ADVERTISEMENT

കിളിക്കുഞ്ഞ് ദൈവത്തിന്റെയടുത്ത് അഭ്യർഥനയുമായി എത്തി. എനിക്കു വളരേണ്ട, എന്റെ ചിറകുകൾക്കു വലുപ്പം വയ്ക്കേണ്ട. വലുതായാൽ തീറ്റ തേടണം, ദൂരദേശങ്ങളിൽ പോകണം, കൂടൊരുക്കണം, മുട്ടയിടണം. ഇതൊക്കെ ബുദ്ധിമുട്ടാണ്. ദൈവം കിളിക്കുഞ്ഞിന്റെ ആഗ്രഹത്തിനു സമ്മതം മൂളി. കിളിക്ക് ആദ്യം രസിച്ചെങ്കിലും പിന്നീടു ജീവിതം വിരസമാകാൻ തുടങ്ങി. സമപ്രായക്കാരെല്ലാം ഉയർന്നു പറന്ന് ഉല്ലസിക്കുന്നതു കണ്ടു വിഷമം തോന്നി. കിളി വീണ്ടും ദൈവത്തിന്റെ അടുത്തെത്തി പറഞ്ഞു: എനിക്കു വളരണം. 

പാതിവളർച്ച എത്തുമ്പോൾ ലഭിക്കുന്ന സന്തോഷമോ സംതൃപ്തിയോ ആണു പലരും അർഹിക്കുന്ന സ്ഥാനങ്ങളിൽ എത്തിച്ചേരുന്നതിനു കാരണം. ഇതൊക്കെ മതി എന്ന ചിന്തയാണു ചിലപ്പോഴെങ്കിലും പ്രകടനനിലവാരം താഴേയ്ക്കു പോകുന്നതിനു കാരണം. ആരും ആരെയും വളർത്തുന്നില്ല, സ്വയം വളരുന്നതാണ്. സഹവാസികൾ സാഹചര്യമൊരുക്കുന്നു എന്നു മാത്രം. പൂർണവളർച്ച ഓരോരുത്തരുടെയും അവകാശം മാത്രമല്ല, ഉത്തരവാദിത്തം കൂടിയാണ്. ഇപ്പോൾ ആയിരിക്കുന്ന അവസ്ഥയുടെ സുഖാനുഭവങ്ങളിൽ മയങ്ങിവീണില്ലായിരുന്നെങ്കിൽ തനിക്ക് ആരായിത്തീരാൻ കഴിയുമായിരുന്നു എന്ന ചോദ്യം ചിലരിലെങ്കിലും കുറ്റബോധം സൃഷ്ടിക്കും. പൂർണവളർച്ച എത്തുന്നതു ശരീരത്തിനു മാത്രമാണ്. മനസ്സിനും മനോഭാവത്തിനും ബഹുദൂരം സഞ്ചരിക്കാനാകും. മേനി തളർന്നിട്ടും മനോബലംകൊണ്ടു വിസ്മയം തീർക്കുന്ന എത്രയോപേരുണ്ട്. സ്വയം പ്രവർത്തിക്കുന്ന തടസ്സങ്ങളാകാതിരിക്കുക എന്നതാണു സ്വന്തം ജീവിതത്തെ ബഹുമാനിക്കുന്നതിനുള്ള എളുപ്പമാർഗം. അപക്വമായ ബാല്യകാല ആഗ്രഹങ്ങളുടെ കൂടെ നിൽക്കാതിരിക്കുക എന്നതാണു വളർത്തുന്നവരുടെ കടമ. തങ്ങൾക്ക് ഇഷ്ടമുള്ള രീതിയിലാണോ സഞ്ചാരം എന്നതല്ല, എത്തിച്ചേരേണ്ട സ്ഥലത്തേക്കു നയിക്കുന്ന പാതകളിലൂടെയാണോ സഞ്ചാരം എന്നതാണ് ഓരോ വഴികാട്ടിയും നിരീക്ഷിക്കേണ്ടത്.   

 

ചെറിയ ലക്ഷ്യങ്ങളിലേക്ക് ഒതുങ്ങാൻ തീരുമാനിക്കുന്നവരെ വലിയ ലക്ഷ്യങ്ങളിലേക്ക് അടുപ്പിക്കണം, എളുപ്പവഴികളിൽ ആനന്ദം കണ്ടെത്തുന്നവർക്കു കഠിനവഴികളുടെ സാഹസികത പരിചയപ്പെടുത്തണം, സാധാരണനേട്ടങ്ങളിൽ ആശ്വാസം കണ്ടെത്തുന്നവരിൽ അസാധാരണ മികവിന്റെ സ്വർണത്തിളക്കം സൃഷ്ടിക്കണം – സംരക്ഷകർക്കും മാർഗദർശികൾക്കും ഉത്തരവാദിത്തങ്ങളേറെ. ആഗ്രഹങ്ങളെല്ലാം തത്സമയം സാധിച്ചുകൊടുത്താൽ  ആഗ്രഹങ്ങളെക്കുറിച്ച് ഒരു പുനർവിചിന്തനത്തിനു പോലും വളരുന്നവർക്കു സാധിക്കില്ല. സ്വയം മാറ്റത്തിനു വിധേയരാകാൻ അനുവദിക്കണം എന്നതാണു സംരക്ഷണദൗത്യത്തിലെ പ്രഥമ കൽപന.

 

English Summary: Subhadinam, Thoughts for the day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com