ഏദൻ ഉണർത്തുന്നത് ആദിപാപത്തിന്റെ ഓർമ മാത്രമല്ല...

HIGHLIGHTS
  • രവിവർമ തമ്പുരാൻ എഴുതുന്ന പംക്തി – പുസ്തകക്കാഴ്ച
  • എഴുത്തും എഴുത്താളും സന്ധിക്കുന്ന ഇടം
pusthakakkazhcha-column-by-ravivarma-thampuran-on-vinod-elakolloor
വിനോദ് ഇളകൊള്ളൂർ
SHARE

ഏറെ ആഘോഷിക്കപ്പെട്ട ചില പുസ്തകങ്ങൾ വായിക്കുമ്പോൾ ചിലപ്പോഴെങ്കിലും തോന്നിയിട്ടുണ്ട്, ഇത്രമാത്രം ആഘോഷിക്കപ്പെടാൻ ഇതിലെന്തിരിക്കുന്നു എന്ന്. അത് എന്റെ മാത്രം തോന്നലല്ല. പലരും അങ്ങനെ സന്ദേഹിക്കുന്നത് ചെവിയിൽ വന്നു വീണിട്ടുമുണ്ട്. ഇതിനൊരു മറുവശവുമുണ്ട്. കാര്യമായി ശ്രദ്ധിക്കപ്പെടുകയോ ചർച്ച ചെയ്യപ്പെടുകയോ ചെയ്യാതെ മുഖ്യധാരയിലൊരിടത്തും എത്താതെ പോയ ചില പുസ്തകങ്ങൾ നമ്മെ വിസ്മയിപ്പിക്കുകയും എന്തുകൊണ്ടാണ് ഈ പുസ്തകം ആളുകൾ ശ്രദ്ധിക്കാതെ പോയതെന്ന് ആലോചിച്ചു കുഴങ്ങിപ്പോവുകയും ചെയ്യുന്ന അപൂർവ സന്ദർഭങ്ങൾ. അത്തരത്തിലൊരു അപൂർവ അനുഭവം തന്ന പുസ്തകമാണ് ഏദൻ. വിനോദ് ഇളകൊള്ളൂർ എഴുതിയ നോവൽ. 2019 മേയിൽ പ്രസിദ്ധീകരിച്ച, 104 പേജുള്ള ഈ ചെറുനോവൽ എനിക്കു സമ്മാനിച്ച സന്തോഷം ഒട്ടും മങ്ങാതെ നിൽക്കുന്ന മനസ്സുമായാണ് ഈ കുറിപ്പ് എഴുതുന്നത്.

pusthakakkazhcha-column-by-ravivarma-thampuran-on-vinod-elakolloor-profile
വിനോദ് ഇളകൊള്ളൂർ

ഒരു നോവൽ നമ്മുടെ ഇഷ്ടം പിടിച്ചു പറ്റുന്നതെങ്ങനെയാണ്? നമ്മുടെ വായനാമുൻഗണനകളെ തൃപ്തിപ്പെടുത്തുമ്പോൾ. എന്റെ വായനാമുൻഗണനകളിൽ പരമപ്രധാനം പാരായണക്ഷമത തന്നെ. പുസ്തകം സ്വയം നമ്മെ പിടിച്ചുവലിച്ച് അവസാനത്തെ വാചകം വരെ കൂടെകൊണ്ടുപോകണം. ഭാഷാഭംഗിയും ആഖ്യാനതന്ത്രവും നേടിയെടുക്കുന്ന വിജയമാണത്. മനോഹരമായ ദൃശ്യങ്ങൾ കോർത്തിണക്കിയ സിനിമ പോലെ രൂപപ്പെടാറുണ്ട് ചില നോവലുകൾ. പിടിച്ചിരുത്തുന്നൊരു കഥ ഉറപ്പായും വേണം. പക്ഷേ, വെറുമൊരു കഥയങ്ങു പറഞ്ഞവസാനിപ്പിച്ചാലും പോരാ. ഇടയ്‌ക്കൊരൽപം തത്വചിന്ത, വ്യത്യസ്തമായ ജീവിതനിരീക്ഷണങ്ങൾ, അവസാനം വരെ മുറിഞ്ഞു പോകാതെ സൂക്ഷിക്കുന്ന ആകാംക്ഷ, വായനക്കാരനെ വിസ്മയിപ്പിക്കുന്ന വഴിത്തിരിവുകൾ, അപ്രതീക്ഷിതമായ കഥാന്ത്യം എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങൾ ഒന്നിച്ചുവന്നാലേ ഒരു നോവൽ ഇഷ്ടപ്പെടൂ. അനാവശ്യമായ ഒരു വാക്കോ വാചകമോ കടന്നുകൂടാത്ത വിധം കൃത്യമായ എഡിറ്റിങ്ങും അനിവാര്യം. ഈ നിലയ്‌ക്കെല്ലാം എന്റെ മുൻഗണനകളെ തൃപ്തിപ്പെടുത്തിയ നോവലാണ് ഏദൻ.

ഒരു യുവാവിന്റെയും യുവതിയുടെയും ആദ്യരാത്രിയുടെ തുടക്കത്തോടെയാണ് നോവലും തുടങ്ങുന്നത്. 32 ചെറിയ അധ്യായങ്ങളുള്ള നോവലിന്റെ 31 -ാമത്തെ അധ്യായത്തിലാണ് ഇവരാരെന്ന് വായനക്കാരനു മനസ്സിലാവുക. അതുവരേയ്ക്കും അവസാനത്തെ അധ്യായത്തിലേക്കും നമ്മുടെ ജിജ്ഞാസ മുറിയാതെ നിലനിർത്താൻ വേണ്ടതൊക്കെ നോവലിസ്റ്റ് കൃത്യമായി അടുക്കിവച്ചിട്ടുണ്ട്. ലൈംഗികതയുടെ മേമ്പൊടി നോവലിൽ ഉടനീളമുണ്ട്. പക്ഷേ, ഒരു വാക്കിലോ വാചകത്തിലോ അശ്ലീലമോ അപ്രകാരമൊരു വിദൂര തോന്നലോ പോലുമുണ്ടാകാതെ നോവൽ ശിൽപത്തെ ഉറപ്പിച്ചു നിർത്തുന്ന ജാഗ്രത നോവലിസ്റ്റിന്റെ കയ്യടക്കത്തെക്കൂടിയാണ് വെളിപ്പെടുത്തുന്നത്. 

ആഖ്യാനത്തിലെ ആസ്വാദ്യത മനസ്സിലാകാൻ നോവലിൽ നിന്നൊരു ഭാഗം.

മാർട്ടിൻ ഡിസൂസ ജനലരികിലേക്ക് നീങ്ങി. അവിടെ നിന്നാൽ നഗരത്തെ ഏറെക്കുറെ മുഴുവനായും കാണാം. ആകാശത്തിന്റെ അനന്തതയെയും അഗാധതയെയും അഹന്തയോടെ വെല്ലുവിളിച്ച് നടുനിവർത്തി നിൽക്കുന്ന കൂറ്റൻ കെട്ടിടങ്ങൾ. അവയെ നെടുകെയും കുറുകെയും ചുറ്റിവരിഞ്ഞ കറുത്ത പാതകൾ പാമ്പും കോണിയും കളിയുടെ ബോർഡ് പോലെ തോന്നിച്ചു. കലങ്ങി മറിഞ്ഞ മനസ്സുമായി പരസ്പര വിശ്വാസമില്ലാതെ കൂനിക്കൂടി കഴിയുന്നവരാണ് ഓരോ കെട്ടിടത്തിലും തിങ്ങി, നിറഞ്ഞിരിക്കുന്നത്. നിരത്തിലിറങ്ങുമ്പോഴാകട്ടെ അവർ സ്‌നേഹവും സഹിഷ്ണുതയും നടിക്കുന്ന ഒന്നാന്തരം കള്ളന്മാരായി വേഷമിടുന്നു. 

book-cover-pusthakakkazhcha-column-by-ravivarma-thampuran-on-vinod-elakolloor

തന്റെ അന്വേഷണസംഘം അരിച്ചുപെറുക്കാത്ത ഇടങ്ങളൊന്നും ഈ നഗരത്തിൽ ബാക്കിയുണ്ടാകില്ല. എത്രയോ കള്ളത്തരങ്ങളെയാണ് ഇവിടെനിന്ന് കയ്യോടെ പകർത്തിയിരിക്കുന്നത്.ആളുകളുടെ ഉള്ളുകളികൾ മൂന്നാംകണ്ണു കൊണ്ട് കണ്ടെത്തിയിരിക്കുന്ന താൻ ഒരർഥത്തിൽ ദൈവത്തോളം വരുമെന്ന് മാർട്ടിൻ തമാശയോടെ ചിന്തിച്ചു. 

ഒരു സ്വകാര്യ ഡിറ്റക്ടീവ് ഏജൻസിയുടെ തലവനെ ഇതിലും മനോഹരമായെങ്ങനെ അവതരിപ്പിക്കും. 

സെന്റ് പീറ്റേഴ്‌സ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. വിജയകൃഷ്ണൻ ചികിൽസാവിഷയത്തിൽ അതിപ്രഗത്ഭനും ആശുപത്രിയിലെ ഡ്യൂട്ടി സമയത്ത് 100 ശതമാനം മാന്യനും രോഗികളുടെ ബഹുമാനം പിടിച്ചുവാങ്ങുന്നയാളുമാണ്. പക്ഷേ, ആശുപത്രിയിൽ നിന്നിറങ്ങിയാൽ ബാറിലേക്കോ ബവ്റിജസ് ക്യൂവിലേക്കോ ആവും പോവുക. പരസ്യമായി മദ്യപിച്ചു കഴിഞ്ഞാൽ കൂട്ടുകാർ ആരുമാവാം. ചുമട്ടുതൊഴിലാളിയോ ഓട്ടോറിക്ഷാ ഡ്രൈവറോ ഡോക്ടറോ എൻജിനീയറോ എന്ന ഭേദചിന്തയൊന്നുമില്ലാതെ ആരുമായും ചങ്ങാത്തം കൂടും. പ്രായവ്യത്യാസമില്ലാതെ, തയാറാവുന്ന ഏതു പെണ്ണുമായും ഇണചേരും. കൂട്ടിക്കൊടുപ്പുകാർ എത്തിച്ചുകൊടുക്കുന്ന അഭിസാരികമാരെപ്പോലും അവിവാഹിതനായ ഡോക്ടർ ഏകാന്തജീവിതം നയിക്കുന്ന വീട്ടിൽ സ്വീകരിക്കും. 

ഇങ്ങനൊക്കെയുള്ള ഡോക്ടറെക്കുറിച്ച് സഭാംഗങ്ങളിൽനിന്ന് ബിഷപ്പിനൊരു കൂട്ടപ്പരാതി ലഭിക്കുക സ്വാഭാവികമാണല്ലോ. അതു ചർച്ച ചെയ്യാൻ മാത്രമായി ബിഷപ് വിളിച്ച യോഗത്തിൽ വിഷയം കൈകാര്യം ചെയ്യാൻ ചുമതലപ്പെടുത്തപ്പെട്ടത് ആശുപത്രി നടത്തിപ്പുകാരൻ കൂടിയായ ഫാ. ജേക്കബ് കോട്ടയ്ക്കലാണ്. സൗമ്യനും മാന്യനുമായ ഫാ. ജേക്കബ് പിന്നീടൊരു ദിവസം ഡോക്ടറോടു ചോദിച്ചു: എന്തുകൊണ്ടാണ് ഡോക്ടർ ഇങ്ങനെയൊരു ജീവിതം തിരഞ്ഞെടുത്തത്?

തുടർന്ന് അവരിരുവരും തമ്മിൽ നടക്കുന്നത്, പ്രകൃതി നിയമമനുസരിച്ചുള്ള ജീവിതമേത്, പ്രകൃതി വിരുദ്ധ ജീവിതമേത് എന്ന വിശദമായൊരു ചർച്ചയാണ്. ഡോക്ടർ പറയുന്നു:

പ്രകൃതിവിരുദ്ധതയ്ക്ക് അച്ചൻ നൽകുന്ന അർഥമല്ല എനിക്കുള്ളത്. ഒന്നിനെത്തന്നെ ഭോഗിച്ചും ഒന്നിൽത്തന്നെ ആത്മാവർപ്പിച്ചും മറ്റിടങ്ങളിലേക്കുള്ള ചായ്‌വുകളെ മുളയിലേ നുള്ളിക്കളഞ്ഞും ജീവിക്കുന്നതാണ് എന്നെ സംബന്ധിച്ചിടത്തോളം പ്രകൃതിവിരുദ്ധം. കാരണം പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളുടെയും ജീവിതം പലതിനു വേണ്ടിയുള്ള അന്വേഷണമാണ്. മനുഷ്യനിലൊഴികെ നിരന്തരമായ പുതുമ തേടൽ സംഭവിക്കുന്നുണ്ട്. പക്ഷിമൃഗാദികളെ നോക്കൂ. അവ ജീവിതാവസാനം വരെ ഒരു ഇണയുടെ അടിമയായി കഴിയുന്നില്ല. സസ്യലതാദികളാകട്ടെ പരാഗങ്ങൾ പലതിൽനിന്നു പലതിലേക്കു പടർത്തുന്നു. മനുഷ്യനോ, ആഗ്രഹങ്ങളെ അടിച്ചമർത്തി കെട്ടിയിട്ട കുറ്റിയിൽ ചുറ്റിത്തിരിഞ്ഞ് ദ്രവിക്കുന്നു. കഷ്ടം തന്നെ മനുഷ്യ ജീവിതം.

ഡോക്ടറുടെ പ്രസ്താവം പൂർണമായി കേട്ട അച്ചനെക്കുറിച്ച് വിനോദ് പറയുന്നതിങ്ങനെ:

ദൈവത്തിന്റെ പ്രതിപുരുഷനാകാൻ ഭാഗ്യം സിദ്ധിച്ച ആ മനുഷ്യനു മീതെ ഡോക്ടറുടെ വാക്കുകൾ ഒരു ഇഴജന്തു എന്ന പോലെ തെന്നിനീങ്ങിക്കൊണ്ടിരുന്നു.

author-image-pusthakakkazhcha-column-by-ravivarma-thampuran-on-vinod-elakolloor
വിനോദ് ഇളകൊള്ളൂർ

അന്നു പകൽ വിവാഹിതയായ യുവതിയോട് ആദ്യരാത്രിയിൽ അവളുടെ ഭർത്താവ് ഞാനൊരു കഥ പറയട്ടേ, എന്നു ചോദിക്കുകയും അതിനവൾ സമ്മതം മൂളുകയും ചെയ്യുന്നിടത്താണ് നോവൽ ആരംഭിക്കുന്നതെന്നു പറഞ്ഞല്ലോ. യുവാവ് പറഞ്ഞു തുടങ്ങുമ്പോൾ കഥയിൽ സുന്ദരിയും ചെറുപ്പക്കാരിയുമായ ഡോക്ടറും സുന്ദരനും ചെറുപ്പക്കാരനുമായ എൻജിനീയറും അവരുടെ പ്ലസ് വണ്ണിനു പഠിക്കുന്ന മകനുമാണുള്ളത്. അവൻ കൂട്ടുകാരോടൊത്ത് കള്ളനും പൊലീസും കളിക്കുന്നതായി തുടക്കത്തിൽ പറയുന്നുണ്ടെങ്കിലും കഥ മുന്നോട്ടു പോകുമ്പോൾ മകനെ കാണാനേയില്ല. അവന്റെ അച്ഛനമ്മമാരുടെ അഗമ്യഗമനവും അതിൽ നിന്ന് ഉത്ഭൂതമാകുന്ന സംശയങ്ങളും സ്വകാര്യ ഡിറ്റക്ടീവിനെ ചുമതലപ്പെടുത്തലുമൊക്കെയായി പുരോഗമിക്കുന്ന കഥ ഏതാണ്ട് അവസാനിക്കുമ്പോൾ യുവതി ചോദിക്കുന്നു: 

ഈ കഥ പറച്ചിലിനു മുഴുവൻ നിമിത്തമായത് പ്ലസ് വൺകാരന്റെ കള്ളനും പൊലീസും കളിയാണ്. എന്നിട്ടെന്തുകൊണ്ടാണ് പിന്നീട് അവനെക്കുറിച്ച് പറയാതിരുന്നത്?

അതിനു യുവാവു കൊടുക്കുന്ന മറുപടി വായനക്കാരനെ ശരിക്കും ഞെട്ടിക്കുന്നു. ഈ ഞെട്ടൽ സമ്മാനിക്കുന്നിടത്താണ് നോവലിസ്റ്റ് വിജയിക്കുന്നത്; നോവലും. 

കേരളകൗമുദിയുടെ പത്തനംതിട്ട യൂണിറ്റിലെ പത്രപ്രവർത്തകൻ കൂടിയായ വിനോദ് ഇളകൊള്ളൂർ കോന്നിക്കടുത്തുള്ള ഇളകൊള്ളൂരിലാണ് ജീവിക്കുന്നത്. എഴുത്തു തുടങ്ങിയിട്ട് ഏറെ വർഷങ്ങളായി. ‘ഉലഹന്നാൻ എന്ന മെലിഞ്ഞ ചെറുപ്പക്കാരൻ’ എന്ന കഥാസമാഹാരവും ‘വിലാപങ്ങളുടെ വിരുന്നുമേശ’, ‘വിധവയുടെ വീട്ടിലെ ഒളിക്യാമറ’ എന്നീ നോവലുകളും ‘ശബരിമല -വിവാദങ്ങൾ മല കയറുന്നു’, ‘രഞ്ജിനി ഹരിദാസ് വീണ വായിക്കുന്നു’ എന്നീ ലേഖന സമാഹാരങ്ങളും രചനകളുടെ പട്ടികയിലുണ്ട്.

വനത്തോടു ചേർന്ന ഗ്രാമത്തിൽ ഒരു റിസോർട്ട് ആരംഭിക്കുന്നതിന്റെ കഥ പറയുന്ന നോവലാണ് വിലാപങ്ങളുടെ വിരുന്നു മേശ. മനോഹരമായൊരു കഥ മനോഹരമായി പറഞ്ഞുവച്ചിട്ടുണ്ടെങ്കിലും വേണ്ടത്ര എഡിറ്റിങ് ഇല്ലാത്തതിന്റെ പോരായ്മ ആ നോവലിലെ കല്ലുകടിയാണ്. എന്നാൽ, ഏദനിൽ ആ കടമ്പ വിനോദ് അനായാസം മറികടന്നിരിക്കുന്നു. ഈ രണ്ടു നോവലുകളും വിനോദിന്റെ ചില കഥകളും വായിച്ചിട്ടുള്ളതുകൊണ്ടാണ് എഴുത്തുകാരൻ എന്ന നിലയിൽ വിനോദ് കൈവരിച്ച വളർച്ചയെക്കുറിച്ച് എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയുന്നത്. അതുകൊണ്ടാണ് തുടക്കത്തിൽ സൂചിപ്പിച്ച ചോദ്യം ചോദിക്കാൻ എനിക്കു തോന്നിയതും. ഈ നോവൽ എന്തുകൊണ്ട് ശ്രദ്ധിക്കപ്പെട്ടില്ല? 

അതു ഞാൻ വിനോദിനോടു ചോദിക്കുന്നില്ല. അതിനുത്തരം പറയേണ്ടത് അദ്ദേഹമല്ലല്ലോ. വിനോദിനോടു ചോദിച്ചത് ഒന്നു മാത്രം. എഴുതാൻ ആഗ്രഹിച്ചിട്ടും എഴുതാൻ കഴിയാതെ പോയൊരു കഥയുണ്ടോ? മറുപടി ചുവടെ.

അച്ഛൻ മരിച്ചത് ഓർക്കാപ്പുറത്താണ്. കോട്ടയം മെഡിക്കൽ കോളജിലെ രാത്രിയിൽ അച്ഛനു ഭേദമായെന്നു പറഞ്ഞ് ഡോക്ടർ മടങ്ങിയതിനു പിന്നാലെ അച്ഛൻ ഒറ്റമരിക്കലായിരുന്നു. ആശുപത്രിയിലേക്കു വേണ്ട സാധനങ്ങൾ വാങ്ങാൻ ഞാനും പെങ്ങളും പുറത്തേക്ക് പോയതായിരുന്നു. പനിക്കിടക്കയിൽനിന്ന് അച്ഛൻ തിരിച്ചുവരുന്നതിന്റെ ആഹ്‌ളാദത്തിലായിരുന്നു ഞങ്ങൾ. ഞങ്ങൾക്കു മുന്നിൽ രാത്രിയിലെ മെഡിക്കൽ കോളജ് ജംക്‌ഷൻ പ്രത്യാശയുടെ പ്രകാശം പരത്തി.

മടങ്ങിയെത്തിയപ്പോൾ അമ്മ നിലവിളിക്കുകയായിരുന്നു. അമ്മയുടെ മാത്രമല്ല അന്യരുടെ പോലും നിലവിളികേട്ടാൽ ഓടിയെത്തുമായിരുന്ന അച്ഛൻ പക്ഷേ അനങ്ങിയില്ല. 

നിരാശ്രയരായ ഞങ്ങൾക്കു നേരേ കണ്ണടച്ച്, നിലവിളിക്കുനേരേ കാതടച്ച് അച്ഛൻ ചുമ്മാതെ മരിച്ചുകിടന്നു.

അച്ഛന്റെ മരണത്തിന്റെ മൂന്നാം നാൾ എഴുതിത്തുടങ്ങിയ കഥയുടെ തുടക്കം ഇങ്ങനെയാണ്. കഥയല്ലായിരുന്നു. ജീവിതം തന്നെയായിരുന്നു. തുടക്കത്തിൽ ഒടുങ്ങിപ്പോയ കഥ. ബാക്കി എഴുതാൻ കഴിഞ്ഞില്ല. കണ്ണു നിറഞ്ഞും കൈ വിറച്ചും പിൻമാറുകയായിരുന്നു. ഹൃദയംകൊണ്ട് എഴുതിത്തീർക്കേണ്ട കഥയാണത്. വായനയുടെയും എഴുത്തിന്റെയും വഴിയിലേക്ക് എന്നെ നിശബ്ദം കൈ പിടിച്ചു നടത്തിയ പ്രിയപ്പെട്ടവനാണ്. കൗമാരക്കാരുടെ തിമർപ്പിനൊപ്പം പെടാതെ ഒറ്റപ്പെട്ടിരിക്കുമ്പോഴും പാഠപുസ്തകങ്ങളെ പിന്നിലാക്കി വായനശാലയിലേക്കുള്ള വഴി നടത്തങ്ങൾ കൂടിയപ്പോഴും കുറ്റപ്പെടുത്തലുകളുമായി മറ്റുള്ളവർ മുഖം ചുളിച്ച നേരത്ത് അച്ഛൻ ശകാരിച്ചിട്ടേയില്ല. ക്ലാസ് മുറിക്കു പുറത്ത് ജീവിതം തിരയുന്ന മകന്റെ ഭാവിയെക്കുറിച്ച് ഉത്കണ്ഠപ്പെട്ടിട്ടേയില്ല. പിറവി കൊള്ളാതെ പോയ ഒരു കവി അച്ഛന്റെ നെഞ്ചിൽ വിങ്ങിക്കിടന്നതുകൊണ്ടാകാം അത്. അച്ഛന്റെ രോഗവും മരണവും അമ്മയുടെ കണ്ണുനീരും പെങ്ങളുടെ വിതുമ്പലുകളും ഒരു കഥയുടെ ഉറവയായി ഒഴുകിപ്പരന്നിട്ട് എത്ര കൊല്ലമായി. എന്നിട്ടും തുടർന്നെഴുതാൻ കഴിയാത്ത ആദ്യ വരികൾ ഇപ്പോഴും സൂക്ഷിച്ചുവച്ചിട്ടുണ്ട്. അച്ഛന്റെ നിത്യസ്മാരകം പോലെ പൂർത്തിയാകാത്ത കഥ. ഹൃദയം കൊണ്ട് എഴുതുന്നത് എത്ര ഹൃദയഭേദകമാണ്. ആ കഥ എന്നെങ്കിലും പൂർത്തിയായേക്കാം. ഞാൻ പോലും അറിയാതെ നിനച്ചിരിക്കാതെയുള്ള ആ പെയ്ത്തിന് കാത്തിരിക്കുകയാണ്.

