കവിതക്കാർ കല്ലറസൂക്ഷിപ്പുകാർ

wg-sebald-ezhuthumesha
ഡബ്ല്യു. ജി. സെബാൾഡ്, ചിത്രത്തിന് കടപ്പാട് വിക്കിപീഡിയ
SHARE

നൊസ്റ്റാൾജിയയിൽനിന്ന്, ഗൃഹാതുരതയിൽനിന്ന് അകലെയാണു ഞാൻ. കൊഴിഞ്ഞ കാലത്തിന്റെ ഏതെങ്കിലും അംശം ഇപ്പോഴുള്ളതിനെക്കാൾ ഉദാത്തമായിരുന്നു എന്ന് ഒരിക്കലും തോന്നിയിട്ടില്ല. പക്ഷേ, ഭൂതകാലത്തുനിന്നാണ് എല്ലാ കലയും വരുന്നത്, എന്നിട്ടും എന്തുകൊണ്ടാവും ഒരു ഗൃഹാതുരത എന്നെ വന്നു തൊടാത്തത്, ഭൂതകാലത്തേക്കു കുഴിച്ചുചെല്ലുമ്പോഴാണ് ഗൃഹാതുരമാകാൻ അവിടെയൊന്നുമില്ല എന്നു മനസ്സിലാകുന്നത്. പിറന്ന ഊരിൽ പോയപ്പോൾ ചെളിവരമ്പോ ദ്രവിച്ച മുരിക്കിൻപാലമോ ഇഴയും ചേരയോ ഓർമ വന്നോ എന്ന് എന്നോടു ചോദിച്ചു. ഞാൻ മുറ്റത്തുനിന്നു നോക്കിയപ്പോൾ ഇറക്കങ്ങളെല്ലാം നിരപ്പായി കാണുന്നു. ഇതിൽ ഒരു നൊസ്റ്റാൾജിയയും ഇല്ലല്ലോ, എന്തെന്തു പ്രയാസങ്ങളായിരുന്നു അക്കാലം, എങ്കിലും പറയൂ, എന്തെങ്കിലുമൊന്നു പറയൂ, പാഷൻ ഫ്രൂട്ട് വള്ളികൾ പന്തലിട്ട ഒരിടത്തുനിന്നു ഞങ്ങൾ പിന്നെയും അകലേക്കു നോക്കുന്നു. ഒരിക്കൽ, പാടത്തെ ചെളിയിൽ മുട്ടൊപ്പം താണുപോയി, കാലുകൾ വലിച്ചെടുക്കുമ്പോൾ ഒരു കാലിലെ ചെരുപ്പു പോയി, എത്ര തിരഞ്ഞിട്ടും കിട്ടിയില്ല, കൈ മുഴുവനും ചെളിയിലേക്കു പൂഴ്ത്തി പരതിനോക്കിയത്, ആ ചെളിമണം ഒരു വേദന പോലെ തോന്നുന്നു എന്നു ഞാൻ പറയുമ്പോൾ ഇതുതന്നെയല്ലേ ഗൃഹാതുരതയെന്നു നീ പറയുന്നു, വി.എം. ഗിരിജയുടെ വരികൾ വായിക്കുന്നു- ‘‘ഇറങ്ങുകെന്നുള്ളിലേക്കെന്ന് അലിവുറവുകൾ തുറന്നു ഞാൻ വിളിക്കുമ്പോൾ വരുമോ നീ മൃതിയായെങ്കിലും..’’

