രാത്രിയുടെ കരിങ്കുതിരകൾ

Jorge Luis Borges
ബോർഹെസ് (Photo / AFP)
SHARE

‘ആയിരത്തൊന്നു രാവുകൾ’ എന്ന പേരിനു മുന്നിൽ തെല്ലിട നിന്നുപോകുന്നു. ആയിരം, അനന്തതയുടെ സൂചന നൽകുന്ന പദമാണ്. ആയിരം രാവുകൾ എന്നു പറയുമ്പോൾ എണ്ണമില്ലാത്ത രാത്രികൾ എന്നു വിചാരിക്കാം. അപ്പോൾ ആയിരത്തൊന്നു രാവുകൾ എന്നു പറഞ്ഞാലോ? അനന്തതയ്ക്കൊപ്പം ഒന്നു കൂടി ചേർക്കുന്ന കലാവിദ്യയാണത് എന്ന് ബോർഹെസ് പറയുന്നു. ഇംഗ്ലിഷിൽ ‘ഫോർ എവർ’ എന്നു പറയാറുണ്ട്. ‘ഫോർ എവർ ആൻഡ് എ ഡേ’ എന്നു പറയുമ്പോഴുള്ള വ്യത്യാസമറിയാമല്ലോ. ജർമൻ മഹാകവി ഹൈനേയുടെ വരിയുണ്ട്: ‘ഐ വിൽ ലവ് യൂ ഇറ്റേണലി ആൻഡ് ഈവൻ ആഫ്ടർ!’

1977 ൽ ബ്യൂനസ്ഐറിസിൽ ബോർഹെസ് നടത്തിയ ഏഴു പ്രഭാഷണങ്ങളുടെ സമാഹാരം ‘സെവൻ നൈറ്റ്സ്’ എന്ന പേരിലാണ് ഇംഗ്ലിഷിൽ വന്നത്. ആ ചെറിയ പുസ്തകത്തിലെ ഒരു പ്രഭാഷണം ആയിരത്തൊന്നു രാവുകളെ കുറിച്ചാണ്. എലിയറ്റ് വെയ്ൻബർഗറുടെ ഇംഗ്ലിഷ് പരിഭാഷ (1984) യുടെ പരിഷ്കരിച്ച പതിപ്പിൽ ബോർഹെസിന്റെ സുഹൃത്തും കവിയുമായ അലാസ്റ്റർ റെയ്ഡിന്റെ മനോഹരമായ ഒരു മുഖലേഖനവും വായിക്കാം.

1970 കളിൽ പൂർണമായും അന്ധത ബാധിച്ചശേഷമാണു ബോർഹെസ് സ്ഥിരം പ്രഭാഷകനായി മാറിയത്. അക്കാലത്തു പല ദിവസങ്ങളിലായി നൽകിയ റേഡിയോ അഭിമുഖങ്ങളും പിന്നീടു പുസ്തക രൂപത്തിൽ ഇറങ്ങിയിട്ടുണ്ട്. അന്ധത മൂലം പ്രസംഗവേദിയിലേക്കു കുറിപ്പുകൾ തയാറാക്കിക്കൊണ്ടുപോകുക സാധ്യമായിരുന്നില്ല. പൂർണമായും സ്മരണയെ ആശ്രയിച്ചായിരുന്നു സംസാരങ്ങൾ. രാത്രി, സ്മരണ, സ്വപ്നം, വാക്ക് എന്നിങ്ങനെ തനിക്കു പ്രിയങ്കരമായ ഭാവനാപ്രചോദകങ്ങളിലൂന്നിയായിരുന്നു അത്.

ഏതെങ്കിലുമൊരു വിഷയത്തിൽ തുടങ്ങുന്നു. ഒരു വാക്യമോ കാവ്യശകലമോ കിട്ടുന്നു. അതിൽനിന്ന് മറ്റൊന്നിലേക്ക്, മറ്റൊരു കഥയിലേക്കു പോകുന്നു. പുസ്തകങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ചാലുകളാണു സംസാരം. ഡിവൈൻ കോമഡി, ആയിരത്തൊന്നു രാവുകൾ, പേക്കിനാവ്, അന്ധത, ബുദ്ധൻ, കവിത, ആഭിചാരം എന്നീ ഏഴു വിഷയങ്ങളിലാണു ബ്യൂനസ് ഐറിസിലെ പ്രഭാഷണങ്ങൾ. ഇവിടെ ഏഴു രാത്രികൾക്കു ചില സവിശേഷതകളുണ്ട്. ഏഴ് സമ്പൂർണതയുടെ അക്കമാണെന്നു പറയാറുണ്ട്. പഴയ നിയമത്തിൽ, പ്രപഞ്ച സൃഷ്ടി ഏഴു ദിവസം കൊണ്ടാണ്. ഭാരതീയ ചിന്തയിൽ ഏഴു ജന്മങ്ങൾ എന്ന സങ്കൽപമുണ്ട്. ഏഴാം സ്വർഗവും ഉണ്ട്. ഏഴു വർണങ്ങളും ഏഴു സ്വരങ്ങളും നമുക്കു നിറവു പകരുന്നു.

seven-nights

20 വർഷത്തോളം ബോർഹെസിന്റെ പ്രഭാഷണങ്ങൾ ശ്രവിച്ച് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന റെയ്ഡിന്റെ അഭിപ്രായത്തിൽ പ്രഭാഷകനായ ബോർഹെസിന്റെ ധിഷണ ദ്രുതഗതിയിലാണ്. എഴുത്തിൽ വാക്കുകളുടെ പന്തയക്കളിയാണെങ്കിൽ സംസാരത്തിൽ അത് ഐറണിയുടെ കലയാണ്. രാവും അന്ധതയും സ്വപ്നവും ദുഃസ്വപ്നവും ഓർമയും മറവിയും എന്നിങ്ങനെ വിരുദ്ധതകളെ സ്പർശിക്കുന്നു. ചിലപ്പോൾ ചില കടന്ന പ്രയോഗങ്ങൾ, അല്ലെങ്കിൽ എല്ലാ സാഹിത്യവും ബാലസാഹിത്യമാണ് എന്നതു പോലെയുള്ള പ്രസ്താവനകൾ.

കിഴക്കിന്റെ ഭാവനയെ അത്യധികം ആഹ്ലാദത്തോടെ സ്വീകരിച്ച യൂറോപ്പിലെ ഒരു തലമുറയുടെ പ്രതിനിധിയായിരുന്നു ബോർഹെസ്. പൗരസ്ത്യവും പാശ്ചാത്യവുമായ ഭാവനകൾ തമ്മിലുള്ള വ്യത്യാസമെന്താണ്? ഈ വിഭജനം എന്താണെന്ന് ആ‍ർക്കുമറിയില്ല. സെന്റ് അഗസ്റ്റ്യൻ കാലത്തിനു നൽകിയ നിർവചനം പോലെയാണത്, ‘എന്താണു കാലം? നിങ്ങൾ ചോദിക്കുന്നില്ലെങ്കിൽ എനിക്കറിയാം; ചോദിച്ചാലോ അറിഞ്ഞുകൂടാ.’ ഇതുപോലെ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള വ്യത്യാസങ്ങളെ വാക്കുകളിൽ എഴുതാനാവില്ല. പൗരസ്ത്യസംസ്കൃതിയുടെ അതിശയങ്ങൾ പിന്തുടർന്നാണു ബോർഹെസ് ആയിരത്തൊന്നു രാവുകളിലേക്കും ബുദ്ധനിലേക്കും എത്തുന്നത്. ഇവിടെ അദ്ദേഹം അലക്സാണ്ടറുടെ പടയോട്ടത്തെപ്പറ്റി പറയുന്നു. വാളും ഹോമറും തലയണയ്ക്കടുത്തു വച്ച് ഉറങ്ങാറുള്ള അലക്സാണ്ടർ ബാബിലോണിലാണു മരിച്ചത്. യവന ചക്രവർത്തി പാതി പൗരസ്ത്യനായി മരിച്ചുവെന്നാണു ബോർഹെസിന്റെ നിരീക്ഷണം.

ഹോമറിൽനിന്ന് ഒരു വാക്യം ഉദ്ധരിച്ച് സാഹിത്യത്തിന്റെ അടിസ്ഥാനസ്വഭാവം ബോർഹെസ് വിശദീകരിക്കുന്നു: ‘ദൈവങ്ങൾ മനുഷ്യനു ദുർവിധി നെയ്തെടുക്കുന്നു. എങ്കിൽ മാത്രമേ വരും തലമുറകൾക്ക് എന്തെങ്കിലും പാടിനടക്കാൻ കിട്ടുകയുള്ളൂ’. ഇങ്ങനെയാണു കാവ്യം ഉണ്ടാകുന്നത്. നമ്മുടെ ദുർവിധി കലയ്ക്കുവേണ്ടിയായിത്തീരുന്നു.

വായനയിൽ സിദ്ധാന്തങ്ങൾ കൊണ്ടു കാര്യമില്ലെന്നാണു ബോർഹെസിന്റെ മതം. സിദ്ധാന്തം എന്നു ഹ്രസ്വമായ ഇടപാടാണ്. കലയിലേക്കും കവിതയിലേക്കും നാം നമ്മെത്തന്നെ വിട്ടുകൊടുക്കുമ്പോഴാണ് ആസ്വാദനം സംഭവിക്കുന്നത്. നമ്മുടെ യുക്തിയെ നഷ്ടപ്പെടുത്തിയതിൽ നാം ആഹ്ലാദിക്കുകയും ചെയ്യുന്നു. എ വില്ലിങ് സസ്പെൻഷൻ ഓഫ് ഡിസ്ബിലീഫ് എന്നു കോളിറിജ് പറഞ്ഞത് ഈ അർഥത്തിലാണ്. സ്വപ്നത്തിൽ നാം നിറയെ പൂക്കളുള്ള ഒരു ഉദ്യാനത്തിലൂടെ നടക്കുന്നു. ഉണരുമ്പോൾ ഒരു പൂവ് നമ്മുടെ കയ്യിലുണ്ടാകുമെങ്കിൽ അതിനെ കലയെന്നു വിളിക്കാവുന്നതാണ്.

ഇംഗ്ലിഷ് ഭാഷയുടെ ആരാധകനായ ബോർഹെസ്, ഇംഗ്ലിഷ് ആണ് സാഹിത്യത്തിന്റെ ഭാഷ എന്നും വിശ്വസിച്ചു. പൗരാണിക ഇംഗ്ലിഷ് രചനകൾ തേടിപ്പിടിച്ചു വായിക്കലായിരുന്നു ഹരം. ജോസഫ് ആഡിസൺ, റോബർട്ട് ബ്രൗൺ, സാമുവൽ ജോൺസൻ, മിൽട്ടൻ എന്നിവരായിരുന്നു ബോർഹെസിന്റെ പ്രിയപ്പെട്ട എഴുത്തുകാർ.

ഇംഗ്ലിഷ് പദമായ nightmare നെ ബോർഹെസ് വിശകലനം ചെയ്യുന്നുണ്ട്. അത് ധിഷണാപരവും അസ്പഷ്ടവുമായ പദമാണത്രേ. എങ്ങനെയാണ് ആ വാക്ക് ജനിച്ചത്? കരിങ്കുതിരകൾ (mare of night) എന്നു ഷേക്സ്പിയർ ഉപയോഗിച്ചിട്ടുണ്ട്. I met the night mare എന്നും the nightmare and her nine foals എന്നും ഷേക്സ്പിയറിലുണ്ട്. രാത്രിയുടെ സത്വം എന്ന അർഥമാണു ഡോ. ജോൺസന്റെ നിഘണ്ടുവിലുള്ളത്. ഇംഗ്ലിഷ് വാക്കിന്റെ മൂലമായ ജർമൻ വാക്കിന് (marchen) കെട്ടുകഥ എന്നും അർഥമുണ്ട്. അങ്ങനെയെങ്കിൽ nightmare, രാത്രിയുടെ കഥ (fiction of night) ആകാം.

അന്ധതയെ ആസ്വാദ്യകരമാക്കുകയാണു താനെന്ന് അന്ധതയെ സംബന്ധിച്ച പ്രഭാഷണത്തിൽ ബോർഹെസ് പറയുന്നു. അന്ധതയെ അന്ധകാരത്തിന്റെ പര്യായമായി പലരും പറയാറുണ്ട്. എന്നാൽ അന്ധർ ഇരുട്ടു കാണുന്നില്ല. നീലയിലോ പച്ചയിലോ മഞ്ഞുമൂടൽ മാത്രം. നല്ല ഇരുട്ടിൽ കിടന്നുറങ്ങുന്നതു ശീലമായിരുന്ന തനിക്ക് അന്ധതയ്ക്കുശേഷം അതിനായിട്ടില്ല. ഇരുട്ട് താൻ ആഗ്രഹിക്കുന്നു. എന്നാൽ നരച്ച മഞ്ഞിൻപടലം മാത്രമാണു താൻ കാണുന്നത്. പറുദ്ദീസയെ വലിയ ഗ്രന്ഥാലയമായി ബോർഹെസ് സങ്കൽപിച്ചു. ബ്യുനസ് ഐറിസിലെ സെൻട്രൽ ലൈബ്രറിയിൽ ഒൻപതു ലക്ഷത്തോളം പുസ്തകങ്ങളുണ്ട്. ആ വലിയ ഗ്രന്ഥാലയത്തിന്റെ അകത്തളങ്ങളിൽ നിൽക്കവേ, ആ പുസ്തകങ്ങളുടെ പുറംചട്ടകൾ പോലും കാണാനാവാതെ തന്റെ കണ്ണുകളിൽ മൂടൽ വന്നുനിറഞ്ഞതായി ബോർഹെസ് പറയുന്നു: No one should read self pity or reproach into the statement of the majesty of God; who with such splendid irony granted me books and blindness at one touch. ദൈവത്തിന്റെ ഇരട്ടവരം: അന്ധതയും പുസ്തകങ്ങളും. ഈ വിധിവൈപരീത്യത്തിന്റെ ആഘോഷമായാണ് ബോർഹെസ് തന്റെ സ്മരണകളെ പുസ്തകങ്ങളുടെ ആലയമാക്കിയത്. ഇവിടെ അന്ധതയും കാവ്യഭാവനയും തമ്മിലുള്ള ബന്ധത്തെയും ബോർഹെസ് വിശകലനം ചെയ്യുന്നു: ഹോമർ ഒരാളാണോ, ഒന്നിലധികം കവികളാണോ? എന്തായാലും യവനർ ഹോമറെ അന്ധനായ കവി എന്നാണു വിഭാവന ചെയ്തത്. കാരണം കവിത എഴുതുകയല്ല, ചൊല്ലുകയാണ്. വായിക്കുകയല്ല, കേൾക്കുകയാണ്. അന്ധതയിലാണു കാവ്യഭാവന ഔന്നത്യം തേടുന്നത്.

വിവിധ യൂറോപ്യൻ, യുഎസ് സർവകലാശാലകളിൽ ബോർഹെസ് നടത്തിയ സാഹിത്യ പ്രഭാഷണങ്ങളുടെ സമാഹാരം ഇംഗ്ലിഷിൽ പ്രഫസർ ബോർഹെസ് എന്ന പേരിൽ പിന്നീടു വന്നു. ബോർഹെസിന്റെ ക്ലാസിലിരുന്ന ചില വിദ്യാർഥികൾ ആ ക്ലാസുകൾ റെക്കോർഡ് ചെയ്തിരുന്നു. റെക്കോർഡ് ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ പല വിദ്യാർഥികൾ ക്ലാസ് മുറിയിൽ എഴുതിയെടുത്ത നോട്സ് ആധാരമാക്കിയാണ് അതു ലേഖന രൂപത്തിലാക്കിയത്. ബോർഹെസിന്റെ റേഡിയോ അഭിമുഖങ്ങളെ സംബന്ധിച്ചു ചില കാര്യങ്ങൾ കൂടി പറയാം. 1984 മാർച്ചിലാണ് ഓസ്‌വാൾഡ് ഫെരാറിയുമായുള്ള ബോർഹെസിന്റെ ആദ്യ റേഡിയോ സംസാരം. പല ഘട്ടങ്ങളിലായി ആ സംഭാഷണം തുടർന്നു. നർമമധുരമായിരുന്നു ആ സംഭാഷണം. വായനക്കാരെ വിചാരിക്കാതെയാണ് എഴുത്തു സംഭവിക്കുന്നത്, ഞാനായിരുന്നു റോബിൻസൻ ക്രൂസോയെങ്കിൽ ആ ദ്വീപിലിരുന്ന് എഴുതുമായിരുന്നു എന്നു ബോർഹെസ് പറയുന്നു: ‘പ്രചോദനം എന്നതു സത്യമായ കാര്യമാണ്. എഴുത്ത് എവിടെനിന്നോ കിട്ടുകയാണ്. എഴുത്തുകാർ അതു സ്വീകരിക്കുകയാണ്. എഴുത്ത് ഒരുതരം സ്വപ്നം കാണലാണ്. പക്ഷേ എഴുത്തുകാർ  ആത്മാർഥതയോടെ സ്വപ്നം കാണുകയും വേണം.’

English Summary: Ezhuthumesa Column written by Ajai P Mangattu on nights, dreams and blindness

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിറപ്പെയ്ത്തായി തുലാമഴ; അണനിറയുന്ന ആശങ്ക, മുല്ലപ്പെരിയാറിലെന്ത്?

MORE VIDEOS
FROM ONMANORAMA
;