എഴുത്തിന്റെ പലതരം വിളികളെ കാത്തിരിക്കുകയാണ്. ആ വിളികളെ കേൾക്കാതിരിക്കാനാവുമോ? എഴുത്തുകാരനെയും വായനക്കാരനെയും ആ വിളിയൊച്ച ഒരേപോലെ അസ്വസ്ഥമാക്കാറുണ്ട്. വേദനാജനകമായ അസ്വസ്ഥതയാണത്. എന്തിനുവേണ്ടി എഴുതുന്നു, എന്തിനുവേണ്ടി വായിക്കുന്നു എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം വ്യാഖ്യാനിക്കാവാത്ത അസ്വസ്ഥത തന്നെയാണ്. നിർവചനങ്ങൾ നൽകാനാവാത്ത ഒരു മാനസിക പ്രക്രിയയാണത്.

short-story-pusthakakkazhcha-column-by-ravivarma-thampuran-on-vinod-elakolloor

എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം അത്തരം അസ്വസ്ഥതകൾക്ക് അവസാനമില്ല. വായനക്കാരൻ വായിച്ച് അവസാനിപ്പിക്കുമ്പോഴും അടുത്ത ഉറവപൊട്ടൽ എഴുത്തുകാരനിൽ പൊടിഞ്ഞു തുടങ്ങിയിട്ടുണ്ടാവാം. അതുകൊണ്ടു തന്നെ അയാളുടെ സർഗ സപര്യ ഒരിക്കലും നിശബ്ദമാകുന്നില്ല. എഴുതുന്നില്ലെങ്കിലും ആത്മീയമായി അയാൾ ഭാവനയുടെയും വീക്ഷണത്തിന്റെയും ദർശനങ്ങളുടെയും പുതിയൊരു ലോകം സൃഷ്ടിച്ചുകൊണ്ടിരിക്കുകയായിരിക്കും. അത്തരമൊരു ലോകത്തെ ആവിഷ്കരിക്കാനുള്ള ശ്രമം എല്ലാ എഴുത്തുകാരും നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. 

വായനയിൽ എന്നും വിസ്മയിപ്പിച്ചിട്ടുള്ള പുസ്തകം എംടിയുടെ രണ്ടാമൂഴമാണ്. മഹത്തായ ഇതിഹാസത്തെ ദൈവികമായ പരിവേഷങ്ങളിൽനിന്ന് മാറ്റി പച്ച മനുഷ്യന്റെ അസ്വസ്ഥതകളുമായി താദാത്മ്യപ്പെടുത്താൻ എംടി താണ്ടിയ ധ്യാനത്തിന്റെ കൊടുമുടികളെ അദ്ഭുതത്തോടെയാണ് കാണുന്നത്.

