ഭാസ്കരൻമാഷും ബഷീറും ബേബിയും ഇപ്പോൾ എന്ത് ചെയ്യുകയാവും

HIGHLIGHTS
  • ഓണവാക്ക് – എഴുത്തുകാർ ഓണം ഓർമകൾ പങ്കുവയ്ക്കുന്നു
Salin Mankuzhi
സലിൻ മാങ്കുഴി
SHARE

അനുഭവിച്ച സന്തോഷനിമിഷങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ നെടുവീർപ്പിന്റെ നേരിയ ഒരു മേഘപാളി അതിൻമേൽ പറന്നു വീഴുകയാണ് പതിവ്. സന്തോഷം വീണ്ടെടുത്ത് അനുഭവിക്കാനാകില്ല. പക്ഷേ, ദുഃഖം അങ്ങനെയല്ല; അനുഭവിച്ച ദുഃഖങ്ങളെക്കുറിച്ച് ഓർത്താൽ മനസ്സ് ആ നിമിഷങ്ങളിലേക്ക് ഒഴുകി വീഴും. നീന്തലറിയാത്ത കുട്ടിയുടെ ആന്തലോടെ ഓർമകളിലൂടെ പായും, മുങ്ങിത്താഴും. ദുഃഖകാലം റീക്രിയേറ്റ് ചെയ്തെടുക്കാനാണ് ഓർമകൾക്കിഷ്ടം. അതുകൊണ്ടാവണം മനുഷ്യന് ദുഃഖഭാവം കൂടി നിൽക്കുന്നത്. ഒരുപാട് സന്തോഷ മുഹൂർത്തങ്ങളുണ്ടായിട്ടും ഓണത്തെക്കുറിച്ച് ഓർക്കുമ്പോൾ മനസ്സിൽ ഒരു ഗാനവും അത് പാടിയ പെൺകുട്ടിയുമാണ് അരപ്പാവാടയുടുത്തു കരുവാളിച്ച മുഖത്തോടെ മുന്നിൽ നിൽക്കുന്നത്.

‘മുല്ലപ്പൂം പല്ലിലോ മുക്കൂറ്റി കവിളിലോ

അല്ലിമലർ മിഴിയിലോ ഞാൻ മയങ്ങി’ എന്ന ഗാനം നാലാം ക്ലാസ്സിലിരുന്ന ഞങ്ങൾക്ക് മുന്നിൽ മനോഹരമായി  പാടിയ ബേബിയെ ഇപ്പോഴും ഇടയ്ക്ക് ഓർക്കാറുണ്ട്. അതേ ക്ലാസ്സിൽ പഠിക്കുന്ന ബേബിയുടെ സഹോദരൻ ബാബുവും പാട്ടുകാരനായിരുന്നു. ഇരുവരും ചേർന്ന് എത്രയെത്ര പാട്ടുകൾ പാടി. ചീരാണിക്കര ഗവൺമെന്റ് എൽ.പി.എസിന്റെ ചുവരുകളിൽ ഇപ്പോഴും ആ പാട്ടുകൾ അട്ടിപ്പിടിച്ചിരിക്കുകയാവും. ഓണ അവധിക്ക് സ്കൂൾ അടയ്ക്കുന്ന ദിവസം ഉച്ച കഴിഞ്ഞു പെയ്ത ചാറ്റൽമഴ തീരുവോളം ബേബിയും ബാബുവും മാറി മാറി പാടിയ പാട്ടുകൾ എന്നും ഓർമയിലുണ്ട്. പഴയ പാട്ടുകൾ കേൾക്കുമ്പോൾ ഇന്നും ബേബിയെ ഓർമ വരും, വിഷാദം വരും. ഞാനും കൂട്ടുകാരായ അരവിന്ദനും സുനിലും പ്രവീണും കാസിമും ഒക്കെ പാടാൻ ആഗ്രഹിച്ചതും പാട്ടുകാരനാകാൻ എന്തു ചെയ്യണമെന്ന് തലകുത്തി ചിന്തിച്ചതും നാലാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു. സാറന്മാർക്കൊക്കെ ബാബുവിനെയും ബേബിയേയും അത്രയ്ക്ക് ഇഷ്ടമായിരുന്നു. തോറ്റു പഠിക്കുന്നവരാണെന്ന കുറച്ചിലോ ഉച്ചയ്ക്ക് ചോറ് കൊണ്ടുവരാത്തതിന്റെ വാട്ടമോ അവർക്കില്ലായിരുന്നു. ബേബിയുടെ തെളിഞ്ഞ ചിരിയും സ്വരവും ഇപ്പോഴും ഓർമയുണ്ട്.

കുഗ്രാമത്തിലെ കുട്ടികളായ ഞങ്ങളിൽ മിക്കവരും മൂന്നും നാലും കിലോമീറ്റർ വരെ നടന്നാണ് സ്കൂളിൽ എത്തിയിരുന്നത്. ഓണത്തിനു വേണ്ടി കാത്തിരുന്നവരാണ് ഞങ്ങളെല്ലാം. ഓരോ ജംഗ്ഷനിലും കോളാമ്പി മൈക്ക് വച്ച് കെട്ടി കളിയും മത്സരവുമായി ഓണം പൊടിപൊടിക്കും. ഒന്നൊന്നര മാസം മുമ്പേ ഒരുക്കങ്ങൾ ആരംഭിക്കും. ഓണപ്പരിപാടിയുടെ നോട്ടീസും രസീതു ബുക്കുമായി മുതിർന്നവർ വീട്ടിൽ വരുമ്പോൾ ഞങ്ങൾ ഓണം വന്നെന്നുറപ്പിക്കും. നിലാവുദിക്കുന്ന രാത്രികൾ, കാത്തിരുന്ന് കാത്തിരുന്നു തയ്ച്ചു കിട്ടിയ പുതിയ ഉടുപ്പും നിക്കറും, കളിച്ച് തളർന്നുറങ്ങുന്ന വിയർപ്പു ഗന്ധമുള്ള രാത്രികൾ, തലപ്പന്ത് കളിയിൽ ജയിച്ചതിന്റെയോ തോറ്റതിന്റെയോ ആർപ്പുവിളികൾ ഉയരുന്ന സ്വപ്നങ്ങൾ, ഓണത്തിനായി ദിവസങ്ങളെണ്ണിയുള്ള കാത്തിരിപ്പ് അങ്ങനെ ഓണം കുട്ടിക്കാല ഓർമകളിൽ ഇന്നും പൂത്തുമ്പികളായി വട്ടം പറക്കുന്നു. ആ ഓർമകൾക്കെല്ലാം മുകളിലിരുന്ന് ഭാസ്കരൻ മാഷിന്റെ വരികൾ ദക്ഷിണാമൂർത്തിയുടെ സംഗീതത്തിൽ ബേബി സ്വയം മറന്നു പാടുന്നു.

‘പല്ലാക്ക്‌ മൂക്കു കണ്ടു ഞാൻ കൊതിച്ചു

നിന്റെ പഞ്ചാരവാക്കുകേട്ട് കോരിത്തരിച്ചു’

ബേബിയാകണമെന്നായിരുന്നു എന്റെ അന്നത്തെ ഏറ്റവും വലിയ ആഗ്രഹം. ഉച്ചയ്ക്ക് ചോറു കൊണ്ടുവരാത്ത, എന്നും ഒരേ പാവാടയും ഉടുപ്പും ഇട്ടുവരുന്ന, ഓലമേഞ്ഞ കൊച്ചു കൂരയിലെ കൂലിപ്പണിക്കാരന്റെ മകളായ ബേബിയെ ആണ് ഞാനാദ്യം ആരാധിച്ചത്. ബേബി പാടിയ ആ ചാറ്റൽ മഴയുള്ള ദിവസമാണ് വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് ആദ്യം കേൾക്കുന്നത്. ബേബിയെ കൊണ്ട് പാടിപ്പിച്ച സാറ് വളരെക്കുറച്ചു കാലം മാത്രമേ ഞങ്ങളുടെ സ്കൂളിൽ ഉണ്ടായിരുന്നുള്ളു. മുറുക്കി ചുവന്ന നാക്ക് ഞങ്ങളെ കാട്ടി ചിരിക്കുന്ന സാറിന്റെ കയ്യിൽ ബഷീറിന്റെ ബാല്യകാല സഖി എന്ന നോവൽ ഉണ്ടായിരുന്നു. ആ നോവൽ കാട്ടി ബഷീറിനെക്കുറിച്ചും ബാല്യകാലസഖിയെക്കുറിച്ചും പറഞ്ഞു. മജീദിനെയും സുഹ്റയെയും അവരുടെ ജീവിതത്തെയും കുറിച്ച് ചുരുക്കം വാക്കിൽ വിവരിച്ചു. ബേബിയുടെ പാട്ടു തുടർന്നു. ബേബി വലിയ പാട്ടുകാരിയാകുന്നെന്ന് സാർ അന്ന് പ്രവചിച്ചു. ഞങ്ങൾക്കും സന്തോഷമായി. ബേബിയുടെ പാട്ടുകൾ റേഡിയോയിലൂടെ കേൾക്കാൻ ഞാനും കൊതിച്ചു.

ബാല്യകാല സഖിയുടെ കഥ പിന്നീടൊരിക്കൽ പറഞ്ഞു തരാമെന്ന് സാറ് വാക്കു പറഞ്ഞെങ്കിലും അത് നടന്നില്ല. ഓണാവധി കഴിഞ്ഞയുടനേ സാറിന് സ്ഥലം മാറ്റമുണ്ടായി. സാർ യാത്ര പറഞ്ഞു പോയി. എനിക്കന്ന് വലിയ സങ്കടം തോന്നി.

‘സുഹ്റാ, ഞാൻ മരിച്ചു പോകും’ മജീദ് സങ്കടത്തോടെ കരഞ്ഞു.

അതിന് എന്താണ് ചെയ്യേണ്ടത്? അവൾക്കു രൂപമുണ്ടായില്ല. കരച്ചിൽ വന്നു. അവൾ മജീദിന്റെ വലതു കാലടി കവിളിൽ ചേർത്തു പിടിച്ചു. ഉള്ളം കാലിൽ ഗാഢമായി ഒന്നു ചുംബിച്ചു. ആദ്യത്തെ ചുംബനം!

അവൾ എഴുന്നേറ്റ് ചെന്നു, ചൂടുപിടിച്ച നെറ്റിയിൽ തടവിക്കൊണ്ട് മജീദിന്റെ മുഖത്തേക്ക് കുനിഞ്ഞു.

പിന്നെയും ഒരു പാട് കാലം കഴിഞ്ഞാണ് ഞാൻ ബാല്യകാല സഖി വായിച്ചത്. ഇന്നും ബഷീറിന്റെ ചിത്രം കാണുമ്പോഴും മജീദിനെയും സുഹ്റയെയും ഓർക്കുമ്പോഴും ബേബിയുടെ പാട്ട് മനസ്സിൽ ഉയരും. ബഷീറും ബേബിയും സുഹ്റയും മജീദും സത്യമേത് സങ്കൽപ്പമേതെന്ന് തരിച്ചറിയാനാകാതെ കെട്ടുപിണഞ്ഞാണ് എന്റെ മനസ്സിൽ കിടക്കുന്നത്.

salin-mankuzhi
സലിൻ മാങ്കുഴി

ബേബിയുടെ പാട്ട് ഓണാവധിക്ക് മുമ്പുള്ള ആ ദിവസമാണ് ഞാനവസാനം കേട്ടത്. നാലാം ക്ലാസ്സ് കഴിഞ്ഞ് ഞങ്ങൾ പല വഴിപിരിഞ്ഞു. ബേബിയെ പിന്നെ കണ്ടിട്ടില്ല. ഞാൻ പ്രീഡിഗ്രി പരീക്ഷ കഴിഞ്ഞു നിൽക്കുമ്പോഴാണ് ബേബിയെക്കുറിച്ച് പിന്നെ കേൾക്കുന്നത്. ഏഴാം ക്ലാസ്സിൽ വച്ച് പഠിത്തം നിർത്തിയ ബേബി വീട്ടുജോലിക്ക് നിന്ന വീട്ടിൽ വച്ച് ആത്മഹത്യ ചെയ്തു. ഒന്നും പിന്നെ അന്വേഷിക്കാൻ തോന്നിയില്ല.

ഇല്ല....! പ്രപഞ്ചത്തിന് ഒന്നും സംഭവിച്ചിട്ടില്ല. നഗരം ഇരമ്പുന്നു. സൂര്യൻ പ്രകാശിക്കുന്നുണ്ട്. കാറ്റു വീശുന്നു. ഉള്ളിൽ നിന്നു രോമകൂപങ്ങൾ വഴി പൊന്തിയ തണുത്ത ആവിയിൽ മജീദ് കുളിച്ചു പോയി എന്നു മാത്രം.

പ്രപഞ്ചങ്ങളുടെ കരുണാമയനായ സ്രഷ്ടാവേ! എന്തിനായിരുന്നു ബേബിയെ സംഗീതം കൊണ്ടനുഗ്രഹിച്ചതും അങ്ങനെയൊരു ജീവിതം നൽകിയതും.

എന്തായിരിക്കും ബേബിയെ നീറ്റിയ വലിയ ദു:ഖം. 

ഒന്നു കണ്ണടച്ചോർത്താൽ മതി, എനിക്കിപ്പോഴും ബേബിയുടെ പാട്ടുകേൾക്കാം. പക്ഷേ, ആ മനസ്സിൽ എന്തായിരുന്നുവെന്ന് അറിയാനാകുന്നില്ല. മരിക്കുന്നതു വരെ എങ്ങനെയാവും ബേബി ജീവിച്ചത്?

Content Summary: Onavakku- Writer Salin Mankuzhi shares his memories on Onam 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA