ADVERTISEMENT

എൻ.എൻ.പിള്ള എന്ന നാടകാചാര്യനെ ഓർക്കുമ്പോൾ ആദ്യം മനസ്സിൽ തെളിയുക ഗോഡ് ഫാദർ എന്ന സിനിമയിലെ കർക്കശക്കാരനും സ്ത്രീ വിരോധിയുമായ അഞ്ഞൂറാൻ എന്ന കിടിലൻ കഥാപാത്രത്തെയാണ്. 74–ാമത്തെ വയസ്സിലാണ് അദ്ദേഹം ഗോഡ്ഫാദറിൽ അഭിനയിച്ചത്. പിന്നീട് നാടോടി എന്ന സിനിമയിലും വേഷമിട്ടു. കുട്ടിക്കാലം മുതൽ അമ്മയിൽ നിന്നു മനസ്സിലാക്കിയ അഭിനയവിദ്യ ഒട്ടേറെ നാടകവേദികളിൽ മാറ്റുരച്ചു പ്രശസ്തനായി.  എന്റെ അമ്മ ഒരാജന്മ നടിയായിരുന്നു. പച്ചക്കള്ളം പൊടിപ്പും തൊങ്ങലും വച്ച് അരച്ചുചേർത്തമാതിരി പറഞ്ഞ് പരമസത്യമാണെന്നു ബോധ്യപ്പെടുത്താൻ എന്റെ അമ്മയെപ്പോലെ കഴിവുള്ള മറ്റൊരു സ്ത്രീയെ കണ്ടിട്ടില്ലെന്ന് എൻ.എൻ.പിള്ള പറഞ്ഞിട്ടുണ്ട്.

1970 ൽ ന്യ‍ൂഡൽഹിയിൽവച്ച് അഭിനയത്തിനുള്ള നാഷനൽ അവാർഡ്  എനിക്ക് സമ്മാനിച്ചപ്പോൾ ആ താമ്രഫലകത്തിനു പിന്നിൽ ഞാൻ കണ്ടത് രാഷ്ട്രപതി വി.വി.ഗിരിയെയല്ല,  ജയിൽമുറ്റത്ത് കൈകെട്ടി നിൽക്കുന്ന  എന്റെ അച്ഛന്റെ  അസ്ഥികൂടമായിരുന്നെന്നും അദ്ദേഹത്തിന്റെ ‘ഞാൻ’ എന്ന ആത്മകഥയിൽ വായിക്കാം. അൻപതു രൂപയ്ക്കുപോലും ഗതിയില്ലാതെ അവസാനം കടക്കെണിയിൽ പെട്ട്  ജയിലിൽ കഴിയുന്ന അച്ഛന്റെ രൂപമായിരുന്നു പിള്ളയുടെ മനസ്സുനിറയെ.  ആത്മകഥ രണ്ടു ഭാഗങ്ങളായി ജനയുഗം വാരികയിലും കലാകൗമുദിയിലും ഖണ്ഡശ്ശയായി  പ്രസിദ്ധീകരിച്ചിരുന്നു. ജീവിതാനുഭവങ്ങളെ മറയില്ലാതെ ആവിഷ്കരിച്ച ആത്മകഥ അബുദാബി മലയാളി സമാജത്തിന്റെ അവാർഡ് കരസ്ഥമാക്കി. 

ഇന്റർമീഡിയറ്റ്  പരീക്ഷ തോറ്റതിനെതുടർന്നു ഉപജീവനം തേടി ബന്ധുവിനോടൊപ്പം മലയയിലേക്ക് ഒളിച്ചോടിയ എൻ.എൻ.പിള്ള പലയിടങ്ങളിലായി റബ്ബർ എസ്റ്റേറ്റുകളിൽ ജോലിയെടുത്തു.  രണ്ടാം ലോക മഹായുദ്ധകാലത്ത്   ഐഎൻഎയിൽ ചേർന്നു. അക്കാലത്താണ് നേതാജി സുഭാഷ് ചന്ദ്രബോസിനെ പരിചയപ്പെടാനും അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാൻ കഴിഞ്ഞതും. ജപ്പാൻ സൈന്യം ചീനക്കാരെ  വെട്ടിയും കുത്തിയും വെടിവച്ചും കൂട്ടത്തോടെ കൊന്നൊടുക്കി ട്രഞ്ചുകളിൽ തള്ളുന്നതു കണ്ട് മനസ്സ് മരവിച്ച കാലം. തോക്കിനും ബോംബിനും ഇടയിൽ  മരണത്തെ മുഖാമുഖം കണ്ടുള്ള ജീവിതം. അവസാനം ഐഎൻഎയിൽ നിന്നു ചില സഹപ്രവർത്തകർക്കൊപ്പം ഒളിച്ചോടി. ജീവിതം വഴിമുട്ടിയപ്പോൾ  കൂട്ടുകാരുമൊത്ത് ബാങ്ക് കവർച്ചചെയ്താണ് ചെലവിനുള്ള  പണം കണ്ടെത്തുന്നത്. എട്ടുവർഷത്തിനു ശേഷം നാട്ടിൽ തിരി‍ച്ചെത്തിയ പിള്ള തനിക്കുവേണ്ടി കാത്തിരിക്കുകയായിരുന്ന ചിന്നമ്മയെ വിവാഹം കഴിച്ചു. അഞ്ചാംനാൾ വിവാഹമോതിരം വിറ്റു.റേഷനരി വാങ്ങാൻ.ഇടയിൽ കുറച്ചുകാലം കിളിരൂർ സംസ്കൃത വിദ്യാലയത്തിൽ അധ്യാപകനും കോൺഗ്രസ് പ്രവർത്തകനുമായി. 1952–ൽ വിശ്വകേരള കലാസമിതി എന്ന നാടകസംഘം  രൂപീകരിച്ചു.1995 നവംബർ 14നായിരുന്നു അദ്ദേഹത്തിന്റെ മരണം.

എൻ.എൻ.പിള്ള

മുഴുവൻ പേര് : നാരായണ പിള്ള 

ജനനം : 1918 ‍‍ഡിസംബർ  23ന് വൈക്കത്ത്

ഭാര്യ : ചിന്നമ്മ

മക്കൾ : നടൻ വിജയരാഘവൻ, സുലോചന, രേണുക.

മരണം : 1995 നവംബർ 14

പ്രധാന കൃതികൾ

ഈശ്വരൻ അറസ്റ്റിൽ, പ്രേതലോകം, ഞാൻ, ആത്മബലി, കാപാലിക, ക്രോസ് ബെൽറ്റ്, ഡാം, ശുദ്ധമദ്ദളം, ഈശ്വരൻ അറസ്റ്റിൽ, നാടക ദർപ്പണം, മന്വന്തരം, ഗൊറില്ല, ആദ്യരാത്രി,വിഷമവൃത്തം,ജന്മാന്തരം, ഞാൻ സ്വർഗത്തിൽ, കർട്ടൻ,ക്ലൈമാക്സ്, മനുഷ്യന്റെ മാനിഫെസ്റ്റോ.നാടകം വേണോ നാടകം.

ബഹുമതികൾ

മികച്ച നടനുള്ള ദേശീയ അവാർഡ്, കേന്ദ്രസർക്കാരിന്റെ  സോങ് ആൻഡ് ഡ്രാമ അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്.

actor-writer-athmakathayanam-series-nn-pillai
എൻ.എൻ.പിള്ള

Content Summary : Athmakathayanam Column by Dr. M. K. Santhosh Kumar on N.N. Pillai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com