അന്തരീക്ഷ മലിനീകരണത്തെക്കാൾ ഗുരുതരമാണു മനസ്സിന്റെ മലിനത

gossipping
Representative Image. Photo Credit : pathdoc / Shutterstock.com
SHARE

ആശ്രമവാസിയായ യുവാവ് മഠാധിപനോടു പറഞ്ഞു: എന്റെ മുറിയിൽ താമസിക്കുന്നയാളെ ആശ്രമത്തിൽ നിന്നു പുറത്താക്കണം. അയാൾ രാത്രി ആരും കാണാതെ പുകവലിക്കുന്നുണ്ട്. മുറിയിലാകെ പുകയുടെ ദുർഗന്ധമാണ്. മഠാധിപൻ പറഞ്ഞു: ഞാൻ അയാളെ മാറ്റിത്തരാം; നിങ്ങൾക്കുവേണ്ടിയല്ല, അയാൾക്കുവേണ്ടി. പുകവലിയുടെ ദൂഷ്യം എനിക്കറിയാം. അതിനെക്കാൾ വലിയ മലിനീകരണമാണ് നിങ്ങൾ നടത്തുന്നത്. ഒരാഴ്ചയ്ക്കിടെ അഞ്ചാമത്തെയാളുടെ കുറ്റവുമായാണു നിങ്ങൾ എന്റെയടുത്തു വരുന്നത്.  

സംസാരവിഷയം പരദൂഷണമല്ലെങ്കിൽ നിശ്ശബ്ദരാകുന്ന ആളുകളുണ്ട്. മറ്റൊന്നിനെക്കുറിച്ചും അവർക്കറിയില്ല. പൊതുവിജ്ഞാനം എന്നത് ഒരു പ്രദേശത്തെ മുഴുവൻ ആളുകളെക്കുറിച്ചുമുള്ള അപവാദശേഖരണമാണ് എന്നാണ് ഇക്കൂട്ടരുടെ ധാരണ. അന്തരീക്ഷ മലിനീകരണത്തെക്കാൾ ഗുരുതരമാണു മനസ്സിന്റെ മലിനത. ഒരാളെക്കുറിച്ചും ഒരു നന്മപോലും കണ്ടെത്താൻ കഴിയാതെ വരുന്നതും അശുഭകരമായ വാർത്തകൾ മാത്രം ശ്രദ്ധയിൽപ്പെടുന്നതും കണ്ണിന്റെ പ്രശ്നമല്ല; മനസ്സിന്റെ വൈകൃതമാണ്. ഗുണങ്ങൾ കണ്ടെത്തി പരസ്യമായി വാഴ്ത്തുന്നതും പോരായ്മകൾ കണ്ടെത്തി രഹസ്യമായി തിരുത്തുന്നതുമാണു സഹജീവിധർമം. സ്വകാര്യ വീക്ഷണകോണുകളുടെ അരിപ്പയിലൂടെ കടന്നാണ് ഓരോ സംഭവവും പ്രചരിക്കുന്നത്. വേറൊരാൾക്കു സ്വഭാവ സർട്ടിഫിക്കറ്റ് നൽകാൻമാത്രം വ്യക്തിവൈശിഷ്ട്യം എത്രപേർക്കുണ്ടാകും. 

അപരന്റെ കുറ്റങ്ങളുമായി ആളുകൾ എന്റെയടുത്തു വരുന്നുണ്ടെങ്കിൽ അത് അവരുടെ മാത്രം പ്രശ്നമല്ല; എന്റെ ബലഹീനത കൂടിയാണ്. എനിക്ക് അപവാദങ്ങൾ കേൾക്കാൻ ഇഷ്ടമാണ്, എന്റേതായ രീതിയിൽ ഞാനും ചിലതു കൂട്ടിച്ചേർക്കും, എന്നിലൂടെ അത് അടുത്തയാളിലേക്കും കൈമാറ്റം ചെയ്യപ്പെടും. പരദൂഷണം പറയാനൊരുങ്ങുന്നവരോട് എനിക്കതു കേൾക്കാൻ താൽപര്യമില്ല എന്നു പ്രതികരിക്കാൻ ശേഷിയുണ്ടെങ്കിൽ ആരും ദുഷ്പ്രചാരകരുടെ അഭയകേന്ദ്രങ്ങളാകില്ല. ചെയ്ത തെറ്റുകൾ തിരുത്തുന്നതിനെക്കാൾ ബുദ്ധിമുട്ടാണ് പ്രചരിക്കപ്പെട്ട തെറ്റുകൾ തിരുത്താൻ. ആരിലെത്തുമ്പോഴാണോ ഒരപവാദം അവസാനിക്കുന്നത് അയാളെ മഹാത്മാവ് എന്നു വിളിക്കാം.

English Summary: Subhadinam, Thoughts for the day

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
;