താലിബാനെ പേടിച്ച് ആൺവേഷത്തിൽ ജീവിച്ച ‘ഒസാമ’; എന്താണ് യഥാർഥ അഫ്‌ഗാൻ?

Osama Movie
‘ഒസാമ’ സിനിമയിൽ നിന്ന് ഒരു ദൃശ്യം
SHARE

കണ്ണു നനയിക്കും അഫ്ഗാനിസ്ഥാനിൽനിന്നുള്ള ദൃശ്യങ്ങൾ. താലിബാൻ കയ്യേറിയ ആ നാടിന്റെ വിഷമതകളാണ് ലോകത്തിനു മുന്നിലേക്ക് ഓരോ ദിവസവും എത്തുന്നത്. രാജ്യം ഒരു അഗ്നിപർവ്വതത്തിന്റെ വക്കിലാണെന്ന് തോന്നിപ്പിക്കുന്ന സംഭവവികാസങ്ങൾ. രാജ്യഭരണം താലിബാൻ ഏറ്റെടുത്തതോടെ അനേകമാളുകൾ മറ്റു നാടുകളിലേക്ക് രക്ഷ തേടി പലായനം ചെയ്യുന്നു. ഇതിന് സാധിക്കാതെ വിമാനങ്ങൾക്ക് പിന്നാലെ കൂട്ടമായി ഓടിയ അഫ്‌ഗാൻ ജനതയുടെ  വിഡിയോ കാണുമ്പോൾ നമുക്ക് മനസ്സ് നോവാം. വാർത്തകൾക്കും ചരിത്രത്തിനും അപ്പുറം ആ രാജ്യത്ത് എന്താണ് സംഭവിക്കുന്നത് എന്ന് വിശദമായി അറിയാൻ താൽപര്യവും തോന്നാം. 

ആ രാജ്യത്ത് എന്തുകൊണ്ടാണ് ഇങ്ങനെ നിത്യദുരിതം ഉണ്ടാകുന്നത്? അഞ്ച് നൂറ്റാണ്ട് കഴിഞ്ഞിട്ടും പരിഹരിക്കപ്പെടാത്ത ആ നാട്ടിലെ പ്രശ്നങ്ങളെ, അവരുടെ ജീവിതത്തെ അടുത്തറിയാൻ എന്താണ് ചെയ്യുക? ചില പുസ്‌തകങ്ങളും സിനിമകളും പരിചയപ്പെടുന്നത് ആ നാടിനെയും അവിടുത്തെ ജനങ്ങളെയും കൂടുതൽ അറിയാൻ ഉപകരിക്കും. അങ്ങനെ ചില സൃഷ്ടികളുടെ ചെറുവിവരണം ഇവിടെ വായിക്കാം.   

ഒസാമ

Osama-Movie2
ഒസാമ സിനിമയിൽ നിന്ന്

സിദ്ദിഖ് ബര്മാകിന്റെ 2003ൽ പുറത്തിറങ്ങിയ ഹൃദയസ്പർശിയായ സിനിമയാണ് ഒസാമ. പേരിലെ സാദൃശ്യമല്ലാതെ ഒസാമ ബിൻലാദനുമായി ചിത്രത്തിന് ബന്ധമൊന്നുമില്ല.  താലിബാൻ ഭീകരരിൽനിന്ന് രക്ഷപെടാൻ ആൺ വേഷത്തിൽ ജീവിക്കേണ്ടിവരുന്ന പെൺകുട്ടിയുടെ കഥയാണ് സിനിമ സംസാരിക്കുന്നത്. അയർലൻഡ്, ജപ്പാൻ, ഇറാൻ, നെതർലൻഡ്സ്, അഫ്ഗാനിസ്ഥാൻ എന്നീ അഞ്ച് രാജ്യങ്ങൾ സംയുക്തമായാണ് ‘ഒസാമ’ നിർമ്മിച്ചത്. കാഴ്ചക്കാരെ വൈകാരികമായി കീഴടക്കുന്ന മികച്ച ചലച്ചിത്രാനുഭവമാണ്. അഫ്‌ഗാനിലെ ദാരി ഭാഷയിലാണ് സിനിമയിലെ സംഭാഷണങ്ങൾ. അഫ്‌ഗാൻ നാടിന്റെ വിഷമതകൾ സുവ്യക്തമായി പറയുന്ന സിനിമ. 

താലിബാൻ: ദ് സ്റ്റോറി ഓഫ് ദി അഫ്‌ഗാൻ വാർലോർഡ്‌സ്

Taliban-The-Story-of-the-Afghan-Warlords

അഹമ്മദ് റഷീദിന്റെ ഈ പുസ്തകം, താലിബാന്റെ ചരിത്രം, എങ്ങനെ അവർ അഫ്‌ഗാനിസ്ഥാനിൽ ആധിപത്യം സ്ഥാപിച്ചു, ബിൻ ലാദൻ എങ്ങനെ ശക്തനായ ഭീകരനായി എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകുന്നു. അഫ്‌ഗാൻ മണ്ണിലെ വംശീയ-മതപരമായ സംഘർഷങ്ങളെപ്പറ്റിയും പുസ്‌തകം പ്രതിപാദിക്കുന്നു. ഒരു വിദ്യാർത്ഥി പ്രസ്ഥാനം എങ്ങനെ രാജ്യത്തെ പിടിച്ചെടുക്കുന്ന നിലയിൽ എത്തിച്ചേരുന്നു എന്നതിന്റെ വിശദമായ അവതരണമാണ് ഈ പുസ്തകം.  സെപ്റ്റംബർ 11 ആക്രമണത്തിന് മുൻപുള്ള അഫ്‌ഗാൻ ജീവിതമാണ് ‘താലിബാനിൽ’ വിവരിച്ചിരിക്കുന്നത്. അതിനാൽ പുസ്‌തകം രചിച്ച് 20 കൊല്ലം കഴിഞ്ഞിട്ടും അതിന്റെ പ്രസക്‌തി നഷ്ടപ്പെടുന്നില്ല.

കാണ്ഡഹാർ

Kandahar-Movie

ലോകപ്രശസ്‌ത ഇറാനിയൻ സംവിധായകൻ മൊഹ്‌സിൻ മക്മൽബഫ് സംവിധാനം ചെയ്‌ത ചിത്രമാണ് കാണ്ഡഹാർ (2001). പകുതി ചരിത്രവും പകുതി ഭാവനയും ഇടകലർത്തിയാണ് സിനിമയുടെ കഥ രചിച്ചിരിക്കുന്നത്. സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനു ശേഷമാണ് ഈ സിനിമ കൂടുതൽ ചർച്ചയായത്. സഹോദരൻ-സഹോദരി ബന്ധത്തിന്റെ പശ്ചാത്തലത്തിൽ ആ രാജ്യത്തിന്റെ ചരിത്രവും വർത്തമാനവും പറയുന്ന കഥയാണ്. കാണ്ഡഹാർ. ചിത്രത്തിന്റെ  ചില പ്രധാന ഭാഗങ്ങൾ  അഫ്‌ഗാനിസ്ഥാനിൽ രഹസ്യമായാണു ചിത്രീകരിച്ചത്. 2001ലെ കാൻ ചലച്ചിത്രമേളയിലും സിനിമ പ്രദർശിപ്പിച്ചു.

റെസ്ട്രേപ്പോ

Restrepo

യുഎസ് മാധ്യമപ്രവർത്തകൻ സെബാസ്ററ്യൻ ജങ്കർ, ബ്രിട്ടിഷ് ഫോട്ടോ ജേണലിസ്റ്റായ ടിം ഹെതെറിങ്ടൻ എന്നിവർ ചേർന്നാണ് ഈ യുദ്ധ ഡോക്യുമെന്ററി സംവിധാനം ചെയ്തത്. യുദ്ധമുഖരിതമായ നാട്ടിൽ ജോലിക്കെത്തിയ രണ്ട് മാധ്യമപ്രവർത്തകർ അവരുടെ ക്യാമറക്കണ്ണിലൂടെ യാഥാർഥ്യത്തെ പകർത്താൻ ശ്രമിക്കുന്നതാണ് പ്രമേയം. മനസ്സ് കുത്തിനോവിക്കുന്ന യഥാർഥ കാഴ്ചകളിലൂടെ അഫ്ഗാനിസ്ഥാൻ എന്ന രാജ്യത്തെ കൂടുതൽ അടുത്തറിയാൻ ഈ ഡോക്യുമെന്ററി സഹായിക്കുന്നു.    

ദിസ് മാൻസ് ആർമി

This-Man's-Army

ഇരുപത്തിമൂന്നാം വയസ്സിൽ അഫ്‌ഗാനിൽ പ്രവേശിക്കുന്ന സൈനികൻ, ഇംഗ്ലിഷ് സാഹിത്യത്തിൽ തൽപരനായ ഐ ലീഗ് വിദ്യാർഥി...ഇതെല്ലാമായിരുന്നു അഫ്‌ഗാനിസ്ഥാനിൽ എത്തുന്നതിന് മുൻപ്  ആൻഡ്രു എക്സം. എന്നാൽ അവിടെ എക്സമിനെ കാത്തിരുന്നത് ഉള്ളുലയ്ക്കുന്ന അനുഭവങ്ങളാണ്. യുഎസ് സൈനികരുടെ അഫ്‌ഗാൻജീവിതമാണ് സൈനികൻ ആൻഡ്രു എക്സം ഒരു ഓർമപ്പുസ്തകം പോലെ അവതരിപ്പിക്കുന്നത്. ഒസാമ ബിൻ ലാദന്റെ പടയാളികളെ തുടച്ചുനീക്കാൻ നടത്തുന്ന സൈനിക ഓപറേഷനുകളുടെ വിശദമായ വിവരണമാണ് പുസ്‌തകം നൽകുന്നത്. യുദ്ധത്തിനിടയിൽ സൈനികർ എങ്ങനെയാണ് വിനോദസമയങ്ങൾ ചിലവഴിച്ചത് എന്നിങ്ങനെയുള്ള വിശദാംശങ്ങളിലേക്ക് പുസ്‌തകം കടന്നുചെല്ലുന്നു. അഫ്‌ഗാനിൽ ഡ്യൂട്ടിക്ക് പോകുന്ന അമേരിക്കൻ സൈനികന്റെ മനോവികാരങ്ങൾ പകർത്തുന്നതിൽ വിജയിച്ച പുസ്തകമാണ് ദിസ് മാൻസ് ആർമി. 

അഫ്ഗാനിസ്ഥാൻ: വെയർ ഗോഡ് ഒൺലി കംസ് ടു വീപ്

Afghanistan-where-God-only-comes-to-weep

ഷിറിൻ ഗോൽ എന്ന അഫ്‌ഗാൻ സ്ത്രീയുടെ അനുഭവങ്ങളാണ് ഈ പുസ്തകം. ഷിറിൻ ഡോക്യുമെന്ററി നിർമ്മാതാവായ സിബാ ഷാക്കിബിനോട് മനസ്സ് തുറക്കുന്നതാണ് ഉള്ളടക്കം. റഷ്യൻ, താലിബാൻ കാലത്തെ അഫ്‌ഗാൻ വനിതകളുടെ ജീവിതമാണ് ഈ പുസ്തകത്തിന്റെ ആത്മാവ്. വളരെ ധീരമായ, യാഥാർഥ്യത്തോടു ചേർന്ന് നിൽക്കുന്ന ലളിതമായ ഭാഷയിൽ രചിക്കപ്പെട്ട പുസ്തകമാണിത്.

Content Summary: Books and Movies Which Helps to Understand Afghanistan and Taliban More

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA