾ സൈഡ് റൂമിലെ ജനാലയിലൂടെ ഒരു വൃദ്ധൻ എന്നെ അഭിസംബോധന ചെയ്തു. അവിടെ ചെന്നതിന്റെ ഉദ്ദേശ്യം പറഞ്ഞപ്പോൾ താൻ ഒറ്റയ്ക്കല്ലെന്നും 60 കഴിഞ്ഞിട്ടൊക്കെ കാലമേറെയായെന്നും ഇപ്പോൾ 87ന്റെ നടപ്പിലാണെന്നും പറഞ്ഞ് അദ്ദേഹം ചിരിച്ചു. ശാരീരിക അവശതകളുണ്ടെങ്കിലും അദ്ദേഹം സന്തുഷ്ടനായിരിക്കുന്നതായി എനിക്കു തോന്നി. 

അദ്ദേഹത്തിന്റെ മകൻ കുടുംബവുമൊന്നിച്ച് പുറത്തുപോയിരിക്കുകയായിരുന്നു. അച്ഛൻ പുറത്ത് അലഞ്ഞു നടക്കാതിരിക്കാനാണു വീടുപൂട്ടിയിരിക്കുന്നത്. അവർ വീടുപൂട്ടി പോയില്ലായിരുന്നെങ്കിൽ താൻ ഇറങ്ങിനടന്ന് നാടൊക്കെ ഒന്നു കാണുമായിരുന്നുവെന്നും അയാൾ പറഞ്ഞു. ഞാൻ കുറേ നേരം സരസനായ ആ വൃദ്ധനോടു സംസാരിച്ചു നിന്നു. കസേരയിലിരുന്നു ജനാലയിലൂടെ നോക്കിയാൽ പക്ഷികളെയും പക്കി(ശലഭം)കളെയും കാണാമെന്നും ഒരു കുയിൽ കൂവുന്നതു കേൾക്കുന്നുണ്ടോയെന്നും ഇടയ്ക്ക് അദ്ദേഹം ചോദിച്ചു. ശ്രദ്ധിക്കുമ്പോൾ ഏറെ ശബ്ദങ്ങൾക്കിടയിലൂടെ ഒരു കുയിൽ കൂവുന്നതിന്റെ ഒച്ച എനിക്കു കേൾക്കാമായിരുന്നു. എത്രയോ പ്രാവശ്യം കുയിലിന്റെ കൂവലിനു മറുകൂക്കു കൂവിയിട്ടുള്ള ഞാൻ വളരെ നാളുകൾക്കു ശേഷമായിരുന്നു അന്നേരം ഒരു കുയിൽനാദം കേൾക്കുന്നത്. ശരിക്കും അതെന്നിലൊരു നടുക്കമാണുണ്ടാക്കിയത്. ഇനി എപ്പോഴായിരിക്കും തിരക്കൊഴിഞ്ഞ് ഞാൻ ഒരു കുയിൽനാദത്തിനു കാതോർക്കുന്നത്? അപ്പോഴേക്കും ലോകത്തെ ഏതെല്ലാം ഇടങ്ങൾ എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ടാകും? 

hari-story-2

ആ വൃദ്ധനിൽ നിന്നാണ് ‘ഝാൻസി റാണിയുടെ കുതിരകൾ’ പിറക്കുന്നത്. പക്ഷേ, അതെനിക്കൊരു വെല്ലുവിളി കൂടിയായിരുന്നു. സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന വൃദ്ധർ, അവരുടെ ദൈന്യം പറയുന്ന കഥകൾ എത്രയധികം ഉണ്ടായിട്ടുണ്ട്? അപ്പോൾപ്പിന്നെ എങ്ങനെ പുതുമയുള്ള ഒരു കഥ പറയും? അതുകൊണ്ടു കഥ പറയാതിരിക്കാനായി എന്റെ ശ്രമം. എന്നാൽ, ആ മുത്തച്ഛൻ ഒരിക്കലും മനസ്സിൽ നിന്നു പോയതുമില്ല.

വർഷങ്ങൾക്കു ശേഷം ആദ്യ ലോക്ഡൗണിന് മുമ്പ് പ്രഖ്യാപിച്ച ജനതാകർഫ്യു ദിവസം അതിരാവിലെ സ്റ്റേഷനിലേക്കു പോകുമ്പോൾ എല്ലാ ദിവസവും വാഹനങ്ങളെക്കൊണ്ടു നിറഞ്ഞു വളരെ ഇടുങ്ങിയതായി കാണുന്ന റോഡ് വിജനമായി അന്തമില്ലാതെ നീണ്ടുപരന്നു കിടക്കുന്നതു കണ്ട് ആരുമില്ലാത്തിടത്തു പെട്ടുപോയതുപോലൊരു ഭയം എന്നെയും പിടികൂടി. പലപ്രാവശ്യം മാറ്റിവച്ചിട്ടും ബോധത്തിലും അബോധത്തിലുമെല്ലാം എന്റെകൂടെ കുറേ വർഷങ്ങളായുണ്ടായിരുന്ന ആ മുത്തച്ഛനെ ഒരു ഏണിയുടെ ചുവട്ടിലും മുകളിലുമായി അന്നു ഞാൻ കണ്ടു. പിന്നീടു വന്ന ലോക്ഡൗൺ നാളുകളിലെ ഭീതിനിറഞ്ഞ ജോലിയുടെ ഇടവേളകളിൽ രായനും ധർമനുമായി അവർ അക്ഷരരൂപമെടുത്തു. എല്ലാ വൃദ്ധരുടെയും അവസാനത്തെ ഇടത്തേക്കുളള ഒതുങ്ങലിന് ഒരു സാർവദേശീയമായ തുല്യതയുണ്ടല്ലോ? അതുകൊണ്ടാകാം ഝാൻസി റാണിയുടെ കുതിരകളിലെ രാജശേഖരൻ നായർ എന്ന കഥാപാത്രത്തെ ‘ദ് ഫാദറി’ലെ ആന്റണി ഹോപ്കിൻസ് അവതരിപ്പിച്ച ആന്റണിയോടു താദാത്മ്യപ്പെടുത്താൻ തോന്നുന്നത്.

‘പാശി’ വായിച്ചപ്പോൾ ചില വാക്കുകൾ ഇടിച്ചു കയറി വന്നു കഴുത്തിനു പിടിച്ചു. ഞങ്ങളെയൊക്കെ മറന്നൂല്ലേടാ എന്നു ചോദിച്ച്. തവിക്കണ, മുണ്ടോല, പറങ്ങാണ്ടി, കൊച്ചാട്ടൻ, വീഡി, ഇടങ്ങഴി, കല്ലുരുളി, ഓലമാടം, പത്തായം, ട്രങ്ക് തുടങ്ങിയവ. ഓണാട്ടുകരയുടെ, കേരളപ്പഴമയുടെ ചൂടും ചൂരുമുള്ള വാക്കുകൾ. പുരാണ പാരായണവും നാടകവും വായനശാലാ പ്രവർത്തനവും നക്സലിസവുമെല്ലാം സമാസമം നിറഞ്ഞു നിൽക്കുന്നൊരു ‘മാതൃകാ’ നാട്ടിൻപുറമാണല്ലോ പാശിയുടെ കഥാപരിസരം. ഹരിയുടെ കുട്ടിക്കാലത്തിന്റെ നാട്ടിൻപുറ ഓർമകളുടെ വീണ്ടെടുപ്പു കൂടിയായിരുന്നോ പാശി?

തീർച്ചയായും. എന്നാൽ, അതു ബോധപൂർവം സംഭവിച്ചതല്ല. ‘പാശി’ എന്ന കഥയിലെ സ്ഥലകാലങ്ങൾ ഞാൻ കുട്ടിക്കാലം ചെലവഴിച്ച ഗ്രാമവും ഞാൻ കുട്ടിക്കാലത്തുനിന്നു യൗവനത്തിലേക്കു നടന്ന കാലവുമാണ്. അതിലെ നായകനാകട്ടെ ആ ഗ്രാമത്തിലെ എനിക്കറിയാവുന്ന ഒരു കൊച്ചാട്ടനും! പോക്‌സോ കോടതി വരാന്തയിൽവച്ച് ഞാൻ കണ്ടുമുട്ടിയ ഇരകളാക്കപ്പെട്ട പെൺകുട്ടികളിൽ നിന്നാണ് ‘പാശി’ എന്ന കഥ പിറക്കുന്നത്. ആ പെൺകുട്ടികളെ/ അവരുടെ കഥകളെ കുറിച്ചുള്ള ചിന്തകൾ എന്നിൽ നമ്മുടെ നാടു കടന്നുപോയ അനേകം സാംസ്‌കാരികവും രാഷ്ട്രീയവുമായ ഓർമ്മകൾ കൊണ്ടുവന്നു നിറച്ചിരുന്നു. അങ്ങനെയാണു ശൂരനാട് സംഭവവും തോപ്പിൽ ഭാസിയും നക്‌സലിസവും അജിതയും നാടകവും പുരാണപാരായണവും നാട്ടിൻപുറത്തെ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബും എല്ലാം വരുന്നത്. 

hari-story-3

അവിടെ എന്റെ കുട്ടിക്കാലം കടന്നുവരുന്നതു പത്തായത്തിനുമേൽ ഉറങ്ങിയും തവിക്കണയ്ക്കു തല്ലുവാങ്ങിയും ചമ്രംപടിഞ്ഞിരുന്ന് ആഹാരം കഴിച്ചും കല്ലുരുളിലിരുന്നു കാലാട്ടിയതിനു ശാസനയേറ്റും പുരമേയുന്ന കൊച്ചാട്ടന്മാർക്ക് മുണ്ടോല എറിഞ്ഞുകൊടുത്തും ഓലമാടങ്ങളായുള്ള കടയിൽ പോയി വീഡി വാങ്ങിയും അയൽവീടുകളിൽനിന്നു നാഴിയും ഇരുനാഴിയും ഇടങ്ങഴിയും അരി വാങ്ങിയും പറങ്ങാണ്ടി എറിഞ്ഞു വീഴ്ത്തിയും ട്രങ്കുകളിൽ പുസ്തകങ്ങളെടുത്തുവച്ചുമെല്ലാമാണ്. ഇതൊക്കെ, എനിക്കു തോന്നുന്നത്, ഏതാണ്ടു തൊണ്ണൂറുകളുടെ മധ്യംവരെയെങ്കിലും എന്റെ നാട്ടിൻപുറത്തുണ്ടായിരുന്നു. ആ കാലത്തിന്റെ കഥ പറഞ്ഞു വന്നപ്പോൾ ഇതെല്ലാം സ്വാഭാവികമായി കഥയിലും കയറിവരുകയായിരുന്നു. അങ്ങനെ നോക്കുമ്പോൾ, അബോധപൂർവമായിരുന്നെങ്കിലും, നാട്ടിൻപുറത്തിന്റെ പശ്ചാത്തലത്തിൽ പാശി  എഴുതുമ്പോൾ അതെന്റെ കുട്ടിക്കാല ഓർമകളുടെ വീണ്ടെടുപ്പുകൂടി ആയിരുന്നെന്നും പറയാം. ഞാൻ ഒന്നാം ക്ലാസിൽ ചേരാൻപോയ ദിവസം എന്റെയൊപ്പം സ്‌കൂളിൽ ചേരാൻവന്ന അയൽക്കാരി പെൺകുട്ടിയുടെ പേര് കുഞ്ഞാവയെന്ന് അവളുടെ അമ്മൂമ്മ സ്‌കൂളിൽ പറഞ്ഞുകൊടുത്തു ചേർത്തതൊക്കെ കഥയിലും അതുപോലെതന്നെ വന്നു! 

ആഴത്തിലുള്ള മനഃശാസ്ത്ര മാനങ്ങളുള്ള കഥയാണ് ഏറെ ലളിതമായ ആഖ്യാനത്തിലൂടെ വായനക്കാരുടെ മനം കവർന്ന അപസർപ്പകൻ. കള്ളന്റെയും പൊലീസുകാരന്റെയും മനസ്സുകളുടെ ഉള്ളറകളിലൂടെയുള്ള കഥാകൃത്തിന്റെ സഞ്ചാരം വായനക്കാരെയും അപസർപ്പകരാക്കി മാറ്റുന്നു. ഓരോ വായനയിലും ഓരോ മാനങ്ങൾ തെളിഞ്ഞു വരുന്ന വിസ്മയകരമായ കഥയാണത്. എങ്ങനെയാണ് ആ കഥയിലേക്കെത്തുന്നത്?

രാത്രിയുടെ നിശബ്ദതയിൽ എന്നാണു പറയേണ്ടത്. എന്നാൽ, അതു പറയാൻ കഴിയില്ല, കാരണം, ഒരു പൊലീസ് സ്റ്റേഷനെ സംബന്ധിച്ചിടത്തോളം ഏതു യാമത്തിലും വയർലെസ്സ് സെറ്റ് ശബ്ദിച്ചുകൊണ്ടിരിക്കും. പക്ഷേ, എല്ലാ തിരക്കുകളും ഒഴിയുന്ന ഒരു സമയത്ത് ലോക്കപ്പിൽ ആരെങ്കിലും ഉണ്ടെങ്കിൽ അയാളും അല്ലെങ്കിൽ, ഏതെങ്കിലും കുറ്റങ്ങളുടെ പേരിൽ ലോക്കപ്പിനു പുറത്തു പൊലീസ് കസ്റ്റഡിയിൽ ഇരിക്കേണ്ടി വരുന്നയാളും പാറാവുകാരനായ പൊലീസുകാരനും മാത്രം മുഖാമുഖം നിൽക്കുന്ന ഒരു സമയമുണ്ട്. മിക്കപ്പോഴും ഏതു കള്ളനും മനസ്സുതുറക്കുന്ന ഒരു സമയമാണത്. അങ്ങനെയിരുന്നു ഭയമോ ഒളിവോയില്ലാതെ കഥകൾ പറഞ്ഞ കുറേയേറെപ്പേരെ എനിക്ക് അറിയാം. അത്തരം ഒരു സംഭാഷണാനുഭവത്തെ കഥയാക്കണമെന്നത് എന്റെ വലിയ മോഹമായിരുന്നു. എന്നോട് അങ്ങനെ കഥ പറഞ്ഞവരിൽ ഏറെപ്പേരും ചെറിയചെറിയ തെറ്റുകളിൽനിന്ന് ഊരിപ്പോരാൻ നടത്തുന്ന ശ്രമങ്ങളിലൂടെ വലിയ കുരുക്കുകളിൽ മുറുകിപ്പോയവരുമായിരുന്നു. അപസർപ്പകനിൽ, അങ്ങനെ ഒരു വശത്ത് ചെറിയ തെറ്റിൽ നിന്ന് വലിയ തെറ്റിലേക്ക് പതിച്ച ഒരു കള്ളനെയും മറുവശത്ത് വായിച്ച മികച്ച കഥകളേക്കാളും മികച്ച കഥകളെഴുതണമെന്ന് ആഗ്രഹിച്ച് അതിനു കഴിയാതെ നിരാശനായിരിക്കുന്ന എന്നെയും പ്രതിഷ്ഠിക്കുകയായിരുന്നു. അതായത്, ഷെർലക് ഹോംസിനെക്കാൾ മികച്ച അപസർപ്പകനെ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന, അപസർപ്പകനിലെ സ്വയം വെടിവച്ച് മരിക്കുന്ന പൊലീസുകാരനായ കഥാപാത്രം ഞാൻ തന്നെയാണ്. സംശയമില്ല. വളരെക്കുറച്ചു മാത്രം എഴുതിയിട്ടുള്ള എനിക്ക് ധാരാളം വായനക്കാരെ നേടിത്തന്ന കഥയാണ് അപസർപ്പകൻ. എഴുതിയിട്ടു മൂന്നുവർഷത്തോളം എന്റെ ആത്മവിശ്വാസമില്ലായ്മ കൊണ്ട് പ്രസിദ്ധീകരിക്കാൻ എവിടെയും അയച്ചുകൊടുക്കാതിരുന്ന ആ കഥ എങ്ങനെയാണ് ഏറെ വായിക്കപ്പെട്ടതെന്ന് ഞാനും ചിന്തിക്കാറുണ്ട്. മിക്ക വായനക്കാരും ചെറിയതോതിലെങ്കിലും എഴുത്തുകാർ കൂടിയാണല്ലോ? എഴുത്തിലെ തൃപ്തിയില്ലായ്മ ഏവരുടെയും പ്രശ്‌നവുമാണ്. മറ്റൊരുവശം, ചെറിയ തെറ്റിൽനിന്ന് എങ്ങനെയെങ്കിലും ഒരുവനെ മോചിപ്പിച്ച് നേർവഴിക്കെത്തിക്കണമെന്ന ആരിലുമുള്ള ശിക്ഷണബോധമാണ്. എങ്ങനെയങ്കിലും കള്ളൻ രക്ഷപ്പെടണമെന്നു വായനക്കാരനും ആഗ്രഹിക്കുന്ന നിമിഷമാണ് അവൻ വലിയൊരു ഊരാക്കുടുക്കിൽ പതിക്കുന്നത്. അതോടെ അവൻ എങ്ങനെ രക്ഷപ്പെടുമെന്ന ചിന്ത വായനക്കാരെയാകെ പുതിയ കഥകൾ മെനയാൻ പ്രേരിപ്പിക്കും. അപസർപ്പകന്റെ രണ്ടാം ഭാഗം എഴുതുന്നതിനെക്കുറിച്ചും അതെങ്ങനെ നീങ്ങണമെന്നുമൊക്കെ പലരും എന്നെ വിളിച്ചു സംസാരിച്ചതു രസകരമായ അനുഭവമായിരുന്നു!

hari-story-1

ഹരി ഒരു പൊലീസുകാരനാണ്. സ്വാഭാവികമായും കഥകളിൽ ചെറുതും വലുതുമായി ആ ജോലിയുടെ അംശങ്ങൾ കയറി വരുന്നുണ്ട്. എല്ലാ കഥകളിലും പൊലീസുകാർ കഥാപാത്രങ്ങളായി എത്തുകയും ചെയ്യുന്നു. ജോലി കഥയെഴുത്തിനെ എങ്ങനെയെല്ലാം സ്വാധീനിക്കുന്നുണ്ട്?

നമ്മൾ സ്ഥിരം പെരുമാറുന്ന ഇടങ്ങളിൽ നിന്നാണു മിക്കപ്പോഴും കഥകളുടെ വിത്തുകൾ വീണുകിട്ടുന്നത്. എന്നെ സംബന്ധിച്ചിടത്തോളം പൊലീസുകാരും പൊലീസ് സ്റ്റേഷനും മറ്റും ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ എന്റെ കഥകളിൽ പൊലീസുകാരും പൊലീസ് സ്റ്റേഷനും കയറിവരാറുണ്ട്. എന്നാൽ, അതിനപ്പുറം മനുഷ്യഭാഗധേയത്തെക്കുറിച്ചു പറയാനാണ് എന്റെ ശ്രമം.  അതുകൊണ്ടുതന്നെ പൊലീസുകാരൻ എന്റെ കഥകളുടെ ആഖ്യാതാവേ അല്ല.

ലിറ്റിൽ മാഗസിനുകളിലും മറ്റും ചെറിയ സൃഷ്ടികൾ അച്ചടിച്ചു വന്ന എഴുത്തു തുടക്കം. തുടർന്ന് 2015 ലാണു പേറ്റുപുര പ്രസിദ്ധീകരിക്കുന്നത്. നീണ്ട അഞ്ചു വർഷങ്ങൾക്കു ശേഷമാണു പാശി എന്ന കഥയുമായി ഹരിയെത്തുന്നത്. തുടർന്ന് അപസർപ്പകനും ഝാൻസിറാണിയുടെ കുതിരകളും വരുന്നു. ഏറെ ഇടവേളകൾ എടുത്ത് എഴുതുന്നയാളാണു ഹരി. എന്താണതിനു കാരണം? അതു മാറ്റേണ്ടതുണ്ടെന്നു തോന്നുന്നുണ്ടോ? 

എഴുത്തിൽ ഇങ്ങനെ വലിയ ഇടവേളകൾ എടുത്ത് എഴുതേണ്ട കാര്യമില്ല. ഞാൻ കഥ എഴുതിത്തുടങ്ങിയത് 1994-95 കാലത്താണ്. അന്ന് കുങ്കുമം, ജനയുഗം തുടങ്ങിയ വാരികകളിലും എന്റെ നാട്ടിൽ നിന്നുള്ള ഉൺമ മിനി മാസികയിലുമാണ് എഴുത്ത്. എന്നാൽ ആ എഴുത്തിന്റെ ബാലവാടിക്കാലത്തെ മുമ്പോട്ടുകൊണ്ടുപോകാൻ എനിക്കു കഴിഞ്ഞില്ല. പഠനം കഴിഞ്ഞുള്ള ട്യൂട്ടോറിയൽ അധ്യാപനകാലം, പിന്നീടു ലഭിച്ച പൊലീസ് ജോലി എല്ലാം എഴുത്തിനെ എന്നിൽനിന്ന് അകറ്റിക്കൊണ്ടുപോകുകയായിരുന്നു. പക്ഷേ, മനസ്സിൽ അപ്പോഴും മരിക്കാത്ത ഒരു കഥാകാരനുണ്ടായിരുന്നു. യാത്രചെയ്യുമ്പോഴും മറ്റ് ഇടവേളകളിലും സ്ഥിരമായി കഥകൾ സങ്കൽപിക്കുന്നത് എന്റെ പതിവായിരുന്നു. അതോടൊപ്പം പുതിയ എഴുത്തുകാരെയും അവരുടെ രചനകളെയും എപ്പോഴും ശ്രദ്ധിക്കാറുമുണ്ടായിരുന്നു. 

2015 ൽ ഉണ്ടായ ഒരു സംഭവം എന്റെ മനസ്സിനെ വല്ലാതെ ഉലച്ചുകളഞ്ഞു. മക്കളായി രണ്ടു ഡോക്ടർമാരുള്ള ഒരു അമ്മ മരണപ്പെട്ട് 47 ദിവസത്തിനു ശേഷമാണ് ആ വിവരം മക്കൾ അറിയുന്നത്. അതും പൊലീസ് സാന്നിധ്യത്തിൽ ഒരു സന്ധ്യാസമയത്ത് വീട് ഇടിച്ചു തുറന്നുകയറി. തിരക്കുകൾ കാരണം ആ ദിവസങ്ങളിലൊന്നും അവർക്ക് ഒറ്റയ്ക്ക് താമസിക്കുന്ന അമ്മയെ തിരക്കാൻ കഴിഞ്ഞിരുന്നില്ല. ഒരു രാത്രി മുഴുവൻ ആ മൃതദേഹത്തിന് എനിക്ക് കാവലിരിക്കേണ്ടിയും വന്നു. ആ അനുഭവത്തെ അൽപം മാത്രം ഭാവന ചേർത്ത് ഞാൻ ഒരു കഥയാക്കി. അതു ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ചു വന്നതോടെ പഴയ എഴുത്തുകാരൻ മെല്ലെ ഉണരാൻ തുടങ്ങി. പക്ഷേ, ഇത്രകാലവും ഒന്നും എഴുതാതിരുന്നിട്ട് ഇനിയിപ്പോൾ എന്തെങ്കിലും എഴുതുകയാണെങ്കിൽ അതു വായിക്കുന്നവരെക്കൊണ്ടു ‘ബോറൻ’ എന്നു പറയിപ്പിക്കരുതെന്ന് എനിക്കൊരു വാശിയുണ്ടായിരുന്നു. ആ വാശി കാരണം 2 കൊല്ലം കൂടി കഴിഞ്ഞാണ് ‘അപസർപ്പകൻ’ എഴുതിയത്. അതു കഴിഞ്ഞു പിന്നെയും 3 കൊല്ലം കഴിഞ്ഞാണു ഝാൻസി റാണിയുടെ കുതിരകളും പാശിയും എഴുതിയത്. എന്നാൽ ഈ 3 കഥകളും പ്രസിദ്ധീകരിച്ചു വന്നത് 6 മാസങ്ങൾക്കിടയിലാണ്. എന്റെ വാശി വിജയിച്ചോ എന്നു പറയേണ്ടതു ഞാനല്ല. എന്നാൽ, വായനക്കാർ ആ കഥകളോടു കാണിച്ച താത്പര്യം കണ്ടപ്പോൾ കുറച്ചെങ്കിലും വിജയിച്ചുവെന്നു തന്നെയാണ് എന്റെ വിശ്വാസം.

ഓണാട്ടുകരയിലെ ബാല്യകൗമാരങ്ങൾ ഹരിയെന്ന എഴുത്തുകാരനെ എങ്ങനെയൊക്കെ രൂപപ്പെടുത്തി? എഴുത്തിലേക്കു തിരിയുന്നതെവിടെ വച്ചാണ്? എഴുത്തിലെ പ്രചോദനങ്ങൾ എന്തൊക്കെയായിരുന്നു?

ഓണാട്ടുകര പ്രത്യേകമായ സാംസ്‌കാരിക തനിമ പുലർത്തുന്ന വിശാലമായ ഭൂപ്രദേശമാണ്. അവിടുത്തെ ഭാഷ, ഉത്സവങ്ങൾ, ബുദ്ധപാരമ്പര്യം, കലാ-സാഹിത്യ പെരുമ, എല്ലാം എന്റെ ജീവിതത്തെയും എഴുത്തിനെയും വലിയൊരളവിൽ സ്വാധീനിച്ചിട്ടുണ്ട്. ഓണാട്ടുകരയുടെ ഭാഷ അതിന്റെ തനിമ ഒട്ടും ചോരാതെ കഥകളിൽ ഉപയോഗപ്പെടുത്തണമെന്നുള്ളത് എന്റെ വലിയൊരാഗ്രഹമാണ്. ബുദ്ധ പാരമ്പര്യത്തെക്കുറിച്ചും ഭാഷയെക്കുറിച്ചും പറയുമ്പോൾ എനിക്ക് ഓർമവരുന്ന ഒരു കാര്യമുണ്ട്. ഞങ്ങളുടെ നാട്ടിൻപുറത്ത് പ്രചാരത്തിലുള്ള ‘മഞ്ഞക്കൊണതാരം’ എന്ന വാക്ക് എവിടെനിന്നു വന്നതാണെന്നു നിനക്കറിയാമോ എന്നെന്നോട് ഒരിക്കൽ നാട്ടുകാരനായ സുഹൃത്ത് ചോദിച്ചു. എത്രയോ പ്രാവശ്യം പലരും ‘മഞ്ഞക്കൊണതാരം പറയാതെ, പോടാ’ എന്നുപറഞ്ഞു ഞാൻ കേട്ടിരിക്കുന്നു. മഞ്ഞയുടുത്ത സന്യാസിമാർ നൽകിയിരുന്ന ഉപദേശങ്ങൾ ബുദ്ധമതത്തിന്റെ ക്ഷയത്തോടെ വെറും കൊണതാരങ്ങളായി മാറുകയും അങ്ങനെ അവർ പറയുന്നത് മഞ്ഞക്കൊണതാരങ്ങളായി മാറുകയുമായിരുന്നു. 

