ADVERTISEMENT

‘വാറ്റ്–69’ എന്ന പേരിൽ തികച്ചും ഭിന്നമായ ഒരു നാടകമാണ് എൻ.എൻ. പിള്ള രചിച്ചത്.  ഇൗ  ഏകാങ്കത്തെ  വ്യത്യസ്തമാക്കുന്നത് അതു കൈകാര്യം ചെയ്യുന്ന പ്രമേയമാണ്. ഇതിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാൾ ‘ഞാൻ’ എന്നു വിശേഷിപ്പിക്കപ്പെടുന്ന എൻ.എൻ.പിള്ള തന്നെ ആണ്. നാടകം നടക്കുന്നത് ഒളശ്ശയിലുള്ള ‘ഡയനീഷ്യ’ എന്ന അദ്ദേഹത്തിന്റെ സ്വന്തം വീട്ടിലെ പഠന മുറിയിലാണു താനും. നാടകത്തിലെ സംഭവങ്ങൾ നടക്കുന്നത് ഏതോ ഒരു മണ്ഡലകാലത്താണ്. നാടകങ്ങളും മറ്റും എഴുതാറുള്ള വലിയ ലഡ്ജർ ബുക്കും വച്ച് ചാരുകസേരയിൽ ആലോചനാമഗ്നനായി ഇരിക്കുന്ന പിള്ളയേയാണ് നാടകാരംഭത്തിൽ പ്രേക്ഷകർ കാണുന്നത്. ഏതോ രചനയുടെ  പേറ്റുനോവ് അനുഭവിച്ച് കൊണ്ടിരിക്കുന്ന പിള്ളയുടെ  മുന്നിലേക്ക് സാക്ഷാൽ ശബരിഗിരീശൻ പ്രത്യക്ഷപ്പെടുന്നു. 

പരിചയപ്പെടാനും തന്റെ മുന്നിൽ നിൽക്കുന്നത് ശബരിമലയിലെ സാക്ഷാൽ ധർമശാസ്താവാണെന്നതും ഉൾക്കൊള്ളാനും പിള്ള അൽപം സമയം എടുക്കുന്നുണ്ട്. അതിനു കാരണവുമുണ്ട്. ഇൗശ്വരവിശ്വാസം തീരെ ഇല്ലാത്ത വ്യക്തിയായിരുന്നല്ലോ എൻ.എൻ.പിള്ള. അങ്ങനെയുള്ള ഒരാളുടെ മുന്നിൽ അയ്യപ്പൻ എന്നു പറഞ്ഞ് ആരു വന്നാലും അതു വിശ്വസിക്കാൻ ലേശം ബുദ്ധിമുട്ടും. എന്തായാലും പരിചയപ്പെട്ടു വന്നതോടെ സംഗതി രസകരമായി പിള്ളയ്ക്ക് തോന്നിതുടങ്ങി. അദ്ദേഹവും ആദ്യത്തെ അകൽച്ച മാറ്റിവച്ച് അയ്യപ്പനുമായി ദീർഘപ്രഭാഷണത്തിന് തയാറായി.  ഇരുവരും തമ്മിൽ ഏറെ ഹൃദ്യമായ സംവാദവും സംഭാഷണവും നടക്കുകയുണ്ടായി.  

പരസ്പരമുള്ള സംഭാഷണത്തിലൂടെ യവനപുരാണവും ഭാരതീയ പുരാണങ്ങളും തമ്മിലുള്ള അനിഷേധ്യമായ സമാനതകൾ പ്രേക്ഷകർക്കായി എൻ.എൻ.പിള്ള ചൂണ്ടിക്കാണിക്കുകയാണ് തന്റെ കഥാപാത്രങ്ങളിലൂടെ.. അതിന്റെ ഏറ്റവും മികച്ച ഉദാഹരണം ശബരീശന്റെ ഈ വാക്കുകളാണ്. ‘അലക്സാണ്ടറാണ് ഇസ്കന്ദറും പിന്നീട് സ്കന്ദനും ആയി തീർന്നത്. സ്കന്ദന് സേനാപതി എന്ന പര്യായം വരാൻ കാരണം അലക്സാണ്ടർ ‘റൊക്സേനയുടെ ഭർത്താവായതു കൊണ്ടാണ്’. പുരന്ധരൻ എന്ന് നിങ്ങൾ പേരുമാറ്റിയ ‘പോറസിനെ’ തോൽപ്പിച്ചതും താരകാസുരനായ ഡാരിയസിനെ കൊന്നതും എല്ലാമാണ് ഇസ്കന്ദറുടെ പരാക്രമങ്ങൾ. വാഹനം കുതിരയായും ആയുധം വേലായും മറ്റൊരു ദേവതയില്ല’. ഇതുപോലെയുള്ള താരതമ്യപഠനങ്ങളുടെ ശേഖരം തന്നെയാണ് ഈ നാടകം. യവനപുരാണങ്ങളിലും ഭാരതീയ പുരാണങ്ങളിലുമുള്ള നാടകകൃത്തിന്റെ ആഴത്തിലുള്ള അറിവ് ഈ നാടകം വായനക്കാരന് സുവ്യക്തമാക്കി തരുന്നു.

Content Summary : N N Pillai's one act play Vat 69

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com