ADVERTISEMENT

പെറ്റ വയറിന്റെ ക്വട്ടേഷനിലൂടെ വായനക്കാരെ വിസ്മയിപ്പിച്ച എഴുത്തുകാരനാണ് അനൂപ് അന്നൂർ. ‘പാതാളപ്പിടപ്പ്’ എന്ന ആ കഥ ഭാഷയുടെ മാസ്മരിക ശക്തിയെന്തെന്ന് ഏതാനും പേജുകളിൽ ബോധ്യപ്പെടുത്തിയ ഒന്നായിരുന്നു. ഏതൊരു ജനപ്രിയ മാധ്യമത്തേക്കാളും ശക്തിയിൽ വായനക്കാരെ പിടിച്ചിരുത്തുകയും അവസാന വാചകം വരെ കൂടെ നടത്തിക്കുകയും ചെയ്തു ആ കഥ. ഒപ്പം രാഷ്ട്രീയ കൊലപാതകങ്ങൾ വീടകങ്ങളിൽ സൃഷ്ടിക്കുന്ന അസ്വസ്ഥതകളുടെ നേർക്കൊരു ചാട്ടുളി വീശിയെറിയുകയും ചെയ്തു. പാതാളപ്പിടപ്പിനു മുൻപേ വന്ന ‘രാമരാജ്യത്തിലെ പുലി’ എന്ന കഥയാകട്ടെ മാജിക്കൽ റിയലിസത്തിന്റെ മനോഹരമായ ആവിഷ്കാരത്തിലൂടെ അനൂപ് എന്ന എഴുത്തുകാരനെ മലയാള കഥാലോകത്ത് അടയാളപ്പെടുത്തി. പുലി കേന്ദ്രകഥാപാത്രമായി വന്ന ആ കഥ ഒരിടത്തുപോലും പാളിപ്പോകാതെ ശിൽപഭദ്രതയോടെ പറഞ്ഞവസാനിപ്പിക്കാൻ അനൂപിനായി. ലക്ഷണമൊത്തൊരു ‘ട്രോൾ കഥ’ എന്നു വിശേഷിപ്പിക്കാവുന്ന രീതിയിൽ തുടക്കം മുതൽ ഒടുക്കം വരെ ആക്ഷേപഹാസ്യത്തിന്റെ അകമ്പടിയോടെയുള്ള ആ കഥ പറച്ചിൽ അനൂപിന്റെ ഭാഷയിൻമേലുള്ള കയ്യടക്കം എടുത്തുകാട്ടി.  ചുരുക്കം കഥകളേ ഇതിനകം പുറത്തുവന്നിട്ടുള്ളൂവെങ്കിലും അനൂപ് അന്നൂർ എന്ന എഴുത്തുകാരൻ മലയാളി വായനക്കാരുടെ മനസ്സിൽ സ്ഥാനം നേടിക്കഴിഞ്ഞു. അനൂപ് തന്റെ എഴുത്തു ജീവിതം പങ്കുവയ്ക്കുന്നു. 

 

‘പാതാളപ്പിടപ്പ്’ കഥയുടെ ആ ക്ലൈമാക്സ് തകർപ്പനെന്നു പറഞ്ഞാൽ പോര, ഡബിൾ തകർപ്പനെന്നു പറയണം. വായനക്കാരെ ത്രസിപ്പിക്കുന്ന തരത്തിലുള്ള അത്തരം കഥകൾ സമീപകാലത്തു വളരെക്കുറച്ചേയുള്ളൂ. പെറ്റ വയറിന്റെ ആ ക്വട്ടേഷൻ ആദ്യവരി മുതൽ വാക്കുകളിലൊളിപ്പിച്ച് അവസാന വരി വരെ ഉദ്വേഗജനകമായി നിലനിർത്താൻ അനൂപിനായി. ആ കഥയെഴുതിയ അനുഭവം പങ്കുവയ്ക്കാമോ?

anoop-book

‘പാതാളപ്പിടപ്പ്’ ചവിട്ടിത്തള്ളപ്പെടുന്ന ഒരു മനുഷ്യന്റെ ആകുലതകളും ജീവിത പ്രശ്നങ്ങളുമാണ് പങ്കുവയ്ക്കാൻ ശ്രമിക്കുന്നത്. പലരുടെയും കൈകളിലെ ഒരു കരു മാത്രമാകുന്നു ആ മനുഷ്യൻ. വാവാച്ചണ്ണന്റെ വേദനയോളമോ അതിനേക്കാൾ അധികമോ ആണു മകൻ നഷ്ടപ്പെട്ട അമ്മയുടെ വിലാപവും. മക്കൾ കൊലചെയ്യപ്പെടുന്ന എല്ലാ അമ്മമാരുടെയും മനസ്സിലും പകയുടെ ആഴമുള്ള ഒരു കിണർ പതുങ്ങിക്കിടപ്പുണ്ട്. കഥയിലെ തള്ളയെപ്പോലെ അത് അങ്ങനെ പ്രാവർത്തികമാക്കണമെന്നില്ല. എങ്കിലും മനസ്സിലെങ്കിലും പകയുടെ ആഴങ്ങളിലേക്ക് മകന്റെ കൊലപാതകിയെ അമ്മമാർ  തള്ളിയിട്ടിരിക്കാം. ഇങ്ങനെയൊരു ചിന്തയിൽ നിന്നുമാണ് പാതാളപ്പിടപ്പ് ഉണ്ടാകുന്നത്. പാതാളപ്പിടപ്പ് മാധ്യമം ആഴ്ചപ്പതിപ്പിൽ വായിച്ച് മലയാളത്തിന്റെ പ്രിയ കഥാകാരൻ വി. ആർ. സുധീഷ് മാഷ് വിളിച്ചു. തീർത്തും അപ്രതീക്ഷിതമായ ഒന്ന്. വംശാനന്തര തലമുറയുടെ കഥാകാരനിൽ നിന്നുമുള്ള ആ വാക്കുകൾ വലിയ പ്രചോദനവും അനുഗ്രഹവുമായി. പ്രസിദ്ധീകരണത്തിനായി സമർപ്പിച്ചിട്ടുള്ള എന്റെ ആദ്യ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നതും മാഷാണ്. 

 

ഉലകന്തറയും പുലിയും ചിതമ്മയും കുഞ്ഞിരാമനുമെല്ലാമുള്ള ‘രാമരാജ്യത്തിലെ പുലി’ എന്ന കഥ കാടും നാടുമായുള്ള വൈരുധ്യത്തിലൂടെ അടിച്ചമർത്തപ്പെട്ടവരും അധീശശക്തികളും തമ്മിലുള്ള പോരാട്ടത്തെയാണ് അടയാളപ്പെടുത്തുന്നത്. ഇണയുടെ സമ്മതമില്ലാതെ ബന്ധപ്പെടുന്നത് പുലിയെ സംബന്ധിച്ചു ‘തള്ളയ്ക്കു പിറക്കായ്കയാണ്’ എന്ന വാചകം പോലും ആ കഥയുയർത്തുന്ന വലിയൊരു രാഷ്ട്രീയത്തിന്റെ സൂചനയായി കാണാം. പുലിയിൽ നിന്നു പുലിയച്ഛനിലേക്കുള്ള പരിണാമവും ഒട്ടും പാളിപ്പോകാെത അവതരിപ്പിക്കാനായി. ആ കഥ രൂപപ്പെട്ടതെങ്ങനെയാണ്?

puli

ആദ്യ രണ്ടു വാചകങ്ങളിൽ നിന്നുമാണു ‘രാമരാജ്യത്തിലെ പുലി’ എന്ന കഥയുണ്ടാകുന്നത്.

അശാന്തമായ ഒരു പകൽ കൂടി അവസാനിക്കുന്നു. കാടിന് ഇതു ഭീതിയുടെ കാലമാണ്. ശേഷം കഥയിൽ പുലി വരുകയായിരുന്നു. പുലി നടത്തിയ യാത്രകൾ ഞാൻ മുൻകൂട്ടി നിശ്ചയിച്ചതല്ല. ചില കഥകൾ അങ്ങനെയാണെന്നു തോന്നുന്നു.

 

‘രാമരാജ്യത്തിലെ പുലി’ പുതിയ കാലത്തെ ഒരുത്തമ ‘ട്രോൾകഥ’യാണെന്നു വിലയിരുത്താം. ഓരോ വാക്യങ്ങളിലും തന്നെ ആക്ഷേപഹാസ്യം വാരിവിതറിയിട്ടുള്ള രചനാകൗശലം വായന ഏറെ അസ്വാദ്യകരമാക്കുന്നുമുണ്ട്. ഏറെ ആഴത്തിലുള്ള കഥയിലെ വിഷയം തുടക്കം മുതൽ ഒടുക്കം വരെ നർമം കൈവിടാതെ അവതരിപ്പിക്കുന്നതിലൂടെ എഴുത്തിലെ തന്റെ വൈദഗ്ധ്യം അനൂപ് വെളിവാക്കുന്നുണ്ട്. ഏതു വരിയിലും പാളിപ്പോകാവുന്ന ഒരു സാധ്യതയുള്ള എഴുത്തുരീതിയാണത്. പലയിടത്തും അതൊരു ചെത്തിക്കൂർപ്പിച്ച സാമൂഹിക വിമർശനം കൂടിയാകുന്നുണ്ട്. എഴുത്തിലെ ഈ നർമം അനൂപിന്റെ രചനാശൈലിയിൽ ഉൾച്ചേരുന്നത് എങ്ങനെയാണ്?

floor

നർമത്തിന്റെ നൂലിൽ കോർത്ത കഥകളോട് എനിക്ക് വലിയ ഇഷ്ടമാണ്. അത് ഒരു വലിയ പൊട്ടിച്ചിരിയുടെ മാലപ്പടക്കമല്ല. ചുണ്ടിൽ പഴുതാര മീശപോലെ നൂണ്ടുപോകുന്ന ഒരു ചിരിയുണ്ടല്ലോ, അതു വായനയെ സുഖകരമാക്കും. പാരായണക്ഷമതയാണ് ഒരു കഥയ്ക്കു വേണ്ട പ്രാഥമിക ഗുണമെന്നു വിശ്വസിക്കുന്നു. അതില്ലെങ്കിൽ, എന്തു വലിയ കാര്യം പറഞ്ഞിട്ടും കാര്യമില്ല. കുഞ്ചൻ നമ്പ്യാർ, വി.കെ.എൻ., ഒ.വി. വിജയൻ, എം.പി. നാരായണപിള്ള, പി.ശിവകുമാർ, എം.മുകുന്ദൻ, വി. ആർ. സുധീഷ് സക്കറിയ തുടങ്ങിയവരുടെ എഴുത്തുകൾ ഇഷ്ടമാണ്. ‘രാമരാജ്യത്തിലെ പുലി’യിലെ ഭാഷയെക്കുറിച്ചു നിരൂപകൻ ഡോ. ജയശീലൻ മാഷ് ഒരു പഠനം എഴുതിയിരുന്നു.

‘പാതാളപ്പിടപ്പ്’, ‘രാമരാജ്യത്തിലെ പുലി’ തുടങ്ങിയ അനൂപിന്റെ കഥകളിൽ കഥാപാത്രങ്ങൾ രൂപപ്പെട്ടു വരുന്നതു ഭാഷയുടെ സവിശേഷ പ്രയോഗത്തിലൂടെയാണ്. ‘പന്ന പുന്നാര പുലിയാടി മോനേ’ എന്ന ചിതമ്മയുടെ വിളിയായാലും വാവാച്ചണ്ണന്റെ പേനാ ടോർച്ച് വെട്ടം ആഴക്കുരുക്കിൽ പട്ടിക്കായി മണത്തുവെന്ന പരാമർശം ആയാലും ഇത്തരം അനേകം പ്രയോഗങ്ങളിലൂടെയാണ് അനൂപിന്റെ കഥാപാത്രങ്ങൾ പൂത്തു തളിർത്തു പരിലസിക്കുന്നത്. അനൂപിന്റെ കഥകളിലെ ഭാഷ ഉരുത്തിരിഞ്ഞു വന്നതെങ്ങനെയാണ്? കൊല്ലത്തെയും അനൂപിന്റെ ദേശത്തെയും ഭാഷയും പ്രയോഗങ്ങളും അതിനെ എത്ര മാത്രം സ്വാധീനിച്ചിട്ടുണ്ട്?

Crime

എനിക്കു തോന്നുന്നതു കഥയുടെ പ്രമേയമാണ് അതിന്റെ ആഖ്യാനത്തെ നിർണ്ണയിക്കുന്നതെന്നാണ്. ‘രാമരാജ്യത്തിലെ പുലി’ ആഖ്യാനത്തിന്റെ ഒട്ടേറെ സാധ്യതകൾ തുറന്നിടുന്ന ഒരു പ്രമേയമാണ്. അതുകൊണ്ടു ഭാഷയുടെ പല രീതികൾ പരീക്ഷിക്കാൻ സാധിച്ചു. എന്നാൽ പാതാളപ്പിടപ്പിലേക്ക് വരുമ്പോൾ വീരനായ ഒരു നാടൻമനുഷ്യന്റെ ജീവിതം ആരാധനയോടെ ഒരു പയ്യൻ വായനക്കാരനോട് പറഞ്ഞു തരുന്ന രീതിയിലാണു കഥ എഴുതിയിട്ടുള്ളത്. അതിനാൽ പ്രാദേശിക ഭാഷയിൽ എഴുതാൻ തന്നെ തീരുമാനിച്ചു. കൊട്ടാരക്കര ഉൾപ്പെടുന്ന കിഴക്കൻ കൊല്ലത്തിന്റെ സംസാരഭാഷയാണ് കഥയിൽ ഉപയോഗിച്ചത്.

 

paddy

പുസ്തകങ്ങളും എഴുത്തുകാരും ദസ്തേയ്‌വസ്കിയുമെല്ലാം ഒരു സാധാരണ കുടുംബ ചുറ്റുപാടിൽ വിളക്കിച്ചേർത്ത ‘കുറ്റവും രക്ഷയും’ എന്ന കഥ മനുഷ്യമനസ്സിന്റെ അജ്ഞാത ഭൂമികകളിലേക്കുള്ള സഞ്ചാരം കൂടിയായി. ലോക സാഹിത്യകാരൻ ദസ്തേയ്‌വസ്കിയുടെ കുറ്റവും ശിക്ഷയുമെന്ന പ്രശസ്തകൃതി മുന്നോട്ടുവയ്ക്കുന്ന മനുഷ്യമനസ്സിന്റെ വൈചിത്ര്യങ്ങൾ പോലെ തന്നെയായി അക്ഷരം രവിയും വ്യാസനും എല്ലാം കടന്നു പോയ ജീവിതം. ആ തലക്കെട്ടിലെ കൗതുകവും കഥയെ വേറിട്ടു നിർത്തുന്നു. പുസ്തകങ്ങളോടുള്ള സ്നേഹത്തിൽ നിന്നാണോ ഈ കഥ പിറന്നത്? 

ഈ ഫിക്‌ഷനുകളൊക്കെ വായിച്ചാൽ എന്താ ഒരു പ്രയോജനം, വെറുതെ സമയം കളയാമെന്നല്ലാതെ? ഒരാൾ ഉന്നയിച്ച ആ ചോദ്യത്തിൽ നിന്നുമാണു ‘കുറ്റവും രക്ഷയും’ എന്ന കഥ രൂപപ്പെട്ടത്. വായനയ്ക്കും പുസ്തകങ്ങൾക്കുമായി യാതൊരു ലാഭേച്ഛയുമില്ലാതെ ജീവിച്ച കുറേപ്പേരുടെ ജീവിതം ചിന്തയിലേക്ക് ഓടിയെത്തി. ആ സമയത്തു വർഷങ്ങൾക്കു ശേഷം പിന്നെയും ദസ്തേവ്സ്കിയുടെ കുറ്റവും ശിക്ഷയും വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. അങ്ങനെ അക്ഷരം രവിയുടെ മകൻ വ്യാസന്റെ രക്ഷയായി ദൈവത്തിന്റെ കയ്യൊപ്പുള്ള കുറേ പുസ്തകങ്ങൾ മാറുന്ന കഥയായി കുറ്റവും രക്ഷയും എഴുതി. നിരൂപകൻ എം. കെ. ഹരികുമാർ 2020ലെ ഏറ്റവും മികച്ച കഥകളിലൊന്നായി അക്ഷരജാലകം പംക്തിയിൽ ഈ കഥയെക്കുറിച്ചെഴുതി.

 

‘വയൽ മണമുള്ള വീട്’ എന്ന കഥയിലെ റിച്ച വാങ്ങാനുദ്ദേശിക്കുന്ന വീട് വേണ്ടെന്നു വയ്ക്കുന്നത് ആ വീട്ടിലാകെ വല്ലാത്ത ചേറ്റിന്റെ നാറ്റം എന്നു പറഞ്ഞു കൊണ്ടാണ്. ആ നാറ്റമൊരു വയലിന്റെ മാത്രമല്ല, മനുഷ്യ മനസ്സിന്റേതുമാണെന്നു കഥ വായിച്ചു കഴിയുമ്പോൾ മനസ്സിലാകുന്നു. സ്വജാതിക്കാർ താമസിക്കുന്ന വീടുണ്ടോയെന്നു തിരക്കുന്ന റിച്ച നിറത്തിന്റെയും മണത്തിന്റെയും മറ്റും പേരിൽ മനുഷ്യരെ അകറ്റി നിർത്തുന്നവരുടെ പ്രതിനിധിയായി മാറുകയാണ്. വയലുകളെത്ര മണ്ണിട്ടു നികത്തി വീടുകൾ പണിതാലും മനസ്സുകളിലെത്ര പുരോഗമനം നിറച്ചു ജീവിച്ചാലും ചേറ്റു മണം എന്നും ചിലരെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരിക്കുമെന്ന യാഥാർഥ്യം ആ കഥയിൽ തെളിഞ്ഞു വരുന്നു. ആ വിലയിരുത്തലിലേക്കു കഥാകൃത്ത് എത്തിച്ചേരുന്നതെങ്ങനെയാണ്?

anoop-1

ഒരു ഭൂമി വാങ്ങുന്നതുമായി ബന്ധപ്പെട്ടു സുഹൃത്തുക്കളുമായുള്ള യാത്രയ്ക്കിടെ വഴിയിൽ കണ്ടുമുട്ടിയ ഒരു മനുഷ്യൻ പറഞ്ഞ വാചകത്തിൽ നിന്നാണ് ‘വയൽമണമുള്ള വീട്’ എന്ന കഥ ഉള്ളിൽ നാമ്പിടുന്നത്. കാലങ്ങൾ പലതു മാറിയിട്ടും വയലിൽ പണിയെടുക്കുന്ന അധ്വാന വിഭാഗത്തോട് നമ്മുടെ ചിന്തകളിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. വയലിൽ പണി എടുക്കുന്നവന്റെ വിയർപ്പിൽ നിന്നുമാണ് നാം ഇന്നുകാണുന്ന എല്ലാ പരിഷ്കാരങ്ങളും പടുത്തുയർത്തിയിരിക്കുന്നത്. അവൻ വിളയിക്കുന്ന അന്നത്തിൽ നിന്നുമാണു നമ്മുടെ ആശയ- ആമാശയ സംവാദങ്ങളെല്ലാം പൂത്തുലയുന്നത്. എന്നിട്ടും അവൻ പടിക്കു പുറത്താണ്. ചേറിന്റെ ദുർഗന്ധം ആരോപിച്ചു വയലിനെയും വയൽ മനുഷ്യനെയും അകറ്റി നിർത്തുന്നു. വയൽ ഒരു രാഷ്ട്രീയ സമതല ഭൂമികയാണ്. അത് ഇല്ലാതെ പോകുന്നതോടെ ആഹാരം മാത്രമല്ല, ഒരു സംസ്കാരം കൂടിയാണു മണ്ണിന്നടിയിലാകുന്നത്. ‘ഫ്ലോർ ഡി റോക്ക’യെന്ന എന്റെ കഥയിലെ കഥാനായകൻ പറയുന്നതുപോലെ ബൗദ്ധിക അദ്ധ്വാനം ശാരീരിക അദ്ധ്വാനത്തോട് എന്നും കടപ്പെട്ടിരിക്കും.

അച്ഛൻ നൽകിയ ‘റിച്ച’യെന്ന പേര് റിന്നവേറ്റ് ചെയ്ത് നാലുകെട്ട് പോലുള്ളൊരു പേരായി മാറ്റുന്നുണ്ട് ‘വയൽ മണമുള്ള വീട്ടിലെ’ റിച്ച. അതേപോലെ സമരങ്ങളുടെ തീച്ചൂളയ്ക്കിടയിൽ നിന്നു പോറ്റി സാർ നൽകിയ പുരാണ പുസ്തകങ്ങളുടെ കുളിർമയിലേക്കു റിച്ച മാറുന്നു. നവോത്ഥാന മൂല്യങ്ങളിൽ നിന്നുള്ള മലയാളിയുടെ തിരിച്ചുനടത്തമാണോ അനൂപ് കഥയിലൂടെ സ്പഷ്ടമാക്കാൻ ശ്രമിച്ചത്?

അതെ. റിച്ച പുരോഗമനാശയങ്ങൾ സമൂഹത്തെ പഠിപ്പിക്കുന്ന ഒരു അച്ഛന്റെ മകനാണ്. എന്നാൽ ജീവിത സാഹചര്യങ്ങൾ അവനിൽ നിന്ന് ഉണർവിന്റെ ചിന്തകളെ തുടച്ചുമാറ്റുന്നു. ശ്വസനത്തിൽ പോലും അപരിഷ്കൃത ആശയങ്ങളുടെ മണമാണ് അവൻ തിരയുന്നത്.

 

അനൂപ് എഴുത്തിലേക്കു വരുന്നതെങ്ങനെയാണ്? ചെറുപ്പകാലത്തെ വായന, മറ്റു സ്വാധീനങ്ങൾ എന്തൊക്കെയാണ്?

പഠിക്കുന്ന സമയത്ത് മാതൃഭൂമി, ദേശാഭിമാനി പത്രങ്ങളിലെ ക്യംംപസ് രചനകളിൽ കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിനു ശേഷം ഒന്നുമെഴുതിയില്ല. 2013ൽ അനീഷ് താഴയിൽ എഡിറ്റ് ചെയ്യുന്ന മാതൃകാന്വേഷിയിൽ ഒരു കഥ പ്രസിദ്ധീകരിച്ചു. അതിനു ശേഷം ഒന്നു രണ്ടു കഥകൾ എഴുതി മുഖ്യധാരയിലേക്ക് അയച്ചെങ്കിലും വെളിച്ചം കണ്ടില്ല. സുഹൃത്തായ ബിന്ദു ടീച്ചർക്ക് കഥകൾ വായിക്കുവാൻ നൽകിയപ്പോൾ അവർ പ്രോത്സാഹിപ്പിച്ചു. 2017ൽ കഥ മാസികയിലേക്ക് ഒരു കഥ അയച്ചു.  അതു കഥയുടെ ഓണപ്പതിപ്പിൽ അച്ചടിച്ചുവന്നു. വിദ്യാരംഗം, ജനശക്തി എന്നിവയിലും കഥകൾ അച്ചടിച്ചു. കഥ മാസികയിൽ തന്നെ വന്ന ഫ്ലോർ ഡി റോക്ക എന്ന കഥയെക്കുറിച്ച് നിരൂപകൻ എം.ജി. സുരേഷ് സ്കാനിൽ നല്ല അഭിപ്രായം പറയുകയുണ്ടായി. ശേഷം ചന്ദ്രിക ആഴ്ചപ്പതിപ്പിൽ ‘കുറ്റവും രക്ഷയും’ ദേശാഭിമാനി ആഴ്ചപ്പതിപ്പിൽ ‘രാമരാജ്യത്തിലെ പുലി’, മാധ്യമം ആഴ്ചപ്പതിപ്പിൽ ‘പാതാളപ്പിടപ്പ്’ എന്നീ കഥകളും അച്ചടിച്ചു വന്നു. വായനയിൽ ഏറെ ആദരവോടെ നോക്കിക്കാണുന്ന മലയാളത്തിന്റെ പ്രിയ കഥാകൃത്തുക്കളായ വി.ആർ സുധീഷ് മാഷ്, ചന്ദ്രമതി ടീച്ചർ, നടരാജൻ സർ, ടി.പി. വേണുഗോപാലൻ മാഷ്, ശ്രീകണ്ഠൻ കരിക്കകം, എ.കെ. മനോഹരൻ സർ, റഹ്മാൻ കിടങ്ങയം മാഷ് തുടങ്ങിയവർ വാക്കുകളിലൂടെ നൽകിയ പ്രചോദനം വാക്കിന്റെ വഴിയിൽ നിൽക്കുവാൻ ധൈര്യം നൽകുന്നു. കുട്ടിക്കാലം മുതൽ വായന കൂടെയുണ്ട്. എഴുതുന്നിനേക്കാൾ ഇഷ്ടം വായിക്കുവാനാണ്.

