ADVERTISEMENT

പ്രതിഭാശാലികളെയും അവരുടെ സൃഷ്ടികളെയും എത്ര കാലം ലോകത്തിനു മുന്നിൽ നിന്നു മറച്ചു പിടിക്കാനാകും. കാലദേശാതിർത്തികൾ കടന്ന് ആരെങ്കിലും അവ വെളിച്ചത്തു കൊണ്ടു വരുന്നതു വരെ മാത്രം!. എട്ടു പതിറ്റാണ്ടിന്റെ ഒളിവു കാലത്തിനൊടുവിൽ പുനരവതരിച്ചിരിക്കുന്നു ഒരു ചരിത്രരേഖ. രണ്ടാം ലോക മഹായുദ്ധ കാലത്തെഴുതിയ ‘ദ് പാസഞ്ചർ’ എന്ന നോവൽ. പുന: പ്രസിദ്ധീകരണത്തിൽ ബെസ്റ്റ് സെല്ലറായ പുസ്തകത്തിന്റെ രചയിതാവ് അൾറിക് ബോഷ്വിറ്റ്സിനും ഇതു രണ്ടാംജന്മം.

 

ജർമൻ ഭരണകൂടത്തിന്റെ ക്രൂരതകളിൽ നിന്നു മോചനം തേടിയിറങ്ങുന്ന ബർലിനിലെ ജൂതവ്യാപാരി ഓട്ടോ വാൻ സിൽബർമാന്റെ കഥയാണ് ‘ദ് പാസഞ്ചർ’. ജൂത ഉടമസ്ഥതയിലുള്ള കടകളുടെയും ഭവനങ്ങളുടെയും ആരാധനാലയങ്ങളുടെയും തകർന്ന ചില്ലുകൾ തെരുവു നീളെ ചിതറിത്തെറിച്ചുകിടന്ന രാത്രി. വാതിലിൽ നാസി പട്ടാളത്തിന്റെ മുട്ടു കേൾക്കുന്ന സിൽബർമാനും ഭാര്യയും സമ്പാദ്യം മുഴുവൻ പെട്ടിയിലാക്കി രക്ഷപെടാനുള്ള നെട്ടോട്ടം. തീവണ്ടികൾ ഓരോന്നായി കയറിയിറങ്ങി, ജർമ്മനിയുടെ നാലുപാടും ചുറ്റി നീളുന്ന യാത്ര. കണ്ടുമുട്ടുന്ന, അഭയം ചോദിക്കുന്ന മനുഷ്യരിൽ ഭരണകൂടത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമുണ്ട്. അവസരവാദികളുടെയും ഒറ്റു കൊടുക്കുന്നവരുടെയുമിടയിൽ ജീവിതം ദുസ്സഹമാകുമ്പോൾ ദുസ്വപ്നമെന്ന് ഒരുവേള തോന്നിയതെല്ലാം യാഥാർഥ്യമാണെന്നുള്ള ബോധ്യം സിൽബർമാനെ തകർത്തുകളയുന്നു.

 

‘‘എവിടേക്കു പോകും’’ എന്ന കഥാനായകന്റെ ചോദ്യം ജീവിതത്തിൽ പല തവണ ചോദിച്ചിട്ടുണ്ട് കഥാകൃത്തും. എണ്ണിയാലൊടുങ്ങാത്ത യാത്രകളുടെ ദുരിതപർവ്വം താണ്ടിയ എഴുത്തുകാരൻ. 1938 ൽ ജൂതവിരോധ നിയമങ്ങൾ ജർമനിയിൽ നടപ്പിലാക്കിയതു ഭയന്നു നാടു വിട്ടതാണു ബോഷ്വിറ്റ്സ്. 23 വയസ്സ് മാത്രം പ്രായം. അമ്മയെയും കൂട്ടി ആദ്യം നോർവെയിലേക്ക്. ശേഷം ഫ്രാൻ‌സിൽ. പിന്നീട് ബെൽജിയം. അവിടെ നിന്നു ലക്സംബർഗ്ഗ്. നീണ്ട പലായനങ്ങൾക്കൊടുവിൽ രണ്ടാം ലോക മഹായുദ്ധത്തിനു തൊട്ടു മുൻപ് ബ്രിട്ടനിൽ. 

 

അറസ്റ്റു ചെയ്യപ്പെട്ട് ഒടുവിൽ ഓസ്ട്രേലിയയിലെ തടങ്കൽ പാളയത്തിലേക്കും. രണ്ടു വർഷത്തെ കഠിന തടവിനു ശേഷം 1942 ൽ മോചനം. നിർഭാഗ്യമാകണം, തിരികെ ഇംഗ്ലണ്ടിലേക്കു മടങ്ങിയ കപ്പലിനു നേരെ ജർമൻ പടയുടെ ബോംബ് സ്ഫോടനം. 27 കാരനായ നോവലിസ്റ്റിന് അപ്രതീക്ഷിത മരണം.

 

പിടിക്കപ്പെടുന്നതിനു മുൻപ് എഴുതിയ ബോഷ്വിറ്റ്സിന്റെ പുസ്തകം തൊട്ടടുത്ത വർഷങ്ങളിൽ അമേരിക്കയിലും ലണ്ടനിലും പ്രസിദ്ധീകരിച്ചെങ്കിലും ശ്രദ്ധ നേടിയില്ല. കോപ്പികളും ബാക്കിയുണ്ടായില്ല. 80 വർഷത്തിനു ശേഷം 2018 ൽ യാദൃശ്ചികമായാണ് ബോഷ്വിറ്റ്സിന്റെ അനന്തരവൾ ജർമൻ പത്രാധിപനായ പീറ്റർ ഗ്രാഫിനെ പരിചയപ്പെടുന്നത്. ഒരു പ്രമുഖ നോവൽ വർഷങ്ങൾക്കുശേഷം കണ്ടെത്തിയതിനെ പറ്റി ഗ്രാഫിന്റെ അഭിമുഖങ്ങളിലൊന്നിൽ വായിച്ചതിനെത്തുടർന്നു നടന്ന കണ്ടു മുട്ടൽ. അഭ്യർത്ഥനപ്രകാരം ഫ്രാങ്ക്ഫർട്ടിലെ നാഷണൽ ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുന്ന പാസഞ്ചറിന്റെ കയ്യെഴുത്തുപ്രതി കണ്ടെത്തിയ ഗ്രാഫ് പുസ്തകം എഡിറ്റു ചെയ്തു പുന പ്രസിദ്ധീകരിക്കാനുള്ള തീരുമാനത്തിലെത്തി. ജർമ്മനിയിൽ രണ്ടാം വരവിൽ വായനക്കാർ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഇരുപതിലധികം ഭാഷകളിലേക്കും ഇതിനോടകം വിവർത്തനം ചെയ്തു. 

 

യുദ്ധതീവ്രത പ്രമേയമാക്കി പുറത്തിറങ്ങിയ പ്രമുഖ നോവലുകളോടു കിടപിടിക്കാൻ ശക്തമാണു പാസഞ്ചറിന്റെ രചനാശൈലി. എഴുതിയ കാലത്തു വായിക്കപ്പെടാതെ പോയതു ചരിത്രത്തിന്റെ നഷ്ടം., രണ്ടാം വരവിൽ വായിക്കപ്പെടേണ്ടതു കാലം കാത്തുവച്ച നീതിയും. 

 

English Summary: The passenger book by Ulrich Alexander Boschwitz

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com