എന്റെ കഥകളിലെ എല്ലാ കഥാപാത്രങ്ങളുടെയും ഭാഷ ഓണാട്ടുകര ഭാഷയാണ്. അതാണ് എന്നെ സംബന്ധിച്ചിടത്തോളം എന്റെ സ്റ്റാൻഡേർഡ് ഭാഷ. അപസർപ്പകനിലെ കഥാപാത്രം പറഞ്ഞതുപോലെ സ്‌കൂൾ പഠനകാലത്ത് പാഠപുസ്തകങ്ങളല്ലാതെ മുഴുനീളത്തിൽ ഏതെങ്കിലും പുസ്തകങ്ങൾ വായിക്കുന്ന സ്വഭാവം എനിക്കില്ലായിരുന്നു. പക്ഷേ, 10-ാം ക്ലാസ് കഴിഞ്ഞ സമയത്ത് എന്റെ വീടിനു സമീപത്തുള്ള നൂറനാട് ലെപ്രസി സാനിട്ടോറിയത്തിലെ ലൈബ്രറിയിലേക്ക് ഒരു സുഹ്യത്തിനൊപ്പം കൂട്ടുപോയതാണു വഴിത്തിരിവ്. അതോടെ ഞാൻ ലൈബ്രറിയിലെ സ്ഥിരം സന്ദർശകനായി. ധാരാളം പസ്തകങ്ങളുണ്ടായിരുന്ന ആ ലൈബ്രറിയിൽനിന്നു പുസ്തകങ്ങളെടുത്തുകൊണ്ടുവന്നുള്ള നിരന്തരവായനകൾക്കിടയിലാണ് കഥപോലെ എന്തൊക്കെയോ എഴുതിത്തുടങ്ങിയത്. 

ഇനി പ്രചോദനത്തെക്കുറിച്ചു പറയുകയാണെങ്കിൽ, അതിൽ ഒന്നാം സ്ഥാനം എഴുത്തുകാരൻ അമലിനാണ്. മാവേലിക്കരയിൽവച്ച് അമലിനെ പരിചയപ്പെട്ട നാൾ മുതൽ അമൽ എന്നെ കഥയെഴുതാൻ നിർബന്ധിക്കുമായിരുന്നു. അക്കാലത്ത് ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ചു വന്ന പേറ്റുപുരയാണ് അതിനൊരു കാരണം. മറ്റൊരാൾ, കോളജ് കാലത്തിനുശേഷം ആ സമയത്ത് എന്നെ തേടിവന്ന ജിജി സാം എന്ന സുഹൃത്തായിരുന്നു. നീ ഒരു കഥ എഴുതിയെങ്കിലേ പറ്റൂവെന്നും പറഞ്ഞ് അവൻ വിടാതെ കൂടിയതാണ് അപസർപ്പകന് കാരണമായത്. ഒരേ തൊഴിൽ ചെയ്യുന്നവരെന്ന നിലയിൽ നിധീഷ് ജി. എഴുതുന്ന കഥകളും എനിക്ക് നിശബ്ദമായ പ്രചോദനമായിരുന്നു. 

നരേന്ദ്രപ്രസാദ്, പത്മരാജൻ, വി.പി.ശിവകുമാർ തുടങ്ങിയ ഓണാട്ടുകരയുടെ സാഹിത്യപ്പെരുമ ഹരിയെ എങ്ങനെയൊക്കെ സ്വാധീനിച്ചിട്ടുണ്ട്?

ഞാൻ മുമ്പേ പറഞ്ഞ ഓണാട്ടുകര പാരമ്പര്യത്തിന്റെ ഇങ്ങേയറ്റത്തെ ഏറ്റവും തിളക്കമേറിയ മൂന്നു മുഖങ്ങളാണ് അകാലത്തിൽ നമ്മെ വിട്ടുപോയ നരേന്ദ്രപ്രസാദും പദ്മരാജനും വി. പി. ശിവകുമാറും. അവർക്കുശേഷം ആ പാരമ്പര്യത്തെ അതേ ഔന്നത്യത്തിൽ ഉയർത്തിപ്പിടിച്ചവരുണ്ടോ എന്ന കാര്യം സംശയമാണ്. നരേന്ദ്രപ്രസാദിനെയും പദ്മരാജനെയും സിനിമക്കാർ എന്നതിനേക്കാൾ അവരുടെ സാഹിത്യസംഭാവനകളുടെ പേരിൽ ഉയർത്തിക്കാട്ടാനാണ് എനിക്കിഷ്ടം. മലയാള ചെറുകഥയുടെ ഏടിൽ വി. പി. ശിവകുമാറിന്റെ പേരിനുള്ള തിളക്കത്തേക്കുറിച്ച് ഞാൻ പറയേണ്ടല്ലോ. എഴുതാൻ ആഗ്രഹമുള്ള ഒരാളെന്ന നിലയിൽ ഇവരിൽനിന്ന് ഉൾക്കൊള്ളേണ്ട  പാഠം അവർ ഉയർത്തിപ്പിടിച്ച കലയുടെ അങ്ങേയറ്റത്തേ ശ്രേഷ്ഠതയാണ്. അവരുടെ മുമ്പിൽ നിസാരതയ്ക്ക് ഒട്ടും സ്ഥാനമില്ല.  

പാശിയിലെ ഗ്രാമീണനാടകം, ഝാൻസിറാണിയിലെ കുറ്റാന്വേഷണം, അപസർപ്പകനിലെ പൊലീസ് സ്റ്റേഷൻ തുടങ്ങി വായനക്കാരെ വളരെയെളുപ്പം കഥയിലേക്ക് പ്രവേശിപ്പിക്കാനാകുന്ന തരത്തിലുള്ള ഒരു പരിസരം തന്റെ കഥകളിൽ ഹരി സൃഷ്ടിച്ചെടുക്കുന്നുണ്ട്. പറയാനുള്ള ഗഹനമായ ആശയങ്ങളാകട്ടെ നഷ്ടമാകാതെ ആ മേലുടുപ്പിനു താഴെയുള്ള ഉറച്ച ശരീരമായി നിലനിൽക്കുകയും ചെയ്യുന്നു. വായനക്കാരെ ഒട്ടും പരീക്ഷീണരാക്കാതെയുള്ള ഈ കഥയെഴുത്താണ് ഹരിയുടെ ക്രാഫ്റ്റിന്റെ വലിയ പ്രത്യേകത. ഈ തിരഞ്ഞെടുപ്പു മനഃപൂർവമാണോ? 

പറയാൻ ഒരു കഥ വേണം, കഥയിൽ ഒരു കാര്യം വേണം, പറയാനൊരു രീതി വേണം. ഈ മൂന്നു കാര്യങ്ങൾ ഒത്തുവന്നെങ്കിലേ ഒരു കഥ എഴുതാവൂ എന്നെനിക്ക് നിർബന്ധമുണ്ട്. ക്രാഫ്റ്റ് എന്ന വാക്കിനു പല അർഥങ്ങളുണ്ടല്ലോ. കൗശലം, ഉപായം, വൈദഗ്ധ്യം എന്നിങ്ങനെ. എഴുത്തുകാരൻ ഒരു കൗശലക്കാരൻ കൂടിയാണെന്നതിന് തർക്കം വേണ്ട. എത്രത്തോളം തന്റെ എഴുത്തിനെ വായനക്കാരിലേക്ക് എത്തിക്കാൻ കഴിയുമെന്നും അതിന് എന്തുപായമാണു സ്വീകരിക്കേണ്ടതെന്നുമൊക്കെ എഴുതുമ്പോൾ ചിന്തിക്കുന്നതു നല്ലകാര്യമാണ്. അപ്പോഴാണ് എഴുത്തുകാരനു വാക്കുകളെ വൈദഗ്ധ്യത്തോടെ ഉപയോഗിക്കേണ്ടതിന്റെ ആവശ്യം വരുന്നത്. എന്റെ കഥകൾ വായനയിൽ തടസ്സങ്ങൾ സൃഷ്ടിക്കാതെ ഒഴുക്കോടെ നീങ്ങുന്നതായി പറഞ്ഞുകേട്ടിട്ടുണ്ട്. പക്ഷേ, അത് എഴുതുമ്പോൾ അനർഗളമായി വന്നുചേരുന്നതല്ല. അതെനിക്ക് ദിവസങ്ങളോളം ഇരുന്നുള്ള അധ്വാനത്തിലൂടെ വന്നുചേരുന്നതാണ്. അതുകൊണ്ടു ചിലപ്പോൾ കൂടുതൽ എഴുതാൻ കഴിഞ്ഞെന്നു വരില്ല. പക്ഷേ, അതിലെനിക്കു ഖേദവുമില്ല. 

മൂന്ന് കഥകൾ കൊണ്ട് 30 കഥയെഴുതിയതിന്റെ ഗുണം കിട്ടിയെന്നു വിശ്വസിക്കുന്നൊരാളാണു ഞാൻ. പാശിയും അപസർപ്പകനും വായിച്ചതിന്റെ ഓർമയിൽ, ലോക്ഡൗൺ നാളിൽ ഝാൻസി റാണിയുടെ കുതിരകൾ പ്രസിദ്ധീകരിച്ചു വന്നപ്പോൾ, കഥ വായിക്കാനായി കൊടുങ്ങല്ലൂർ മുതൽ ഇരിങ്ങാലക്കുട വരെ മാധ്യമം ആഴ്ചപ്പതിപ്പ് അന്വേഷിച്ചുപോയെന്നും മറ്റൊരു മാർഗവും കാണാതെ തിരുവനന്തപുരത്തെ ലൈബ്രറിയിൽ കയറി മാധ്യമം മോഷ്ടിച്ചെടുത്ത് കഥ വായിച്ച് വൈകിട്ട് തിരികെ വച്ചെന്നും കടകൾ തുറക്കാഞ്ഞതിനാൽ തൊടുപുഴയിലെ മാധ്യമം ഓഫിസിൽ പോയി സ്റ്റാഫ് കോപ്പി വാങ്ങി വായിച്ചെന്നും പറഞ്ഞവർ എനിക്ക് മുൻപരിചയക്കാരല്ല. കഥ വായിച്ചുകിട്ടിയ സുഹൃത്തുക്കളാണ്. കഥകൾക്കുള്ള മികച്ച പ്രതിഫലം ഇതല്ലാതെ മറ്റെന്താണ്?  

ഹരിയുടെ സമകാലീനരായ മറ്റ് എഴുത്തുകാരിൽ ഏറ്റവും ശ്രദ്ധിക്കുന്നത് ആരെയൊക്കെയാണ്?

എന്നെ സംബന്ധിച്ചിടത്തോളം സമകാലികരായ എഴുത്തുകാർ എന്നു പറയുമ്പോൾ ഒരു പ്രശ്‌നമുണ്ട്. 1994-1995 ൽ ഞാൻ എന്തെങ്കിലും എഴുതണമെന്നാഗ്രഹിക്കുമ്പോൾ നമ്മൾ ആരാധനയോടെ നോക്കുന്ന യുവാക്കൾ ഒരുപാടു പേരുണ്ട്. സുഭാഷ് ചന്ദ്രൻ എഴുത്തിന്റെ ശൈലികൊണ്ട് അന്നേ എന്നെ വിസ്മയിപ്പിച്ചയാളാണ്. കോളജ് ലൈബ്രറിയിലിരുന്ന് വലിയ താത്പര്യത്തോടെ മനോജ് ജാതവേദരുടെയും ബി. മുരളിയുടെയും മറ്റും കഥകൾ വായിച്ചതു നല്ല ഓർമകളാണ്. ഗംഭീര കഥകളുമായെത്തിയ ഉണ്ണി ആറും സന്തോഷ് ഏച്ചിക്കാനവും ഇ. സന്തോഷ് കുമാറും കെ. ആർ. മീരയുമെല്ലാം പിന്നീടു പ്രിയപ്പെട്ടവരായി. എസ്. ഹരീഷും വിനോയ് തോമസും ഫ്രാൻസിസ് നൊറോണയും പ്രിയപ്പെട്ടവർതന്നെ. ഇനിയാണ് എനിക്ക് സമകാലികർ എന്ന രസകരമായ ചോദ്യം വരുന്നത്. അമലും പി. വി. ഷാജികുമാറും വി. എം. ദേവദാസും അബിൻ ജോസഫും കെ.വി. മണികണ്ഠനും വിനോദ് കൃഷ്ണയും സുദീപ് ടി. ജോർജും കെ. എൻ. പ്രശാന്തും വി. സുരേഷ് കുമാറും മനോജ് വെങ്ങോലയും ഉണ്ണികൃഷ്ണൻ കിടങ്ങൂരും പ്രിൻസ് അയ്മനവും ശ്രീകണ്ഠൻ കരിക്കകവും ഷിനിലാലും ജേക്കബ് ഏബ്രഹാമും സുനു എ.വിയും മജീദ് സെയ്ദും ജ്യോതി ശങ്കറും കെ. എസ്. രതീഷും ആഷ് അഷിതയും എല്ലാം എനിക്ക് പ്രിയപ്പെട്ടവർ തന്നെ. ഞാൻ കുറച്ചു പേരുകൾ പറഞ്ഞുവെന്നേയുള്ളു; ഇനിയുമുണ്ടു പ്രിയരായവർ. വാസനാവികൃതി മുതലിങ്ങോട്ടു പല തലമുറകളിലായി  മലയാളകഥയിലുണ്ടായിട്ടുള്ള വലിയ മാറ്റങ്ങൾ ശ്രദ്ധയോടെ പഠിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്.

സമീപകാലത്തു വായിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒരു പുസ്തകത്തെപ്പറ്റി പറയാമോ?

ഈ ചോദ്യം വരുമ്പോൾ എന്റെ മുമ്പിലുള്ളതു രണ്ടു പുസ്തകങ്ങളാണ്. ഒന്ന് അരുന്ധതി റോയിയുടെ ആസാദിയും രണ്ടാമത്തേതു പ്രിയപ്പെട്ടവനായ അമലിന്റെ ഞാൻ വൈകി വായിച്ച ബംഗാളി കലാപവും. രണ്ടിനും അതിന്റേതായ വലിയ രാഷ്ട്രീയമുണ്ട്. എങ്ങനെ അമലിന്റെ പുസ്തകം ഇഷ്ടപ്പെടാതിരിക്കും? കണ്ണു തുറന്നുവച്ചും അടച്ചുപൂട്ടിയും അവൻ സ്വപ്നങ്ങൾ കാണാൻ തുടങ്ങി. കാണുന്ന കാഴ്ചകൾ എല്ലാം ഒന്നു തന്നെയായിരുന്നു. ‘‘തന്റെ നേരേ ഉരുണ്ടുരുണ്ടുരുണ്ടുരുണ്ടുരുണ്ടുരുണ്ടുരുണ്ടു വരുന്ന ഒരു മനുഷ്യ ശിരസ്’’.

കുടുംബം, മറ്റു വിവരങ്ങൾ?

ആലപ്പുഴ ജില്ലയിൽ താമരക്കുളത്താണു ജനിച്ചത്. അച്ഛൻ: നാരായണപിള്ള. അമ്മ: സരസ്വതി. പിഎൻപിഎം എൽപിഎസ് താമരക്കുളം, എച്ച്എസ് ചത്തിയറ, പന്തളം എൻഎസ്എസ് കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. കേരള സർവകലാശാലയിൽനിന്നു മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം. ആലപ്പുഴ കുറത്തികാട് പൊലീസ് സ്റ്റേഷനിൽ സീനിയർ സിവിൽ പൊലീസ് ഓഫിസറായി ജോലി ചെയ്യുന്നു. ഭാര്യ സനിത അധ്യാപികയാണ്. സംവിത്ത്, സംവേദ്യ എന്നിവർ മക്കൾ.

English Summary : Puthuvakku column written by Ajish Muraleedharan - Talk with writer N. Hari

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA
;