സ്വന്തം കഴിവുകളെക്കുറിച്ചും കഴിവുകേടുകളെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടാകണം

sad-girl
Representative Image. Photo Credit: Antonio Guillem / Shutterstock.com.
SHARE

രാജാവ് ഉദ്യാനത്തിലൂടെ ഉലാത്തുന്നതിനിടയ്ക്കു ചില മരങ്ങളുടെയും ചെടികളുടെയും ക്ഷതം ശ്രദ്ധിച്ചു. അദ്ദേഹം ഓരോരുത്തരോടായി കാരണമന്വേഷിച്ചു. ഓക്കുമരത്തോടു ചോദിച്ചപ്പോൾ പറഞ്ഞു: എനിക്കു വാകമരത്തിന്റെ അത്രയും ഇലച്ചാർത്തില്ല. വാകമരം പറഞ്ഞു: എനിക്കു പൈൻമരത്തിന്റെയത്ര ആകാരഭംഗിയില്ല. പൈൻമരം പറഞ്ഞു: ആ റോസച്ചെടിയിലെ പൂവിന്റെ മനോഹാരിത നോക്കുമ്പോൾ എന്റെ ആകാരഭംഗി ഒന്നുമല്ല. മുല്ലച്ചെടിക്കു മാത്രം നല്ല സന്തോഷമാണ്. കാരണം തിരക്കിയപ്പോൾ മുല്ല പറഞ്ഞു: അങ്ങ് എന്നെ ഇവിടെ നട്ടപ്പോൾത്തന്നെ എനിക്കറിയാമായിരുന്നു ഞാനൊരു മുല്ലയാണെന്ന്. അതുകൊണ്ട് ഒരു നല്ല മുല്ലയായിത്തന്നെ വളരാനാണു ഞാൻ ശ്രമിച്ചത്. എനിക്കതുകൊണ്ടു പരിഭവങ്ങളൊന്നുമില്ല. 

അവനവനായി ജീവിക്കാൻ അധികമുതൽമുടക്കോ അമിതാഗ്രഹങ്ങളോ വേണ്ട. മറ്റുള്ളവരെപ്പോലെ ജീവിക്കാനാണു ചെലവുകൂടുന്നതും പിരിമുറുക്കം ഏറുന്നതും. താനായി ജീവിക്കുന്നവർക്കു തന്റെ ഇഷ്ടങ്ങളും പ്രത്യേകതകളും പരിഗണിച്ചാൽ മതി. അപരന്റെ ഒപ്പമോ മുകളിലോ ജീവിക്കാൻ ശ്രമിക്കുന്നവർക്കു താരതമ്യപഠനമാണു പ്രധാന ഹോബി. ആരും പൂർണരല്ല. പക്ഷേ, ഓരോരുത്തർക്കും അവരവരുടെ അനുയോജ്യ സവിശേഷതകളുണ്ട്. താനായി ജീവിക്കാൻ ഓരോരുത്തരും പുലർത്തേണ്ട ചില മര്യാദകളുണ്ട്. സ്വന്തം കഴിവുകളെക്കുറിച്ചും കഴിവുകേടുകളെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടാകണം. എന്തൊക്കെയാകാൻ കഴിയും എന്നതുപോലെ എന്തൊക്കെയാകാൻ കഴിയില്ല എന്നും അറിയണം. അയൽക്കാരിൽ അസൂയപ്പെടാൻ എടുക്കുന്നതിന്റെ പാതിസമയമെങ്കിലും സ്വയം അഭിമാനിക്കാൻ എടുക്കണം. 

ആത്മസംതൃപ്തിയാണ് ഓരോ ദിനാന്ത്യവും ഉണ്ടാകേണ്ട അടിസ്ഥാനഭാവം. ആർജിച്ച കഴിവുകളുപയോഗിച്ച് അവശേഷിക്കുന്ന സ്വപ്നങ്ങളിലേക്കുള്ള തീർഥാടനമാണ് ഓരോ പകലും. 

ലഭിക്കാതെ പോയ സവിശേഷതകളെക്കുറിച്ചല്ല; ഉണ്ടായിട്ടും ഉപയോഗിക്കാതെപോയ സാമർഥ്യത്തെക്കുറിച്ചാണു കുറ്റബോധം തോന്നേണ്ടത്. സ്വയം തിരിച്ചറിയുന്നവർക്കുള്ള ചില പ്രത്യേകതകളുണ്ട്. കരുത്തു തെളിയിക്കാൻ കഴിയുന്ന എല്ലാ ഇടങ്ങളിലും ഇടപെടും, മികവില്ലാത്ത മേഖലകളെക്കുറിച്ചു പരാതികളില്ല, അനാരോഗ്യകരമായ മത്സരങ്ങൾക്കു നിന്നുകൊടുക്കില്ല, സ്വന്തമായ അഭിപ്രായങ്ങളും തീരുമാനങ്ങളും ഉണ്ടാകും. സ്വന്തമായ ജീവിതമുണ്ടാകണമെങ്കിൽ സ്വയം ആരെന്നറിയണം. അക്കരപ്പച്ച നോക്കിയിരുന്നാൽ അവശേഷിക്കുന്നതു നഷ്ടബോധം മാത്രമായിരിക്കും.

English Summary: English Summary: Subhadinam, Thoughts for the day

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA
;