ADVERTISEMENT

പിഞ്ചുകുഞ്ഞിനെ നഷ്ടപ്പെട്ട അമ്മ അതീവദുഃഖത്തോടെ ദിവസങ്ങൾ തള്ളിനീക്കുമ്പോൾ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ബന്ധുക്കൾ കുഴങ്ങി. ചിലർ പറഞ്ഞു: ഇതിലും വലിയ സങ്കടങ്ങൾ നേരിടുന്നവരില്ലേ? മറ്റുചിലർ ഉപദേശിച്ചു: ദൈവമറിയാതെ ഒന്നും സംഭവിക്കില്ല. ഇതെല്ലാം കേട്ടു മടുത്ത സ്ത്രീ പറഞ്ഞു. നിങ്ങളെന്തിനാണ് എന്റെ സങ്കടങ്ങൾ എടുത്തുമാറ്റാൻ ശ്രമിക്കുന്നത്? അവ എന്റെ കൂടെത്തന്നെ തുടരട്ടെ. കുറച്ചുകഴിയുമ്പോൾ ഞാൻ സ്വയം പൊരുത്തപ്പെട്ടുകൊള്ളും. 

 

പൗർണമികൾ മാത്രമല്ല, അമാവാസികളും നിർബന്ധമാണ്. വെള്ളിവെളിച്ചത്തിൽ മാത്രം എക്കാലവും തുടരാനാകില്ല. രാത്രിയുടെ നിശ്ശബ്ദതയും ഇരുട്ടിൽ മാത്രം തെളിയുന്ന കാഴ്ചകളും അവർക്ക് എന്നും അന്യമായിരിക്കും. സഞ്ചരിക്കുന്ന വഴികളിലെല്ലാം പ്രകാശമുണ്ടെന്ന് ഉറപ്പുവരുത്താനാകില്ല. തപ്പിത്തടഞ്ഞും തട്ടിവീണും മുന്നോട്ടുനീങ്ങാനുള്ള മനസ്സുണ്ടാകണം. ആകസ്മികതകളുടെ പേരിലുണ്ടാകുന്ന അർധവിരാമങ്ങൾ നല്ലതാണ്. അനുഭവങ്ങളെ അംഗീകരിക്കാനും അതിജീവിക്കാനും ചെറിയ ഇടവേളകൾ സഹായിക്കും. ഒരു രാത്രികൊണ്ട് സംഭവിക്കുന്ന അത്യാഹിതങ്ങളിൽനിന്നു കരകയറാൻ അടുത്ത രാത്രിയുടെ സമയം മതിയാകില്ല. അനേകദിനങ്ങളിലെ മൗനവും ധ്യാനവും അതിനു വേണ്ടിവരും. 

 

ആയുസ്സ് മുഴുവനും അവയുടെ ചെറുതല്ലാത്ത അനുരണനങ്ങൾ ഉണ്ടായെന്നും വരും. പിന്നോട്ടു നടന്നു പുനഃക്രമീകരിക്കാൻ കഴിയാത്ത കാര്യങ്ങളുടെ പേരിൽ ഒരു സ്ഥലത്തും കുരുങ്ങിക്കിടക്കേണ്ടതല്ല ജീവിതം. ആശ്വസിപ്പിക്കുന്നതിനെക്കാൾ പ്രധാനമാണു തിരിച്ചുവരാൻ സമയം അനുവദിക്കുക എന്നത്. പൂർണനിയന്ത്രണം നഷ്ടപ്പെട്ടവർക്കു മാത്രം മതി പൂർണപിന്തുണ. പാതിബലമുള്ളവർക്ക് ഊന്നുവടി മതിയാകും, അതും നിവർന്നുനിൽക്കാൻ ശേഷി ആർജിക്കുന്നതു വരെ മാത്രം. ഏതു കൊടുങ്കാറ്റിലും സമചിത്തത കൈവിടാത്ത അപൂർവം ചിലരെങ്കിലും ഉണ്ടാകും. ആത്മധൈര്യത്തിന്റെ വാക്കുകൾ സ്വയം പകർത്താനാകും അവർ ഓരോ നിമിഷവും പിടിച്ചുനിൽ‌ക്കുന്നത്. പുറത്തുനിന്നുള്ള അനുശോചനവാക്കുകൾ അവരുടെ ആത്മബലം നഷ്ടപ്പെടുത്തുകയേയുള്ളൂ. ഉൾബലം ലഭിക്കുന്നതിനു വേണ്ടിയുള്ള പിൻബലം മാത്രമേ ആരും ആർക്കും നൽകാവൂ.

 

English Summary: Subhadinam, Thoughts for the day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com