വായിലേക്കു തോക്കു കടത്തി ട്രിഗറിൽ വിരലമർത്തി; ‘ഒരു മനുഷ്യൻ സ്വാഭാവികമായി മരിച്ചു’

Ernest Hemingway
ഏണസ്റ്റ് ഹെമിങ്‌വേ
SHARE

1961 ജൂലൈ 2 ഞായറാഴ്ച. ലോകപ്രശസ്ത എഴുത്തുകാരനും നൊബേൽ സമ്മാന ജേതാവുമായ ഏണസ്റ്റ് ഹെമിങ്‌വേ സ്വയം മരിക്കാൻ തിരഞ്ഞെടുത്ത ദിവസമായിരുന്നു അന്ന്. പുലർച്ചെ എഴുന്നേറ്റ്, തന്റെ ഇഷ്ടപ്പെട്ട തോക്ക് വായിലേക്കു കടത്തിവച്ച് അദ്ദേഹം ട്രിഗറിൽ വിരലമർത്തി. ‘മനുഷ്യനെ നശിപ്പിക്കാം, പക്ഷേ തോൽപിക്കാനാവില്ല’ എന്ന് എഴുതിവച്ച മനുഷ്യൻ ആത്മഹത്യ ചെയ്തിരിക്കുന്നു. പരാജിതന്റെ സുവിശേഷമെന്നു വിശേഷിപ്പിക്കപ്പെടുന്ന ‘കിഴവനും കടലും’ എന്ന നോവലിന്റെ സ്രഷ്ടാവിന്റെ മരണവാർത്ത ലോകം മുഴുവൻ ‍ഞെട്ടലോടെയാണ് കേട്ടത്. 

വിശ്വസാഹിത്യകാരനായ ഗബ്രിയേൽ ഗാർസിയ മാർക്വേസ് പക്ഷേ, ആ മരണത്തെ വിശേഷിപ്പിച്ചത് ഇങ്ങനെയായിരുന്നു; ‘ഒരു മനുഷ്യൻ സ്വാഭാവികമായി മരിച്ചു’. രണ്ട് ലോകമഹായുദ്ധങ്ങളും സ്പാനിഷ് ആഭ്യന്തര കലാപവും രണ്ടു വിമാന അപകടങ്ങളും നാല് കാർ അപകടങ്ങളും അതിജീവിച്ച, സ്കിൻ കാൻസറും ആന്ത്രാക്സും കരൾ രോഗവും മലേറിയയും ബാധിച്ചിട്ടും ജീവൻ തിരിച്ചുകിട്ടിയ ഒരു മനുഷ്യൻ സ്വയം വെടിയുതിർത്തു മരിച്ചാൽ പിന്നെ മറ്റെങ്ങനെ വിശേഷിപ്പിക്കാനാണ്!

ഏറെ നാളുകളായി മാനസികമായും ശാരീരികമായും കൊളുത്തിവലിച്ച ആകുലതകൾക്കും ഉറക്കമില്ലായ്മയ്ക്കും അവസാനമെന്ന നിലയിലായിരിക്കണം, ഹെമിങ്‌വേ ആ ട്രിഗർ വലിച്ചിട്ടുണ്ടാവുക. അദ്ദേഹത്തിന്റെ പിതാവായ ഡോക്ടർ ഹെമിങ്‌വേയും സ്വയം വെടിവച്ചു മരിക്കുകയായിരുന്നു. അച്ഛൻതന്നെയാണ് ഒരു കളിപ്പാട്ടംപോലെ ഹെമിങ്‌വേയ്ക്ക് കുട്ടിക്കാലത്ത് ഒരു തോക്ക് സമ്മാനമായി നൽകിയതും. നായാട്ട്, മീൻപിടിത്തം, ഗുസ്തി, കാളപ്പോര് തുടങ്ങിയ വിനോദങ്ങളിലും സാഹസികതകളിലും അഭിരമിച്ച എഴുത്തുകാരൻ കൂടിയായിരുന്നു ഹെമിങ്‌വേ.

മഹായുദ്ധങ്ങൾ താണ്ടിയ എഴുത്തുകാരൻ

രണ്ടു ലോകമഹായുദ്ധങ്ങളിലും പങ്കെടുത്തിട്ടുണ്ട് ഹെമിങ്‌വേ. ഒന്നാംലോക മഹായുദ്ധത്തിൽ പങ്കെടുക്കാൻ 1918ൽ അദ്ദേഹം യൂറോപ്പിലേക്കു കപ്പൽ കയറി. പട്ടാളക്കാരനാകാനായിരുന്നു ആഗ്രഹമെങ്കിലും കാഴ്ചയ്ക്കു പ്രശ്നമുണ്ടായിരുന്നതിനാൽ സാധിച്ചില്ല. തുടർന്ന്, റെഡ് ക്രോസിൽ ചേർന്ന് ആംബുലൻസ് ഡ്രൈവറായാണ് ഇറ്റലിയിൽ യുദ്ധമുഖത്തെത്തിയത്. ഒരു ഷെൽ ബോംബ് ആക്രമണത്തിൽ ഹെമിങ്‌വേയുടെ ശരീരത്തിൽ ലോഹക്കഷണങ്ങൾ തുളച്ചുകയറി സാരമായി പരുക്കേറ്റിട്ടും മരണാസന്നനായ ഒരു പട്ടാളക്കാരനെ തോളിൽ ചുമന്ന് ട്രഞ്ചിലെത്തിച്ചു ചികിത്സ നൽകി. 

മിലാനിലെത്തി ഓപറേഷനു ശേഷമാണ് ഹെമിങ്‌വേക്കു ജീവിതം തിരികെ ലഭിച്ചത്. സാഹസികമായി ഒരു പട്ടാളക്കാരന്റെ ജീവൻ രക്ഷിച്ചതിന് ഇറ്റാലിയൻ സൈനിക ബഹുമതികളും പിന്നീട് അദ്ദേഹത്തെ തേടിയെത്തി. ഈ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ എഴുതിയതാണ് ‘ഫെയർവെൽ ടു ആംസ്’ എന്ന നോവൽ. രണ്ടാംലോകമഹായുദ്ധ കാലത്ത് യുദ്ധകാര്യ ലേഖകനായാണു പ്രവർത്തിച്ചത്.

ജീവിതം, നോവലിനെക്കാൾ സംഭവബഹുലം

തനിക്കു തോന്നിയതുപോലെ ജീവിതം കൊണ്ടുനടന്നയൊരാളായിരുന്നു ഹെമിങ്‌വേ. തോന്നിയപോലെ പ്രേമിച്ചു, സഞ്ചരിച്ചു, വേട്ടയാടി. ഒടുക്കം മരിച്ചതും അതുപോലെതന്നെ.  

നാലുതവണ വിവാഹം കഴിച്ചു. അവർ ഓരോരുത്തരുമായി പ്രണയത്തിലായിരുന്നപ്പോൾ ഓരോ നോവലും ഭാര്യമാർക്കായി സമർപ്പിക്കുകയും ചെയ്തു. പുസ്തകമെഴുതുമ്പോൾ ‘ഇരിപ്പുറയ്ക്കില്ല’ എന്ന പറച്ചിൽ ഒരുപരിധിവരെ ഹെമിങ്‌വേയുടെ കാര്യത്തിൽ ശരിയാണ്. 

ഇരുന്നല്ല, എഴുന്നേറ്റുനിന്നാണ് അദ്ദേഹം തന്റെ മഹത്തായ സൃഷ്ടികളെല്ലാം പൂർത്തിയാക്കിയിട്ടുള്ളത്. സ്വന്തം ചരമവാർത്ത പത്രത്തിൽ വായിക്കേണ്ട ഗതികേടുമുണ്ടായിട്ടുണ്ട് ഹെമിങ്‌വേക്ക്. രണ്ടാംലോക മഹായുദ്ധ കാലത്ത്, അദ്ദേഹം സഞ്ചരിച്ച വിമാനം ആഫ്രിക്കയിൽ തകർന്നുവീണു. പരുക്കുകളോടെ ഹെമിങ്‌േവ രക്ഷപ്പെട്ടെങ്കിലും നാളുകളോളം ആ ദുരന്തത്തിന്റെ ആഘാതം അദ്ദേഹത്തിന്റെ മനസ്സിൽ മായാതെകിടന്നു.

അദ്ദേഹത്തിന്റെ പല കൃതികളും ലോകമെമ്പാടും മൊഴിമാറ്റം ചെയ്യപ്പെടുകയും ഏറെ വായിക്കപ്പെടുകയും ചർച്ചയാകുകയും ചെയ്തിട്ടുണ്ട്. 1952ൽ പുറത്തിറങ്ങിയ ‘ദി ഓൾഡ് മാൻ ആൻഡ് ദ് സീ’ (കിഴവനും കടലും) എന്ന നോവലാണ് അദ്ദേഹത്തിന്റെ മാസ്റ്റർ പീസ് ആയി സാഹിത്യലോകം കരുതുന്നത്. പറഞ്ഞുവരുമ്പോൾ കഷ്ടിച്ച് നൂറു പേജുകളുള്ള ചെറിയൊരു പുസ്തകമാണ്. പക്ഷേ, അതിലെ ആശയങ്ങൾ ലോകം മുഴുവൻ കൊടുങ്കാറ്റുപോലെ ആഞ്ഞുവീശാൻ തക്ക ശേഷിയുള്ളതായിരുന്നു. 

വളരെക്കാലം റൈറ്റേഴ്സ് ബ്ലോക്കിലായിരുന്ന ശേഷം ഹെമിങ്‌വേ എഴുതിയ നോവൽ ലോകസാഹിത്യത്തിൽ ക്ലാസിക്കായി. ക്യൂബൻ മുക്കുവനായ സാന്റിയാഗോയുടെ കടൽ അനുഭവങ്ങളാണു കഥയുടെ ഇതിവൃത്തം. നാളുകളായി കടലിൽ പോയിട്ടും അദ്ദേഹത്തിനു മീനുകളൊന്നും ലഭിച്ചില്ല. ഒടുവിൽ അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിന്റെ വലയിൽ കുടുങ്ങിയതാകട്ടെ, ആ നാട് അതുവരെ കണ്ടിട്ടില്ലാത്തത്ര വലുപ്പമുള്ള ഒരു മത്സ്യം; റൈറ്റേഴ്സ് ബ്ലോക്ക് കടന്ന് ഹെമിങ്‌വേ ‘ചൂണ്ടയിട്ടു പിടിച്ച’ നോവൽ പോലെയൊന്ന്!

Content Summary: Life and writings of Ernest Hemingway

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS