ADVERTISEMENT

ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്ലറിനെ ന്യായീകരിച്ചതിനു വിവാദത്തിലായ അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അധികാരം വിട്ടൊഴിഞ്ഞ ശേഷവും വിടാതെ വിവാദങ്ങൾ. ജർമനിയിൽ അധികാരത്തിൽ തുടരാൻ ഹിറ്റ്ലർ കരുക്കൾ നീക്കിയതിനു സമാനമായിരുന്നു ട്രംപിന്റെ നീക്കങ്ങളെന്നാണു പുതിയ വെളിപ്പെടുത്തൽ. പരാജയം അംഗീകരിക്കാതെ അധികാരത്തിൽ കടിച്ചുതൂങ്ങാൻ നടത്തിയ ശ്രമങ്ങൾക്കു പുറമേ, തനിക്കുവേണ്ടി അനുകൂലികൾ അക്രമം നടത്തിയതു ടെലിവിഷനിൽ കണ്ട് ആസ്വദിക്കുകയും ചെയ്ത ട്രംപിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങളാണ് വീണ്ടും വിവാദത്തിനു ചൂട് പിടിപ്പിക്കുന്നത്. വാഷിങ്ടൻ പോസ്റ്റ് റിപ്പോർട്ടർമാരായ കാരൾ ലിയോണിഗും ഫിലിപ്പ് റക്കറും ചേർന്നെഴുതിയ പുസ്തകത്തിലാണ് മുൻ പ്രസിഡന്റിനെ വെട്ടിലാക്കുന്ന പരാമർശങ്ങളുള്ളത്. ഈയാഴ്ച പുറത്തുവരുന്ന പുസ്തകത്തിന്റെ പേര് ട്രംപിന്റെ കുപ്രസിദ്ധമായ അവകാശവാദം കൂടിയാണ്– ഐ എലോൺ കാൻ ഫിക്സ് ഇറ്റ്. എനിക്കു മാത്രമേ എല്ലാം ശരിയാക്കാനാകൂ ! എല്ലാ ലക്ഷണങ്ങളും തികഞ്ഞ ഒരു ഏകാധിപതിയുടെ ഞെട്ടിക്കുന്ന പ്രഖ്യാപനം. 

ട്രംപിനെയും ഹിറ്റ്ലറിനെയും താരതമ്യപ്പെടുത്തുന്നത് പുസ്തകത്തിന്റെ എഴുത്തുകാരല്ല, ട്രംപ് തന്റെ ചീഫ് ഓഫ് സ്റ്റാഫായി നിയമിച്ച ജനറൽ മാർക് മില്ലെ. സൈന്യാധിപന്റെ വാക്കുകളിലൂടെയാണ് ട്രംപിന്റെ അണിയറ നീക്കങ്ങൾ ഒന്നൊന്നായി പുറത്തുവരുന്നത്. ലോകത്തെ ഏറ്റവും കുറ്റമറ്റതും സുതാര്യവുമായ ജനാധിപത്യ പ്രക്രിയയിൽ തോറ്റിട്ടും, പരാജയം സമ്മതിക്കാൻ ട്രംപ് തയാറായിരുന്നില്ല. ഈ മനുഷ്യൻ ഇതാ ഹിറ്റ്ലറിന്റെ നയങ്ങൾ നടപ്പാക്കാൻ പോകുന്നു എന്നാണ് ഇതേക്കുറിച്ച് ജനറൽ പറഞ്ഞത്. ദിവസങ്ങൾക്കം ട്രംപ് അനുകൂലികൾ പാർലമെന്റ് മന്ദിരത്തിൽ ഇരച്ചുകയറി അക്രമം നടത്തിയപ്പോൾ ജനറലിന്റെ പ്രവചനം യാഥാർഥ്യമാകുന്നതു ലോകം കണ്ടം. അമേരിക്കൻ ജനാധിപത്യത്തെ നാണം കെടുത്തി അക്രമവും തേർവാഴ്ചയും അരങ്ങേറിയപ്പോൾ തന്റെ സ്വകാര്യമുറിയിൽ ടെലിവിഷനിൽ ട്രംപ് അക്രമങ്ങൾ കണ്ടു പുഞ്ചിരിച്ചു. അക്രമകാരികളെ ചൂണ്ടി, ഇവർ ആവശ്യപ്പെടുന്നതു തന്നെയാണ് ഞാനും പറയുന്നതെന്ന് ട്രംപ് പറഞ്ഞത്രേ. 

2018 ലാണ് ട്രംപ് ജനറൽ മില്ലെയെ പഴ്സനേൽ സ്റ്റാഫിന്റെ തലവനായി നിയമിക്കുന്നത്; അതും പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസിന്റെ എതിർപ്പ് അവഗണിച്ച്. ഔദ്യോഗിക കാലാവധിയിൽ ഉടനീളം പൊതുവേ നിശ്ശബ്ദനും ശാന്തനുമായി കാണപ്പെട്ട ജനറൽ, വൈറ്റ് ഹൗസിനു മുന്നിൽ അക്രമം അരങ്ങേറിയപ്പോൾ മാത്രമാണ് യൂണിഫോമിൽ പ്രത്യക്ഷപ്പെട്ട് സ്ഥിഗതികൾ നിയന്ത്രണത്തിൽ കൊണ്ടുവരാൻ ശ്രമിച്ചത്. സൈന്യം രാഷ്ട്രീയത്തിൽ ഇടപെടുന്നു എന്ന തോന്നലാണ് ഈ നീക്കം സൃഷ്ടിച്ചത്. ഇതിന്റെ പേരിൽ പിന്നീട് അദ്ദേഹം മാപ്പു ചോദിക്കുകയും ചെയ്തു. 

former-us-president-donald-trump
ഡോണൾഡ് ട്രംപ്

ട്രംപിനെ എല്ലാക്കാലത്തും ജനറൽ സംശയത്തോടെയാണത്രേ കണ്ടത്. എന്നാൽ തിരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കാതായതോടെ സംശയം വർധിക്കുകയും ഭീതി ജനിക്കുകയും ചെയ്തു. ഹിറ്റ്ലറിന്റെ കാലത്തേക്ക് ട്രംപ് അമേരിക്കയെ നയിക്കുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ പേടി. ഫലം പുറത്തുവരികയും ട്രംപ് പരാജയം അംഗീകരിക്കാതിരിക്കുകയും ചെയ്ത ദിവസങ്ങളിൽ ജനറലിനെ ഒരു മുൻ സുഹൃത്ത് വിളിച്ചു: ട്രംപും അനുയായികളും കൂടി ജനാധിപത്യത്തെ അട്ടിമറിച്ചേക്കും എന്നാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്. എന്നാൽ എത്രയൊക്കെ ശ്രമിച്ചാലും ട്രംപ് ഒടുവിൽ കീഴടങ്ങും എന്നുതന്നെ ജനറൽ വിശ്വസിച്ചു. കാരണം ട്രംപിന്റെ നിയമവിരുദ്ധ നീക്കങ്ങളെ സൈന്യം ഒരിക്കലും പിന്തുണയ്ക്കില്ല എന്നദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. 

‘സൈന്യത്തിന്റെ സഹായമില്ലാതെ ട്രംപിന് ജനാധിപത്യത്തെ അട്ടിമറിക്കാനാവില്ല. സിഐഎയുടെയും എഫ്ബിഐയുടെയും സഹായമില്ലാതെ അതൊരിക്കലും നടക്കില്ല. തോക്കുകൾ ഞങ്ങളുടെ കയ്യിലാണല്ലോ’– ജനറൽ അക്കാലത്ത് ആത്മവിശ്വാസം പ്രകടിപ്പിച്ചു. എങ്കിലും നൂറുകണക്കിനുപേർ ആയുധങ്ങളുമായി തെരുവിൽ ഇറങ്ങിയതോടെ ജനറൽ ആശങ്കയിലായെന്നും പുസ്തകം വെളിപ്പെടുത്തുന്നു. ട്രംപിന്റെ ഭരണകാലത്തിന്റെ അവസാന വർഷങ്ങളെക്കുറിച്ചു മാത്രമാണ് പുതിയ പുസ്തകം പറയുന്നത്. ഉപജാപങ്ങളുടെയും ഗൂഢാലോചനകളുടെയും അക്രമങ്ങളുടെയും കഥകളും ജനാധിപത്യ പ്രക്രിയയെ തകിടം മറിക്കാനും നടത്തിയ ശ്രമങ്ങളും ഒടുവിൽ ജോ ബൈഡനും ഇന്ത്യൻ വംശജയായ കമല ഹാരിസും അധികാരത്തിൽ എത്തുന്നതും വരെയുള്ള കലുഷമായ കാലം മാത്രം. 

1930–കളിൽ ജർമൻ പാർലമെന്റിനു നേരേ നടന്ന രക്തരൂഷിതമായ അക്രമങ്ങളെ ന്യായീകരിച്ചുകൊണ്ടാണ് ഹിറ്റ്ലർ അവതരിച്ചത് എന്നതു ചരിത്രം. രാജ്യത്തിന്റെ രക്ഷകൻ ഇതാ വന്നെത്തിയിരിക്കുന്നു എന്ന പ്രതിച്ഛായ സൃഷ്ടിച്ചുകൊണ്ട് അധികാരത്തിലേറുകയും എതിർ ശബ്ദമുയർത്തിയവരെ മുഴുവൻ ഇല്ലാതാക്കുകയും ചെയ്ത സ്വേച്ഛാധിപത്യത്തിലേക്കായിരുന്നു ഹിറ്റ്ലറിന്റെ യാത്ര. രണ്ടാം ലോക യുദ്ധത്തിലേക്കും. 

ജനുവരി 20 ന് ബൈഡൻ പ്രസിഡന്റായി അധികാരത്തിലേറുകയും ട്രംപ് മുൻ പ്രസിഡന്റായി വൈറ്റ് ഹൗസ് ഒഴിയുകയും ചെയ്തതിനുശേഷം ഒരു ദിവസം മുൻ പ്രഥമ വനിത മിഷേൽ ഒബാമ ജനറലിനെ കണ്ടു. ഇപ്പോൾ എന്തു തോന്നുന്നു എന്നു മിഷേൽ ചോദിച്ചപ്പോൾ ജനറൽ പറഞ്ഞു: ഇന്ന് ഏറ്റവും നന്നായി ചിരിക്കുന്ന മനുഷ്യൻ ഞാനാണ്. മാസ്ക് ധരിച്ചിരിക്കുന്നതിനാൽ നിങ്ങൾക്ക് ആ ചിരി പൂർണമായി കാണാനാവുന്നില്ല എന്നേയുള്ളൂ’. 

കോവിഡ് കൈകാര്യം ചെയ്തതിൽ ട്രംപിനുണ്ടായ പരാജയങ്ങളും പുസ്തകം അക്കമിട്ടു നിരത്തുന്നു. ലക്ഷങ്ങളുടെ മരണത്തിനു കാരണക്കാരൻ ട്രംപല്ലാതെ മറ്റാരുമല്ല എന്നാണ് പുസ്തകം പറയുന്നത്. എന്നിട്ടും ട്രംപ് ആവർത്തിച്ചു; ആവർത്തിച്ചു വിശ്വസിപ്പിക്കാനും പരിശ്രമിച്ചു: എനിക്കു മാത്രമേ എല്ലാം ശരിയാക്കാൻ കഴിയൂ. 

Conent Summary : I Alone Can Fix It Donald J. Trump’s Catastrophic Final Year By Carol Leonnig and Philip Rucker

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com