ADVERTISEMENT

പൊടിയും മാറാലയും പിടിച്ച ചുമരുകൾ ഇരട്ട വാലൻ ഇഴഞ്ഞു നടക്കുന്ന പുസ്തക കൂട്ടങ്ങൾ, പഞ്ചായത്ത് വായനശാലയെന്നു കേൾക്കുമ്പോൾ ഇങ്ങനെയൊരു ചിത്രമാണോ മനസ്സിൽ. എന്നാൽ അതൊക്കെ തിരുത്തിക്കുറിക്കേണ്ടി വരും കൊച്ചു വളപട്ടണത്തിന്‍റെ സ്വന്തം ലൈബ്രറി കണ്ടാൽ. ചെറിയൊരു കെട്ടിടത്തിൽനിന്ന് ഇന്നത്തെ ഗ്രീൻ–ഡിജിറ്റൽ ലൈബ്രറിയിലേക്കുള്ള യാത്രയിൽ പതിറ്റാണ്ടുകളുടെ ചരിത്രവും സാസ്കാരിക പ്രവർത്തനത്തിന്റെയും കഥകളുണ്ട്. 

 

മുൻസിപ്പൽ കൗൺസിലുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ടി എം രാമസ്വാമി അനുവദിച്ച 400 രൂപ കൊണ്ടായിരുന്നു 1950 നവംബർ 5ന് ആണ് വളപട്ടണം ഗ്രാമ പഞ്ചായത്തിനു കീഴിൽ വായനശാല ആരംഭിക്കുന്നത് 1978 മുതൽ മുഴുവൻ സമയ ലൈബ്രേറിയന്റെ സേവനമുള്ള കേരളത്തിലെ 70 വായനശാലകളിൽ ഒന്നായി മാറി.  

Valapattanam panchayath Library

 

വൃത്തിയായും ചിട്ടയായും ഈ ലൈബ്രറി മുന്നോട്ടു പോകുന്നതിനു പിന്നില്‍ പുസ്തക പ്രേമിയായ ഒരാളുണ്ട് ബിനോയ് മാത്യു. 1950 ൽ വെറും 400 രൂപ കൊണ്ടു തുടങ്ങിയ ലൈബ്രറി ഒരു ചെറിയ കെട്ടിടത്തിൽനിന്നും ഇത്രയും വളർന്നതിനു പിന്നിൽ ഇദ്ദേഹത്തിന്റെകൂടി പ്രയത്നമുണ്ട്.

Valapattanam panchayath Library

 

കെ.എം ഷാജി എം.എൽ എ അനുവദിച്ച 34 ലക്ഷം രൂപ കൊണ്ടാണ് ലൈബ്രറി വിപുലീകരിച്ചത്, ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക് ഫണ്ട് അനുവദിക്കുന്നതിനായി ധനവകുപ്പിന്റെ പ്രത്യേക അനുമതി നൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഷമീമയാണ് ലൈബ്രറി കമ്മിറ്റിയുടെ പ്രസിഡന്റ്. ഇവരോടൊക്കെ ഒപ്പം പുസ്തകത്തെയും ലൈബ്രറിയെയും സ്നേഹിക്കുന്ന ഒരുപാടാളുകൾ ഒന്നിക്കുമ്പോൾ മനോഹരമായി വരച്ച ഒരു ചിത്രമായി വളപട്ടണം ലൈബ്രറി മാറുന്നു.

valapattanam-library

 

പുസ്തക വായന എന്നതിലുപരി നിരവധി സാംസ്കാരിക പ്രവർത്തനങ്ങളാണ് ലൈബ്രറിയുടെ നേതൃത്വത്തിൽ നടക്കുന്നത്. ബാലവേദിയും വനിതാ വേദിയും, ഒപ്പം കോവിഡ് മഹാമാരിയിൽ കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനായി ക്രിയേറ്റീവ് ഹോം തുടങ്ങിയവയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കുട്ടികൾ വാർത്ത വായിക്കുന്ന കുട്ടി ന്യൂസ് എന്ന യുട്യൂബ് ചാനലുകളുള്‍പ്പടെയുള്ളവയും നിരവധി വെബിനാറുകളും ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടക്കുന്നു. നൂറ്റമ്പതോളം പ്രദേശവാസികൾക്ക് സർക്കാർ ജോലികളിൽ പ്രവേശനത്തിനു സഹായകമായ രീതിയിൽ പരിശീലനവും ലൈബ്രറി ഒരുക്കി, ജോലി നേടിയവരെല്ലാം നിർലോഭം ലൈബ്രറിക്കായി സഹായങ്ങളും നൽകി.  

 

library-1

പുസ്തകത്തിൽ അടച്ചു വയ്ക്കാനുള്ളതല്ല ബുക്മാർക്..

 

വളപട്ടണം ജി.പി ലൈബ്രറിയുടെ ബാലവേദി മീറ്റിങ്ങിലെ ചർച്ചയിൽ ഇതളിട്ട ഒരു ആശയമായിരുന്നു ബുക്മാർകുകൾ നിർമ്മിച്ച് വിതരണം ചെയ്താലോയെന്നത്. അമ്പതോളം കൂട്ടുകാർ വീടുകളിലിരുന്ന് ബുക്ക് മാർക്കുകളുണ്ടാക്കി. നാല് ദിനം കൊണ്ട് സമാഹരിച്ചത് 21400 രൂപയാണ്. വാക്സിൻ ചലഞ്ചിലേക്കുള്ള ചെറുതല്ലാത്ത അവരുടെ സംഖ്യ കെ.വി. സുമേഷ് എം.എൽ.എ ഏറ്റുവാങ്ങി.

 

ക്രിയേറ്റീവ് ഹോം ശാസ്ത്രജ്ഞർ

 

ലോക്ഡൗണ്‍ കാലത്ത് വീട്ടിലിരിക്കുന്ന കുട്ടികളുടെ മാനസിക സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിനും അവരുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ക്രിയേറ്റീവ് ഹോം എന്ന പരിപാടി ലൈബ്രറിയുടെ വാട്സാപ്പ് ഗ്രൂപ്പ്, ലൈബ്രറി ബ്ലോഗ്, എഫ്.ബി പേജ് എന്നിവയുടെ സഹായത്തോടെ ആരംഭിച്ചത്. കുട്ടിക്കൂട്ടത്തിന്റെ ക്രിയേറ്റീവ് ഹോമിൽ ഒറിഗാമിയും പോസ്റ്റർ രചനയും പരിസ്ഥിതി സംരക്ഷണവുമൊക്കെയായി നിരവധി പരിപാടികളാണുള്ളത്. 

 

വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ കൊച്ചു ശാസ്ത്രജ്ഞർ വീട്ടിലിരുന്നു നടത്തിയത് നൂറിലേറെ പരീക്ഷണങ്ങൾ. മുട്ടത്തോടിനെ അലിയിക്കുന്ന വിനെഗറും, സാനിറ്റൈസറും, ചെമ്പരത്തിപ്പൂ കൊണ്ടുള്ള ലിറ്റ്മസ് പേപ്പറും മുതല്‍ എല്‍.ഇ.ഡി ബള്‍ബ് വരെ കുട്ടി ശാസ്ത്രജ്ഞര്‍ നിര്‍മ്മിക്കുകയും, നിര്‍മ്മിച്ച രീതി വിശദമാക്കുകയും ചെയ്തു. കുട്ടികളുടെ പരീക്ഷണങ്ങള്‍ വിലയിരുത്താന്‍ രാഷ്ട്രപതിയുടെ ദേശീയ അവാര്‍ഡ് നേടിയ ശാസ്ത്രാധ്യാപകന്‍ എം.പി സനില്‍കുമാര്‍ മാഷ് ക്രിയേറ്റീവ് ഹോമിലെത്തി.

 

ഇവർ പക്ഷി നിരീക്ഷകരും ആണ്!

 

140 വീടുകള്‍ പക്ഷി നിരീക്ഷകരെ കൊണ്ട് നിറഞ്ഞു. ലോക്ഡൗണ്‍ കാലത്ത്. ദിവസങ്ങളായി ഉണരുന്നത് കിളികളുടെ കലപില കേട്ടായിരുന്നു. ആ പ്രവർത്തനങ്ങളെല്ലാം അവർ വളപട്ടണം ജിപി ലൈബ്രറിയുടെ ബ്ളോഗിലും യുട്യൂബ് ചാനലിലും പ്രസിദ്ധീകരിച്ചു. പ്രമുഖ പക്ഷി നിരീക്ഷകന്‍ കൂടിയായ സ്കോള്‍ കേരള ഡയറക്ടര്‍ ഡോ. ഖലീല്‍ ചൊവ്വ  കുട്ടികള്‍ക്കൊപ്പം പക്ഷി വിശേഷങ്ങളുമായി കൂടി. മേഘാലയയില്‍ നിന്ന് ഓര്‍ണിത്തോളജിസ്റ്റ് സംഗീത് സൈലസും കുട്ടികൾക്ക് പക്ഷി നിരീക്ഷണത്തിന്റെ ബാല പാഠങ്ങൾ പകർന്നു നൽകി.

 

ലോകം അടഞ്ഞപ്പോള്‍, രക്ഷിതാക്കളുടെ ഭയം കുട്ടികളെ ഓര്‍ത്തായിരുന്നു. അവര്‍ എന്തു ചെയ്യുമെന്ന ആശങ്ക.  ഇപ്പോള്‍ വീട് മൊത്തം ക്രിയേറ്റീവ് ഹോമിലാണ് മുറിക്കുന്നു, ഒട്ടിക്കുന്നു, ചായം തേക്കുന്നു, പ്രച്ഛന്ന വേഷ മത്സരം, യുട്യൂബ് ചാനൽ, ചെടി നടുന്നു, അറിവുകൾ പങ്കു വയ്ക്കുന്നു. സദാ സമയം ചിന്തയിലും പ്രവര്‍ത്തനങ്ങളിലും ക്രിയേറ്റീവ് ഹോം തന്നെ. വീട്ടിലടഞ്ഞിരിക്കുന്ന കുട്ടികളല്ല, കോവിഡിനെ നാടു കടത്തുന്ന നാട്ടിലെ ഊര്‍ജ്ജസ്വല രൂപങ്ങളാണ് വളപട്ടണത്തെ കുട്ടികള്‍. ഇതിനെല്ലാം പിൻബലമേകുന്നത് നാടിന്റെ സ്വന്തം ലൈബ്രറിയാണ്. കുട്ടികളുടെ ഭാഷയിൽ പറഞ്ഞാൽ ഞങ്ങളുടെ പൊന്നാണ് ഈ ലൈബ്രറി...

 

English Summary: Valapattanam panchayath library starts creative home programme for kids

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com