തലമുറകൾക്ക് വെളിച്ചമായി ഗാന്ധിജിയുടെ സത്യാന്വേഷണം

HIGHLIGHTS
  • 1921വരെയുള്ള സംഭവങ്ങളാണ് പ്രധാനമായും ആത്മകഥയിൽ വിവരിക്കുന്നത്
  • സ്വാർഥമായ ജനസേവനത്തിലൂടെ ഗാന്ധിജി ലോകത്തിനു തന്നെ മാതൃകയായതിന് ചരിത്രം സാക്ഷി.
athmakathayanam-column-by-dr-mk-santhosh-kumar-on-mahatma-gandhi
SHARE

ജനങ്ങൾക്കുവേണ്ടി ജീവിച്ചു. അവർക്കുവേണ്ടി തന്നെ ജീവത്യാഗവും ചെയ്തു. ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ജീവിതവും മരണവും  മഹത്തരമാകുന്നത് ആ നിലയ്ക്കാണ്. രാജ്യത്തെ ജനങ്ങളെ സ്വന്തം  ശരീരവും  രക്തവുമായി കണക്കാക്കിയ മഹാത്മാവ്.  നിരാലംബരായ കോടിക്കണക്കിന്  ജനങ്ങളുടെ പടിവാതിൽക്കൽ വന്നു നിന്നു അവരിലൊരാളായി അവരുടെ ഭാഷയിൽ അവർക്കുവേണ്ടി  സംസാരിച്ചിരുന്നുവെന്ന് ഗാന്ധിജിയെപ്പറ്റി രബീന്ദ്രനാഥ ടഗോർ പ്രകീർത്തിക്കുന്നുണ്ട്. അത് വെറും സംസാരമായിരുന്നില്ല. ഗ്രാമങ്ങളിൽ ഇന്ത്യയുടെ ആത്മാവ് കണ്ടെത്തിയ സത്യാന്വേഷിയുടെ ആത്മാർഥമായ ജനസേവനമായിരുന്നു. അഹിംസയെന്ന വജ്രായുധം കൊണ്ട്  ബ്രീട്ടിഷുകാരെ ആട്ടിയോടിക്കാൻ അദ്ദേഹത്തിന്  കരുത്തു നൽകിയത് സത്യത്തിലും നീതിയിലും അടിയുറച്ച നിലപാടുകളായിരുന്നു.  

പ്രശസ്ത ശാസ്ത്രജ്ഞനായ ആർബർട്ട് ഐൻസ്റ്റീൻ പറഞ്ഞതുപോലെ ഭൂമിയിൽ രക്തവും മാംസവുമുള്ള ഇങ്ങനെയൊരാൾ ജീവിച്ചിരുന്നതായി  ഇനി വരുന്ന തലമുറ വിശ്വസിച്ചേക്കില്ല. അത്രമാത്രം ലളിതവും നിഷ്കളങ്കവും സത്യസന്ധവുമായിരുന്നു  ഗാന്ധിജിയുടെ ജീവിതം. അധികാരമോഹം തെല്ലുമില്ലാത്ത നിസ്വാർഥമായ ജനസേവനത്തിലൂടെ ഗാന്ധിജി ലോകത്തിനു തന്നെ മാതൃകയായതിന് ചരിത്രം സാക്ഷി.

സത്യം കൊണ്ടുള്ള വിവിധ പരീക്ഷണങ്ങളുടെ  കഥ പറയുകമാത്രമാണ് ലക്ഷ്യം എന്ന ആമുഖ കുറിപ്പോടെയാണ് മഹാത്മാഗാന്ധി ആത്മകഥ എഴുതുന്നത്.അതിന് ‘ആത്മകഥ അഥവാ എന്റെ സത്യാന്വേഷണ പരീക്ഷണകഥ’എന്ന പേരും നൽകി. ഗുജറാത്തി ഭാഷയിൽ എഴുതിയ ഈ പുസ്തകം   1927–ൽ നവജീവൻ ട്രസ്റ്റ് ആണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. അതിനു മുൻപ് ഗുജറാത്തി വാരികയായ നവജീവനിലും മഹാദേവദേശായി ഇംഗ്ലിഷിലേക്ക്  വിവർത്തനം ചെയ്ത്  യങ് ഇന്ത്യയിലും പ്രസിദ്ധീകരിച്ചിരുന്നു. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്,  ഇംഗ്ലിഷ്,ഹിന്ദി,ഉറുദു, പഞ്ചാബി, ഒറിയ, അസമീസ്, മറാഠി തുടങ്ങി ഒട്ടേറെ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്.  

ഗാന്ധിജി സ്വന്തം ജീവിതത്തിൽ സത്യം കൊണ്ടു നടത്തിയ പരീക്ഷണങ്ങളിൽ അഹിംസ, ബ്രഹ്മചര്യം ,സസ്യാഹാരം, പ്രകൃതി ചികിത്സ, സത്യഗ്രഹം,സഹനം, ലളിത ജീവിതം തുടങ്ങിയവയെല്ലാം ഉൾപ്പെടും. എല്ലാറ്റിനും അടിസ്ഥാന ശില  അചഞ്ചലമായ  സത്യമായിരുന്നു. അതുകൊണ്ടാണ്  ഗിരിനിരകളോളം പഴക്കമുള്ള സത്യവും  അഹിംസയും അല്ലാതെ പുതിയതൊന്നും എനിക്ക് ലോകത്തെ പഠിപ്പിക്കാനില്ലെന്നു അദ്ദേഹം  ആവർത്തിച്ചു  പറഞ്ഞിരുന്നത്. 1921വരെയുള്ള സംഭവങ്ങളാണ് പ്രധാനമായും ആത്മകഥയിൽ വിവരിക്കുന്നത്.പിന്നീടുള്ള ജീവിതം  തികച്ചും പരസ്യമാകയാൽ അതേപറ്റി പ്രത്യേകം പറയേണ്ടതില്ലെന്ന നിലപാടായിരുന്നു ഗാന്ധിജിക്ക്.