1977 ൽ എഴുതിത്തുടങ്ങി 1983 ൽ പൂർത്തിയായ രചനയാണത്. അതിനിടെയുള്ള നീണ്ട വർഷങ്ങളിൽ എംടി അനുഭവിച്ച ആത്മസംഘർഷങ്ങളും വേദനകളും എത്രമാത്രമായിരിക്കും. ഭാവനയുടെ ചിറകുകളിൽ രചന നടത്തുമ്പോൾ സ്വാതന്ത്ര്യങ്ങളേറെയുണ്ട്. ആധികാരികമായ ഒരു ഗ്രന്ഥത്തെ അടിത്തറയാക്കി പുതിയൊരു സൃഷ്ടി നടത്തുമ്പോൾ ഭാവനയെ കെട്ടഴിച്ചുവിടുന്നതിന് പരിമിതികളുണ്ട്. എഴുത്തുകാരൻ വല്ലാതെ പീഡിപ്പിക്കപ്പെടുന്ന അവസ്ഥയാണത്. രണ്ടാമൂഴത്തിനു വേണ്ടി എംടി അനുഭവിച്ച വേവും നോവും എത്രമാത്രമായിരിക്കും. അങ്ങനെയൊന്ന് അനുഭവിക്കാൻ എന്നെപ്പോലെ നിസ്സാരനായ ഒരാൾക്ക് എത്ര ജൻമങ്ങൾ താണ്ടേണ്ടി വരും.

literaure-pusthakakkazhcha-column-by-ravivarma-thampuran-on-vinod-elakolloor
വിനോദ് ഇളകൊള്ളൂർ

എഴുത്തിലെ ആരവങ്ങളിൽപ്പെടാതെ മാറിനിന്ന് എഴുതിയത് വളരെക്കുറച്ചേയുള്ളൂ. ആരവങ്ങൾക്ക് അപ്പുറത്തുള്ള എത്രയോ എഴുത്തുകരിൽ ഒരുവനായി നിൽക്കുമ്പോഴും എഴുത്തിലെ കൊതികൾ ഏറെയുണ്ട്. മാന്ത്രികമായ ഭാഷകൊണ്ടും അസൂയ ജനിപ്പിക്കുന്ന ആഖ്യാനം കൊണ്ടും തലയെടുപ്പോടെ നിൽക്കുന്ന എഴുത്തുകൾ കാണുമ്പോഴൊക്കെയും അവിടേക്കുള്ള ദൂരം ഏറെയാണല്ലോ എന്ന് വിസ്മയിക്കാറുണ്ട്. ആ ദൂരം മറികടക്കാനുള്ള യാത്രയിലാണ്. ഏറെ എഴുതാതെ എഴുതിയതത്രയും നൂറുമേനി പൊലിപ്പിച്ചെടുത്തവരാണ് മാതൃക. വായനക്കാരനെ ഒപ്പം കൈപിടിച്ചു നടത്തുന്നവരുടെ ആവിഷ്കാരങ്ങളോടാണ് അദ്ഭുതം. മഞ്ഞുതുള്ളിയിൽ പ്രപഞ്ചമെന്നതുപോലെ അക്ഷരങ്ങൾ കൊണ്ട് മഴവില്ലു തീർക്കുന്നവരുടെ ശിൽപചാതുരിയോടാണ് പ്രണയം. എഴുത്തിന്റെ ചരിത്ര വഴികളിലെ മഹാപർവതങ്ങളെയും മഹാനദികളെയും ആരാധനയോടെ നോക്കിനിൽക്കുന്നതേയുള്ളൂ ഇപ്പോഴും. അവിടേക്കുള്ള പ്രയാണത്തിന് ആത്മപീഡയുടെ എത്ര ബലിദാനങ്ങൾ വേണ്ടിവരുമെന്നോർക്കുമ്പോൾ പേടി തോന്നുന്നു. മഹാരഥൻമാരേ, അദ്ഭുതാദരവുകളോടെ നിങ്ങൾക്ക് പ്രണാമം.

Content Summary : Pusthakakkazcha Column by Ravi Varma Thampuran on Vinod Elakolloor

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA