ഓർമകളുടെ ആലിംഗനം; നേരിന്റെ ചൂരുള്ള വാക്കുകൾ

HIGHLIGHTS
  • പുതുവാക്ക് – മലയാള സാഹിത്യത്തിലെ പുതുതലമുറയെ പരിചയപ്പെടുത്തുന്ന പംക്തി.
Prasad P Kaithakkal
പ്രസാദ് കൈതക്കൽ
SHARE

ആരുടെ കാലടികൾ നിരന്തരം പതിഞ്ഞാണു നമ്മൾ നടക്കുന്ന പാതയിലെ കൂർത്ത കല്ലുകളെല്ലാം മിനുസമുള്ളതായത്? ജീവിതയാത്രയിലെ തിരക്കുകൾക്കിടയിൽ നമ്മൾ പിന്നിലുപേക്ഷിച്ചുപോരുന്ന അത്തരം ചില മനുഷ്യരെ തന്റെ ഓർമച്ചെപ്പിൽ നിന്നെടുത്ത് പുതുജീവൻ നൽകിയിരിക്കുകയാണ് ‘പുത്തോലയും കരിയോലയും’ എന്ന പുസ്തകത്തിൽ പ്രസാദ് കൈതക്കൽ. അവരാരും തന്നെ ചരിത്രമനുഷ്യരോ അതിപ്രശസ്തരോ ഒരു ഗ്രാമത്തിനു പുറത്തേക്കു പോലും അറിയപ്പെടുന്നവരോ അല്ല. പക്ഷേ, പ്രസാദിന്റെ പുസ്തകത്തിലെ ‘അമ്മ’ മുതൽ ‘അമ്മുവിന് സ്നേഹപൂർവം’ വരെയുള്ള 30 അധ്യായങ്ങൾ ഒറ്റയിരിപ്പിനു വായിച്ചുകഴിയുമ്പോൾ അവരെല്ലാം സ്നേഹത്തിന്റെയും കരുതലിന്റെയും പ്രകാശം ചൊരിയുന്നവരായും നമ്മുടെയെല്ലാം അടുത്ത ആരോ ആയും മാറുന്നു.

കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്കടുത്തുള്ള കൈതക്കൽ എന്ന ഗ്രാമം കേരളത്തിലെ മറ്റേതൊരു ഗ്രാമവുമായും മാറുന്നു. അവിടുത്തെ അങ്ങാടിയും വയലും ക്ലബുകളും വായനശാലയും പുരകെട്ടു കല്യാണവും കയ്യെഴുത്തു മാസികകളും പേറ്റിച്ചികളും ആഘോഷങ്ങളും സങ്കടങ്ങളുമെല്ലാം നമ്മൾ അനുഭവിച്ചതു തന്നെയായി മാറുന്നു. കടന്നുപോന്ന ഒരു കാലഘട്ടത്തിന്റെ ഓർമപ്പെടുത്തലായി അതു തിളങ്ങുന്നു. ‘അക്കാലത്ത് ഒട്ടുമിക്ക കുട്ടികൾക്കും നിലക്കടല വിൽപനയുണ്ടായിരുന്നു, എനിക്കുമുണ്ടായിരുന്നു’ എന്നൊരധ്യായത്തിൽ എഴുതുമ്പോഴും ‘കാലങ്ങളായി മനസ്സിൽ കൊണ്ടുനടക്കുന്ന കുറ്റബോധവും ഹൃദയവേദനയും മനസ്സു തുറന്നുപറയുകയും എല്ലാ അപരാധങ്ങൾക്കും മാപ്പിരക്കുകയും ചെയ്തു’ എന്നെഴുതുമ്പോഴും വായനക്കാർ നേരിന്റെ നേർത്ത ചൂരുള്ള വാക്കുകളാൽ ആലിംഗനം ചെയ്യപ്പെടുന്നു.

ചരിത്രത്തിൽ ആരാലും രേഖപ്പെടുത്താതെ പോകുന്നവരാൽ സമൃദ്ധമാണ് പ്രസാദിന്റെ പുസ്തകമായ ‘പുത്തോലയും കരിയോലയും’. വ്യക്തതയും തീക്ഷ്ണതയുമാർന്ന ഓർമച്ചിത്രങ്ങളാൽ അവരൊക്കെയും മറ്റേതൊരു ചരിത്രവ്യക്തിത്വങ്ങളോളവും തിളക്കമുള്ളവരായി വായനക്കാരുടെ മനസ്സിൽ പതിയുന്നു. കൈതക്കലിന്റെ ചരിത്രം അങ്ങനെ കേരളത്തിലെ മറ്റേതൊരു ഗ്രാമത്തിന്റെയും ചരിത്രമായി മാറുന്നു. ഇവരെ കണ്ടെടുത്തതെങ്ങനെയാണ്?

നമുക്ക് പലപ്പോഴും മറ്റുള്ളവരുടെ കുറ്റവും കുറവും കണ്ടുപിടിക്കാനാണു താൽപര്യം. ഓരോ മനുഷ്യനും അവനവനെത്തന്നെ ഒന്ന് റിവ്യൂ ചെയ്യുന്നത് നല്ലതായിരിക്കും. കഴിയുമെങ്കിൽ വളരെ നേരത്തേ ഈ ശീലം തുടങ്ങുന്നതാണു നല്ലത്. നമ്മുടെ തെറ്റുകളും ശരികളും പക്വവും അപക്വവുമായ പെരുമാറ്റങ്ങളും അവയോടൊക്കെയുള്ള പ്രതികരണങ്ങളുമാണ് ഓരോ മനുഷ്യന്റെയും സ്വഭാവത്തെയും ജീവിതത്തെയും നിർമിച്ചെടുക്കുന്നത്. ചുറ്റുപാടുകളുടെയും നമ്മോടൊത്ത് ജീവിക്കുന്നവരുടെയും സ്വാധീനം അനുകൂലമായും പ്രതികൂലമായും നമ്മളിലെല്ലാമുണ്ട്. ഞാനെങ്ങനെ ഞാനായി എന്ന സ്വയം വിലയിരുത്തലും അന്വേഷണവുമാണ് ‘പുത്തോലയും കരിയോലയും’ എന്ന പുസ്തകമുണ്ടാവുന്നതിനു പിന്നിൽ. അതിൽ എന്നെ സ്വാധീനിച്ച വ്യക്തികൾ, സംഭവങ്ങൾ എന്നിവയെല്ലാം എന്റെ മനസ്സിൽ തന്നെയുണ്ട്. അധികമൊന്നും ഓർത്തെടുക്കേണ്ടി വന്നില്ല.

Putholayum Kariyolayum

‘‘അന്നു ഞങ്ങൾക്കു പറഞ്ഞാൽ തീരാത്തത്രയും കഥകളുണ്ടായിരുന്നെങ്കിൽ ഇന്നു കാര്യമായി ഒന്നും പറയാനില്ലാതെയായിരിക്കുന്നു’’ എന്നാണ് രാധാഷ്ണൻ എന്ന അധ്യായത്തിൽ പ്രസാദ് എഴുതിയിരിക്കുന്നത്. രാത്രി വന്നു കിടന്ന കൂട്ടുകാരുടെ തോരാ വർത്തമാനം കേട്ട് നേരം പുലർന്നുവെന്നു ധരിച്ച് ഉണർന്നെഴുന്നേറ്റ സ്ത്രീകൾ പുട്ടിനുള്ള മാവ് കുഴച്ചു തുടങ്ങിയ ഓർമയൊക്കെ എത്ര മനോഹരമായാണ് ഒരു കാലത്തെ അടയാളപ്പെടുത്തിയിരിക്കുന്നത്. പുതിയകാലം മൊബൈൽ സ്ക്രീനിലൂടെ കഥ പറച്ചിൽ തുടരുന്നതായി തോന്നിയിട്ടുണ്ടോ? അതോ അതു സമ്പൂർണമായി നിലച്ചു പോയോ?

സമ്പൂർണമായി നിലച്ചുപോയിട്ടൊന്നുമില്ല. നിലയ്ക്കുകയും ഇല്ല. കാരണം കമ്യൂണിക്കേഷൻ ഇല്ലാതെ മനുഷ്യന് ജീവിക്കുക സാധ്യമല്ലല്ലോ. എന്നാൽ കല്യാണം, വീടുനിർമാണം, മക്കൾ, മക്കളുടെ പഠിപ്പ്, അവരുടെ ജോലി, അവരുടെ കല്യാണം, കാർ, മറ്റ് ആഡംബര സാമഗ്രികൾ സ്വന്തമാക്കൽ, സമ്പാദ്യം. ഇങ്ങനെയുള്ള ആസക്തികളുടെ പിന്നാലെയുള്ള, നിൽക്കാൻ നേരമില്ലാത്ത ഓട്ടത്തെയാണ് പുതിയ കാലത്ത് ജീവിതമെന്നതുകൊണ്ട് അർത്ഥമാക്കുന്നത്. സർഗ്ഗാത്മകതയും ആത്മബന്ധങ്ങളും ചോർത്തിക്കളയുന്ന ഈ ജീവിത സങ്കൽപങ്ങൾക്ക് ചുറ്റും ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്നവർക്ക് ഒന്നിനും നേരമുണ്ടാവില്ലല്ലോ. ഉള്ള സമയത്ത് ഇ-മീഡിയകൾ വഴി അവർ അവർ പരസ്പരം കമ്യൂണിക്കേറ്റ് ചെയ്യുന്നുണ്ട്. ഈ കാലവും കടന്നു പോകും എന്നു നമുക്ക് പ്രതീക്ഷിക്കാം!

‘‘അമ്മയ്ക്ക് ഒട്ടും വിശ്രമമില്ലായിരുന്നു. ചേമ്പും ചെറുകിഴങ്ങും കപ്പയും മറ്റും നടുന്നതും വിളവെടുക്കുന്നതും വീട്ടിലേക്ക് അന്നന്ന് വേണ്ടതൊക്കെ സംഘടിപ്പിച്ചു കൊണ്ടുവരുന്നതും ഞങ്ങൾക്കെല്ലാമുള്ളതു വച്ചുണ്ടാക്കുന്നതും വിളമ്പിത്തരുന്നതും ഞങ്ങൾക്കെല്ലാം ഉടുക്കാനുള്ളത് അലക്കി വെളുപ്പിക്കുന്നതും ഉണക്കി മടക്കിവയ്ക്കുന്നതും അമ്മ തന്നെയായിരുന്നു. അതിനിടയിലാണു പശുക്കളം’’. അമ്മ എന്ന ആദ്യ അധ്യായത്തിൽ അമ്മയെ പ്രസാദ് അവതരിപ്പിക്കുന്നത് ഇങ്ങനെയാണ്. ‘അമ്മയ്ക്ക് ഒട്ടും വിശ്രമമില്ലായിരുന്നു’ എന്ന വാക്യം ‘ഭാര്യയ്ക്ക്, സഹോദരിക്ക്, മകൾക്ക് ഒട്ടും വിശ്രമമില്ലായിരുന്നു’ എന്നു വളരെയെളുപ്പത്തിൽ മാറ്റിയെഴുതാവുന്ന ഒന്നാണ്. അമ്മമാരുടെ വിശ്രമമില്ലാത്ത സ്ഥിതിക്ക് ഇന്നും കാര്യമായ മാറ്റം വന്നിട്ടുണ്ടെന്നു തോന്നുന്നുണ്ടോ?

തീർച്ചയായും കേരളത്തിലെ സ്ത്രീകളുടെ അവസ്ഥ മാറിക്കൊണ്ടിരിക്കുന്നുണ്ട്. പെൺകുട്ടികൾക്ക് വിദ്യാഭ്യാസവും ഏതെങ്കിലും തരത്തിലുള്ള തൊഴിലുമുള്ള വീടുകളിലും കുടുംബങ്ങളിലും എന്നത്തേക്കാളും ജനാധിപത്യവവൽക്കരണം നടക്കുന്നുണ്ട്. ഏതു യാഥാസ്ഥിതിക കുടുംബങ്ങളിലും പുരോഗമന കാഴ്ചപ്പാടുള്ള ഒരു പുതുതലമുറ ഉണ്ടായിവരുന്നുണ്ട്. എന്നാൽ അവയേയൊക്കെ തടഞ്ഞുനിർത്തുന്നതിനും 'ഇരുണ്ട യുഗത്തെ' ഓർമിപ്പിക്കുംവിധം പിന്നിട്ട നൂറ്റാണ്ടിലേക്ക് തന്നെ തിരിച്ചു നടത്തിക്കുന്നതിനുമുള്ള ബോധപൂർവമായ ശ്രമങ്ങളും ശക്തമായി നടക്കുന്നുണ്ട്. കാലത്തിനു മുന്നോട്ടു മാത്രമേ സഞ്ചരിക്കാനാവൂ എന്ന പ്രതീക്ഷയിലാണ് എല്ലാവരെയും പോലെ ഞാനും.

prasad-p-kaithakkal-puthuvakku

‘എന്നാലും ആ മാഷന്മാര്’ എന്ന അധ്യായം ഒരു കാലത്തു നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥയിൽ കൊടികുത്തി വാണിരുന്ന, ഇന്നും അങ്ങിങ്ങു നിലനിൽക്കുന്ന ഏകാധിപത്യ പ്രവണതകൾ ഒരു വിദ്യാർഥിയുടെ സ്കൂൾ ജീവിതം തന്നെ അവസാനിപ്പിച്ചു കളയുന്നതെങ്ങനെ എന്നു വിശദീകരിക്കുന്നു. സ്കൂൾ വിദ്യാഭ്യാസത്തിൽനിന്നു ‘സമൂഹ’ വിദ്യാഭ്യാസത്തിലേക്ക് അതിനുശേഷം പ്രസാദ് പി. എന്ന ആ കുട്ടി മാറ്റപ്പെടുകയാണ്. ഒരു നാടിന്റെ മുഴുവൻ സ്നേഹവും ഏറ്റുവാങ്ങി വളർന്നതിനാലാകണം പ്രസാദ് ആ തിരിച്ചടികളെ അതിജീവിച്ചു ജീവിതത്തിലേക്കു തിരിച്ചെത്തിയത്. അന്നത്തെ ആ അനുഭവം ഇന്നോർക്കുമ്പോൾ?

വേദന തന്നെയാണ്. പക്ഷേ, ആ അധ്യാപകരോട് വിരോധമോ വിദ്വേഷമോ ഇല്ല. അവർ ആ കാലത്തെ സാമൂഹിക സഹചര്യങ്ങളുടെയും സാമ്പത്തിക ബന്ധങ്ങളുടെയും സൃഷ്ടിയാണ്. അവയുണ്ടാക്കിയ സംസ്കാരത്തിന്റെയും കാഴ്ചപ്പാടുകളുടെയും ഉൽപന്നങ്ങൾ മാത്രമാണ്. വിദ്യാഭ്യാസ രംഗത്ത് ഇന്നു വലിയ തോതിലുള്ള മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. എങ്കിലും അനുസരിക്കുന്ന, അടിമബോധമുള്ള കുട്ടികളെത്തന്നെയാണ് ഇക്കാലത്തെ അധ്യാപകർക്കും ഇഷ്ടം. ഇന്നും മിക്ക കുടുംബങ്ങളിലും അച്ഛൻ രാജാവും മറ്റുള്ളവർ പ്രജകളും തന്നെയാണല്ലോ. ഈ പ്രജകളെ, പുതിയ കാലത്തെ വിശാലമായ അർഥമുള്ള ജനാധിപത്യത്തിന് അനുസരിച്ചു നല്ല പൗരന്മാരാക്കി മാറ്റിയെടുക്കുന്ന ഇടങ്ങളായി വിദ്യാഭ്യാസകേന്ദ്രങ്ങൾ മാറണം. വീട്ടിൽനിന്നു സ്കൂളിലേക്കു പോകുന്നതു പ്രജകളാണ്. സ്കൂളിൽനിന്നു വീട്ടിലേക്ക് തിരിച്ചു വരേണ്ടത് ജനാധിപത്യബോധമുള്ള പൗരൻമാർ ആയിരിക്കണം. പ്രജകളെ പൗരന്മാരാക്കുന്ന പ്രക്രിയയായിരിക്കണം വിദ്യാഭ്യാസം.

‘അക്കാലത്ത് ഒട്ടുമിക്ക കുട്ടികൾക്കും നിലക്കടല വിൽപനയുണ്ടായിരുന്നു. എനിക്കുമുണ്ടായിരുന്നു’. പഴയകാലത്തെ ഇല്ലായ്മകൾക്കിടയിൽ ജീവിതത്തോടു പൊരുതി ജീവിതം മുന്നോട്ടു കൊണ്ടുപോയ ഒരു തലമുറയുടെ ചിത്രം പ്രസാദിന്റെ എഴുത്തിലുണ്ട്. അന്നത്തെ അതിജീവനത്തെക്കുറിച്ച് ഇപ്പോഴോർക്കുമ്പോൾ തോന്നുന്നതെന്ത്?

എന്റെ സൗഹൃദങ്ങളും സാമൂഹികബന്ധങ്ങളുമാണ് എന്നെ എളിയ തോതിലെങ്കിലും അറിവുള്ളവനാക്കി മാറ്റിയത്. ‘സാധിക്കുമായിരിക്കും പക്ഷേ, ബുദ്ധിമുട്ടാണ്’ എന്ന ചിന്തയിൽനിന്നു ‘ബുദ്ധിമുട്ടാണെങ്കിലും സാധ്യമാണ്’ എന്ന രീതിയിൽ മാറ്റിചിന്തിപ്പിക്കാൻ കഴിയുംവിധമുള്ള നല്ല സൗഹൃദങ്ങളാണ് എനിക്കു ലഭിച്ചത്. ‘മനോഭാവം വസ്തുതകളെ മറികടക്കും’ എന്നത് എനിക്ക് ജീവിച്ചു ബോധ്യപ്പെട്ട അനുഭവമാണ്.

prasad-p-kaithakkal-1

കലാസമിതികൾ, ക്ലബുകൾ, വോളിബോൾ കോർട്ടുകൾ, നാടകം, ഗാനമേള തുടങ്ങി ഒരു കാലത്തു കേരളത്തിലെ ഗ്രാമങ്ങളെ ത്രസിപ്പിച്ചിരുന്ന പ്രവർത്തനങ്ങളുടെ ആകെത്തുകയാണ് പുത്തോലയും കരിയോലയും. ചെറുപ്പക്കാർ തൊട്ടു പ്രായമായവർ വരെ സജീവമായി ഇത്തരമിടങ്ങളിൽ പ്രവർത്തിച്ചിരുന്ന കാലം. നാടിന്റെ ഈ തനത് സംസ്കാരം ഇന്ന് എവിടെ എത്തി നിൽക്കുന്നു?

കലാസമിതികൾ, ക്ലബുകൾ, വോളിബോൾ കോർട്ടുകൾ, നാടകം, ഗാനമേള തുടങ്ങി ഒരു കാലത്തു കേരളത്തിലെ ഗ്രാമങ്ങളെ ത്രസിപ്പിച്ചിരുന്ന പലതും ഇന്നില്ല. അതിനു പല കാരണങ്ങളുണ്ട്. അതിലൊന്നു ഞാൻ മുകളിൽ സൂചിപ്പിച്ച, ആർത്തിയിലും മത്സരത്തിലും സ്വാർഥതയിലും അധിഷ്ഠിതമായ മാറിയ ജീവിത കാഴ്ചപ്പാടുകളാണ്. വയൽ മണ്ണിട്ട് നികത്തി മുറിച്ചുവിറ്റാൽ അധികം ലാഭം കിട്ടും. ലാഭം മാത്രം നോക്കിയാൽ നമ്മൾ അതുതന്നെയാണു ചെയ്യുക. അതുണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾ കേരളം ചർച്ച ചെയ്തിട്ടുണ്ട്. എന്നാൽ അതുണ്ടാക്കുന്ന സാംസ്കാരിക പ്രശ്നങ്ങളും കായികപ്രശ്നങ്ങളും ആരും കാര്യമായി ചർച്ച ചെയ്തിട്ടുണ്ടെന്നു തോന്നുന്നില്ല. വോളിബോൾ കോർട്ടുകളും ഫുട്ബോൾ കോർട്ടുകളും കലാപരിപാടികൾ നടത്തുന്ന മൈതാനങ്ങളും ഇതുമൂലമാണ് ഇല്ലാതായിപ്പോയത്. കലാ-കായിക പ്രവർത്തനങ്ങളുടെ കുറവിനു വയൽനികത്തൽ വലിയ കാരണമായിട്ടുണ്ട്.

നവീൻ കയ്യെഴുത്തുമാസിക ഇറക്കിയിരുന്നതിനെപ്പറ്റി പുസ്തകത്തിൽ പരാമർശമുണ്ടല്ലോ. പഴയ ആ കയ്യെഴുത്തുമാസികക്കാലത്തെപ്പറ്റി വിശദമായി പറയാമോ.

എന്റെ നേതൃത്വത്തിൽ തുടങ്ങിയ രണ്ടാമത്തെ കയ്യെഴുത്തുമാസികയാണ് ‘നവീൻ’. ഒൻപത് ലക്കങ്ങൾ പുറത്തിറക്കി. അതിനു മുമ്പ് ‘ഷൈൻ’ എന്ന പേരിൽ ആറിലോ ഏഴിലോ പഠിക്കുമ്പോൾ ഞങ്ങൾ കുണ്ടുങ്കര കേന്ദ്രമാക്കി ഒരു കയ്യെഴുത്തു മാസിക മൂന്നോ നാലോ ലക്കങ്ങൾ ഇറക്കിയിരുന്നു. ഞങ്ങൾ സുഹൃത്തുക്കളെല്ലാം ബാലരമയും മലർവാടിയും പൂമ്പാറ്റയും മലയാള മനോരമയും മംഗളവും സ്ഥിരമായി വായിക്കാറുണ്ടായിരുന്നു. പാഠപുസ്തകങ്ങൾ വായിക്കുന്നതിലും പരീക്ഷയിൽ മാർക്ക് നേടുന്നതിലും പുറകിൽ ആയിരുന്നെങ്കിലും ഞങ്ങൾ കൂട്ടുകാരെല്ലാം നല്ല വായനക്കാരനായിരുന്നു. മുളിയങ്ങൽ പ്രതിഭ ലൈബ്രറി, എസ്.കെ. പൊറ്റക്കാട് സ്മാരക ലൈബ്രറി വെള്ളിയൂർ, പേരാമ്പ്ര സാംസ്കാരികനിലയം ലൈബ്രറി, മാർക്കറ്റിങ് സൊസൈറ്റി ലൈബ്രറി, കൽപ്പത്തൂർ ജനകീയ വായനശാല തുടങ്ങിയ ലൈബ്രറികളിലെല്ലാം ഞങ്ങൾക്ക് മെമ്പർഷിപ്പ് ഉണ്ടായിരുന്നു. സൈക്കിളുമെടുത്താണ് പുസ്തകത്തിനു പോവുക. ആഴ്ചയിൽ ഒന്നോരണ്ടോ പുസ്തകങ്ങൾ വരെ മത്സരിച്ചു വായിക്കാറുണ്ടായിരുന്നു. പത്താം തരത്തിൽ വളരെ കുറഞ്ഞ മാർക്ക് വാങ്ങി തോറ്റുപാളീസായെങ്കിലും നൂറുകണക്കിന് പുസ്തകങ്ങൾ അപ്പോഴേക്കും വായിച്ചു തീർത്തിരുന്നു. പുസ്തകങ്ങൾ വായിക്കുന്നവർ എന്ന നിലയിൽ ഞങ്ങൾ അനുകരിച്ചും കോപ്പിയടിച്ചും കഥകളും കവിതകളും എഴുതാനും തുടങ്ങി. അതു മറ്റുള്ളവരെക്കൊണ്ട് വായിപ്പിക്കാൻ കൂടിയാണ് കയ്യെഴുത്തു മാസിക ആരംഭിച്ചത്. കുറ്റിപ്പന്ത്, മാസ്സ് കളി, കുട്ടിയും കോലും മുതൽ വോളിബോൾ വരെ വിവിധതരം കളികളിലും വായനയും എഴുത്തും കയ്യെഴുത്തുമാസിക നിർമാണവും ചിത്രംവരയും എല്ലാമായി ഏതാണ്ടു മുഴുവൻ സമയവും എല്ലാ കുട്ടികളും തിരക്കോടു തിരക്കിലായിരുന്നു.

ആനുകാലികങ്ങളിൽ സമീപകാലത്തു പ്രസിദ്ധീകരിച്ചവയിൽ പ്രസാദിന് ഏറ്റവും ഇഷ്ടപ്പെട്ട കഥ, കവിത എന്നിവയെപ്പറ്റി പറയാമോ?

സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണിക്കു ശേഷം ഏറെയിഷ്ടപ്പെട്ട കഥകൾ എസ്. ഹരീഷിന്റെ ‘മോദസ്ഥിതനായങ്ങുവസിപ്പൂ മലപോലെ’ എന്നതും ജി.ആർ. ഇന്ദുഗോപന്റെ ചെന്നായയുമാണ്. പുതിയ കവികളെയെല്ലാം ഒരുപാടിഷ്ടമാണ്. വിജീഷ് പരവരിയുടെ ‘കടിപ്പാട്’ എന്ന കവിത അതിലൊന്നാണ്.

prasad-kaithakkal-and-daughter
പ്രസാദ് കൈതക്കൽ മകളോടൊപ്പം

കുടുംബം?

പങ്കാളി ടി.കെ. മഞ്ജുള ഒരു കുടുംബശ്രീ സംരംഭകയാണ്. മക്കൾ: സൈന എം. പ്രസാദ് ഡിഗ്രി രണ്ടാംവർഷ വിദ്യാർഥിനിയാണ്. ആമി പ്രേമജ് പത്താംതരത്തിൽ പഠിക്കുന്നു.

Content Summary: Puthuvakku column written by Ajish Muraleedharan- Talk with writer Prasad P Kaithakkal 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA
;