ADVERTISEMENT

എത്രയോ നാളുകളായി സാമ്പത്തികമായി കഷ്ടപ്പെട്ടാണു ഞാൻ ജീവിക്കുന്നത്. വില കൂടിയ വസ്ത്രങ്ങൾ അണിഞ്ഞിട്ടേയില്ല. കാറില്ല. സ്വന്തമായി വീടില്ല. സുരക്ഷിതമായ ജോലി ഇല്ല. സാധാരണക്കാർക്കു ലഭിക്കുന്ന സാമൂഹിക ജീവിതം പോലുമില്ല. സങ്കടമോ കുറ്റബോധമോ ഇല്ലാതെയാണ് കാരൻ ജെന്നിങ്സ് ഇതു പറഞ്ഞത്. സഹതാപം പ്രതീക്ഷിക്കാത്ത സ്വന്തം ജീവിതകഥ. എന്നാൽ ഇതു കഥയല്ല, യഥാർഥ ജീവിതം തന്നെ. 

 

കാരൻ ജെന്നിങ്സ് എന്ന എഴുത്തുകാരിയെക്കുറിച്ച് ഈയടുത്ത കാലത്തു മാത്രമാണു ലോകം അറിയുന്നത്. ദക്ഷിണാഫ്രിക്കക്കാരിയായ ജെന്നിങ്സിന്റെ ചെറിയ നോവൽ അപ്രതീക്ഷിതമായി ബുക്കർ സമ്മാനത്തിന്റെ ആദ്യ പട്ടികയിൽ ഇടംപിടിച്ചതോടെ. ഇനി ചുരുക്കപ്പട്ടിയിൽ ഇടം പിടിക്കണം. അവസാന പട്ടികയിൽ ഇടംപിടിക്കുന്ന നോവലുകളിൽ നിന്നായിരിക്കും പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കുക. എന്നാൽ ഇപ്പോൾ തന്നെ പുരസ്കാരം ലഭിച്ച പ്രതീതിയാണ് ജെന്നിങ്സിന്. നോവൽ പ്രസിദ്ധീകരിക്കാൻ സഹിച്ച കഷ്ടപ്പാടുകൾ ഓർക്കുമ്പോൾ ഈ അംഗീകാരം പുരസ്കാരത്തിനു തുല്യം തന്നെ. 

 

38 വയസ്സുകാരിയായ ജെന്നിങ്സ് കോവിഡ് കാലത്ത് ഭർത്താവിനൊപ്പം ബ്രസീലിലാണു താമസിക്കുന്നത്. സ്വന്തം നോവൽ ഇതുവരെ കയ്യിൽ കിട്ടിയിട്ടില്ല. ഏറെക്കാലം ബുദ്ധിമുട്ടിയശേഷമാണു പ്രസിദ്ധീകരിച്ചതു തന്നെ. അതും 500 കോപ്പി മാത്രം. പ്രശസ്തയല്ലാത്തതിനാൽ പുസ്തകം ഇപ്പോഴും വിറ്റുപോകുന്നില്ല. പ്രസാധകർ പരാതി പറയുന്നതിനിടെയാണ് ബുക്കർ അംഗീകാരം ലഭിച്ച വാർത്ത വരുന്നത്. ഇനിയെങ്കിലും പുസ്തകം വിറ്റുപോകുമെന്ന പ്രതീക്ഷയിലാണ് എഴുത്തുകാരിയും പ്രസാധകരും. 

 

2017 ൽ പൂർത്തിയായതാണു നോവൽ. എന്നാൽ പ്രസിദ്ധീകരിക്കാൻ ഒരാളും താൽപര്യം കാണിച്ചില്ല. പ്രധാന പ്രസാധകരൊക്കെ നോവൽ തിരിച്ചയച്ചു. ചെറിയൊരു പ്രസിദ്ധീകരണ ശാല മുന്നോട്ടുവന്നപ്പോഴാകട്ടെ നിരൂപണം ചെയ്യാൻ ആരെയും കിട്ടുന്നില്ല. പുസ്തകത്തിന്റെ പുറംകവറിൽ കൊടുക്കാനുള്ള ഏതാനും വാചകങ്ങൾ എഴുതിക്കാനും പെടാപ്പട് പെട്ടു. ഒടുവിൽ തിരസ്കാരങ്ങൾ മറികടന്ന്, അവഗണനയും അവജ്ഞയും പിന്നിലാക്കിയാണു നോവൽ വെളിച്ചം കണ്ടത്. 

 

ഒരു ദ്വീപിൽ ഒറ്റയ്ക്കു താമസിക്കുന്ന സാമുവൽ എന്നയാളാണ് ഐലൻഡിലെ പ്രധാന കഥാപാത്രം. 20 വർഷമായി അയാൾ ദ്വീപിൽ ഒറ്റയ്ക്കാണ്. ഒരുദിവസം ഏതോ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട് ഒരു യുവാവ് തീരത്തടിയുന്നു. തന്റെ ഏകാന്തത തകർന്നതിൽ ദുഃഖിക്കുന്നതിനൊപ്പം പുതുതായി എത്തിച്ചേർന്നയാളുടെ ലക്ഷ്യം മനസ്സിലാകാത്തതിൽ അസ്വസ്ഥനുമാണ് സാമുവൽ. എങ്കിലും അയാളെ തന്റെ കൂടെ താമസിപ്പിക്കുന്നു. മറന്നുകളഞ്ഞ പഴയ കാലത്തേക്കുറിച്ച് ഓർമകളുടെ വാതിൽ തുറക്കുന്നതോടെ, തന്റെ ഭൂതകാലം സാമുവലിൽ തിരയടിച്ചുയരുന്നു. കോളനിവാഴ്ചയിൽ നിന്നു രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതിയ നാളുകൾ. ഒടുവിൽ, സ്വാതന്ത്ര്യം ലഭിച്ചെങ്കിലും ഏകാധിപതിയുടെ ഭരണത്തിൽ നേരിട്ട അടിമത്വം. അസ്വാതന്ത്ര്യം. എല്ലാം ഉപേക്ഷിച്ചു ദ്വീപിലേക്കുള്ള യാത്ര. അജ്ഞാത വാസം. അഭയാർഥിയായി എത്തിയ വ്യക്തി തന്നെ കൊല്ലുമോ എന്നു സാമുവൽ സംശയിക്കുന്നുണ്ട്. ഭയം മറച്ചുവച്ച് അയാൾക്ക് സ്വന്തം കുടിലിൽ അഭയം കൊടുക്കുന്ന സാമുവലിലൂടെ, ഇന്നത്തെ ദക്ഷിണാഫ്രിക്കയുടെ ചരിത്രവും വർത്തമാനവും ജെന്നിങ്സ് പറയുന്നു. 

 

താമസ യോഗ്യമല്ലാത്ത സാഹചര്യങ്ങളിൽ, അനാരോഗ്യ മേഖലകളിൽ ജീവിക്കുന്നവർക്കുവേണ്ടി പ്രവർത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയിൽ അംഗമാണു ജെന്നിങ്സ്. തന്റെ നോവൽ അറിയപ്പെടുന്നതോടെ പാർശ്വവൽകരിക്കപ്പെട്ടവരുടെ ജീവിതത്തെക്കുറിച്ച് ലോകം കൂടുതൽ മനസ്സിലാക്കുമെന്ന പ്രതീക്ഷയും അവർക്കുണ്ട്. 

 

ആഫ്രിക്കൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ പ്രവർത്തിക്കുന്ന മൈൽസ് മോർലാൻഡ് ഫൗണ്ടേഷന്റെ സഹായത്തോടെ ജെന്നിങ്സ് നോവൽ പൂർത്തീകരിച്ചത്. പുസ്തകത്തിൽ നിന്നുള്ള വരുമാനത്തിന്റെ ഒരു ഭാഗം ഫൗണ്ടേഷനു തിരിച്ചുകൊടുക്കേണ്ടതുണ്ട്. ഇതുവരെ ഒരു രൂപ പോലും തിരിച്ചടച്ചിട്ടില്ല. ആ സങ്കടത്തിനിടെയാണ് ബുക്കർ അംഗീകാരം ലഭിക്കുന്നത്. നോവലിന്റെ 5000 കോപ്പികൾ പുതുതായി അച്ചടിക്കുകയാണ്. വരുമാനം ലഭിക്കുന്നതോടെ ഫൗണ്ടേഷനു പണം തിരികെക്കൊടുക്കാൻ കഴിയുമെന്ന സന്തോഷവും ജെന്നിങ്സിനുണ്ട്.

 

ഐലൻഡിന് ബുക്കർ ലഭിക്കുമോ ഇല്ലയോ എന്നതിനെക്കുറിച്ച് ജെന്നിങ്സ് ചിന്തിക്കുന്നതേയില്ല. അതേക്കുറിച്ച് ആലോചിക്കാനും സമയമില്ല. പണം എനിക്കൊരു പ്രലോഭനമല്ല; പ്രശസ്തിയും. എഴുതാൻ ഇഷ്ടമായതുകൊണ്ട് എഴുതുന്നു എന്നു മാത്രം. എന്നിൽ ഞാൻ വിശ്വസിക്കുന്നില്ല. ആ വിശ്വാസം വേണ്ടതാണെന്നു തോന്നിയിട്ടുമില്ല. എന്നാൽ, എന്റെ പുസ്തകങ്ങളിൽ വിശ്വാസമുണ്ട്. എനിക്കിനിയും എഴുതണം– ജെന്നിങ്സിന്റെ വാക്കുകളിൽ തിരസ്കാരത്തിന്റെ വേദനയില്ല, നിശ്ചയദാർഡ്യത്തിന്റെ കരുത്ത്. ഇനിയും അതിജീവിക്കാനിരിക്കുന്ന പ്രതിബന്ധങ്ങൾക്കും തന്നെ തളർത്താനാവില്ലെന്ന ആത്മവിശ്വാസവും. 

 

Content Summary: An Island Book by Karen Jennings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com