ജോലി, കുടുംബം 

കൊല്ലം ജില്ലയിലെ കൊട്ടാരക്കരയ്ക്കടുത്തുള്ള അന്നൂരാണ് സ്ഥലം. കൊട്ടാരക്കര ഗവ. ടൗൺ യു.പി സ്കൂളിൽ അധ്യാപകൻ. അമ്മ ലീലാമണിയമ്മ, അച്ഛൻ ഹരിദാസൻ നായർ. ഭാര്യ ശ്രുതി. രണ്ടു മക്കൾ. നിളയും നിതയും. അമ്പലപ്പുറം ഗവ.യു.പി സ്കൂളിൽ നിള ഒന്നിലും നിത പ്രീ- പ്രൈമറിയിലും പഠിക്കുന്നു. 

കഥയ്ക്കു പൊതുവിദ്യഭ്യാസ വകുപ്പിന്റെ വിദ്യാരംഗം പുരസ്കാരം, നവനീതം പുരസ്കാരം, പുന്നപ്ര ഫാസ് ജൂറി പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. 

സമകാലീനരായ മറ്റ് എഴുത്തുകാരിൽ അനൂപ് പിന്തുടരുന്നവർ ആരൊക്കെ? സമീപകാലത്തു വായിച്ച ഒന്നു രണ്ടു ഗംഭീര എഴുത്തുകൾ ഏതൊക്കെയാണ്?

മലയാളത്തിൽ കഥകളുടെ വസന്തകാലമാണ്. ലഭിക്കുന്ന എല്ലാ കഥകളും വായിക്കും. വി.ജെ. ജയിംസ്,  സുഭാഷ് ചന്ദ്രൻ, ബി. മുരളി, ഇ.സന്തോഷ് കുമാർ, സന്തോഷ് ഏച്ചിക്കാനം, ഉണ്ണി ആർ., എസ്.ഹരീഷ്, വിനോയ് തോമസ്, ശ്രീകണ്ഠൻ കരിക്കകം, സോക്രട്ടീസ് കെ. വാലത്ത്, ഷിനിലാൽ തുടങ്ങിയ എല്ലാവരുടെയും കഥകൾ ഇഷ്ടമാണ്. പുതു കഥാകൃത്തുക്കളുടെ മിക്ക കഥകളും വായിക്കും. ഇഷ്ടവുമാണ്. ഒന്നോ രണ്ടോ കഥയിൽ ആ ഇഷ്ടത്തെ ചുരുക്കുന്നില്ല.

 

English Summary : Puthuvakku column written by Ajish Muraleedharan - Talk with writer Anoop Annoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com