ADVERTISEMENT

ലണ്ടനിൽ ഭാഗ്യശാലികളായ സഞ്ചാരികളെ കാത്ത് ഒരു സമ്മാനം ഒളിഞ്ഞിരിക്കുന്നു. സ്വർണ്ണനിറമുള്ള റിബൺ കൊണ്ട് അലങ്കരിച്ച ഒരു പുസ്തകം. പുസ്തകത്തിനുള്ളിൽ കേംബ്രിഡ്ജ് പ്രഭ്വിയും ബ്രിട്ടീഷ് രാജകുടുംബാംഗവുമായ കേറ്റ് മിഡിൽടണിന്റെ കത്തും. നഗരത്തിൽ പലയിടങ്ങളിലായി ഒളിപ്പിച്ചുവച്ചിരിക്കുകയാണ് ഈ അപൂർവ സമ്മാനം.  

 

‘ഹോൾഡ് സ്റ്റിൽ : എ പോർട്രെയ്റ്റ് ഓഫ് അവർ നേഷൻ ഇൻ 2020’ എന്ന പുസ്തകത്തിന്റെ 150 പ്രതികളാണു ബുക്ക് ഫെയറീസ് എന്ന സംഘടന ഭാഗ്യശാലികൾക്കുവേണ്ടി കാത്തുവച്ചിരിക്കുന്നത്. നഗരം ലോക്ഡൗണിലൂടെ കടന്നു പോയപ്പോൾ ജനങ്ങൾക്കു പ്രതീക്ഷയുടെ തുരുത്തുകളായ ഇടങ്ങളിൽ. ഒളിപ്പിക്കൽ ദൗത്യത്തിൽ മുന്നിലുണ്ടായിരുന്നു കേറ്റ്. രാജകുടുംബം താമസിക്കുന്ന കെൻസിങ്ടൺ കൊട്ടാരത്തിനു സമീപം പുസ്തകമൊളിപ്പിക്കുന്ന കേറ്റിന്റെ വീഡിയോ ഇതിനോടകം വൈറലാണ്.

 

കോവിഡിനെ നേരിട്ട നഗരത്തിന്റെ നേർക്കാഴ്ചകളാണു പുസ്തകത്തിൽ. നാഷണൽ പോർട്രെയ്റ്റ് ഗ്യാലറി സംഘടിപ്പിച്ച ‘ഹോൾഡ് സ്റ്റിൽ’ പ്രോജക്ടിന്റെ ഫൈനലിലെത്തിയ ഫോട്ടോഗ്രാഫുകൾ. കാലത്തെ നിശ്ചലമാക്കിയ, വൈകാരികമായ ഫോട്ടോ നിമിഷങ്ങളുള്ള നൂറു ചിത്രങ്ങളുടെ ശേഖരം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കഴിഞ്ഞ മെയ്, ജൂൺ മാസങ്ങളിൽ ലണ്ടൻ ലോക്ഡൗണിലായപ്പോൾ പകർത്തിയവ. പ്രോജക്ടിനായി പരിഗണിച്ചതു മൂന്നു വിഭാഗങ്ങളിലുള്ള ചിത്രങ്ങളാണ് - ഹെൽപ്പേഴ്സ് ആൻഡ് ഹീറോസ്, യുവർ ന്യൂ നോർമൽ, ആക്റ്റ്സ് ഓഫ് കൈൻഡ്നെസ്സ്. മുപ്പതിനായിരത്തിലധികം അപേക്ഷകളിൽ നിന്നായിരുന്നു തെരഞ്ഞെടുപ്പ്. നാലു വയസ്സുള്ള കുട്ടിഫോട്ടോഗ്രാഫർ മുതൽ 75 വയസ്സുള്ള പ്രൊഫഷണലുകൾ വരെ പങ്കെടുത്ത മത്സരം. ഫൈനലിലെത്തിയ 100 ചിത്രങ്ങളും നഗരത്തിന്റെ പ്രധാന കോണുകളിൽ പ്രദർശനത്തിനുണ്ട്.

 

നോവിന്റെയും അതിജീവനത്തിന്റെയും നേർക്കാഴ്ചകളാണു ചിത്രങ്ങളെല്ലാം. ചില്ലു ജനാലയ്ക്ക് ഇരുപുറവും നിന്നു കാണുന്ന പങ്കാളികൾ, പാതയോരത്തു മഴവില്ലു വരയ്ക്കുന്ന പെൺകുട്ടി, പി പി ഇ കിറ്റിനു പുറത്തുവന്ന ക്ഷീണിതയായ നഴ്സ്, സുരക്ഷാ കവചങ്ങളോടെ നവജാതശിശുവിന് ആദ്യചുംബനം നൽകുന്ന അമ്മ, കുട്ടിക്കൂട്ടത്തെ കാണാനെത്തിയ സ്പൈഡർമാൻ, ആളൊഴിഞ്ഞ ലോക്ഡൗൺ വിവാഹം, പിതാവിന്റെ മരണാനന്തര ചടങ്ങുകൾ ഓൺലൈനായി കാണുന്ന മകൻ.. ഹൃദയം തൊടുന്ന കാഴ്ചകൾ. ഓരോന്നിനും പിന്നിലെ അനുഭവകഥകളും ചിത്രങ്ങൾക്കൊപ്പമുണ്ട്.

 

‘ഷീൽഡിങ് മില’ എന്ന ഫോട്ടോഗ്രാഫാണു കേറ്റിന് ഏറെ അടുപ്പം തോന്നിയ ഒന്ന്. രക്താർബുദബാധിതയായ മിലയെ അണുബാധയിൽ നിന്നു സംരക്ഷിക്കുന്നതിനായി വീടു മാറി താമസിക്കുന്ന അച്ഛൻ ജനാലയ്ക്കരികെ വന്നു മകളെ കാണുന്ന ചിത്രം. നാലുവയസ്സുകാരി മിലയുമായി നടന്ന സ്നേഹസംഭാഷണം അടുത്തയിടെ തന്റെ യൂട്യൂബ് ചാനലിലൂടെ കേറ്റ് പുറത്തുവിട്ടിരുന്നു. മിലയ്ക്ക് ഇഷ്ടമുള്ള പിങ്ക് നിറത്തിൽ വസ്ത്രമണിഞ്ഞു കാണാനെത്താമെന്നു വാക്കും നൽകിയിട്ടുണ്ട്.

ഒളിഞ്ഞിരിക്കുന്ന പുസ്തകങ്ങൾക്കുള്ളിലെ ‘‘അന്വേഷകന്’’ എന്ന് ആരംഭിക്കുന്ന കേറ്റിന്റെ കത്ത് അവസാനിക്കുന്നത് ‘‘ആശംസകളോടെ, കാതറിൻ’’ എന്ന വരിയിലാണ്. എഴുത്തിനൊപ്പം നിർദേശവുമുണ്ട്. ചിത്രങ്ങൾ ആസ്വദിച്ച ശേഷം ദയവായി അടുത്തെവിടെയെങ്കിലും പുസ്തകമൊളിപ്പിക്കൂ. മറ്റൊരാൾ കണ്ടെത്തട്ടെ.

 

English Summary: Kate Middleton hiding books around London

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com