ADVERTISEMENT

തോമസ് ഒന്നും മിണ്ടിയില്ല. അയാള്‍ അവളുടെ മുഖത്തേക്കുതന്നെ സൂക്ഷിച്ചു നോക്കി. കൂടുതല്‍ നിന്നാല്‍ അയാളും പൊട്ടിപ്പോകും. തോമസ് പെട്ടെന്നു തിരിഞ്ഞു പറത്തേക്കു നടന്നു. 

ആലീസ്. 

പുറത്ത് അകലുന്ന ബൂട്ട്സിന്റെ ശബ്ദം. ഒരു നിമിഷം അതിനു കാതോര്‍ത്തു നിന്നിട്ട് അവളും പുറത്തേക്കു വന്നു. 

വെളിയില്‍, തൂണുകളുടെ നീളന്‍ നിഴലുകള്‍ വീണുകിടക്കുന്ന വരാന്തയിലൂടെ അകലേക്കലേക്കു നടന്നുപോകുന്നതോമസ്. ആലീസ് വിതുമ്പലോടെ അതും നോക്കി നിന്നു. 

 

നെടുനീളന്‍ വരാന്തയുടെ അങ്ങേയറ്റത്തെത്തി അകലേക്കു കയറുന്നതിനു മുമ്പായി നടത്തയ്ക്കിടയില്‍ തോമസ് ഒന്നു തിരിഞ്ഞുനോക്കി. അയാള്‍ നില്‍ക്കുന്നില്ല. അയാള്‍ മറഞ്ഞു. അകലെയകലെ മുഴങ്ങുന്ന ബൂട്ട്സിന്റെ ശബ്ദം. 

 

വാസന്തിയുടെ കഥയില്‍ നിന്ന് പത്മരാജന്‍ തിരക്കഥയും സംഭാഷണവും എഴുതി സാക്ഷാത്കരിച്ച് 1983 ല്‍ പുറത്തുവന്ന കൂടെവിടെ എന്ന ചിത്രത്തിന്റെ അവസാന സീന്‍. നാലു പതിറ്റാണ്ടാകുന്നു ചിത്രം പുറത്തിറങ്ങിയിട്ട്. എന്നാല്‍ അവതരണത്തില്‍ ആ സിനിമ സൃഷ്ടിച്ച അദ്ഭുതത്തിനു മുന്നല്‍ പുതിയ കാലത്തെ ന്യൂ ജനറേഷന്‍ സിനിമകള്‍ പോലും കൈകൂപ്പി നില്‍ക്കും. 

 

തോമസാണു ചിത്രത്തിലെ നായകന്‍; വില്ലനും. പൗരുഷത്തിന്റെ പാടിപ്പുകഴ്ത്തിയ പല ഭാവങ്ങളും അയാള്‍ക്കു നന്നേ ഇണങ്ങും. ആരു കണ്ടാലും ഇഷ്ടപ്പെടുന്ന നില്‍പ്പും എടുപ്പും യോഗ്യതകളും. ആരെയും കൂസാത്ത ഭാവം. മുന്‍കോപം. ലഹരിയോടുള്ള ആസക്തി. ഒട്ടും കുറവില്ലാത്ത അസൂയയും. ഇതൊക്കെ തന്നെയാണ് ഒരു പെണ്ണിന്റെ പ്രണയ നായകന്‍ എന്ന സ്വപ്നസന്നിഭമായ അവസ്ഥയില്‍ നിന്ന് അയാളെ 

കൊലപാതകിയാക്കി തരംതാഴ്ത്തുന്നതും. എന്നാല്‍, മുന്‍കോപത്തിന്റെ പുറത്ത് ഒന്നാഞ്ഞെങ്കിലും ആ കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്തല്ല. ഒരു കൊലപാതകിയാകാനും മാത്രം നിഷ്ഠുരനുമല്ല അയാള്‍. എന്നാല്‍ സ്വഭാവത്തിലെ വൈകല്യങ്ങള്‍ അയാള്‍ക്കു കാത്തുവച്ചതു ജയില്‍. നീണ്ട കാലത്തെ ഏകാന്ത വാസം.. 

അവസാനമായി ആലീസ് കാണാന്‍ വന്നപ്പോള്‍ വിതുമ്പാത്ത വാക്കുകളില്‍, 

ഉറച്ച ശബ്ദത്തില്‍ അയാള്‍ പറയുന്നുണ്ട്. 

 

ആക്സിഡന്റ് എന്നു ഞാന്‍ പറഞ്ഞിരുന്നെങ്കില്‍ ആക്സിഡന്റാകുമായിരുന്നു. കൊലപാതകം എന്നു ഞാന്‍ പറഞ്ഞതുകൊണ്ടു കൊലപാതകം. അയാളുടെ ഉള്ളില്‍ പുച്ഛവും അമര്‍ഷവും ഒരു തരം നിര്‍വികാരതയും. സിവില്‍ കോടതി വിധി പറേന്നതുവരെ ഇവിടെത്തന്നെ ഹൗസ് അറസ്റ്റ്. അതു കഴീമ്പോ അവരുടെ ജയിലും ശിക്ഷേം. 

 

അയാള്‍ നിര്‍ത്തി. അസ്വസ്ഥനായി വീണ്ടും. അമ്മച്ചിയെ ഒന്നും അറിയിച്ചിട്ടില്ല. ശപിക്കപ്പെടേണ്ട ഒരു മനുഷ്യനാണങ്ങനെ പറയുന്നത്. അപ്പോള്‍ അയാള്‍ 

ദൈത്തെപ്പോലെ പരിശുദ്ധനാകുന്നു. അതേ വ്യക്തി തന്നെയാണു പിശാചായതും. ഒരു മനുഷ്യന്റെ ഉള്ളിലെ നിത്യവൈരുധ്യങ്ങള്‍. അതു രണ്ടും ഇത്ര മിഴവോടെ വരച്ചു കാണിച്ചിടത്താണു പത്മരാജന്‍ എന്ന ചലച്ചിത്രകാരന്റെ കാലത്തെ അതിജീവിച്ച കരുത്ത്. 

 

നായകനും വില്ലനുമായ ആ മനുഷ്യന്‍ ജയിലിലേക്ക് ഉറച്ച കാല്‍വയ്പുകളോടെ നടന്നുപോകുമ്പോള്‍ അവിടെ ഒരു പൊട്ടു പോലെ നില്‍ക്കുകയാണ് ആലീസ്. യാത്ര പറയാന്‍ ചെന്ന ആലീസ് അവിടെ തന്നെ നില്‍ക്കുമ്പോള്‍ യാത്ര പറയുന്നത് തോമസാണ്. അങ്ങേയറ്റം അസ്വസ്ഥത പ്രേക്ഷകര്‍ക്കു സമ്മാനച്ചുകൊണ്ടാണ് 

കൂടെവിടെ അവസാനിക്കുന്നത്. അഥവാ, തുടങ്ങുന്നത്. സിനിമയുടെ കടലില്‍ നിന്നും സാഹിത്യത്തിന്റെ വിഹായസ്സില്‍ നിന്നും പത്മരാജന്‍ കണ്ടെടുത്ത മുത്തുകളും നക്ഷത്രങ്ങളും. അവ മലയാളത്തിന്റെ മനസ്സില്‍ താരത്തിളക്കത്തോടെ നില്‍ക്കുമ്പോള്‍ ജനിമൃതികള്‍ക്കപ്പുറം പത്മരാജനും അതു കാണുന്നുണ്ടാകും.  

 

24-ാം വയസ്സില്‍ നക്ഷത്രങ്ങളേ കാവല്‍ എന്ന നോവലിന് കേരള സാഹിത്യ അക്കാമദി പുരസ്കാരം നേടി സാഹിത്യത്തില്‍ ജൈത്രയാത്ര തുടങ്ങിയ എഴുത്തുകാരന്‍. കഥയെഴുതിയ, തിരക്കഥ പാകപ്പെടുത്തിയ, സംവിധാനം ചെയ്ത ഓരോ സിനിമയിലും ജീവിതത്തിന്റെ അടയാളം പതിപ്പിച്ച ചലച്ചിത്രകാരന്‍. ഗന്ധര്‍വ്വനു വിശേഷണങ്ങള്‍ ഒട്ടേറെയാണ്. 

 

പത്മരാജന്റെ വേര്‍പാടിനു ശേഷം അദ്ദേഹത്തെക്കുറിച്ച് നാലു കവിതകള്‍ എഴുതപ്പെട്ടു. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഗന്ധര്‍വ്വന്‍.യൂസഫലി കേച്ചേരി, എം.ഡി. രാജേന്ദ്രന്‍, ബിച്ചു തിരുമല എന്നീ ഗാനരചയിതാക്കളും. യാത്രാമൊഴിയുടെ കണ്ണിര്‍പൊടിപ്പുകള്‍. 

മകന്റെ കുറിപ്പുകള്‍ എന്ന അനുസ്മരണത്തില്‍ അനന്തപത്മനാഭന്‍ അച്ഛന്റെ ഓര്‍മയില്‍ കുറിക്കുന്നു: 

 

ഭൂതകാലത്തിന്റെ ഇരുള്‍ മാളങ്ങളില്‍നിന്നും ഏതോ ഗുഹാഭിത്തികളില്‍ തട്ടി തെറിച്ചുവീഴുന്ന മുഴക്കമായി അച്ഛന്റെ ശബ്ദം, തന്റെ സിനിമകളിലെ സകല പാട്ടുകള്‍ക്കും മേലേ, എന്റെ കാതുകളില്‍ വീഴുന്നു. പിരിയുന്നവര്‍ക്കെല്ലാം യാത്രാമൊഴി, പോയ് വരൂ, പോയ് വരൂ, വരുന്നവര്‍ക്കെല്ലാം സ്വാഗതം, സ്വാഗതം ! 

 

English Summary: Remembering Padmarajan on his birth anniversary                                                             

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com