ADVERTISEMENT

ആരോ വിളിക്കുന്നതു കേട്ട് അമ്മ വന്നു നോക്കിയപ്പോൾ ഒരു സ്ത്രീ മുറ്റത്തുനിൽക്കുന്നു. തീർഥാടനത്തിനു പോകാൻ കുറച്ചു പണമായിരുന്നു അവരുടെ ആവശ്യം. അമ്മ നൽകിയ തുകയുമായി സ്ത്രീ മടങ്ങി. ഒരാഴ്ച കഴിഞ്ഞ് അതേ ആവശ്യവുമായി അവർ വീണ്ടുമെത്തി. എല്ലാം കാണുന്നുണ്ടായിരുന്ന മകൻ പണം നൽകുന്നത് എതിർത്തെങ്കിലും അമ്മ നൽകി. ആ സ്ത്രീ പോയപ്പോൾ അമ്മ മകനോടു പറഞ്ഞു: നീ എതിർത്തത് അവർ പറയുന്നതിലെ നുണ തിരിച്ചറിഞ്ഞതുകൊണ്ടാണെന്നു മനസ്സിലായി. അവർ ഭിക്ഷക്കാരിയല്ല, അവർ തീർഥാടനത്തിനു പോകുന്നില്ല എന്നതും സത്യം. ഭർത്താവിന്റെ മരണശേഷം ആരോഗ്യം മോശമായ അവർ ഭിക്ഷയെടുക്കാതെ മക്കളെ വളർത്താൻ കണ്ടെത്തിയ മാർഗമാണിത്. 

 

ഇന്ദ്രിയങ്ങൾക്കു മനസ്സിലാകാത്ത കാര്യം ഹൃദയത്തിനു മനസ്സിലാകും. എല്ലാ പ്രശ്നങ്ങൾക്കും യുക്തികൊണ്ടു പരിഹാരം കാണാനാകില്ല. എല്ലാ പ്രതികരണങ്ങളും നിയമം നോക്കി നടത്താനുമാകില്ല. അത്യാഹിതങ്ങളോ ആപത്തോ നേരിടേണ്ടി വരാത്തവർക്ക് അസാധാരണാനുഭവങ്ങളിലൂടെ കടന്നുപോകുന്നവരുടെ ദയനീയതയും നിസ്സഹായതയും എളുപ്പത്തിൽ മനസ്സിലാകില്ല. സ്വന്തം സുരക്ഷിത മേഖലയിൽ നിന്നുകൊണ്ടാകും അവർ എല്ലാ വിലയിരുത്തലുകളും നടത്തുക. കാതുകൾകൊണ്ടു മാത്രം കേട്ടാൽ വാക്കുകളേ തിരിച്ചറിയാനാകൂ. അർഥം മനസ്സിലാകണമെങ്കിൽ ഹൃദയംകൊണ്ടു കേൾക്കണം. കണ്ണുകൾകൊണ്ടു മാത്രം കണ്ടാൽ സംഭവങ്ങളേ ദർശിക്കാനാകൂ. അവ സൃഷ്ടിക്കുന്ന വൈകാരികത മനസ്സിലാകണമെങ്കിൽ ഹൃദയംകൊണ്ടു കാണണം. കൺമുന്നിൽ കാണുന്ന വേഷങ്ങളെയും പ്രവൃത്തികളെയും മാത്രമല്ല വ്യാഖ്യാനിക്കേണ്ടത്. അതിലേക്കവരെ നയിച്ച ഭൂതകാലവും അത് അവരെ കൊണ്ടെത്തിക്കാൻ സാധ്യതയുള്ള ഭാവികാലവും പരിഗണിക്കണം. 

 

ആത്മാഭിമാനത്തിന്റെ നേർത്ത ചരടിനു മുകളിലൂടെയാണ് എല്ലാവരും നടക്കുക. അതു മറ്റാർക്കും മനസ്സിലാകാതിരിക്കാനുള്ള തീവ്രയത്നം ഓരോ പ്രവൃത്തിക്കു പിന്നിലുമുണ്ട്. വളരെ സാവധാനവും കരുതലോടെയും പോകുന്ന ജീവിതങ്ങളുണ്ടെങ്കിലും അവർക്കും മറ്റുള്ളവർക്കൊപ്പം തന്നെ മുന്നോട്ടുനീങ്ങുന്നതായി അഭിനയിച്ചേ പറ്റൂ. പുറമേ പുഞ്ചിരിച്ചു നിൽക്കുന്ന ജീവിതങ്ങളുടെ പിന്നാമ്പുറങ്ങളിൽ ഒറ്റപ്പെടലിന്റെയും നൊമ്പരങ്ങളുടെയും കഥകളുണ്ടാകും. എല്ലാവരുടെയും ജീവിതത്തിന്റെ മുഴുവൻ തിരക്കഥയും വായിച്ചശേഷം ആരോടും ഇടപഴകാൻ കഴിയില്ല. സ്വന്തം ശൈലി കുറച്ചുകൂടി കരുണാർദ്രമാക്കുക എന്നതാണു ഫലപ്രദമായ മാർഗം.

 

English Summary: English Summary: Subhadinam, Thoughts for the day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com