ADVERTISEMENT

രണ്ടാം പിണറായി മന്ത്രിസഭ അധികാരമേൽക്കുമ്പോൾ കേരളം വലിയ പ്രതീക്ഷയിലാണ്. പുതിയ കേരളം സൃഷ്ടിക്കാനാവശ്യമായ ഇച്ഛാശക്തി ഈ മന്ത്രിസഭ പ്രകടിപ്പിക്കുമെന്നു മലയാളി മനസ്സ് പ്രതീക്ഷിക്കുന്നു. മന്ത്രിസഭയുടെ ‘പുതുമുഖ’ ചിത്രവും വനിതകൾക്കു ലഭിച്ച പ്രാധാന്യവുമെല്ലാം പാഴാക്കിക്കളയരുതാത്ത വലിയൊരു അവസരത്തിലേക്കാണു വിരൽചൂണ്ടുന്നത്, ജനം കനിഞ്ഞു നൽകിയ അവസരം. പരമ്പരാഗത ഭരണ നിർവഹണ രീതികളിൽ പൊളിച്ചെഴുത്താണു മാറിയ കാലം ആവശ്യപ്പെടുന്നത്. അതു നടപ്പാക്കാനാവശ്യമായ യുവ ഊർജവും പ്രായത്തിന്റെ പരിചയസമ്പന്നതയും കൃത്യമായ അളവിലുള്ള മന്ത്രിസഭയാണിത്. അവർക്കു മുന്നിൽ ഒരു പത്തിന ജനകീയ മാനിഫെസ്റ്റോ സമർപ്പിക്കുകയാണു മലയാളത്തിന്റെ 10 യുവ എഴുത്തുകാർ. 

 

സുദീപ് ടി. ജോർജ്, അമൽ, മജീദ് സെയ്ദ്, ഫർസാന അലി, ബിനീഷ് പുതുപ്പണം, അബിൻ ജോസഫ്, അജിജേഷ് പച്ചാട്ട്, സുരേഷ് നാരായൺ, ഗോവിന്ദൻ, പുണ്യ സി.ആർ., എന്നിവർ. പുതിയ തലമുറയിലെ ശ്രദ്ധേയ എഴുത്തുകാരെന്നതിലുപരി ഇവർ പത്തു പേരും വ്യത്യസ്ത മേഖലകളിൽ വ്യാപരിക്കുന്നവരും കേരളത്തിന്റെ ജനകീയ മനഃസാക്ഷിക്കൊപ്പം സഞ്ചരിക്കുന്നവരുമാണ്. 

 

Sudeep

തിരിച്ചറിയണം, അഭിരുചികൾ

സുദീപ് ടി. ജോർജ്

നമ്മുടെ കാലഘട്ടത്തിലെ വലിയ ചില കവികളെയും കലാകാരൻമാരെയും നടൻമാരെയുമൊക്കെ കണക്കുകൾ നോക്കുന്ന ഓഫിസ് മുറികൾക്കുള്ളിൽ അടച്ചിടുന്നവരാണു നമ്മൾ. ആ തൊഴിൽ മോശമാണെന്നല്ല പറയുന്നത്. മറിച്ച്, അവരെ നമുക്ക് ആവശ്യമുള്ളത് അവിടെയല്ല എന്നാണ്. ഇതൊരു കണക്കെടുപ്പല്ല. എങ്കിലും പയട്ടെ, അഭിരുചിക്കും കഴിവിനും ഇണങ്ങാത്ത മേഖലകളിൽ ചെന്നു പെട്ടുപോകുന്നവരുടെ വലിയൊരു കൂട്ടമായി കേരളം മാറിപ്പോകുന്നു. എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു? പ്രധാന പ്രതികൾ സമൂഹവും നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായവുമാണ്. ഏതു മേഖലയിലാണു തന്റെ കഴിവ് എന്നു തിരിച്ചറിയാനും അതിനനുസൃതമായി മുന്നോട്ടു പോകാനും ഒരാളെ സഹായിക്കേണ്ടതു വിദ്യാലയങ്ങളും അധ്യാപകരും രക്ഷകർത്താക്കളും ഉൾപ്പെടുന്ന സമൂഹമാണ്. എന്നാൽ, ഇക്കാര്യത്തിൽ വീഴ്ച സംഭവിക്കുന്നതു കൊണ്ടാണു പലരും ലക്ഷ്യം തെറ്റി അലഞ്ഞ് എവിടെയൊക്കെയോ ചെന്നടിയുന്നത്. കെമിസ്ട്രിയും കൊമേഴ്സും ചരിത്രവും ബയോ ടെക്നോളജിയുമൊക്കെ പഠിക്കാനുള്ള ഇടങ്ങൾ എന്നതിനപ്പുറത്തേക്ക് കലാലയങ്ങൾ ഉയരണം എന്നു കാലങ്ങളായി പറഞ്ഞുകേൾക്കുന്നുണ്ടെങ്കിലും മിക്കപ്പോഴും അതു സംഭവിക്കുന്നില്ല. ഈ സ്ഥിതി മാറിയാലേ ഭാവിയിലെ ഐൻസ്റ്റൈൻമാരും മാർകേസുമാരും ഒ.വി. വിജയൻമാരും അലൻസിയർമാരും കെ.പി.എ.സി. ലളിതമാരും അഭിലാഷ് ടോമിമാരും ഷഹബാസ് അമൻമാരുമൊക്കെ പ്ലസ് ടു, ഡിഗ്രി ക്ലാസുകളിൽ വച്ചു തന്നെ അന്തരിക്കുന്നത് അവസാനിക്കൂ. അല്ലെങ്കിൽ ആസ്ട്രോ ഫിസിക്സ് പഠിച്ചവർ കേതുവിന്റെ അപഹാരത്തെക്കുറിച്ചു പ്രഭാഷണം നടത്തുന്നതും എം.എസ്.ഡബ്ല്യുവിന് റാങ്ക് നേടിയവർ ബ്ലേഡ് കമ്പനി നടത്തുന്നതുമൊക്കെ നമുക്കിനിയും കാണേണ്ടി വരും.

 

amal-pirappancode

(ടൈഗർ ഓപ്പറ എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ചു. ‘ഇളയരാജ’ എന്ന സിനിമയ്ക്ക് തിരക്കഥയും സംഭാഷണവും എഴുതി. ചങ്ങനാശേരി പായിപ്പാട് സ്വദേശി)

 

ഉറപ്പാക്കണം, സേവനം 

അമൽ

 

Majeed

മഹാവ്യാധിയുടെ ഇക്കാലത്തു വിജയകരമായി അതിനെ പ്രതിരോധിച്ചു ജനങ്ങൾക്കൊപ്പം നിന്ന ജനകീയ സർക്കാർ വീണ്ടും അധികാരത്തിലേറുമ്പോൾ ജനങ്ങൾക്ക് തങ്ങൾ കൂടി അതിന്റെ ഭാഗമാണെന്ന അഭിമാനമുണ്ട്. അതു നിലനിർത്തിക്കൊണ്ടുപോകാൻ സർക്കാരിനു കഴിയട്ടെ. വലിയ അളവിൽ തകർന്നു പോയ ആരോഗ്യ, തൊഴിൽ, സാമ്പത്തിക മേഖലകളെ തിരിച്ചു കൊണ്ടുവരലായിരിക്കും ഈ സർക്കാരിനു മുന്നിലുള്ള വൻ വെല്ലുവിളി. ആരോഗ്യം തകർന്ന, തൊഴിൽ നഷ്ടമായ വലിയൊരു വിഭാഗം സർക്കാരിനെ പ്രതീക്ഷയോടെ നോക്കിയിരിപ്പുണ്ട്. എന്നെ സംബന്ധിച്ചു സാധാരണ ജനങ്ങൾ നിരന്തരം ബന്ധപ്പെടുന്ന കീഴേത്തട്ടിലുള്ള സ്ഥാപന-ഉദ്യോഗസ്ഥ നിലപാടുകൾ ആണു സർക്കാർ അടിയന്തിരമായി മാറ്റണ്ടത്. സർക്കാർ തങ്ങളുടെ ഭാഗമല്ല എന്ന തോന്നൽ ഭീകരമായി സൃഷ്ടിക്കപ്പെടുന്നത് അവിടെയാണ്. സാധാരണക്കാരായ സ്ത്രീകളുടെയും കുട്ടികളുടെയും യുവജനങ്ങളുടെയും മറ്റു പൗരന്മാരുടെയും ന്യായമായ അടിയന്തിര ആവശ്യങ്ങൾക്ക് ഉടനടി പരിഹാരം കാണാൻ സർക്കാർ സേവനങ്ങൾക്കാകണം.  ഇപ്പോഴും അടിസ്ഥാന ആവശ്യങ്ങൾക്കായി ഫോൺ വിളിക്കുന്ന, അപേക്ഷകളുമായി വരുന്ന പാവങ്ങളെ എന്തോ ഔദാര്യം ചെയ്യും പോലെ സംസാരിച്ചും ആട്ടിയകറ്റിയും തിണ്ണയിൽ കാത്തുനിർത്തിയും പല തവണ കയറ്റിയിറക്കിയും ദ്രോഹിക്കുന്നതിനു മാറ്റമില്ല. എല്ലാം ഡിജിറ്റലായി പെട്ടെന്നു ചെയ്തു നൽകാമെന്നിരിക്കെയാണ്‌ ഇത്. ഞാൻ ജീവിക്കുന്ന ജപ്പാനിൽ എത്ര വലിയ സർക്കാർ ഓഫിസിൽ എന്താവശ്യത്തിനു ചെന്നാലും അങ്ങേയറ്റം വിനയത്തോടെ പെരുമാറി ഉടൻ തന്നെ പരിഹാരം കാണുകയും നമ്മുടെ തൃപ്തി പെരുമാറ്റത്തിലൂടെ ഉറപ്പാക്കുകയും ചെയ്യുന്നതു കാണുമ്പോൾ വളരെ ലളിതമായ, ഒട്ടും അസാധ്യമല്ലാത്ത ഇതു നാട്ടിലും വേണമെന്നു തോന്നും. ജനാധിപത്യം സഫലമാകുന്നതു സാധാരണ പൗരന്റെ സംതൃപ്തിയിലാണ്. നല്ല വാക്കുകൾക്കും മാർഗ്ഗ നിർദ്ദേശങ്ങൾക്കും റേഷനും ഭക്ഷ്യസാധനങ്ങൾക്കും ഓക്സിജനും ചികിത്സാ സഹായങ്ങൾക്കും കൃത്യസമയത്തു നൽകിയ പെൻഷനും ഒപ്പമുണ്ട് എന്ന തോന്നലിനും കൂടിയാണു സാധാരണ ജനങ്ങൾ വോട്ട് നൽകിയത് എന്നതു പ്രധാനപ്പെട്ട കാര്യമാണ്.

പിന്നെയാണ് അപകടങ്ങളേയില്ലാത്ത ട്രാഫിക് സിസ്റ്റം, ഒരിക്കലും കറന്റ് പോകാത്ത അവസ്ഥ, കൃഷിക്ക് നൽകുന്ന പ്രാധാന്യം, എല്ലാവർക്കും സർക്കാർ വിദ്യാഭ്യാസം, തൊഴിൽ, പാർപ്പിടം, ആരോഗ്യ, സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തൽ ഒക്കെ വരുന്നത്. ഇതൊന്നും അസാധ്യമല്ലാതാകുന്നതു സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥർ ആത്മാർഥമായി, സത്യസന്ധമായി, വിട്ടുവീഴ്ചയില്ലാതെ തങ്ങളുടെ കടമകൾ ഉടനടി  ചെയ്യുമ്പോഴാണ്. കൊറോണ പോലെ വലിയ വ്യാധികൾ വന്നു വ്യാപിച്ച സമയത്താണു പല സർക്കാരുകളും അതു കൈകാര്യം ചെയ്യാൻ പദ്ധതികൾ ആലോചിക്കുന്നത്. അവിടെ കേരളം വലിയ പ്രതിരോധവിജയം നേടിയത് അഭിമാനകരം തന്നെയാണ്. എല്ലാം മുൻകൂട്ടി കണ്ട് സജ്ജരായിരിക്കൽ കൂടി സർക്കാരിന്റെ കടമയാണ്. പല രാജ്യങ്ങളും നമുക്ക് മുന്നേ ഇതൊക്കെ നേരിട്ട് തരണം ചെയ്തത്  കാണുന്നുണ്ടല്ലോ. അപ്പോൾ അസാധ്യമല്ല കാര്യങ്ങൾ എന്നുറപ്പാണ്. അപ്പോഴും കാലവർഷം വരുമ്പോൾ തീരദേശങ്ങൾ അങ്ങേയറ്റം ദുരിതത്തിലാവുന്നതും വീടുകൾ തകർന്നു വേദനിക്കുന്നതും ചില റോഡുകൾ വെള്ളത്തിനടിയിലാവുന്നതും ചില പ്രദേശങ്ങളിൽ ദിവസങ്ങളോളം കറന്റ് ഇല്ലാതെയാകുന്നതും അനേകർ മരണപ്പെടുന്നതും കാണാം. ഇതു കാലാകാലങ്ങളായി ആവർത്തിക്കുന്നത് എന്തുകൊണ്ടാണ്? കാലവർഷം ഉറപ്പായും വരും എന്നറിഞ്ഞു ഫലപ്രദമായ പരിഹാരം കാണാനാകാത്തത് എന്തുകൊണ്ടാണ്? പദ്ധതികൾക്ക് ഒരു പഞ്ഞവുമില്ലല്ലോ? പിന്നെന്താണ് ഇങ്ങനെ എന്നു തോന്നിപ്പോകുന്നു. വലിയൊരളവിൽ സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവന്ന ഈ സർക്കാരിന് ഇതെല്ലാം നന്നായി മനസിലാക്കാനും പരിഹാരം കാണാനുമാകും എന്നുറപ്പുണ്ട്. മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളേക്കാൾ മെച്ചപ്പെട്ട കേരളമല്ല, വികസിത രാജ്യങ്ങൾക്കൊപ്പം നിൽക്കുന്ന കേരളമാണ് എന്റെ സ്വപ്നം.

 

(തിരുവനന്തപുരം പിരപ്പൻകോട് സ്വദേശി. വർഷങ്ങളായി ജപ്പാനിലാണു താമസം. കൽഹണൻ, വ്യസന സമുച്ചയം, ബംഗാളി കലാപം, അന്വേഷിപ്പിൻ കണ്ടെത്തും (നോവലുകൾ), പാതകം വാഴക്കൊലപാതകം, നരകത്തിന്റെ ടാറ്റൂ, പരസ്യക്കാരൻ തെരുവ്, മഞ്ഞക്കാർഡുകളുടെ സുവിശേഷം, കെനിയാസാൻ (കഥാ സമാഹാരം), കള്ളൻ പവിത്രൻ (ഗ്രാഫിക് നോവൽ), ദ്വയാർത്ഥം (ഗ്രാഫിക് കഥ), മുള്ള് (കാർട്ടൂൺ സമാഹാരം),‌ വിമാനം (ബാലസാഹിത്യം-ചിത്രകഥ)

Farsana

 

തൊഴിലുണ്ടാകണം, ഉണ്ടാക്കണം

മജീദ് സെയ്ദ്

 

Bineesh

തൊഴിൽമേഖലയിലെ പുനരധിവാസവും വിദ്യാഭ്യാസ മേഖലയിലെ അനിശ്ചിതത്വം പരിഹരിക്കലുമാണു രണ്ടാം പിണറായി സർക്കാരിൽ നിന്നു ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത്. ആരോഗ്യ - പരിസ്ഥിതി മേഖലകളിലുണ്ടായ അപ്രതീക്ഷിത ദുരന്തങ്ങൾ ഏറ്റവുമധികം പരുക്കേൽപ്പിച്ച രണ്ടുകാര്യങ്ങളാണു മേൽപ്പറഞ്ഞത്. ഇനിയങ്ങോട്ടു തൊഴിൽമേഖലയിൽ ആശാവഹമായ മാറ്റങ്ങളുണ്ടാകാതെ കേരളത്തിലെ ഭൂരിഭാഗം വരുന്ന സാധാരണക്കാരന്റെ മുന്നോട്ടുള്ള ജീവിതം എങ്ങനെ കടന്നുപോകുമെന്ന എന്റെ  ഭയം അത്ര ചെറുതല്ല. സർക്കാരിന്റെ കരുതലിൽ പട്ടിണി ഒഴിവായി കിട്ടുന്നതു സാധാരണക്കാരന് വലിയൊരു ആശ്വാസം തന്നെയാണ്. പക്ഷേ, അതുമാത്രമല്ല മനുഷ്യന്റെ ദൈനംദിന പ്രശ്നങ്ങൾ. കടങ്ങളും നിത്യരോഗങ്ങളും ബാങ്ക് ബാധ്യതകളും അലട്ടുന്ന വലിയൊരു സമൂഹമാണ് തൊഴിൽ നഷ്ടപ്പെട്ട് ഇരുട്ടിൽ അലയുന്നത്. ചരിത്രത്തെ കോവിഡാനന്തര കാലഘട്ടമെന്നു നമുക്ക് എന്നു മുതൽ വിശേഷിപ്പിച്ചു തുടങ്ങാമെന്നുപോലും ഇപ്പോഴും ഒരുറപ്പായിട്ടില്ല. അങ്ങനെയൊരു കാലത്തിലേക്ക് ചെന്നു ചേരുംവരെ ഇനിയുമെത്ര ലക്ഷങ്ങൾക്കു തൊഴിൽ നഷ്ടപ്പെടുമെന്ന് ആർക്കുമൊരു ഉറപ്പില്ല. ദിനംപ്രതി ജോലി നഷ്ടമായി വരുന്ന പ്രവാസി തൊഴിലാളികൾ തന്നെ എത്രയാണ്. കുടിയൊഴിപ്പിക്കപ്പെട്ട ചെറുകച്ചവടക്കാർക്ക് എണ്ണമില്ല. സ്വദേശത്തും വിദേശത്തുമായി ഇനിയും എത്ര സ്ഥാപനങ്ങൾ കൂടി  അടച്ചുപൂട്ടുമെന്നും അറിയില്ല. ഇതിനിടെയാണു സ്വകാര്യ പ്രഫഷനൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദയാരഹിതമായ ഫീസീടാക്കൽ. അതിനൊരു നിയന്ത്രണവും സർക്കാർ തലത്തിലുണ്ടാവണം. ഇല്ലെങ്കിൽ നമ്മളേൽക്കാൻ പോകുന്ന സാമൂഹിക ആഘാതം ചില്ലറയാവില്ല. അതൊക്കെ മുൻകൂട്ടി കണ്ടു പ്രാദേശിക അടിസ്ഥാനത്തിൽ യുവാക്കൾക്കായി സമയബന്ധിതമായ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കലാണ് സർക്കാർ ആദ്യം ചെയ്യേണ്ടത്. വലിയൊരു വെല്ലുവിളിയാണതെങ്കിലും ചിന്തിച്ചാൽ ആരോഗ്യ- ചെറുകിട വ്യവസായ മേഖലകളിൽ സാധ്യതകൾ ഏറെയുണ്ടുതാനും. വികസനമെന്നതു പ്രത്യക്ഷത്തിൽ റോഡുകളും പാലങ്ങളും കെട്ടിടങ്ങളും ഒക്കെയായ സ്ഥിതിക്ക് അതൊക്കെ ഇപ്പോൾ തന്നെ നമുക്ക് ആവശ്യത്തിനുണ്ട്. കേരളമാകെ ഓടിനടക്കാൻ അത്യാവശ്യ സൗകര്യങ്ങളൊക്കെ ആയ സ്ഥിതിക്ക് കോവിഡുൾപ്പടെയുള്ള പകർച്ചവ്യാധികളും പ്രകൃതിക്ഷോഭങ്ങളും സൃഷ്ടിച്ച  ദുസ്സഹമായ ജീവിതം മറന്ന്, മറ്റൊരാളുടെ ദയകാത്തു ജീവിക്കേണ്ടാത്ത സാധാരണക്കാരന്റെ കേരളമാണ് എന്റെ മോഹം.

 

(വൈക്കം സ്വദേശിയായ മജീദ് സെയ്ദിന്റെ ആദ്യ നോവൽ ‘ചെമ്പിലമ്മിണി കൊലക്കേസ്’ ആസ്വാദക ശ്രദ്ധ നേടി. ‘പെൺവാതിൽ’ എന്ന കഥാസമാഹാരവും പുറത്തു വന്നു)

 

abin-joseph

ഈക്വൽ ഓപ്പർച്യുണിറ്റി കമ്മിഷൻ

ഫർസാന അലി

 

ജാതി, മതം, ജെൻഡർ, പ്രായം, ശാരീരിക വൈകല്യങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം നേരിടുന്ന ഒട്ടേറെപ്പേരുണ്ട്. ഇത്തരം അനുഭവങ്ങൾ കാരണം ജീവൻ അവസാനിപ്പിക്കേണ്ടി വരുന്നവരുടെ എണ്ണവും ചെറുതല്ല. ഒരു ഈക്വൽ ഓപ്പർച്യുണിറ്റി കമ്മിഷൻ രൂപീകരിക്കുക എന്നതു നല്ല ആശയമായിരിക്കും. അതുവഴി ഭരണാധികാരത്തിന്റെ വിവിധ തലങ്ങളിൽ സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്ക് എത്രത്തോളം തുല്യമായ അവസരങ്ങൾ ലഭിക്കുന്നുണ്ടെന്നു നിരന്തരം വിലയിരുത്താനാവും. സർക്കാർ സർവീസ്, രാഷ്ട്രീയാധികാരം എന്നിവയിലേക്കും കമ്മിഷന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കണം. സംവരണ വിഷയത്തിലും നിർദേശങ്ങൾ സമർപ്പിക്കാൻ ഈ കമ്മിഷന് കഴിയണം. ഉദാഹരണത്തിന് തൊഴിൽ മേഖലയുടെ കാര്യമെടുക്കാം. വിവേചനം നേരിടുന്നുവെന്ന പരാതി ഒരു തൊഴിലാളിയിൽ നിന്നു ലഭിച്ചാൽ കമ്മിഷൻ നേരിട്ടു തന്നെ പോയി സ്ഥിതിഗതികൾ നിരീക്ഷിക്കണം. ആദ്യപടിയായി തൊഴിലുടമയുമായി സംസാരിച്ച് കാര്യങ്ങൾ ഒത്തുതീർപ്പിലെത്തിക്കാൻ ശ്രമിക്കുക. പ്രശ്നങ്ങളുണ്ടെന്നു തീർച്ചയായാൽ ഉടനടി പരിഹാരങ്ങൾ നടപ്പിലാക്കാനുമാവണം. 

ajijesh-pachat

 

(മലപ്പുറം സ്വദേശിനിയായ ഫർസാന അലി ദീർഘകാലമായി ജീവിക്കുന്നതു ചൈനയിലാണ്. ഒരു ചൈനീസ് തെരുവ്, ചൈനീസ് ബാർബിക്യു, ഇരട്ടനാളങ്ങൾ, ഒപ്പീസ്, ച്യേ, വേട്ടാള, പാവക്കൂട്ട് എന്നിവയാണു പ്രധാന കഥകൾ)

 

വിദ്യാഭ്യാസം–സംരംഭകത്വം

suresh-narayanan

ബിനീഷ് പുതുപ്പണം

 

പരാശ്രയത്തേക്കാൾ സ്വാശ്രയത്വവും സേവനവും ശീലമാക്കിയ വിദ്യാഭ്യാസ സമൂഹമായി നമ്മൾ കൂടുതൽ വികസിക്കേണ്ടതുണ്ട്. ‘വിജ്ഞാനവിതരണം, അതിന്റെ സ്വീകരണം’ എന്ന പാരമ്പര്യ പാഠ/പഠനക്രമം തന്നെയാണ് ഒരു പരിധിവരെ ഇന്നും പിന്തുടരുന്നത്. അതിനാൽ ‘കൊടുക്കലും വാങ്ങലും’ എന്ന രീതിക്കൊപ്പം വിദ്യാഭ്യാസത്തിൽ സ്വയം വികാസം എന്ന വലിയ പാഠവും ആവോളം ഉൾക്കൊള്ളേണ്ടതുണ്ട്. അതു കൂടുതൽ വിമർശ ബുദ്ധിയെ/അറിവിന്റെ സത്യസന്ധതയെ/സേവനസന്നദ്ധതയെ വളർത്തും. വിജ്ഞാന ഉൽപാദനം കൂടി അതിനൊപ്പം വികാസം പ്രാപിക്കും. മറ്റൊന്ന്, വിദ്യാഭ്യാസവും സംരഭകത്വവും ചേർത്തു നിർത്താവുന്ന കാര്യമാണ്. സ്വയം തൊഴിലിനൊപ്പം മറ്റുള്ളവരെക്കൂടി പങ്കാളികളാക്കുന്ന പദ്ധതിയിലേക്ക് അതു നയിക്കും. വളരെ പ്രധാനപ്പെട്ട ഒന്ന് വിദ്യാഭ്യാസത്തിൽ/കലാലയങ്ങളിൽ  മതനിരപേക്ഷത കൂടുതൽ ശക്തിപ്രാപിക്കേണ്ടതുണ്ട് എന്നതാണ്. മതത്തിന്റെ പേരിൽ പുറത്താക്കപ്പെടുന്ന  അധ്യാപക/വിദ്യാർത്ഥി സമൂഹം ഇന്ത്യയിൽ സ്ഥിരം കാഴ്ചയായി മാറിയിരിക്കുന്നു. അതിനാൽ മതനിരപേക്ഷതയ്ക്കു സവിശേഷമായ ശ്രദ്ധ വിദ്യാഭ്യാസത്തിൽ കൊടുത്തില്ലെങ്കിൽ ചരിത്രവും സാഹിത്യവും ശാസ്ത്രവുമെല്ലാം അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ചേർന്ന് പകുത്തെടുക്കുമെന്നതിൽ സംശയമില്ല. കേരളം ഇനിയുമിനിയും കരുത്തുറ്റ മതനിരപേക്ഷ വിദ്യാഭ്യാസ ശാലയായും എക്കാലത്തേക്കും അതിന്റെ സംരക്ഷിത കേന്ദ്രമായും മാറട്ടെ.

 

govindhan

(നിലമേൽ എൻഎസ്എസ് കോളജ് അസി. പ്രഫസറായ ബിനീഷ് പുതുപ്പണം എഴുത്തിലും യാത്രയിലും സജീവം. പതിനഞ്ചു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ചലച്ചിത്രങ്ങൾക്കു ഗാനരചന നിർവഹിച്ചിട്ടുണ്ട്. വൈലോപ്പിള്ളി പുരസ്കാരം, സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ യൂത്ത് ഐക്കൺ പുരസ്കാരം തുടങ്ങി ഒട്ടേറെ അംഗീകാരങ്ങൾ ലഭിച്ചു)

 

ആദിവാസി, ദലിത് നയം

അബിൻ ജോസഫ്

punya-cr

 

ആദിവാസി - ദലിത് വിഭാഗങ്ങൾക്ക് കൃഷിയിലൂടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുന്ന തരത്തിലുള്ള ഒരു സമഗ്ര ദലിത്, ആദിവാസി കാർഷിക നയം കൊണ്ടുവരണം. വൻകിട പ്ലാന്റേഷനുകൾക്ക് പാട്ടത്തിനു കൊടുത്തിട്ടുള്ള ഭൂമി തിരികെയെടുത്ത് ദലിത് കോളനികളിൽ കഴിയുന്നവരെ അവിടെ പുനരധിവസിപ്പിക്കാം. കൃഷിയുടെ മേൽനോട്ടത്തിനു സർക്കാർ സംവിധാനം ഏർപ്പെടുത്താം. വിളകൾക്കു താങ്ങുവില ഉൾപ്പെടെ ലഭ്യമാക്കണം. ദലിത് - ആദിവാസി വിഭാഗങ്ങളുടെ ഭൂമി കൈയേറുകയും പിടിച്ചെടുക്കുകയും ചെയ്തവരിൽ നിന്ന് അതു തിരിച്ചു പിടിച്ച് അർഹതപ്പെട്ടവർക്കു നൽകണം. സ്വന്തമായി കൃഷിഭൂമിയില്ലാത്ത ഒരുപാടു കർഷകത്തൊഴിലാളികളുണ്ട്. ഇപ്പോഴും അവർ പണിക്കാരായി തുടരുകയാണ്. അവർക്ക് ചെറിയൊരു പെൻഷൻ നൽകിവരുന്നുണ്ട്. എന്നാൽ അതിനപ്പുറം അവരുടെ വിഭവശേഷി പൂർണമായും ഉപയോഗിക്കാൻ തയാറാവണം. തൊഴിലാളികളായി മാത്രം പരിഗണിച്ചു മാറ്റി നിർത്തുന്ന പിന്നാക്ക വിഭാഗത്തിനു സ്വന്തമായി കൃഷിഭൂമി ലഭ്യമാകുന്നതോടെ സാമൂഹികമായ പുരോഗതിക്കൊപ്പം കാർഷിക മേഖലയിലും മുന്നേറ്റം കൊണ്ടുവരാൻ സാധിക്കും. മൂന്നോ നാലോ സെന്റ് സ്ഥലത്ത് ഒരു വീടു വച്ചു കൊടുക്കുന്നതോടെ പിന്നാക്ക വിഭാഗങ്ങളോടുള്ള ഉത്തരവാദിത്വം തീർന്നു എന്ന ഭരണകൂടത്തിന്റെ ധാരണ തിരുത്തപ്പെടേണ്ടതുണ്ട്.

 

(കണ്ണൂർ ജില്ലയിലെ കീഴ്പ്പള്ളി സ്വദേശി. കേരള സാഹിത്യ അക്കാദമി ഗീതാഹിരണ്യൻ എൻഡോവ്‌മെന്റ്, അങ്കണം ഇ.പി. സുഷമ എൻഡോവ്‌മെന്റ്, രാജലക്ഷ്മി കഥാപുരസ്‌കാരം, ഉറൂബ് അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ നേടി. കല്യാശ്ശേരി തീസിസ് ആണ് ആദ്യ കഥാസമാഹാരം)

 

സ്ത്രീയിടങ്ങൾ

അജിജേഷ് പച്ചാട്ട്

 

ആശങ്കകൾ മനുഷ്യരുടെ സ്വസ്ഥത കെടുത്താറുണ്ട്. അത് ആസ്വാദനത്തെയും ലക്ഷ്യത്തെയുമെല്ലാം വല്ലാതെ ബാധിക്കുകയും ചെയ്യാറുണ്ട്. ഒരുയാത്ര പോവുമ്പോൾ ഇറങ്ങാൻ നേരം ബാത്റൂമിലേക്ക് പായുന്ന അമ്മമാരും പെങ്ങന്മാരും എത്രയോ കാലങ്ങളിലായി നമ്മുടെ സ്ഥിരം കാഴ്ചകളാണ്. എന്നാൽ പുരുഷന്മാർ ഒരിക്കലും ഇത്തരം കാര്യങ്ങളെക്കുറിച്ചോർത്ത് വ്യാകുലപ്പെടുന്നത് ഇതുവരെ കണ്ടിട്ടില്ല. അവർക്ക് അതിനായി പലതരത്തിലുള്ള സാധ്യതകൾ തുറന്നിട്ടിട്ടുണ്ട് എന്നുള്ളതുകൊണ്ടു തന്നെയാണ് അത്. സ്ത്രീകൾക്കു വേണ്ടി ചിന്തിക്കാനും വാതോരാതെ സംസാരിക്കാനും നാം പലപ്പോഴും മത്സരിക്കും. എന്നിട്ടോ, അവർക്ക് യാതൊരുവിധ ആശങ്കകളുമില്ലാതെ ഉപയോഗിക്കാൻ പറ്റുന്ന എത്ര പബ്ലിക് ടോയ്‌ലറ്റുകൾ സംസ്ഥാനത്ത് നമുക്കു ചൂണ്ടിക്കാണിക്കാൻ കഴിയും? പബ്ലിക്ക് ടോയ്‌ലറ്റുകൾക്ക് ഇനിയെങ്കിലും വലിയ പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. അത് ഏതെങ്കിലും മുക്കിലും മൂലയിലും പേരിനു ചൂണ്ടിക്കാണിക്കാനുള്ള ഒന്നായിട്ടല്ല വേണ്ടത്. ഏറ്റവും ചുരുങ്ങിയതു മൂന്നോ നാലോ കിലോമീറ്റർ പരിധിക്കുള്ളിൽ ഓരോ പബ്ലിക്ക് ടോയ്‌ലറ്റുകൾ സ്ഥാപിക്കാൻ കഴിഞ്ഞാൽ അതു വലിയ മുന്നേറ്റമാവും. അതിലൂടെ സ്ത്രീകൾ ഇപ്പോൾ പ്രാഥമികകൃത്യങ്ങൾക്ക് അനുഭവിക്കുന്ന സംഘർഷങ്ങൾ ഇല്ലാതാക്കാൻ കഴിയും. അവർ മാനസികമായി കുറച്ചൂടി ഫ്രീയാകും. പ്രാഥമികകൃത്യങ്ങളുടെ  സൗകര്യത്തിനെക്കുറിച്ച് ആശങ്കപ്പെടാതെ യാത്രയ്ക്കിറങ്ങുന്ന സ്ത്രീകളുടെ കേരളം എന്റെ വലിയ ആഗ്രഹങ്ങളിലൊന്നാണ്.

 

(മലപ്പുറം ജില്ലയിലെ പള്ളിക്കൽ സ്വദേശി. കിസേബി, ദൈവക്കളി (കഥാസമാഹാരങ്ങൾ, ഏഴാം പതിപ്പിന്റെ ആദ്യപ്രതി (നോവൽ), ഒരാൺകുട്ടി വാങ്ങിയ ആർത്തവപ്പൂമെത്ത (ഓർമക്കുറിപ്പുകൾ) തുടങ്ങിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. കഥയ്ക്ക് അങ്കണം – ഇ.പി. സുഷമ എൻഡോവ്മെന്റ്, പി.എൻ. പണിക്കർ കഥാപുരസ്കാരം, മലയാളം– എം.പി. നാരായണപിള്ള കഥാപുരസ്കാരം, അങ്കണം – ടി.വി.കൊച്ചുബാവ പുരസ്കാരം, കേരള സാഹിത്യ അക്കാദമി ഗീത ഹിരണ്യൻ എൻഡോവ്മെന്റ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചു)

 

വെൽനസ് വകുപ്പ് 

സുരേഷ് നാരായൺ

 

ടാഗോർ പറയുന്ന ‘സ്വാതന്ത്ര്യത്തിൻറെ ആരാമ’ത്തിൽ അറിവിന് ആദ്യ സ്ഥാനമാണ്. ക്ഷേമരാഷ്ട്രത്തിന്റെ വാഗ്ദത്ത തീരങ്ങളിലേക്കുള്ള അവിരാമമായ യാത്രയാകണം അടുത്ത അഞ്ചു വർഷങ്ങൾ! പദ്ധതികളുടെ തുടർച്ചയായിരുന്നല്ലോ ‘കേരളാമോഡലി’ന്റെ പ്രധാന സൂത്രവാക്യം. ഭരണത്തുടർച്ച ഉണ്ടാകുമ്പോൾ അതിന്റെ ഒരു ‘രണ്ടാം തരംഗ’ത്തിൽ കുറഞ്ഞ ഒന്നും നമ്മൾ പ്രതീക്ഷിക്കുന്നില്ല. ‘എനിക്കു ശ്വാസം മുട്ടുന്നു’ എന്നുള്ള നിലവിളികൾ ലോകത്തിന്റെ പലഭാഗത്തുനിന്നുമുയരുമ്പോൾ കിറ്റ് മുതൽ കെ-ഫോൺ വരെയുള്ള കാര്യങ്ങളിൽ പരിപൂർണ്ണമായ ആത്മസമർപ്പണം പ്രതീക്ഷിക്കുന്നു. ആരോഗ്യവകുപ്പിനെ രണ്ടായി വിഭജിച്ച് വെൽനസ് (സൗഖ്യം) എന്നൊരു പുതിയ വിഭാഗം ഉണ്ടാക്കാവുന്നതാണ്. മാനസികാരോഗ്യം, വയോജനക്ഷേമം ഒക്കെ അതിനുള്ളിൽ കൊണ്ടുവരാം. മാറ്റത്തിന്റെ ഒരു മാതൃക കൂടി!  മൂന്ന് ‘അ’കളിൽ ശ്രദ്ധിച്ചാൽ മാത്രം മതി, 2026 പുലരുമ്പോൾ ഉപഭൂഖണ്ഡത്തിന്റെ ഹൃദയം അതിന്റെയീ തെക്കേയറ്റമാകും തീർച്ച! അറിവ്, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം. ‘അ’തിരുകൾ എല്ലാമുപേക്ഷിച്ച് ക്രിയാത്മക വിമർശനത്തിന്റെ കൊടിയുമായി നമുക്കും അതിൽ നാലാമത്തെ ‘അ’ ആയി കൂടിച്ചേരാം!

 

(വൈക്കത്തിനടുത്ത് വെള്ളൂർ സ്വദേശി. 16 വർഷത്തെ ബാങ്കിങ് പരിചയം. ഇപ്പോൾ ധനലക്ഷ്മി ബാങ്കിൽ. ജോലിയോടൊപ്പം എഴുത്ത്, ഫൊട്ടോഗ്രഫി, വിഡിയോഗ്രഫി, യാത്രകൾ. ആനുകാലികങ്ങളിലും ഓൺലൈൻ പോർട്ടൽ മാസികകളിലും കഥ, കവിത, ലേഖനങ്ങൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. മലയാളം ഷോർട്ട് ഫിലിമുകളും ചെയ്തിട്ടുണ്ട്. പ്രഥമ കവിതാ സമാഹാരം ‘വയലിൻ പൂക്കുന്ന മരം’. കൊടുങ്ങല്ലൂർ എൻ. വി. ഭാസ്കരൻ സ്മാരക കവിത പുരസ്കാര ജേതാവ്)

 

പ്രകൃതിദുരന്ത പ്രതിരോധം

ഗോവിന്ദൻ

 

മലയാളികൾ വളരെ പ്രാക്ടിക്കലായി ചിന്തിക്കുന്നവരാണ്. പൊതുബോധത്തിനും സാമാന്യ നീതിക്കും ബോധ്യപ്പെട്ടിട്ടുള്ള എല്ലാ സംഭവങ്ങൾക്കുമൊപ്പം ജാതി മത ഭേദമില്ലാതെ രാഷ്ട്രീയചായ്‌വുകൾ മറന്ന്  ഒരേ നിലപാടുകളിൽ അസാമാന്യമായ കരുത്തോടെ ഒരുമിച്ചു നിന്ന ചരിത്രമാണു കേരള ജനതയ്ക്ക്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് നമ്മളെ വേറിട്ടു നിർത്തുന്നതും ഇതേ കാര്യമാണ് .മേൽപ്പറഞ്ഞ ഒത്തുകൂടലിനെ ഖജനാവിലെ ശേഖരം ബാധിച്ചിട്ടില്ല. സ്വന്തം ശമ്പളം കൊടുത്തു സർക്കാരിനെ താങ്ങി നിർത്തിയ സംഭവം പഴകിയ ഒന്നല്ല. അതിനെതിരായി നീങ്ങിയവരെല്ലാം ഒറ്റപ്പെട്ടു പോയ സംഭവങ്ങൾക്കും പഴക്കം തട്ടിയിട്ടില്ല. നിപ്പ, പ്രളയം എന്നീ വലിയ രണ്ടു കെടുതികൾ നമ്മൾ ചെറുത്തു തോൽപ്പിച്ചു. ഇത്രയും പ്രബുദ്ധരായ കേരള ജനത കൂടെയുള്ളപ്പോൾ ‘ജനക്ഷേമ കുതുകികളായ’ ഏതൊരു സർക്കാരിനും നിസ്സംശയം ഭരണ വികസന മുന്നേറ്റങ്ങൾ നടത്താം. ഒരു രാഷ്ട്രീയ ബിംബങ്ങൾക്കു മുന്നിലും കേരളീയർ അവരുടെ സ്വന്തന്ത്രമായ അഭിപ്രായം നാളിതുവരെ അടിയറവു വെച്ചിട്ടില്ല. ഒരു  മലയാളി എന്തിനെങ്കിലും അടിമപ്പെട്ടു എങ്കിൽ അതു സഹജീവികളുടെ കണ്ണീരിനും അങ്കലാപ്പുകൾക്കും മുന്നിൽ മാത്രമാണ്. ഇത്രയുമൊക്കെ സഹകരണ മനോഭാവത്തോടെ കേരളീയർ ശ്വാസം പിടിച്ചിരിക്കുമ്പോഴാണു ഈ രീതിയിലുള്ള സത്യപ്രതിജ്ഞ. ജനജീവിതം ട്രിപ്പിൾ പൂട്ടിൽ ശ്വാസം മുട്ടുന്ന നാളിൽ അഞ്ഞൂറ് അതിഥികളെ വിളിച്ചിരുത്തി നടത്തുന്ന അധികാരമേൽക്കലിനോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നു. കുരുന്നുകളെയും ചേർത്തു പിടിച്ചു വീട്ടിലിരിക്കുന്ന ഒരാൾക്കും അംഗീകരിക്കാനാവാത്ത ഒന്നായിരിക്കും ആ സത്യപ്രതിജ്ഞ. കോവിഡ് പ്രോട്ടോക്കോളിനെ ബഹുമാനിച്ചു സർക്കാരിനു പിൻതുണ പ്രഖ്യാപിച്ച് വാക്സീനും കാത്തിരിക്കുന്ന പൊതുജനത്തിനെ ഒന്നടങ്കം നോക്കുകുത്തികളാക്കി വോട്ടർമാരുടെ പൊതുവികാരങ്ങളെ കൊഞ്ഞനംകുത്തുന്ന നടപടിയോട് ഒരു കാലത്തും യോജിക്കുന്നില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിൽ പ്രതീക്ഷ തോന്നിയ, ജനങ്ങൾ ഭരണത്തുടർച്ച സമ്മാനിക്കുമ്പോൾ സർക്കാർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പറയാം. എംപ്ലോയ്‌മെന്റിൽ പേരിട്ടു വരി പുതുക്കി കാത്തിരിക്കുന്ന കേരളത്തിലെ ഒരുപറ്റം അഭ്യസ്തവിദ്യരായ യുവാക്കൾ ഇന്നും ജോലി തേടി അലയുന്നുണ്ട്. പിഎസ്‌സി എഴുതി ജോലി കാത്തിരിക്കുന്നവരുടെ പ്രതിക്ഷേധത്തെ ബഹുമാനിച്ചേ മതിയാവൂ. ഒത്തൊരുമ എന്ന വാക്കിനെ ഇകഴ്ത്തുന്ന യൂണിയനും കപടരാഷ്ട്രീയവും കളിച്ചു നശിപ്പിച്ച പൊതുസ്ഥാപനങ്ങൾ തിരികെയെത്തിക്കണം. അതിലൂടെ ജോലി സാധ്യതകൾ തേടുവാനാവും എന്നു കരുതുന്നു. ഭരണകൂടവും നമ്മളും എല്ലാ കെടുതികളെയും അതിജീവിക്കുന്നവരാണ്. പക്ഷേ, അതിനെ തടുത്തു നിർത്തുവാനുള്ള ദീർഘദർശനം സർക്കാരിൽ സംക്ഷിപ്തമാണ്. പ്രകൃതി സ്രോതസ്സുകളും (വിദഗ്ധ പഠനങ്ങൾ) ഹ്യൂമൻ റിസോഴ്സസും വ്യക്തമായ കരുതലുകളോടെയും ധാരണയോടെയും ശ്രദ്ധിച്ചാൽ അതും പ്രാപ്യമായ ഒന്നാണ്. കോവിഡ് വാക്സീനുകൾ എല്ലാവർക്കും ലഭ്യമാക്കുവാനുള്ള സോഴ്സും ഇൻഫ്രാസ്ട്രക്ചറുകളും കൊണ്ടുവരും എന്ന വലിയ വാക്കുകൾ പേപ്പറുകളിൽ ഒതുങ്ങാതെ പ്രാബല്യത്തിലാക്കുക. ലോക്ഡൗൺ നിയമങ്ങൾ പൊതുജനത്തിനും രാഷ്ട്രീയക്കാർക്കും ഒരുപോലെ ബാധകമാണ് എന്നു മാതൃകയായി തെളിയിക്കണം. കോവിഡ് വൈറസിന് നേതാവെന്നോ അണിയെന്നോ  വ്യത്യാസമില്ല എന്ന സത്യം ഇതിനോടകം മനസ്സിലായിട്ടുള്ള വസ്തുതയാണ്. വാറ്റും ജിഎസ്ടിയും ഏർപ്പെടുത്തുന്നതിനൊപ്പം രാഷ്ട്രീയ, സർക്കാർ ജീവനക്കാരുടെ അനാവശ്യ അലവൻസുകൾ കണ്ടെത്തി അതിനെ പരിമിതപ്പെടുത്തണം. അതിലൂടെ ധനശേഖരണം സാധ്യമാവുമെന്ന്  കരുതുന്നു. 

 

(കോട്ടയം സ്വദേശിയായ ഗോവിന്ദൻ നാവികനാണ്. എന്നാൽ മനോഹരമായ കഥകളുടെ ചുഴികളും തിരമാലകളും നിറഞ്ഞ മനസ്സിനുടമയുമാണ്. ‘കടൽച്ചൊരുക്ക്’ എന്ന കഥാസമാഹാരം പുറത്തിറങ്ങി. വെട്ടുവര, ഇരുപത്തിനാലാമത്തവൻ, നങ്കൂരബാലൻ എന്നിവ ശ്രദ്ധേയ കഥകൾ)

 

ഉൾക്കൊള്ളുന്ന പഠനം

പുണ്യ സി.ആർ.

 

എന്റെ സ്വപ്നത്തിലെ കേരളം കുറെക്കൂടി പരിഷ്കരിച്ച വിദ്യാഭ്യാരീതിയുള്ളതാണ്. വളരെ സിസ്റ്റമാറ്റിക്കായി നടത്തിപ്പോരുന്ന പരീക്ഷകൾക്കും എ പ്ലസുകളുടെ കണക്കുകൾക്കുമപ്പുറം ജനാധിപത്യബോധമുള്ള പൗരരായി ഓരോ വിദ്യാർത്ഥിയെയും വളർത്തി കൊണ്ടുവരുന്നതായിരിക്കണം വിദ്യാഭ്യാസം. സ്കൂൾ തലങ്ങളിൽ തന്നെ കൃത്യമായ ലൈംഗിക വിദ്യാഭ്യാസം ഉറപ്പുവരുത്തണം. വ്യത്യസ്ത ജെൻഡർ ഐഡന്റിറ്റികളെക്കുറിച്ചും ജെൻഡർ ഇക്വാലിറ്റിയെക്കുറിച്ചും വിദ്യാർത്ഥികൾക്ക് ബോധവത്കരണം നൽകണം. LGBTQ വിഭാഗത്തിൽ ഉൾപ്പെട്ടവരോടടക്കം ഇടപ്പെടാനും സംവദിക്കാനും സംശയനിവാരണം നടത്താനും കുട്ടികൾക്ക് വിദ്യാഭ്യാസത്തിലൂടെ അവസരമൊരുക്കണം.

 

(പാലക്കാട് വിക്ടോറിയ കോളജിൽ അവസാന വർഷ മലയാള ബിരുദ വിദ്യാർഥിനി. ‘അടക്കം’, ‘കുഞ്ഞുമേരിയും റൂമിയും’, ‘പുഴമീനുകൾ’, ‘മുലനീര്’, ലളിതാംബിക അന്തർജനം സെന്റർ അഗ്നിസാക്ഷി കഥാപുരസ്കാരം ലഭിച്ച ‘വാട’ തുടങ്ങിയവ ശ്രദ്ധേയ കഥകൾ)

English Summary: A 10 point Manifesto for the new Government by 10 young writers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com