ADVERTISEMENT

ഡോക്ടറും സാഹിത്യവും എന്നു വിചാരിക്കുമ്പോൾ നമ്മുടെ മനസ്സിൽ വേഗം തെളിയുന്നതു പുനത്തിൽ കുഞ്ഞബ്ദുല്ലയുടെ മുഖമാണ്. മരുന്ന് എന്ന പേരിൽ അദ്ദേഹം നോവലെഴുതിയിട്ടുണ്ട്. വൈദ്യനും എഴുത്തുകാരനും മനുഷ്യനെ ശുശ്രൂഷിക്കുന്നു. സുഖപ്പെടുത്തുന്നു. രണ്ടുതരം ഔഷധമാർഗങ്ങളാണത്. വൈദ്യൻ എഴുത്തുകാരനാകുമ്പോഴും രോഗങ്ങൾ സാഹിത്യപ്രമേയമാകുമ്പോഴും സംഭവിക്കുന്ന സവിശേഷമായ മറ്റു ചില അനുഭവങ്ങളും കൂടി പറയാം.

 

The Emigrants എന്ന നോവലിൽ  ഡബ്ള്യൂ. ജി. സെബാൾഡ് അംബ്രോസ് അദർവാർത്ത് എന്ന തന്റെ ബന്ധു, വൈദ്യശാസ്ത്രപഠനത്തിനുള്ള ഉപകരണമാകാൻ തന്നെ സ്വയം വിട്ടുകൊടുത്തതിന്റെ കഥ പറയുന്നു. മാനസികാരോഗ്യ ചികിത്സയിൽ, രോഗികൾക്കു ഷോക്ക് ഏല്‌പിക്കുന്ന സമ്പ്രദായത്തിന്റെ തുടക്കക്കാലത്ത്, 1950 കളിൽ, തനിക്ക് ഷോക് ചികിത്സ നൽകാൻ ആവശ്യപ്പെട്ടാണ് ആ മനുഷ്യൻ ഒരു ഭ്രാന്താശുപത്രിയിൽ പോയി താമസിക്കുന്നത്. വർഷങ്ങൾക്കുശേഷം, ആ ആശുപത്രി തേടി സെബാൾഡ് പോകുന്നു. മരങ്ങൾക്കു നടുവിൽ വിജനമായ ഒരിടത്ത് ആ തകർന്നടിയുന്ന ആ കെട്ടിടം കണ്ടെത്തുന്നു. ഷോക് തെറപി സംബന്ധിച്ച നീണ്ട വിവരണങ്ങളാണ് ഈ കഥാഭാഗത്തു സെബാൾഡ് നൽകുന്നത്. മറ്റു രോഗികളെ വലിച്ചിഴച്ചാണു ഷോക് നൽകുന്ന മുറിയിലേക്കു കൊണ്ടുപോയിരുന്നത്. അംബ്രോസ് തന്റെ ഊഴം കാത്ത് ഭിത്തിയിൽ ചാരി കണ്ണുകളടച്ചു ക്ഷമയോടെ കാത്തിരുന്നു. അതൊരു രക്തസാക്ഷിത്വം പോലെയായിരുന്നു.

arogyanikethanam-book

 

വൈദ്യശാസ്ത്രത്തെ സാഹിത്യവുമായി ബന്ധിപ്പിക്കുന്ന രണ്ടു കൃതികൾ ഡോ. കെ. രാജശേഖരൻ നായർ എഴുതിയിട്ടുണ്ട്: രോഗങ്ങളും സർഗാത്മകതയും, വൈദ്യവും സമൂഹവും.  ഈ രണ്ടു കൃതികളിലും എഴുത്തുകാരൻ തന്റെ വൈദ്യശാസ്ത്രരംഗത്തെ അറിവും പരിചയവും സാഹിത്യാനുഭവവുമായി ബന്ധിപ്പിക്കുകയാണു ചെയ്യുന്നത്. വൈദ്യത്തിൽ സാഹിത്യവുമാകാമെന്നതു മിക്ക ഡോക്ടർമാർക്കും അറിയില്ലെന്നും ഏതെങ്കിലും ഡോക്ടർ മെഡിക്കൽ ലിറ്ററേച്ചർ അല്ലാതെ മറ്റെന്തെങ്കിലും വായിക്കുന്നുണ്ടോയെന്നു സംശയമാണെന്നും അദ്ദേഹം എഴുതുന്നു. സാഹിത്യഭാവനയെ പൗരാണിക കാലം മുതൽ ശാസ്ത്രവുമായി ബന്ധിപ്പിക്കുന്ന ഗഹനവും രസകരവുമായ ഒട്ടേറെ കഥകളാണ് ഈ ലേഖനങ്ങളിൽ പരാമർശിക്കുന്നത്. രോഗങ്ങൾ ഭാവനയെ ഉദ്ദീപിക്കുകയും ജ്വലിപ്പിക്കുകയും ചെയ്യുന്നതിന്റെ വിശ്വസാഹിത്യത്തിലെ സന്ദർഭങ്ങളും വിവരിക്കുന്നു. സാഹിത്യത്തിനൊപ്പം വൈദ്യശാസ്ത്ര അവബോധവും കൂടി ഈ രചനകൾ പകരുന്നു. 

 

അറുപതുകളിൽ മെഡിക്കൽ വിദ്യാർഥിയായിരുന്ന കാലം മുതൽക്ക് തന്നെ സ്വാധീനിച്ച പുസ്തകങ്ങളുടെ കൂട്ടത്തിൽ താരാശങ്കർ ബന്ദോപാദ്ധ്യായയുടെ ‘ആരോഗ്യനികേതന’വും അലക്സാണ്ടർ ഷോൾസെനിറ്റ്സനിന്റെ ‘കാൻസർ വാർഡും’ പരാമർശിക്കുന്നു.  ആരോഗ്യനികേതനത്തിലെ ജീവൻ മശായി ആയിരുന്നു എക്കാലത്തും തന്റെ കാൽപനിക ഗുരു, ജീവൻ മശായിയുടെ ജീവിതവീക്ഷണം അത്യസാധാരണമാണ്, അതു മനസ്സിലാക്കണമെങ്കിൽ ഒരുപാടു നാൾ വൈദ്യം പഠിക്കേണ്ടതായും വരുമെന്നും ഗ്രന്ഥകാരൻ ഓർമിപ്പിക്കുന്നു: ‘മൃത്യുദേവതയെ രോഗങ്ങൾ കൈപിടിച്ച് ഓരോ സ്ഥലത്തു കൊണ്ടുപോകുന്നു. കാലം യോജിച്ചതാണെങ്കിൽ അവൾ ഗ്രഹണ കർമം ചെയ്യും. അതിന് എത്ര നിമിഷം, എത്ര ദിവസം, എത്ര ആഴ്ച, എത്ര പക്ഷം, എത്ര മാസം വേണമെന്നു ജീവൻ മശായിക്കു നാഡീപരിശോധന കൊണ്ടു പറയാൻ ആകുമായിരുന്നു.’ – രാജശേഖരൻ നായർ എഴുതുന്നു. ജീവൻ മശായിയെ തേടി എന്ന ലേഖനം (വൈദ്യവും സമൂഹവും) ആ കഥാപാത്രം എത്ര ആഴത്തിലാണു ഗ്രന്ഥകാരനെ സ്വാധീച്ചിട്ടുള്ളതെന്നു വ്യക്തമാക്കുന്നു. 1985–86 ൽ കൊൽക്കത്തയിൽ പോയപ്പോൾ താരാശങ്കർ ബന്ദോപാദ്ധ്യായയുടെ ജന്മവീടു സന്ദർശിക്കാൻ ആഗ്രഹമുണ്ടായി. ലഭ്പുരിലേക്ക് ഒരു അംബാസഡർ കാറിൽ പോയെങ്കിലും ആ ഉൾനാടൻ പ്രദേശത്ത് എത്തിയപ്പോഴേക്കും വഴി തെറ്റി. നേരം വൈകി. നോവലിസ്റ്റിന്റെ വീട് എന്നു പറഞ്ഞിടത്ത് ഇടിഞ്ഞുപൊളിഞ്ഞ ഒരു കാളിക്ഷേത്രവും കൽത്തറയും മാത്രമാണ് അന്തിവെളിച്ചത്തിൽ കണ്ടത്.

anton-chekhov-profile
ചെക്കോവ്

പിറ്റേന്നു കൊൽക്കത്തയിലെ ഒരു രാത്രി വിരുന്നിൽ, ബംഗാളിയായ ഒരു ഡോക്ടർ സുഹൃത്ത് പറ​ഞ്ഞു: ബംഗാളികൾക്കു ടഗോർ കഴിഞ്ഞാൽ വലിയ എഴുത്തുകാരൻ ബിഭൂതിഭൂഷൻ ബന്ദോപാദ്ധ്യായ ആണ്. ചിലർ മണിക് ബാനർജിയുടെ പേരു പറയും. താരാശങ്കറിന്റെ ആരോഗ്യനികേതനത്തിനു മലയാളികൾ നൽകുന്ന മഹാ ആദരം ബംഗാളി നിരൂപകർ പൊതുവേ കൊടുക്കാറില്ല; സാഹിത്യ അക്കാദമി പുരസ്കാരവും രബീന്ദ്ര പുരസ്കാരവുമൊക്കെ നേടിയ നോവലാണെങ്കിലും. (1961 ൽ നിലീന ഏബ്രഹാം ആണ് നോവൽ മലയാളത്തിലേക്കു പരിഭാഷ ചെയ്തത്. നോവലിന്റെ ഇംഗ്ലിഷ് പരിഭാഷയെക്കാൾ തനിക്ക് ഇഷ്ടമായതു നിലീനയുടെ പരിഭാഷയാണെന്നും ഡോ. രാജശേഖരൻനായർ പറയുന്നു).

 

ജീവൻ മശായി തനിക്ക് ആദ്യ ഹൃദയാഘാതം വരുമ്പോൾ, നെഞ്ചു പൊളിയുന്ന കഠിനമായ വേദനയിൽ ‘പരമാനന്ദ മാധവാ!’ എന്നു വിളിച്ച് നിലവിളിച്ചുപോകുന്നു. ഭാഗ്യത്തിന് ആ മരണവേദന നീങ്ങിയെങ്കിലും മൃത്യു തൽക്കാലം ഒന്നു പിൻവാങ്ങിയതു മാത്രമാണ് അതെന്നു മശായി അറിയുന്നു. 

സാഹിത്യലോകത്തിലെ ഏറ്റവും ദാർശനികനായ വൈദ്യനായാണു ജീവൻ മശായി വായനക്കാരുടെ മനസ്സിനെ കീഴടക്കുന്നത്. വൈദ്യൻ തനിക്കുള്ള മനുഷ്യഭാവത്തെ പൂർണമായി ലോകത്തിനു സമർപ്പിക്കുന്നതിന്റെ അനുഭവമാണു മഹാനായ റഷ്യൻ കഥാകാരൻ ആന്റൺ ചെക്കോവിന്റേത്.  ചെക്കോവ് സ്കൂൾ വിദ്യാർഥിയായിരിക്കെ ഒരിക്കൽ കടൽത്തീരത്തു നീന്താനിറങ്ങിയപ്പോൾ പാറക്കെട്ടിൽ തലയിടിച്ചു വലിയ മുറിവുണ്ടായി. ആ മുറിപ്പാട് ചെക്കോവിന്റെ മുഖത്ത് എന്നുമുണ്ടായിരുന്നു. അന്ന് ചെക്കോവിനെ ചികിത്സിച്ചത് ഒരു ജർമൻ ഡോക്ടറായിരുന്നു. പതിനഞ്ചാം വയസ്സിൽ ആ ഡോക്ടറുമായുണ്ടായ സൗഹൃദമാണു  വൈദ്യശാസ്ത്ര വിദ്യാർഥിയാകാൻ ചെക്കോവിനെ പ്രേരിപ്പിച്ചത്. എന്നാൽ ക്ഷയരോഗം ചെക്കോവിനെ ജീവിതകാലമത്രയും അലട്ടി. നാൽപത്തിനാലാം വയസ്സിൽ ജർമനിയിലെ ബേഡൻവെയ്‌ലറിലെ ഒരു ഹോട്ടൽ മുറിയിലാണു ചെക്കോവ് മരിച്ചത്. ഒരാഴ്ചയ്ക്കുശേഷം ട്രെയിനിൽ മോസ്കോയിൽ മൃതദേഹം എത്തുമ്പോൾ ആയിരങ്ങൾ പ്രിയ എഴുത്തുകാരനെ കാത്തുനിന്നു. എന്നാൽ അതേ ട്രെയിനിൽ വന്ന മറ്റൊരു മൃതദേഹ പേടകം ചെക്കോവിന്റേതാണെന്നു തെറ്റിദ്ധരിച്ച് കാത്തുനിന്നവരെല്ലാം അതിനു പിന്നാലെയാണു പോയത്. അത് ഒരു റഷ്യൻ ജനറലിന്റെ മൃതദേഹമായിരുന്നു. ചെക്കോവിന്റെ അന്ത്യയാത്രയിൽ നൂറിൽ താഴെ പേരേ ഉണ്ടായിരുന്നുള്ളു.

 

അച്ഛനുമായി ചെക്കോവിനു നല്ല ബന്ധമായിരുന്നില്ല. അച്ഛൻ തന്നെ അടിച്ച ഓരോ അടിയുടെയും പാടുകൾ കൃത്യതയോടെ വിവരിച്ചിട്ടുണ്ട്. പിതാവിനോടുള്ള മകന്റെ ഭയങ്കരമായ കലഹം വിവരിക്കുന്ന കഥകളും അങ്ങനെ ജനിച്ചു. 1885 ൽ ഒരു പാടത്തു വച്ച്  പോസ്റ്റ്മോർട്ടം നടത്തേണ്ടി വന്നതിന്റെ അനുഭവമാണ്  എ ഡെഡ് ബോഡി എന്ന പ്രശസ്ത കഥയ്ക്കു കാരണമായത്. കൊല്ലപ്പെട്ട മനുഷ്യന്റെ മൃതദേഹമായിരുന്നു അത്.  

 

ചെക്കോവ് മികച്ച ഒരു ഡോക്ടർ ആയിരുന്നു. എഴുത്തിലെന്നപോലെ, തനിക്കു വിമോചനം നൽകുന്ന പ്രവൃത്തിയായാണു ചെക്കോവ് വൈദ്യവൃത്തിയെ കണ്ടത്. വൈദ്യൻ എന്ന ജീവിതം വിവിധതരം മനുഷ്യരുമായി അടുത്ത ബന്ധമുണ്ടാക്കാൻ അദ്ദേഹത്തെ സഹായിച്ചു.  തന്റെ ഗ്രാമത്തിലെ ക്ലിനിക് തുടങ്ങി കർഷകത്തൊഴിലാളികളെ ചികിത്സിച്ചു. 1891 ലെ മഹാക്ഷാമകാലത്തു റഷ്യയുടെ വിവിധ ഭാഗങ്ങളിൽ വൈദ്യസഹായവുമായി പോയി. രോഗബാധിതനായി രക്തം ഛർദിക്കുന്ന കാലത്തു പോലും വൈദ്യവൃത്തി തുടർന്നു. ‘എന്റെ കൃതികൾ ഏഴു കൊല്ലം കൂടി ആളുകൾ വായിക്കുമെന്നു തോന്നുന്നു’,  ഇവാൻ ബുനിനുമായി സംസാരിക്കവേ ചെക്കോവ് പറഞ്ഞു. എന്തുകൊണ്ട് ഏഴു കൊല്ലം? ബുനിൻ ചോദിച്ചു. ‘ഏഴല്ല, ഏഴരക്കൊല്ലം’, ചെക്കോവ് മറുപടി പറഞ്ഞു, ‘എനിക്ക് ആറു വർഷം കൂടി ആയുസ്സുണ്ട്. ദയവായി ഇത് ആരോടും പറയരുത്.’

ചെക്കോവിന്റെ പ്രതിഭയുടെ കാലം ഇത്തിരിവർഷങ്ങളല്ല എന്ന് ആ മരണവും കടന്നു നൂറ്റാണ്ടു പിന്നിട്ട ലോകത്തിരുന്നു നാം അറിയുന്നു.

 

English Summary: Doctors who also shined in literature field

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com