നഷ്ടങ്ങളില്ലാത്ത മനുഷ്യരില്ലല്ലോ. പങ്കിടണമെന്നും വീണ്ടും ജീവിക്കണമെന്നും തോന്നുന്ന കാലം നഷ്ടമായിട്ടുണ്ടോ? നഷ്ടമായ സ്നേഹം, സമാധാനം, സ്വാതന്ത്ര്യം അതെല്ലാം വീണ്ടും വന്നാൽ നന്നായിരുന്നുവെന്നു തോന്നുന്ന അനുഭവമാണോ ഗൃഹാതുരത, എങ്കിൽ നഷ്ടബോധം തോന്നുന്ന എല്ലാം കുഴിച്ചുനോക്കുക തന്നെ വേണം, അതു നമ്മുടെതന്നെ സങ്കുചിതത്വങ്ങളെയാണോ എടുത്തുകാട്ടുന്നത് എന്നറിയാൻ. ഡബ്ല്യു. ജി. സെബാൾഡിന്റെ ദീർഘകാവ്യമായ  ആഫ്റ്റർ നേച്ചർ (After Nature) വായിക്കുമ്പോൾ, ഭയങ്കര ദുരിതങ്ങളും അനീതികളും കാലത്തിലൂടെ സഞ്ചരിച്ച് നമ്മെ തൊടുന്നത് അറിയുന്നു. അപ്പോൾ ഓർമകളുടെ തിരഞ്ഞെടുപ്പാണു പ്രധാനം എന്നു നാം കാണുന്നു. കാലത്തിന്റെ അകലം ഇല്ലാതാക്കുന്ന ഒരു ഘടകം, പോയ വർഷങ്ങളിൽനിന്നു സഞ്ചരിച്ചുവരുന്ന വേദനയാണ്-ചരിത്രവും വ്യക്തിയും തമ്മിൽ ലയിക്കുന്നത് ഈ വേദനയിലാണ്. 

ആഫ്റ്റർ നേച്ചർ എന്ന കാവ്യത്തിനു പ്രധാനമായും മൂന്നു ഭാഗങ്ങളാണുള്ളത്. ആദ്യത്തേതിൽ മതദ്രോഹവിചാരണകളുടെയും ലോകാവസാന ഭീതികളുടെയും കർഷക കലാപങ്ങളുടെയും പശ്ചാത്തലത്തിൽ യൂറോപ്യൻ നവോത്ഥാന ചിത്രകലയുടെ പൊരുൾ അന്വേഷിക്കുന്നതാണ്. പതിനാറാം നൂറ്റാണ്ടിലെ ജർമൻ ചിത്രകാരൻ മത്തെയോസ് ഗ്രൂനോവാൽഡിന് (Mathaeus Grunewald) കാവ്യം സമർപ്പിച്ചിരിക്കുന്നു. നവോത്ഥാന ചിത്രകലയിലെ പതിവുരീതികളെ ഉപേക്ഷിച്ച ഗ്രൂനോവാൽഡിന്റെ കലുഷിതമായ കലാ ജീവിതമാണ് കവിതയിലുള്ളത്. (ഗ്രൂൻവാൾഡിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഒട്ടേറെ പെയിന്റിങ്ങുകൾ കപ്പലപകടത്തിൽ നഷ്ടമായി). വിമതസ്വരമുയർത്തിയ ജർമൻ ഗ്രാമത്തിലെ മുഴുവൻ കർഷകരുടെയും കണ്ണുകൾ അരിവാൾ കൊണ്ടു തുരന്നെടുത്ത സംഭവം സെബാൾഡ് വിവരിക്കുന്നുണ്ട്. കണ്ണുകൾ തുരന്നെടുക്കുമ്പോഴുള്ള ഭയങ്കരമായ കരച്ചിലുകൾ ദിവസങ്ങളോളം ആ ഗ്രാമത്തിലെങ്ങും ഉയർന്നുകേട്ടു. ആ ദിവസങ്ങളിൽ ഗ്രൂൻവാൾഡ് കണ്ണുകൾക്കുമീതെ തുണി ചുറ്റി അന്ധനെപ്പോലെയാണു നടന്നത്.

കാവ്യത്തിന്റെ രണ്ടാംഭാഗം കോളനിവാഴ്ചയുടെ കാലത്തു പുതിയ കരകളും പുതിയ ജലയാത്രാപാതകളും കണ്ടെത്താനായി ഒരു റഷ്യൻ സംഘം ധ്രുവമേഖലയിൽ നടത്തിയ പര്യവേഷണ സഞ്ചാരങ്ങളുടെ അനുഭവം പങ്കിടുന്നു. സർവകലാശാലാ പദവികൾ ഉപേക്ഷിച്ചു സമുദ്രരഹസ്യങ്ങൾ തിരഞ്ഞുപോയ ജർമൻ ബൊട്ടാണിസ്റ്റ് ജോർജ് വിൽഹെം സ്റ്റെല്ലറുടെ (George Wilhelm Steller ) കണ്ടെത്തലുകൾ 1751 ൽ റഷ്യയിൽ പ്രസിദ്ധീകരിച്ചു. 1899 ൽ The Beasts of the Sea എന്ന പേരിൽ ഇംഗ്ലിഷിലിറങ്ങി. ത്യൂമെൻ സൈബീരിയയിലെ ഏറ്റവും പഴയ പട്ടണങ്ങളിലൊന്നാണ്. അവിടെ കൊര്യാക്ക് ഗോത്രക്കാരുടെ അതിഥിയും വൈദ്യനുമായി സ്റ്റെല്ലർ വർഷങ്ങളോളം താമസിച്ച് എഴുത്തും ഗവേഷണവും തുടർന്നു.

റഷ്യയിൽനിന്നു നോർത്ത് അമേരിക്കയിലേക്കുളള പുതിയ കടൽപാത കണ്ടുപിടിക്കാനുള്ള മാസങ്ങൾ നീണ്ട ധ്രുവമേഖലാ യാത്രയിൽ, തന്റെ ജീവിവർഗ അന്വേഷണങ്ങൾക്കായാണു സ്റ്റെല്ലർ ചേർന്നത്. അതിനായി അദ്ദേഹം ബർലിനിൽനിന്നു പീറ്റേഴ്സ്ബർഗിലെത്തി മാസങ്ങളോളം കാത്തുകിടന്നു. ദിക്കറിയാത്ത ആ കടൽയാത്രയിൽ മുൻപൊരിക്കലും മനുഷ്യർ കണ്ടിട്ടില്ലാത്ത ഒട്ടേറെ കടൽജീവികളെ സ്റ്റെല്ലർ കണ്ടു. മഞ്ഞുമൂടിയ കടലിലെ കാഴ്ചഭ്രമങ്ങളെ സ്റ്റെല്ലർ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. മഞ്ഞുമൂടിയ കടലിലൂടെ കപ്പൽ മുന്നോട്ടുനീങ്ങുമ്പോൾ ദൂരെ കരയുടെ കറുപ്പു കാണുന്നു. നാവികരെല്ലാം ആർത്തുല്ലസിക്കാൻ തുടങ്ങി. എന്നാൽ അത്, ചത്ത നീലത്തിമിംഗലമായിരുന്നു. തിമിംഗലത്തിനു മേൽ നൂറുകണക്കിനു കറുത്ത കടൽപക്ഷികൾ ചേക്കേറിയിരുന്നു.

ആൽപ്സിലെ മഞ്ഞുപാളികൾ പോലെ കാലത്തിനു മീതേ നിലകൊള്ളുന്ന ഒരു വേദനയിലാണ് കാവ്യം നിലകൊള്ളുന്നത്. മൂന്നാം ഭാഗം സെബാൾഡിന്റെ കുട്ടിക്കാലത്തെ, രണ്ടാം ലോകയുദ്ധത്തിന്റെയും ജൂതവംശഹത്യയുടെയും പശ്ചാത്തലത്തിൽ സമീപിക്കുന്നതാണ്. ആരംഭത്തിലേക്കു പോകാൻ നിങ്ങൾ എത്ര ദൂരം സഞ്ചരിക്കുമെന്നാണു സെബാൾഡിന്റെ ചോദ്യം. നാത്‌സി ഭൂതകാലമോ മതദ്രോഹവിചാരണയുടെ ഭൂതകാലമോ, എവിടെയാണു നിങ്ങൾ ഗൃഹാതുരരാകുക? ഭൂതകാലത്തിലെ ഏത് അംശമാണു നിങ്ങളിൽ നഷ്ടബോധമുണ്ടാക്കുന്നത്? സംസ്കാരിക പാരമ്പര്യം, ഭാഷാ പാരമ്പര്യം എന്നെല്ലാം പറയുമ്പോൾ പാരമ്പര്യം വഹിക്കുന്ന അനീതികളെയും ദുരന്തങ്ങളെയും എങ്ങനെ വിസ്മരിക്കാനാണ്? ഓരോ നൊസ്റ്റാൾജിയയും മനുഷ്യ ക്രൂരതകളെ മറ്റൊരു രീതിയിൽ തിരിച്ചുകൊണ്ടുവരികയാണ്. മണ്ണടിഞ്ഞതിനെ കുഴിച്ചെടുക്കുകയാണ്. 

സോവിയറ്റ് യൂണിയൻ തകർന്നടിഞ്ഞപ്പോൾ പഴയ തലമുറയിലെ ഒട്ടേറെപ്പേർ, പ്രധാനമായും സ്ത്രീകൾ വിഷാദരോഗം മൂർച്ഛിച്ച് ആത്മഹത്യ ചെയ്തതു സംബന്ധിച്ച് (Enchanted by Death-1994) സ്വെറ്റ്ലാന അലക്സിവിച് എഴുതിയിട്ടുണ്ട്. ഭൂതകാലത്തിന്റെ കൈകൾ നമ്മുടെ കഴുത്തിലേക്കു നീളുന്നതാണത്. സോവിയറ്റ് യൂണിയൻ സൃഷ്ടിച്ച മനുഷ്യൻ ആരാണ് എന്ന് സ്വെറ്റ്ലാന അലക്സിവിച് അന്വേഷിക്കുന്നു.  കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സാമൂഹിക അകലവും മൂക്കും വായും മറയ്ക്കലും നിർബന്ധമാക്കിയപ്പോഴും ചിലർ തീണ്ടാപ്പാടകലെ എന്ന ഭൂതകാലത്തെ, തൊട്ടുകൂടായ്മയെ, ഗൃഹാതുരതയോടെ എടുത്തുകൊണ്ടു വന്നതു ഓർക്കണം. മാസ്ക് പോലെയുള്ള സുരക്ഷയാണു സ്ത്രീകളുടെ മുഖാവരണം എന്നും ചിലർക്കു തോന്നി. ഇതെല്ലാം ഭൂതകാലത്തിന്റെ ഹീനമായ സമ്മാനങ്ങളാണ്. നാം അകന്നുപോകുന്തോറും അതു നമ്മെ അതിലേക്ക് അടുപ്പിക്കാൻ നോക്കുന്നു. അവിടെ മറ്റെല്ലാം മറക്കാൻ പ്രേരിപ്പിക്കുന്നു.

vm-girija-ezhuthumesha
വി.എം. ഗിരിജ

വി.എം. ഗിരിജയുടെ ‘പയ്യന്നൂരിലെ വഴിക്കുളം’ എന്ന കവിതയിൽ കവിതയ്ക്കു വേർക്കുമോ, കവിത വിശക്കുമോ, സ്നേഹിക്കുമോ എന്നെല്ലാം ചോദിക്കുന്നുണ്ട്. ‘‘സകലതും വാക്കായി മാറ്റി സൂക്ഷിക്കുമീക്കവിതക്കാർ കല്ലറസൂക്ഷിപ്പുകാർ’’ എന്ന് കവിയോടു സുഹൃത്ത് പറയുന്നു. ബ്രിട്ടനിലെ പുരാതന പട്ടണമായ സഫക്കിൽ (Suffolk) ആറ്, ഏഴ് നൂറ്റാണ്ടുകളിലെ രണ്ടു കൂറ്റൻ സെമിത്തേരികൾ ഖനനം ചെയ്തപ്പോൾ അവിടെനിന്ന് ഒരു കേടും സംഭവിക്കാത്ത ഒരു കപ്പൽ കണ്ടെടുക്കുകയുണ്ടായി. കല്ലറകൾക്കു താഴെ കുഴിച്ചുചെന്നപ്പോൾ കണ്ട കപ്പലിനു നാൽപതു തുഴകളുണ്ടായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ സഫക്കിലെ വുഡ്ബ്രിജിൽ ഏകാന്തജീവിതം നയിച്ച എഡ്വേഡ് ഫിറ്റ്സ്ജെറാൾഡ്, ഒമർ ഖയാമിനെ പേർഷ്യനിൽനിന്ന് ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തിയ കവി, ഒരു ദിവസം തന്റെ ബോട്ടിൽ കയറി കടലിലേക്കു തുഴഞ്ഞു പോയി. പിന്നീടു മടങ്ങിവന്നില്ല.

‘കവികൾ തമ്മിൽ സംസാരിക്കുമ്പോൾ കവിത എവിടെയായിരിക്കും അടുപ്പുകൂട്ടുകയാണോ’ എന്നു തുടങ്ങുന്ന ഡി. വിനയചന്ദ്രന്റെ കവിതയിലും ചോദ്യങ്ങൾ മാത്രമാണുള്ളത്. ‘ഹേമന്തത്തിൽ ഇല കൊഴിയലാവുകയോ സാഗരഗഹനതയിൽ അലയുകയോ മലഞ്ചരിവിൽ കുട്ടിയായി കരയുകയോ’,  കവികൾ തമ്മിൽ സംസാരിക്കുമ്പോൾ ‘രണ്ടു കവികളുടെയും മനസ്സ് ഇരുദിശയിലേക്കു നടക്കുകയാണോ, ഓരോരുത്തരുടെയും കാമുകിയെ മറ്റേയാൾ പരിചയപ്പെട്ട നിമിഷങ്ങൾ ഓർക്കുകയോ...’  കവികളുടെ അമ്മമാർ കാത്തിരിക്കുകയാവും എന്ന് ഓർമിപ്പിക്കുന്നു കവി- ‘പഴയഗ്രന്ഥങ്ങളുടെ ലിപികൾ മായും. തീയിലും വെള്ളത്തിലും മൂകതയിലും എഴുതാവുന്ന പുതിയ തൂലികകൾ ഒരുങ്ങുന്നുണ്ടാവും.’

d-vinayachandran-ezhuthumesha
ഡി. വിനയചന്ദ്രൻ

ഞാൻ ആലോചിക്കുന്നത്, എല്ലാ മറവുകൾക്കുമടിയിൽ കടലിലേക്ക്, ഭാവിയുടെ അപാരതയിലേക്ക് ഇറങ്ങിപ്പോകാൻ വെമ്പുന്ന ഒരു കപ്പൽ കാത്തുകിടപ്പുണ്ടാകുമോയെന്നാണ്, ചത്തുമലർന്ന തിമിംഗലത്തിന്റെ അടിവയറിന്റെ പരപ്പിലേക്ക് കടൽപക്ഷികൾ ഒരു മൈതാനത്തേക്ക് എന്ന പോലെ ഇറങ്ങുന്ന കാഴ്ച നാം നേരിൽ കാണാൻ പോകുന്നില്ല, സെബാൾഡിന്റെ കാവ്യത്തിലല്ലാതെ. എന്റെ നൊസ്റ്റാൾജിയ കവിതയോടാണ്, എന്റെ ഭൂതകാലത്തോടല്ല, വരുന്ന കാലത്തോടാണ്, ഞാൻ പോയി പാർക്കുന്ന ഒരു കുന്നിൻചെരിവ്, കാറ്റ് കൊത്തിപ്പറിക്കുന്ന മുനമ്പിലെ സന്ധ്യ, പൊടുന്നനെ പെയ്യുന്ന മിന്നലുകൾ -ഭാവിയുടെ ഈ സങ്കൽപങ്ങളെല്ലാം ഞാൻ ഓർക്കുന്നു. കാരണം എനിക്ക് ഇതൊന്നും ഇനിയും കിട്ടിയില്ല. ഞാൻ വാക്കുകൾ കാണുന്നുണ്ടെങ്കിലും അതിന്റെ അകത്തോട്ടോ പുറത്തോട്ടോ പോയിട്ടില്ല.  കര കാണാതെ ധ്രുവസമുദ്രത്തിൽ അലയുന്ന കപ്പലിലെ നാവികരുടെ ഭ്രമങ്ങൾ പോലെ, ഒരു കരയുടെ കറുപ്പിലേക്കു ഞാൻ സഞ്ചരിക്കുന്നു. 

Content Summary : Ezhuthumesha Column by Ajay P. Mangattu- Nostalgia factor in poems

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA