നേർരേഖയിലൂടെയല്ലാതെ അങ്കമാലിയിലെത്താനുള്ള വഴി

HIGHLIGHTS
  • രവിവർമ തമ്പുരാൻ എഴുതുന്ന പംക്തി – പുസ്തകക്കാഴ്ച
  • ഒരേ സമയം പുസ്തകവും എഴുത്തുകാരനും സംസാരിക്കുന്ന ഇടം
K Rekha
കെ. രേഖ
SHARE

തമ്പുരാക്കന്മാരും തമ്പിമാരുമൊക്കെ സത്യസന്ധരായിരുന്നോ? ആയിരുന്നിരിക്കാം, അല്ലായിരുന്നിരിക്കാം. അല്ല, ഈ സത്യസന്ധതയെന്താ ഏതെങ്കിലും ജാതിയുടെ സ്വഭാവമാണോ? അല്ലല്ലോ, അല്ല. എല്ലാ ജാതികളിലും സത്യസന്ധർ ഉണ്ട്. എല്ലാ ജാതികളിലും കള്ളസന്ധരും ഉണ്ട്. സത്യസന്ധത ജാതിസ്വഭാവം അല്ലെന്നിരിക്കെ ഏതൊരു ജാതിയിൽപെട്ടയാൾക്കും കള്ളം പറയാം. കള്ളം കാണിക്കാം. അതുമാത്രമേ ശ്രീജയും ചെയ്തുള്ളൂ. പക്ഷേ, സത്യസന്ധതയ്ക്ക് രാജാവിന്റെ പട്ടും വളയും വാങ്ങിയ തിരുവട്ടാർ സ്ഥാണുമാലയൻ തമ്പിയുടെ പേരക്കുട്ടി അങ്ങനെ ചെയ്യാമോ എന്നതാണ് ചോദ്യം. ഇതിൽ ചോദിക്കാനെന്തിരിക്കുന്നു. പറ്റില്ല, അത്രതന്നെ. ഇനി അഥവാ ചെയ്താൽ? സംശയിക്കണ്ട. അതു കഥയാക്കാൻ ഇവിടെയൊരു പേരക്കുട്ടി നോക്കിയിരിപ്പുണ്ട്. അതു മാത്രമേ വലപ്പാട് കാഞ്ഞുണ്ണിവീട്ടിലെ രാമവർമന്റെ പേരക്കുട്ടി രേഖ കെ.യും ചെയ്തുള്ളൂ. അങ്കമാലിയിലെ മാങ്ങാക്കറിയും നിന്റെ അപ്പവും വീഞ്ഞും എന്ന കഥയിൽനിന്ന് ശ്രീജേ, നിനക്കിനി മോചനമില്ല. മലയാളത്തിൽ ചെറുകഥയെന്നൊരു സാഹിത്യരൂപം ഉള്ള കാലത്തോളം നീ ഈ കഥയിലെ തടങ്കലിൽ ജീവിക്കേണ്ടി വരും. പാലക്കാട് നെന്മാറ അയിലൂരിലെ കുടുസുമുറിയിൽ റഹ്‌മാൻ 10 വർഷം ഒളിപ്പിച്ചുവച്ച സജിതയെ പോലെ ആരും കാണാതെ പോവില്ല നീ. കഥ വായിക്കുന്ന എല്ലാവരും കാൺകെ രേഖ നിന്നെ ഈ കഥയുടെ തുറസുമുറിയിൽ പ്രതിഷ്ഠിച്ചിരിക്കുകയാണ്. പക്ഷേ, നിനക്കീ കഥയിൽനിന്നു മോചനമില്ല. അത്രമാത്രം പ്രിയപ്പെട്ടതായി തീർന്നിരിക്കുന്നു മലയാളിക്ക് ഈ കഥ.

നീ ഓഫിസറായിരിക്കുന്ന ബാങ്കിൽ നിന്റെ കീഴോഫീസറായി ജോലിക്കു ചേർന്ന സത്യസന്ധനും അറിവിന്റെ നിറകുടവും നന്മയുടെ വിളനിലവുമായ അരവിന്ദൻ എന്ന ചെറുപ്പക്കാരനെ ബാങ്കിലെയൊരു നിർജീവ അക്കൗണ്ടിൽനിന്ന് 35 ലക്ഷം രൂപ മോഷ്ടിച്ച കുറ്റത്തിന് അറസ്റ്റ് ചെയ്തു കൊണ്ടുപോയപ്പോൾ നിന്റെ ഉള്ളു നീറി. അവൻ ജയിലിൽ കഴിഞ്ഞ ഓരോ ദിവസവും അവനെക്കുറിച്ചു ചിന്തിച്ച് നീ വ്യാകുലപ്പെട്ടു. എടാ അരവിന്ദൻചെറുക്കാ, നീയൊരു 15 വർഷം മുമ്പേ ഈ ഭൂമിയിൽ വന്നു പിറന്നിരുന്നെങ്കിൽ എനിക്കു നിന്നെ കല്ല്യാണം കഴിച്ച് സന്തോഷമായി ജീവിക്കാമായിരുന്നല്ലോ എന്നു നീ പലവട്ടം വിചാരിച്ചു. അരവിന്ദൻ ജോലിക്കു വരുന്ന ഓരോ ദിവസവും നീ ബാങ്കിലേക്കു പോയിരുന്നത് സ്വർഗത്തിലേക്കു പോകുന്ന സന്തോഷത്തോടെയായിരുന്നു. അത് ജോലി ചെയ്യാനുള്ള സന്തോഷത്തിലധികമായി അരവിന്ദനോടൊപ്പം ഇരിക്കാമല്ലോ എന്ന ആഹ്ലാദത്തിലായിരുന്നു. എന്നിട്ടും പണാപഹരണത്തിനു പിടിക്കപ്പെട്ട് അവൻ ജയിലിലായപ്പോൾ നീയവനെ കാണാൻ പോയില്ല. ജയിലിൽ നിന്നിറങ്ങി ആദിശങ്കരന്റെ നാട്ടിലെ വീട്ടിൽ അവൻ എത്തിയിട്ടുണ്ടെന്നറിഞ്ഞ് നീയവനെ അന്വേഷിച്ചു ചെന്നു. അഞ്ചേക്കർ കൃഷിപ്പറമ്പിനു നടുവിൽ അവൻ ഒറ്റയ്ക്കു താമസിക്കുന്ന വീട്ടിലേക്ക് നീയവനോടൊപ്പം ബൈക്കിൽ പിന്നിലിരുന്നു പോയി. അവൻ ആറ്റിൽ കുളിക്കുന്നതു നോക്കി നിന്നു. അവൻ ഉണ്ടാക്കിത്തന്ന അങ്കമാലി മാങ്ങാക്കറി കൂട്ടി. പെസഹാ അപ്പം കഴിച്ചു. അവനു കഥ പറഞ്ഞു കൊടുത്തു, അവൻ പറഞ്ഞ കഥ കേട്ടു. അവന്റെ മുടി ചീകിക്കൊടുത്തു. അവന്റെ മുടിയും താടിയും മുറിച്ചു മെനയാക്കിയെടുത്തു. അവന്റെ മുറിയിലെ കട്ടിലിൽ അവനോടൊപ്പം കിടന്ന് അന്തിയുറങ്ങി. എന്നിട്ടൊന്നും ഒരക്ഷരവും വിട്ടുപറഞ്ഞില്ല. പിറ്റേദിവസം അവൻ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവിടാൻ കൂടെ വന്നപ്പോഴെങ്കിലും നിനക്കു പറയാമായിരുന്നു. എന്നിട്ടും നീ ഒന്നും പറഞ്ഞില്ല. പാവം അരവിന്ദൻ. അവസാനം അവൻ പൊതിഞ്ഞു തന്നുവിട്ട പെസഹാ അപ്പവും ശർക്കരപ്പാനിയും കയ്യിൽ പിടിച്ചുകൊണ്ട് ഒറ്റയ്ക്കു നടക്കുമ്പോൾ മാത്രമാണ് നീയോർക്കുന്നത്, കയ്യിലിരുന്നു മിടിക്കുന്നത് അവന്റെ ജീവന്റെ അപ്പമാണല്ലോ എന്ന്. 

അമേരിക്കയിലെ നോർത്ത് കാരലിനയിൽ 159 വർഷം മുമ്പ് ജനിച്ച വില്ല്യം സിഡ്‌നി പോർട്ടറും അരവിന്ദനെപ്പോലെ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. ബുക് കീപ്പറായി ജോലി ചെയ്യുമ്പോൾ ബാങ്കിൽ ക്രമക്കേട് നടത്തിയതിന് അറസ്റ്റിലായ പോർട്ടർ അഞ്ചുവർഷം ജയിലിൽ കിടന്നു. കണക്ക് കൃത്യമായി സൂക്ഷിക്കാതിരുന്നതിനാലാണോ ശരിക്കും ക്രമക്കേട് നടത്തിയതിനാലാണോ കേസുണ്ടായതെന്ന് വ്യക്തമല്ല. എന്തായാലും അരവിന്ദനെപ്പോലെ തന്നെ പോർട്ടറും സരസനും കഥ പറയുന്നവനും സ്‌നേഹസമ്പന്നനും ഒക്കെയായിരുന്നു. ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയ പോർട്ടർ കുടുംബവീട്ടിൽവന്ന് ഒറ്റയ്ക്ക് താമസിക്കാനോ മാങ്ങാക്കറിയും പെസഹാ അപ്പവുമുണ്ടാക്കാനോ മേലുദ്യോഗസ്ഥയെ സൽക്കരിക്കാനോ ഒന്നും മെനക്കെട്ടില്ല. നേരേ ന്യൂയോർക്കിലേക്കു പോയി, കള്ളനെന്നറിയപ്പെട്ട പേരങ്ങു മാറ്റി. കള്ളൻ കഥയെഴുതിയപ്പോൾ ഏറ്റവും വിജയകരമായി നിർവഹിച്ചൊരു കാര്യമുണ്ട്. രസം മുഴുവൻ ഒളിപ്പിച്ചുവയ്ക്കും. അവസാനത്തെ ഒരു വാചകത്തിൽ വായനക്കാരനെ ഞെട്ടിച്ചുകൊണ്ട് പുറത്തു വരും.  ദ് ലാസ്റ്റ് ലീഫ് പോലെ, പല ഒ. ഹെൻറി കഥകളും ലോകം ശ്രദ്ധിച്ചത് അവസാന വാചകം വരെ ഒളിപ്പിച്ചു വച്ച പരിണാമഗുപ്തിയുടെ പേരിലാണ്.

അരവിന്ദൻ എന്ന ജൂനിയർ ബാങ്ക് ഓഫിസറുടെയും ശ്രീജ എന്ന സീനിയർ ബാങ്ക് ഓഫിസറുടെയും ജീവിതം രസകരമായും ഹൃദ്യമായും വിവരണാത്മകമായും പറഞ്ഞുപോകുമ്പോഴൊന്നും രേഖ ഒരു സൂചന പോലും തരുന്നില്ല. സ്‌നേഹവതിയായൊരു ചേച്ചി, പ്രണയമൊളിപ്പിച്ചു സൂക്ഷിക്കുന്നൊരു മാം എന്നൊക്കെയേ നമുക്കു തോന്നൂ. അരവിന്ദനെക്കുറിച്ച് നമുക്ക് ഉടനീളം സംശയമാണ്. പക്ഷേ, ശ്രീജയെക്കുറിച്ച്, അവരുടെ നന്മയെക്കുറിച്ച് നമുക്കൊരു സംശയവുമില്ല.

തോളിലേക്കു ചാഞ്ഞത്, താങ്ങു തേടുന്നത് ഒരു വെറും പുരുഷനാണോ മകനാണോ സുഹൃത്താണോ സഹോദരനാണോ കാമുകനാണോ എന്നു ബുദ്ധിമതി, മുന കൂർപ്പിച്ച സംശയം ചോദിച്ചുകൊണ്ടേയിരുന്നു. വികാരജീവി മറുപടിയില്ലാത്ത ജാലവിദ്യക്കാരിയായി. 

യുക്തികൊണ്ടും ബുദ്ധികൊണ്ടും മാത്രം ജയിക്കാനാകാത്ത കളിയിൽ വികാരജീവി പിന്നെയും പിന്നെയും ജയിച്ചു. 

അവന്റെ കൂമ്പിത്തുടങ്ങിയ കണ്ണുകൾ നോക്കി ഉറക്കം ഉറപ്പുവരുത്തി ,ശിരസ്സിന്റെ ഭാരം പതുക്കെ തലയിണയിലേക്കു കൈമാറിക്കൊണ്ടിരിക്കുമ്പോൾ ....

ആ മുടിയിഴകളിലൂടെ വിരലോടിക്കുമ്പോൾ ....

അർധബോധത്തിൽനിന്ന് ഉറക്കത്തിലേക്കു പൂർണമായി വീഴും മുമ്പ് അവൻ ഇത്രയും പറഞ്ഞു.

ചേച്ചി ഒരു ബാർബറുമാണ്... ബീർബലുമാണ്. 

എന്താണ് പറഞ്ഞതിനർഥമെന്ന് ശ്രീജയ്ക്കു മനസ്സിലായില്ല. ഒരു ചെറുചിരിയോടെ അവനുറങ്ങിപ്പോയി.

വികാരജീവിയും ബുദ്ധിജീവിയും ഒരേ സമയം മൽസരിച്ചു പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മനസ്സുമായി ശ്രീജ എന്തിനാവണം അരവിന്ദനെ തേടി പോയത്. ആരോരുമില്ലാത്ത അവന്റെ വീട്ടിൽ ഒരു രാത്രി കിടക്കാനോ, അതോ അവനെ സ്‌നേഹത്തിൽ മുക്കി സന്തോഷിപ്പിക്കാനോ, അതോ വസ്തുതാന്വേഷണത്തിനു വേണ്ടിയോ?  ഒന്നും വ്യക്തമല്ല. ഈ അവ്യക്തതകളെ വ്യക്തതകളുടെ തെളിമയിലേക്കു കൊണ്ടുവരാൻ വായനക്കാരൻ സ്വയം നടത്തുന്ന ഒരു അന്വേഷണവും കഥയിലൂടെയൂള്ള മടക്കയാത്രയുമുണ്ടല്ലോ, അവിടെയാണ് യഥാർഥത്തിൽ കഥ അതിന്റെ വികാസം പ്രാപിക്കുന്നത്. ആ വികാസപ്രാപ്തിയിലേക്കു നയിക്കുന്നതാവട്ടെയോ ഒ. ഹെൻറി ക്ലൈമാക്‌സുകളെപ്പോലെ വിസ്മയിപ്പിക്കുന്ന ആ അവസാനവാചകവും. 

കയ്യിലിരുന്നു മിടിക്കുന്നത് അവന്റെ ജീവന്റെ അപ്പമാണെന്ന് ശ്രീജ ഉൾക്കിടിലത്തോടെ തിരിച്ചറിഞ്ഞു. 

കണ്ണുകളാണ് മനുഷ്യരിലെ മാറ്റമില്ലാത്ത ഒരു തിരിച്ചറിയിൽ രേഖ എന്ന് വില്ലുവണ്ടി എന്ന കഥയിൽ എഴുതുന്ന രേഖ മിക്കപ്പോഴും  നേർരേഖയിലൂടെ സഞ്ചരിക്കുന്ന കഥകളല്ല എഴുതുന്നത്. നേർരേഖയിലൂടെയെന്ന് ചിലപ്പോഴെങ്കിലും തോന്നിപ്പിച്ചാൽത്തന്നെ അവസാനത്തെ ഒരു വാചകത്തിലെത്തുമ്പോൾ അതുവരെ ഒളിപ്പിച്ചുവച്ച ഞെട്ടലിന്റെ കരിമ്പടമെടുത്ത് വായനക്കാരെ ആപാദചൂഡമങ്ങ് അണിയിക്കും. പിന്നെയയാൾക്ക് കുറച്ചുനേരം ആ നിലയിൽനിന്നു മോചനമില്ല. 

സന്ദർശകരുടെ ദിവസം എന്ന കഥ വെറും ഞെട്ടലല്ല, കുറച്ചുനേരം നീണ്ടുനിൽക്കുന്നൊരു മരവിപ്പാണ് കരുതി വച്ചിരിക്കുന്നത്. 

ഫൈൻ ആർട്‌സ് കോളജിൽ വച്ച്, അടിയന്തരാവസ്ഥക്കാലത്ത് നിങ്ങൾ അഞ്ചാറു പെൺകുട്ടികൾ ചേർന്നാണ് എന്റെ താവളം ഒറ്റിക്കൊടുത്തത്. അന്ന് പൊലീസുകാർ ഒടിച്ചതാണ് ഈ കൈ.... പിന്നെ വരയ്ക്കാൻ കഴിഞ്ഞിട്ടില്ല. അപ്പോൾ വരയ്ക്കുന്നവരെ പ്രോൽസാഹിപ്പിക്കണ്ടേ? 

ജപ്തി ചെയ്യാൻ പോകുന്ന വീട്ടിലേക്കു വന്ന അപരിചിതൻ, അവിശ്വസനീയമാംവിധം വലിയ തുകയുടെ ചെക്കു നൽകിക്കൊണ്ട് വീട്ടമ്മയായ താര വരച്ച സാധാരണ ചിത്രം വാങ്ങിയ ശേഷം പറയുകയായിരുന്നു. അപരിചിതത്വം ഒട്ടൊന്നു മാറിയപ്പോൾ താര ചോദിച്ചു.

ഉത്തമനല്ലേ? 

എന്റെ മോൾ ജോലി ചെയ്യുന്ന ബാങ്കാണ് വീടു ജപ്തി ചെയ്യുന്നത്. അവളുടെ പട്ടാളക്കാരൻ ഭർത്താവ് മരിച്ചപ്പോൾ കിട്ടിയ പൈസയാണിത്. അവളാണ് പറഞ്ഞത്, ഈ പണം കൊണ്ടുക്കൊടുത്ത് താരയെ സമാധാനിപ്പിക്കാൻ.... 

പൊലീസുകാർ ഉടച്ചുകളഞ്ഞ ഉത്തമന്റെ വലംകൈയിൽ താര പിടി മുറുക്കി. 

ഉത്തമൻ കിഴക്കൻകാറ്റിനൊപ്പം പടിയിറങ്ങി. ..

അയാളിറങ്ങിപ്പോയിട്ടും എന്തോ ഒന്ന് അവിടെ ബാക്കിവച്ചല്ലോ? 

അതെന്താണെന്ന ആലോചനയിൽ താര ഉറഞ്ഞു പോയി. വായനക്കാരനും.

വികാരരഹിതമായ, പാറ പോലെ ഉറച്ച, വലിയ മുലകളുമായി ജീവിക്കേണ്ടി വരുന്നതിന്റെ ഖേദം അനുഭവിക്കുന്ന ലതയും  ലതയുടെ മുലയുടെ വലുപ്പത്തിന്റെ പേരിൽ സ്ഥിരമായി കളിയാക്കപ്പെടുന്ന ഭർത്താവ് സുഭാഷും ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുന്നു. സ്വർണപ്പണിക്കാരനോടു വാങ്ങിയ സയനൈഡ് വളർത്തു പട്ടിക്കു കൊടുത്ത് വീര്യം ഉറപ്പുവരുത്തി. അടുത്ത നിമിഷം അത് കുട്ടികൾക്കു കൂടി കൊടുത്ത ശേഷം കഴിക്കേണ്ട സുഭാഷ് ആകെ ഭയത്തിനടിമയാകുന്നു. നിസ്സാരമല്ല അയാളുടെ ഭയം.

പട്ടിയെ സയനൈഡ് കൊടുത്തു കൊന്നതിന് കേസു വരുമോ? അയാൾ ഭാര്യയോടു ചോദിക്കുന്നു.

ചിരിച്ചു ചിരിച്ചു ലതയ്ക്ക് വയറുവേദനിക്കാൻ തുടങ്ങി. ലത കുറച്ചുനേരം തറയിൽ കിടന്നു ചിരിച്ചു. അവളുടെ കനത്ത മുലകൾ പാറക്കെട്ടുപോലെ ഭൂമിയിലുച്ചു. 

k-rekha-book

പാറക്കെട്ടു പോലെ നിർവികാരമായി ഭൂമിയിലുറച്ചു പോകുന്നവയല്ല രേഖയുടെ കഥകൾ. അവ ജീവന്റെ അപ്പവും തിരിച്ചറിവിന്റെ ശർക്കരപ്പാനിയും സൂക്ഷിക്കുന്ന, കരുതലിന്റെ ബീർബൽമന്ദിരങ്ങളാണ്. വിസ്മയം ഒളിപ്പിച്ചുവച്ച വില്ലുവണ്ടികളാണ്. സൗന്ദര്യത്തിന്റെ സന്ദർശനാനുഭവങ്ങളാണ്. ത്രസിപ്പിക്കുന്ന കുതിരസവാരികളാണ്. ഈ കഥകൾ നിങ്ങളെ ആനന്ദിപ്പിക്കുക തന്നെ ചെയ്യും. ഈ കഥകളിലൂടെ സഞ്ചരിക്കുമ്പോൾ നിങ്ങൾ രുചിക്കുക ജീവിതത്തിന്റെ തീർത്തും വ്യത്യസ്തമായ ചില രുചികൾ കൂടിയാണ്. 

ഇനി രേഖയോടു സംസാരിക്കാം..

രേഖയുടെ ഏറ്റവും മികച്ച കഥകൾ ചേർത്തുള്ള സമാഹാരമാണ് അങ്കമാലിയിലെ മാങ്ങാക്കറിയും വില്ലുവണ്ടിയും മറ്റു കഥകളും എന്ന് എനിക്കു തോന്നുന്നു. ആഴ്ചപ്പതിപ്പിൽ അങ്കമാലി വായിച്ചപ്പോഴേ തോന്നിയിരുന്നു, ഇത് രേഖയുടെ എഴുത്തു ജീവിതത്തിലെ നാഴികക്കല്ലാവും എന്ന്. അങ്കമാലിയെയും ഈ സമാഹാരത്തിലെ മറ്റു കഥകളയും എങ്ങനെ കാണുന്നു? സ്വന്തം എഴുത്തു ജീവിതത്തിൽ ഈ കഥകൾ എവിടെ നിൽക്കുന്നു?

അങ്കമാലിയിലെ മാങ്ങാക്കറിയും വില്ലുവണ്ടിയും എന്റെ ഏഴാമത്തെ സമാഹാരമാണ്.. ‘എഴുതാതിരിക്കാനെനിക്കാവതില്ലേ’ എന്നു വരുമ്പോൾ മാത്രമേ എഴുതിയിട്ടുള്ളൂ. എഴുത്തിനോട് അങ്ങേയറ്റം ആത്മാർഥതയുണ്ട്. ഒരു പക്ഷേ എന്റെ സ്വന്തം മക്കളോടുള്ളതിനേക്കാൾ.... തൊഴിൽപരമായും വ്യക്തിജീവിതത്തിലും വലിയ മാറ്റങ്ങളിലൂടെ കടന്നുപോയ ഒരു കാലമാണ്, ഈ പുസ്തകരചനയുടേത്. എന്റെ വീക്ഷണത്തിലും രാഷ്ട്രീയ- സാമൂഹികബോധത്തിലും കാലം നൽകിയ തഴമ്പ് പതിഞ്ഞിട്ടുണ്ടാകണം, ഈ സമാഹാരത്തിൽ. അങ്കമാലിയിലെ മാങ്ങാക്കറിക്കു പത്മരാജൻ പുരസ്‌കാരം ലഭിച്ചത് ആ വിശ്വാസത്തിനു കിട്ടിയ അംഗീകാരമായി കരുതുന്നു. സോഷ്യൽ മീഡിയയിൽ ആ കഥ ചർച്ച ചെയ്യപ്പെട്ടു എന്നതിലും സന്തോഷമുണ്ട്. കഥാന്ത്യത്തെ പറ്റി പലരും പല വീക്ഷണം അവതരിപ്പിച്ചു. ശ്രീജയെ പല തരത്തിൽ കണ്ടവരുണ്ട്. വായനക്കാരുടെ മനസ്സിലാണ് കഥ പൂർത്തിയാകേണ്ടത്. എഴുതിയ ആളെ ഡ്രിബ്‌ളിങ് നടത്തി, വായനക്കാർ മുന്നേറുന്നത് സന്തോഷത്തോടെ കണ്ടു.  മലയാളഭാഷയിലെ ആദ്യകഥ കള്ളനെക്കുറിച്ചാണ്. ഇക്കഥയിലും മോഷണമാണ് വിഷയം. രണ്ടു മോഷണങ്ങളും തമ്മിലുള്ള ദൂരം നമ്മുടെ സമൂഹത്തിന്റെ മനസ്സിൽ വന്ന മാറ്റങ്ങളുടേതാണ്. ആ മാറ്റമുൾക്കൊള്ളാൻ കഥയ്ക്കു കഴിഞ്ഞു എന്നതുകൊണ്ടാകാം വായനക്കാർ അതു സ്വീകരിച്ചത്.

K Rekha
കെ. രേഖ

ചില എഴുത്തുകാരികളെങ്കിലും എഴുതിവരുമ്പോൾ പ്രതിസ്ഥാനത്ത് വരുക ആണുങ്ങളായിരിക്കും. അങ്കമാലിയിൽ വളരെ സ്‌നേഹവതി, സാധു, കാരുണ്യവതി എന്നൊക്കെ തോന്നിച്ച നായിക അവസാനത്തെ ഒറ്റവരിയിൽ പെട്ടെന്ന് വില്ലത്തി ആവുകയാണ്. ചതി, വഞ്ചന, കുറ്റകൃത്യവാസന തുടങ്ങിയ കാര്യങ്ങളിൽ സ്ത്രീ, പുരുഷൻ എന്ന വേർതിരിവുകൾക്കോ മഹത്വവൽക്കരണങ്ങൾക്കോ ഇകഴ്ത്തലുകൾക്കോ എന്തെങ്കിലും പ്രസക്തി ഉണ്ടോ?

എല്ലാ കാര്യത്തിലും മുൻവിധിയുള്ള സമൂഹമാണ് നമ്മുടേത്. കാച്ചെണ്ണ തേച്ച് മുട്ടിറങ്ങിയ മുടിയുള്ള പെൺകുട്ടി ശാലീനസൗമ്യമൂർത്തിയാണെന്നും മോഡേണായി വേഷം ധരിച്ചവൾ വലിയ പ്രശ്‌നക്കാരിയാണെന്നും ഒക്കെയുള്ള പഴഞ്ചൻ മൂല്യസങ്കല്പമുള്ളവർ. 2000 വരെയുള്ള സിനിമകളിലൊക്കെ ഇതു കാണാം. അടൂരും പത്മരാജനും സത്യൻ അന്തിക്കാടും ഒക്കെ ഈ ബ്‌ളാക്ക് ആൻഡ് വൈറ്റ് കാഴ്ചപ്പാട് മാറ്റാൻ ശ്രമിച്ചിട്ടും സമൂഹം അവിടെ പാറപോലുറച്ചു. ഒന്നുകിൽ നല്ലത് അല്ലെങ്കിൽ ചീത്ത. നല്ലവരുടെ തിന്മയും ദുഷ്ടന്മാരുടെ നന്മയും കഥയിലും സ്‌ക്രീനിലുമൊന്നും നമ്മൾ വച്ചുപൊറുപ്പിക്കില്ല. ആറാട്ടുപുഴ പൂരം കണ്ടു മടങ്ങും വഴി, പെണ്ണിന്റെ അഴകുകണ്ടു പിറകെ കൂടിയ, കരിമ്പനയുടെ മുകളിലൊരു കൊട്ടാരമാണെന്നു കരുതിയിരിക്കുന്ന  വിഡ്ഢിയായ നമ്പുതിരിയുടെ രക്തം കുടിക്കാൻ ഏതുനിമിഷവും ഒരുങ്ങിയിരിക്കുന്ന യക്ഷിയാണ് എന്റെ കഥക്കേൾവിയെ എപ്പോഴും രസം പിടിപ്പിച്ചിട്ടുള്ളത്. എന്റെ കഥയിലെ പെണ്ണുങ്ങളും ആ ട്വിസ്റ്റിങ് ടെക്‌നിക് ഉള്ളവരാണെന്നു തോന്നിയിട്ടുണ്ട്, മാറിയിരുന്ന് വായിക്കുമ്പോൾ. സൂക്ഷിച്ചുനോക്കിയാൽ മാത്രം കാണുന്ന അവരുടെ ദംഷ്ട്രകൾ വായനക്കാരാണ് കണ്ടെടുക്കേണ്ടത്. എന്നെ സ്ത്രീപക്ഷപാതിയാക്കിയത്, തിയറികളോ പുസ്തകങ്ങളോ അല്ല. തൊഴിലിടങ്ങളിലും കുടുംബങ്ങളിലും യാത്രയിലുമൊക്കെ ഞാൻ അടുത്തിടപഴകിയ സ്ത്രീകളുമല്ല.. അവരിൽ പലരും കുടിലതയുള്ളവരും കൂടെ നിന്നു ചതിക്കുന്നവരുമൊക്കെയാണ്. ചിലർ മാത്രം നന്മയുടെ വെട്ടം നീട്ടി വിളക്കുമാടങ്ങളായി എന്റെ ജീവിത കൊച്ചുവള്ളത്തെ കരയ്ക്കടുപ്പിച്ചിട്ടുണ്ട്.. അതേസമയം സമൂഹത്തിലെ പലയിടങ്ങളിലും അനീതി അനുഭവിക്കുന്ന കുറെപേരെ കണ്ടിട്ടുണ്ട്. അവരിൽ വറ്റാത്ത നന്മയും സഹനവും കണ്ടിട്ടുണ്ട്. അവരാണ് എന്നെ ഫെമിനിസ്റ്റാക്കിയത്.

സത്യസന്ധതയ്ക്ക് രാജാവിന്റെ പട്ടും വളയും വാങ്ങിയ തിരുവട്ടാർ സ്ഥാണു മാലയൻ തമ്പിയുടെ പേരക്കുട്ടിയാണ് നായിക ശ്രീജ.  സത്യസന്ധന്റെ കൊച്ചുമകളാണ് കൊടും ചതി കാട്ടുന്നത്. മുത്തച്ഛനെ പരാമർശിക്കുന്നതിലൂടെ ലക്ഷ്യമിട്ടത് കഥയ്ക്ക് ഒരു ജാതീയ വായന സൃഷ്ടിക്കുകയായിരുന്നോ? അതോ സത്യം, നീതി, ദയ തുടങ്ങിയ മാനുഷിക നന്മകളൊന്നും പാരമ്പര്യവഴിയിലൂടെയല്ല വരുന്നതെന്ന് സ്ഥാപിക്കുകയോ?

‘ഇത്തറവാടിത്തഘോഷണത്തെപ്പോലെ വൃത്തികെട്ടിട്ടില്ല, മറ്റൊന്നുമൂഴിയിൽ’  എന്ന ഇടശ്ശേരിയുടെ വരി മലയാളികളെ മുഴുവൻ മനസ്സിൽ കണ്ടുകുറിച്ചതാകണം. നമ്മുടെ തെറ്റുകളുടെ മറയാണ്, കുടുംബമഹിമ. ക്‌ളാസിലൊരു മോഷണം നടന്നാൽ ക്‌ളാസിലെ ചുളിഞ്ഞ പിഞ്ഞിത്തുടങ്ങിയ ഉടുപ്പിട്ടവളാകും അത് മോഷ്ടിച്ചതെന്ന് ടീച്ചർമാർ വിധിയെഴുതും. എന്റെ ഏഴാം വയസ്സിൽ അച്ഛൻ മരിച്ചു. എന്റെ അമ്മ അധ്യാപികയായിരുന്നെങ്കിലും അത്യാവശ്യം ഭൂമിയൊക്കെ ഉണ്ടായിരുന്നുവെങ്കിലും പെട്ടെന്ന് ഞങ്ങൾ വലിയ സാമ്പത്തികപ്രതിസന്ധിയിലായി. അച്ഛന്റെ കുടുംബത്തിൽ ഒരു കൂട്ടം കുട്ടികൾ കളിക്കുകയാണ്. അതിലെ അതിസമ്പന്നയുടെ കഴുത്തിൽ കിടന്ന കയറുപിരി മാല കാണാതായി. അന്വേഷണമായി. അപ്പോൾ കൂട്ടത്തിലെ ഒരമ്മായി പറയുകയാണ്. ‘ഇവരെയൊക്കെ നന്നായൊന്ന് നോക്ക്... ചിലപ്പോളിവരുടെ കൈയിൽ കാണുമെന്ന്.’ മുഴുവൻ കുട്ടികളോട് പറയുന്ന പോലാണ് പറയുന്നതെങ്കിലും കണ്ണ് എന്റെ നേരേയാണ്. ഞാൻ നെഞ്ചു പിളർന്നു. കരയാൻ എന്നിലെ വാശിക്കാരിക്ക് എന്നും മടിയാണ്. 

കുറച്ചുകഴിഞ്ഞപ്പോൾ കുളിമുറിയിൽ നിന്നോ മറ്റോ കുട്ടിയുടെ മാല മുതിർന്നവരാരോ കണ്ടെടുത്തു. ഞാൻ കളിനിറുത്തി വീട്ടിലേക്ക് മടങ്ങി. അച്ഛനും അമ്മയും വലിയ അഭിമാനബോധത്തോടെ, ധാർമികതയോടെ, സത്യസന്ധതയോടെ വളർത്തിയ കുട്ടിയാണ് ഞാൻ എന്ന് ഈ അമ്മായിക്ക് അറിയാത്തതല്ല.. പക്ഷേ സമൂഹം അങ്ങനെയാണ്. നിങ്ങൾ ഒന്നു വഴുതിവീണാൽ എല്ലാവരും ചവിട്ടിനിൽക്കാൻ മൽസരിക്കും. 'ഭൂമിപിളർന്ന് അഗാധതയിലേക്കു പതിച്ച അന്നത്തെ എന്റെ മനസ്സാണ്, ഞാൻ അങ്കമാലിയിലെ അരവിന്ദന് കൊടുത്തത്. ശ്രീജ ഒട്ടുമിക്ക മലയാളികളെയും പോലെ ജാതി, കുടുംബമഹിമ, പൈതൃകം എന്നതിന്റെ ടിക്കറ്റ് ഹോൾഡറായി നെഞ്ചുവിരിച്ചുനിൽക്കുന്നയാളും.

സൂക്ഷ്മാംശങ്ങളുടെ വിന്യാസത്തിലൂടെ കഥയെ കൺമുന്നിലെ സംഭവമോ സ്വന്തം  ജീവിതത്തിലേതെന്നതു പോലെ വായനക്കാരന്റെ  അനുഭവമോ ആക്കി മാറ്റാനുള്ള ഒരു സിദ്ധി രേഖയ്ക്കുണ്ട്. അങ്കമാലിയിൽ, ആ പ്രത്യേകത അതിന്റെ പീക്കിൽ നിൽക്കുന്നു. ഈ വിവരണ സിദ്ധി എങ്ങനെ ആർജിച്ചെടുത്തു?

കടലിനടുത്തുള്ള, എന്റെ അമ്മവീടിന്റെ പൂമുഖത്തിരുന്ന് അവിടത്തെ പെണ്ണുങ്ങൾ കൂടി ചുറ്റിനുമുള്ളവരുടെ വിശേഷങ്ങൾ പറയും. തീണ്ടാരി വിശേഷങ്ങൾ മുതൽ, ചടങ്ങുകൾ, ആചാരങ്ങൾ അങ്ങനെ... നാലുമണിക്ക് പപ്പടം കാച്ചി ഒരു കാപ്പി കുടിച്ചു പിരിയുന്നതുവരെ ഈ സംസാരം നീളും. പിന്നെ രാമായണം വായിക്കും. അവരുടെ നരേഷനാണ് ഡീറ്റെയ്‌ലിങ്ങിന്റെ ഒരു ഭംഗി പറഞ്ഞു തന്നത്.  രാമായണത്തിന്റെ തണുപ്പ്, പപ്പടം കൂട്ടിയുള്ള കാപ്പികുടി, കടലിനെ തൊട്ടുവരുന്ന കാറ്റിലൂടെ പറന്നെത്തിയ ജീവിതങ്ങൾ - കഥ പറച്ചിലിന്റെ രസതന്ത്രം എന്നെ അഭ്യസിപ്പിച്ചത് അവയൊക്കെയാകാം.  ഒന്നാം ക്‌ളാസിൽ പഠിച്ച കവിത മുതൽ എനിക്ക് കാണാതെ അറിയാം. വാർധക്യത്തിൽ ഡിമെൻഷ്യ (അതും പാരമ്പര്യം) വന്ന് മരിക്കുംവരെ കൊച്ചുകൊച്ചുകാര്യങ്ങൾ വരെ ഓർത്തിരിക്കുന്നവരാണ് എന്റെ മുൻതലമുറക്കാർ. കുഞ്ഞുണ്ണി മാഷിന്റെ ബാലവാടിയിലിരുന്നാണ് ഞാൻ എഡിറ്റിങ് പഠിച്ചത്. പത്തുപേജ് കഥ രണ്ടു പാരഗ്രാഫാക്കുന്ന വിദ്യ .

k-rekha
കെ. രേഖ

ഒ.ഹെൻറി കഥകൾ പോലെ അവസാനത്തെ ഒറ്റവരിയിൽ ഞെട്ടൽ ഒളിപ്പിച്ചു വച്ചവയാണ് ഇതിലെ പല കഥകളും. ആ വരിയിൽ വായനക്കാരൻ സ്തബ്ധനായിപ്പോകുന്നു. അങ്കമാലി മാത്രമല്ല സന്ദർശകരുടെ ദിവസവും ഇത്തരത്തിൽ പെട്ട ഒരു കഥയായി തോന്നി. വളരെയേറെ കയ്യടക്കമുള്ള, എഴുത്തിനെ മാസ്റ്റർ ചെയ്ത ഒരാൾക്കേ ഇങ്ങനെ കഥയെഴുതാനാകൂ. എഴുത്തുകാരി എന്ന നിലയിൽ ഈ വളർച്ചയ്ക്കു സഹായിച്ച ഘടകം എന്താവും? ഒരു സ്വയം വിലയിരുത്തൽ നടത്താമോ?

കഥ എഴുതാനിരിക്കുമ്പോൾ രണ്ട് കാര്യങ്ങളിൽ മാത്രമേ എനിക്ക് ഉറപ്പുണ്ടാകാറുള്ളൂ. കഥയുടെ തുടക്കവും അവസാനവും. ഇടയ്ക്കുള്ള യാത്ര പ്രയാസകരമാണ്. അനുഭവങ്ങളുടെ കൊച്ചുവള്ളവുമായി കഥയുടെ പുറംകടലിൽനിന്ന് അദ്ഭുതങ്ങളുടെ തീരത്തേക്ക് എത്തിച്ചേരണമെന്നു മോഹിക്കുന്നവനേ വള്ളം ആഞ്ഞുതുഴയാനാകൂ എന്ന് മടിയത്തിയായ എന്നെ ഞാനോർമിപ്പിക്കും. അങ്ങനെ തുഴഞ്ഞെത്തുന്നിടത്ത് അദ്ഭുതങ്ങളുടെ രസഖനി വേണമെന്ന് എന്നെത്തന്നെ പ്രേരിപ്പിക്കും. അതുകൊണ്ടാകാം അങ്ങു പറയുന്നതുപോലെ ക്ലൈമാക്‌സിലെ കൗതുകം ഉണ്ടാകുന്നത്.   

തറവാടുകളുടെ തകർച്ചയുടെ കഥയാണ് ഈസ്റ്റർ ലില്ലി. എംടിയുടെ നാലുകെട്ട് ഒക്കെയാണ് ഓർമ വരുന്നത്. ഭൂതകാലത്തിൽ എവിടെയെങ്കിലും ഒരു നഷ്ടബോധമായി കിടക്കുന്നുണ്ടോ സ്വന്തം തറവാട്?

ഈസ്റ്റർ ലില്ലിയിൽ കാണുന്ന തറവാട് എംടിയുടെ തറവാടല്ല. ഒരുപാട് അവകാശികളുള്ള പുതിയ കാലത്തെ തറവാടാണ്. തറവാടിത്ത മഹിമയോ എംടിയുടെ തറവാടുകളിലെ ദുരഭിമാനമോ ആ തറവാടിനില്ല.. നേരത്തേ പറഞ്ഞതുപോലെ വാസനാവികൃതിയിലെ കള്ളനിൽനിന്ന് അങ്കമാലിയിലെ കള്ളനിലേക്കുള്ള ദൂരം ഈ തറവാടുകളിലുമുണ്ട്. വിദേശത്തൊക്കെ ഏറെക്കാലം ജീവിച്ചുമടങ്ങിയവരാണ് അവരിൽ പലരും. കുടുംബത്തിലെ പേട് എന്നു കരുതുന്നയാൾ മാത്രം ആ വീടിന് കാവലാളാകുന്നു. 

ഒരുമിച്ച് മരിക്കാൻ തീരുമാനിച്ച കാമുകീകാമുകന്മാരിൽ, വാക്ക് പാലിക്കാതെ ജീവിതത്തിലേക്ക് മടങ്ങിവന്ന കാമുകൻ മറ്റൊരു വിവാഹം കഴിച്ച് അതിലുണ്ടായ മകളുടെ കാൻസർ ചികിൽസയ്ക്കു പണം കണ്ടെത്താൻ വേണ്ടി തറവാട് വിൽക്കാൻ മറ്റ് അവകാശികളെ പ്രേരിപ്പിക്കുകയാണ്. അവർ അയാൾ ചെയ്ത മഹാപാപത്തെ ഓർമിപ്പിക്കുന്നു. അയാൾ കാരണം ആത്മഹത്യ ചെയ്ത പെൺകുട്ടിയെയും. തറവാട്ടിലെ ഉരുളിക്കു വേണ്ടി അമേരിക്കയിൽ കിടന്നു പിടയുന്ന ഒരവകാശിയെയും ഇവിടെ കാണാം. ഒരു അതിസമ്പന്നൻ, തന്റെ കുടുംബവിഹിതമായുള്ള 50000 രൂപ കൈപ്പറ്റാൻ ചാർട്ടേഡ് വിമാനത്തിൽ നാട്ടിലെത്തിയ കഥയാണ് ആ കഥാപാത്രത്തിനു പ്രേരണ.

അധോലോകം വളരെ വിചിത്രമായ ഒരു കഥയാണ്. അടിമുടി ഒരു ദുരൂഹത ആ കഥയിലുണ്ട്. ആ ദുരൂഹത തന്നെയാണ് ആ കഥയുടെ സൗന്ദര്യവും. കഥയെ തീവ്രമായി അനുഭവിപ്പിക്കാനുള്ള ഒരു ആയുധമാണോ ദുരൂഹത ?

അധോലോകത്തിലെ നായകൻ എന്റെ സഹപാഠിയാണ് പാമ്പുകടിയേറ്റ് തളർന്ന അമ്മയെ നാലഞ്ചുകൊല്ലം നോക്കിയ ബാബു അമ്മ മരിച്ച ശേഷം, ഒരു ദിവസം ഞങ്ങളുടെ ക്‌ളാസിൽ നിന്ന് ഇറങ്ങിപ്പോകുന്നു. നാലാം ക്‌ളാസിൽ വച്ച്. പിന്നെ അവനെ ആരും കണ്ടിട്ടില്ല. ഇറങ്ങിപ്പോയവന്റെ ലോകം ഇരുളു നിറഞ്ഞതാണ്. ആ ഇരുളാണ് കഥയെ  ഭരിക്കുന്നത്. ഇരുളാ വിഴുങ്ങ് എന്നു കരുതുന്നവരാണ് കഥാപാത്രങ്ങളെല്ലാം. ജീവിച്ചുപരാജയപ്പെട്ടവർ.

വില്ലുവണ്ടി എന്നത് ഒരു രൂപകമാണ്. പ്രത്യക്ഷമായി രാഷ്ട്രീയ കഥ എന്നു തോന്നും. പക്ഷേ, വായിച്ചു ചെല്ലുമ്പോൾ രാഷ്ട്രീയത്തിനപ്പുറമുള്ള ചില നിസ്സഹായതകളിലാണ് ചെന്നു ചേരുന്നത്.  രാഷ്ട്രീയം പറയാൻ കഥയെഴുതുന്ന രീതിയോട് യോജിക്കുന്നുണ്ടോ?

എല്ലാ കഥകൾക്കും എല്ലാ മനുഷ്യർക്കും ഒരു രാഷ്ട്രീയമുണ്ട്. മനുഷ്യരുടെ വലുതാകലുകളെക്കുറിച്ച് പൊതുസമൂഹത്തിന് ഒരു കാഴ്ചപ്പാടുണ്ട്. മൂന്നുനില തറവാടിന്റെ പൊക്കത്തിനൊപ്പം നെല്ലുള്ളതുകൊണ്ട്  വിവാഹബന്ധം ഉറപ്പിക്കുന്ന ഒരു പഴയ കാലം നമുക്കുണ്ടായിരുന്നു. ഇപ്പോളത് മാറി. വാഹനങ്ങളായി, മാനദണ്ഡം. അതിബുദ്ധിയുള്ള  മാനേജ്‌മെന്റ്  വിദ്യാർഥികൾ  ലോകം കീഴടക്കി മടങ്ങിവരുമ്പോൾ അവരുടെ മനസ്സ് എത്രകണ്ട് ചുരുങ്ങുന്നു. കാറും മറ്റ് ആഡംബരങ്ങളും അവരുടെ സന്തോഷമായി മാറുന്നു എന്നതാണ് ആ കഥയുടെ വേര്. അഥവാ കഥയുടെ ആദ്യത്തെ ആലോചനയിൽ മനസ്സിലുണ്ടായിരുന്നത്. പക്ഷേ ജാതീയമായ വേർതിരിവ് കാലമേറെയായിട്ടും കോളജുകളിലും യൂണിവേഴ്‌സിറ്റികളിലും തിരികെ വരുന്നു. ഉമ എന്ന കഥാപാത്രം, രാഷ്ട്രീയമായി ഒരു കഥ എഴുതണമെന്നു കരുതി ഞാൻ ബോധപൂർവം ഉണ്ടാക്കിയതല്ല. എന്നെക്കൊണ്ട് അതു സാധിക്കുകയുമില്ല. കഥയുടെ തെളിനിരീൽ ഞാൻ ചായം കലർത്തില്ല. ഉമ ജീവനോടെയുള്ള ഒരാളാണ്. എന്റെ സഹപാഠി. ഉമയെന്ന പേര് പോലും അവളുടെ പേരിനെ തൊട്ടുരുമ്മി നിൽക്കുന്നു.

കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ ഒട്ടേറെ അവാർഡുകൾ ലഭിച്ച എഴുത്തുകാരിയാണ്. വേണ്ടത്ര അംഗീകരിക്കപ്പെട്ടിട്ടില്ല എന്ന് പറയാനാവില്ല. പക്ഷേ, രേഖ വേണ്ടുംവിധം വായിക്കപ്പെട്ടിട്ടില്ല എന്ന് തോന്നിയിട്ടുണ്ട്. എഴുത്തുകാരിക്ക്  അങ്ങനെ തോന്നിയിട്ടുണ്ടോ?

സത്യത്തിൽ ലാഭം പ്രതീക്ഷിച്ച് ഇവിടെ കച്ചവടത്തിനിറങ്ങിയ ഒരു കച്ചവടക്കാരിയല്ല, ഞാൻ. ഈയിടെയാണ് എന്റെ കഥകളെക്കുറിച്ചൊക്കെ ഞാൻ സമൂഹ മാധ്യമങ്ങളിൽ പറയാൻ തുടങ്ങിയതുതന്നെ. അതും പലരോടും ഒരു ആത്മബന്ധം ഉണ്ടായശേഷം. ഒരിക്കൽ ഒരു ട്രെയിൻ യാത്രയിൽ ഒരു സഹയാത്രിക എന്റെ കഥ എന്നോടു തന്നെ പറഞ്ഞുതന്നു. എന്നിട്ടും എന്നെ തിരിച്ചറിഞ്ഞില്ല. എന്റെ കഥയാണത് എന്നും മനസ്സിലാക്കിയില്ല. എന്റെ നിസ്സംഗത, അലസത, ബന്ധങ്ങളിൽ പുലർത്തുന്ന സൂക്ഷ്മതക്കുറവ്, ഒക്കെ കഥയുടെ പ്രചാരത്തിനു തടസ്സമാകുന്നുണ്ടാകാം. ഞാൻ കഥയെ നെറ്റിപ്പട്ടം കെട്ടിച്ച് മേളമുണ്ടാക്കുന്നില്ല, കേളികൊട്ട് നടത്തുന്നില്ല, എന്നൊക്കെ പറയുന്ന,  അതിന്റെ പേരിൽ എന്നെ ഇഷ്ടപ്പെടുന്ന ഒന്നോ രണ്ടോ വായനക്കാരാണ്, കൊട്ടിഘോഷിക്കലിലൂടെ ലഭിക്കുന്ന വായനക്കൂട്ടത്തേക്കാൾ എന്നെ സന്തോഷിപ്പിക്കുക. വായനക്കാരുടെ എണ്ണത്തിലൊന്നും ഉലയുന്നൊരു മനസ്സ് എനിക്കില്ലെന്നത് സത്യമാണ്. എന്റെ അഭിമാനബോധം അതിലും ഉയരത്തിലാണ്. പെരുമ്പാമ്പ്, മാനംനോക്കി സഞ്ചാരം, മഞ്ഞുകുട്ടികൾ, ഏകാന്തതയെക്കുറിച്ച് ഒരു കഥ കൂടി, നാൽക്കാലി, ഗുഹാസഞ്ചാരി തുടങ്ങിയ കഥകൾ എനിക്കു തന്നെ നല്ല ഇഷ്ടമുള്ള കഥകളാണെങ്കിലും എന്റെ പങ്കാളിയോടോ കൂട്ടുകാരോടോ മക്കളോടോ പോലും അതു വായിക്കാൻ ഞാൻ പറയാറില്ല.

sugathakumari-k-rekha
സുഗതകുമാരിക്കൊപ്പം കെ. രേഖ

കുറച്ചു കഥകൾ എഴുതിയാൽ പിന്നെയൊരു നോവൽ എന്നതാണ് മലയാളത്തിലെ പൊതു രീതി. ടി.പത്മനാഭൻ ആണ് ഈ പൊതുരീതി സ്വീകരിക്കാത്ത പ്രമുഖൻ. രേഖയും ആ വഴിക്കാണ് സഞ്ചാരം എന്നു തോന്നുന്നു. ഏഴു കഥാസമാഹാരം, അനുഭവക്കുറിപ്പുകളുടെ രണ്ടു പുസ്തകം, ഒരു ബാലസാഹിത്യ കൃതി ഒക്കെ എഴുതി. പക്ഷേ, ഇപ്പോഴും നോവലിനോടു മുഖം തിരിക്കുന്നു. എന്താ നോവലിനോടൊരു അകൽച്ച ? 

നോവലെഴുതാൻ മോഹമില്ലാത്തതുകൊണ്ടല്ല. വിഷയങ്ങളും അതിനുവേണ്ട മാനസികമായ ഒരുക്കങ്ങളും വിവരസംഭരണവുമൊക്കെ കഴിഞ്ഞു. പക്ഷേ ശരീരത്തിന് എഴുത്തുമേശയിലേക്ക് എത്തിപ്പെടാനായില്ല എന്നതാണ് സത്യം. അന്തർജനം അറുപത്തഞ്ചാം വയസ്സിലാണ് അഗ്‌നിസാക്ഷി എഴുതുന്നത്. രാജലക്ഷ്മി ഏതാനും കൊല്ലം മാത്രമാണ് എഴുത്തിനു വേണ്ടി നീക്കിവച്ചത്. എന്നിട്ടും ഇഷ്ടംപോലെ സൃഷ്ടികൾ നടത്തി. പി.വൽസല ടീച്ചർ ഏറ്റവും സർഗാത്മകമായി ഒട്ടേറെ രചനകൾ നടത്തുന്നത് കുടുംബത്തിന്റെയും തൊഴിലിന്റെയും കെട്ടുപാടുകളിൽ നിന്നുകൊണ്ടാണ്. പ്രായത്തിനോ കാലത്തിനോ തൊഴിലിനോ കുടുംബത്തിനോ നമ്മുടെ എഴുത്തിന്റെ ഒഴുക്കിനെ തടയാനാകില്ലെന്ന് ഞാൻ ഇക്കഥകളൊക്കെ പറഞ്ഞ് എന്നെ ആശ്വസിപ്പിക്കും.

കവിതയെഴുതിയാണ് തുടങ്ങിയത്. ടി.വി. കൊച്ചുബാവ നിരുൽസാഹപ്പെടുത്തിയിരുന്നില്ലെങ്കിൽ ഇന്നും കവിത എഴുതിക്കൊണ്ടിരുന്നേനേ. കൊച്ചുബാവ ഊതിക്കെടുത്തിയ കാവ്യ വിളക്ക് എന്നു വിളിക്കപ്പെടാനാണോ അതോ കൊച്ചുബാവ ജ്വലിപ്പിച്ച കഥാ വെളിച്ചം എന്നു വിളിക്കപ്പെടാനാണോ ഇഷ്ടം?

കവിത ഇപ്പോഴും എഴുതാറുണ്ട്. പുറംലോകം കാണാനുള്ള ആത്മവിശ്വാസമില്ലാത്തതുകൊണ്ട് അകത്തമ്മമാരായി കഴിയുന്നു എന്നേയുള്ളൂ. എഴുത്ത് എനിക്ക് പ്രാർഥന പോലെ വിശുദ്ധമായ ഒരു പ്രക്രിയയാണ്. പല കാര്യങ്ങളിലും ഞാൻ ഉഴപ്പത്തിയാണ്.വ്യക്തിബന്ധങ്ങളിൽ, കുടുംബത്തിൽ, അടുക്കളയിൽ, എന്തിന് എഴുതാൻ ഇരിക്കുന്നതുവരെ ഞാൻ ഉഴപ്പത്തിയാണ്. പക്ഷേ എഴുത്തുതുടങ്ങിയാൽ അങ്ങേയറ്റം ആത്മാർഥമായാണ് ഞാനത് പൂർത്തിയാക്കാറ്. അതിന്റെ ഓരോ വാക്കിലും വളവിലും സത്യസന്ധത പുലർത്താറുണ്ട്.. ആ എന്നെ എനിക്ക് വലിയ ഇഷ്ടമാണ്. കഥയിൽ മാത്രമേ മേല്പറഞ്ഞ ചിട്ടയും മര്യാദയും ഞാൻ പുലർത്തുന്നുള്ളൂ. കവിതയിലില്ല. കവിത എനിക്ക് കാണാതെ പഠിക്കാനാണിഷ്ടം. നഷ്ടകാമുകിയാണ് കവിത. ഇഷ്ടജീവിതസഖിയാണ് കഥ.

ബാലസാഹിത്യ കൃതിക്ക് കിട്ടിയ പ്രതികരണം ? ഇനിയും കുട്ടികൾക്കു വേണ്ടി എഴുതുമോ?

ബാലസാഹിത്യം സൂക്ഷിച്ചുചെയ്യേണ്ട ഒരു പ്രക്രിയയാണ്. അതിനു കൃത്യമായ നിയമാവലിയുണ്ട്. നിയതമായ പാളത്തിലൂടെ കൃത്യമായി പോകേണ്ട ട്രെയിൻയാത്രയാണ്. കുട്ടികൾക്കുള്ള രചനയായതുകൊണ്ട് സൂക്ഷിച്ചെഴുതണം. എനിക്ക്, മലനിരകളിലൂടെയും ചെങ്കുത്തായ കുന്നുകളിലൂടെയുമുള്ള, കഥയെഴുത്തിന്റെ, തട്ടുപൊളിപ്പൻ സാഹസിക ജീപ്പ് യാത്രയാണിഷ്ടം. കെ.ശ്രീകുമാർ എന്ന സുഹൃത്തിനോടുള്ള സ്‌നേഹം കൊണ്ട് അങ്ങനെയൊരു സാഹസം ചെയ്തു. അതുവായിച്ച് കോഴിക്കോടു നിന്ന് ഒരു കൊച്ചുപെൺകുട്ടി വിളിച്ചു. ആദ്യമായി ഒരു വായനക്കാരിക്ക് ഞാൻ ഫോണിൽ ഉമ്മ കൊടുത്തു. ഉള്ളിൽ നിറയെ വാൽസല്യം നിറഞ്ഞു. ആ അനുഭവം കഥയിലില്ല.

പത്രപ്രവർത്തനം, അധ്യാപനം - രണ്ട് അനുഭവങ്ങളുമുണ്ട്. എഴുത്തിനെ സഹായിക്കുന്നത് ഏത് തൊഴിലാണ്? തൊഴിലിന്നൊന്നും പോകാതെ എഴുതുന്നതിന്റെ സാധ്യത ചിന്തിച്ചിട്ടുണ്ടോ?

കഥയെഴുത്തിനെ സഹായിക്കുമെന്നും, കഥയുടെ ലോകം വിശാലമാകുമെന്നും കരുതിയാണ് പത്രപ്രവർത്തകയാകുന്നത്. ആ തൊഴിലിന്റെ ഒരു രസം മറ്റൊരു തൊഴിലിനുമില്ല. അവിടെ ഒന്നും പിറ്റേന്നത്തേക്ക് മാറ്റിവയ്ക്കാനേ പറ്റില്ല. പക്ഷേ എഴുത്തിനു വേണ്ട അനുഭവം ആർജിക്കാമെന്നായിരുന്നല്ലോ അതിമോഹം. ബാങ്കിലെ കാഷ്യർ ഒരിക്കലും കോടീശ്വരനാകാത്തതുപോലെ, അനുഭവങ്ങൾ കൈയിലൂടെ ഒഴുകിപ്പോയിട്ടും അതൊന്ന് കോരിയെടുക്കാനുള്ള സാവകാശം അക്കാലജീവിതത്തിലുണ്ടായില്ല. കോളജ് അധ്യാപനവും മറിച്ചല്ല. അവധിക്കാലം പോലുമില്ലാത്ത വിധം കെട്ടുപാടുകൾ നിറയുന്നു. ഓൺലൈൻ ക്‌ളാസ് അത്ര എളുപ്പപ്പണിയല്ല. നല്ല അധ്വാനം വേണം. 

എഴുത്തുകാരിയുടെ കുടുംബ ജീവിതം വായനക്കാർക്ക് എന്നും  ജിജ്ഞാസയുളള കാര്യമാണ്. കുടുംബത്തിന്റെ ഉത്തരവാദിത്തം കഴിഞ്ഞ് ഇവർ എപ്പോഴാണെഴുതുക? ഇപ്പോൾ എഴുത്തുകാരായി സ്ത്രീകൾ ഒരുപാടു പേരുള്ളതിനാൽ പഴയ കാലത്തെപ്പോലെ ആരും അത്രയധികം  അതെക്കുറിച്ച് ചിന്തിക്കുന്നുണ്ടാവില്ല. എങ്കിലും ഒരു സംശയം ബാക്കി നിൽക്കുന്നു. എഴുത്തിന് കരുത്താണോ കുടുംബ ജീവിതം? 

മലയാളമനോരമ പോലുള്ള ഒരു സ്ഥാപനത്തിൽ പത്രപ്രവർത്തനപരിശീലനം നേടുമ്പോൾ നല്ല കൈവേഗമുണ്ടാകുമെന്ന് ഞാൻ പറയാതെ തന്നെ അറിയാമല്ലോ.. മൾട്ടി ടാസ്‌കിങ് അക്കാലജീവിതം തന്നിട്ടുണ്ട്. അന്തർജനം അഗ്‌നിസാക്ഷിയുടെ അവസാനം പറയുന്നുണ്ടല്ലോ- സ്ത്രീകൾക്ക് നോവൽ പോലെ ഒരു സാഹിത്യരൂപം കൈകാര്യം ചെയ്യാനുള്ള സമയമോ സാവകാശമോ ലഭിക്കാതെ പോകുന്നെന്ന്. പുതിയ കാലത്തെ ടെക്‌നോളജി കുറെയേറെ പ്രശ്‌നങ്ങൾക്കു പരിഹാരമാണ്. സംശയങ്ങൾ നിവാരണം ചെയ്യാൻ, ഇത്തിരി സമയം കിട്ടുമ്പോൾ കീബോർഡിന്റെ പൾസിലേക്ക് അത് ആവാഹിക്കാൻ ഒക്കെ കഴിയുന്നു. എന്റെ ലോകത്തുനിന്ന് മാറിനിൽക്കാനുള്ള ജനാധിപത്യബോധമുണ്ട് എന്റെ കുടുംബത്തിന്. എഴുത്തുകാരിയായ അമ്മയെ എന്റെ കുട്ടികൾക്ക് ഇഷ്ടമാണ്. അക്കഥയിലെ അശാന്തിപർവങ്ങൾ ചൂഴ്ന്നുനോക്കുന്ന ഷെർലക്കുമാരാകാൻ അവർ ശ്രമിക്കാറില്ല.

ഒരു കാര്യം ഉറപ്പാണ്. ജോലി, കുടുംബം ,മറ്റ് പല തരം തിരക്കുകൾ ... അതിനിടയിലും ഞെക്കിപ്പിഴിഞ്ഞ് സമയമുണ്ടാക്കിയാണ്  എഴുതുന്നത്. എഴുത്തുകാരിയാവേണ്ടിയിരുന്നില്ല എന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?

എപ്പോഴും തോന്നാറുണ്ട്. എഴുത്തില്ലായിരുന്നുവെങ്കിൽ, എന്റെ ജീവിതം കുറേക്കൂടി സമാധാനമുള്ളതാകുമായിരുന്നു. മറ്റു പല സൗകര്യങ്ങളും ഉള്ളതാകുമായിരുന്നു. പക്ഷേ, എഴുത്തിന്റെ പരമാനന്ദം അറിഞ്ഞ ആരെങ്കിലും ആ പാലമരത്തിൽനിന്നു താഴെ ഇറങ്ങുമോ.... തനിക്കു ചുറ്റുമുള്ള കിടങ്ങുകളും അപകടങ്ങളുടെ അഗാധതയും കാണാതെ.... അവിടെ അങ്ങനെ ഇരിക്കും..

രേഖ, എസ്. സിതാര, ലേബി സജീന്ദ്രൻ – ഫെയ്‌സ് ബുക്കിൽ ഏറെ പോപ്പുലർ ആയ കൂട്ടുകെട്ടാണ്. ചെറുപ്പം മുതൽ നോക്കിയാൽ, കുടുംബമാണോ  കൂട്ടുകാരാണോ എഴുത്തിനെ കൂടുതൽ തുണയ്ക്കുന്നത്.

കൊച്ചി പ്രസ് അക്കാദമിയിലെ ജേണലിസം ക്‌ളാസിന്റെ പ്രത്യേകത, മഞ്ചേശ്വരം മുതൽ പാറശ്ശാല വരെയുള്ള, ഒരേ സെൻസിബിലിറ്റിയുള്ള പല രാഷ്ട്രീയ കാഴ്ചപ്പാടുകളുമുള്ള 50 പേരുടെ ഒത്തുചേരലാണെന്നതാണ്. തർക്കങ്ങളും ഡിബേറ്റുകളും ഒരേ താല്പര്യങ്ങളും കൂടുതലടുപ്പിച്ചു. സിതാരയും ഞാനും ഒരിക്കലും കഥയെക്കുറിച്ചോ എഴുത്തുകാരെക്കുറിച്ചോ പറയാറില്ല. ഉത്തരമലബാറിലെ തെയ്യം ഞങ്ങൾ മൂവരും കൂടിയത് മറ്റൊരു സുഹൃത്തായ രൂപേഷിന്റെ വീട്ടിൽ വച്ചാണ്. കുമരകം കായലിലും ഫോർട്ട് കൊച്ചിയിലും എല്ലാമായി, വർഷത്തിലൊരിക്കലെങ്കിലും ഞങ്ങൾ കൂടും. അടുത്ത ഒരു വർഷത്തെ ജീവിതത്തിനുള്ള ഇന്ധനം നിറയ്ക്കും. ജീവിതത്തെ സർഗാത്മകമാക്കുന്നത് ഇത്തരം സൗഹൃദങ്ങളാണ്. ഒന്നിച്ചുള്ള ഞങ്ങളുടെ യാത്രകൾ ഈ പ്രായത്തിലും സാഹസികമാണ്. രാത്രികളെന്നോ പകലെന്നോ ഭേദമില്ലാതെ.. ഭയാശങ്കകളില്ലാതെ.... വർഷത്തിൽ നാലോ അഞ്ചോ ദിവസം മാത്രം... അതു കഴിഞ്ഞാൽ ഭയങ്ങളും അസ്വസ്ഥതകളുമുള്ള ലോകത്തേക്ക് ഞങ്ങൾ മടങ്ങും. അവിടെ സാഹസികതയുടെ മലനിരകളില്ല. .കരിഞ്ഞ താഴ്‌വരകളും മരുഭൂമികളും മാത്രം.

English Summary: Pusthakakkazhcha column by Ravivarma Thampuran on K.Rekha

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA
;