മനസ്സിന്റെ ജനിതകം തേടിയുള്ള സഞ്ചാരം; ശ്രീജിത്ത് കൊന്നോളിയുടെ വേറിട്ട കഥാവഴി

HIGHLIGHTS
  • പുതുവാക്ക് – മലയാള സാഹിത്യത്തിലെ പുതുതലമുറയെ പരിചയപ്പെടുത്തുന്ന പംക്തി
Sreejith Konnoli
ശ്രീജിത്ത് കൊന്നോളി
SHARE

അറിയാതെ ഒരു പൂമൊട്ടിൽ ഒന്നു തൊട്ടതിന്, അനുവാദം ചോദിക്കാതെ ഒരു പൂവ് അടർത്തിയെടുത്തതിന് നിങ്ങളെപ്പോഴെങ്കിലും ഒരു ലില്ലിച്ചെടിയോടു മാപ്പു ചോദിച്ചിട്ടുണ്ടോ? ജീവിതത്തിലേക്കു മടങ്ങി വന്നാൽ നിങ്ങളെനിക്ക് എന്തു തരുമെന്ന, ആത്മഹത്യാ മുനമ്പിൽ നിൽക്കുന്ന ഒരു യുവതിയുടെ ചോദ്യത്തിന് ‘നിങ്ങൾ ജീവിതത്തിലേക്കു തിരിച്ചു വന്നാൽ എനിക്കു തരാൻ സാധിക്കുന്നത് ഒരു ചുംബനം മാത്രമാണ്’ എന്നു പറയുന്ന ഒരു പട്രോളിങ് ഓഫിസറെ പരിചയപ്പെട്ടിട്ടുണ്ടോ? അത്രമേൽ നനുത്ത ചില ചിന്തകളുടെ കോശങ്ങളിലേക്കു ജീവിതത്തിന്റെയും മരണത്തിന്റെയും രഹസ്യം തേടിപ്പോകുന്നവയാണു ശ്രീജിത്ത് കൊന്നോളിയുടെ കഥകൾ. കഥാപാത്രങ്ങളുടെ മനസ്സിന്റെ ഉള്ളറകളിലേക്കുള്ള സൂക്ഷ്മ നോട്ടം സമകാലീന മലയാള കഥാസാഹിത്യത്തിൽ ശ്രീജിത്തിന്റെ എഴുത്തിനു സമാനതകളില്ലാത്ത ആഴം നൽകുന്നുണ്ട്. മനുഷ്യരോടൊപ്പം വൃക്ഷങ്ങളും മൃഗങ്ങളും പക്ഷികളുമെല്ലാം ആ കഥാപരിസരത്തെ അംഗങ്ങളാണ്. ‘ഓർമകൾ പൊഴിഞ്ഞു വീഴുമ്പോൾ ഇല പാറിപ്പോയ കൊമ്പു പോലെ നഗ്നരാണു നമ്മൾ’ എന്ന ഉപമയിൽപ്പോലും ആ പ്രകൃതി – പരിസ്ഥിതി ബന്ധം കാണാം. ശ്രീജിത്തിന്റെ കഥാനായകനായി വരുന്ന ഉറുമ്പ് വെറുമൊരു ‘ഉറുമ്പ്’ അല്ല, അവനൊരു പേരുണ്ട് – ഗ്രഹാം പൈപ്പ്. റിച്ചാർഡ് എന്നൊരു കൂട്ടുകാരനുറുമ്പും അവനോടൊപ്പമുണ്ട്. മുതിരുമ്പോൾ മനുഷ്യർ പൊഴിച്ചുകളയുന്ന ചില ബാല്യകാല നേരുകൾ വീണ്ടെടുക്കുകയാണു ശ്രീജിത്ത് ഇവിടെ. പുതിയകാല കഥയിൽ അധികമാരും സ്വീകരിക്കാത്ത വഴികളിലൂടെയാണു ശ്രീജിത്തിന്റെ സഞ്ചാരം. മൗലികതയും ഉന്നത ദാർശനിക, ചരിത്ര ബോധവുമാണു പിൻബലം. ‘ലയണൽ മെസ്സിയുടെ ചില ജനിതക പ്രശ്നങ്ങൾ’ എന്ന ശ്രീജിത്തിന്റെ കഥാസമാഹാരത്തിൽ 11 കഥകളാണുള്ളത്. 

കഥ ഒരു ഇമോഷനൽ ഡിക്‌ഷണറിയാണെന്നും മനുഷ്യൻ ഒരു വലിയ സാമൂഹിക ജീവിയായി തീർന്നതിനു പിന്നിലെ ഉത്തോലകമാണെന്നും ശ്രീജിത്ത് ഒരിടത്ത് എഴുതിയിട്ടുണ്ട്. ആഴത്തിലുള്ള ഇമോഷനൽ ഇൻവെസ്റ്റ്മെന്റ് വേണ്ട വായനയാണു ശ്രീജിത്തിന്റെ കഥകളും ആവശ്യപ്പെടുന്നത്. ഇതേപ്പറ്റി വിശദമായി പറയാമോ?

കഥ എന്തിന് എഴുതണം എന്ന ചോദ്യത്തിന് എനിക്കു തോന്നിയ ഉത്തരം ഞാൻ ലളിതമായി പറയാം. മനുഷ്യൻ എന്ന ജീവി നിത്യ ജീവിതത്തിൽ ഒരുപാടു വൈകാരിക അവസ്ഥകളിലൂടെ കടന്നു പോകുന്നുണ്ട്. ഈ അവസ്ഥകളിലൂടെ നമ്മൾ കടന്നു പോകുമ്പോഴും ഇതിനെയൊന്നും നമുക്ക് ബോധപൂർവം മനസ്സിലാക്കാൻ സാധിക്കാറില്ല. ഒരു ഇമോഷനൽ സിറ്റ്വേഷൻ കൃത്യമായി നമുക്ക് റിയലൈസ് ആകണമെങ്കിൽ അതിന് ഒരു പേരു വേണം. ഭാഷയിൽ നിരന്തരം പരീക്ഷണങ്ങൾ നടന്നാൽ മാത്രമേ സബ്ജക്ടീവ് ആയ അത്തരം അനുഭവങ്ങളെ നമുക്ക് എക്സ്പ്രസ് ചെയ്യാൻ സാധിക്കൂ. മനുഷ്യർക്കിടയിലെ ഇത്തരം എക്സ്പ്രഷൻസ് ആണു മനുഷ്യൻ എന്ന ജീവിയുടെ നിലനിൽപ്പിന് ആധാരം. കഥ ജീവിതത്തിലെ ഒരു ഇമോഷനൽ സിറ്റ്വേഷൻ എങ്ങനെ എക്സ്പ്രസ് ചെയ്യാമെന്നുള്ള ഡോക്യുമെന്റേഷൻ ആണ്. 

sreejith-konnoli-writer

കരയ്ക്കിടയിൽ ഒഴുകുന്ന ജലത്തിൽ നോക്കിയെഴുതിയ 11 കഥകൾ എന്നാണ് ‘ലയണൽ മെസിയുടെ ചില ജനിതക പ്രശ്നങ്ങൾ’ എന്ന കഥാസമാഹാരത്തെ ശ്രീജിത്ത് വിശേഷിപ്പിക്കുന്നത്. രണ്ടായിരത്തിൽ ആദ്യ കഥ പ്രസിദ്ധീകൃതമായതിനുശേഷം 2018 ലാണു പിന്നീടൊരു ‘ശ്രീജിത്ത് കൊന്നോളി’ കഥ പ്രസിദ്ധീകരിക്കപ്പെടുന്നത്. പിന്നീട് 11 കഥകളുടെ സമാഹാരം ഈ വർഷം പുറത്തിറങ്ങി. എന്തുകൊണ്ടാണു കഥകൾക്കിടയിൽ ഇത്തരമൊരു വലിയ ഇടവേള വന്നത്?

യുവൽ നൊആ ഹരാരിയുടെ (Yuval Noah Harari) പുസ്തകമായ ഹോമോ ഡിയുസിൽ (Homo Deus) അദ്ദേഹം മനുഷ്യനും മൃഗങ്ങളും ജീവിക്കുന്ന റിയാലിറ്റിയെ കുറിച്ച് പറയുന്നുണ്ട്. മൃഗങ്ങൾക്ക് രണ്ടു റിയാലിറ്റിയേ ഉള്ളൂ. ഒബ്ജക്ടിവ് റിയാലിറ്റിയും (മണ്ണ്, മരം, പുഴ) സബ്ജക്ടിവ് റിയാലിറ്റിയും (വേദന, സന്തോഷം). പക്ഷേ, മനുഷ്യനെ സംബന്ധിച്ചെടുത്തോളം ഒബ്ജക്ടിവും സബ്ജക്ടിവുമായ റിയാലിറ്റി അല്ലാതെ മൂന്നാമതൊരു റിയാലിറ്റി ഉണ്ട്. അത് ഇന്റർ സബ്ജക്ടിവ് റിയാലിറ്റിയാണ്. ഇന്റർ സബ്ജക്ടിവ് റിയാലിറ്റി എന്നു പറയുന്നതു നിങ്ങളും ഞാനും ഉൾപ്പെടെയുള്ള മനുഷ്യർ വിശ്വസിക്കുന്ന കഥകളാണ് (രാജ്യം, പണം). ഇവിടെ രാജ്യമായാലും പണമായാലും നിങ്ങളും ഞാനും എല്ലാവരും കൂടി വിശ്വസിക്കുന്ന ഒരു എഗ്രിമെന്റ് അല്ലെങ്കിൽ കഥ മാത്രമാണ്. ഒരു ദിവസം നിങ്ങളെല്ലാവരും ഒരുമിച്ചു വിശ്വസിക്കുകയാണ് ഇതാ ഇന്നു മുതൽ ആയിരം രൂപയ്ക്ക് വിലയില്ലെന്ന്. അന്നു മുതൽ നിങ്ങൾ അതുവരെ ഉപയോഗിച്ചിരുന്ന അല്ലെങ്കിൽ വിശ്വസിച്ചിരുന്ന ആയിരം രൂപ ഒരു കടലാസ് കഷണമായി മാറുന്നു. സത്യത്തിൽ മനുഷ്യരെ മൃഗങ്ങളിൽ നിന്ന് ഈ കഥകൾ വ്യത്യസ്തരാക്കുന്നു. ഇത്തരം പാരസ്പരികവും ഭാവനാത്മകവുമായ കഥകളിലൂടെയാണ് മനുഷ്യൻ നിത്യജീവിതം നയിക്കുന്നത്. കാലം മുൻപോട്ട് പോകുന്തോറും നമ്മൾ കൂടുതൽ കഥകൾ വിശ്വസിക്കാൻ പ്രാപ്തരാകുന്നു. കൂടുതൽ കഥയുള്ളവനാകുന്നു. കൂട്ടത്തിൽ കഥയില്ലാത്തവനെ കഥയില്ലാത്തവൻ എന്നു പറഞ്ഞു പരിഹസിക്കുന്നു. ജീവിതത്തിൽ കുറച്ചുകാലം കഥയില്ലാത്തവനായി ജീവിച്ചു എന്നു മാത്രമേ അതിന് എനിക്ക് ഉത്തരമുള്ളൂ. 

lionel-messiyude-chila-jenithaka-presnangal

ഇരിങ്ങൽ എന്ന ദേശം ശ്രീജിത്തിന്റെ കഥയെഴുത്തിനെ എത്ര മാത്രം സ്വാധീനിച്ചിട്ടുണ്ട്. അവിടെയുള്ള സുഹൃദ്സംഘത്തെപ്പറ്റിയും കളിച്ചുനടന്ന കാലത്തെപ്പറ്റിയും ക്ലബിനെപ്പറ്റിയുമൊക്കെ ശ്രീജിത്ത് എഴുതിയിട്ടുണ്ടല്ലോ. നീണ്ടകാലം ഗൾഫിലിരുന്ന് ഇരിങ്ങലിലേക്കു നോക്കുമ്പോൾ പിന്നിട്ട വഴികളിൽ എന്തൊക്കെയാണു കാണാനാകുന്നത്? 

തിയറി ഓഫ് മൈൻഡ് (ToM) എന്നു പറയുന്നതു മനുഷ്യനെ സംബന്ധിച്ചിടത്തോളം സാമൂഹിക ജീവിതം നയിക്കാനുള്ള വളരെ പ്രധാനപ്പെട്ട ഒരു പാടവമാണ്. ചിന്തയെക്കുറിച്ചുള്ള ചിന്ത എന്നതിനപ്പുറം മനുഷ്യന് അവന്റെയും അതോടൊപ്പം കൂടെ ജീവിക്കുന്നവരുടെയും വികാരങ്ങളെയും വിശ്വാസങ്ങളെയും ആഗ്രഹങ്ങളെയും അറിവിനെയും പറ്റി മനസ്സിലാക്കാനുള്ള ശേഷിയാണു തിയറി ഓഫ് മൈൻഡ്. മുൻപിലുള്ള മനുഷ്യന്റെ മനസ്സിലൂടെ കടന്നുപോകുന്ന ചിന്തയെക്കുറിച്ചുള്ള ഒരു ഊഹമെങ്കിലും ഉണ്ടാവുക, പിന്നീട് അതിനനുസരിച്ച് അയാളോടു പെരുമാറുക. ഈ പ്രാപ്തി ഉപയോഗിച്ചാണു മറ്റുള്ളവരുടെ ഉദ്ദേശ്യങ്ങൾ മനസ്സിലാക്കുന്നതും നമ്മൾ സാമൂഹികമായ ഇടപെടലുകൾ നടത്തുന്നതും. തിയററ്റിക്കലായുള്ള ഇത്തരം ഊഹങ്ങളാണ് നമ്മുടെ സാമൂഹിക ജീവിതത്തിന്റെ അടിസ്ഥാനം. ToM ഫാക്കൽറ്റി മനുഷ്യരിൽ ബലപ്പെടുന്നത് വളർച്ചയുടെ പല ഘട്ടങ്ങളിൽ നമ്മൾ കടന്നുപോകുന്ന അനുഭവങ്ങളിലൂടെയും സാമൂഹിക ഇടപെടലുകളിലൂടെയാണ്. അതോടൊപ്പം മനുഷ്യർ പല കാലങ്ങളായി പറയുകയും എഴുതുകയും ചെയ്യുന്ന കഥകൾ ഇതിൽ ഒരു വലിയ പങ്കുവഹിക്കുന്നുണ്ട്. ഞാൻ പറഞ്ഞു വരുന്നത് ഇരിങ്ങലിലെ ആളുകളുടെ ToM ഫാക്കൽറ്റിയെ കുറിച്ചാണ്. ലോകത്തിലെ ഒരുപാടുതരം ആളുകളുമായി ജോലി ചെയ്യാൻ എനിക്ക് അവസരം ഉണ്ടായിട്ടുണ്ട്. പക്ഷേ, ഇരിങ്ങലിലെ ആളുകളെപ്പോലെ ഇത്രയേറെ മെന്റലി ബാലൻസ്ഡ് ആയിട്ടുള്ള ഒരു ജനതയെ ഞാൻ കണ്ടിട്ടില്ല. അതുകൊണ്ടു തന്നെ കാന്തത്തിലേക്ക് ഇരുമ്പുനുള്ള് പറ്റും പോലെ ഞാൻ ഇരിങ്ങലിലേക്ക് ആഴത്തിൽ പറ്റിപ്പിടിച്ചിരിക്കയാണ്. എന്റെ കാഴ്ച മുഴുവൻ ഇരിങ്ങലിലേക്കാണ്. 

മേതിൽ രാധാകൃഷ്ണനും ഒ.വി.വിജയനുമാണു മലയാളത്തിൽ ശ്രീജിത്തിന് ഏറ്റവും ഇഷ്ടമായ കഥാകൃത്തുക്കൾ എന്നൊരു സംഭാഷണത്തിൽ പറഞ്ഞിരുന്നല്ലോ. കഥാസമാഹാരത്തിന്റെ അവതാരികയിൽ ഡോ. വത്സലൻ വാതുശേരി പറഞ്ഞ പോലെ ഇവരുടെ കഥകളിലെ മൈക്രോസ്കോപിക് നോട്ടങ്ങളായിരിക്കുമല്ലോ ശ്രീജിത്തിനെ ആകർഷിച്ചത്. ശ്രീജിത്തിന്റെ കഥകൾ വായിക്കുമ്പോഴും നിശിതമായ അത്തരമൊരു ചുഴിഞ്ഞുനോട്ടം അനുഭവപ്പെടുന്നുണ്ട്. ‘‘പ്രകൃതിക്ക് ഒരു ജീവിയുടെയും നിലനിൽപിൽ പങ്കില്ല. പ്രകൃതി ഒരു വലിയ അപകടക്കൂടാണ്. അവിടെ എല്ലാവരും ജീവിച്ചു തെളിയിക്കണം. അതിനു ദൈവത്തെ കൂടെക്കൂട്ടേണ്ടതും, പ്രാർഥിക്കേണ്ടതും, ജീവിക്കേണ്ടതും ജീവിയുടെ മാത്രം ഉത്തരവാദിത്തമാണ്’’. ഫോർമിസൈഡി എന്ന കഥയിലെ ഈ പരാമർശം പോലെ ശ്രീജിത്തിന്റെ എല്ലാ കഥകളിലും ഈയൊരു ‘സൂക്ഷ്മദർശിനിയിലൂടെയുള്ള നോട്ടം’ അനുഭവിക്കാനാകും. കഥകളെഴുതുമ്പോൾ, കഥാപാത്രങ്ങൾ രൂപപ്പെടുമ്പോൾ ശ്രീജിത്തിന്റെ മനസ്സിലെന്താണ്? 

പ്രകൃതിയിൽ ജീവന്റെ മൗലികമായ ചോദനകൾ പെറ്റുപെരുകലും നിലനിൽപുമാണ്. അതിനു വേണ്ടിയുള്ള ഓരോ ജീവിവർഗത്തിന്റെയും പ്രയോഗകൗശലങ്ങൾ, ധാരണകൾ വിഭിന്നമാണ്. അങ്ങനെ ധാരണ തെറ്റിയ അല്ലെങ്കിൽ ഉൾക്കഥ തെറ്റിപ്പോയ ഓസ്ട്രേലിയയിലെ ഒരു തരം വണ്ടുകളുണ്ട്. ശരീരത്തിൽ കവിൾക്കുഴിപോലെ ചെറിയ അനേകം കുഴികളും മിന്നുന്ന തവിട്ടുനിറവുമുള്ള ഓസ്ട്രേലിയൻ ജുവൽ ബീറ്റിൽ. അവയിലെ പെൺവർഗത്തിനു പറക്കാൻ സാധിക്കില്ല. ആൺ ബീറ്റിലുകൾ നല്ലൊരു ഇണയെത്തേടി ചുറ്റുപാടും പറന്നു നടക്കുകയായിരിക്കും. പറ്റിയ ഇണയെ കണ്ടാൽ അത് അതിനടുത്തേക്കു പറന്നിറങ്ങുകയും മേറ്റ് ചെയ്യുകയും ചെയ്യും. പക്ഷേ, ആൺ ബീറ്റിലുകൾക്ക് ഒരിക്കൽ കഥ തെറ്റി. മനുഷ്യർ ജനവാസമില്ലാത്ത പ്രദേശത്ത് ഉപേക്ഷിച്ചുപോയ ബീയർ ടിന്നുകൾ അത് ഇണയാണെന്ന് തെറ്റിദ്ധരിച്ച് കൂട്ടം കൂട്ടമായി പറന്നിറങ്ങി മേറ്റ് ചെയ്യാൻ ശ്രമിച്ചു. ഈ ബീയർ ബോട്ടിലുകൾ മിനുസമുള്ളതും തവിട്ടുനിറത്തിലുള്ളതും പ്രതലത്തിൽ പെൺബീറ്റിലിനെന്നപോലെ അനേകം ചെറു കുഴികളുള്ളവയുമായിരുന്നു. ഇക്കാരണത്താൽ ഈ വണ്ടുകൾ വംശനാശത്തിന്റെ വക്കു വരെ എത്തി. ആ ബീറ്റിലുകളെ രക്ഷിക്കാൻ ഒടുവിൽ ബീയർ ബോട്ടിൽ മാറ്റേണ്ടി വന്നു എന്നതാണു വാസ്തവം. നോക്കൂ, കഥ മാറി വിശ്വസിച്ച ഒരു ജീവി വർഗത്തിന്റെ ദാരുണമായ അവസ്ഥ. മനുഷ്യൻ ജനിക്കുമ്പോൾ കഥയില്ലാത്തവനാണ്. വളർച്ചയിലെ ഓരോ ഘട്ടത്തിലും പലതരം വിശ്വാസങ്ങളിലൂടെ, സങ്കൽപങ്ങളിലൂടെ, പലതരം ഇന്ദ്രിയ അനുഭവങ്ങളിലൂടെ വിശിഷ്ടമായ കഥകൾ നമ്മളിൽ രൂപപ്പെടുന്നു. ആദ്യം ഞാൻ ആരാണെന്ന പ്രധാന കഥ. പിന്നീടു നീ ആരാണെന്ന മറ്റൊരു കഥ. അങ്ങനെ അങ്ങനെ ഒരുപാടു കഥകൾ. ഓരോ കഥയിലൂടെയും ഞാൻ കുരുക്കഴിക്കാൻ ശ്രമിക്കുന്നത് ഞാൻ ആരാണ്? ഞാൻ എന്തിനാണ്? എന്ന ചോദ്യങ്ങളെയാണ്. ഓരോ കഥയും മനസ്സിൽ പല രീതിയിലാണ് രൂപപ്പെടുന്നത്. ഞാൻ കഥയുണ്ടെന്നു വിശ്വസിക്കുന്ന ഒരു വാക്കിൽ നിന്ന്, ഒരു നോട്ടത്തിൽ നിന്ന്, അല്ലെങ്കിൽ ഒരു ഓർമയിൽ നിന്നായിരിക്കാം ആ രൂപപ്പെടൽ. മനുഷ്യൻ സത്യത്തിൽ ഒരു ഇന്റൻഷനൽ ഏജന്റ് ആണ്. എല്ലാറ്റിനു പിന്നിലും ഒരു കാരണം ഉണ്ടെന്നു വിശ്വസിക്കാൻ അവൻ ആഗ്രഹിക്കുന്നു. എന്റെ തികച്ചും സബ്ജക്ടീവ് ആയി അനുഭവപ്പെടുന്ന അത്തരം ചില കാരണങ്ങളാണ് എന്റെ കഥകൾ. എനിക്ക് എന്നെ കൃത്യമായി അറിയാത്തതു കൊണ്ട് ഒരു കഥ എഴുതിക്കഴിഞ്ഞാൽ വീണ്ടുമൊരു കഥ എഴുതാൻ സാധിക്കുമോ എന്നു ഞാൻ സംശയിക്കാറുണ്ട്. 

kallanum-policeum

കേരളത്തിനു പുറത്തുള്ള ഒരു ഭൂമിക കഥകളിൽ കൊണ്ടുവരാൻ ശ്രീജിത്ത് ശ്രമിച്ചിട്ടുള്ളതായി കഥകളുടെ വായനയിൽ അനുഭവപ്പെട്ടു. കഥാപാത്രങ്ങളിലൂടെയും സ്ഥലങ്ങളിലൂടെയുമാണ് അതു സാധ്യമാക്കിയിരിക്കുന്നത്. ‘ഗോൾഡൻ ഗേറ്റ് പാലത്തിലെ ആത്മഹത്യ’ എന്ന കഥയിലെ സ്ഥലം കലിഫോർണിയ ആണ്. കെവിൻ ബ്രിഗ്സും കാതറിനുമാണു കഥാപാത്രങ്ങൾ. ‘പാവ’യിലാകട്ടെ പോളണ്ടിലെ സോബിബോർ ഡെത്ത് ക്യാംപിന്റെ പരാമർശമുണ്ട്. ‘പൂക്കൾ വരയ്ക്കുന്നവരുടെ കാമുകിമാർ’ എന്ന കഥയിൽ വാൻഗോഗും അദ്ദേഹത്തിന്റെ കാമുകി യൂജിൻ ലോയറുമുണ്ട്. ഫ്രഞ്ച് ചിത്രകാരൻ ക്ലോദ് മോനേയും അതിൽ പരാമർശിക്കപ്പെടുന്നു. ‘ഫോർമിസൈഡി’യിലെ ഉറുമ്പിന്റെ പേര് ഗ്രഹാം പൈപ്പ് എന്നാണ്. ‘രണ്ടു മരങ്ങളിൽ’ ഫ്രാൻസിൽ ജീവിക്കുന്ന ഒലീവിയർ റൗബുൽട്ട് ഒരു ഉപകഥയുടെ ഭാഗമായി വരുന്നു. ‘ലയണൽ മെസ്സിയുടെ ചില ജനിതക പ്രശ്നങ്ങളിൽ’ ഇംഗ്ലണ്ടും മാഞ്ചസ്റ്ററും അവിടെ നിന്നെത്തിയ ലീ ജെൻകിൻസനും കടന്നു വരുന്നു. ‘സ്വപ്നങ്ങൾ, അടയാളങ്ങളിലെ’ പ്രധാന ഭൂമിക ബർമയാണ്. ഈ കഥാപരിസരങ്ങൾ രൂപപ്പെട്ടു വന്നതെങ്ങനെയാണ്? ഇവയിലൂടെ ശ്രീജിത്ത് ലക്ഷ്യമിടുന്നത് എന്താണ്?

The bridge between suicide and life എന്ന ടൈറ്റിലിൽ ഒരു TED Talk ഉണ്ട്. കെവിൻ ബ്രിഗ്സ് എന്ന പേരിലുള്ള, ഗോൾഡൻ ഗേറ്റ് പാലത്തിലെ പട്രോളിങ് ഓഫിസർ പറയുന്ന അനുഭവമാണത്. ഗ്രഹാം, ലീ ജങ്കിൻസൻ, ഒലീവിയർ ഇവരെല്ലാം പല സമയങ്ങളിലായി എന്റെ കൂടെ ജോലി ചെയ്തിരുന്ന ആളുകളാണ്. ഒലീവിയർ പറഞ്ഞ കുട്ടിക്കാലത്തെ അനുഭവം അതേപോലെ പകർത്തിയെഴുതിയതാണ് ‘രണ്ട് മരങ്ങൾ’ എന്ന കഥ. ക്ലോദ് മോനെയുടെ ചിത്രങ്ങൾ അബുദാബിയിലെ ലൂവർ മ്യൂസിയത്തിൽ കണ്ടതാണ്. അദ്ദേഹം വരച്ച ഒരു മരം ഞാൻ കുറച്ചു നേരം നോക്കി നിന്നിട്ടുണ്ട്. ഉറുമ്പുകളെക്കുറിച്ച് വായിച്ച എതോ ഒരു ആർട്ടിക്കിളിൽ നിന്നാണ് ഫോർമിസൈഡി ഉണ്ടാവുന്നത്. ഒരു ജോലിയും ചെയ്യാതെ കൂട്ടിൽ വെറുതെയിരിക്കുന്ന ഉറുമ്പുകളെ കുറിച്ചായിരുന്നു ആ ലേഖനം. അവർ വെറുതെയിരിക്കുന്നവരല്ല, കൂട്ടിൽ ഉണ്ടായേക്കാവുന്ന അത്യാഹിത സന്ദർഭങ്ങൾ കൈകാര്യം ചെയ്യാനുള്ള റിസർവ് ഗ്രൂപ്പുകൾ ആണ് എന്ന ഒരു അറിവിനെത്തുടർന്നാണ് ഈ കൂട്ടിൽ ഒരു കഥയുണ്ടെന്ന് ഞാൻ ഉറച്ച് വിശ്വസിച്ചത്. അങ്ങനെ ഓരോ കഥയും ഓരോ രീതിയിലാണ് ഉണ്ടായത്. ലക്ഷ്യമിടുന്നതു നല്ല കഥകൾ എഴുതണമെന്നാണ്. ഒറ്റ കഥയും എന്നിലേക്ക് താനേ കയറി വന്നിട്ടില്ല. നേരത്തേപറഞ്ഞ പോലെ എനിക്ക് ഓരോ കഥയും ഓർമയുടെയോ കാഴ്ചയുടെയോ അല്ലെങ്കിൽ വായന അനുഭവത്തിന്റെയോ കേൾവിയുടെയോ അങ്ങേ അറ്റത്ത് പോയി വലിച്ചിഴച്ചു കൊണ്ടുവന്നതാണ്. അറവു ശാലയിലേക്ക് കൊണ്ടുപോകുന്ന ആടിനെ കണ്ടിട്ടില്ലേ? അതുപോലെ. 

പക്ഷിമൃഗാദികളും സസ്യലതാദികളും പുഴകളും പർവതങ്ങളുമടങ്ങിയ പ്രകൃതി ശ്രീജിത്തിന്റെ കഥാപരിസരത്തെ പ്രധാനപ്പെട്ടൊരു സാന്നിധ്യമാണ്. ചില കഥകളിലാകട്ടെ ഒരു മനുഷ്യനെപ്പോലും നമുക്കു കണ്ടെത്താനുമാകില്ല. ‘ഭൂതം’ പോലും ഒരു കഥയിൽ പ്രധാന കഥാപാത്രമായി വരുന്നുണ്ട്. ഗോൾഡൻ ഗേറ്റ് പാലത്തിലെ ആത്മഹത്യ എന്ന കഥയിലെ തണുത്ത നദിയും പസഫിക് സമുദ്രവും ലില്ലിച്ചെടിയും, ഫോർമിസൈഡിയിലെ ഉറമ്പുകളും ആനകളും കാനറിപ്പക്ഷിയും പാമ്പും അരണയും, രണ്ടു മരങ്ങളിലെ പേരയും വേപ്പും, മുയലും നായയും കേന്ദ്രകഥാപാത്രങ്ങളായി വരുന്ന കഥകൾ തുടങ്ങിയവ വേറിട്ടൊരു അനുഭവപരിസരത്തെയാണ് അനാവൃതമാക്കുന്നത്. ഇത്തരമൊരു കഥപറച്ചിൽ രീതി അവലംബിക്കുന്നതിനു പിന്നിലെന്താണ്? 

മനുഷ്യന്റെ ചിന്തകളെക്കുറിച്ച് ഓർക്കുമ്പോൾ എനിക്ക് തോന്നിയ ഒരു മോഡലാണ് താഴെ ചിത്രത്തിൽ. ഇതിന് ശാസ്ത്രീയ അടിസ്ഥാനമൊന്നുമില്ല. എന്റെ തോന്നലുകൾ മാത്രമാണ്. നമ്മുടെ തോന്നലുകളാണല്ലോ നമ്മുടെ റിയാലിറ്റിയും. ഇതിൽ ഏത് സർക്കിളിൽ നമ്മൾ കൂടുതൽ ചിന്തിക്കുന്നോ അതാണു നമ്മൾ. എല്ലാ ചിന്തകളും ബോധപൂർവമായിക്കൊള്ളണമെന്നില്ല. ഞാനറിയാതെ പ്രകൃതി എന്നെ ഉത്തേജിപ്പിക്കുന്നുണ്ടാവാം. അതുകൊണ്ടാവാം മനുഷ്യനും അപ്പുറത്തേക്ക് ഞാൻ വലിഞ്ഞു പോകുന്നത്. 

human-thinking-model

പാലത്തിന്റെ കൈവരിയിൽ നിന്നു നദിയിലേക്കു ചാടാനായി തയാറെടുക്കുന്ന കാതറിൻ തന്നെ രക്ഷിക്കാനെത്തിയ ഓഫിസർ കെവിനോട് ഒരു ചോദ്യമെറിയുന്നുണ്ട്: ഞാൻ മരിക്കുന്നില്ലെന്നു തീരുമാനിച്ചാൽ നിങ്ങൾക്ക് എന്തെങ്കിലും പകരം തരാനുണ്ടോ? ഇതിനുള്ള കെവിന്റെ ഉത്തരം സിംപിളാണ്: നിങ്ങൾ ജീവിതത്തിലേക്കു തിരിച്ചു വന്നാൽ എനിക്കു തരാൻ സാധിക്കുന്നത് ഒരു ചുംബനം മാത്രമാണ്. കേരള പരിസരത്താണ് ഈ കഥ നടക്കുന്നതെങ്കിൽ ഇത്തരമൊരു ചോദ്യവും ഉത്തരവും സംഭവിക്കുമായിരുന്നോ എന്നൊരു കുസൃതിച്ചോദ്യം പെട്ടെന്നു മനസ്സിലുയർന്നു. ഇനിയിപ്പോൾ ആ ചോദ്യം ഉണ്ടാകുമെന്നു തന്നെ കരുതുക. അത്തരമൊരു ഉത്തരം ഒരു ഓഫിസർ നൽകിയാലുണ്ടാവുന്ന പുകിലുകളെന്തൊക്കെയാകും? ശ്രീജിത്തിന്റെ കഥാപരിസരങ്ങൾ ഇത്തരം ചില ചിന്തകൾ കൂടി തുറന്നിടുന്നുണ്ട്? എന്താണ് അഭിപ്രായം?

നമ്മൾ മൊറാലിറ്റി എന്ന വാക്കിനെ കണക്ട് ചെയ്തിരിക്കുന്നത് സെക്സിനോടാണ്. ഇതിന് ഒരു എവല്യൂഷനറി റീസൺ ഉണ്ട്. നമ്മൾ മോണോഗമികൾ ആയി ജീവിക്കേണ്ടത് നമ്മളെക്കാളും ആവശ്യം നമ്മുടെ കുട്ടികൾക്കാണ്. മറ്റു ജീവികളുടെ കുട്ടികളെക്കാളും വളരെയധികം റിസോഴ്സ് ഡിമാൻഡിങ് ആയ ജീവികൾ ആണു മനുഷ്യന്റെ കുട്ടികൾ. അമ്മയോടൊപ്പം ഡെഡിക്കേറ്റഡ് ആയ അച്ഛന്റെ സാന്നിധ്യവും പരിചരണവും കുട്ടികൾക്ക് ആവശ്യമുണ്ട്. അതുകൊണ്ടാണ് പരസ്ത്രീയോട് ചുംബനം തരാമെന്നു പറയുന്ന പുരുഷനെ സമൂഹം പാപിയായി കാണുന്നത്. കുട്ടികൾ ഇൻഡിപെൻഡന്റ് ആവാൻ സമയമെടുക്കുന്ന ഏതു സൊസൈറ്റിയിലേയും മൊറാലിറ്റി എന്നു പറയുന്നത് സെക്‌ഷ്വലി മോറൽ എന്നു തന്നെയാണ്. കാലം ഈ കുടുക്ക് എപ്പൊഴെങ്കിലും അഴിക്കുമായിരിക്കും. അപ്പോൾ നമുക്ക് ഒരു പാലത്തിന്റെ കൈവരിയിൽ നിന്ന് സ്ത്രീക്ക് പരപുരുഷനോടും പുരുഷന് പരസ്ത്രീയോടും വളരെ സാധാരണമായി ചുംബനങ്ങൾ വാങ്ങുകയും ചോദിക്കുകയും ചെയ്യാം. 

ശ്രീജിത്തിന്റെ സമകാലികരായ എഴുത്തുകാരിൽ വായിക്കുന്നത് ആരെയൊക്കെയാണ്? സമീപകാലത്ത് ഇറങ്ങിയ കഥകളിൽ ഏറ്റവും ഇഷ്ടമായത് ഏതൊക്കെ കഥകളാണ്? 

ശ്രദ്ധിക്കപ്പെടുന്ന എല്ലാ കഥകളും വായിക്കും. എല്ലാവരെയും ഇഷ്ടമാണ്. ഓരോരുത്തരുടെയും ക്രാഫ്റ്റിൽ എന്തെങ്കിലും ശ്രദ്ധിക്കാനുണ്ടാവും. 

sreejith-konnoli-puthuvakku

ഉറക്കം മതിയാവാതെ തപ്പിപ്പിടിച്ച് എഴുന്നേറ്റതിന്റെ ഭാരം കെവിൻ ബ്രിഗ്‌സിന്റെ കാലുകളിൽ തൂങ്ങിക്കിടക്കുന്നു’, ‘വൈദ്യുതവെളിച്ചത്തിന്റെ വട്ടവലുപ്പത്തിനപ്പുറം ഇരുട്ടു കനത്തു നിൽക്കുന്നു’, ‘ഓർമകൾ പൊഴിഞ്ഞുവീഴുമ്പോൾ ഇല പാറിപ്പോയ കൊമ്പുപോലെ നഗ്നരാണു നമ്മൾ’ തുടങ്ങിയ ശ്രീജിത്തിന്റെ ഭാഷാപ്രയോഗങ്ങൾ വായനയെ ഹൃദയത്തോട് അടുപ്പിക്കുന്നുണ്ട്. ഭാഷയെ കഥകളിൽ ഒരു ടൂൾ ആയി ഉപയോഗിക്കുമ്പോൾ ശ്രീജിത്ത് ശ്രദ്ധിക്കുന്നത് എന്തൊക്കെയാണ്? ‍

ഓസ്ട്രേലിയയിലെ കെയ്പ്പ്യോർക്ക് പെനിൻസുലയുടെ തെക്കു പടിഞ്ഞാറൻ ഭാഗത്തായി കൂക്ക് തയോർ എന്ന് പേരുള്ള ഒരു ഗോത്ര ജനവിഭാഗം ജീവിക്കുന്നുണ്ട്. അവരുടെ ഭാഷയുടെ പേരും കൂക്ക് തയോർ എന്നു തന്നെയാണ്. ഇവരുടെ പ്രത്യേകത ഇടത്, വലത് എന്നതിന് സമാനമായ വാക്കുകൾ അവരുടെ ഭാഷയിൽ ഇല്ല എന്നതാണ്. പകരം ഇവർ ദിക്കുകളെ അടിസ്ഥാനമാക്കി (കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക്) ആണു വശങ്ങളെ സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന് ഇടത്തെ കൈ എന്നു പറയുന്നതിനു പകരമായി ഒരുപക്ഷേ, കിഴക്കേ കൈ അല്ലെങ്കിൽ തെക്കേ കൈ എന്നൊക്കെയായിരിക്കും പറയുന്നത്. മാത്രമല്ല, അവർ പരസ്പരം അഭിവാദനം ചെയ്യുന്നത് അവർ പോകുന്ന ദിക്ക് സൂചിപ്പിച്ച് കൊണ്ടാണ്. എങ്ങോട്ട് പോകുന്നു? വടക്ക്-കിഴക്ക് വളരെ ദൂരെ. അങ്ങനെ ആന്തരികമായ ഒരു ദിക്ബോധം അവർ സദാ കൂടെ കൊണ്ടുനടക്കുന്നു. ഭാഷയിലെ ഈ പ്രത്യേകത കാരണം സാധാരണ മനുഷ്യരെക്കാൾ ദിശയെക്കുറിച്ച് അസാമാന്യമായ ഒരു ക്രമീകരണം ഈ മനുഷ്യരിൽ താനെ സംഭവിക്കുന്നു. ലോകത്തിൽ ഏകദേശം ഏഴായിരത്തോളം ഭാഷകൾ നമ്മൾ മനുഷ്യർ സംസാരിക്കുന്നു. മനുഷ്യന്റെ അതിജീവനത്തിന് ഭാഷയുടെ കണ്ടുപിടിത്തവുമായി വലിയ ബന്ധമുണ്ട്. ആശയങ്ങൾ പരസ്പരം കൈമാറുന്നു എന്നതിനപ്പുറം വ്യത്യസ്തമായ ഭാഷ സംസാരിക്കുന്നവർ വ്യത്യസ്തമായി ചിന്തിക്കുന്നു എന്നതാണു വാസ്തവം. റോമൻ ചക്രവർത്തിയായ ഷാർലമാൻ (Charlemagne) ഒരിക്കൽ പറഞ്ഞു രണ്ടാമതൊരു ഭാഷ സംസാരിക്കാൻ സാധിക്കുന്നത് രണ്ടാമതൊരു ആത്മാവ് ഉള്ളതു പോലെയാണ്. ഭാഷ മാത്രമാണു മനുഷ്യൻ എന്നു പറഞ്ഞ ശക്തമായ ഒരു ചരിത്ര പ്രസ്താവനയായിരുന്നു അത്. ഭാഷ നമ്മുടെ ഉൾക്കാഴ്ചകളെ എങ്ങനെ സ്വാധീനിക്കുന്നു എന്നു മറ്റൊരു ഉദാഹരണം നോക്കൂ - ജർമൻ ഭാഷയിൽ പാലം എന്ന നാമം സ്ത്രീലിംഗമാണെങ്കിൽ സ്പെയിനിൽ അത് പുല്ലിംഗമാണ്. അതുകൊണ്ടുതന്നെ ജർമൻ ഭാഷയിൽ പാലത്തിനെ വിശേഷിപ്പിക്കുമ്പോൾ മനോഹരമായ അല്ലെങ്കിൽ സുന്ദരമായ പാലം എന്നാണു പറയുന്നത്. പകരം സ്പാനിഷ് ഭാഷയിൽ അതു ബലമുള്ള പാലം എന്ന് പറയുന്നു. രണ്ടു ഭാഷ സംസാരിക്കുന്നവർക്കും പാലം എന്ന വാക്ക് രണ്ടു വ്യത്യസ്ത അനുഭവങ്ങളാണ് നൽകുന്നത്. ഭാഷയിലെ ഈ വ്യത്യാസം എങ്ങനെയാണ് മനുഷ്യരുടെ ചിന്തയെ ബാധിച്ചിട്ടുള്ളത്? എങ്ങനെയാണ് അവരുടെ നിത്യജീവിതത്തെ ബാധിച്ചിട്ടുള്ളത്? ഓരോ വ്യത്യസ്ത ഭാഷ സംസാരിക്കുന്ന മനുഷ്യന്റെ അന്തർദർശന നൈപുണ്യം വിഭിന്നമാണ്. ഈ നിപുണത ഒട്ടൊന്നുമല്ല മനുഷ്യന്റെ നിലനിൽപിനു സഹായിച്ചിട്ടുള്ളത്‌. ആത്യന്തികമായി പല ഭാഷകൾ നിലനിൽക്കുന്നതുകൊണ്ട് വിഭിന്നങ്ങളായ ചിന്താധാരകളുള്ള മനുഷ്യർ ഉണ്ടാവുന്നു. പരിണതഫലമായി മനുഷ്യന്റെ അതിജീവന സാധ്യത കൂടുന്നു. ഭാഷ ഉണ്ടായതോടെ കഥകളും ഉണ്ടായി. ഒരുപക്ഷേ, മനുഷ്യൻ ആദ്യത്തെ കഥ പറഞ്ഞത് അറുപതിനായിരം അല്ലെങ്കിൽ എഴുപതിനായിരം വർഷമെങ്കിലും ആയിക്കാണും. നമുക്കു ചുറ്റും എത്ര പറഞ്ഞാലും കണ്ടാലും കേട്ടാലും തീരാത്തത്ര കഥകളുണ്ട്. പക്ഷേ, ഒന്നും മുഴുവൻ കഥയായി തീരുന്നില്ല എന്ന സങ്കടം മാത്രം. നമുക്ക് അറിയുന്ന എല്ലാ കാര്യങ്ങളും ഭാഷയിലൂടെ പ്രകടിപ്പിക്കാൻ സാധിക്കില്ല എന്നതാണു വസ്തുത. ഉദാഹരണത്തിന് ഒരാൾ ആദ്യമായി മറ്റൊരാളെ കണ്ടു എന്നിരിക്കട്ടെ, സെക്കൻഡ് നേരംകൊണ്ട് അവർ പോലും ആറിയാതെ സൂക്ഷ്മവും നിശ്ചിതവുമായ പരസ്പര ധാരണ സൃഷ്ടിച്ചെടുക്കുന്നു. അതായത് ഈ മുന്നിൽ നിൽക്കുന്നവനെ, അവളെ വിശ്വസിക്കാൻ പറ്റുമോ? ബഹുമാനിക്കണോ അതോ അവഗണിക്കണോ എന്നൊക്കെ. ഇതിനു പിന്നിൽ വളരെ സങ്കീർണമായ ഒരു കംപ്യൂട്ടിങ് നടക്കുന്നുണ്ട്. നമുക്ക് അറിയാത്ത എന്തൊക്കയോ ചേരുവകൾ ചേർത്താണ് മനസ്സ് ഉത്തരങ്ങൾ ഉണ്ടാക്കുന്നത്. ഇതിൽ നമ്മുടെ ബോധപൂർവമായ ഇടപെടൽ സാധ്യമല്ല. നമ്മൾ അറിയാത്ത ഒരാൾ നമ്മളുടെ നിയന്ത്രണം കയ്യാളുന്നു എന്നതാണ് വസ്തുത. നമ്മൾ അറിയാത്ത എന്തോ ഒന്നാണു നമ്മൾ. അതുകൊണ്ടുതന്നെ എന്റെ കഥകളിലെ ഇത്തരം ഭാഷാ പ്രയോഗങ്ങളിലേക്ക് എന്റെ ബോധപൂർവമായ ശ്രദ്ധ ഇല്ല. 

കുടുംബം, നാട്, ജോലി? 

ഭാര്യ: കരിഷ്മ ശ്രീജിത്ത്, മക്കൾ: ആർവിൻ ശ്രീജിത്ത്, അതീനാ ശ്രീജിത്ത്. നാട് നേരത്തേ സൂചിപ്പിച്ചല്ലോ വടകരക്കടുത്തുള്ള ഇരിങ്ങൽ എന്ന ഗ്രാമം. ജോലി: ദുബായിലെ ഒരു കമ്പനിയിൽ ഇൻഫർമേഷൻ ടെക്നോളജി കൺസൽറ്റന്റ് ആണ്. അമ്മ എനിക്ക് വലിയ സ്വപ്നങ്ങൾ ചൂണ്ടിക്കാണിച്ച ശക്തയായ ഒരാളാണ്. അച്ഛൻ ജീവിതത്തെ പതിഞ്ഞതും ശാന്തവുമായ ഭാവത്തിലാണു നേരിട്ടത്. 

sreejith-konnoli-family
ശ്രീജിത്ത് കൊന്നോളി കുടുംബത്തോടൊപ്പം

ശ്രീജിത്തിന്റെ ചെറുപ്പകാലവുമായി താരതമ്യം ചെയ്യുമ്പോൾ പുതിയ കാലത്തെ വായനയിലും എഴുത്തിലുമുണ്ടായ വലിയ മാറ്റങ്ങൾ എന്തൊക്കയാണ്? അതിനുപയോഗിക്കുന്ന ടൂളുകളിൽ ഉൾപ്പെടെ? അതിലുണ്ടാകുന്ന ഭാവി മാറ്റങ്ങൾ എന്തൊക്കെയാകും? എത്രവേഗത്തിലാകും? 

മനുഷ്യൻ ഒരു സോഷ്യൽ അനിമൽ ആണെങ്കിലും ഇൻഡിവിജ്വൽ ഐഡന്റിറ്റി അവനു പ്രധാനമായ ഒരു ആവശ്യം ആണ്. ഈ രണ്ട് സംഘർഷങ്ങൾ കൈകാര്യം ചെയ്യലാണു ജീവിതം. കഴിഞ്ഞ പത്തിരുപത് വർഷങ്ങൾക്കിടയിൽ നമ്മുടെ ഐഡന്റിറ്റി റിക്വയർമെന്റ്സ് കൂടി വരുന്നതായി തോന്നിയിട്ടുണ്ട്. അതായതു നമ്മുടെ സോഷ്യൽ റിക്വയർമെന്റ്സ് ഒരുവിധം നമ്മൾ വെർച്വലൈസ് ചെയ്തു. ഇതു നമ്മുടെ എഴുത്തിനെയും വായനെയും മാറ്റി മറിച്ചിട്ടുണ്ട്. 2018 ൽ ജപ്പാൻ ന്യൂസ് പേപ്പറിൽ ഒരു വലിയ വാർത്ത വന്നു. മുപ്പത്തഞ്ചുകാരനായ അകിഹികോ കൊണ്ടോ (Akihiko Kondo) എന്നു പേരുള്ള ഒരു ജാപ്പനീസ് സ്കൂൾ അഡ്മിനിസ്ട്രേറ്ററുടെ കല്ല്യാണമായിരുന്നു വിഷയം. അദ്ദേഹം കല്യാണം കഴിച്ചത് ഒരു ഹോളോഗ്രാം ഡോളിനെയായിരുന്നു (A three dimensional image formed by the interference of light beams from a laser or other coherent light source). വെളുത്ത വസ്ത്രം ധരിച്ച ജാപ്പനീസ് പോപ്പ് സ്റ്റാറിന്റെ രൂപത്തിലൊരു പാവ. ഇങ്ങനെയൊരു വിവാഹത്തിന് അദ്ദേഹം ശ്രമിച്ചത് സ്ത്രീകളെ അദ്ദേഹത്തിനു വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ട് എന്ന കാരണത്താലാണ്. സത്യത്തിൽ ഈ വിവാഹം നടന്നത് ഔദ്യോഗികമായ എല്ലാ ചടങ്ങുകളോടും കൂടിയായിരുന്നു. പാട്ടും നൃത്തവും വിവാഹ മോതിരവും വിവാഹ സർട്ടിഫിക്കറ്റും വരെയുള്ള വിവാഹം. വിവാഹ സർട്ടിഫിക്കറ്റ് നൽകിയത് ഗേറ്റ്ബോക്സ് എന്ന് പേരുള്ള ആ ഹോളോഗ്രാം കമ്പനിയായിരുന്നു. കൽപനാസൃഷ്ടവും അതേസമയം വൈകാരികവുമായ ഒരു പ്രണയം മനുഷ്യനു പാവയോടു തോന്നുന്നത് എങ്ങനെ? ഇത് അസാധാരണ സംഭവമല്ല. മനുഷ്യന്റെ സാങ്കൽപികമണ്‌ഡലം വസ്തുനിഷ്ഠമായ യാഥാർത്ഥ്യത്തിനപ്പുറം കവിഞ്ഞുപോകുന്ന സന്ദർഭങ്ങളാണ് ഇത്. ചുരുക്കി പറഞ്ഞാൽ മനുഷ്യൻ കൂടുതൽ വെർച്വലൈസ് ആവുന്നു എന്നതാണു വാസ്തവം. ഈ മാറ്റത്തിന്റെ വേഗ പരിധി അളന്നു തിട്ടപ്പെടുത്തി ക്വാണ്ടിറ്റേറ്റീവ് ആയി ഒറ്റ വാക്കിൽ പറയാൻ എനിക്ക് അറിയില്ല. 

Content Summary: Puthuvakku column written by Ajish Muraleedharan - Talk with writer Sreejith Konnoli

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA
;