സ്ത്രീ, പ്രകൃതി, പ്രണയം, ചൂഷണം; വിസ്ഫോടന ശക്തിയുള്ള ഭാഷയുമായി വേറിട്ട നോവെഴുത്ത്

HIGHLIGHTS
  • മലയാള സാഹിത്യത്തിലെ പുതുതലമുറയെ പരിചയപ്പെടുത്തുന്ന പംക്തി
SHARE

എഴുത്ത് ആവേശിക്കുകയെന്ന അനുഭവമറിയാൻ ‘വല്ലി’ വായിക്കാം. കാടു നിറയെ മഞ്ഞു പെയ്തിരുന്ന ഒരു കാലത്തിൽ നിന്നു കുന്നുകൾ ഭൂമിക്കുള്ളിലേക്കു താണുപോകാൻ തുടങ്ങിയ ഒരു കാലത്തിലേക്കുള്ള വലിയ മാറ്റമാണു ഷീല ടോമി എന്ന വയനാട്ടുകാരി വല്ലി എന്ന നോവലിലൂടെ പറയുന്നത്. ഏതാണ്ട് അര നൂറ്റാണ്ട് കാലത്തെ വയനാടിന്റെ ചരിത്രമാണത്. ഒടുവിലത്തെ കാട്ടിലെ, ഒടുവിലത്തെ മരത്തിലെ, ഒടുവിലത്തെ ഇലത്തുമ്പിലെ നീർത്തുള്ളികൾ പോലെ ചില മനുഷ്യർ മനസ്സും ശരീരവും കൊടുത്തു സംരക്ഷിച്ച ഒരു നാടിന്റെ, കാടിന്റെ, മഞ്ഞിന്റെ, മരത്തിന്റെ കഥ.

പൊറ്റെക്കാടിന്റെ ‘വിഷകന്യക’യ്ക്കു പതിറ്റാണ്ടുകൾക്കു ശേഷം ഒരു നിയോഗം പോലെയെത്തിയ തീക്ഷ്ണമാർന്ന അനുഭവച്ചൂരിന്റെ നേര്. സാറ, സൂസൻ, ടെസ എന്നീ കരുത്തരും പ്രണയിനികളുമായ മുത്തശ്ശിയുടെയും മകളുടെയും കൊച്ചുമകളുടെയും സംഭവബഹുലമായ ജീവിതത്തിലൂടെ, കാടോരം ചേർന്നു ജീവിച്ച ഒരു സംസ്കൃതിയുടെ വീണ്ടെടുപ്പു കൂടിയാകുന്നു ‘വല്ലി’. നോവൽ വായിച്ചു കഴിയുമ്പോഴും കഥാപാത്രങ്ങളായ തൊമ്മിച്ചനും പീറ്ററും പത്മനാഭനും സാറായും ആബായും ലൂസിയും ബെല്ലയും സൂസനും രുക്കുവും കാളിയും ജയിംസും ബസവനും ടെസയുമെല്ലാം നമ്മുടെയെല്ലാം ആരൊക്കെയോ ആയി മാറുന്നു. വല്ലിയാവേശിച്ച നമ്മൾ കല്ലുവയൽ വിട്ടു പോകാനാവാതെ അവിടുത്തെ പുഴയോര വീട്ടിൽ താമസമാക്കുന്നു. നോവലിനെപ്പറ്റിയും വയനാടൻ ജീവിതത്തെപ്പറ്റിയും വായനയെയും എഴുത്തിനെപ്പറ്റിയും ഷീല ടോമി മനസ്സ് തുറക്കുന്നു.

വല്ലി ഒരു സമ്പൂർണ പരിസ്ഥിതി നോവലാണ്. പ്രകൃതി ദർശനമില്ലാത്ത, ഹരിത വർണനയില്ലാത്ത, മരങ്ങളെയും പക്ഷികളെയും മൃഗങ്ങളെയും കാടിനെയും തോടിനെയും ആകാശത്തെയും കാറ്റിനെയും പറ്റിയുള്ള സൂചനകളില്ലാത്ത ഭാഗങ്ങൾ 383 പേജുകളുള്ള ആ നോവലിൽ വളരെ കുറയും. കൃത്യമായ ബോധ്യത്തോടെയുള്ള പരിസ്ഥിതി അവബോധം വായനക്കാരിലേക്കു സംക്രമിപ്പിക്കാൻ വല്ലിയുടെ സവിശേഷമായ രചനാശൈലിക്കു കഴിയുന്നുണ്ട്. ഫിക്‌ഷനും പരിസ്ഥിതി ദർശനവും നോവലിൽ സംയോജിപ്പിച്ചിരിക്കുന്നതാകട്ടെ വായനയ്ക്കും ആസ്വാദനത്തിനും ഒട്ടും പരുക്കേൽക്കാത്ത രീതിയിലും. കടലിന്റെ ആത്മാവാണ് കാടിനു മേൽ കണ്ണീർ പൊഴിക്കുന്നതെന്നോർക്കുമ്പോൾ എങ്ങനെ മറക്കും കടലിനെ എന്നാണല്ലോ ഹൃദയത്തിൽ തൊടുവിധം സൂസൻ പറയുന്നത്. വയനാടൻ മനുഷ്യരുടെ ആകുലതകളും ആശങ്കകളും അതിജീവന സമരങ്ങളും അവതരിപ്പിക്കുന്നതിനൊപ്പം മണ്ണിന്റെയും മലയുടെയും പുഴയുടെയും ചെറു നിശ്വാസങ്ങൾ കൂടി ഒപ്പിയെടുത്തത് എങ്ങനെയാണ്?

literature-indian-atuhor-sheela-tomy-wayanad-valli-book
ഷീല ടോമി

കാടിന്റെയും പുഴയുടെയും മടിത്തട്ടിൽ ആ നിശ്വാസങ്ങളും താഡനങ്ങളുമേറ്റു പിന്നിട്ട ബാല്യം തന്നെയാവാം വല്ലിയിലേക്കെന്നെ എത്തിച്ചത്. വല്ലിയിലെ മനുഷ്യരുടെ ആകുലതകളും ആശങ്കകളും അതിജീവനസമരങ്ങളും എന്റെ ജീവിതപരിസരത്തു നിന്നു തന്നെ വന്നതാണ്. പ്രകൃതിയെയും മനുഷ്യനെയും തേടി എനിക്ക് മറ്റെങ്ങും പോകേണ്ടി വന്നില്ല. മനസ്സിലും ശരീരത്തിലും അലിഞ്ഞുചേർന്ന ഒന്നിന്റെ സ്വാഭാവികമായ നിർഗമനം. ഒരു തുറസ്സ് തേടിയിരുന്ന എന്നിലെ ഞാൻ, എന്നിലെ പ്രകൃതി, വല്ലിയായി മാറി എന്നുപറയാം. അതു വായനക്കാർക്ക് അനുഭവവേദ്യമായി എന്നറിയുമ്പോൾ ഒരുപാടു സന്തോഷമുണ്ട്. വയനാട്ടിലെ ഒരു ക്രിസ്ത്യൻ കുടിയേറ്റഗ്രാമത്തിലാണ് ഞാൻ ജനിച്ചത്. കബനീതീരത്തെ ഒരു കാട്ടുഗ്രാമം. പുഴയോരത്തായിരുന്നു തറവാട്. വയൽ കഴിഞ്ഞാൽ കാടായി. വയലും തോടും കടന്നു കാട്ടുവഴി താണ്ടി പുഴയുടെ രണ്ടു കൈവഴികൾ ഒന്നിക്കുന്ന കൂടൽക്കടവിലെത്തണം അന്നു തോണി കയറാൻ. എന്റെ കഥാപാത്രങ്ങൾ സഞ്ചരിക്കുന്ന അതേ റൂട്ട്‌. ഓർമകളിൽ എല്ലാമുണ്ട്. രാവു വിറപ്പിക്കുന്ന ചിന്നംവിളികൾ. ഏറുമാടങ്ങളിൽ നിന്നു പൊട്ടുന്ന പടക്കങ്ങൾ. തുടികൊട്ട്. മുളങ്കൂട്ടങ്ങൾ. കൂടൽക്കടവിലെ പാറക്കൂട്ടങ്ങൾ. കപ്പവാട്ടു കല്യാണവും കൊയ്ത്തുൽസവങ്ങളും. പ്രളയവും കാട്ടുതീയും. വല്ലി കിളിർക്കുന്നത് ആ ഇടങ്ങളിൽ തന്നെയാണ്. കാട്ടുമുക്കിലെ കർഷകജീവിതത്തിന്റെ ദുരിതപർവങ്ങളിലൂടെയെല്ലാം കടന്നുവന്നതാണ് എന്റെ കുട്ടിക്കാലം. എന്റെ ചാച്ചൻ (അച്ഛൻ) അധ്യാപകനായിരുന്നെങ്കിലും വല്യപ്പച്ചനും സഹോദരങ്ങളുമെല്ലാം കർഷകരായിരുന്നു. ഗ്രാൻഡ്‌ പാരന്റ്സ്‌ മൂവാറ്റുപുഴയിൽ നിന്നും പാലായിൽ നിന്നും വന്നവരാണ്‌. ‘നമ്മുടെ ചുറ്റുമുള്ള മനുഷ്യരെക്കുറിച്ച് എഴുതൂ’ എന്ന് എന്നോടു പറയാറുണ്ടായിരുന്നതു ചാച്ചനാണ്. ചാച്ചൻ രണ്ടായിരത്തി പതിനഞ്ചിൽ മരണമടഞ്ഞു. എഴുതപ്പെടാതെ പോയ ദേശം ഉള്ളിൽ ഒരു വിങ്ങലായി, വല്ലിയായി മാറിയത് ആ വേർപാടിനു ശേഷമാണ്. പിതാമഹൻമാർ വന്നുചേർന്ന നാടിനെ കൂടുതൽ അറിയാനായി പിന്നെ നല്ല വായനയും ഗവേഷണവുമൊക്കെ നടത്തി. പൊറ്റക്കാടും വൽസല ടീച്ചറും കെ.ജെ. ബേബിയും പറഞ്ഞുനിർത്തിയിടത്ത് 1970ൽ നിൽക്കുകയാണ് ഇപ്പോഴും വയനാടൻ കഥകൾ എന്നെനിക്കു തോന്നി. എന്റെ വായനയിൽ കഴിഞ്ഞ അഞ്ചു ദശകങ്ങളിൽ വയനാടൻ ജീവിതത്തിനും പ്രകൃതിക്കും വന്ന പരിവർത്തനം ഫിക്‌ഷനിൽ കാര്യമായി ആരും പറഞ്ഞതായി ശ്രദ്ധയിൽ പെട്ടിട്ടില്ല. ഈ മണ്ണിലെ സാധാരണക്കരുടെയും ആദിമവാസികളുടെയും ജീവിതം പറഞ്ഞപ്പോൾ സ്വാഭാവികമായി അത് ഭൂമിക്കു വേണ്ടിയുള്ള എഴുത്തായി മാറുകയായിരുന്നു. മനുഷ്യന്റെ നിലനിൽപ്പിനു വേണ്ടിയുള്ള പ്രകൃതിയുടെ സംരക്ഷണം എന്നൊരു ദർശനം. ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന കർഷകനല്ല, അധികാരസ്ഥാപനങ്ങളുടെ ഒത്താശയോടെ വൻകിടക്കാരും കോർപറേറ്റുകളും നടത്തുന്ന ചൂഷണങ്ങളാണു ഭൂമിക്ക് വിനാശമാകുന്നത്‌ എന്ന വാസ്തവം പൊതുബോധം കണ്ടില്ലെന്നു നടിക്കുന്നു. കല്ലുവയൽ എന്ന ഗ്രാമത്തിലെ ഒരു കൂട്ടം മനുഷ്യർ കാടു സംരക്ഷിക്കുവാൻ നടത്തിയ ചെറുത്തുനിൽപ്പുകൾക്കൊപ്പം ആഗോളതലത്തിൽ ടലനോവ ഡയലോഗും ന്യൂസിലാൻഡിലെ മവോരി ഗോത്രക്കാരുടെ ഒരു പുഴയ്ക്കു വേണ്ടിയുള്ള സമരവുമടക്കമുള്ള പരിസ്ഥിതി പ്രക്ഷോഭങ്ങൾ ചേർത്തുവായിക്കാമെന്നു തോന്നി. കാടു നിറയെ മഞ്ഞു പെയ്തിരുന്ന ഒരു കാലം വയനാടിനുണ്ടായിരുന്നു എന്നു പറഞ്ഞാൽ ഈ നൂറ്റാണ്ടിൽ ജനിച്ചവർക്ക് വിശ്വസിക്കാൻ തന്നെ പ്രയാസമായിരിക്കും. വന്യത്തിൽ നിന്നു നാഗരികതയിലേക്കുള്ള ദേശത്തിന്റെ പരിവർത്തനത്തിൽ മനസ്സിലെ പച്ചപ്പുകളുടെ വിനാശം വേദനിപ്പിച്ചതു കൊണ്ടാവാം വല്ലി ഇങ്ങനെ എഴുതിപ്പോയത്. ഒപ്പം മനുഷ്യരുടെ ആകുലതകൾ എന്നെ അലട്ടുന്നതു കൊണ്ടും. ഉള്ളിലെ അസ്വസ്ഥതകളിൽ നിന്നുമാണല്ലോ സൃഷ്ടികൾ പിറവികൊള്ളുന്നത്.

literatre-puthuvakku-talk-with-writer-sheela-tomy-article-book-cover

അഴകനും ഉണ്ണിയച്ചിയും, രുക്കുവും ബസവനും, തൊമ്മിച്ചനും സാറയും, പത്മനാഭനും ബെല്ലയും, പീറ്ററും ലൂസിയും, സൂസനും ജയിംസും – സ്നേഹത്തിന്റെ ദൃഢമായ വല്ലികളാൽ ബന്ധിക്കപ്പെട്ട ഇവരുടെ ജീവിതങ്ങളിലൂടെയാണു വല്ലിയെന്ന നോവൽ പൂക്കുകയും തളിർക്കുകയും വാടുകയും ചെയ്യുന്നത്. വായന പുരോഗമിക്കുമ്പോൾ ഇവരൊക്കെയും ജീവിതത്തിൽ എന്നും സന്തോഷത്തോടെ ഇരിക്കണമേയെന്നു രഹസ്യമായി ആഗ്രഹിക്കത്തക്ക രീതിയിൽ വായനക്കാരുമായി ഒരു ആത്മബന്ധം സ്ഥാപിക്കപ്പെടുന്നു. അത്രമേൽ സ്വാധീനം ചെലുത്തുന്ന ഈ കഥാപാത്രങ്ങളുടെ സൃഷ്ടി എങ്ങനെയായിരുന്നു? ഇവിടെ നിന്നാണവർ നോവലിലേക്കു കയറി വന്നത്?

വല്ലിയിലെ കഥാപാത്രങ്ങളെല്ലാം എന്റെ ചുറ്റുവട്ടത്തിൽ നിന്ന് കടന്നുവന്നവരാണ്‌. വെറും മൂന്നുപേജിൽ എഴുതിവച്ച നോവലിന്റെ പ്ലോട്ടിനെ 383 പേജിലേക്ക്‌ അവർ വലിച്ചുകൊണ്ടുപോവുകയായിരുന്നു. അവർ എനിക്ക് മുമ്പേ നടക്കുകയായിരുന്നു. കുടിയേറ്റ കഥകൾ ഒത്തിരി കേട്ടുവളർന്ന ബാല്യം. കേട്ടുകേട്ട്‌ എല്ലാം ഒരു ചലച്ചിത്രത്തിലെന്നപോലെ മനസ്സിൽ പതിഞ്ഞു. അവരിൽ ചിലർ വല്ലിയിലും കയറിക്കൂടി. എന്റെ ഗ്രാമത്തിൽ നിന്ന്, ബാല്യത്തിൽ നിന്ന്, കബനിയിൽ നിന്ന്, വസനക്കാട്ടിൽ നിന്ന്, സ്വപ്നങ്ങളിൽ നിന്ന് അവരൊക്കെ എനിക്കൊപ്പം ഇറങ്ങിപ്പോരുകയായിരുന്നു. അവരുടെ അപൂർണ്ണതകളോടും അഭിലാഷങ്ങളോടും കൂടി ഞാനവരെ സ്വീകരിച്ചു. എന്നെക്കുറിച്ച്‌ പറയൂ, ഇനിയും പറയൂ, എന്നു ചിലർ കണ്ണുരുട്ടി. എഴുത്തു തുടങ്ങവേ മനസ്സിലുണ്ടായിരുന്ന പത്മനാഭനോ ബെല്ലയോ രുക്കുവോ ബസവനോ അല്ല എഴുതിക്കഴിഞ്ഞപ്പോൾ കണ്ടത്‌. മൂന്നുവർഷക്കാലം അവർക്കൊപ്പമായിരുന്നു ജീവിതം. വിട്ടുപോരുക വിഷമമായിരുന്നു. അതുകൊണ്ടായിരിക്കാം വായനക്കാരിലും അവർ കുടിയേറിയത്. വല്ലി വായിച്ചവരിൽ ചിലർ പറഞ്ഞു അന്നംകുട്ടി അവരുടെ അമ്മയാണെന്ന്. ഉമ്മിണിത്താറയെ അവർക്കറിയാമെന്ന്. തൊമ്മിച്ചനും സാറായും അവരുടെ സ്വന്തം മുത്തച്ഛനും മുത്തശ്ശിയുമാണെന്ന്. ഒരിക്കൽ പനമരം പുഞ്ചവയലിനടുത്തുള്ള ഇടിഞ്ഞു പൊളിഞ്ഞ ജൈനക്ഷേത്രത്തിനു മുമ്പിൽ വണ്ടി നിർത്തി കുറച്ച്‌ ചിത്രങ്ങൾ പകർത്താൻ നോക്കുമ്പോഴാണ്‌ ഉണ്ണിയച്ചി കൂടെ കൂടിയത്‌. ക്ഷേത്രത്തിന്റെ അവശേഷിപ്പുകളിൽ കാട്‌ അധിവാസം തുടങ്ങിയിരുന്നു. രാത്രികാലങ്ങളിൽ ആനകൾ അവിടെ സ്വൈരവിഹാരം നടത്തും. കൽത്തൂണുകളിലെ നർത്തകീ ചിത്രങ്ങളിൽനിന്ന് ഉണ്ണിയച്ചി എന്ന മനോമോഹിനിയായ ദേവദാസി ഇറങ്ങിവന്നു. എന്നാൽ അവൾ ചമ്പുകാരന്റെ ഉണ്ണിയച്ചിയായിരുന്നില്ല. ആരുമറിയാതെ അഴകനും കൂടെ വന്നു. പന്ത്രണ്ടാം നൂറ്റാണ്ടിൽ ഒരു അഴകനും ഉണ്ണിയച്ചിയും, അവരുടെ പാതിയിൽ മുറിഞ്ഞ പ്രണയവും കല്ലുവയലിൽ ഉണ്ടായിരുന്നെന്ന് ഞാൻ ചുമ്മാ വിശ്വസിച്ചു. തൊവരിമലയും വേലിയമ്പം കോട്ടയും കടന്ന് തിരുമരതൂരങ്ങാടിയിലേക്ക്‌ അഴകന്റെ പല്ലക്കിൽ ഉണ്ണിയച്ചി സഞ്ചരിച്ചു. അഴകന്‌ സംഘകാലത്തെ കാവലാളിന്റെ ദ്രാവിഡരൂപമാണ്‌ മനസ്സിലുദിച്ചത്‌. നൂറ്റാണ്ടുകൾ കഴിഞ്ഞിരിക്കുന്നു. എന്നിരുന്നാലും തമ്പ്രാക്കളുടെ ഭൂമിക്ക്‌ കാവൽ കിടക്കുന്ന, കാടിന്റെ കാവലാളായ, വയൽചെളി മണമുള്ള ബസവനിലേക്ക്‌ അഴകനിൽ നിന്ന് അധികദൂരമില്ല. ഗ്രാമത്തിൽ പിറക്കുന്ന ഓരോ പെൺകുഞ്ഞിലും ഉണ്ണിയച്ചി ആദിശക്തിയായി മാറുകയാണല്ലോ. രുക്കുവിലും ബെല്ലയിലും അടുത്ത തലമുറയിലെ സൂസനിലും എല്ലാം അവൾ കുടിയേറുന്നു. ഒരു ധ്യാനത്തിലെന്നപോൽ അതൊക്കെ സംഭവിച്ചു. എഴുത്തുകഴിഞ്ഞിട്ടും ഒരു വർഷത്തോളം അവരിൽ നിന്നൊന്നും എനിക്ക്‌ മോചനം കിട്ടിയില്ല.

വല്ലി എന്ന വാക്കിനു പൊതുവെയുള്ള അർഥം വള്ളി, ഭൂമി എന്നൊക്കെയാണല്ലോ. അതേസമയം കൂലിയായി അളന്നു കൊടുക്കുന്ന നെല്ലിനും വല്ലി എന്നു പറയും. വയനാടിന്റെ പശ്ചാത്തലത്തിൽ ആ രണ്ടാമത്തെ അർഥമായിരിക്കുമോ നോവലിനോടു കൂടുതൽ ചേർന്നു നിൽക്കുക? ആ പേരിന്റെ പിറവി എങ്ങനെയാണ്?

നോവൽ പൂർത്തിയായ ശേഷമാണ്‌ പേരിലേക്കെത്തുന്നത്‌. വല്ലി എന്നാൽ പച്ചപ്പാണ്‌. ഭൂമിയാണ്‌. വല്ലിയിൽ അടിമുടി നിറഞ്ഞുനിൽക്കുന്ന കാടുമായി ബന്ധപ്പെട്ട കുറേ പേരുകൾ മനസ്സിൽ വന്നു. ഒന്നുകൂടി ധ്യാനിച്ചപ്പോൾ തോന്നി കാടും മനുഷ്യനും ഒന്നാകുന്ന ഇടങ്ങളിലേക്കാണ്‌ നോവലിന്റെ യാത്രയെന്ന്. ഇവിടെ പ്രകൃതിയുടെ ദുരന്തം മനുഷ്യന്റെ ദുരന്തമായി മാറുന്നു. മായുന്ന കാട്ടുപച്ചകൾ കുടിയിറക്കപ്പെടുന്ന മനുഷ്യന്റെയും പ്രതിനിധാനമാവുന്നു. എന്നാൽ അതിനുമപ്പുറം ഒരുകാലത്ത്‌ വയനാടിന്റെ രാഷ്ട്രീയ ഭൂമികയിൽ കോളിളക്കങ്ങൾ സൃഷ്ടിച്ച വല്ലിസമരത്തിന്റെ ചരിത്രമുണ്ട്. വല്ലി എന്ന വാക്ക്‌ ആ മൊഴിയറ്റ മനുഷ്യരുടെ ജീവിതത്തിന്റെ, വിപ്ലവത്തിന്റെ, പ്രതിഫലനം കൂടിയാണ്. അങ്ങനെയൊരു ചിന്തയിൽ വല്ലി എന്നുതന്നെ ടൈറ്റിൽ തീരുമാനിക്കുകയായിരുന്നു.

ഉണ്ടക്കണ്ണൻ കുമാരൻ, വാകമറ്റം വർക്കി, ചായക്കടക്കാരൻ അപ്പേട്ടൻ, ഉമ്മിണിത്താറ തുടങ്ങിയ കഥാപാത്രങ്ങൾ ഏതൊരു ഗ്രാമത്തിലും ഉണ്ടായേക്കാവുന്ന പൊതു സ്വഭാവമുള്ള ചില മനുഷ്യരുടെ പ്രതിനിധികളാണ്. അവരുടെ ജീവിതപരിസരങ്ങളെ അൽപമൊരു നർമം കലർത്തി അവതരിപ്പിക്കാനായതു വായന കൂടുതൽ ആസ്വാദ്യകരമാക്കുന്നുണ്ട്. ഇവരൊക്കെ നാട്ടിലുള്ള ചിലരുടെയൊക്കെ പ്രതിഫലനങ്ങൾ തന്നെയാകുമല്ലോ. ഷീല എന്നെങ്കിലും നാട്ടിൽ പോകുമ്പോൾ ഉണ്ടക്കണ്ണൻ കുമാരൻ വഴിയിൽ തടഞ്ഞു നിർത്തി ‘എന്തായാലും എന്നേപ്പറ്റി എഴുതിയതു കുറച്ചു കടന്നുപോയി കേട്ടോ’ എന്നു പരിഭവിക്കുമോ?

നല്ല ചോദ്യമാണ്. ഉണ്ടക്കണ്ണൻ കുമാരനും വാകമറ്റം വർക്കിയും ഉമ്മിണിത്താറയുമെല്ലാം വല്ലിദേശത്തുള്ളവരാണ്. എന്നാൽ ആരെയും അതേപടി പകർത്തിയിട്ടില്ല. അധികവും ഭാവനയാണ്‌. ഒരാളിൽ തന്നെ പലരുമുണ്ടാകാം. ‘ഞാനാണ്‌ പത്മനാഭൻ. ഷീല എങ്ങനെ എന്റെ ജീവിതം അറിഞ്ഞുവെന്ന്’ ചിലർ ചോദിച്ചിട്ടുണ്ട്‌. വിപ്ലവത്തിനൊപ്പം നടന്ന എഴുപതുകളിലെ യുവാക്കൾക്കും പരിസ്ഥിതിക്കായി നിലകൊള്ളുന്നവർക്കും അങ്ങനെ തോന്നിയേക്കാം. പാട്ടുകാരിയായ അന്നംകുട്ടി അമ്മാമ്മ എന്റെ സുഹൃത്ത്‌ ജോസഫിന്റെ അമ്മച്ചിയാണ്‌. സിസ്റ്റർ മേരി ബനീഞ്ഞ അമ്മച്ചിയെ പഠിപ്പിച്ചിട്ടുണ്ട്‌. കാണുമ്പോഴൊക്കെ ‘മോളെ, മേരി ബനീഞ്ഞയുടെ കവിതാ സമാഹാരം ആരോ എടുത്തുകൊണ്ടുപോയി’ എന്ന് അമ്മച്ചി പരിഭവം പറയും. ‘ലില്ലി താനോ മല്ലികയോ’ ഈണത്തിൽ പാടിക്കേൾപ്പിക്കും. അതുപോലെ വാകമറ്റം വർക്കി പാടുന്ന പാട്ടുണ്ടല്ലോ, ശ്രീകുമാരൻ തമ്പി സാറിന്റെ ‘ഈശ്വരനൊരിക്കൽ വിരുന്നിനുപോയി’, കള്ളുംകുടിച്ച്‌ അതേ പാട്ട്‌ പാടി ഇടവഴിയിലൂടെ പോകുന്ന അപ്പാപ്പനുണ്ടായിരുന്നു. അദ്ദേഹം മരിച്ചുപോയി. വഴിയോരത്തു തന്നെയായിരുന്നു മരണവും. പുഴകൊണ്ടുപോയതല്ല എന്നു മാത്രം. ഉമ്മിണിത്താറ എന്ന ധീര വനിത ഇന്നുമുണ്ട്‌. കുടിയനായ മകനുമുണ്ട്‌. യോനാച്ചനെ തേടി വന്നപോലെ ഒരു മാലാഖ അയാളെ തേടി വന്നെങ്കിൽ, അമ്മയെവിടെ യോനാച്ചാ എന്ന് ചോദിച്ചെങ്കിൽ, എന്നു ഞാൻ ആശിച്ചിട്ടുണ്ട്‌. ഉണ്ടക്കണ്ണൻ കുമാരന്റെ പല അവതാരങ്ങൾ മറ്റേതു ഗ്രാമത്തിലുമെന്ന പോലെ കല്ലുവയലിലുമുണ്ട്‌. കുമാരനും യോനാച്ചനും ഒന്നും വല്ലി വായിക്കാൻ സാധ്യതയില്ലാത്തതുകൊണ്ട്‌ ഞാൻ രക്ഷപ്പെട്ടു. തടഞ്ഞുനിർത്തി ‘എന്നാലും കൊച്ചേ ഇത്രേം വേണ്ടാരുന്നു’ എന്നവർ പറയില്ല. ആളുകളെപ്പോലെ തന്നെയാണു സ്ഥലങ്ങളും. തമ്പ്രാൻകുന്നെവിടെ? ഉണ്ണിയച്ചി കോവിലെവിടെ? എന്നൊക്കെ ചിലർ ചോദിച്ചിട്ടുണ്ട്‌. ഫിക്‌ഷനൽ റിയലിസമാണ്‌ വല്ലിയിലെ ദേശത്തെ സൃഷ്ടിച്ചത്‌.

literatre-puthuvakku-talk-with-writer-sheela-tomy-portrait-image
ഷീല ടോമി

തങ്ങളെ ചൂഷണം ചെയ്യുന്നവരോടുള്ള ആദിമനിവാസികളുടെ പ്രതിരോധത്തിന്റെ മിഴിവുറ്റ ചിത്രമാണു കാളിയുടെയും ബസവന്റെയും ജീവിതം. അതേസമയം, വ്യവസ്ഥതിയോടു മല്ലിട്ട് അവർ അവസാനം പരാജയപ്പെടുകയാണ്. ജീവൻ തന്നെ നഷ്ടമാകുകയാണ്. പുതിയകാലത്ത് തിന്മയുടെ ശക്തികളെ പരാജയപ്പെടുത്താൻ വിഷമമാണ് എന്ന സംശയമാണോ അവരുടെ മരണങ്ങളിലൂടെ വല്ലി പറഞ്ഞുവയ്ക്കുന്നത്? തീപിടിച്ച കാടിനായി, ശബ്ദമില്ലാത്ത മനുഷ്യർക്കായി, ലിപിയില്ലാത്ത ഭാഷയ്ക്കായി പൊരുതാൻ ആരും അവശേഷിക്കുന്നില്ലെന്നാണോ?

ശക്തിയുടെ പ്രതീകമായിരുന്നു കാളി. ചൂഷണങ്ങളെ എതിർത്തു നിന്നവൾ. കൊയ്ത്തുകഴിഞ്ഞ, കാലികൾ മേയുന്ന, പാടത്തുവച്ച് ലൂക്കായ്ക്ക് കാളിയുടെ വെട്ടേൽക്കുന്നു. സ്ത്രീ ശരീരം വിളവെടുപ്പിനാണെന്ന ആൺ ബോധത്തെ കാളി വെട്ടിയിടുന്നു. തോടു നിറയുന്നതും പുഴ നിറയുന്നതും മീൻ നിറയുന്നതും മാലോകരെ വിളിച്ചറിയിക്കുന്നത് അവളാണ്. കിഴക്കോട്ട് ഒഴുകുന്ന പുഴയ്ക്ക് അവളുടെ ഗന്ധമാണ്. കാട്ടുചുടലയിൽ രാവുറങ്ങുമ്പോൾ ശവംതീനി മൃഗങ്ങൾ അവളെ സ്പർശിക്കാതെ കടന്നു പോകുന്നു. എങ്കിലും ഇടിഞ്ഞു താണ തമ്പ്രാൻകുന്നു പോലെ ഒടുവിൽ അവളും ഇല്ലാതാക്കപ്പെടുന്നു. എത്രമേൽ ശക്തയായ, സ്വാതന്ത്ര്യബോധമുള്ള ഒരു സ്ത്രീക്കും അവളുടെ സാഹചര്യങ്ങൾ തീർക്കുന്ന കെണികളിൽ നിന്നു രക്ഷപ്പെടുക അസാധ്യമായിത്തീരുന്നു. ഇതു സ്വാതന്ത്ര്യത്തിന്റെയോ മനക്കരുത്തിന്റെയോ കാര്യമല്ല. ഇതു പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ സ്ത്രീ ഇന്നും അനുഭവിക്കുന്ന അരക്ഷിതാവസ്ഥ തന്നെയാണ്. ചൂഷകരെ വകവരുത്തി വിജയിച്ച അമാനുഷിക കഥാപാത്രമായി കാളിയെ ചിത്രീകരിച്ചാൽ അതു സത്യത്തിൽ നിന്നും യാഥാർത്ഥ്യത്തിൽ നിന്നുമുള്ള ഒളിച്ചോട്ടമായിരിക്കും. വല്ലിയിലുള്ളതു പച്ചമനുഷ്യരാണ്. സത്യം പലപ്പോഴും സുന്ദരമല്ല. ജീവിതം ഫെയറിടെയിലുമല്ല. ബസവൻ കാട്‌ തന്നെയാണ്‌. കാടിനൊപ്പം അവനും ഇല്ലാതാകുന്നു. നമുക്കറിയാം ഇന്നും കാട്ടുമക്കൾ സമരം തുടരുകയാണ്‌. അവകാശഭൂമിക്ക്‌ വേണ്ടി. അവർ സ്വന്തം വാസഗേഹങ്ങളിൽ നിന്ന് ആട്ടിയോടിക്കപ്പെട്ടവരാണ്‌ എന്ന സത്യം നമ്മൾ സൗകര്യപൂർവം വിസ്മരിക്കുന്നു. വ്യവസ്ഥിതിയോട്‌ മല്ലിട്ടു ജയിക്കുക വിഷമകരമാണ്. സംശയമില്ല. പ്രകാശൻ എന്ന വനപാലകൻ നേരിടുന്ന ദുരനുഭവങ്ങൾ വെറും കഥയല്ല. ഒരു ജീവിതകാലത്തെ പോരാട്ടങ്ങൾക്കൊടുവിൽ തമ്പ്രാൻകുന്ന് ഒരു സുപ്രഭാതത്തിൽ അപ്രത്യക്ഷമാകുന്നത്‌ നിസ്സഹായരായി നോക്കിനിൽക്കേണ്ടി വരുന്നു തൊമ്മിച്ചന്. കാട്‌ കാക്കേണ്ടത്‌ സർക്കാരാണെന്ന് ബസവന്റെ മകൻ ഒരിടത്ത്‌ പറയുന്നുണ്ട്‌. സർക്കാർ തലത്തിൽ മതിയായ നയരൂപീകരണവും കർക്കശമായ സമീപനങ്ങളും ഉണ്ടായില്ലെങ്കിൽ കാര്യമില്ല. എന്നിരുന്നാലും എല്ലാ വിനാശങ്ങൾക്കൊടുവിലും ഒരു പ്രതീക്ഷ ബാക്കി വയ്ക്കാതെ വയ്യ. ആയിരം പുൽനാമ്പുകളായ്‌, വല്ലികളായ്‌ ബസവൻ പുനർജനിക്കുമെന്ന് രുക്കു വിശ്വസിക്കുന്നു. ഒരു മനുഷ്യൻ നിനച്ചാലും ഒരു കാട്‌ വളർത്താനാവുമെന്ന് തൊമ്മിച്ചൻ പ്രതീക്ഷിക്കുന്നു. പ്രളയം കഴിഞ്ഞുപോയിട്ടും ഒരു പുഴയോരവീട്‌ ബാക്കിയാവുന്നുണ്ടല്ലൊ. കേളുമൂപ്പൻ പാർക്കുന്ന ഗുഹയെ ചൂണ്ടിക്കാട്ടി ‘ഇതും ദൈവത്തിന്റെ കോവിലാണ്’ എന്നു തൊമ്മിച്ചൻ പേരക്കുട്ടി ടെസയോട് പറയുന്നുണ്ട്. കാടിനു കാവൽ കിടക്കുന്നവൻ ഭൂമിക്ക് കാവൽ കിടക്കുന്ന ദേവതയാണ് എന്നു തൊമ്മിച്ചൻ കരുതുന്നു. ഒടുവിലത്തെ കാട്ടിലെ, ഒടുവിലത്തെ മരത്തിലെ, ഒടുവിലത്തെ ഇലത്തുമ്പിലെ നീർത്തുള്ളികൾ പോലെ ചില നല്ല മനുഷ്യർ ഭൂമിയിൽ വീണ്ടും പറുദീസ തീർക്കാൻ ശ്രമിക്കും എന്നൊരു പ്രതീക്ഷയാണു വല്ലിയിലൂടെ പകരാൻ ശ്രമിക്കുന്നത്. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് അത്തരമൊരു പ്രതീക്ഷയാണല്ലോ.

പാദങ്ങൾ ചലിപ്പിക്കാതെ ചക്രവാളത്തിന്റെ അറ്റം വരെ നമ്മെ നടത്തിക്കൊണ്ടുപോകുന്നവയാണു പുസ്തകങ്ങൾ എന്ന് ഷീല ഒരിടത്ത് എഴുതിയിട്ടുണ്ട്. ഇതുവരെയുള്ള വായനയിൽ കൂടെക്കൂടിയ പുസ്തകങ്ങൾ ഏതൊക്കെയാണ്? എഴുത്തുകാർ ആരൊക്കെയാണ്? അവയോടുള്ള / അവരോടുള്ള ആത്മബന്ധം സംഭവിച്ചതെങ്ങനെയാണ്? കോളറാകാലത്തെ പ്രണയം, നളിനി, ബാല്യകാലസഖി തുടങ്ങി ഒരുപിടി പുസ്തകങ്ങളിൽ നിന്നുള്ള വാചകങ്ങൾ നോവലിൽ ഉപയോഗിച്ചിട്ടുമുണ്ടല്ലോ. സിസ്റ്റർ മേരി ബനീഞ്ഞയും അവിടവിടെ സാന്നിധ്യമറിയിക്കുന്നു.

പുസ്തകങ്ങളെക്കുറിച്ചു പറഞ്ഞാൽ കൂടെക്കൂടിയവർ എണ്ണമറ്റതാണ്‌. സൂസൻ പറയുന്നുണ്ട്‌, ആവശ്യത്തിലധികം ഞാൻ കൂട്ടിവച്ചിരിക്കുന്നതു പുസ്തകങ്ങൾ മാത്രമാണെന്ന്. എന്റെ കാര്യത്തിലും അതു ശരിയാണ്‌. ഫിക്‌ഷനും നോൺഫിക്‌ഷനും ഒക്കെ വായിക്കും. പരന്ന വായനയാണ്‌. വായിക്കുന്ന ഒരാൾക്ക്‌ എത്ര ഭീകര ഏകാന്തതയും തരണം ചെയ്യാനാവും. ജോലിത്തിരക്കിൽ വായിക്കാൻ പറ്റാതെ പോയതു കുറേയുണ്ട്‌. പഠിച്ചത്‌ എൻജിനീയറിങ് ആണെങ്കിലും മറ്റു പുസ്തകങ്ങൾ വായിക്കാനായിരുന്നു ഉൽസാഹം. പഠനകാലത്ത്‌ കവിതകൾ ആവേശമായിരുന്നു. ആശാനും വൈലോപ്പള്ളിയും ഒഎൻവിയും സച്ചിദാനന്ദനും ചുള്ളിക്കാടുമൊക്കെ. പദസമ്പത്തും ഭാവനയും വളരാൻ അത്‌ സഹായിച്ചിട്ടുണ്ടാവണം. സിസ്റ്റർ മേരി ബനീഞ്ഞ സ്കൂളിലെ വായനയാണ്. പിന്നെ കേട്ടത്‌ ചോലയിൽ അമ്മച്ചിയിൽ നിന്നാണ്‌. വായിക്കുന്ന ക്ലാസിക്കുകൾ എഴുത്തിലെ ശൈലീരൂപീകരണത്തിനും പുതിയ വഴികൾ പരീക്ഷിച്ചു നോക്കാനും പ്രേരകമാകുമെന്നു തോന്നുന്നു. മുമ്പേ നടന്നവരുടെ തുടർച്ചയാണല്ലൊ ഓരോ എഴുത്തും. എഴുതുന്ന ഓരോ വാക്കിനും പൂർവികരോട്‌ കടപ്പാടുണ്ട്‌. ഒപ്പം പുതുക്കപ്പെടാനും സ്വയം ഒരു താളം കണ്ടെത്താനും ശ്രമിക്കുകയാണ്‌.

ഈയടുത്തു മനസ്സിനെ ഏറ്റവും സ്പർശിച്ച ഒരു നോവൽ/ കഥ/ കവിത/ ലേഖനം/ വാർത്ത/ ചിത്രം/ സിനിമ/ പാട്ട് തുടങ്ങിയവ ചൂണ്ടിക്കാട്ടാമോ? എന്തുകൊണ്ടാണെന്നു വിശദമാക്കാമോ?

ഈയടുത്തു വായിച്ച ഒരു പുസ്തകത്തെക്കുറിച്ച്‌ പറയാം. മുരീദ് ബർഗൂതി എന്ന പലസ്തീൻ കവിയുടെ ഓർമകൾ, ‘ഐ സോ റാമല്ല’. അനിത തമ്പിയുടെ വിവർത്തനമാണു വായിച്ചത്‌. മുപ്പതു വർഷക്കാലം ജന്മനാടായ റാമല്ലയിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ട കവിയുടെ അനുഭവങ്ങൾ. നാടു നഷ്ടപ്പെട്ട ഒരു ജനതയുടെ ആകുലതകൾ അതിതീവ്രമായി നമ്മെ അനുഭവിപ്പിക്കാൻ ആ പുസ്തകത്തിനാവുന്നു. അവർക്ക് വീടില്ല. മണ്ണില്ല. പ്രയാണങ്ങൾ മാത്രം. സ്വന്തം ഓർമകൾക്ക്‌ കൂടി അവർ അന്യരായിത്തീരുന്നു. കവിത തുളുമ്പുന്ന പുസ്തകമാണത്‌. കവിതയിൽ പെട്ടെന്ന് ഓർമ വന്നത്‌ ഈയിടെ കോവിഡ്‌ കൊണ്ടുപോയ സുഹ്‌റ പടിപ്പുരയെയാണ്‌. സുഹ്‌റയുടെ കവിതകൾ വായിച്ചിട്ടുണ്ടെങ്കിലും ഫെയ്സ്ബുക്കിൽ അടുത്തയിടക്കാണ്‌ കണ്ടുമുട്ടിയത്‌. ‘നമ്മൾ കണ്ടുമുട്ടാൻ വൈകിയല്ലോ’ എന്നൊരു സന്ദേശം മെസഞ്ചർ ബോക്സിൽ എനിക്ക് കിട്ടി ഒരു മാസത്തിനുള്ളിൽ സുഹ്‌റ പോയി. മരിച്ചുപോകാത്തവർ എന്ന കവിത വായിച്ച്‌ അന്നു ഞാൻ കരഞ്ഞു. ‘ചിലരങ്ങനെയാണ്‌. മരിച്ചുപോകുമ്പോഴും ചിലരെ മുറുകെപ്പിടിച്ചിരിക്കും. കാലിന്റെ പെരുവിരലുകൾ തമ്മിൽ കൂട്ടിക്കെട്ടിയതുകൊണ്ടാണ്‌, അല്ലെങ്കിലവർ പടിക്കൽപോയി കാത്തുനിന്നേനെ, ഇനിയും കണ്ടില്ലല്ലോ എന്ന് പരിഭവിച്ച്‌’. ഫിലിമിനെക്കുറിച്ച്‌ പറഞ്ഞാൽ മനോജ്‌ കാനയുടെ കെഞ്ചിര. അതിലുള്ളത്‌ വല്ലിയിലെ മനുഷ്യരാണ്‌. വല്ലിയുടെ ഭൂമികയാണ്. കാട്ടുമക്കളുടെ ജീവിതത്തെ സ്ഥിരം ചലച്ചിത്ര കോമാളിത്തങ്ങൾക്കപ്പുറത്തേക്ക്‌ കൊണ്ടുവന്ന ആത്മാർഥമായ സമീപനം. റോജിൻ തോമസിന്റെ ഹോമും കണ്ടു. സ്വാഭാവികമായ ചിത്രീകരണം. അഭിനയമില്ലാത്ത അഭിനയം. എന്നാൽ ‘ഐ ആം ഓൾവേസ്‌ ഇംപെർഫെക്റ്റ്‌ അറ്റ്‌ ഹോം’ എന്ന സന്ദേശത്തിൽ ഒരു ശരികേടുണ്ട്. എങ്ങനെയാവരുത് കുട്ടികൾ എന്ന് ഒലിവറിന്റെ കണ്ണുനീർ, കുട്ടിയമ്മയുടെ പൊട്ടിത്തെറി ഒക്കെ പറയുന്നുണ്ട്. ക്ലൈമാക്സിലെ കണ്ടുമുട്ടൽ അരോചകമായി. എക്സ്ട്രാ ഓർഡിനറി അല്ലാത്ത അപ്പൻമാരെ മക്കൾ സ്നേഹിക്കണ്ട എന്നാണോ? എങ്കിലും ഏതു വീട്ടിലും നടക്കുന്ന അതിസാധാരണമായ ചില കാര്യങ്ങൾ സമർത്ഥമായി ചിത്രീകരിച്ച് ഇതല്ലേ നിങ്ങളുടെ വീട്‌ എന്നു തോന്നിപ്പിക്കാൻ ഹോമിനായി. അതാണ് ഹോമിന്റെ വിജയവും.

കേരളത്തിന്റെ മറ്റു ഭൂവിഭാഗങ്ങളിൽ നിന്നു വയനാട് എങ്ങനെയൊക്കെ വ്യത്യാസപ്പെട്ടിരിക്കുന്നു? ഈ ആധുനികോത്തര കാലത്തും വയനാട് അതിന്റെ സ്വത്വം നിലനിർത്തുന്നുണ്ടോ? ഷീലയ്ക്ക് എന്താണ് വയനാട്?

പരിസ്ഥിതി ലോലപ്രദേശങ്ങൾ ഒരുപാടുള്ള ജൈവവൈവിധ്യങ്ങളുടെ കലവറയായ നാടാണ് വയനാട്‌. പടയോട്ടങ്ങൾ കണ്ട നാട്. പുരാതന ശിലായുഗത്തോളം നീളുന്ന പ്രാക്തന ചരിത്രവും മിത്തുകളും ഉറങ്ങുന്ന നാട്. വയനാടിനു തന്നെയായി ഒരു രാമായണം പോലുമുണ്ട്‌. ഗോത്രസംസ്‌കൃതിയുമായി ബന്ധപ്പെട്ട സാംസ്‌കാരിക പശ്ചാത്തലമാണ് പ്രാചീനകാലം തൊട്ട് വയനാടിനുള്ളത്. എന്നാൽ കുടിയേറ്റം പുതിയൊരു വയനാടിനെ സൃഷ്ടിച്ചു. കേരളത്തിന്റെ നാനാപ്രദേശങ്ങളിൽ നിന്നും കർണ്ണാടകയിൽ നിന്നും എത്തിച്ചേർന്ന ജനവിഭാഗങ്ങളുടെ ഭാഷ, ആചാരങ്ങൾ, മതവിശ്വാസങ്ങൾ എന്നിവയെല്ലാം ഇവിടെ കൂടിക്കലർന്നു. കേരളത്തിന്റെ ഒരു പരിഛേദം തന്നെ ഇന്നു വയനാട്ടിൽ കാണാം. ഇവിടെയുള്ള ഗോത്രവിഭാഗങ്ങൾക്ക്‌ അവരുടേതായ പാട്ടുകളും മിത്തുകളും ആചാരങ്ങളും ഉണ്ട്‌. ലിപിയില്ലാത്ത അവരുടെ ഭാഷ അന്യം നിന്നുപോയിക്കൊണ്ടിരിക്കുന്നു. വേടരാജകുമാരിയും കരിന്തണ്ടനും പഴശ്ശിയും വള്ളിയൂർക്കാവും സായിപ്പ് ബംഗ്ലോകളും പ്രാചീനഗുഹകളും കല്ലറകളൂം അങ്ങനെ പലതുകൊണ്ടും ദുരൂഹതയും നിഗൂഢതയും നിറഞ്ഞ നാടാണ് ബയൽനാട്. ഒരുകാലത്ത്‌ കൃഷിയെ മാത്രം ഉപജീവിച്ചു കഴിഞ്ഞ ബയൽനാട്ടിൽ നിന്ന് നെൽവയലുകൾ അപ്രത്യക്ഷമായി. കൃഷിചെയ്ത്‌ ഒന്നും കിട്ടാണ്ടായപ്പോൾ കാർഷികവൃത്തി ഭാരമായി. ഇന്ന് വയനാട്ടുകാർ കൃഷിചെയ്യുന്നത്‌ കൊടകിലും ഷിമോഗയിലുമാണ്‌. പിടിച്ചുനിന്നവർ അയൽ സംസ്ഥാനത്തെ ഇഞ്ചിക്കൃഷികൊണ്ട്‌ മാത്രം രക്ഷപ്പെട്ടവരാണ്‌. മറ്റുള്ളവരുടെ കാര്യം കഷ്ടമാണ്. ടൂറിസം പല മോശമായ പ്രവണതകളും കൂടെകൊണ്ടുവന്നു. വികസനം വേണ്ട എന്നല്ല. പ്രകൃതിക്ക്‌ നാശം വരുത്താതെ ടൂറിസം മുന്നോട്ട്‌ കൊണ്ടുപോകണമെങ്കിൽ സർക്കാരും ജനങ്ങളും ഒരുപോലെ മനസ്സുവയ്ക്കണം. വയനാട് സ്വത്വം നിലനിർത്തുന്നുണ്ടോ എന്നു ചോദിച്ചാൽ എന്താണ്‌ സ്വത്വം എന്ന ചോദ്യം വരും. സ്വത്വം വയനാടൻ പ്രകൃതിയെങ്കിൽ സ്വത്വ പ്രകൃതി നഷ്ടമായി എന്ന് നിസ്സംശയം പറയാം. ആദിമവാസികളെക്കുറിച്ച്‌ പറഞ്ഞാൽ അവരെ എന്നും ആനക്കാട്ടിൽ തന്നെ തളച്ചിട്ടല്ല സ്വത്വം സൂക്ഷിക്കേണ്ടത്‌ എന്നാണെന്റെ അഭിപ്രായം. വാസയോഗ്യമായ സാഹചര്യങ്ങൾ അവർക്കും ഉണ്ടാകണം. കൃഷിക്ക് യോജ്യമായ സ്വന്തമായ മണ്ണ്‌ അവർക്കും കിട്ടണം. അവരുടെ മക്കൾക്കും പഠിക്കാനും ഉദ്യോഗങ്ങൾ നേടാനും അവസരം ഉണ്ടാകണം. അവർ കാടു കാക്കേണ്ടവരും കാട്ടുവിഭവങ്ങൾ ശേഖരിച്ചു കൊണ്ടുതരേണ്ടവരും മറ്റുള്ളവരുടെ തോട്ടങ്ങളിൽ പണിയേണ്ടവരും മാത്രമാണെന്ന അവസ്ഥ മാറണം.

വയനാട്‌ എനിക്കെന്റെ ബാല്യമാണ്‌. എന്റെ വീടാണ്‌. എന്നെ ഞാനാക്കിയ മനുഷ്യരുടെ നാടാണ്. കാടും മഞ്ഞുമാണ്.

literaure-indian-author-sheela-tomy
ഷീല ടോമി

പത്മനാഭനെ പരിചയപ്പെടുത്തുന്ന നാലാം അധ്യായത്തിൽ ഇങ്ങനെ എഴുതി: ‘ഏതോ കാട്ടുകള്ളൻമാർ ചെയ്ത അപരാധത്തിന് ഒരുനാൾ ക്രൂശിലേറേണ്ടവൻ. അങ്ങാടികൾ താണ്ടി ചുറ്റിവളഞ്ഞു പോകുന്ന പൊലീസ് ജീപ്പിന്റെ പിന്നിൽ ഒരു രാവ് മുഴുവൻ അനക്കമില്ലാതെ കിടക്കേണ്ടവൻ. മുറിവേറ്റ് രക്തം ചിന്തി എല്ലുകൾ നുറുങ്ങി ഒടുവിൽ അപ്പേട്ടന്റെ കടത്തിണ്ണയിൽ ഉപേക്ഷിക്കപ്പെടേണ്ടവൻ. നോവലിന്റെ പലഭാഗങ്ങളിലും കഥാപാത്രങ്ങളെക്കുറിച്ചുള്ള ഭാവി സൂചനകൾ ഇങ്ങനെ അവതരിപ്പിക്കുന്നുണ്ട്. വരാനിരിക്കുന്ന സംഭവഗതികളുടെ നേർത്ത സൂചനകൾ ഇപ്രകാരം വായനക്കാർക്കു നൽകാൻ തീരുമാനിച്ചതെന്തുകൊണ്ടാണ്?

എഴുതിവന്നപ്പോൾ ഭാവിയിലേക്കുള്ള സൂചനകൾ അനൈഛികമായി കടന്നുവന്നതാണ്‌. ഈ രീതി ഗുണദോഷസമ്മിശ്രമാണ്‌. വലിപ്പമുള്ള നോവലായതിനാൽ ആദ്യമധ്യാന്തം കഥാപാത്രങ്ങളെ ചേർത്തുനിർത്താൻ അതു സഹായിക്കുമെന്നു പിന്നെ തോന്നി. എന്നാൽ സസ്പെൻസ്‌ അവശേഷിക്കില്ല എന്നൊരു പോരായ്മ ഈ രീതിക്കുണ്ട്. കഥയുടെ അന്ത്യം അറിയാനുള്ള ആഗ്രഹത്തോടെ വായിക്കാതെ കഥാപാത്രങ്ങളോടൊപ്പമുള്ള യാത്ര തീർന്നുപോകരുതേ എന്ന് വായനക്കാരനെക്കൊണ്ട്‌ ആശിപ്പിക്കാനാകണം. എങ്കിൽ രക്ഷപ്പെട്ടു. ഭാവിയിൽ നിന്ന് അവർ പഴയ താളുകളിലേക്ക്‌ വീണ്ടും നടക്കും.

കഥാസമാഹാരം പുറത്തു വന്ന് ഏറെ വർഷങ്ങൾ കഴിഞ്ഞാണ് ‘വല്ലി’ പ്രസിദ്ധീകരിക്കുന്നത്. എഴുത്തിലെ നീണ്ട ഇടവേളകൾ സ്വാഭാവികമായി സംഭവിക്കുന്നതാണോ?

ശരിക്കും പറഞ്ഞാൽ വല്ലി ഇരുപതു വർഷം മുമ്പ്‌ എഴുതപ്പെടേണ്ട നോവലാണ്‌. ഗൾഫിലെ ജോലിയും ജീവിതവും മക്കളും അവരുടെ കുട്ടിക്കാലവും പഠനവും. അതിനെല്ലാമിടയിൽ വായിക്കാൻപോലും സമയം കിട്ടാത്ത കാലമുണ്ടായിരുന്നു. അമ്മൂമ്മമാരോ ആയമാരോ കൂടെയില്ലെങ്കിൽ ജോലിക്കാരായ അമ്മമാർക്ക്‌ അങ്ങനെ ചില വിഷമതകളുണ്ട്‌. എഴുതണം എന്ന ആഗ്രഹം പണ്ടേയുണ്ട്‌. കോളജ്‌ മാഗസിനപ്പുറം അതു പടർന്നില്ല. പലപ്പോഴായി എഴുതി ചില മത്സരങ്ങളിൽ സമ്മാനിതമായ കഥകളാണ്‌ 2012ൽ സമാഹാരമാക്കിയത്‌. മറ്റൊന്ന് അത്രമേൽ ശല്യപ്പെടുത്തുന്ന ഒരു തീം കിട്ടുമ്പോൾ മാത്രമേ എഴുതാൻ ശ്രമിക്കാറുള്ളു എന്നതാണ്. ഇപ്പോൾ മക്കൾ വളർന്നു. അവരുടെ കാര്യങ്ങളിൽ ഇനി ഞാൻ ഇടപെടാതിരിക്കുന്നതാണ് അവർക്ക്‌ സന്തോഷം. അതുകൊണ്ട്‌ ഇനി എഴുത്തിൽ വലിയ ഗ്യാപ്പുകൾ ഉണ്ടാവില്ല എന്നു പ്രതീക്ഷിക്കുന്നു. വല്ലി എഴുതിയ മൂന്നു വർഷങ്ങൾ ടോമിയുടെയും മക്കളുടെയും പൂർണ പിന്തുണയുണ്ടായിരുന്നു. പരീക്ഷാ സമയത്തുപോലും അവർ എന്നെ ശല്യപ്പെടുത്തിയില്ല.

literature-sheela-tomy-authorr-malayalam-valli-book
ഷീല ടോമി

പുതിയ എഴുത്ത് എന്തിനെപ്പറ്റിയാണ്? നോവൽ തന്നെയാണോ? എന്നാകും പുറത്തിറങ്ങുക? വല്ലിയുടെ പരിഭാഷ പുറത്തിറങ്ങുന്നുണ്ടോ? ആരാണതു ചെയ്യുന്നത്?

പുതിയത്‌ നോവലാണ്‌. മിഡിൽ ഈസ്റ്റാണ്‌ ഭൂമിക. മലയാളത്തിൽ ഇതുവരെ പറയാത്ത ഒരു പരിസരമാണ് തീം. അത് സസ്പെൻസ് ആയിരിക്കട്ടെ. ആദ്യ ഡ്രാഫ്റ്റ്‌ കഴിഞ്ഞ്‌ എഡിറ്റിങ്ങിലാണ്‌. വല്ലി എട്ടൊമ്പതു തവണ എഡിറ്റ്‌ ചെയ്തിട്ടുണ്ട്‌. തൃപ്തിയാകുവോളം ഞാൻ എഡിറ്റ്‌ ചെയ്തോണ്ടിരിക്കും. അടുത്ത വർഷം പുറത്തുവരുമെന്നു പ്രതീക്ഷിക്കുന്നു. വല്ലിയുടെ പരിഭാഷ ഹാർപ്പർ കോളിൻസ്‌ ഏറ്റെടുത്തിട്ടുണ്ട്‌. വിവർത്തനത്തിൽ ശ്രദ്ധേയമായ ഇടം നേടിയ ജയശ്രീ കളത്തിലാണ്‌ പരിഭാഷ നിർവഹിക്കുന്നത്‌ എന്നത്‌ ഏറെ സന്തോഷകരമാണ്‌. എൻ. പ്രഭാകരൻ മാഷിന്റെ തിയ്യൂർ രേഖകളും ഹരീഷിന്റെ മീശയുമൊക്കെ ഗംഭീരമായി പരിഭാഷപ്പെടുത്തിയ പ്രതിഭയാണല്ലോ ജയശ്രീ.

പ്രവാസം എഴുത്തിനെ ഏതു രീതിയിൽ സ്വാധീനിക്കുന്നു?

പ്രവാസത്തിന്റെ സ്വാധീനം രണ്ടുരീതിയിലാണ്‌. കേരളം വിട്ട് മറ്റു ഇന്ത്യൻ നഗരങ്ങളിലേക്ക് പോയ നമ്മുടെ പ്രിയ എഴുത്തുകാരിൽ നിന്നു മലയാളത്തിനു എത്ര ക്ലാസിക്കുകൾ കിട്ടിയിരിക്കുന്നു! നഷ്ടങ്ങളും വിരഹങ്ങളുമാണ്‌ ചിലപ്പോൾ നല്ല എഴുത്ത്‌ സൃഷ്ടിക്കുന്നത്‌. പ്രവാസി ആയില്ലെങ്കിൽ ചിലപ്പോൾ വല്ലി അതേ തീവ്രതയിൽ എഴുതാൻ എനിക്കാവുമായിരുന്നില്ല. സൂസനു നഷ്ടമായ നാട് എനിക്കും നഷ്ടമായതാണ്‌. ‘ശരത്‌ കാലത്തായിരിക്കും വസന്തത്തെക്കുറിച്ച്‌ എഴുതാനാവുക. മതിലുകൾക്കുള്ളിൽ അകപ്പെടുമ്പോഴാണ്‌ സ്വാതന്ത്ര്യത്തിന്റെ ഏറ്റവും സുന്ദര ചിത്രം വരക്കാനാവുക’ എന്നു റൂസ്സോ. കൂടാതെ പ്രവാസം കൂടുതൽ അനുഭവങ്ങൾ നൽകും. പുതിയ ഭൂമികകൾ. പലപല രാജ്യക്കരുമായുള്ള സഹവാസം. വിവിധങ്ങളായ സംസ്കാരങ്ങളുമായുള്ള ഇടപെടലുകൾ. അതൊക്കെ ഗൂഗിൾ ചെയ്താൽ മാത്രം ലഭിച്ചെന്നു വരില്ല. ശരിക്കും പറഞ്ഞാൽ പ്രവാസത്തിൽ നിന്ന് ഇനിയും ഒരുപാടു നിധികൾ കുഴിച്ചെടുക്കാനുണ്ട്‌. ഇത്രകാലം എഴുതപ്പെട്ടതിനേക്കാൾ അധികം. പ്രതിഭയുള്ളവർ കടന്നുവരുന്നുണ്ട്‌. വരുംകാലത്ത്‌ മുഖ്യധാരയിൽ പ്രവാസത്തിലെ കൂടുതൽ പേരുകൾ പ്രത്യക്ഷപ്പെട്ടേക്കാം.

literature-indian-author-sheela-tomy-family-photo
ഷീല ടോമിയും ഭർത്താവ് ടോമി ലാസറും

വല്ലി പുറത്തു വന്നതിനു ശേഷം മനസ്സിനെ സ്പർശിച്ച ഒരു പ്രതികരണം / വായനാനുഭവം എന്തായിരുന്നു?

മനസ്സില്‍ തൊട്ട പ്രതികരണങ്ങള്‍ ഒട്ടേറെയുണ്ട്. അധികവും സാധാരണ വായനക്കാരുടെ. ഓരോ വായനയും സന്തോഷമാണ്‌. സമയത്തിന്‌ ഇത്രമേല്‍ വിലയുള്ളപ്പോള്‍ ഇത്രയും വലിയ പുസ്തകം വായിക്കാൻ അവർ കാണിക്കുന്ന ഇഷ്ടത്തേയും ക്ഷമയേയും ഞാൻ മാനിക്കുന്നു. ആദ്യവായനക്കാരായ എഴുത്തുകാരിൽ ചിലരുടെ നല്ല വാക്കുകൾ വലിയ ആത്മവിശ്വാസം നൽകി. അവതാരിക തന്ന സാറ ജോസഫ്‌ ടീച്ചർ, സേതു സാർ, ശാരദക്കുട്ടി ടീച്ചർ, കെ.ജെ ബേബി, പത്മനാഭൻ കാവുമ്പായി അങ്ങനെ ചിലർ. 

‘പൊറ്റക്കാടിനുശേഷം പതിറ്റാണ്ടുകൾക്ക്‌ ശേഷം ഇങ്ങനെയൊന്നു പിറന്നുവീഴാൻ നിയോഗമുണ്ടായിരുന്നു’ എന്ന് സേതുസർ എഴുതിയത് വലിയ കൃതാര്‍ത്ഥത നല്‍കി. കവി എൻ. എൻ. കക്കാടിന്‍റെ സഹധർമ്മിണി ശ്രീദേവിയമ്മ പുസ്തകം വായിച്ച്‌ എഴുതിയ വാക്കുകള്‍ കണ്ടപ്പോള്‍,  കെട്ടിപ്പിടിച്ച്‌ അനുഗ്രഹിച്ചപ്പോള്‍,  ഒരു തപസ്യ സഫലമായെന്ന്‍ തോന്നി. ഈയിടെ വന്ന വായനകളിൽ അഷ്ടമൂർത്തി സാറും കൃഷ്ണകുമാരി ടീച്ചറും പറഞ്ഞ വാക്കുകൾ മറക്കാൻ വയ്യ. എന്നെ അതിശയിപ്പിച്ച ഒരാൾ ജയശ്രീ കളത്തിലാണ്‌. വല്ലിയോടുള്ള ഇഷ്ടം അറിയിച്ചുവന്ന ആ സന്ദേശം ഒരു വിവർത്തകയുടേത്‌ ആയിരുന്നെന്നറിഞ്ഞില്ല. കാഴ്ചയില്ലാത്തവരുടെ ഒരു ഗ്രൂപ്പിൽ വല്ലി വായിച്ചു കൊടുത്ത ശ്രീകലച്ചേച്ചി ഗ്രൂപ്പിലുള്ളവരുടെ പ്രതികരണങ്ങൾ അയച്ചുതന്നു. ഓരോ അധ്യായത്തിനും ഗ്രൂപ്പിലുള്ളവര്‍ അഭിപ്രായങ്ങൾ പങ്കുവെച്ചിരിക്കുന്നത് കേട്ട് കാടിന്റെ പച്ച അവരുടെ ഉള്‍ക്കണ്ണില്‍   എങ്ങനെയാവും തെളിഞ്ഞിട്ടുണ്ടാവുക എന്ന് അത്ഭുതപ്പെട്ടു.  

പുസ്തകം ഇറങ്ങിയ ഉടന്‍ ആദ്യം ചർച്ച ചെയ്ത കൂട്ടുകാര്‍, ഒരു തുടക്കക്കരിയുടെ നോവൽ യൂണിവേഴ്സിറ്റി പ്രോജെക്റ്റിനുവേണ്ടി എടുത്ത കുട്ടികള്‍, അധ്യാപകര്‍, റിവ്യൂ എഴുതിയവര്‍,  ലിറ്ററിച്ചര്‍ ഫെസ്റ്റിവലിലും റേഡിയോയിലുമൊക്കെ അവതരിപ്പിച്ചവര്‍, വരികൾ പലതും അടിവരയിട്ട്‌ അയച്ചു തന്നവര്‍, വീഡിയോ ചെയ്തവര്‍, ചര്‍ച്ചകള്‍ ചെയ്തവര്‍... എല്ലാവരും ഓര്‍മ്മയിലുണ്ട്. വിമര്‍ശനങ്ങളെ ആശയപരമായും സര്‍ഗ്ഗാത്മകമായും പുതുക്കപ്പെടാനുള്ള അവസരമായി ഞാന്‍ കാണുന്നു. നമ്മുടെ ശരികള്‍ എല്ലാവരുടെയും ശരികളായിരിക്കില്ല. എപ്പോഴും എല്ലാവരേയും സന്തോഷിപ്പിക്കുന്ന ഒരു സൃഷ്ടി നടത്താനാവുകയുമില്ല. കൂടുതല്‍ നല്ല മനുഷ്യനാകാന്‍ ശ്രമിക്കുകയാണ്. അനുദിനം പുതുക്കപ്പെടുന്ന എഴുത്തുകാരിയാകാനും

literature-indian-author-sheela-tomy-family-group-photo
ഷീല ടോമി കുടുംബാംഗങ്ങളോടൊപ്പം

ഒപ്പമുള്ളവരെക്കുറിച്ച്, കൂടെ നടക്കുന്നവരെക്കുറിച്ച്?

ടോമി ലാസർ, എന്റെ പങ്കാളി, എഴുത്തിന്‍റെ വട്ടിൽ മുങ്ങിയിരിക്കുന്നവളെ വെറുതേ വിട്ടില്ലായിരുന്നെങ്കിൽ എഴുത്ത്‌ സംഭവിക്കുമായിരുന്നില്ല. എന്നെ സഹിക്കുന്ന മക്കൾ, ചേച്ചിയെക്കുറിച്ച്‌ പ്രതീക്ഷകൾ വെക്കുന്ന എന്‍റെ അനുജത്തി, ബന്ധുക്കള്‍, സ്കൂളിലെ അധ്യാപകര്‍, പണിയ ഭാഷയിലെ വിവര്‍ത്തനങ്ങള്‍ നല്‍കിയ സരിത, എഴുത്തുവേളയില്‍ പലവട്ടം വായിക്കാനും മെച്ചപ്പെടുത്താനും നിർദ്ദേശങ്ങൾ തന്ന എഴുത്തുകാരും വായനക്കാരുമായ സൗഹൃദങ്ങൾ, ശ്രീനാഥ്‌ ശങ്കരന്‍കുട്ടി, പോൾ സെബാസ്റ്റ്യൻ,  ബിന്ദു സന്തോഷ്‌, രാജേഷ്‌ ചിത്തിര, അലി പുതുപൊന്നാനി, നാസര്‍ മാഷ്‌, ഡിസി ബുക്സിലെ ശ്രീകുമാര്‍...  പിന്നെ ഇപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുന്ന എന്‍റെ കൂട്ടുകാര്‍.

Content Summary : Puthuvakku Series - Talk with writer Sheeta Tomy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA