അങ്കമാലിയിൽനിന്ന് തുർക്കിയിലെ കപ്പഡോക്യ വരെ, കഥകളുടെ ദേശാന്തരസഞ്ചാരം

HIGHLIGHTS
  • മലയാള സാഹിത്യത്തിലെ പുതുതലമുറയെ പരിചയപ്പെടുത്തുന്ന പംക്തി
literature-author-varghese-angamaly
വർഗീസ് അങ്കമാലി
SHARE

അങ്കമാലി നടത്തുന്ന ദേശാന്തരസഞ്ചാരമാണ് വർഗീസ് അങ്കമാലിയുടെ കഥകൾ. ചരിത്രത്തിന്റെ പൊടിഞ്ഞു തുടങ്ങിയ ഡയറിത്താളുകളിൽനിന്നു കണ്ടെടുക്കുന്ന ജീവിതങ്ങൾ വിവിധ ദേശങ്ങളിൽ നിന്നിറങ്ങി വന്നു നിമിഷാർധത്തിൽ അങ്കമാലിക്കാരായി മാറി വായനക്കാരെ ഭ്രമിപ്പിക്കും. 35 വർഷം ബാങ്ക് ഉദ്യോഗസ്ഥനായിരുന്നയാൾ ജോലിക്കാലത്തും വിരമിച്ച ശേഷവും 24 രാജ്യങ്ങളിലൂടെ നടത്തിയ യാത്രകളുടെ തിരയിളക്കങ്ങളാണു വായനക്കാരെ ആ അങ്കമാലിക്കഥകളിലേക്കു പിടിച്ചിടുന്ന സൂത്രവിദ്യകളിലൊന്ന്. തുർക്കിയിലെ കപ്പഡോക്യയിലേക്കു നടത്തിയ യാത്രയിൽനിന്നു ‘ചൂണ്ട’ എന്നൊരു കഥ ജനിക്കുമ്പോൾ അതിൽ സമീപദേശങ്ങളുടെ കൂടി ചരിത്രവും വേദനകളുമെല്ലാം ഇഴചേർന്നിരിക്കും. അങ്കമാലിയിൽ നടക്കുന്നൊരു സംഭവം കഥയായി മാറുമ്പോൾ അഞ്ചു നൂറ്റാണ്ടു മുൻപുള്ള ലിസ്ബണിലേക്കും പോർച്ചുഗീസ് രാജസദസ്സിലേക്കും വരെ അതിന്റെ അലയൊലികൾ പാഞ്ഞുചെല്ലും. മറഞ്ഞു കിടക്കുന്ന ചരിത്രമുത്തുകൾ ആഴത്തിൽ ഖനനം ചെയ്തെടുക്കുന്നതിൽ രസം കണ്ടെത്തുന്നയാളാണു വർഗീസ് അങ്കമാലി. അതുകൊണ്ടുതന്നെ ആ കഥകൾ സാധാരണ വായനയ്ക്കപ്പുറം ചിന്തയും സംവാദവും കൂടി ആവശ്യപ്പെടുന്നവയാണ്. അങ്കമാലി പോർക്ക് വരട്ടിയതിന്റെയും മാങ്ങാക്കറിയുടെയും ഉൽപത്തിരഹസ്യമന്വേഷിച്ചു പോകുന്ന ഈ രുചിപ്രേമി വായനക്കാരുടെ രസമുകുളങ്ങളെ തൃപ്തിപ്പെടുത്തുന്ന കഥക്കൂട്ടിന്റെ സ്രഷ്ടാവാണ്. ഒരു മാടമ്പി വീരഗാഥ, അരൂപികളുടെ വംശാവലി, ഉപ്പുപുരട്ടിയ മുറിവുകൾ, കപ്ലോൻ, ചൂണ്ട, പുനിത വറുവേൽ ബാന്റ് സെറ്റ് തുടങ്ങിയവ ശ്രദ്ധേയ കഥകൾ. 


വർഗീസ് അങ്കമാലിയുടെ കഥകളിൽനിന്ന് നമ്മൾ നിത്യ ജീവിതത്തിൽ അധികം പ്രയോഗിക്കാത്ത അനേകം വാക്കുകൾ കണ്ടെടുക്കാനാകും. കൂടുതലും പഴയകാല ക്രൈസ്തവ ജീവിത പരിസരത്ത് സുലഭമായി പ്രചാരത്തിലുണ്ടായിരുന്നവയുമാണ്. ‘കപ്ലോൻ’ എന്ന കഥ വായിച്ച് അത്തരം 40 വാക്കുകൾ കണ്ടെടുത്തതായി ഒരു വായനക്കാരി വിളിച്ചു പറയുകയുമുണ്ടായല്ലോ. മനസ്സിന്റെ ഏതോ അറകളിൽ മലയാളി രഹസ്യത്താക്കോലിട്ടു പൂട്ടി വച്ചിരിക്കുന്ന ഈ വാക്കുകൾ കണ്ടെടുക്കുന്നത് എവിടെനിന്നാണ്? 

ഭൂതകാലത്തിലൂന്നിയ ഓർമയും സ്വപ്നങ്ങളുമാണ് എന്റെ എഴുത്തിന്റെ സത്ത. 16-ാമത്തെ വയസ്സിൽ ആദ്യകഥ പ്രസിദ്ധീകരിച്ചതു മുതൽ കഥകളുടെ ലോകത്തായിരുന്നു. ബാല്യകാല ഓർമകളിൽനിന്ന് കഥകൾ ഒഴിഞ്ഞുപോകുന്നില്ല. സ്വയം നിഗ്രഹിക്കുന്ന പോരാളികളായിരുന്നു എഴുപതുകളിലെ ചെറുപ്പക്കാർ. ഒരുപാടു വായിക്കുന്നവർ. ചരിത്രമാണു ഞാൻ കൂടുതലും വായിച്ചു പഠിച്ചത്. സ്വന്തം നാടുതന്നെയാണ് നന്നങ്ങാടികൾ കുഴിച്ചെടുക്കുന്ന ഭൂമികയാക്കി മനസ്സിനെ മാറ്റിയെടുത്തത്. കൂട്ടുകെട്ടുകളും പുറംകാഴ്ചകളും അതിനെ തിടം വപ്പിച്ചു. പോയകാലം എഴുതുവാൻ പഴയവാക്കുകളെ കുഴിച്ചെടുക്കുമ്പോൾ പുതുമയിലേക്കു വരും, എഴുത്ത്. സൂക്ഷ്മനിരീക്ഷണങ്ങളാണു കഥയുടെ മൂശ, ഒപ്പം യാത്രകളും.

24 രാജ്യങ്ങൾ ഇതിനകം സന്ദർശിച്ചല്ലോ. വിശുദ്ധനാടുകളാകട്ടെ ഒന്നിലധികം തവണയും പോയി വന്നു. ‘ചൂണ്ട’ പോലുള്ള കഥകളിൽ ഈ യാത്രാനുഭവത്തിന്റെ നേർ ചിത്രീകരണവുമുണ്ട്. യാത്രികനായിട്ടു തന്നെയാണല്ലോ ചൂണ്ടയിൽ ആഖ്യാതാവ് പ്രത്യക്ഷപ്പെടുന്നത്. യാത്രകളിൽ നിന്നു കഥകൾ കണ്ടെടുക്കുന്നത് എങ്ങനെയാണ്?

സഞ്ചാരമാണ് എന്റെ ഊർജവും ഭാവനയും. യാത്രാവിവരണങ്ങളുടെ മൂന്നു പുസ്തകങ്ങൾ. ഒരുപാടു ഫീച്ചറുകൾ. പക്ഷേ, എന്റെ സർഗാത്മകതയെ ഉൾക്കൊള്ളാനുള്ള ത്രാണി കഥകൾക്കു മാത്രമേ ഉള്ളുവെന്നും മറ്റെല്ലാം അപര്യാപ്തമാണെന്നും തിരിച്ചറിവുണ്ടായപ്പോൾ കഥയിലേക്കു തിരിഞ്ഞു. പുനിതവറുവേൽ ബാന്റ്‌സെറ്റും കോവിൽകാളകളും പുസ്തകമായി പുറത്തിറങ്ങിയതു പ്രോത്സാഹനമായി. എന്നിലെ കഥാകൃത്താണ് യാത്ര ചെയ്യുന്നതെന്ന ബോധ്യത്തിലാണ് ഫിക്‌ഷനിലേക്കുള്ള കൂദാശ. യാത്ര എന്നെ പാകപ്പെടുത്തുന്നു, പാഠപുസ്തകമാകുന്നു.

uppu-purattiya-murivukal-short-story-varghese-angamaly

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ 35 വർഷത്തെ ബാങ്കിങ് അനുഭവങ്ങൾ എഴുത്തിനെ എത്ര മാത്രം സ്വാധീനിച്ചു. ആ ജീവിതം കഥകളിൽ കൊണ്ടുവന്നിട്ടുണ്ടോ?

ഏറെ എഴുതിയത് ബാങ്കിലെ തിരക്കിനിടയിലാണ്. അവിടുത്തെ അനുഭവങ്ങൾ കഥയല്ല, മറിച്ചു ജീവിതം തന്നെയാണ്. പക്ഷേ, ഒരുപാടു സ്ഥലങ്ങളിൽ ട്രെയിനിങ്ങിനായി പോയിട്ടുണ്ട്. ‘കറുത്ത ശിരോവസ്ത്രങ്ങൾ’ എന്ന കഥ ഹൈദരാബാദിലെ ബെഞ്ചാര ഹിൽസിലെ ട്രെയിനിങ് സെന്ററിൽനിന്നു കണ്ടെടുത്തതാണ്. 

യാത്രാനുഭവങ്ങളിൽ ഇതുവരെ എവിടെയും എഴുതാത്ത, എന്നാൽ മനസ്സിൽ തട്ടിയ ഒരു സംഭവം പറയാമോ?

ഇസ്രയേൽ ഗ്രൂപ്പ് ടൂറിൽ ദോഹ എയർപോർട്ടിൽ പ്രായം ഏറെച്ചെന്ന ഒരു യാത്രികൻ കുഴഞ്ഞു വീണു. അയാളെ തനിച്ചാക്കി ഞങ്ങൾ അമ്മാനിലേക്കു പോയി. പിന്നീടൊരിക്കലും അയാൾക്കു വിശുദ്ധനാട് കാണാനൊത്തില്ല. ഇസ്രയേലിൽ വച്ചു ചാടിപ്പോകുന്ന ചെറുപ്പക്കാരുണ്ട്. പിന്നീട് അവിടെത്തന്നെ ജോലിക്ക് കയറിപ്പറ്റുന്നവർ. അതൊക്കെ കഥയ്ക്കു വിഷയമാകുന്നുണ്ട്.

അങ്കമാലി എന്ന നാട് വർഗീസ് അങ്കമാലി എന്ന എഴുത്തുകാരന്റെ സ്വത്വത്തോട് അത്രമേൽ ഉൾച്ചേർന്നിരിക്കുകയാണല്ലോ. സ്വന്തം നാടിനെക്കുറിച്ചുള്ള ഓർമകൾ, സ്വാധീനങ്ങൾ, ചരിത്രവസ്തുതകൾ, സ്വന്തം കഥകളിലെ പരാമർശങ്ങൾ തുടങ്ങിയ പങ്കുവയ്ക്കാമോ?

അങ്കമാലി ടൗണിലെ ഒറ്റാലിനുള്ളിൽ പിറവിയെടുത്ത ഒരു മത്സ്യത്തിന് പുറംലോകത്തേക്കു ചാടാനുള്ള ആവേശം ഉള്ളപ്പോൾത്തന്നെ ഉള്ളിലെ അനുഭവങ്ങളും പാഠമായി. വല്ലാത്ത ഭൂതലമാണ് അങ്കമാലി. ചരിത്രാവശിഷ്ടങ്ങളിലെ കഥകളും എന്നോടൊപ്പം ജീവിക്കുന്നവരും ചേരുമ്പോൾ കഥാലോകം തുറക്കുന്നു. ക്രിസ്തീയ സംസൂചകങ്ങളും അങ്ങാടി ജീവിതവും ഇഴചേരുമ്പോൾ കഥയ്ക്ക് വളക്കൂറാവുന്നു. ‘ഒരു മാടമ്പി വീരഗാഥ’യും ‘അരൂപികളുടെ വംശാവലി’യും ‘ഉപ്പുപുരട്ടിയ മുറിവുകളും’ ‘കപ്ലോനും’ നാട്ടിൽനിന്ന് കണ്ടെടുത്തവ തന്നെ. ചരിത്രമാണു പലതിന്റെയും പതക്കം.

literature-lift-short-story-varghese-angamaly

മൂന്നു യാത്രാപുസ്തകങ്ങൾ ഉൾപ്പെടെ 7 പുസ്തകങ്ങൾ ഇതുവരെ പുറത്തിറങ്ങി. വിവിധ ആനുകാലികങ്ങളിലായി അൻപതോളം കഥകളുമെഴുതി. എഴുത്തിന്റെ വഴിയിലേക്ക് വരുന്നതെങ്ങനെയാണ്? ആരൊക്കെയായിരുന്നു പ്രചോദനം? 

എന്റെ ബാല്യത്തിന്റെ ആകുലതകളിൽ ഒരുപാടു കഥകളുണ്ട്. 1970 ഘട്ടത്തിൽ ജീവിതം നൽകിയ പാഠങ്ങൾ, കുടുംബത്തിലെ ഒരുപാടു മരണങ്ങൾ, ഇവയൊക്കെ ഫിക്‌ഷനാണെന്നു മനസ്സിനെ പഠിപ്പിച്ച് അക്ഷരങ്ങളിലാക്കി. അങ്കമാലിയിലെ സുഹൃത്തുക്കളിൽ പലരുടെയും പ്രോത്സാഹനമുണ്ട്. സി. രാധാകഷ്ണൻ സാറും സേതു സാറും പലകണ്ടം ചാടാതെ കഥയിൽ ഉറച്ചുനിൽക്കണമെന്ന് ഉപദേശിക്കാറുണ്ട്. രണ്ടുപേരും എന്റെ കഥകളെ ആഴത്തിൽ പഠിച്ചിട്ടുള്ളവരാണ്. ഉപദേശവും ശകാരവും എനിക്ക് പ്രോത്സാഹനം തന്നെയാണ്. 

author-varghese-angamaly-book-covers

കേരളത്തിന്റെ മത, ജാതി സമവാക്യങ്ങളും രാഷ്ട്രീയവും പുരാവൃത്തവും ചരിത്രവുമെല്ലാം കഥകളിൽ വിളക്കിച്ചേർക്കുമ്പോൾത്തന്നെ ഞൊടിയിടയിൽ തുർക്കിയിലേക്കും ഓസ്ട്രേലിയയിലേക്കുമൊക്കെയൊന്നു പോയി അവിടുത്തെ സൂക്ഷ്മ ചലനങ്ങൾ വരെ ഒപ്പിയെടുത്തുപയോഗിക്കുന്ന വൈഭവം വർഗീസ് അങ്കമാലിയുടെ പ്രത്യേകതയാണ്. അങ്കമാലിയിലെയും കേരളത്തിലെയും വേരുകളിൽ ഉറച്ചു നിൽക്കുമ്പോൾത്തന്നെ വർഗീസിലെ കഥാകാരൻ ഒരു ആഗോള മലയാളി കൂടിയാണ് എന്നതു സത്യമല്ലേ?

കഥാസദ്യയിൽ യാത്രയും സമകാലിക സംഭവങ്ങളും ചേരുവയാകുമ്പോഴും ചരിത്രം മേമ്പൊടിയാകുന്നത് എന്റെ ഒരു പോരായ്മ തന്നെയാണ്. കണ്ടുമറന്ന ഭൂതലത്തിലേക്കും കഥകടന്നു പോവും. ഇതൊക്കെ ചേരുന്ന ഒരു തീൻമുറയാണ് എനിക്ക് കഥ.

പുനിത വറുവേൽ ബാന്റ്സെറ്റ് എന്ന കഥയെപ്പറ്റി പറയാമോ?

ഒരുപാട് ഇഷ്ടമുള്ള കഥയാണ് പുനിതവറുവേൽ ബാന്റ്‌സെറ്റ് എന്ന് ഇപ്പോഴും പറയുന്നവരുണ്ട്. എനിക്ക് ഏറെ പ്രിയങ്കരമായ ഇടമാണ് വേളാങ്കണ്ണി. സൂനാമിയിൽ കടലെടുത്തുപോയ വേളാങ്കണ്ണിയിലെ ഗ്രാമങ്ങളും മരണങ്ങളും എന്നെ ഏറെ വേദനിപ്പിച്ചിരുന്നു. രണ്ടായിരംപേരെ ഒരുമിച്ച് സംസ്‌കരിച്ച ഒരിടം വേളാങ്കണ്ണിയിലുണ്ട്. സൂനാമി കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ ഒറ്റയ്ക്ക് അവിടേക്കു പോയി. കടൽത്തീരം പൊളിച്ചിട്ട ഒരു പന്തൽ പോലെ കാണപ്പെട്ടു. വളരെക്കുറച്ച് ആളുകളേ മാതാവിന്റെ പെരുന്നാളിന് ദുരന്തഭൂമിയിൽ എത്തിയിരുന്നുള്ളു. ബാന്റ് വായിക്കുന്നവരുടെ ദുഃഖസാന്ദ്രമായ ഈണം മനസ്സിനെ ഉലച്ചു. ചെളിമൂടിയ പള്ളിമുറ്റത്തുനിന്നു കണ്ടെടുത്തതാണ് ക്ലാരിനെറ്റ് വായനക്കാരനായ അരുൾ രാജിനെയും തേൻമൊഴിയെയും വേൽമുരുകനെയും അൻപിനെയും. പുനിതവറുവേൽ വിശുദ്ധവർഗീസാണ്. കഥ ഡിസി ബുക്സിലൂടെ ഇറങ്ങിയപ്പോൾ ദിശൈഎട്ടിലേക്ക് മൊഴിമാറ്റം ചെയ്തു. തമിഴിൽ സിനിമയെടുക്കാൻ ചിലർ മുന്നോട്ടുവന്നു. ആറുമാസം കഴിഞ്ഞപ്പോൾ സാമ്യമുള്ള കഥയുമായി ഒരു മലയാള സിനിമ ഇറങ്ങി. തമിഴർ പിൻമാറിയപ്പോൾ സിനിമയെന്ന പൂതിക്ക് ആശയടക്കമായി.

രുചിയെപ്പറ്റിയും ഭക്ഷണത്തെപ്പറ്റിയും വർഗീസ് ഏറെ എഴുതിയിട്ടുണ്ടല്ലോ. ഇത്രയേറെ യാത്രാനുഭവമുള്ളയാൾ എന്ന നിലയിൽ മലയാളിയുടെ തനതു രുചിയെപ്പറ്റി എന്താണ് പറയാനുള്ളത്? പഴയ രുചികളിൽ നഷ്ടപ്പെട്ടു പോകുന്നതെന്തെല്ലാം? അങ്കമാലിയുടെ രുചിപ്പെരുമ കൂടി പറയാമോ?

അങ്കമാലിക്കാരുടെ രുചിക്കൂട്ടുകളിൽ നസ്രാണികളുടെ പെരുക്കമുണ്ട്. പോയ ഇടങ്ങളിലെ രുചിമേളങ്ങളെല്ലാം യാത്രാവിവരണങ്ങളിലുണ്ട്. വിമാനത്തിലെ ചൂടൻ ഭക്ഷണം എനിക്ക് ഏറെ ഇഷ്ടമാണ്. മലയാളികളുടെ രുചികളിൽ നസ്രാണികളുടെയും മാപ്പിളമാരുടെയും ഹിന്ദുക്കളുടെയും സങ്കലനമുണ്ട്. പഴയ രുചിക്കൂട്ടുകളെ തിരിച്ചുപിടിക്കാൻ മുന്നോട്ടു വന്നിട്ടുള്ള ഒരുപാട് വിഡിയോകൾ ഇറങ്ങുന്നുണ്ട്. പക്ഷേ, പഴയതു പലതും ഇനി തിരിച്ചുവരാത്ത രീതിയിൽ ഒഴിഞ്ഞു പോയിരിക്കുന്നു. ചാമയും വരകും തിനയും മുതിരയും ചക്കക്കുരുവും പനനൂറും നാടൻകോഴിയും മഹറോൻ ചൊല്ലലിൽ കളമൊഴിഞ്ഞു. അങ്കമാലിയെ മാർക്കറ്റ്‌ ചെയ്യുന്നത് പോർക്ക്‌ വരട്ടിയതും അങ്കമാലി മാങ്ങാക്കറിയും വച്ചാണ്. കറിക്കുള്ള മള്ളുശ്ശേരിമാങ്ങയെ പരിചയപ്പെടുത്തിയത് (കർഷകശ്രീ, മേയ് 2004) ഞാനാണ്. പോർക്ക് ഇഷ്ടനായതും സദ്യകളിൽ കയറിപ്പറ്റിയതും തൊണ്ണൂറുകളിലാണ്. ഫാമിൽ വളർത്താൻ തുടങ്ങിയപ്പോൾ ഇറച്ചിമാത്രം കണ്ടു വളർന്ന പുതുതലമുറ അതേറ്റെടുത്തു. കാനയിലെ ചെളിയിൽ കിടക്കുന്ന പന്നിയെ ജനങ്ങൾ വെറുപ്പോടെയാണ് കണ്ടിരുന്നത്, അതുവരെ.

വായനയിൽ പ്രിയപ്പെട്ടവർ ആരൊക്കെയാണ്?

കിട്ടുന്നതെന്തും വായിച്ചുകൂട്ടുന്ന ശീലക്കാരനാണ് ഞാൻ. കസാൻസാക്കീസ്, ഉമ്പർട്ടോ എക്കോ, മാർക്കേസ് ഇവരൊക്കെ വായനയിൽ വരുന്നു. ഒ.വി. വിജയൻ, സക്കറിയ, എൻ.എസ്. മാധവൻ എന്നിവരും ഇഷ്ടപട്ടികയിലുണ്ട്. പോർച്ചുഗീസുകാരുടെ ആഗമനം പാഠ്യവിഷയമാണ്. ചരിത്രപഠനത്തിലേക്ക് നടത്തിച്ച രാജൻ ഗുരുക്കൾ സാറിനോട് ഒരുപാടു നന്ദിയുണ്ട്.

കുടുംബം?

ഭാര്യ: മേരിക്കുട്ടി. മക്കൾ: പ്രിൻസ്, പാബ്ലോ. രണ്ടുപേരും വിവാഹിതർ. പ്രിൻസ് ജോർജിന്റെ സംഗീതസംവിധാനത്തിൽ വിജയ് സൂപ്പറും പൗർണ്ണമിയും, മോഹൻകുമാർ ഫാൻസ്, ചിരി എന്നീ സിനിമകൾ ഇറങ്ങി. സോഫ്‌റ്റ്‌വെയർ എൻജിനീയറായ പാബ്ലോയും കുടുംബവും ഓസ്ട്രേലിയയിലെ മെൽബണിൽ.

arupikalude-vamshavali-angamaly-varghese

സ്ഥിരം കറങ്ങിനടന്നിരുന്നൊരാൾ കോവിഡ് മഹാമാരി കാരണം ഒന്നര വർഷത്തിലേറെയായി ഇപ്പോൾ വീട്ടിനുള്ളിലിരുപ്പാണല്ലോ. കൊറോണക്കാലം സർഗാത്മകതയെ എങ്ങനെയൊക്കെ ബാധിച്ചു? അല്ലെങ്കിൽ സ്വാധീനിച്ചു?

കറക്കം കംപ്യൂട്ടറിന്റെ മുന്നിലായി. വീട്ടിലിട്ട് ആപ്പടിച്ചാൽ അതേ വഴിയുള്ളു. മലയാളം ടൈപ്പ്‌ചെയ്യാൻ പഠിച്ചു. കേരള ക്രൈസ്തവർ എന്നൊരു ചരിത്രപുസ്തകം പൂർത്തിയാക്കി. ഒരുപാട് റിസേർച്ച് ഇതിനാവശ്യമായിരുന്നു. ഇതിനിടെ കഥകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്നുണ്ട്. വീട്ടിലിരിക്കുമ്പോൾ പുതിയ കഥകളുടെ പണിപ്പുര വിപുലമായി. മധ്യതിരുവിതാംകൂറിലെ നസ്രാണികളുടെ ജീവിതമാണ് പുതിയ കഥകളുടെ വാതിൽ. കറുത്തഹാസ്യം പോലെ അക്കാലത്തെ നാട്ടുഭാഷകളും കഥകളുടെ വേലിക്കെട്ടിലുണ്ട്. പ്രായം ഉത്സാഹം കൂട്ടുന്നേയുള്ളു, കഥാവേട്ട നടത്തുമ്പോൾ..

Content Summary : Puthuvakku column written by Ajish Muraleedharan - Talk with writer Varghese Angamaly

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA
;