ADVERTISEMENT

തകര എന്ന കഥ മലയാള സാഹിത്യത്തിന്റെ മുഖഛായ മാത്രമല്ല മാറ്റിയത് സിനിമയുടെ കൂടെയായിരുന്നു. പത്മരാജന്റെ കരുത്തുറ്റ തിരക്കഥയില്‍ ഭരതന്റെ വേറിട്ട സംവിധാന ശൈലിയില്‍ പുറത്തുവന്ന ചിത്രത്തിന്റെ വിജയത്തില്‍ ഒരു പങ്ക് പൂവച്ചല്‍ ഖാദര്‍ എന്ന ഗാനരചയിതാവിനു കൂടെ അവകാശപ്പെട്ടതാണ്. മല നിരകളില്‍ തട്ടി പ്രതിധ്വനിക്കുന്ന മൗനമേ എന്ന വാക്കില്‍ തുടങ്ങുന്ന പ്രശസ്ത ഗാനം ഒരു തലമുറയെ ഏറെക്കാലം വേട്ടയാടി. 

 

ഇതിലേ പോകും കാറ്റില്‍... 

ഇവിടെ വിരിയും മലരില്‍...

 

പതിവു സിനിമാ നായകയ്ക്കു വേണ്ട രൂപഭാവങ്ങളില്‍ നിന്നു വ്യത്യസ്തമായി, വന്യമായ ഭാവമുള്ള സുരേഖ എന്ന നടിയാണു തകരയിലെ നായികയെ അനശ്വരമാക്കിയത്. കഥയുടെയും നായികയുടെയും വന്യത പ്രേക്ഷകരെ ആഴത്തില്‍ അനുഭവപ്പിപ്പിച്ചതില്‍ ഗാനത്തിനും വലിയ പങ്കുണ്ട്. കവിതയോട് അടുത്തു നില്‍ക്കുന്നതായിരുന്നു ആ ഗാനം. കവിത പോലെ മലയാളം ഏറ്റുവാങ്ങിയ ഗാനം. ആവര്‍ത്തിച്ചു കേള്‍ക്കുമ്പോള്‍ ഹൃദിസ്ഥമാക്കാന്‍ തോന്നുന്ന വരികള്‍. 

 

കവിതയിലായിരുന്നു ഖാദറിന്റെ തുടക്കം. ഗ്രാമീണത മുറ്റിനിന്ന അദ്ദേഹത്തിന്റെ ആദ്യ കാല ഗാനങ്ങളുടെ ദൃശ്യ മികവാണ് ചലച്ചിത്ര മേഖലയ്ക്ക് അദ്ദേഹത്തെ പ്രിയങ്കരനാക്കിയത്. അതു കവിതയുടെ 

എക്കാലത്തെയും വലിയ നഷ്ടമായി. ആകാശവാണിക്കു വേണ്ടി എം.ജി. രാധാകൃഷ്ണനൊപ്പം എഴുതിയ ഗാനങ്ങള്‍ പ്രശസ്തമായതോടെ ഭരതന്റെ മികച്ച ചിത്രങ്ങളുടെ ഭാഗമാകാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. 

എക്കാലത്തെയും ഹിറ്റ് ചാമരത്തിലെ ‘ നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍ കാതോര്‍ത്തു ഞാനിരുന്നു....’ ഉള്‍പ്പെടെയുള്ള ഗാനങ്ങള്‍ അദ്ദേഹത്തെ സിനിമയുടെ അവിഭാജ്യ ഭാഗമാക്കി.  

 

റേഡിയോ മലയാളിയുടെ ഹൃദയത്തുടിപ്പായിരുന്ന കാലത്ത് ലളിത സംഗീതപാഠത്തില്‍ സ്ഥിരമായി വന്നിരുന്നത് പൂവച്ചല്‍ ഖാദറിന്റെ രചനകളായിരുന്നു. ജയദേവ കവിയുടെ ഗീതികള്‍ കേട്ടെന്റെ രാധേ ഉറക്കമായോ...  ഉള്‍പ്പെടെയുള്ള പാട്ടുകള്‍ കാവ്യഗുണത്തില്‍ അനുഗ്രഹീതമായിരുന്നു. എന്നാല്‍ സിനിമയിലെത്തിയതോടെ, ഖാദര്‍ തിരക്കേറിയ ഗാനരചയിതാവായി മാറി. പോപ്പുലര്‍ സിനിമയ്ക്ക് അദ്ദേഹം ഒഴിച്ചുകൂടാത്ത ഘടകമായി. കാവ്യഗുണത്തോടു വിട്ടുവീഴ്ച ചെയ്യാതെ സാധാരണക്കാരന്‍ 

മൂളിനടക്കുന്ന ഗാനങ്ങള്‍ അദ്ദേഹത്തിന്റെ തൂലികയില്‍ നിന്നു പിറന്നു. ഒന്നിനു പിന്നാലെ ഒന്നായി ഹിറ്റ് ഗാനങ്ങള്‍. 

 

കവിതയില്‍ ഉറച്ചു നില്‍ക്കേണ്ടിയിരുന്ന വ്യക്തിത്വമാണ് ഖാദറിന്റേത്. മനോഹരമായ ഈണത്തലേയ്ക്ക് കൂടുമാറാൻ കഴിവുള്ള ലക്ഷണമൊത്ത കവിത തന്നെയാണ് അദ്ദേഹത്തിന്റെ ചലച്ചിത്രഗാനങ്ങൾ. പ്രശസ്ത കവികള്‍ അരങ്ങുവാണ ഗാന മേഖലയില്‍ പൂവച്ചല്‍ ഖാദറിനു പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞത് അദ്ദേഹത്തിലെ കവിയുടെ ശക്തി കൊണ്ടു തന്നെ. അടിസ്ഥാനപരമായി കവിയായിരുന്നു അദ്ദേഹം. എന്നാല്‍ കാവ്യതേജസ്സ് പ്രതിഫലിച്ചത് ലളിതഗാനങ്ങളിലും ചലച്ചിത്ര ഗാനങ്ങളിലുമാണെന്നു മാത്രം.

 

English Summary: Popular malayalam lyricist Poovachal Khader passes away

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com