കുട്ടിക്കാലത്ത് കണ്ട ഹരിശ്ചന്ദ്രൻ എന്ന നാടകത്തിലെ ഹരിശ്ചന്ദ്രനെ പോലെ സത്യസന്ധനാകണമെന്ന ഉറച്ച മനസ്സാണ്  ഗാന്ധിജിയെ  സത്യത്തിന്റെ ആൾരൂപമാക്കിയത്. രാജ്കോട്ടിലെ വിദ്യാഭ്യാസത്തിനു ശേഷം നിയമപഠനത്തിനായി 18–ാം വയസ്സിൽ ഇംഗ്ലണ്ടിലേക്ക് പോയി. അതിനിടയിൽ പതിമൂന്നാമത്തെ വയസ്സിൽ സമപ്രായക്കാരിയും നിരക്ഷരയുമായ കസ്തൂർബയെ വിവാഹം ചെയ്തു.  

athmakathayanam-column-mahatma-gandhi

1891ൽ ബാരിസ്റ്ററായി. ദക്ഷിണാഫ്രിക്കയിലെ  ഡർബാനിൽ നിന്നു പ്രിട്ടോറിയയിലേക്കു ട്രെയിൻ യാത്രക്കിടെയാണ്  വെള്ളക്കാർ കറുത്ത വർഗക്കാരോടുള്ള കാണിക്കുന്ന അവഹേളനത്തിന്റെ തീവ്രത നേരിട്ട് അനുഭവിക്കേണ്ടി വന്ന സംഭവം നടക്കുന്നത്. ഒന്നാം ക്ലാസ് കംപാർട്മെന്റിൽ യാത്രചെയ്യുകയായിരുന്ന അദ്ദേഹത്തോട് താഴ്ന്ന ക്ലാസിലുള്ള കംപാർട്മെന്റിലേക്ക് മാറാൻ ആവശ്യപ്പെടുകയും തയാറാകാത്തതിനാൽ  റെയിൽവേ ഉദ്യോഗസ്ഥൻ പ്ലാറ്റ്ഫോമിലേക്ക് തള്ളിയിടുകയും ചെയ്തു. അധികാരികളുടെ  വിവേചനവും അവഹേളനവുമാണ്  ഗാന്ധിജിയുടെ മനസ്സിൽ ഇന്ത്യാക്കാരുടെ ആത്മാഭിമാനത്തിനുവേണ്ടിയുള്ള സമരത്തിന്റെ വിത്ത് പാകിയത്. ഇന്ത്യയിൽ തിരിച്ചെത്തിയശേഷവും പോരാട്ടവും ജനസേവനവും തുടർന്നു. നിസ്സഹകരണ പ്രസ്ഥാനം,ഖിലാഫത്ത് പ്രക്ഷോഭം,വിദേശ വസ്ത്ര ബഹിഷ്കരണം, ഹിന്ദു–മുസ്ലിം ഐക്യം തുടങ്ങിയ കർമമേഖലകളിലൂടെ അദ്ദേഹം യാതന അനുഭവിക്കുന്നവരുടെ നേതാവായി. സാമൂഹിക സേവനത്തിന് പിൻബലമായി യങ് ഇന്ത്യ, ഹരിജൻ, ഇന്ത്യൻ ഒപ്പീനിയൻ, നവജീവൻ എന്നീ പത്രങ്ങളുടെ നേതൃത്വവും ഏറ്റെടുത്തിരുന്നു. വെള്ളക്കാരുടെ മർദനമുറകളും  ജയിൽവാസവുമെല്ലാം അഹിംസയെന്ന ആയുധം കൊണ്ടാണ് അദ്ദേഹം നേരിട്ടത്. 

ഇന്ത്യയുടെ രാഷ്ട്രപിതാവായി അവരോധിക്കപ്പെട്ട  ഗാന്ധിജി അഹിംസയിലൂന്നിയ സത്യഗ്രഹസമരത്തിലൂടെയാണ് ലോകമൊട്ടുക്ക് പ്രശസ്തനായത്. മഹാത്മ, ബാപ്പു എന്നീ പേരുകളിലും അദ്ദേഹം ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചു.

മോഹൻദാസ് കരംചന്ദ് ഗാന്ധി(എം.കെ.ഗാന്ധി)

ജനനം: 1869 ഒക്ടോബർ 2 ഗുജറാത്തിലെ പോർബന്തറിൽ

പിതാവ്: കരംചന്ദ് ഗാന്ധി

മാതാവ്:പുത്‌ലിഭായ് ഗാന്ധി

ഭാര്യ: കസ്തൂർബ ഗാന്ധി

മക്കൾ: ഹരിലാൽ,മണിലാൽ ഗാന്ധി, രാംദാസ് ഗാന്ധി, ദേവ്ദാസ് ഗാന്ധി

മരണം:1948 ജനുവരി 30

Content Summary : Athmakathayanam Column by Dr. M. K. Santhosh Kumar on Mahatma Gandhi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA